news-details
കാലികം

സൂര്യനെ പ്രണയിച്ച ചന്ദ്രിക

"CLARA CLARIS PRAECLARA meritis, magnae in caelo claritate gloriae, ac in terra splendore miraculorum sublimium clare claret.'

'തന്‍റെ തേജസ്സാര്‍ന്ന പുണ്യങ്ങളാല്‍ കൂടുതല്‍ ശോഭയാര്‍ന്നും, പ്രദീപ്തമായ തന്‍റെ സ്വര്‍ഗ്ഗീയ മഹത്ത്വത്താലും, ഭൂമിയിലെ തന്‍റെ പ്രശോഭിതങ്ങളായ അത്ഭുതങ്ങളാലും ക്ലാര ഏറ്റം തേജസ്വിനിയായി ജ്വലിക്കുന്നു.'

അസ്സീസിയിലെ ക്ലാരയെ (Chiara - Inbmc എന്ന് ഇറ്റാലിയന്‍) വിശുദ്ധയായി പ്രഖ്യാ പിച്ചുകൊണ്ട് അലക്സാണ്ടര്‍ IV-മന്‍ പാപ്പാ ഒപ്പിട്ട ഡിക്രിയുടെ ആരംഭവാക്യമാണിത്. പ്രകാശം, തെളിമ, തേജസ്സ് എന്നെല്ലാം അര്‍ത്ഥം പറയാവുന്ന ക്ലാര എന്ന നാമത്തെ അധികരിച്ച് കാവ്യാത്മകവും അതീവ ലാവണ്യം നിറഞ്ഞ തുമായ ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തുന്നത്. അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥ ത്തില്‍ ഭാഷാന്തരത്തിന് അനുവദിക്കാത്ത ഒന്ന്!

നാം ഈ തേജസ്വിനിയെ അന്വേഷിച്ചു പോകുമ്പോള്‍, അസ്സീസിയില്‍ ഓഫ്രദൂച്ചിയോ എന്ന കുലീന പ്രഭുകുടുംബത്തില്‍ ഫാവ റോണെ-ഓര്‍ത്തൊലാന ദമ്പതികള്‍ക്ക് ജനിച്ച മൂന്നാമത്തെ സന്താനമായിരുന്നു അവള്‍. മൂത്തവര്‍ ആണ്‍കുട്ടികളായിരുന്നു.  1194 ജൂലൈ 16-ന് ആയിരുന്നു ജനനം. ബാല്യകൗമാരങ്ങളില്‍ ദൈവഭക്തി അവളില്‍ രൂഢമൂലമായി. ദരിദ്രരോടും രോഗികളോടും പ്രത്യേകമാംവിധം അവള്‍ കരുണ കാണിച്ചിരുന്നു. ഏതാനും ചെറുപ്പക്കാരും ഏതാനും ഉന്നതകുലജാതരും ഒരു പുതുമടിശ്ശീലക്കാരനായ പീറ്റര്‍ ബര്‍ണ ദോന്‍റെ മകന്‍ ഫ്രാന്‍സിസിനോടൊപ്പം സ്വത്തും പണവുമെല്ലാം ഉപേക്ഷിച്ച്, പട്ടണത്തിനു വെളിയില്‍ കുടിയാന്മാരായ കീഴാള ജാതിക ളോടൊപ്പം കൂലിപ്പണിയെടുത്തും ഭിക്ഷയെ ടുത്തും ഒരു പുതിയതരം സന്ന്യാസം ജീവിക്കു ന്നത് വലിയ കോളിളക്കം ഉണ്ടാക്കുന്നത് ക്ലാരയറിഞ്ഞു. പട്ടാളത്തില്‍ ചേര്‍ന്ന് രണ്ടു തവണ യുദ്ധത്തിനു പോയി ഒരിക്കല്‍ യുദ്ധം ചെയ്യാതെയും മറ്റൊരിക്കല്‍ യുദ്ധത്തടവുകാരനാ ക്കപെട്ട് കാരാഗൃഹ ജീവിതം അനുഭവിച്ചതിനു ശേഷവുമായിരുന്നു അയാള്‍ അപ്പനെയും അപ്പന്‍റെ സ്വത്തും ഉപേക്ഷിച്ചത്. കുലീനത്വത്തിന്‍റേതായ യാഥാസ്ഥിക ചിന്തകളുള്ള അവളുടെ വീട്ടിലും അതേക്കുറിച്ചെല്ലാം അത്ര സുഖകരമല്ലാത്ത സംവാദങ്ങള്‍ നടക്കുന്നതിന് അവള്‍ മൗനമായി സാക്ഷ്യം വഹിച്ചിട്ടുണ്ടാവണം.

