അക്ഷമയുടെ തള്ളവിരല്‍
നിലത്തുരച്ചുരച്ച്
പുലര്‍ച്ചയ്ക്ക്
ഏഴുമണിക്ക് വരാമെന്നു പറഞ്ഞവനെ
കാണുന്നതേയില്ല.
സമയം 7.30
..... 8.30
..... 11.30
...... 2.30
നിന്നു നിന്ന്
ഉടല്‍ ജലവാഹിനിയാകുന്നു
കാലിനു ചുവട്ടിലെ മണ്ണ്
ജലമാകുന്നു
ചുറ്റിലും
വായുവിന്‍റെ മലിനമായ കരയില്‍ക്കിടന്ന്
ശ്വാസംമുട്ടിപ്പിടയുകയാണ്
മനുഷ്യമത്സ്യങ്ങളുടെ ചാകര...
മണ്ണിനുള്ളിലേയ്ക്കൂളിയിട്ട് പോകുവാന്‍ വെമ്പുന്നു
പിടച്ചിലൊടുങ്ങാറായ
വെള്ളിപ്പരലുകള്‍
കാത്തുനില്‍ക്കുകയാണവള്‍
വൈകുന്നേരവും
വരാമെന്നു പറഞ്ഞവനെ
ഇത്രനേരമായിട്ടും
കാണുന്നതേയില്ല
സമയം 6.30
.... 7. 30
.... 8.30
ഒടുവില്‍
ഒന്‍പതരയ്ക്കു വന്നുകൂട്ടിക്കൊണ്ടുപോയി
ഒരോട്ടോറിക്ഷയില്‍
ഒരു മണിക്കൂര്‍ കഴിഞ്ഞ്
രണ്ട് പെറോട്ടയും ഒരൗണ്‍സ് വോഡ്കയും
നൂറ് രൂപയും കൊടുത്ത്
കേറ്റിയേടത്തുതന്നെ
എറക്കിയും വിട്ടു
അവള്‍ ഉപകാരസ്മരണയില്‍ മതിമറന്ന്
ഒരു മെഴുകുതിരിയായി
ആ പാതിരാനേരത്ത് നിന്നു കത്തി:
ദൈവമേ
ഇന്നത്തേയ്ക്ക് രക്ഷപെട്ടു
എന്നെന്നുമിങ്ങനെ
നീ തന്നെ രക്ഷിക്കണേ