news-details
ഇടിയും മിന്നലും

"ഇത്രയും ഉത്തരവാദിത്വത്തോടുകൂടി കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളെ കിട്ടാന്‍ എളുപ്പമല്ല." ബ. വികാരിയച്ചന്‍റെ കമന്‍റാണ്.

ഒരു പഞ്ചദിന ദമ്പതീധ്യാനത്തിനു ചെന്നതായിരുന്നു അവിടെ. നല്ല ഒന്നാന്തരം ക്രമീകരണം. എന്തിനും അടുക്കും ചിട്ടയും. എന്തെങ്കിലും ഒരു നിര്‍ദ്ദേശം കൊടുത്താല്‍ അതെല്ലാം കൃത്യമായി നിര്‍വഹിച്ചിരിക്കും. എല്ലാറ്റിനും അച്ചനെ സഹായിക്കാന്‍ അഞ്ചെട്ടു വോളണ്ടിയേഴ്സുണ്ട്. അവരുടെ ലീഡറിനെ പറ്റിയായിരുന്നു അച്ചന്‍റെ കമന്‍റ്. ഒരു നാല്പതുവയസ്സില്‍ കൂടുതല്‍ കാണില്ല. 'ടീച്ചര്‍', എന്നാണ് എല്ലാവരും വിളിക്കാറ്. എവിടെയോ പഠിപ്പിക്കുന്ന അദ്ധ്യാപികയാണെന്നാണു ഞാനോര്‍ത്തത്. കല്യാണം കഴിക്കുന്നതിനുമുമ്പു പഠിപ്പിച്ചിരുന്നു. ഭര്‍ത്താവു ജോലിക്കാരനായിരുന്നതുകൊണ്ട് വീടുനോക്കാന്‍വേണ്ടി ജോലി വേണ്ടെന്നുവച്ചു. ഇപ്പോള്‍ വേദപാഠടീച്ചറാണ്. എം.എസ്സി. ബി.എഡ്. വിദ്യാഭ്യാസമുണ്ട്. മൂന്നുമക്കള്‍. ഇത്രയുമൊക്കെ ബയോഡാറ്റാ അച്ചനില്‍നിന്നും കിട്ടി. ആരും പ്രത്യേകം ശ്രദ്ധിക്കത്തക്ക മാന്യമായ പെരുമാറ്റവും, നോക്കീം കണ്ടും ചെയ്യാനുള്ള കഴിവും.
 
"പറഞ്ഞിട്ടു കാര്യമില്ലച്ചാ, അവള്‍ക്കു വീട്ടില്‍ സമാധാനമില്ല." അച്ചന്‍ തന്നെയാണതും പറഞ്ഞത്.

"പ്രശ്നം അമ്മായിയമ്മയായിരിക്കും. അച്ചനൊന്നും ചെയ്യാനായില്ലേ?" ഞാന്‍ ചോദിച്ചു.
"ഏയ്, വേറാരുമല്ല. അവരുടെ ഭര്‍ത്താവു തന്നെയാ. ആളു മാന്യനാണ്. മറ്റാര്‍ക്കും പ്രശ്നമില്ല. പക്ഷേ, അല്പം തലക്കനം കൂടുതലാണെന്നു തോന്നുന്നു. ഒന്നുരണ്ടു പ്രാവശ്യം ചുമ്മാവന്നൊന്നു കാണാന്‍ പറഞ്ഞു ഞാന്‍ വിളിച്ചു. ആളൊഴിഞ്ഞുമാറി. ഞാനിവിടെ വന്നിട്ട് ഒരു കൊല്ലമായി. ഇതിനിടയില്‍ രണ്ടുമൂന്നു പ്രാവശ്യമേ അയാള്‍ പള്ളിയില്‍ വന്നിട്ടുള്ളു. നേരത്തെയൊക്കെ വരുമായിരുന്നു എന്നാണു മറ്റുള്ളവരു പറയുന്നത്. ടീച്ചറിങ്ങനെ പള്ളിക്കാര്യങ്ങളിലൊക്കെ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് അയാള്‍ക്ക് ഇഷ്ടമാകുന്നില്ലെന്നാണു പറയുന്നത്."

