ഈ കണ്ണുകളിലെ നിസ്സഹായത മലയാളിയുടെ ഒടുക്കത്തെ അഹങ്കാരത്തിന് ആണിയടിക്കട്ടെ... മധുവിന്‍റെ നഷ്ടം എന്‍റെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പെങ്കിലുമായെങ്കില്‍... 
 
സെല്‍ഫി, അമല്‍ ലാല്‍
 
ആ സെല്‍ഫിയ്ക്കൊരു സ്വീകാര്യതയുണ്ട്. ആ സെല്‍ഫിയ്ക്ക് ലൈക്ക് മൂല്യങ്ങളുണ്ട്. ആ സെല്‍ഫിയ്ക്ക് വാട്സപ്പില്‍ പറന്നു നടക്കാന്‍ മാത്രം വൈറല്‍ സാധ്യതകളുണ്ടായിരുന്നു. മധുവിനെ തല്ലിച്ചതയ്ക്കുമ്പോള്‍ തന്നെ പലര്‍ക്കായി അയച്ചു കഴിഞ്ഞിട്ടുണ്ടാവും ആ സെല്‍ഫി. മലയിറങ്ങുന്ന ആദിവാസി മനുഷ്യരെ സൂക്ഷിക്കണം എന്ന് പറഞ്ഞൊരു ഓഡിയോ ചേര്‍ത്ത് പലയിടങ്ങളില്‍. പല ഗ്രൂപ്പുകളില്‍, പലപ്പോഴായി ഒഴുകിപ്പരന്നു വിഷം ഒഴുക്കാന്‍ സാധ്യതയുളള സെല്‍ഫിയായിരുന്നു. കള്ളനെ പിടിച്ചടിച്ചവര്‍ക്ക് കയ്യടികിട്ടേണ്ടതായിരുന്നു. നാട്ടുഗ്രൂപ്പുകളിലെ ഹീറോ മനുഷ്യരാവേണ്ടതായിരുന്നു. ആ മനുഷ്യന്‍ മരിച്ചില്ലായിരുന്നെങ്കില്‍ പലജാതിയില്‍, പലകോലത്തില്‍ ആഘോഷിച്ചു ഒഴുകിനടക്കേണ്ടിയിരുന്ന സെല്‍ഫിയായിരുന്നത്. യാജകനിരോധന- ദളിത് വിരുദ്ധ ബോര്‍ഡുകളില്‍ ഭീഷണി ഫോട്ടോയാവാന്‍പോലും സാധ്യതയുള്ള ഒന്നായിരുന്നു അത്. ആ സെല്‍ഫിയുടെ 'പ്ലെഷര്‍', കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന സ്വീകാര്യതയിലായിരുന്നു, ലൈക്ക് എണ്ണങ്ങളിലായിരുന്നു.
 
അഥവാ ഈ നാടിന്‍റെ മനസ്സിന്‍റെ, ദുഷിപ്പിന്‍റെ, വരേണ്യതയുടെ മുഖത്തേയ്ക്ക് പിടിച്ച സെല്‍ഫിയാണത്. മധു കയറിവന്നത് സ്വന്തം വീട്ടിലേക്കായിരുന്നെങ്കില്‍ ഏത് വിധം സ്വീകരിക്കുമായിരുന്നെന്നു ചോദിച്ചാല്‍ തലകുനിക്കേണ്ടി വരുന്ന ഓരോ മനുഷ്യന്‍റെ മുഖത്തേയ്ക്കും ഫോക്കസ് ചെയ്തു വച്ച സെല്‍ഫി. പിച്ചയെടുക്കുന്ന മനുഷ്യരെ ഈ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാന്‍ ഒരുമിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന 'നാട്ടുകൂട്ടങ്ങളുടെ' സെല്‍ഫി. ഫോണ്‍ നമ്പര്‍കൊടുത്തുപോലും ആള്‍ക്കൂട്ട നീതി നടപ്പാന്‍ ഫ്ളെക്സ് വയ്ക്കുന്ന നാടിന്‍റെ സെല്‍ഫി. അത്തരം 'മാന്യന്മാരായ' പൊട്ടന്‍ഷ്യല്‍ അക്രമക്കൂട്ടങ്ങളെ ഒന്ന് ചോദ്യം ചെയ്യാന്‍പോലും കഴിയാത്ത പോലീസുള്ള നാടിന്‍റെ സെല്‍ഫി, അന്യദേശങ്ങളില്‍ പണിയെടുത്തുണ്ടാക്കിയ തറയില്‍ ചവിട്ടി അന്യസംസ്ഥാന തൊഴിലാളികളെ അടിച്ചോടിയ്ക്കുന്ന വെറും ഹിപ്പോക്രാറ്റ് മനുഷ്യന്മാരുടെ മുഖങ്ങള്‍ തെളിഞ്ഞു കാണുന്ന സെല്‍ഫി. എന്‍റെ കൂടി മുഖമുള്ള സെല്‍ഫി. നമ്മളൊരുമിച്ചു ചിരിക്കുന്ന ഗ്രൂപ്പ് സെല്‍ഫി.
 
