news-details
മറ്റുലേഖനങ്ങൾ

അപായകരമായ ഭക്ഷണം ഒഴിവാക്കുക

വിഷാദരോഗ(-depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ പതിനാല് ദിവസത്തെ മനോനില ചിത്രണം (Mood Mapping) തുടരുന്നു. ഏഴാം ദിവസം മനോനില (Mood) യും ശാരീരിക ആരോഗ്യവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നു. മനോനിലയില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ച തുടരുന്നു.

മനോനിലയില്‍ തകരാറുണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ച് നാം ചര്‍ച്ചചെയ്തു കഴിഞ്ഞു. അവ നമ്മുടെ ഭക്ഷണക്രമത്തില്‍നിന്ന് കഴിവതും ഒഴിവാക്കുക, മനോനിലയുടെ(Mood) സ്ഥിരതയ്ക്ക് ഏറെ പ്രധാനമാണ്. ഒരു ചോക്ലേറ്റോ, മധുരപലഹാരമോ ശാപ്പിടുമ്പോള്‍ ഓര്‍ക്കുക അത് നിങ്ങളുടെ മനോനിലയെ പ്രതികൂലമായി ബാധിക്കാം, അതിനായി അപ്പോഴെ തയ്യാറെടുക്കുകയും ചെയ്യുക.

ചുരുക്കത്തില്‍ അമിതമധുരകരവും അടിമത്തം (അഡിക്ഷന്‍) സൃഷ്ടിക്കുന്നവയും കഫീന്‍ ചേര്‍ന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. മൃഗക്കൊഴുപ്പ് കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളും സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളും അമിതമായ ഉപ്പും അനാരോഗ്യകരവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതും അതുവഴി മനോനിലയെ ബാധിക്കുന്നതുമാണെന്നു മറക്കാതിരിക്കുക.

നമ്മില്‍ ഏറെപ്പേരും പതിവായി മദ്യപിക്കുന്നവരാണ്. എന്നാല്‍ മദ്യപാനം മനോനിലയെ തകര്‍ക്കുന്നതില്‍ വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. മദ്യം അതില്‍ത്തന്നെ വിഷാദത്തെ ജനിപ്പിക്കുന്ന രാസവസ്തുവാണ്. ആദ്യ പെഗ്ഗില്‍ കിട്ടുന്ന അല്‍പ്പസന്തോഷത്തില്‍ തെറ്റിദ്ധരിച്ച് മദ്യം മനോനില മെച്ചപ്പെടുത്തുമെന്നു കരുതുന്നവര്‍ക്കു തെറ്റി. മദ്യം തലച്ചോറിനെ മാത്രമല്ല, മുഴുവന്‍ ശരീരത്തെയുമാണ് പ്രതികൂലമായി ബാധിക്കുക. മദ്യം നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ വര്‍ദ്ധിപ്പിക്കുന്നു. അതു നിങ്ങളില്‍ ഉത്കണ്ഠയ്ക്കും പരിഭ്രാന്തിക്കും മനോവിഭ്രാന്തിക്കും കാരണമാകുന്നു. അതു നിങ്ങളുടെ ഊര്‍ജ്ജത്തെ ചോര്‍ത്തിക്കളയുന്നു. മദ്യം മനോനിലയുടെ തകരാറുകളെ കൂടുതല്‍ കൂടുതല്‍ വഷളാക്കുന്നു. കടുത്ത മദ്യപാനം വിഷാദത്തിനും മനോനില ചാഞ്ചാട്ട(Mood disorder)-ത്തിനും വിരുദ്ധധ്രുവമാനസിക വ്യതിയാന (Bipolar disorder) ത്തിനും വഴിവെയ്ക്കുന്നു. മദ്യപാനം നിര്‍ത്തുന്നതോടെ വിഷാദരോഗത്തില്‍ അയവുവരുകയും ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ആത്മഹത്യകളില്‍ മൂന്നില്‍ രണ്ടും മദ്യപാനം മൂലമാണെന്നു പഠനങ്ങള്‍ പറയുന്നു. മനോവിഭ്രാന്തിയുടെയും ഉത്കണ്ഠ മൂലമുണ്ടാകുന്ന മാനസികഭ്രംശങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമത്രെ.