അച്ചന്‍ പറഞ്ഞതില്‍നിന്നും ചിത്രം വ്യക്തമല്ലായിരുന്നു. എവിടെയൊക്കെയോ ചേരാത്ത കണ്ണികള്‍. പ്രതീക്ഷിച്ചതുപോലെ അടുത്ത ദിവസം ടീച്ചര്‍ തന്നെ നേരിട്ടുവന്നു. കുറെ കാര്യങ്ങളൊക്കെ സംസാരിച്ചു. അച്ചന്‍ പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെ. ഭര്‍ത്താവിനു നേരിട്ടു പരിചയമില്ലെങ്കിലും ഞാനെഴുതുന്ന 'ഇടിയും മിന്നലും' സ്ഥിരം വായിക്കാറുണ്ടെന്ന്. എന്നെപ്പറ്റി മതിപ്പാണെന്ന്, കൂട്ടത്തില്‍ ഒരു നിവേദനവും. ഞാന്‍ അവരുടെ വീട്ടിലൊന്നു ചെന്നാല്‍, ഭര്‍ത്താവുമായി സംസാരിച്ചാല്‍, ഭര്‍ത്താവിനു മാറ്റം വരുമെന്ന്. ആലോചിക്കാം എന്നു പറഞ്ഞുവിട്ടു. അച്ചന്‍റെയും അഭിപ്രായം അനുകൂലമായിരുന്നതുകൊണ്ട് ധ്യാനം കഴിഞ്ഞു തിരിച്ചുപോകുന്നവഴി കയറാം എന്നു തീരുമാനിച്ചു.

ശനിയാഴ്ച രണ്ടുമണിയോടുകൂടി ധ്യാനം തീര്‍ന്നു. മൂന്നു മണിയായപ്പോള്‍ വികാരിയച്ചനോടു യാത്രപറഞ്ഞുപിരിഞ്ഞു ടീച്ചറിനോടു പറഞ്ഞ വാക്കുപാലിക്കാമെന്നുവച്ചു. ശനിയാഴ്ചകളില്‍ ഭര്‍ത്താവു മൂന്നുമണിക്കു മുമ്പ് ജോലികഴിഞ്ഞു വരുമെന്നവര്‍ പറഞ്ഞിരുന്നു. വഴി കൃത്യം പറഞ്ഞുതന്നിരുന്നതുകൊണ്ട് നേരെ അവരുടെ മുറ്റത്തുതന്നെ ചെന്നു ഞാന്‍ ബൈക്കുനിര്‍ത്തി. സ്വീകരിക്കാന്‍ ഇറങ്ങിവന്നത് മുന്നില്‍ ഭര്‍ത്താവും, പിന്നില്‍ ടീച്ചറും, മൂന്നാലുവയസ്സുള്ള മോനും. നല്ല വീട്. എല്ലാം നല്ല ഭംഗിയിലും ചിട്ടയിലും. ചെറിയൊരു പൂന്തോട്ടവും.

"എല്ലാം നല്ല ഭംഗിയായിരിക്കുന്നു" മുറ്റത്തുനിന്നുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു.

"ഒക്കെ ടീച്ചറിന്‍റെ കരവേലകളാണച്ചാ" ഭര്‍ത്താവ്.

പിന്നെ എന്‍റെ ഇടിയും മിന്നലിനെയും പറ്റിയായി 'സാറിന്‍റെ' കമന്‍റ്. അതിനിടയില്‍ അടുത്തുവന്ന മോനോടു ഞാന്‍ ഓരോന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊരു സമയം കിട്ടിയപ്പോള്‍ പറഞ്ഞു മനപ്പാഠമാക്കി വച്ചപോലെ അവന്‍ പറഞ്ഞു:
 
"പപ്പായോട് പള്ളീപ്പോകാന്‍ അച്ചന്‍ പറയണം".

