മിശിഹായിലൂടെ കരഗതമായ മനുഷ്യരക്ഷയെ സംബന്ധിച്ച് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: 'പഴയനിയമത്തിലെ ജനങ്ങള്‍ക്കുവേണ്ടി ദൈവം പ്രവര്‍ത്തിച്ച അത്ഭുത കൃത്യങ്ങള്‍, മാനവരാശിയെ സംബന്ധിച്ച് ദൈവത്തിന് സമ്പൂര്‍ണ്ണമഹത്വം പ്രദാനം ചെയ്യുവാന്‍ മിശിഹാ പൂര്‍ണ്ണമാക്കാനിരുന്ന രക്ഷാകര്‍മ്മത്തിന്‍റെ നാന്ദിയായിരുന്നു. തന്‍റെ അനുഗ്രഹദായകമായ പെസഹാരഹസ്യവും മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനവും മഹത് പൂര്‍ണ്ണമായ സ്വര്‍ഗ്ഗാരോഹണവും വഴിയാണ് മിശിഹാനാഥന്‍ ഈ രക്ഷാകരകൃത്യം സാധിച്ചത്. അങ്ങനെ തന്‍റെ മരണം വഴി അവിടുന്ന് നമ്മുടെ മരണത്തെ പരാജയപ്പെടുത്തുകയും ഉത്ഥാനം ചെയ്തുകൊണ്ട് നമ്മുടെ ജീവനെ പുനരുദ്ധരിക്കുകയും ചെയ്തു' (ലിറ്റര്‍ജി നമ്പര്‍ 5).
ആദിമസഭയെ വിശ്വാസത്തില്‍ ജ്വലിപ്പിച്ചതും പരിപോഷിപ്പിച്ചതും മിശിഹായുടെ ഉത്ഥാനമായിരുന്നു. ദൈവാരാധന, ദൈവികരഹസ്യങ്ങളക്കുറിച്ചുള്ള പ്രബോധനങ്ങള്‍, സുവിശേഷ പ്രഘോഷണം എന്നിവയുടെയെല്ലാം കേന്ദ്രം മിശിഹായുടെ ഉത്ഥാനമായിരുന്നു. വി. പൗലോസ് ശ്ലീഹാ ഇത് വ്യക്തമാക്കുന്നുണ്ട്. 'വിശുദ്ധലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ മിശിഹാ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാം നാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടു പേര്‍ക്കും പ്രത്യ ക്ഷനായി (1കോറി 15:3-5). ഇത് ആദിമസഭയുടെ വിശ്വാസ പ്രഘോഷണമായിരുന്നു. വി.പൗലോസ് ശ്ലീഹാ ഇത് കൂടുതല്‍ ശക്തമായി പ്രഖ്യാപിക്കു ന്നുണ്ട്. 'മിശിഹാ ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം (1 കോറി14:15). രക്ഷാകരകര്‍മ്മത്തിന്‍റെ പൂര്‍ത്തീകരണമായ മിശിഹായുടെ ഉത്ഥാനം അവിടുത്തെ ദൈവത്വത്തെ വെളിപ്പെടുത്തുന്ന ഏറ്റവും വലിയ അത്ഭുതവുമാണ്.
ഉത്ഥാനം വഴി മരണത്തിന്മേല്‍ മിശിഹാ ശാശ്വതമായ വിജയം നേടി. 'ഞാന്‍ ജീവനും പുനരുദ്ധാനവുമാണ്. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും (യോഹ 11:25) എന്ന മിശിഹായുടെ വചനങ്ങള്‍ പ്രത്യാശയോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നു. ഈശോയുടെ മരണത്തില്‍ ദുഃഖിതരും നിരാശിതരുമായിരുന്ന ശിഷ്യന്മാര്‍ക്ക് തിരിച്ചുവരവിന് നിമിത്തമായ സംഭവമായിരുന്നു അവിടുത്തെ ഉയിര്‍പ്പ്. 'നമ്മുടെ കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു ആദിമ ക്രൈസ്തവസമൂഹം ഈ സദ്വാര്‍ത്ത പരസ്പരം കണ്ടുമുട്ടുമ്പോള്‍ പങ്കുവച്ചിരുന്നു. അത് അവരുടെ ഹൃദയത്തെ ആനന്ദിപ്പിക്കുകയും പ്രത്യാശയോടെ ലോകത്തെ അഭിമുഖീകരിക്കുവാന്‍ ശക്തിപ്പെടു ത്തുകയും ചെയ്തു.