അങ്ങനെയിരിക്കേയാണ്, അവള്‍ക്ക് 16 വയസ്സു ള്ളപ്പോള്‍, 1210-ല്‍ വി. റുഫീനോയുടെ പേരിലുള്ള അസ്സീസി മെത്രാസന ദേവാലയത്തില്‍ ഫ്രാന്‍സിസ് വന്ന് പ്രസംഗിക്കുന്നത്. അയാളുടെ വാക്കുകളിലെ ആര്‍ദ്രതയും ദൈവിക തീക്ഷ്ണതയും ദര്‍ശനത്തിന്‍റെ ഹൃദ്യതയും തെളിമയും ക്ലാരയെ ആകര്‍ഷിച്ചു. അപ്പോ ഴായിരിക്കണം ഫ്രാന്‍സിസുമായി സംസാരിക്കാന്‍ അവള്‍ക്ക് ആദ്യമായി അവസരം കിട്ടിക്കാണുക. തനിക്ക് ഫ്രാന്‍സിസിന്‍റെ സഹോദര ഗണത്തില്‍ ചേരാനാവുമോ എന്നവള്‍ ആരാഞ്ഞിരിക്കണം. ഏതാ യാലും മാര്‍ച്ച് 18 ന്, 1212 ലെ ഓശാനത്തിരുന്നാളില്‍ തന്‍റെ ഏറ്റവും നല്ല കുപ്പായങ്ങള്‍ ധരിച്ചാണ് അവള്‍ തന്‍റെ വീടിനെതിര്‍വശത്തു തന്നെയുള്ള മെത്രാസന ദേവാലയത്തില്‍ കുര്‍ബാനക്ക് പോയത്. തിളങ്ങുന്ന കുപ്പായത്തിലും അവളുടെ മനസ്സ് കലുഷിതമാ യിരുന്നിരിക്കണം. എല്ലാവരും കുരുത്തോല വാങ്ങി യിട്ടും, ഏതോ ചിന്തകളുടെ ലോകത്ത് മനസ്സ് കുടുങ്ങി കുരുത്തോല വാങ്ങാന്‍ മറന്നു നിന്ന അവളുടെ അടു ത്തേക്ക് മെത്രാന്‍ കുരുത്തോലയുമായി ഇറങ്ങിവന്നു. ആര്‍ക്കും തെറ്റുപറയാനില്ലായിരുന്ന, എല്ലാവരും ആദരവോടെ മാത്രം കണ്ടിരുന്ന അയല്‍പക്കത്തെ കുട്ടിയായ ക്ലാരക്ക് കുരുത്തോല കൊടുക്കുമ്പോള്‍, മെത്രാന്‍ അവള്‍ക്ക് നിശ്ശബ്ദമായി പ്രാര്‍ത്ഥനാശംസ കള്‍ നല്കിയിരിക്കണം. കാരണം, നാലഞ്ചു വര്‍ഷം മുമ്പ് അരമനയില്‍ വച്ച് ഉടുവസ്ത്രം പോലും ഉരിഞ്ഞ് അപ്പനു മടക്കികൊടുത്ത ആ ചെറുപ്പക്കാരനെ തന്‍റെ മേല്ക്കുപ്പായത്തില്‍ പൊതിഞ്ഞ്, തന്‍റെ തോട്ടക്കാരന്‍റെ പഴങ്കുപ്പായം ധരിപ്പിച്ച അന്നു മുതല്‍ ഗ്വിഡോ മെത്രാനും അയാളും തമ്മില്‍ ഒരു ഹൃദയബന്ധമുള്ള താണ്. വലിയ ഭൂമികുലുക്കം ഉണ്ടാക്കിയേക്കാവുന്ന കാര്യമാണ് ഓഫ്രദൂച്ചിയോയിലെ പ്രായം തികഞ്ഞ പെണ്‍കുട്ടി ഈ ദരിദ്രവാസികളായ ഊരുതെണ്ടി കളുടെ കൂടെ ചേരുകയെന്നത്. ഒരു ബലത്തിനുവേണ്ടി ഫ്രാന്‍സിസ് രഹസ്യമായി അക്കാര്യം മെത്രാനെ അറിയിച്ചിരുന്നിരിക്കണം.