പപ്പായുടെ മുഖത്തൊരു ചളുക്കം. പയ്യന്‍സു പറഞ്ഞതു കേട്ടുപോലുമില്ലാത്ത മട്ടില്‍ ഞാന്‍ ഭിത്തിയിലിരുന്ന ഒരു വലിയ വരച്ച ഫോട്ടോയിലേക്ക് നോക്കി അതാരുടേതാണെന്ന് ചോദിച്ച് അതു കാണാനെന്ന മട്ടില്‍ അതിനടുത്തേയ്ക്കു നടന്ന് വിഷയം മാറ്റി. അപ്പോഴാണ് ഒരു പത്തുവയസ്സുകാരന്‍ കൈയില്‍ മൂന്നാലു പുസ്തകവുമായി ഓടിക്കയറി വന്നത്.

"ഗുഡ് ഈവനിംഗ് ഫാദര്‍".

"അവന്‍ ട്യൂഷനു പോയതായിരുന്നു. നാലിലാ പഠിക്കുന്നത്". അപ്പന്‍റെ പരിചയപ്പെടുത്തല്‍.
"അച്ചന്‍ ഈ പപ്പായോടു പള്ളീല്‍ പോകാന്‍ പറയണം". അവന്‍റെയും നിവേദനം അതുതന്നെ. പപ്പായ്ക്കൊരു ചമ്മല്‍.

"ഇതും ആരാണ്ടു ട്യൂഷന്‍ തന്നു പഠിപ്പിച്ചതാണല്ലോ മോനെ. ചേട്ടനും അനിയനും ഒരുപോലെ പറഞ്ഞപ്പം ട്യൂഷന്‍ തന്നതൊരാളുതന്നെയാ അല്ലെ. ആരാ പറഞ്ഞുതന്നത് അച്ചന്‍ വരുമ്പം ഇങ്ങനെ പറയണമെന്ന്?" അല്പം തമാശും കാര്യവും കലര്‍ത്തി ഞാന്‍ ചോദിച്ചു.

"മമ്മി".

ഇളയവന്‍ ഒരു സങ്കോചവും കൂടാതെ പറഞ്ഞു. പിടികൂടിയല്ലോ എന്ന മട്ടില്‍ മൂത്തവനും ചിരിച്ചു.

അപ്രതീക്ഷിതമായി നീക്കങ്ങള്‍ പാളിയതു മനസ്സിലാക്കിയ 'മമ്മി' രംഗത്തെത്തി. അതെല്ലാം പോകട്ടെ എന്ന മട്ടില്‍ വീണ്ടും ഞാന്‍ വിഷയം മാറ്റി.

"മക്കളു മൂന്നുപേരല്ലെ. ഒരാളെക്കൂടി കാണാനുണ്ടല്ലോ".

"അവള് 8-ാം ക്ലാസ്സിലാണ്. ട്യൂഷനു പോയിരിക്കുകയാണ്. താമസിയാതെ വരും".

"ടീച്ചറിനു നേരത്തെ ജോലിയുണ്ടായിരുന്നു അല്ലെ?"

"അച്ചനും എന്നെ ടീച്ചറെന്നാണോ വിളിക്കുന്നത്. നാട്ടിലെല്ലാര്‍ക്കും ഞാന്‍ ടീച്ചറാ! വീട്ടിലിരുന്നുള്ള പഠിപ്പീരെ ഉള്ളു താനും." ഉറക്കെ ആത്മഗതം ചെയ്യുന്നതുപോലെയായിരുന്നു അവരുടെ സംസാരം.

"ആ പറഞ്ഞതും തെറ്റിപ്പോയില്ലേ ടീച്ചറെ. വീട്ടിലിരുന്നു പഠിപ്പിച്ചിരുന്നെങ്കില്‍ ഈ നാലിലും എട്ടിലും പഠിക്കുന്ന മക്കളു രണ്ടും പുറത്തു ട്യൂഷനു പോകണമായിരുന്നോ? അവര്‍ക്കു ട്യൂഷനെടുക്കുന്നത് വെറും ഡിഗ്രിക്കാരാ. ഇവള് എം.എസ്സി.ബി.എഡുകാരത്തിയാണെന്ന് അച്ചനറിയില്ലായിരിക്കും". എന്തൊക്കെയോ പൊട്ടിപ്പുറത്തുവരാന്‍ പോകുന്നു എന്നുള്ളതിന്‍റെ ലക്ഷണം. സാറത്രയും പറഞ്ഞു നിര്‍ത്തിയെങ്കിലും ഇനിയും പലതും പറയാനുണ്ടെന്നു വ്യക്തം.