ആ സെല്‍ഫിയില്‍ കള്ളനുണ്ട്. പക്ഷെ അത് മധുവല്ല. മൂന്നു സെന്‍റു ഭൂമിപോലുമില്ലാത്ത ആദിവാസി മനുഷ്യരുടെ നാട്ടില്‍ രണ്ടുപേര്‍ക്ക് താമസിക്കാന്‍ നാലായിരം സ്ക്വയര്‍ഫീറ്റ് വീട് വച്ച കള്ളന്മാര്‍, രണ്ടാള്‍ക്ക് സഞ്ചരിക്കാന്‍ ഏഴുസീറ്റുള്ള വണ്ടി വാങ്ങിയ കള്ളന്മാര്‍, കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്ന നാട്ടില്‍ ഭക്ഷണം വലിച്ചെറിയുന്ന കള്ളന്മാര്‍. ആരുടെ മണ്ണിലാണ്, ആരുടെ വിയര്‍പ്പിലാണ്, ആരുടെ വെള്ളവും ആര്‍ക്കെല്ലാം അവകാശപ്പെട്ട റിസോഴ്സിലുമാണ് നിങ്ങളാ മാളിക പണിത് വച്ചിരിക്കുന്നത്. അവര്‍ക്ക് കൂടി അവകാശപ്പെട്ടതെല്ലാം കട്ടെടുത്തു തിന്നു ഏമ്പക്കം വിട്ടാണ് നമ്മളാ വിശക്കുന്ന മനുഷ്യന്‍റെ കൈ കെട്ടിവച്ചത്. നമ്മള്‍ തിന്നു മുടിച്ചത് കൊണ്ടാണ് ആ മനുഷ്യന് വിശക്കേണ്ടി വന്നത്, നമ്മള്‍ ഉടുത്തൊരുങ്ങിയപ്പോഴാണ് അയാള്‍ മുഷിഞ്ഞുപോയത്. കട്ടതെല്ലാം മധുവാണ് തിരിച്ചു ചോദിച്ചിരുന്നതെങ്കില്‍ ഉണ്ടതെല്ലാം ഛര്‍ദ്ദിച്ചും ഉടുത്തതെല്ലാം ഊരിവച്ചും തിരിച്ചു നടക്കേണ്ടി വരുമായിരുന്നു സെല്‍ഫി മനുഷ്യരെ നമ്മള്‍.
 
കൊള്ളക്കാരാണ് സാര്‍ നമ്മള്‍. കൊള്ളയടിച്ചുകൊണ്ട് പോയ നീരവ് മോഡിയെ ഒരിക്കലെങ്കിലും ആദരിയ്ക്കുന്നവരാണ് സാര്‍. നീരവ് മോഡിമാര്‍ക്ക് കക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ തിരഞ്ഞെടുത്തു ജയിപ്പിക്കുന്നവരാണ് സാര്‍. കൊലപാതകത്തില്‍ ഉത്തരവാദി ഞാന്‍ കൂടിയാണ് സാര്‍. അവന്‍റെയെല്ലാം കട്ടെടുത്തു. ആത്മാഭിമാനത്തെ സെല്‍ഫിയിലേക്ക് നോക്കുന്ന അത്രയ്ക്കും ക്രൂരമായ അപരിഷ്കൃത നാട്ടുക്കൂട്ടം ഞാന്‍ തന്നെയാണ് സാര്‍. അനുഭവിയ്ക്കുന്ന, അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതമെല്ലാം ആ മനുഷ്യരുടെ ദുരിതങ്ങളുടെ മുകളില്‍ കെട്ടിപ്പൊക്കിയതാണ് എന്ന് അറിയുമ്പോള്‍ ആ സെല്‍ഫിയില്‍ കാണുന്നത് സ്വന്തം മുഖം തന്നെയാണ് സാര്‍.
 
അതേ സാര്‍, കേരളമോഡലില്‍ ആ മനുഷ്യരുടെ വിശപ്പിന്‍റെ കരച്ചിലുണ്ട്. എന്നിട്ടും എന്തിനാണ് ഞങ്ങളെയീ പൊരിവെയിലത്ത് കെട്ടിയിട്ടിരിക്കുന്നതെന്ന പൊള്ളുന്ന ചോദ്യമുണ്ട്.       
 