അന്നു രാത്രിയില്‍, തെരുവും നഗരവും കുടുംബക്കാരും ഉറങ്ങുമ്പോള്‍, ബിയാങ്ക എന്ന അമ്മായിയെയും ബോന എന്ന തോഴിയെയും കൂട്ടി ക്ലാര - ആരെങ്കിലും മരിച്ചാല്‍ മൃതദേഹം പുറത്തേ ക്കെടുക്കാന്‍ മാത്രം തുറക്കാറുള്ള വീടിനു പിന്നിലെ വാതില്‍ തുറന്ന്, ഉമ്മറത്തു പോകാതെ, നേരേ കുന്നിറങ്ങി പോര്‍സ്യൂങ്കുളാ എന്ന കുഞ്ഞു ദേവാല യത്തിലേക്ക് ധൃതിയില്‍ പോയി. അവിടെ ഫ്രാന്‍ സിസും സഹോദരന്മാരും മെഴുകുതിരികള്‍ തെളിച്ച് ഭയത്തോടും പ്രാര്‍ത്ഥനയോടും കൂടി കാത്തിരിക്കു ന്നുണ്ടായിരുന്നു. ലൗകിക സുഖവും സമ്പത്തും വിട്ടുപേക്ഷിക്കാനും, ഭൗതിക സൗന്ദര്യത്തെക്കാള്‍ ലാവണ്യമുള്ള സൗന്ദര്യത്തെ എടുത്തണിയാനും ഉപദേശിച്ച് ഫ്രാന്‍സിസ് അവളുടെ അഴകാര്‍ന്ന മുടിയിഴകള്‍ മുറിച്ചുമാറ്റി. സന്ന്യാസത്തിന്‍റെ പരുക്കന്‍ തവിട്ടുവസ്ത്രം അവളണിഞ്ഞു. അതീവഹ്രസ്വമായ ചടങ്ങുകള്‍ അവസാനിപ്പിച്ച് സഹോദരന്മാരെ കൂട്ടി ഫ്രാന്‍സിസ് അവളെ സാന്‍ പൗളോയിലെ ബനഡിക്റ്റൈന്‍ സന്ന്യാസിനീ ഭവനത്തിലേക്ക് തിടുക്കത്തില്‍ പറഞ്ഞയച്ചു. പൂര്‍വ്വനിശ്ചയപ്രകാരം അവിടെയും കന്യാസ്ത്രീകള്‍ ഉറക്കമിളച്ച് കാത്തിരുന്നിരിക്കണം. ക്ലാരക്ക് അപ്പോള്‍ 18 തികയുന്നതേയുള്ളൂ.

പെണ്ണ് വീടുവിട്ടു പോയ കാര്യം രാവിലെ വീട്ടുകാര്‍ അറിഞ്ഞു. അന്വേഷണമായി. റാനിയേരി ബര്‍ണാര്‍ദോ എന്ന സമ്പന്ന യുവാവുമായി വിവാഹം പറഞ്ഞുവച്ചിരുന്ന പെണ്‍കുട്ടിയാണ്. പോര്‍സ്യുങ്കുളാ യിലും അവിടെനിന്ന് സാന്‍ പൗളോ മഠത്തിലും ഇരച്ചെത്തി ഓഫ്രദൂച്ചിയോയിലെ ചുണയുള്ള ആണ്‍കുട്ടികള്‍. ദേവാലയത്തില്‍ അള്‍ത്താരക്കു മുന്നില്‍ ഭയത്തോടെ ചങ്കുപൊട്ടി പ്രാര്‍ത്ഥിക്കുകയായി രുന്നു അവള്‍. ചേട്ടന്മാരും കസിന്‍സുംകൂടി അവളെ പൊക്കിയെടുക്കാന്‍ നോക്കി. അവള്‍ അള്‍ത്താ രയിന്മേല്‍ അള്ളിപ്പിടിച്ചു കിടന്നത്രേ! പിടിവലിയില്‍ അവളുടെ ശിരോവസ്ത്രം ഊരിപ്പോയി. പറ്റെവെട്ടിയ അവളുടെ ശിരസ്സു കണ്ട് അവര്‍ ഞെട്ടി. അവളുടെ നിശ്ചയദാര്‍ഢ്യം കണ്ട് അവളെ അവളുടെ വഴിക്ക് വിട്ട് ആങ്ങളമാര്‍ തിരിച്ചു പോയി. അവിടം കൊണ്ടവസാ നിച്ചിരുന്നില്ല കുടുംബത്തിന്‍റെ വേവലാതി. വിശുദ്ധവാരം അങ്ങനെ ദുഃഖസാന്ദ്രമായി കടന്നു പോയി. ഉയിര്‍പ്പും പുതുഞായറും കഴിഞ്ഞ് പിറ്റേന്ന് രാത്രിയില്‍ അവളുടെ അനുജത്തി കത്രീനയും വീട്ടില്‍നിന്ന് ഒളിച്ചോടി ചേച്ചിയോടൊപ്പം ചേര്‍ന്നു. അവള്‍ ആഗ്നസ് എന്ന പുതിയ പേരും സ്വീകരിച്ചു.

അന്ന് അവിടവിടെ ബനഡിക്റ്റൈന്‍ കന്യാസ്ത്രീ മഠങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വലിയ കൃഷിയിടവും ആവൃതിയുള്ള വലിയ കോണ്‍ വെന്‍റുകളും ഉണ്ടായിരുന്നു. അതുപോലെയല്ലല്ലോ ഇവര്‍. സമ്പൂര്‍ണ്ണമായ അനിശ്ചിതത്വമായിരുന്നു ഇവര്‍ക്കു ചുറ്റും. ആണധികാര സമൂഹത്തില്‍ പെണ്ണ് ആണിന്‍റെ സ്വത്താണ്. അവള്‍ വിവാഹം വേണ്ടെന്നു വയ്ക്കുന്നതുതന്നെ അനുവദിക്കാന്‍ കഴിയാത്ത കാര്യമാണ്. മാടമ്പി കുമാരന്മാരും സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരും ദരിദ്രഭവനങ്ങളില്‍ ജനിച്ചവരുമാണ് തങ്ങളുടെ സാമൂഹിക പദവിക ളെല്ലാം ഉപേക്ഷിച്ച് സന്ന്യാസമെന്ന പേരില്‍ തങ്ങള്‍ കീഴാളരാണ് എന്ന് സ്വയം പ്രഖ്യാപിച്ച്, ചേരിപ്ര ദേശത്ത് പോയി കൂലിപ്പണിയും പിച്ചതെണ്ടലുമായി ജീവിക്കുന്നത്. അവരോടൊപ്പം കുലീനസമ്പന്ന കുടുംബത്തിലെ രണ്ട് യുവതികളും കൂടി ഇറങ്ങി പ്പോയിരിക്കുന്നു. നാടുമൊത്തം ഇളകാന്‍ ഇതില്‍പ്പരം മറ്റൊന്നും വേണ്ട. (ഇന്നും നമ്മുടെ നാട്ടില്‍ ആണു ങ്ങളുടെ സന്ന്യാസത്തെക്കാള്‍ സ്ത്രീകളുടെ സന്ന്യാസത്തെ പൊതുസമൂഹം അപഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിനു പിന്നില്‍ ഈ പുരുഷാധിപത്യ മനോഭാവംകൂടി ഉണ്ടെന്ന് ഞാന്‍ കരുതുന്നു).

ബനഡിക്റ്റൈന്‍ സന്ന്യാസിനിമാരോടൊപ്പം നൊവീഷ്യേറ്റ് കഴിച്ച അവരെ, വിശുദ്ധ ദാമിയാനോ സിന്‍റെ ദേവാലയത്തോട് ചേര്‍ന്നുള്ള അറ്റകുറ്റപ്പണി കള്‍ തീര്‍ത്ത ഒരു ചെറിയ കെട്ടിടത്തിലേക്ക് ഫ്രാന്‍സിസ് മാറ്റിപ്പാര്‍പ്പിച്ചു. അതിനോടകം ഏതാനും യുവതികള്‍ കൂടി അവരോട് ചേര്‍ന്നിരുന്നു. ഏഴു വര്‍ഷം കഴിഞ്ഞ് 1229 -ല്‍ ഏറ്റവും ഇളയ സഹോദരി ബിയാട്രിസും ചേച്ചിമാരോടൊപ്പം ചേര്‍ന്നു. തന്‍റെ ഭര്‍ത്താവിന്‍റെ മരണശേഷം എല്ലാം ഉപേക്ഷിച്ച് അമ്മ ഓര്‍ത്തൊലാനയും പെണ്‍മക്കളുടെ സന്ന്യാസ വഴിയേ പോയി.

യേശുവിനെ പിഞ്ചെന്ന് ദൈവസ്നേഹ ജീവിതം കഴിക്കുന്ന ക്ലാരയുടെയും സഹോദരിമാരുടെയും ലാളിത്യവും ദാരിദ്ര്യവും പ്രാര്‍ത്ഥനാ ചൈതന്യവും വിശുദ്ധിയും താമസംവിനാ നാടുകളില്‍ നിന്ന് നാടുകളിലേക്ക് സഞ്ചരിച്ചു. സമൂഹത്തിന്‍റെ ശക്തമായ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടുപോലും നിരവധി യുവതികള്‍ വീടും സ്വത്തും സൗകര്യങ്ങളും ദാമ്പത്യ സുഖങ്ങളും മാത്രമല്ല, പൊതു സമൂഹവുമായുള്ള ഇടപഴകലുകള്‍ പോലും ഉപേക്ഷിച്ച് ക്ലാരയുടെ മാതൃകയില്‍ ആവൃതിക്കകത്ത് സന്ന്യാസം ജീവിക്കാന്‍ മുന്നോട്ടുവന്നു.