"ഞാന്‍ ഇടവകപ്പള്ളീലെ സംഘടനകളിലും സെമിനാറിനുമൊക്കെ പോകുന്നതിഷ്ടമില്ലാഞ്ഞിട്ടു 'സാറു' പറയുന്നതാ അച്ചോ ഇതൊക്കെ". ടീച്ചറിനും ബാക്കിപറയാനുണ്ടെന്നുള്ളതിന്‍റെ സൂചന.

"എങ്കില്‍ ടീച്ചറിനോടു ഞാന്‍ ഇതിനൊന്നും പോകണ്ടാ എന്നു പറയുമായിരുന്നല്ലോ. വീട്ടിലെ കാര്യം ഭംഗിയാക്കിയിട്ടു വേണ്ടേ അച്ചാ നാടു നന്നാക്കാനിറങ്ങാന്‍?"

"ഞാനെന്താ വീടു നോക്കാത്തത്? എല്ലാ ജോലീം തീര്‍ത്തിട്ടല്ലെ ഞാന്‍ പോകുന്നത്?"

"അച്ചാ ഞങ്ങളുടേത് ഒരു പ്രത്യേക കല്യാണമായിരുന്നു. പ്രേമിച്ചുകെട്ടിയതാണോന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയാം. അറേഞ്ച്ഡ് ആണോന്നു ചോദിച്ചാല്‍ അതിനും ഉത്തരം അതേന്നും അല്ലെന്നും തന്നെയാ".

"ഇപ്പം എന്തിനാ അതെല്ലാം കെട്ടഴിക്കുന്നത്?" ടീച്ചര്‍ ഇടയ്ക്കുകയറിപ്പറഞ്ഞു.

"ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്ന സമയമാണു ടീച്ചറെ. എനിക്കറിയാമായിരുന്നു നീ എങ്ങനെയെങ്കിലും  ഈ അച്ചനെ ഇവിടെ കൊണ്ടുവരുമെന്നും ഞാന്‍ പ്രശ്നക്കാരനാണെന്നു പറഞ്ഞ് എനിക്കു പിഴയിടുമെന്നും. അതുകൊണ്ടുതന്നെയാണ് ഞാനിന്ന് അരമണിക്കൂര്‍ നേരത്തെ ഓഫീസില്‍നിന്നും പോന്നത്. അച്ചാ ഞങ്ങളുടെ കല്യാണത്തിനു രണ്ടുകൊല്ലം മുമ്പ് ഇവള്‍ക്കിവിടെത്തന്നെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ജോലി കിട്ടി. എനിക്കതിനു മുമ്പുതന്നെ ജോലിയുണ്ടായിരുന്നു. മിക്കവാറും ഞാന്‍ ബസ്സ്റ്റോപ്പിലോ വഴിയിലോവച്ച് ടീച്ചറിനെ കാണാറുണ്ടായിരുന്നു. അങ്ങനെ പരിചയപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ എനിക്കു ടീച്ചറിനെ നന്നായിട്ടിഷ്ടപ്പെടുകയും ചെയ്തു. കല്യാണത്തെപ്പറ്റി എന്‍റെ വീട്ടില്‍നിന്നും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ടീച്ചറിന്‍റെ കേസു പറഞ്ഞു. വീട്ടുകാരന്വേഷിച്ചു. ഇവളുടെ വീട്ടുകാര്‍ക്കും താല്പര്യമാണെന്നറിഞ്ഞു.