മാപ്പ്.
 
 
അങ്ങേരു മരിച്ചില്ലായിരുന്നെങ്കില്‍..., ശ്രീഹരി കെ.വി.
 
നിങ്ങള് തന്നെ അങ്ങേരെ കള്ളനാക്കുമായിരുന്നില്ലേ, അല്‍പസമയത്തേക്ക് ഹൃദയംപൊട്ടുന്ന അന്‍പാന മലയാളിമക്കളെ...
 
മാവോയിസ്റ്റുകള്‍ക്ക് സാധനം എത്തിച്ചുകൊടുക്കുന്ന ചാരനാക്കുമായിരുന്നില്ലേ സക്രിയ മലയാളി സദാചാര ബോധമേ...
 
ജാതിയും മതവും നിറവും അവസ്ഥയും നോക്കാതെ, കട്ടവനെ യാതൊരു ദയയും കൂടാതെ ശിക്ഷ നല്‍കാന്‍ വെമ്പുന്ന മലയാളീ ദേശസ്നേഹ/ഭരണഘടന ബോധ്യമേ...
 
കള്ളനെ/ചാരനെ/പിള്ളാരേ പിടുത്തക്കാരനെ/ഭിക്ഷാടന മാഫിയയേ പിടിച്ച വീരന്മാരെ വരവേല്‍ക്കുമായിരുന്നില്ലേ നിങ്ങള് ജാതിമതേതര ജനകീയ മുന്നണികളേ... കാലം നിങ്ങളെ കുമ്പളാശ്രമഞ്ജന്മാരാക്കി വാഴ്ത്തുമായിരുന്നില്ലേ...
 
പട്ടിണിപ്പാവങ്ങളായ ആദിവാസികള്‍ മുഴുവന്‍ പിടിച്ചുപറിയും അടിച്ചുമാറ്റലും തുടങ്ങി എന്നു പ്രചരിപ്പിച്ചു അവരെ ആട്ടിപ്പായിക്കുമായിരുന്നില്ലേ.. മാറ്റി നിര്‍ത്തി കൂലങ്കഷമായി നോക്കി കാണുമായിരുന്നില്ലേ... അവരുടെ പട്ടിണി മാറ്റാന്‍ ദയയുടെ (ഔദാര്യത്തിന്‍റെ) പുറത്ത് കോടികള്‍ വിതറി നിങ്ങള് തന്നെ അത് വാരിയെടുക്കുമായിരുന്നില്ലേ...
 
ആര്‍ക്കും കേറി മേയാവുന്ന ഒരു പ്രതലം ആക്കുമായിരുന്നില്ലേ നിങ്ങള്‍ അവരെ...??
 
ഇതൊരു തോറ്റ ജനതയാണ്...
 
അതിഥികള്‍ക്ക് മുന്നില്‍ എന്നും അവര്‍ കുമ്പിട്ടു നിന്നിട്ടേയുള്ളൂ... അതിഥികള്‍ തലയില്‍ കേറുമ്പോ അവര്‍ കിടന്നു തന്നിട്ടേയുള്ളൂ...
 
ശീതീകരിച്ച മുറികളില്‍ ഇരുന്ന് ഏമാന്മാര്‍ വിടുന്ന ഉത്തരവുകള്‍ നക്കി നക്കി തീറ്റിച്ചിട്ടേയുള്ളൂ നിങ്ങള്‍ അവരെ... അവരോട് "നിങ്ങള്‍ക്ക് എന്താ വേണ്ടത്" എന്നുപോലും ചോദിക്കുന്നില്ല നിങ്ങള്‍... മണ്ടന്മാരായ (അങ്ങനെ ആക്കിയ) അവരെ നിങ്ങള്‍ പിച്ചച്ചോറ് തീറ്റിച്ച് മിണ്ടാതാക്കി... "അനുസരണയുള്ള" കുട്ടികളാക്കി മിണ്ടാതെ ഇരുത്തി.
 
വോട്ടുബാങ്ക് ലക്ഷ്യം വച്ച് അവരെ ഭിന്നിപ്പിച്ചു...
 
ഇനിയും മുതലക്കണ്ണീര്‍ ഒഴുക്കി അവരെ പറ്റിക്കരുത്... ഖേദം അറിയിച്ചു വീര്‍പ്പുമുട്ടിക്കരുത്... സഹായിച്ചു ബുദ്ധിമുട്ടിക്കരുത്...
 