മിശിഹായുടെ ഉത്ഥാനത്തെ വിവരിക്കുന്ന സമാന്തര സുവിശേഷങ്ങളും വി.യോഹന്നാനും ശൂന്യമായ കല്ലറയും ഉത്ഥിതന്‍റെ പ്രത്യക്ഷീകരണങ്ങളും രേഖപ്പെടുത്തിക്കൊണ്ട് ഈ സംഭവത്തിന്‍റെ ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള ദര്‍ശനങ്ങള്‍ നല്‍കി. ആഴ്ചയുടെ ആദ്യ ദിവസം ഞായറാഴ്ച സൂര്യനുദിച്ചപ്പോള്‍തന്നെ മൂന്ന് സ്ത്രീകള്‍ കല്ലറയിങ്കലേയ്ക്ക് പോയി. ഈശോയുടെ മരണത്തിനും സംസ്കാരത്തിനും സാക്ഷ്യം വഹിച്ചിരുന്നവരാണവര്‍. ഈശോയുടെ ശരീരം യഹൂദ ആചാരവിധിപ്രകാരം സുഗന്ധക്കൂട്ടുകള്‍കൊണ്ട് പൊതിയുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാതത്തില്‍ അവര്‍ കല്ലറയിങ്കലെത്തിയത്. കല്ലറ മുദ്രവച്ചിരുന്ന വലിയകല്ല് കണ്ടിരുന്ന അവര്‍ എങ്ങനെ ആ കല്ല് ഉരുട്ടി മാറ്റും എന്ന ആകുലതയോടെയാണ് കല്ലറയിങ്കലെത്തിയത്. ഇവിടെ ഈ സ്ത്രീകളുടെ മനോഭാവം ശ്രദ്ധേയമാണ്. വലിയ കല്ല് വഴി മുദ്ര വച്ചിരിക്കുന്ന കല്ലറ അവരുടെ ഉദ്യമത്തെ സ്വാധീനിച്ചില്ല. ധൈര്യപൂര്‍വ്വം അവര്‍ മിശിഹായുടെ ശരീരത്തെ സുഗന്ധദ്രവ്യങ്ങള്‍ക്കൊണ്ട് അഭിഷേകം ചെയ്യുവാന്‍ നിശ്ചയിച്ചുറപ്പിച്ചു.
പ്രതിസന്ധികള്‍ കണ്ട് ഭയപ്പെടുകയോ, പ്രശ്നങ്ങള്‍ക്കു മുമ്പില്‍ പതറുകയോ ചെയ്യാതെ ദൈവഹിതം നിറവേറ്റാനുള്ള ഇച്ഛാശക്തി ഉണ്ടാവണമെന്ന് ഈ സംഭവം വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. ദൈവിക ശുശ്രൂഷയില്‍ വ്യാപൃതരാകുന്നവര്‍ക്ക് പലവിധ പ്രശ്നങ്ങളെയും നേരിടേണ്ടിവരുമെങ്കിലും അവര്‍ക്കെല്ലാം ദൈവം പരിഹാരം നല്‍കുമെന്ന് ഉരുട്ടി മാറ്റപ്പെട്ട കല്ല് സൂചന നല്‍കുന്നു. നമ്മുടെ ഹൃദയത്തില്‍ നിന്നും വിശ്വാസജീവിത ത്തിന് ചേരാത്ത കല്ലുകള്‍ ഉരുട്ടി മാറ്റുകയാണാവശ്യമെന്ന് ഈ സ്ത്രീകള്‍ പഠിപ്പിക്കുന്നു. വിശ്വാസത്തിന്‍റെ കണ്ണുകള്‍ തുറക്കാനാവശ്യമായ ക്രിയകളാണ് നമ്മള്‍ ചെയ്യേണ്ടത്. ദൈവികശുശ്രൂഷകള്‍ക്ക് ചൈതന്യം കുറയുന്നുവെന്നും ദൈവവിളി കുറയുന്നുവെന്നും പരിതപിക്കുമ്പോഴും നാം ഈ സ്ത്രീ ജനങ്ങളുടെ മാതൃക അനുവര്‍ത്തിക്കാന്‍ മനസ്സാ കുന്നുണ്ടോ എന്നു പരിശോധിക്കണം.