ഇടക്കാരില്ലാതെ നേരിട്ടു പറഞ്ഞുറപ്പിച്ച ദിവസം ഞാനും വീട്ടുകാരും ഇവളുടെ വീട്ടില്‍ചെന്നു. ആവശ്യത്തിന് അന്വേഷണങ്ങള്‍ എല്ലാം നടത്തിയിരുന്നതുകൊണ്ടും പരസ്പരം കുറച്ചെങ്കിലും പരിചയമുണ്ടായിരുന്നതുകൊണ്ടും വെറും ഒരു ഫോര്‍മാലിറ്റിയായിരുന്നു ആ 'പെണ്ണുകാണല്‍'. എങ്കിലും അന്നുതന്നെ ടീച്ചറുമായി അല്‍പസമയം സംസാരിക്കണമെന്നു ഞാന്‍ പറഞ്ഞു. ഞങ്ങളു മാത്രമായപ്പോള്‍ ഞാന്‍ ഒറ്റക്കാര്യം മാത്രമെ ടീച്ചറിനോടന്നു പറഞ്ഞുള്ളു. 'എനിക്കു ടീച്ചറിനെ ഇഷ്ടപ്പെട്ടു. പക്ഷെ ഒരു ഡിമാന്‍റുണ്ട്. ജോലി ഉപേക്ഷിക്കണം.' ടീച്ചര്‍ അത് ഒട്ടും പ്രതീക്ഷിച്ചതല്ലെന്നെനിക്കറിയാമായിരുന്നു. മറുപടി ഉടനെ വേണമെന്നു ഞാന്‍ പറഞ്ഞില്ല. കല്യാണം കഴിഞ്ഞാല്‍ ആദ്യത്തെ കുട്ടിയാകുന്നതുവരെ ജോലിക്കുപോകാം. പിന്നീടു കുട്ടിയെ നോക്കാനെന്നു പറഞ്ഞു ജോലി രാജിവയ്ക്കണം. ഇതിനു സമ്മതിച്ചാല്‍ വിവാഹത്തിന് എനിക്കു സമ്മതമാണെന്നു ഞാന്‍ പറഞ്ഞു. ടീച്ചറിന്‍റെ ചഞ്ചലിപ്പു കണ്ടപ്പം ഞാനന്നുതന്നെ പറഞ്ഞു. 'ആലോചിച്ചു പറഞ്ഞാല്‍ മതി. തീരുമാനം സ്വന്തമായിരിക്കണം. രണ്ടുപേര്‍ക്കും ഇപ്പോള്‍ പരസ്പരം കടപ്പാടൊന്നുമില്ല. പരിചയം മാത്രം. അതുകൊണ്ട് ഇതു വേണ്ടെന്നു വയ്ക്കാനും നമുക്കു രണ്ടുപേര്‍ക്കും വിഷമമില്ല' ഇതു ഞാന്‍ പറഞ്ഞിരുന്നോ എന്നച്ചനിപ്പോള്‍ ചോദിച്ചു നോക്കാമല്ലോ. ഒരാഴ്ചക്കുള്ളില്‍ ടീച്ചര്‍ ഒരു കുറിപ്പ് എന്‍റെ കൈയില്‍ തന്നു. അതില്‍ ഒറ്റവാക്കു മാത്രം 'പരിപൂര്‍ണ്ണസമ്മതം'. കല്യാണമുറപ്പിച്ചു. മനസ്സമ്മതത്തിന്‍റെയന്നു വീണ്ടും ഞാനിതേ കാര്യംതന്നെ വ്യക്തമായി ടീച്ചറിനോടു പറഞ്ഞു.

