news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫ്രാന്‍സിസ്കന്‍ നിയമാവലിയായ 'റെഗുല നോണ്‍ ബുള്ളാത്തയിലെ' (Reguala Non bullata 1221-RegNB) പതിനാറാം അധ്യായവും, അതിന്‍റെ  രചനാകാലഘട്ടവും,  ഫ്രാന്‍സിസ് അഞ്ചാം കുരിശു യുദ്ധത്തിനിടയില്‍ ഈജിപ്ത് സന്ദര്‍ശിച്ചതിനും, സുല്‍ത്താനൊപ്പം ഡാമിയേറ്റയില്‍ സഹവസി ച്ചതിനും ശേഷമാണെന്ന് നാം കണ്ടു.  ഈ അധ്യായത്തില്‍ 'സാരസന്‍സിന്‍റെയും മറ്റു മതസ്ഥരുടെയും ഇടയിലേക്ക് പോകുന്നവര്‍' എങ്ങനെ ജീവിക്കണം എന്ന് സുവിശേഷത്തിന്‍റെ അടിസ്ഥാനത്തിലും, തീര്‍ത്തും സുവിശേഷ വചനങ്ങളുടെ ഉദ്ധരണിക ളിലൂടെയും ഫ്രാന്‍സിസ് പ്രതിപാദിക്കുന്നതും നാം കണ്ടു കഴിഞ്ഞു. ഈ അധ്യായത്തില്‍, മറ്റു മതസ്ഥരുടെ, പ്രത്യേകിച്ച് സാരസന്മാരുടെ 'ഇടയില്‍,' സഹോദരന്മാര്‍ക്കു തങ്ങളുടെ സുവിശേഷാനുസൃത ജീവിതം രണ്ടു രീതിയില്‍ നയിക്കാമെന്നു ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു. ഒന്നാമത്തെ രീതി ഇങ്ങനെയാണ്: 'തര്‍ക്കങ്ങളിലോ വാദപ്രതിവാദങ്ങളിലോ (arguments and disputes) വ്യാപൃതരാകരുത്, എന്നാല്‍ ദൈവത്തെ പ്രതി എല്ലാ മനുഷ്യര്‍ക്കും കീഴ്പ്പെടുകയും  (1 Peter  2 :13) (to be subject to every  human creature  for  God's  sake), എന്നിട്ടു തങ്ങള്‍ ക്രിസ്ത്യാനികള്‍ ആണെന്ന് ഏറ്റുപറയുകയും ചെയ്യുക.' (RegNB.16 6) ഇത് തികച്ചും കുരിശു യുദ്ധത്തിന്‍റെ രീതികളില്‍ നിന്നും വിഭിന്നമാണ്. കാരണം കുരിശുയുദ്ധം സാരസന്മാര്‍ക്കെതിരെ ആയിരുന്നെങ്കില്‍ ഫ്രാന്‍സിസും ശിഷ്യന്മാരും അവരുടെ ഇടയിലേക്കാണ് പോയത്, അവരുടെ 'ആയുധം' ക്രിസ്തുവിന്‍റെ സുവിശേഷവും, 'യുദ്ധ തന്ത്രമോ,' കീഴ്പ്പെടുത്തുക എന്നതല്ല, മറിച്ചു കീഴ്പ്പെടലും.

തര്‍ക്കങ്ങളിലോ വാദപ്രതിവാദങ്ങളിലോ വ്യാപൃതരാകരുത്.

ഈ മിഷനറി അധ്യായം ആരംഭിക്കുന്നത്, വിശുദ്ധ മത്തായിയുടെ സുവിശേഷപ്രകാരം, യേശു തന്‍റെ ശിഷ്യന്മാരെ അയയ്ക്കുന്ന വാക്യങ്ങളില്‍ നിന്നുമാണ്. 'കര്‍ത്താവ് അരുള്‍ ചെയ്യുന്നു: കണ്ടാലും, ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയ യ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍.' (മത്തായി 10 :16). എന്തുകൊണ്ട് ഫ്രാന്‍സിസ്, വിശുദ്ധ  മത്തായിയുടെ തന്നെ സുവി ശേഷത്തിലെ ഇരുപത്തിയെട്ടാം അധ്യായം പത്തൊ ന്‍പതാം വാക്യം ഇതിനായി തിരഞ്ഞെടുത്തില്ല എന്ന് Hoeberichts നിരീക്ഷിക്കുന്നുണ്ട്. ആ വാക്യം ഇങ്ങനെയാണ്: 'ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍...'  (Mt. 28,19.) Hoeberichts അഭിപ്രായത്തില്‍ ഫ്രാന്‍സിസും സഹോദരന്മാരും പ്രസ്തുത വാക്യം തിരഞ്ഞെടുത്തത് അവരുടെ തന്നെ അനുഭവത്തില്‍ നിന്നാണ്. അദ്ദേഹം ഇങ്ങനെ കുറിച്ചു: 'സഹോദരന്മാര്‍, തങ്ങള്‍ സാരസന്മാരുടെ ഇടയില്‍ സേവകരാണെന്നുള്ള (servants) ബോധ്യത്തിലുള്ള സമാധാന സാന്നിധ്യത്തിനാണു ഫ്രാന്‍സിസ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. "Hoeberichts' -ന്‍റെ നിരീക്ഷണത്തില്‍ 'പ്രസംഗിക്കുക എന്നത് പിന്നണിയിലേക്കു പിന്‍വലിഞ്ഞു.' കാരണം, ഫ്രാന്‍സിസ് 'തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും' നിരുത്സാഹപ്പെടുത്തി എന്ന് മാത്രമല്ല, 'പ്രസംഗിക്കുക' എന്ന കാര്യത്തെ  പ്രോത്സാഹിപ്പിച്ചത്, സഹോദരന്മാര്‍ അത് 'ദൈവത്തിനു പ്രീതികരമാണെന്നു' കാണുമ്പോള്‍ മാത്രമായിരിക്കണമെന്നും നിര്‍ദേശിച്ചു (RegNB.16  6,7).

'പ്രസംഗിക്കുകയും, പിശാചിനെ ബഹിഷ്കരിക്കുകയും ചെയ്യുക' എന്നതിന് ഊന്നല്‍ കൊടു ക്കുന്ന മിഷനറി പ്രഭാഷണ ഭാഗമല്ല പതിനാറാം  അധ്യായത്തിനു  യോജിച്ച മുഖവുര എന്ന് ഫ്രാന്‍സിസ് മനസിലാക്കി. Hoeberichtsഇങ്ങനെ നിരീക്ഷിച്ചു: 'കുരിശുയുദ്ധത്തിനു വേണ്ടിയുള്ള സംഘടിതമായ ആശയ പ്രചാരണത്തിന്‍റെ സ്വാധീനത്തില്‍, സാരസെന്‍സ് 'ചെന്നായ്ക്കള്‍' ആണെന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു, തികച്ചും അടിസ്ഥാനപരമായി തെറ്റായ ഒരു പ്രതിച്ഛായ. ഫ്രാന്‍സിസും  സഹോദരന്മാരും  അത് കണ്ടെത്തുന്നത്  സുല്‍ത്താന്‍ മാലിക് അല്‍ കമീലുമായുള്ള കണ്ടുമുട്ടലിലും. കീഴ്പ്പെടലിന്‍റെയും സേവനത്തിന്‍റെയും അരൂപിയില്‍ സാരസന്മാരുടെ അടുത്തേക്ക് 'ചെമ്മരിയാടുകളെപ്പോലെ' പോയ സഹോദരന്മാര്‍ വ്യക്തിപരമായി അനുഭവിച്ചത്, ഈ 'ചെന്നായ്ക്കള്‍' തങ്ങളുടെ വഴിയില്‍ വരുന്ന എല്ലാത്തിനെയും വിഴുങ്ങുന്ന ക്രൂരമൃഗങ്ങളല്ല എന്ന് മാത്രമല്ല; വിശേഷാല്‍, ചെമ്മരിയാടുകള്‍ക്കും ചെന്നായ്ക്കള്‍ക്കും സത്യത്തില്‍ സമാധാനത്തില്‍ ഒരുമിച്ചു പാര്‍ക്കാം എന്നതുമാണ്. അങ്ങനെ നഷ്ടപ്പെട്ട പറുദീസാ വീണ്ടെടുക്കപ്പെട്ടു. ഏശയ്യാ പ്രവാചകന്‍റെ ദൈവരാ ജ്യത്തെക്കുറിച്ചുള്ള  യുഗാന്ത്യ വെളിപാട് ആഗത മാവുകയും ചെയ്തു: 'ചെന്നായ് കുഞ്ഞാടിനൊപ്പം' (ഏശയ്യാ: 11, 6). അങ്ങനെ മിഷനറി ദൗത്യത്തെക്കുറിച്ചുള്ള ഈ സുവിശേഷ ഭാഗത്തിന് തികച്ചും മൗലികമായ മറ്റൊരര്‍ത്ഥം കൈവരുകയും ചെയ്തു.'

സഹോദരന്മാര്‍ തര്‍ക്കങ്ങളിലോ വാദപ്രതിവാദങ്ങളിലോ വ്യാപൃതരാകാതെ എല്ലാ മനുഷ്യര്‍ക്കും കീഴ്പ്പെട്ടു ആത്മീയമായി സാരസന്മാരുടെ ഇടയില്‍ ജീവിക്കുകയും  എന്നാല്‍ തങ്ങള്‍ ക്രിസ്ത്യാനികള്‍ ആണെന്ന് ഏറ്റുപറയുകയും ചെയ്യുന്ന ഈ  ഒന്നാമത്തെ രീതിയെക്കുറിച്ചു C.H. Lawrence എന്ന മധ്യകാലഘട്ട ചിത്രകാരന്‍റെ  (The Friars: The  Impact  of the  Early  Mendicant  Movement  on  Western  Society'  എന്ന പുസ്തകത്തിന്‍റെ രചയിതാവാണ്) കാഴ്ചപ്പാടില്‍, 'ആത്മജ്ഞാ നിയും, എന്നാല്‍ ലളിതമായ ദൈവഭക്തിയുമുള്ള ഫ്രാന്‍സിസ് ഈ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്, സഹോദരന്മാര്‍ മറ്റുള്ളവരെ ക്രിസ്തുശിഷ്യത്തി ലേക്കു തങ്ങളുടെ ജീവിത മാതൃക കൊണ്ടാണ് മനസാന്തരപ്പെടുത്തേണ്ടത്, അല്ലാതെ തര്‍ക്കശാ സ്ത്രത്തിലൂടെയോ,  പണ്ഡിതോചിതമായ സംവാദത്തിലൂടെയോ അല്ല എന്നാണ്.' മതപരിവര്‍ത്തനം മുന്നില്‍ കണ്ടുകൊണ്ടുള്ള  വേറിട്ട ഒരു സമീപനമായിട്ടാണ് ഈ ചരിത്രകാരന്‍ ഫ്രാന്‍സിസിന്‍റെ ഇങ്ങനെ 'ആത്മീയമായി ആയിരിക്കുക' എന്ന രീതിയെ മനസിലാക്കുന്നത് എന്ന് തോന്നുന്നു. അപ്പോളജെറ്റിക്കായ (apologetic) ഒരു സമീപനം ആയിരുന്നില്ല ഫ്രാന്‍സിസിന്‍റേത് എന്ന് Hoeberichts വ്യക്തമാക്കുന്നുണ്ട്. Michael Cusato  എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍ ഇതിനെpositive ആയ ഒരു "counter strategy' ആയി വിലയിരു ത്തുന്നുണ്ട് (എന്നാല്‍ ഇത് മതപരിവര്‍ത്തന ത്തിനുള്ള  ഒരു ഉപായം എന്ന രീതിയിലല്ല, മറിച്ച് ഒരു ഫ്രാന്‍സിസ്കന്‍ രീതി അഥവാ സമീപനം എന്ന നിലയിലാണ്). Hoeberichts നെ സംബന്ധി ച്ചിടത്തോളം തര്‍ക്കങ്ങളോ  വാദപ്രതിവാദങ്ങളോ ഒഴിവാക്കുന്നത് സഹോദരന്മാര്‍ക്ക് കൂടുതല്‍ വിജയം ലഭിക്കാനുള്ള ഒരു ഉപായം (strategy) അല്ല. മറിച്ച്, അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത് ഫ്രാന്‍സിസ് ഈ രീതി സ്വീകരിച്ചതിനു പിന്നില്‍  ദൈവശാസ്ത്രപരമായ ഒരു കാരണം ഉണ്ട് എന്നുള്ളതാണ്. ആ കാരണം എന്നത് ദൈവത്തിന്‍റെ എളിമയെ കുറിച്ചുള്ള ഫ്രാന്‍സിസിന്‍റെ തന്നെ വ്യക്തിപരമായ അനുഭവമാണ്. ഫ്രാന്‍സിസിന്‍റെ എളിയ ജീവിതമാതൃകയും, ദൈവത്തിന്‍റെ എളിമയെക്കുറിച്ചുള്ള (താഴ്മ) അദ്ദേഹത്തിന്‍റെ എഴുത്തുകളും ധാരാളമായി ഇതിനു തെളിവുകളാണ്. ഒന്ന് രണ്ടെണ്ണം മാത്രം ഇവിടെ സൂചിപ്പിക്കാം. തന്‍റെ മുഴുവന്‍ സഹോദര  സംഘത്തിനുമുള്ള എഴുത്തിലെ (Letter to the Entire Order,  1225 þ -1226), ഇരുപത്തിയെട്ടാം വാക്യം ഇങ്ങനെയാണ്: 'കണ്ടാലും, സഹോദരന്മാരെ, ദൈവത്തിന്‍റെ എളിമയെ; നിങ്ങളുടെ ഹൃദയങ്ങളെ അവിടുത്തെ മുമ്പിലേക്ക് കൊടുക്കുക (Ps. 61,9) നിങ്ങളെത്തന്നെ എളിമപ്പെടുത്തുവിന്‍, അത്ര തന്നെ അവിടുന്ന് നിങ്ങളെ ഉയര്‍ത്തട്ടെ. 'ഫ്രാന്‍സിസ് ദൈവത്തെ അഭിസംബോധന ചെയ്യുന്നത് തന്നെയും' നീ എളിമയാണ്' (You are humility) എന്നാണ് (in Parchament given to Brother Leo, 1224, September). The  Salutation  of  the  Virtues (രചനകാലം അജ്ഞാതമാണ്) എന്ന രചനയില്‍ 'വിശുദ്ധമായ എളിമ അഹങ്കാരത്തെ തകര്‍ക്കും' എന്നും  രേഖപ്പെടുത്തിയിട്ടുണ്ട്.

തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഈ എളിയ ഫ്രാന്‍സിസ്കന്‍ സാഹോദര്യ സംഘത്തിന്‍റെ ജീവിതരീതിയുമായി ഒട്ടും ചേര്‍ന്ന് പോകുന്നതായിരുന്നില്ല, കാരണം അങ്ങനെ ഒരു രീതി ഉയിര്‍കൊള്ളുന്നതുതന്നെ ഏതെങ്കിലും വിധത്തിലുള്ള 'അധീശത്വത്തിന്‍റെ മനോഭാവത്തില്‍' (feeling  of  superiority) നിന്നുമാണെന്നു Hoeberichts നിരീക്ഷിക്കുന്നുണ്ട്. ഫ്രാന്‍സിസിനെയും ആദ്യ കാല ശിഷ്യന്മാരെയും കണ്ടാല്‍തന്നെ മനസിലാകുന്ന കാര്യമാണത്. ആ സംഘത്തിന്‍റെ പേര് തന്നെയും 'എളിയ (minor) ഫ്രാന്‍സിസ്കന്‍ സാഹോദര്യ സംഘം' എന്നാണ്. ഒരു തരത്തിലുള്ള സുപ്പീരിയോരിറ്റിയുടെ മനോഭാവങ്ങളും ഈ സംഘത്തിനില്ലായിരുന്നു.  Hoeberichts ന്‍റെ പ്രവചനപരമായ നിരീക്ഷണം ഇങ്ങനെയാണ്: 'സത്യത്തെ അധികാരം കൊണ്ടോ അധീശത്വം കൊണ്ടോ പുതച്ചാല്‍, അത് പിന്നീട് അങ്ങനെയയല്ലാതാവുകയും,  മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനാവാത്ത വിധം  മാറുകയും ചെയ്യും. അങ്ങനെ ഇത് മനു ഷ്യരെ ഒരുമിപ്പിക്കാനായി ദാനമായി ലഭിച്ച ഒരു സമ്മാനം അല്ലാതായിത്തീരും. ഇത് ഒരു അധികാര ഉടമസ്ഥതയിലേക്കു ചുരുങ്ങുകയും, മറ്റുള്ളവരെ 'അവിശ്വാസി' (Heretic) എന്ന് പറഞ്ഞു വിധിക്കാനും ബഹിഷ്കരിക്കാനുമുള്ള അവസ്ഥയിലേക്ക് അധപ്പതിക്കുകയും ചെയ്യും... അങ്ങനെ ക്രിസ്തു മതം, സ്നേഹം തന്നെ ആയ ദൈവത്തിന്‍റെ നാമത്തില്‍ യുദ്ധം ചെയ്യുന്നു; ക്രിസ്ത്യാനികളാകട്ടെ, ഫ്രാന്‍സിസ്, 'താഴ്മ' എന്ന് പേരിട്ടു വിളിച്ച ദൈവത്തിന്‍റെ നാമത്തില്‍ തങ്ങള്‍ മറ്റുള്ളവരെക്കാളും വലിയവരാണെന്നുള്ള ഭാവവും നടിക്കുന്നു. തര്‍ക്കത്തിലൂടെയും വാദപ്രതിവാദത്തിലൂടെയും ഉള്ള സത്യത്തിന്‍റെ സ്വാധീനപ്പെടുത്തല്‍ (appropriation), സത്യത്തിന്‍റെയും, ദൈവത്തിന്‍റെയും  ശോഭ കുറയ്ക്കും... താഴ്മ തന്നെയായ ദൈവത്തിലുള്ള സഹോദരന്മാരുടെ വിശ്വാസം മുഖേന, അവരുടെ എളിയ ജീവിതം വഴിയായി, വിധേയന്‍ subject: ഇന്നും ഫ്രാന്‍സിസ്കന്‍ സഹോദരങ്ങള്‍ തങ്ങളെ തന്നെsubjects എന്നാണ് വിളിക്കുന്നത്.) എന്ന വിധത്തില്‍, അധികാരമോ സ്വത്തുവകകളോ ഇല്ലാതെയുള്ള ഒരു അന്തരീക്ഷം അവര്‍ സൃഷ്ടിക്കണം, അങ്ങനെ അവിടെ ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള സത്യം സാരസെന്‍സിനുള്ള രക്ഷയും സമാധാനവുമായി പ്രസരിക്കുകയും ചെയ്യും. Cusato, ഫ്രാന്‍സിസിന്‍റെ ഈ പ്രഥമ രീതിക്കു കൊടുക്കുന്ന പേര് മാതൃകയുടെ മാര്‍ഗം (way of exemplarity) എന്നാണ്. ഇങ്ങനെ 'കീഴ്പ്പെട്ടു' ജീവിക്കാനുളള പ്രേരണയും കാരണവും 'യേശുക്രിസ്തുവിന്‍റെ ജീവിതവും മൂല്യങ്ങളുമാണ്.' സഹോദരന്മാര്‍ ഈവിധം ജീവിക്കുന്നതിനുള്ള കാരണം അവര്‍ 'ക്രിസ്ത്യാനികള്‍' ആണ് എന്നതും.

ഇത് തികച്ചും ഫ്രാന്‍സിസ്കന്‍ ആത്മീയത യാണ്, യഥാര്‍ത്ഥ minority ആണത്. കുരിശുയുദ്ധ ത്തിനു വിപരീതമായി സാരസന്മാരുടെ ഇടയില്‍ ജീവിക്കുക എന്നതുതന്നെ ഉള്‍ക്കൊള്ളാനാവാത്തതായിരിക്കെ, അവര്‍ക്കു കീഴ്പ്പെട്ടും സേവകരുമായി ജീവിക്കുക, അങ്ങനെ ഞങ്ങള്‍ ക്രിസ്ത്യാനികളാണെന്നു ഏറ്റു പറയുക എന്നത് ഇന്നും നമ്മുടെ ചിന്തയ്ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ ഒക്കെ ഉള്‍ക്കൊള്ളാനാകുമോ എന്നത് ഒരു ചോദ്യമാണ്, അങ്ങനെ ഒരു ആത്മീയത കേട്ടുകേള്‍വി ഇല്ലാത്തതും. തീര്‍ത്തും മതപരതയില്‍ നിന്ന് യേശുക്രിസ്തു വിന്‍റെ താഴ്മയില്‍ അടിസ്ഥാനപ്പെട്ട ക്രൈസ്തവ ആത്മീയതയുടെ ഉദാത്തമായ ജീവിതരീതിയി ലേക്കുള്ള ഒരു ഫ്രാന്‍സിസ്കന്‍ പാഠവും പ്രയാണവും ആണിത്.

(തുടരും...)

You can share this post!

മിഷനറി അധ്യായത്തിന്‍റെ രചനാകാലം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്‍റെ, ക്ലാരയുടെ പിന്നെ എന്‍റെയും

ഡോ. ജെറി ജോസഫ് OFS
Related Posts