മദ്യം ആദ്യം തകര്‍ക്കുക പ്രതിരോധിക്കാനുള്ള തലച്ചോറിന്‍റെ ശേഷിയെയത്രെ. ഹാനികരമായവയോട് 'വേണ്ട' എന്നു പറയാനുള്ള ശേഷി അതുവഴി നഷ്ടമാകുന്നു. അതു നമുക്ക് ഒരു തരം 'സാങ്കല്പികമായ ധൈര്യം' തരുന്നു. ആ ധൈര്യം അല്‍പ്പനേരത്തേയ്ക്ക് സന്തോഷം തോന്നിപ്പിക്കുന്നു. ഒത്തുചേരലുകളിലും ആഘോഷങ്ങളിലും മദ്യത്തിനു മുന്തിയ സ്ഥാനം നല്‍കുന്നത് ഈ സവിശേഷഗുണമത്രെ. ആ ആദ്യഘട്ടംകൊണ്ട് അവസാനിപ്പിച്ചാല്‍ മദ്യം അത്ര പ്രശ്നക്കാരനല്ലെന്ന് പറയാം. പക്ഷേ അവിടംകൊണ്ട് നിര്‍ത്തുന്നവര്‍ വളരെ ചുരുക്കംപേര്‍ മാത്രം. അധികം പേരും ആ ആനന്ദം അവസാനിക്കരുതെന്ന വ്യാമോഹത്തില്‍ അധികമധികം മദ്യപിക്കുകയും അത് അവസാനം ദുരന്തത്തില്‍ കലാശിക്കുകയും ചെയ്യും. വഴക്കുകള്‍ ആരംഭിക്കും, ശരീരത്തിന്‍റെയും മനസ്സിന്‍റെയും നിയന്ത്രണം വിടും. അടുത്തദിവസം? ഹാങ്ങ്ഓവര്‍ നിങ്ങളെ നരകത്തിലാക്കും. ഭയം, ഉത്കണ്ഠ, തളര്‍ച്ച, ക്ഷീണം അതോടൊപ്പം കടുത്ത വിഷാദവും.

അടിമത്ത (Addiction)ത്തെ മറികടക്കാന്‍ മനോനില മെച്ചപ്പെടുത്തി സന്തോഷം ആസ്വദിക്കാന്‍ നാം സ്വീകരിക്കുന്ന കുറുക്കുവഴികളാണ് അടിമത്ത (Addiction) മെന്ന് കരുതി തുടങ്ങുന്ന കുറുക്കുവഴികള്‍ (മദ്യപാനം, പുകവലി, ഹാനികരമായ ഭക്ഷണം) പിന്നെ ശീലമാകുന്നു. മനോനില മെച്ചപ്പെടുത്താന്‍ നാം സ്വീകരിക്കുന്ന ഉപാധി എന്തായാലും (മദ്യം, മയക്കുമരുന്ന്, പുകയില, ഭക്ഷണം) അത് തലച്ചോറില്‍ അക്ഷണം പ്രതികരണം സൃഷ്ടിക്കുന്നു. പോകെപോകെ അതു കൂടുതല്‍ അളവില്‍ വേണ്ടിവരുന്നു. അതേ ഫലം കിട്ടാന്‍ അമിതമായ അളവില്‍ ഉപയോഗിക്കേണ്ടിവരുന്നു. അവസാനം അത് തലച്ചോറിനെ തകരാറിലാക്കുന്നു.

ഒരു തരം 'മരുന്നു'കളും കൂടാതെ മനോനില കൈകാര്യം ചെയ്യാന്‍ പഠിക്കുക എന്നതാണ് അടിമത്തം (അഡിക്ഷന്‍) മറികടക്കുന്നതിനുള്ള ആദ്യ ചുവട്. മനോനില നന്നെന്ന 'തോന്നലിനു'വേണ്ടിയാണ് നിങ്ങള്‍, നിങ്ങളുടെ 'മരുന്ന്' ഉപയോഗിക്കുന്നതെന്ന് അറിയുക. നിങ്ങള്‍ക്ക് ശാന്തമായ മനസ്സും ആത്മവിശ്വാസവമുമാണ് ആവശ്യമെങ്കില്‍ വേണ്ടത് സക്രിയമായ മനോനില(Active Mood) ആണെന്ന് മനസ്സിലാക്കുക.

അടിമത്തം സൃഷ്ടിക്കുന്ന 'മരുന്നു'കളുടെ ഉപയോഗം അല്ലാതെ നിങ്ങളുടെ മനോനില മെച്ചപ്പെടുത്താനുള്ള മറ്റ് പല ഉപായങ്ങളുമുണ്ട്. അവയെ കണ്ടെത്തുകയാണ് ആദ്യപടി. അവ പരിശീലിക്കുന്നതോടെ ചില രാസവസ്തുക്കളുടെ കാരുണ്യം ആവശ്യമില്ല എന്നു തലച്ചോര്‍ തനിയെ മനസ്സിലാക്കും. മനോനില ചിത്രണം (Mood Mapping) അതിനു നിങ്ങളെ വഴികാട്ടും.

(തുടരും) 

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
Related Posts