എന്‍റെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞതാണ്. ഒരു ചേട്ടന്‍ മാത്രമേയുള്ളു. വിവാഹം കഴിച്ചു മാതാപിതാക്കന്മാരോടൊപ്പം സന്തോഷമായി ജീവിക്കുന്നു. ഹൈറേഞ്ചിലുണ്ടായിരുന്ന എട്ടുപത്തേക്കര്‍ വിറ്റിട്ട് വീടിനടുത്ത് ഒരു നാലേക്കര്‍ തോട്ടം അപ്പന്‍ എന്‍റെ പേരില്‍  വാങ്ങിയിട്ടിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ അതിനകത്തു പുരവച്ചുമാറാം. ചേട്ടനാണ് വീട്ടില്‍ നില്ക്കാനിഷ്ടം. ഞാന്‍ ജോലിക്കാരനായതുകൊണ്ട് ടീച്ചറും കൂടെ ജോലിക്കുപോയാല്‍ മക്കളുടെ വളര്‍ത്തല്‍ ശരിയാവില്ല. ടീച്ചറുംകൂടി ജോലിക്കുപോയാല്‍ സമ്പാദിക്കാവുന്നതിന്‍റെ ഇരട്ടി ടീച്ചര്‍തന്നെ വീടും പറമ്പും മക്കളേം നോക്കി വളര്‍ത്തിയാല്‍ കിട്ടും. വീടും നന്നാകും. ഇതെല്ലാം പറഞ്ഞ് എല്ലാം ബോധ്യപ്പെട്ടായിരുന്നു ഞങ്ങളുടെ കല്യാണം. പറഞ്ഞുവച്ചിരുന്നതുപോലെ മോളുണ്ടാകുന്നതുവരെയെ ടീച്ചറു ജോലിക്കു പോയുള്ളു. ജോലി രാജിവെച്ചിട്ടിപ്പം പതിന്നാലുകൊല്ലമായി. നല്ലയൊരു തുക ടീച്ചറിന്‍റെ അദ്ധ്വാനംകൊണ്ടുതന്നെ ബാങ്കില്‍ ബാലന്‍സുമുണ്ട്.

വീട്ടിലെ പ്രാര്‍ത്ഥന ചിട്ടയായിട്ടു കൊണ്ടുപോകുന്നതിനും മറ്റും ഞാനായിരുന്നു ടീച്ചറിനെ നിര്‍ബന്ധിച്ചിരുന്നത്. ഞായറാഴ്ച മാത്രമെ ഞാനും പള്ളിയില്‍ പോകാറുണ്ടായിരുന്നുള്ളു. നാലുകൊല്ലം മുമ്പുവരെ ഒരു കുഴപ്പവുമില്ലായിരുന്നു. അന്നിവളൊരു ധ്യാനം കൂടി. അതുകഴിഞ്ഞൊന്നൂടെ കൂടി. അതു കഴിഞ്ഞപ്പം മുതല്‍ എല്ലാ ദിവസവും പള്ളിയില്‍ പോകണമെന്നു നിര്‍ബന്ധം. പള്ളിയില്‍ എന്തു പരിപാടിക്കും മുമ്പില്‍. ഞാന്‍ എതിര്‍ത്തില്ല. നിയന്ത്രിക്കണമെന്നു മാത്രം പറഞ്ഞു. അതിന്‍റെ പേരില്‍ പരാതിയായി. വീട്ടിലെ കാര്യങ്ങള്‍ ജോലിയൊന്നും മുടക്കാറില്ല, ശരിയാണ്. പക്ഷേ രണ്ടുമാസത്തിലൊരാഴ്ചയെങ്കിലും എന്തെങ്കിലും പരിപാടിവരും. ആകെ അവതാളമാകും. പിള്ളേരുടെ പഠനത്തിനു തടസ്സമായി. അതുവരെ പിള്ളേരുടെ റ്റ്യൂഷന്‍ ഇവളുതന്നെയായിരുന്നു. പിള്ളേരെ പിന്നെ ട്യൂഷനു പുറത്തുവിടേണ്ടിവന്നു. ഞാന്‍ തടസ്സം പറയുമ്പോള്‍ കരച്ചിലും പരാതിയും, ജോലി ഉപേക്ഷിച്ചതിനെപ്പറ്റിയുള്ള പറച്ചിലും. ഞാനിത്രയെ പറയുന്നുള്ളു, തമ്പുരാന്‍റെ മുമ്പില്‍ പള്ളീല്‍ പോയിരിക്കുന്നതിനേക്കാളും തമ്പുരാന്‍ ആവശ്യപ്പെടുന്നത് ടീച്ചറിനോട് വീട്ടിലിരുന്ന് അമ്മയായിട്ടു മക്കളെ വളര്‍ത്താനാ, പഠിപ്പിക്കാനാണെന്നാണ്. ഞായറാഴ്ചയും അവധി ദിവസങ്ങളിലും പോകട്ടെ. കടപ്പാടുമറന്ന് പള്ളിക്കാര്യം നോക്കണോ? അതിനൊക്കെ പ്രത്യേകം കടപ്പെട്ട കന്യാസ്ത്രീമാരും അച്ചനുമില്ലെ. അവരതിനിറങ്ങട്ടെ. ടീച്ചര്‍ കഴിവുപോലെ സഹകരിച്ചാല്‍ പോരെ. അതു പറയുമ്പം ടീച്ചര്‍ പറയുന്നത് അച്ചന്മാരേം കന്യാസ്ത്രീകളേം കുറ്റം പറയുവാണെന്നാ. ഇത്രയും നേരോം ഞാന്‍ പറഞ്ഞു ഇടക്കുകയറിയൊന്നും പറയാതെ മാന്യമായിട്ടു പെരുമാറിയതിനു ടീച്ചറിനു നന്ദിയുണ്ട്. ഞാനീ പറഞ്ഞതില്‍ എന്തെങ്കിലും ഒരു വാക്കു കളവാണെങ്കില്‍ ടീച്ചര്‍ പറയട്ടെ". സാറൊന്നു നിര്‍ത്തി.