ക്ലാരയെയും സഹോദരിമാരെയും വിശുദ്ധ ദാമിയാനോസിന്‍റെ ദേവാലയത്തോടു ചേര്‍ന്നുള്ള കൊവേന്തയില്‍ ആക്കിയപ്പോള്‍ ഫ്രാന്‍സിസ് താത്ക്കാലികമായി അവര്‍ക്ക് ഒരു ചെറുനിയമം എഴുതിക്കൊടുത്തിരുന്നു. താമസിയാതെ ഫ്രാന്‍സിസ്കന്‍ സമൂഹത്തിന്‍റെ സംരക്ഷകനായി കര്‍ദ്ദിനാള്‍ ഹ്യുഗോളീനോയെ മാര്‍പാപ്പാ നിയമിച്ചു. പല സന്ന്യാസിനീ സമൂഹങ്ങള്‍ക്കും നിയതമായ ഒരു ക്രമമുണ്ടാക്കുവാന്‍ അദ്ദേഹം പരിശ്രമിക്കുന്നുണ്ടാ യിരുന്നു. ബനഡിക്റ്റിന്‍റെ നിയമാവലിയാണ് അതിനദ്ദേഹം ആധാരമാക്കിയത്. ക്ലാരയുടെ നേതൃത്വത്തിലുള്ള 'ദരിദ്ര വനിത'കളെയും അതേ വഴിയില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രമിച്ചു. ഫ്രാന്‍സിസും സഹോദരന്മാരും ജീവിക്കുന്നതു പോലെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തിന്‍റെ പാതയാണ് ക്ലാര ആഗ്രഹിച്ചത്. അതായത് വ്യക്തിയെന്ന നിലയില്‍ മാത്രമല്ല, സമൂഹം എന്ന നിലയിലും സ്വന്തം പേരില്‍ വസ്തുവകകള്‍ ഇല്ലാതെ ജീവിക്കുക. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ആവശ്യമുണ്ടെന്നും അതിനാല്‍ അങ്ങനെ സുരക്ഷിതത്വമില്ലാത്ത ജീവിതം ജീവിക്കാന്‍ അനുവദിക്കാനാവില്ല എന്നുമായിരുന്നു കര്‍ദ്ദിനാള്‍ ഹ്യൂഗൊളീനോയുടെ നിലപാട്. താമസിയാതെ അദ്ദേഹം മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഏതൊരു ആദര്‍ശ ജീവിതം സ്വപ്നം കണ്ടാണോ തങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നത്, അതില്‍ക്കുറഞ്ഞൊന്നും തങ്ങള്‍ക്കു വേണ്ടെന്ന് വിനയപൂര്‍വ്വം ക്ലാര ശാഠ്യം പിടിച്ചുകൊണ്ടിരുന്നു. ഭൂസ്വത്തിന്‍റെ ഉടമസ്ഥതയുടെ കാര്യം മാത്രമായിരു ന്നില്ല പ്രശ്നം. ഫ്രാന്‍സിസിന്‍റെ സഹോദരന്മാര്‍ അധ്വാനിച്ചും ഭിക്ഷ യാചിച്ചും കൊണ്ടുവരുന്നതില്‍ നിന്ന് ഒരു പങ്കാണ് അവര്‍ക്കു കൊടുത്തുകൊണ്ടി രുന്നത്. അതായത്, ആവൃതിക്കകത്താണ് അവര്‍ ജീവിച്ചതെങ്കിലും ലോകം നല്കുന്ന ഭിക്ഷ തിന്നാണ് അവരും ജീവിച്ചത്. അങ്ങനെ തന്നെ ജീവിക്കണമെന്നാ യിരുന്നു അവരുടെ ആഗ്രഹവും. അവരില്‍ പലരും കുലീനകുടുംബങ്ങളിലെയും പ്രഭു കുടുംബങ്ങ ളിലെയും യുവതികള്‍ ആയതിനാലായിരുന്നിരിക്കണം ഇത്രയേറെ പ്രതിബന്ധങ്ങള്‍ അവര്‍ നേരിടേണ്ടി വന്നത് എന്ന് ഞാന്‍ സംശയിക്കുന്നു. സ്വത്തുക്കള്‍ സ്വീകരിപ്പിക്കുക വഴി ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ നിന്നും, സഹോദരന്മാരുടെ ഭിക്ഷ പങ്കുവക്കുന്നത് നിരസിക്കുക വഴി ഫ്രാന്‍സിസ്കന്‍ സാഹോദര്യത്തില്‍ നിന്നും തങ്ങള്‍ അകറ്റപ്പെടുകയാ ണെന്നാണ് അവര്‍ തിരിച്ചറിഞ്ഞത്. രണ്ടും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്ന കാര്യമായിരുന്നില്ല. 1226-ല്‍ ഫ്രാന്‍സിസ് മരിക്കുമ്പോള്‍ത്തന്നെ ക്ലാര ശാരീരി കമായി ദുര്‍ബലയും രോഗിണിയുമായിരുന്നു. പിന്നീട്, തന്‍റെ മരണത്തോളം -നീണ്ട ഇരുപത്തെട്ട് വര്‍ഷങ്ങള്‍- ക്ലാര ഏതാണ്ട് രോഗക്കിടക്കയില്‍ തന്നെയായിരുന്നു. നിരന്തരമായ ദാരിദ്ര്യജീവിതവും തപശ്ചര്യകളും വിശുദ്ധയെ ശാരീരികമായി ഏറെ ദുര്‍ബലയാക്കി. ഗ്രിഗറി IX-മന്‍ പാപ്പാക്ക് ക്ലാരയോട് വലിയ ആദരവും സ്നേഹവും ഉണ്ടായിരുന്നു. രോഗിയായിരിക്കുന്ന ഈ വിശുദ്ധയെ കാണാന്‍ ഒരിക്കല്‍ മാര്‍പാപ്പ സാന്‍ ദാമി യാനോയില്‍ വന്നു. രോഗക്കിടക്കയില്‍ അദ്ദേഹത്തെ എതിരേറ്റ അവള്‍ അദ്ദേഹത്തോട് പാപസങ്കീര്‍ത്തനം നടത്തി. അവള്‍ക്ക് പാപപ്പൊറുതി നല്കിയ അദ്ദേഹം കണിശപൂര്‍വ്വം ദാരിദ്ര്യവ്രതം പാലിക്കുന്നതില്‍ നിന്ന് അവള്‍ക്ക് ഒഴിവുനല്കിക്കൊണ്ട് ആശീര്‍വാദം നല്കി. ക്ലാര ഉടനെ പാപ്പായോട് പറഞ്ഞു. 'അങ്ങ് എന്‍റെ പാപങ്ങളില്‍ നിന്ന് എനിക്ക് വിടുതല്‍ തന്നാല്‍ മതി, ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നിന്ന് എനിക്ക് വിടുതല്‍ വേണ്ട!'

