ആറുമാസത്തിനുള്ളില്‍ മൂന്നാംതവണയും ചികിത്സാസഹായം ചോദിച്ചുവന്ന അയാള്‍ക്ക് അമ്പതുരൂപ കൊടുത്തപ്പോള്‍ വല്ലാതെ കെഞ്ചാന്‍ തുടങ്ങി. ആദ്യം അയാളുടെ ഭാര്യയുടെ നടുവിനുവേദനയ്ക്കു ഡോക്ടര്‍ നിര്‍ദ്ദേശിച്ച സ്കാനിങ്ങിന് ആറായിരം രൂപയാകും അതിനു സഹായം ചോദിച്ചുവന്നു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അയാള്‍ക്കുതന്നെ മാറാത്ത പിടലിവേദനയ്ക്കും തലവേദനയ്ക്കും ചികിത്സിച്ച ഡോക്ടര്‍ അയാള്‍ക്കും സ്കാനിങ്ങിനു കുറിച്ചുകൊടുത്തതുമായി വന്നു. ആ രണ്ടു തവണയും നല്ലതുപോലെ സഹായം ചെയ്തതാണ്. ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നു. 18 വയസ്സുള്ള മകനു കുറെനാളായി തലകറക്കം. ഒന്നരമാസം ചികിത്സിച്ചു. ഇപ്പോള്‍ അവനെയും ചികിത്സിക്കുന്ന ഡോക്ടര്‍ സ്കാനിങ്ങിന് കുറിച്ചുകൊടുത്തിരിക്കുന്നു. സ്വന്തമായിട്ട് ആകെ ഒരു ചെറിയ പെട്ടിക്കടയുണ്ട്. പിന്നെ അയാള്‍ ദിവസവും കൂലിപ്പണിക്കു പോകും. കിട്ടുന്നതെല്ലാംകൂടെ കൂട്ടിയാലും വീട്ടുചെലവിനുപോലും തികയത്തില്ല. അതിനിടയിലാണ് ഈ ചികിത്സകളൊക്കെ.
കുറെനാളായി ചികിത്സാസഹായം തേടി എത്തുന്നവരില്‍ ഏറെയും സ്കാനിങ്ങിനുവേണ്ടിയാണ്. സ്കാനിങ്ങു റിപ്പോര്‍ട്ടു കണ്ടിട്ട് ഡോക്ടറെന്തു പറഞ്ഞു എന്നു ചോദിച്ചാല്‍ സാധാരണ കിട്ടാറുള്ള മറുപടി, "സ്കാനിങ്ങില്‍ കാര്യമായിട്ടൊന്നും കാണാനില്ല. കുറച്ചുനാളു മരുന്നുകുടിച്ചാല്‍ മതി' എന്നു പറഞ്ഞെന്നായിരിക്കും. ഇതിനെപ്പറ്റി ഡോക്ടര്‍ന്മാരോടു ചോദിച്ചിട്ടുണ്ട്.
"അച്ചനറിയാന്മേലാഞ്ഞിട്ടാ. ഉടനെ അടക്കാനുള്ള ശവമാണേലും മൊബൈല്‍ മോര്‍ച്ചറീലൊന്നു വച്ചില്ലെങ്കില്‍ സ്റ്റാറ്റസിനു പോരാന്നു ചിന്തിക്കുന്ന ജനമാണ് സാക്ഷരകേരളത്തിലേത്. മരുന്നുമതിയെന്നു പറഞ്ഞാല്‍ സ്കാനിങ്ങൊന്നും ചെയ്യേണ്ടേ ഡോക്ടറേന്നാണ് രോഗികളുടെ ചോദ്യം." ഒരിക്കലൊരു ഡോക്ടര്‍ പറഞ്ഞതാണിത്.
"ഒരു രക്ഷയുമില്ലാത്ത കേസിലാണെങ്കിലും പറ്റാവുന്നതെല്ലാം ചെയ്തുകഴിഞ്ഞും രോഗിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഡോക്ടറിന്‍റെ പുറത്തു കുതിര കയറുന്ന കാലമാ. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്. അതുകൊണ്ടു അത്ര ഉറപ്പില്ലാത്തതൊക്കെ സ്കാനിങ്ങിനു വിട്ടേക്കും." അതുപറഞ്ഞതു വേറൊരു ഡോക്ടറാണ്.
അവര്‍ പറയുന്നതും ഒരു കണക്കിനു നേരാ!
കേരളത്തിലെ ഒരു സ്കാനിങ്ങ് സെന്‍ററില്‍ ജോലിചെയ്തിരുന്ന ഒരു ടെക്നീഷ്യനെ പരിചയപ്പെടാനിടയായി. ഇപ്പോള്‍ അയാള്‍ കേരളത്തിനു വെളിയില്‍ ഒരു സ്ഥാപനത്തിലാണ്. അദ്ദേഹം കുറെ അനുഭവങ്ങള്‍ പങ്കുവച്ചതില്‍ സാമ്പിളിന് ഒരെണ്ണം.
സ്കാനിങ്ങിനു ചെന്ന രോഗിയെ ഒരുക്കുന്നതിനിടയില്‍ ആളുമായി പലതും ചോദിച്ചറിഞ്ഞു. രോഗത്തെപ്പറ്റിപറഞ്ഞപ്പോള്‍ നാളുകളായി ഇടത്തെ കാലിനുള്ള മാറാത്ത വേദനയ്ക്കാണു ചികിത്സ എന്നുപറഞ്ഞു. സ്കാനിങ്ങിനു കുറിച്ചിരിക്കുന്ന ഡോക്ടറിന്‍റെ കുറിപ്പില്‍ വലതുകാല് സ്കാന്‍ ചെയ്യാനാണു കുറിച്ചിരിക്കുന്നത്. അപാകത തോന്നിയ അയാള്‍ രോഗിയെ അറിയിക്കാതെ സെന്‍ററിന്‍റെ ഡയറക്ടറിന്‍റെയടുത്ത് നേരിട്ടു ചെന്നു വിവരമറിയിച്ചു. ഡയറക്ടര്‍ പറഞ്ഞത്: "ഡോക്ടറെക്കാള്‍ വലിയ ഡോക്ടറാകേണ്ടാ, കുറിച്ചിരിക്കുന്നതുപോലെ ചെയ്തു റിപ്പോര്‍ട്ടു കൊടുക്കാനാണ്." അയാളതുപോലെ ചെയ്തു. രണ്ടാഴ്ചകഴിഞ്ഞ് രോഗി വീണ്ടും ചെന്നു, നേരത്തെ എടുത്തിരുന്ന റിപ്പോര്‍ട്ടില്‍ അല്പംകൂടി വ്യക്തമാകാനുണ്ട്, അതുകൊണ്ട് ഒന്നുകൂടെ സ്കാന്‍ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞെന്ന്! അന്നു കൊണ്ടുചെന്ന കുറിപ്പില്‍ കൃത്യമായി ഇടതുകാലുതന്നെ സ്കാന്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ആദ്യം ചെയ്തതു തെറ്റിച്ചാണെന്നു പറഞ്ഞാല്‍ അങ്ങോട്ടു രോഗികളെ സ്ഥിരം അയച്ചുകൊണ്ടിരിക്കുന്ന ആ ഡോക്ടറുടെ അപ്രീതിയും, പ്രശ്നങ്ങളും ഓര്‍ത്ത് അയാള്‍ അക്കാര്യമൊന്നും പറയാതെ രോഗിയുടെ ഇടതുകാല്‍ സ്കാന്‍ ചെയ്ത് റിപ്പോര്‍ട്ടു കൊടുക്കുകയും ചെയ്തു.
കഴിഞ്ഞുകൂടാന്‍ കഷ്ടപ്പെടുന്നവരും ആശുപത്രികളിലെത്തുമ്പോള്‍ ചെലവേറിയതാണെങ്കിലും സ്കാനിങ്ങിനു കൊടുക്കുന്ന കുറിപ്പടിയുമായി മറ്റുമാര്‍ഗ്ഗമില്ലാതെ മുന്നില്‍ വന്നു കൈ നീട്ടുന്ന എത്രയെത്ര സംഭവങ്ങള്‍! അന്ന് അയാള്‍ സംസാരിച്ച കൂട്ടത്തില്‍ കുറിച്ചുകൊടുത്തു വിടുന്ന ഡോക്ടറിനു ലഭിക്കേണ്ട വീതം കുറഞ്ഞു പോയാല്‍ രോഗികളെ മറ്റുസ്ഥലങ്ങളിലേക്കു പറഞ്ഞുവിടും എന്നുറപ്പുള്ളതിനാല്‍ പണികിട്ടാന്‍ വേണ്ടി യാതൊരാവശ്യവുമില്ലാതെ ഡോക്ടര്‍മാര്‍ പറഞ്ഞുവിടുന്ന ഒരുപാടുപേരുടെ സ്കാനിംഗ് നടത്തിയിട്ടുള്ള കാര്യങ്ങള്‍ നിരത്തി. പറഞ്ഞതില്‍ കുറെയൊക്കെ പൊടിപ്പും തൊങ്ങലുമുണ്ടായേക്കാമെങ്കിലും അയാള്‍ പറഞ്ഞതില്‍ കുറെ സത്യമുണ്ട് എന്നുള്ളത് നിഷേധിക്കാനാവില്ലല്ലോ.
വല്ലാതെ കടം കയറി ഉണ്ടായിരുന്നതൊക്കെ നഷ്ടപ്പെട്ടിട്ട് ഇപ്പോള്‍ ഒരുമാതിരി നല്ലനിലയിലെത്തിയ ഒരാള്‍ തമാശുരൂപത്തില്‍ പറഞ്ഞതോര്‍ക്കുന്നു:
"എന്നും രാവിലെ ഒറ്റ പ്രാര്‍ത്ഥനയെ ഉള്ളച്ചാ, ആശുപത്രിയില്‍ കയറ്റല്ലേന്ന്. അല്ലെങ്കില്‍ രണ്ടു സ്കാനിങ്ങും നാലു ടെസ്റ്റിംഗും കഴിയുമ്പോള്‍ വീണ്ടും ഞാന്‍ വഴിയാധാരമാകും."