അതുവരെയും നിന്നിടത്തുതന്നെ കുനിഞ്ഞുനിന്ന ടീച്ചര്‍ സെറ്റിയിലിരുന്നു തേങ്ങാന്‍ തുടങ്ങി. ഇതിനിടയ്ക്ക് കുറച്ചുമുമ്പ് കയറിവന്ന മോള് രംഗം മനസ്സിലാക്കി മൗനമായി ഒന്നു വണങ്ങിയിട്ട് അകത്തുപോയി എനിക്ക് ഒരു ഗ്ലാസ്സു നാരങ്ങാവെള്ളവുമായി വന്നു.

"സാറിനു ദിവസവും രാവിലെ പോയാല്‍ വൈകുന്നേരം വന്നാല്‍ മതി. ഞാനിവിടെയിരുന്നു ബോറടിക്കുന്നതു അറിയുന്നില്ലല്ലോ. പറ്റുന്ന വല്ല നല്ല കാര്യോം പള്ളീല്‍ക്കൂടെ ചെയ്യാമെന്നേ ഞാന്‍ കണ്ടുള്ളു". ടീച്ചര്‍ അത്രയും പറഞ്ഞുനിര്‍ത്തി.

"വീട്ടിലിരിക്കുന്നതും വീട്ടുകാര്യോം മക്കളുടെ കാര്യോം നോക്കുന്നതും ബോറാണെന്നു പറഞ്ഞാല്‍ ഞാനെന്തു മറുപടി പറയാനാണച്ചാ. ഒന്നുരണ്ടു പ്രാവശ്യം വികാരിയച്ചന്‍ വിളിച്ചു. ഞാന്‍ പോകാഞ്ഞത് ആരുമിടപെടാതെ ഇവളുതന്നെ ഇതു മനസ്സിലാക്കി ശരിയാക്കണമെന്നു കരുതിയാണ്. അങ്ങനെ വിളിച്ചിട്ടു ചെല്ലാഞ്ഞതിന്‍റെ പേരിലാണെന്നു തോന്നുന്നു പിന്നത്തെ ഞായറാഴ്ച പള്ളിപ്രസംഗത്തില്‍ എന്‍റെപേരു പറഞ്ഞില്ലെങ്കിലും സര്‍ക്കാരുജോലീം വിദ്യാഭ്യാസോം ഉണ്ടെന്നു കരുതി തമ്പുരാന്‍റെ സ്വരത്തിനു ചെവികൊടുക്കാത്തവരൊക്കെ എന്നെങ്കിലും വീഴും എന്നോര്‍മ്മിക്കട്ടെയെന്നും പറഞ്ഞു പ്രസംഗിച്ചതു ഞാനറിഞ്ഞു. അതില്‍പിന്നെ ഞാന്‍ കാര്യമായിട്ട് ഇടവകപ്പള്ളീല്‍ പോയിട്ടില്ല. ടൗണില്‍ ഒരു കപ്പേളയുണ്ട്. ഉച്ചകഴിഞ്ഞ് അവിടെപ്പോകും. എല്ലാ ഞായറാഴ്ചയും വൈകുന്നേരം ക്ലബ്ബില്‍ പോകാറുണ്ടായിരുന്നതുകൊണ്ട് പള്ളിയില്‍ പോയെന്നു പറഞ്ഞാല്‍ ഇവരൊട്ടു വിശ്വസിക്കത്തുമില്ല. എനിക്കതിലും വിഷമം ഇവളീ പിള്ളേരോടും ഞാന്‍ പള്ളീല്‍ പോകത്തില്ലെന്നു പറഞ്ഞു കൊടുത്തിരിക്കുന്നതിലാ".

