ഈരാറ്റുപേട്ടയ്ക്കുള്ള വണ്ടി
യാത്രികര്‍ കുത്തിച്ചാരി നില്‍ക്കവേ
കേട്ടേന്‍:
"മൂന്നാണി"
ഒരു വിളി...
ഇതരസംസ്ഥാനത്തൊഴിലാളി,
ഇല്ല സംശയം,
ചൊന്നയാള്‍ പണംനീട്ടി തെല്ലുറക്കെ:
"മൂന്നാണി"
ചെത്തിമറ്റമെത്താറായ്
ആളുകള്‍ക്കിടയിലൂടെത്തി കണ്ടക്ടര്‍
വണ്ടി മൂന്നാനിയടുക്കുമ്പോള്‍.
ടിക്കറ്റുകൊടുക്കവേ
രസികന്‍ ചിരിച്ചോതി:
"എത്തി "മൂന്നാണി"
ഇതാ, വെക്കമിങ്ങിറങ്ങിക്കോ."
ഇതരസംസ്ഥാനക്കാരനിറങ്ങി മൂന്നാനിയില്‍
എന്നാലും,
യത്രക്കാരാം ചിലര്‍ തന്‍ ചിത്തങ്ങളില്‍
താനറിയാതെ ചൊന്നൊരറ്റവാക്കിനാല്‍
അയാള്‍
കോറിയിട്ടിറങ്ങിപ്പോയ്
ഓര്‍മ്മച്ചിത്രങ്ങളേറെ.
വിശുദ്ധഗ്രന്ഥത്തിന്‍റെയേടുകള്‍ മറിയുന്നു,
ചരിത്രസത്യങ്ങള്‍
ഉള്‍ക്കണ്‍മുന്നില്‍ത്തെളിയുന്നു:
ദൂരെ കാല്‍വരിമല,
കുരിശില്‍ പിടയുന്നു
മൂന്നാണികളില്‍
ദൈവപുത്രന്‍റെ തിരുമേനി...
എത്രയോ യാദൃച്ഛികസംഭവമിത്,
എന്നാലും,
രക്ഷകാ,
നിന്നെക്കുറിച്ചോര്‍ക്കുവാന്‍ നിമിത്തമായ്...
*പാലാ - ഈരാറ്റുപേട്ട റൂട്ടില്‍ പാലായ്ക്കടുത്തുള്ള സ്ഥലങ്ങളാണ് ചെത്തിമറ്റവും മൂന്നാനിയും