വിശുദ്ധ യോഹന്നാന്‍ മൂന്ന് പ്രത്യക്ഷീകരണങ്ങളിലൂടെ ഉത്ഥാനസംഭവത്തെ വിവരിക്കുന്നു. മഗ്ദലേനമറിയത്തിന്, ശിഷ്യര്‍ക്ക്, തോമ്മായ്ക്ക് എന്നിങ്ങനെയാണ് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലെ പ്രത്യക്ഷീകരണങ്ങള്‍. യോഹ. 20:2 'അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസി ന്‍റെയും ഈശോ സ്നേഹിച്ചിരുന്ന ശിഷ്യന്‍റെയും അടുത്തെത്തി പറഞ്ഞു: 'കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്ന് മാറ്റിയിരിക്കുന്നു. എന്നാല്‍ അവര്‍ അവനെ എവിടെവച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല. യോഹ. 20:3,4. 'അവര്‍ ഇരുവരും ഓടി. എന്നാല്‍ മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി കല്ലറയുടെ അടുത്ത് ആദ്യമെത്തി. ഈശോയോടുള്ള സ്നേഹത്തിന്‍റെ ഓട്ടമാണ് ഇവിടെ നാം കാണുന്നത്. മഗ്ദലനയുടെ ഓട്ടം പത്രോസിന്‍റെയും യോഹന്നാന്‍റെയും ഓട്ടം. ഈശോയെ കൂടുതല്‍ സ്നേഹിച്ചവര്‍ കൂടുതല്‍ വേഗത്തില്‍ ഓടി. ഉത്ഥാനവാര്‍ത്തയുടെ സന്തോഷം ഈശോയെ സ്നേഹിച്ചവരെ കര്‍മ്മോന്മുഖരാക്കി.
ദൈവഹിതം അന്വേഷിക്കാനും നിറവേറ്റാനും ഉത്ഥിതനായ മിശിഹായെ കണ്ടുമുട്ടുന്നവര്‍ക്കാണ് സാധിക്കുന്നത്. സഭയില്‍ പരിശുദ്ധ കുര്‍ബാനയില്‍ മിശിഹായെ കാണാനും കേള്‍ക്കാനും അവന്‍റെ സാന്നിധ്യത്തിലായിരിക്കുവാനും അവസരം ഒരുക്ക പ്പെട്ടിട്ടുണ്ട് . പരിശുദ്ധ കുര്‍ബാനയില്‍ നിന്നും മിശിഹാനല്‍കുന്ന സന്തോഷമാണ് നമ്മെ ഓട്ട ത്തിന് പ്രേരിപ്പിക്കുന്നത്. നന്മ ചെയ്യുവാന്‍ വേണ്ടിയുള്ള ഓട്ടം. അത്യാവശ്യത്തില്‍ ആയിരിക്കുന്നവന്‍റെ അടുത്തേക്കുള്ള ഓട്ടം. ഈ ഓട്ടം നിലയ്ക്കുമ്പോള്‍ ലോക വ്യഗ്രതകളുടെ ഓട്ടത്തിന് കളമൊരുങ്ങും. ക്ഷണികവും ക്ഷയോന്മുഖവുമായ ഈ ലോക നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച്, വി. പൗലോസ് ശ്ലീഹ പറയും വിധം 'ഞാന്‍ നല്ല ഓട്ടം ഓടി ഞാന്‍ എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി' എന്ന് ആത്മസംതൃപ്തിയോടെ പറയുവാന്‍ സാധിക്കും. ഈ വര്‍ഷത്തെ ഉത്ഥാനതിരുനാള്‍ നല്ല ഓട്ടത്തിന് നമ്മെ പ്രേരിപ്പിക്കുന്നതാവണം.
വി. യോഹന്നാന്‍ വിവരിക്കുന്ന ഈശോയുടെ പ്രത്യക്ഷീകരണങ്ങള്‍ ഉത്ഥാനത്തിന്‍റെ വ്യതിരി ക്തത സൂചിപ്പിക്കുന്നതാണ്. ഈ ലോക ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഉത്ഥാനാനന്തര ജീവിതം എന്നാണ് പ്രത്യക്ഷീകരണങ്ങള്‍ നല്‍കുന്ന സാക്ഷ്യം. ഉത്ഥിതനെ കണ്ട പരിചിതര്‍ക്ക് തല്‍ക്ഷണം അവനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് ഇതിന്‍റെ സൂചനയാണ്. മഗ്ദലനമറിയം ഒരു തോട്ടക്കാരനായിട്ടാണ് ഈശോയെ കാണുന്നതെങ്കില്‍ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ ഒരു വഴിപോക്കനായിട്ടാണ് അവിടുത്തെ കാണുന്നത്. ഈശോ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു ഭൂതത്തെ ആണ് തങ്ങള്‍ കാണുന്നതെന്ന് അവര്‍ വിചാരിച്ചു. (ലൂക്ക 24: 36-37).