വീട്ടുകാരോടും സമൂഹത്തോടും ക്ലാരക്കും സഹോദരിമാര്‍ക്കും ഒത്തിരി കാലം മല്പിടുത്തം നടത്തേണ്ടി വന്നില്ല. എന്നാല്‍, വ്യവസ്ഥാപിത സഭയോടുള്ള അവരുടെ മല്പിടുത്തം ഏതാണ്ട് അവളുടെ ജീവിതാവസാനം വരെ നീണ്ടുനിന്നു. താമസിയാതെ ഗ്രിഗറി മാര്‍പ്പാപ്പ കാലം ചെയ്തു. പിന്നീട് അധികാരത്തില്‍ വന്ന ഇന്നസെന്‍റ് IV പാപ്പാ 1247-ല്‍ ആഗസ്റ്റ് 6 ന് അവര്‍ക്ക് ഒരു പുതിയ നിയമാവലി കൊടുത്തു. ആഗസ്റ്റ് 23 ന് ഇറക്കിയ പേപ്പല്‍ ബൂള വഴി, ഈ പുതിയ നിയമം പാലിക്കുവാന്‍ അവരോട് കല്പിച്ചു. ബനഡിക്റ്റൈന്‍ നിയമത്തെ ഉപജീവിച്ചു കൊണ്ടുള്ള പുതിയ ഈ നിയമം ഹ്യുഗൊളീനോയുടെ നിയമത്തെക്കാള്‍ കാഠിന്യം കുറഞ്ഞതും അയവുള്ള തുമായിരുന്നു. ക്ലാരയും സഹോദരിമാരും അനങ്ങിയും പ്രതികരിച്ചുമില്ല. കഠിനമായ ജീവിതം തിരഞ്ഞെടു ത്തവരെ എങ്ങനെയാണ് കാഠിന്യം കുറഞ്ഞ ജീവിതത്തിലേക്ക് നിയമം വഴി കൊണ്ടുവരാനാവുക!? മാര്‍പാപ്പ തന്നെ 1250 ജൂലൈ 6ന് മറ്റൊരു ബൂള വഴി പഴയതിനെ റദ്ദാക്കി. ഏതാണ്ട് ഈ സമയത്ത് ക്ലാര സ്വന്തമായി ഒരു നിയമാവലി എഴുതിയുണ്ടാക്കാനാ രംഭിച്ചിരുന്നു. അതില്‍ ഹ്യുഗൊളീനോയുടെ നിയമാവലിയിലെ പല സൂക്ഷ്മാംശങ്ങളും ക്ലാര ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. താന്‍ എഴുതിയ നിയമാവലി ക്ലാര തിരുസിംഹാസനത്തിന് സമര്‍പ്പിച്ചു. പലതവണ മാര്‍പ്പാപ്പാ ഒഴിഞ്ഞുമാറിയെങ്കിലും, അവസാനം 1253 ആഗസ്റ്റ് 9 ന് ഇന്നസെന്‍റ് IVമന്‍ പാപ്പാ ക്ലാരയുടെ നിയമാവലിയില്‍ ഒപ്പുവച്ച് അംഗീകാരമുദ്ര നല്കി. തന്‍റെ നിയമാവലിക്ക് അംഗീകാരം കിട്ടിയിട്ട് രണ്ടാം ദിവസം (ആഗസ്റ്റ് 11) തന്‍റെ അമ്പത്തൊമ്പതാമത്തെ വയസ്സില്‍ ക്ലാര ആനന്ദ പൂര്‍വ്വം തന്‍റെ നാഥനില്‍ വിലയം പ്രാപിക്കുകയും ചെയ്തു. 'എന്നെ സൃഷ്ടിച്ചതിന്, ദൈവമേ നിനക്ക് സ്തുതിയായിരിക്കട്ടെ' എന്നായിരുന്നു ക്രിസ്തുവിനെ ഇത്രമാത്രം പ്രണയിച്ച ആ പ്രണയിനിയുടെ അവസാന മന്ത്രണം! ആ വിശുദ്ധയുടെ മരണത്തില്‍ പാഞ്ഞെത്തിയ ഇന്നസെന്‍റ് IVമന്‍ പാപ്പാ, മരിച്ചവരുടെ ഒപ്പീസ് ചൊല്ലാന്‍ തുടങ്ങിയ ഫ്രാന്‍സിസിന്‍റെ സഹോദരന്മാരോട്, വിശുദ്ധരുടെ ഒപ്പീസ് ചൊല്ലാന്‍ ആവശ്യപ്പെട്ടത്രേ! അങ്ങനെ ചെയ്യരുത് എന്ന് മാര്‍പ്പാപ്പയുടെ ഉപദേശകര്‍ പലരും അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം വിലക്കുകയായിരുന്നു. വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും ഇത്രയേറെ വിശുദ്ധയായ ക്ലാരയെ ദൈവം വിശുദ്ധീകരിച്ചത ല്ലെങ്കില്‍ പിന്നെ ആരെയാണ് എന്നായിരുന്നു മാര്‍പ്പാ പ്പായുടെ ചിന്ത. എങ്കിലും ക്ലാരയുടെ നാമകരണ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. താമസിയാതെ ഗ്രിഗറി മാര്‍പാപ്പ കാലം ചെയ്തു. ക്ലാര മരിച്ച് രണ്ടു വര്‍ഷം കഴിയുമ്പോഴേക്ക് - പിന്നാലെ വന്ന അലക്സാണ്ടര്‍ lVമന്‍ പാപ്പാ 1255 ആഗസ്റ്റ് 15 ന് അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകളാണ് ഈ കുറിപ്പിന്‍റെ ആരംഭത്തില്‍ എഴുതിയത്.