ഇതൊരു തോറ്റ ജനതയാണ്... അവരെ വീണ്ടും തോല്പിക്കരുത്... അവരുടെ വിജയത്തിന് മരണങ്ങള്‍ അനിവാര്യമാക്കിയതും നിങ്ങളാണ്... നിങ്ങള്‍ ഇനിയും കൊല്ലും.. ആദിവാസി ഇനിയും മരിക്കും... പട്ടി ചത്ത വാര്‍ത്ത കാണുമ്പോള്‍ പൂച്ച ചത്ത വാര്‍ത്ത മറക്കുന്ന നിങ്ങളെ എനിക്ക് വിശ്വാസമില്ല.
 
ഞാനും തയ്യാറാണ്... കൊന്നു മടുക്കുമ്പോള്‍ എങ്കിലും വെറുതെ വിടണം... അപേക്ഷയാണ്.
നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം, ഇനിയെങ്കിലും അവരെ കേവലം മനുഷ്യരായി എങ്കിലും പരിഗണിക്കുക എന്നതാണ്. നിഷ്കളങ്കരായ അവരെ കപടരായ നിങ്ങളാക്കാന്‍ ശ്രമിക്കരുത്.
 
വിശന്നതുകൊണ്ടാണു മധു മോഷ്ടിച്ചത്!!?
നൂറുശതമാനം സത്യമല്ല.
 
ഈ അര്‍ദ്ധ സത്യമാണിന്ന് മധുവിന്‍റെ പേരില്‍ അട്ടപ്പാടിയുടെ ലേബലില്‍ പ്രചരിക്കുന്നത്.
മാനസികരോഗമുള്ളതുകൊണ്ടാണു വിശക്കുമ്പോള്‍ മോഷ്ടിക്കാന്‍ മധുവിനു തോന്നിയിരുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ സമര്‍ത്ഥമായി മറച്ചുപിടിച്ച്, പട്ടിണി എന്ന് വൈകാരികമായി പ്രചരിപ്പിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ വിശന്നിരിക്കുന്നു, വിശപ്പുകൊണ്ടവര്‍ മോഷ്ടിക്കുന്നു എന്നെല്ലാം പ്രചരിപ്പിക്കുന്നത് ആദിവാസികളുടെ ബ്രാന്‍റ് അംബാസഡറായി മാറാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും കപട മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്.
 
പ്രശസ്തി മാത്രം ലക്ഷ്യമിട്ട്, ആദിവാസി ഭിക്ഷയ്ക്കായി കൈനീട്ടി നില്‍ക്കുന്ന പട്ടിണിക്കോലമാണെന്ന പ്രചരണം നടത്തി നാലു ചാക്ക് അരിയും നാലുമുഴം തുണിയും പൊതിഞ്ഞുകെട്ടി ആദിവാസിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനിറങ്ങുന്ന ഇജ്ജാതി വിഷങ്ങളെ തിരിച്ചറിയണം.
 
മധുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലം മുതലെടുത്ത് അരിയും തുണിയും പൊതികെട്ടി ചുരം കയറാന്‍ മേയ്ക്കപ്പിട്ട ആദിവാസിപ്രേമികള്‍ ഓടാനുള്ള കണ്ടം കണ്ട് വെയ്ക്കുക.
മധുവിന്‍റെ കൊലപാതകം കൊണ്ട് ഉയിര്‍ക്കൊണ്ടൊരു ഊര്‍ജ്ജമുണ്ട്... ആദിവാസികള്‍ക്കിടയില്‍, വെറുതെ ചുമടും കെട്ടിവന്ന് ഇളിഭ്യരാകാനിടവരുത്തരുത്.
 
ടെഡി സി എക്സ്
 
ദയവുചെയ്ത് 
പട്ടിണികൊണ്ട് കട്ടു എന്ന നോണ്‍സെന്‍സ് 
അവസാനിപ്പിക്കൂ
മാനസിക വെല്ലുവിളി നേരിടുന്ന 
ആദിവാസി യുവാവായിരുന്നു 
ഇവിടെ കളവും, പട്ടിണിയുമല്ല
നാറിയ വംശീയതാണ് പ്രശ്നം
അട്ടപ്പാടിയിലെയല്ല
മലയാളിയുടെ
മുഖപുസ്തകത്തില്‍ നിന്ന്

You can share this post!

പാര്‍വ്വതിയും മുഹമ്മദ് ഉനൈസും

ടോം കണ്ണന്താനം കപ്പൂച്ചിൻ
അടുത്ത രചന

അമ്മയാകുന്നത്

കാര്‍മ്മല്‍ മേഴ്സിഹോം
Related Posts