ഉത്ഥിതനെ കണ്ടു തോട്ടക്കാരന്‍ എന്ന് വിചാരിച്ച മഗ്ദലനയെ ഈശോ മറിയം എന്നു വിളിച്ചു, ഉടനെ അവള്‍ ഗ്രഹിച്ചു അത് ഈശോയാണെന്ന്. ഈശോയുടെ വിളിയാകുന്ന വചനമാണ് മഗ്ദലനക്ക് ഉത്ഥിതനെ തിരിച്ചറിയാന്‍ കാരണമായത്. എമ്മാവൂസ് യാത്രയ്ക്കിടയില്‍ ഈശോ വചനം വ്യാഖ്യാനിച്ചപ്പോള്‍ ശിഷ്യരുടെ ഹൃദയം ജ്വലിച്ചു കൊണ്ടിരുന്നു (ലൂക്ക 24:32). പിന്നീട് അവന്‍ അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം ആശീര്‍വദിച്ച് മുറിച്ച് അവര്‍ക്ക് നല്‍കിയപ്പോള്‍, അവര്‍ ഈശോയെ തിരിച്ചറിഞ്ഞു. വി. ലൂക്കാ സുവിശേഷകന്‍ പറയുന്നത് അപ്പോള്‍ അവരുടെ കണ്ണ് തുറക്കപ്പെട്ടു എന്നാണ്. പരിശുദ്ധ കുര്‍ബാന അനുഭവത്തില്‍ അവര്‍ ഉത്ഥിതനെ തിരി ച്ചറിഞ്ഞു. പരിശുദ്ധ കുര്‍ബാനയില്‍ രണ്ട് വലിയ ആത്മീയ അനുഭവങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഹൃദയം ജ്വലിക്കുന്നതും കണ്ണുകള്‍ തുറക്കപ്പെടുന്നതും. ഈ അനുഭവമാണ് ഉത്ഥാനത്തിലൂടെ മിശിഹാ നേടിത്തന്ന രക്ഷയില്‍ ഉള്‍ചേരാന്‍ നമ്മെ യോഗ്യരാക്കുന്നത്. ദൈവവചനം നമ്മുടെ ഹൃദയത്തെ ജ്വലിപ്പിക്കണം. ഈ ജ്വലനം നമുക്ക് സംഭവിച്ചില്ലെങ്കില്‍ ലോകത്തിന്‍റെ അഴുക്കുപുരണ്ട കാഴ്ചകള്‍ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കും.
നമ്മുടെ കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കും വചനത്തിന്‍റെ ഈ സമൃദ്ധി ലഭിക്കാതെ വരുന്ന താണ് ഇന്നത്തെ പ്രശ്നം. വചനം ലഭിക്കാത്ത കുഞ്ഞുങ്ങളുടെ രോദനം നിശബ്ദതയില്‍ നാം കേള്‍ക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ വചനത്താല്‍ പോഷിപ്പിക്കപ്പെടണം. അപ്പോഴാണ് അവര്‍ക്ക് തിന്മയെ ചെറുക്കാന്‍ കരുത്തു കിട്ടുന്നത്.
ഉത്ഥിതനായ മിശിഹാ ആദ്യമായി നല്‍കിയദര്‍ശനത്തില്‍ ശിഷ്യന്മാരോട് പറയുന്നത് 'നിങ്ങള്‍ക്കു സമാധാനം എന്നാണ്. ഉത്ഥിതന്‍ നമുക്ക് നല്‍കുന്നത് സമാധാനമാണ് ഉത്ഥിതനെ കണ്ടുമുട്ടുന്നവര്‍ എല്ലാം സമാധാനത്തിന്‍റെ സുവിശേഷത്തിന് ലോകത്തിന്‍റെ അതിര്‍ത്തിവരെ സാക്ഷ്യം വഹിച്ചു. ഇന്ന് സമാധാനത്തിന്‍റെ വെണ്മ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സഭയിലും എല്ലാം നേര്‍ത്തുപോയിരിക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം ലോകം മുഴുവന്‍ ആശങ്കയോടെ കാണുന്നു. വൈറസുകള്‍ അഴിച്ചുവിട്ട ആഘാതത്തില്‍ നിന്നും കരകയറുവാന്‍ ഇനിയും ഏറെക്കാലം വേണ്ടിയിരിക്കുന്നു. ഇവിടെയെല്ലാമാണ് ഉത്ഥിതന്‍ നല്‍കുന്ന സമാധാനത്തിന്‍റെ സന്ദേശം പ്രസക്തമാകുന്നത്. മിശിഹാ നമുക്കായി ഒരുക്കിയിരിക്കുന്ന സ്നേഹ സാമ്രാജ്യത്തിന്‍റെ തണലില്‍ ആയിരുന്നുകൊണ്ട് മാത്രമേ സമാധാനത്തിന്‍റെ പ്രകാശം ചൊരിയുവാനാകൂ. ഉത്ഥിതന്‍ നല്‍കുന്ന സ്നേഹം തന്നെയായ സമാധാനം നമുക്കു പങ്കുവയ്ക്കാം.