ഇത്രയും നേരവും കേള്‍വിക്കാരന്‍ മാത്രമായിരുന്ന ഞാന്‍ പോകാനെഴുന്നേറ്റു. "ഞാനിവിടെ വാദിയും പ്രതിയും ആരാണെന്നറിയാതെ വിഷമത്തിലാണ്. ഇതു നിങ്ങളുടെ കുടുംബക്കോടതിയാണ്. ഇവിടുത്തെ ഏറ്റവും നല്ല ജഡ്ജിമാര്‍ നിങ്ങളുടെ മൂന്നു മക്കളും. മൂന്നു ജഡ്ജിമാരുള്ള ഫുള്‍ബഞ്ച്!! അവരെ മൂന്നുപേരെയും വിളിച്ചിരുത്തി നിങ്ങളിക്കാര്യം അവരോടു ചോദിച്ചു നോക്ക്. നിഷ്ക്കളങ്കമായ ഉത്തരം കിട്ടും. ഒരു പക്ഷേ അവരുടെ വായില്‍നിന്നും കൃത്യമായ വാക്കുകള്‍ കിട്ടിയില്ലെങ്കിലും നിങ്ങള്‍ മനസ്സാക്ഷിക്കു മൂടുപടമിടാതെ ആ കുഞ്ഞുങ്ങളുടെ മുഖത്തുനോക്ക്. നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും അവരുടെ നിഷ്കപടമായ മുഖത്തെഴുതിയിട്ടുണ്ടായിരിക്കും. അതു വായിച്ചറിഞ്ഞാല്‍ ബോറിങ്ങു മാറും. സമയം കുടുംബത്തില്‍ തികയാതെ വരും".

കുടിച്ചുതീര്‍ന്ന നാരങ്ങാവെള്ളത്തിന്‍റെ ഗ്ലാസ് മേശയില്‍ വച്ചിട്ട് വേഗം നടക്കുന്നതിനിടയില്‍ ഞാന്‍ കുഞ്ഞുങ്ങളോടു പറഞ്ഞു:

"മക്കളേ ബൈ ബൈ, എന്‍റെ ഫോണ്‍ നമ്പര്‍ വികാരിയച്ചന്‍റെ കൈയിലുണ്ട്. ആവശ്യം തോന്നിയാല്‍ വിളിക്കാം." ഞാന്‍ വിട്ടുപോന്നു.
 
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു മുട്ടന്‍ കേക്കുമായിട്ട് അപ്പനുമമ്മയും മക്കളും ആശ്രമത്തില്‍.
"ഞങ്ങളുടെ കല്യാണവാര്‍ഷികമാണ്. അച്ചന്‍ പറഞ്ഞതുപോലെ ഞങ്ങളുടെ മക്കളുടെ മുഖത്തുനോക്കി ഒത്തിരി വായിച്ചറിഞ്ഞു. നന്ദി".

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts