തലക്കെട്ടു കാണുമ്പോള്‍ സ്പെല്ലിംഗ് മിസ്റ്റേക്കാണെന്നു തോന്നാം. ഒരു കണക്കിനു സ്പെല്ലിംഗ് മിസ്റ്റേക്കുതന്നെയാ. ജീവിതത്തിലെ സ്പെല്ലിംഗ് മിസ്റ്റേക്.
ഒരു കാലഘട്ടത്തില്‍ സഭയിലും സമൂഹത്തിലും തിളങ്ങിനിന്നിരുന്ന പലരും വലിയ പതനങ്ങളിലായിപ്പോകുന്നതിനെപ്പറ്റി പറഞ്ഞുവന്നപ്പോള്‍ അലോപ്പതിയും, ആയുര്‍വേദവും, നാച്ചറോപ്പതിയുമൊക്കെ മാറി മാറിച്ചെയ്തിട്ടും രോഗം മാറാത്ത ഒരു സഹോദരനെപ്പറ്റി ഒരു സന്ന്യാസി കുറെനാള്‍ മുമ്പു പറയാനിടയായി. ഇപ്പോള്‍ ആള്‍ക്ക് വയസ് എഴുപതു കഴിഞ്ഞു. ആയകാലത്ത് ഒരു ഒറ്റയാള്‍ പട്ടാളം തന്നെയായിരുന്നു. പല പ്രസ്ഥാനങ്ങളുടെയും തലപ്പത്തും പല സ്ഥാപനങ്ങളുടെയും സാരഥിയുമായിരുന്നു. റിട്ടയര്‍ ചെയ്തു കഴിഞ്ഞാണു പ്രശ്നങ്ങള്‍ മൂര്‍ഛിച്ചത്. ഒരുകാലത്ത് വീട്ടുകാരും ബന്ധുക്കളുമൊക്കെ യാത്രപോകുന്നതു മുതല്‍ ആശുപത്രീല്‍ പോകുന്നതുവരെ അദ്ദേഹത്തോടു ചോദിച്ചിട്ടായിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിലും കുടുംബത്തിലും ഒരു കസേര മാറ്റിയിടുന്നതുപോലും അദ്ദേഹത്തോടു ചോദിച്ചിട്ടായിരുന്നു എന്ന് അങ്ങേരു തന്നെ പറയാറുണ്ടായിരുന്നുപോലും! ഇപ്പോള്‍ അതെല്ലാം പോയി. എല്ലാവരും ഉപേക്ഷിച്ചമട്ടാണ്. ബന്ധുക്കളൊക്കെ വല്ലപ്പോഴും വന്നുപോകും. യാതൊരു കാര്യങ്ങളും അദ്ദേഹത്തോടൊട്ട് ആലോചിക്കാറുമില്ല, അടിയന്തിരങ്ങള്‍ക്കൊക്കെ കൂട്ടിക്കൊണ്ടുപോകുമെങ്കിലും അതിന്‍റെ തീയതിയും നടത്തിപ്പുമൊക്കെ അവരുതന്നെയാണു തീരുമാനിക്കുന്നത്. അങ്ങേരു ചെന്നില്ലെങ്കിലും അവരു മറ്റാരെയെങ്കിലും വിളിച്ച് എല്ലാം നടത്തുകേം ചെയ്യും.
ഒരു ചികിത്സാ കേന്ദ്രത്തില്‍ എനിക്ക് കുറെ ദിവസങ്ങള്‍ കഴിയേണ്ടി വന്നപ്പോള്‍ അവിടെ പതിവു സന്ദര്‍ശകനാണെന്നു പരിചയപ്പെടുത്തി ഒരു മെല്ലിച്ച വൃദ്ധസന്ന്യാസി കാണാന്‍ വന്നപ്പോള്‍ സമയമിഷ്ടം പോലെയുണ്ടായിരുന്നതുകൊണ്ട് നേരംപോക്കിനു വര്‍ത്തമാനം തുടങ്ങി. പലവിഷയങ്ങളിലൂടെയും തെന്നിനീങ്ങി ചെന്നുനിന്നത് അദ്ദേഹത്തിന്‍റെ സ്വകാര്യതാവളങ്ങളില്‍. ആയിരുന്ന പദവികളെയും, ചെയ്ത വന്‍കാര്യങ്ങളെയും അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ എന്തോ ഒരു മുന്‍പരിചയംപോലെ. ഓര്‍മ്മയില്‍തപ്പി നോക്കി. നാളുകള്‍ക്കു മുമ്പ് ആ സന്ന്യാസിയില്‍ നിന്ന് കേട്ടതിന് ഇതുമായിട്ടു നല്ലസാമ്യം. അല്പം കൂടി തുടര്‍ന്നപ്പോള്‍ വ്യക്തമായി അന്ന് ആ സഹോദരന്‍ പറഞ്ഞ ആളിതു തന്നെ.
നന്ദിയില്ലാത്ത വീട്ടുകാരെപ്പറ്റി, അവരിലൊരുപാടുപേര്‍ക്കു ജോലി വാങ്ങിക്കൊടുത്തതിനെപ്പറ്റി, അവരിലൊത്തിരിപ്പേരുടെ കുടുംബകാര്യങ്ങളില്‍ തുണയായിരുന്നതിനെപ്പറ്റി, ഇപ്പോള്‍ എല്ലാവരും മിടുക്കരായപ്പോള്‍ ഇദ്ദേഹം പറയുന്നവ ചെയ്യാതെയായി. കാര്യങ്ങള്‍ ചോദിക്കാതെയായി. പറയുന്നതു കുറ്റമായി. എന്തായാലും ഇന്നദ്ദേഹം ജീവിക്കുന്ന ആശ്രമത്തെപ്പറ്റി കാര്യമായ പരാതിയൊന്നും പറഞ്ഞില്ല. അത്രയുമെത്തിയപ്പോഴേയ്ക്കും ഏതാണ്ട് അങ്ങേരുടെയൊപ്പം പ്രായം തോന്നിക്കുന്ന ഒരു ചേട്ടന്‍ വന്ന് ഡോക്ടറു വിളിക്കുന്നു എന്നറിയിച്ചു. രണ്ടുപേരും പിരിഞ്ഞു. അല്പം കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോയയാള്‍ തിരിച്ചുവന്നു.
"അച്ചനോട് സംസാരിച്ചുകൊണ്ടിരുന്നത് എന്‍റെ ചേട്ടനാണ്. ഞങ്ങടെ കാര്യമൊക്കെപ്പറഞ്ഞു കാണും" മുഖവുരയില്ലാതെ സംസാരം തുടങ്ങി.
"ഓ അങ്ങിനെയൊന്നുമില്ല" ഞാനൊഴിഞ്ഞു മാറാന്‍ നോക്കി.
"എന്നാ പറയാനാ അച്ചാ, മൂത്തചേട്ടനായിരുന്നതുകൊണ്ടു അപ്പനുണ്ടായിരുന്ന കാലത്തുപോലും ഈ അച്ചനോട് ചോദിച്ചിട്ടാ എല്ലാകാര്യങ്ങളും ചെയ്തിരുന്നത്. നല്ല തകൃതിയുള്ള പ്രകൃതമായിരുന്നതുകൊണ്ട് എല്ലായിടത്തും ഇടപെടുമായിരുന്നു. ഏതു കാര്യത്തിനും തീരുമാനവും ഉണ്ടാക്കുമായിരുന്നു. കാലം മാറിയില്ലെ അച്ചാ, ഞങ്ങള്‍ക്കൊക്കെ മക്കളായി, അവരുടെ പെണ്ണുങ്ങളായി, അവര്‍ക്കു മക്കളായി. പണ്ടത്തെപ്പോലെ വല്ലോം നടക്കുമോ. ആശ്രമം പോലെയാണോ അച്ചാ വീട്. ആശ്രമത്തില്‍ കല്പിച്ചാല്‍ മതി. കാര്യം നടക്കും. അച്ചാ സത്യം പറഞ്ഞാല്‍ ഇന്ന് മക്കളോട് എന്തെങ്കിലും പറയുന്നതുപോലും പേടിച്ചാ. അവരുടെ മക്കളുടെ കാര്യം പിന്നെപ്പറയണോ? ഇന്നു കാലം മാറിപ്പോയി." വല്ലാത്തൊരു നെടുവീര്‍പ്പ്.
ഒരുമറുപടിയും മുഖഭാവം കൊണ്ടുപോലും കാണിക്കാതെ ഞാനുമിരുന്നു. മടിച്ചു മടിച്ചങ്ങേരു തുടര്‍ന്നു:
"എനിക്കു മനസ്സിലായ ഒരു കാര്യം പറയട്ടേയച്ചാ, അച്ചന്മാരും കന്യാസ്ത്രീമാരും വീട്ടുകാര്യത്തിലിടപെടണ്ടാ. പ്രത്യേകിച്ചും ആശ്രമ അച്ചന്മാര്. വീട്ടില്‍ പോയി ഒത്തിരി താമസിക്കുകേം വേണ്ട. വീട്ടില്‍ ചെന്നാല്‍ സ്ഥാനം കൊണ്ട് എല്ലാരും മാനിക്കും. ആ സ്ഥാനംവച്ച് അവരു പറയുന്നതുപോലെ പലതും ഇഷ്ടമല്ലെങ്കിലും വീട്ടുകാര്‍ക്കു ചെയ്യേണ്ടിവരും. അച്ചനും കന്യാസ്ത്രീമോര്‍ക്കും അതവരുടെ കഴിവുകൊണ്ടാണെന്ന്. അവരങ്ങനെ കൂടുതല്‍ അധികാരം കാണിച്ചുതുടങ്ങും. ചിലരെങ്കിലും ചില കാര്യസാധ്യങ്ങള്‍ക്കുവേണ്ടി അച്ചനെ കൂടുതല്‍ താങ്ങി നിന്നെന്നുംവരാം. അതിന്‍റെ പേരില്‍ ചിലര്‍ക്കുള്ളില്‍ അമര്‍ഷവും കാണും. അങ്ങിനെ ചിലപ്പോള്‍ സാമ്പത്തികമായി ഇടപെടേണ്ടിയും വരും. അതിന്‍റെ പേരിലും കിട്ടിയതിനും, കിട്ടാത്തതിനും, കിട്ടിയതു പോരാഞ്ഞതിനും പലര്‍ക്കും മുറുമുറുപ്പാകും, കിട്ടാനില്ലാതാകുമ്പം ആവലാതിയാകും. അത്രയെത്തുമ്പോഴേയ്ക്കും അച്ചനൊരു 'അലവലാതി'യാകും. എന്‍റെ ചേട്ടനിപ്പമങ്ങിനൊരലവലാതിയാ. ഞാന്‍ കളിയാക്കിപ്പറഞ്ഞതല്ല വീട്ടുകാരൊക്കെ അങ്ങേരെപ്പറയുന്നതാ 'അലവലാതി' ന്ന്. എല്ലാത്തിലും തലയിടുന്നതിന്. എത്ര വലിയ മനുഷ്യനായിരുന്നു... ഇന്നിപ്പം അലവലാതിയായി."
തലക്കെട്ടു കാണുമ്പോള്‍ സ്പെല്ലിംഗ് മിസ്റ്റേക്കാണെന്നു തോന്നാം. ഒരു കണക്കിനു സ്പെല്ലിംഗ് മിസ്റ്റേക്കുതന്നെയാ. ജീവിതത്തിലെ സ്പെല്ലിംഗ് മിസ്റ്റേക്. പള്ളിക്കൂടത്തില്‍ പഠിക്കാഞ്ഞിട്ടല്ല. തമ്പുരാന്‍റെ കളരിയിലെ അക്ഷരമാല വശമാക്കാത്തതുകൊണ്ട്. സ്വന്തം ജീവിതത്തില്‍ തമ്പുരാന്‍ തന്ന തട്ടകം തിരിച്ചറിയണം. എങ്കില്‍ അതിന്‍റെ അതിരുകളെപ്പറ്റിത്തിട്ടമുണ്ടാകും. ആ തട്ടകത്തിനകത്തുള്ള പയറ്റുമതി. അതിരു തെറ്റിയാല്‍ അലവലാതി!