ഏറ്റവും എളിമയോടെയും ദാരിദ്ര്യാരൂപിയിലും തന്‍റെ നാഥനെ അനുഗമിച്ച് ജീവിച്ചു ക്ലാര. അവളുടെ ഹൃദയം നിറയെ ദൈവസ്നേഹമായിരുന്നു. ദരിദ്രരായ രോഗികളെ, പ്രത്യേകിച്ചും മരണാസന്നരായ കുഷ്ഠരോഗികളെ പരിചരിക്കുന്നതിലൂടെയാണ് അവര്‍ ആ സ്നേഹം പങ്കുവച്ചത്. സമ്പത്തിന്‍റെ പൂര്‍ണ്ണമായ തിരസ്കരണം ക്രിസ്തുവിനോടുള്ള അവരുടെ പ്രണയത്തിന്‍റെ ഏറ്റവും മൂര്‍ത്തമായ ആവിഷ്ക്കാരമായിരുന്നു. മൂന്നു വര്‍ഷം ഫ്രാന്‍സിസ് തുടര്‍ച്ചയായി നിര്‍ബന്ധിച്ചതിനു ശേഷമാണ് കേവലം 22 വയസ്സുള്ള ക്ലാര 1216-ല്‍ സമൂഹത്തിന്‍റെ ആബസ്സ് സ്ഥാനം സ്വീകരിച്ചത്. പദവി ഏറ്റെടുത്തെങ്കിലും അവള്‍ ഒരിക്കല്‍ പോലും സഹോദരിമാര്‍ക്കുമേല്‍ തന്‍റെ അധികാരം കെട്ടിയേല്പിച്ചില്ല. 'ഒരു ആബസ്സിന്‍റെ (മദര്‍ സുപ്പീരിയറിന്‍റെ ) ധര്‍മ്മം സന്ന്യാസിനികളുടെ പെരുമാറ്റം നിരീക്ഷിക്കുക എന്നതല്ല, എല്ലാവരുടെയും വേലക്കാരിയായിരിക്കുക എന്നതാണ്' എന്ന് അവള്‍ എഴുതി. അങ്ങനെ തന്നെ അവള്‍ ജീവിച്ചു. ദാരിദ്ര്യാരൂപിക്ക് എത്രകണ്ട് ഊന്നല്‍ നല്കുമ്പോഴും, ക്ലാര ആഗ്നസിന് എഴുതുന്നു: 'നിന്‍റെ വിവേകം തന്നെ നിന്നോടിക്കാര്യം പറയും: ദുര്‍ബലര്‍ക്കും രോഗികള്‍ക്കും ഭക്ഷണകാര്യത്തില്‍ സാധ്യമായ എല്ലാ പരിഗണനയും ശ്രദ്ധയും നല്കാന്‍ (ഫ്രാന്‍സിസ് പിതാവ്) ഞങ്ങളെ ഉപദേശിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്...' ( L. 3: 31). സ്വന്തം നിയമാവലിയില്‍ ക്ലാര ഇളമുറക്കാരായ സഹോദരിമാരെപ്പോലും ഉപവാസത്തില്‍ നിന്ന് ഒഴിവാക്കുന്നുണ്ട് (R. 3:9). പ്രസാദാത്മകതയും അതിരറ്റ കൃതജ്ഞതയും, തന്‍റെ ജീവിതം പങ്കിടുന്ന സഹസന്ന്യാസിനിമാരോട് ആത്മാര്‍ത്ഥമായ ആദരവും അവള്‍ക്കുണ്ടായിരുന്നു. കുലീന കുലജാതരും പ്രഭു കുടുംബക്കാരും പുതു മടിശ്ശീലക്കാരായ പണക്കാരും സാധാരണക്കാരും പരമ്പരാഗതമായി പണക്കാരുടെ കൃഷിയിടങ്ങളില്‍ പണിയെടുത്തു പോരുന്നവരും, നൂലുല്‍പാദകര്‍, തുണിനെയ്ത്തുകാര്‍, കൊല്ലപ്പണിക്കാര്‍ എന്നിങ്ങ നെയുള്ള വിയര്‍പ്പു-ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ - ഒക്കെത്തമ്മില്‍ വലിയ സാമൂഹികമായ അകലം പാലിച്ചുപോന്ന കാലമായിരുന്നു അത്. (നമ്മുടെ നാട്ടിലെ പല സന്ന്യാസസമൂഹങ്ങള്‍ പോലും കുറേക്കാലം മുമ്പുവരെ പുതുക്രിസ്ത്യാനികളില്‍ നിന്നും പാവപ്പെട്ട വീടുകളില്‍ നിന്നും അംഗങ്ങളെ സ്വീകരിക്കുന്നില്ലായിരുന്നല്ലോ!). ക്ലാരയാകട്ടെ, പതിമൂന്നാം നൂറ്റാണ്ടില്‍ തന്‍റെ സമൂഹത്തിലേക്ക് സമൂഹത്തിന്‍റെ എല്ലാ തുറകളില്‍ നിന്നുമുള്ളവരെ സ്വീകരിക്കുകയും കുലീനകുലജാതര്‍ക്കും പ്രഭു കുടുംബ ജാതര്‍ക്കും അക്കാലത്തെ സന്ന്യാസ ഭവനങ്ങളില്‍ നിലനിന്ന യാതൊരു വിശേഷാനുകൂ ല്യത്തിനും തന്‍റെ സമൂഹത്തില്‍ തുടക്കമിടാതിരിക്കു കയും ചെയ്തു. എന്നു മാത്രമല്ല, 'സഹോദരിമാര്‍ക്ക്, പ്രഭുകുടുംബത്തിലെ വനിതകള്‍ തങ്ങളുടെ വേലക്കാരോട് ചെയ്യുന്നതുപോലെ ആബസ്സിനോട് സംസാരിക്കാനും പെരുമാറാനും കഴിയുംവിധം അത്രകണ്ട് അവരോട് അടുപ്പം ഉണ്ടായിരിക്കണം' എന്നും ക്ലാര തന്‍റെ നിയമാവലിയില്‍ എഴുതിവച്ചു (R.10:3) എന്നോര്‍ക്കുമ്പോള്‍ ആശ്ചര്യമാണ്.  അങ്ങനെ ലോകത്തിന്‍റെ വിഴുപ്പുഭാണ്ഡങ്ങള്‍ ഒന്നും ആവൃതിക്കകത്ത് കൊണ്ടുവരാതെ അവര്‍ ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ, എല്ലാവരും എല്ലാവര്‍ക്കും സന്തോഷപൂര്‍വ്വം ശുശ്രൂഷ ചെയ്ത് ജീവിക്കാന്‍ ക്ലാര ഇട നല്കി.

ക്ലാരയെക്കുറിച്ച് എഴുതുമ്പോള്‍ ആഗ്നസിനെ ക്കുറിച്ച് സൂചിപ്പിക്കാതെ വയ്യ. ക്ലാരയുടെ അനുജത്തി യായ ആഗ്നസല്ല - മറ്റൊരു ആഗ്നസ്. ഫ്ലോറന്‍ സില്‍ മഠം തുടങ്ങിയപ്പോള്‍ അനുജത്തി ആഗ്നസിനെ ക്ലാര അങ്ങോട്ട് അയച്ചതാണ്. ചേച്ചി ഏറെ രോഗിയായി എന്നറിഞ്ഞ്,  ചേച്ചിയെ ശുശ്രൂഷിക്കാനും അവസാന നാളുകള്‍ ചേച്ചിയോടൊപ്പം ചെലവഴിക്കാ നുമായി ക്ലാരയുടെ മരണത്തിന് ഏതാനും മാസം മുമ്പ് മാത്രമാണ് ആഗ്നസ് അസ്സീസിയിലേക്ക് തിരിച്ചു വന്നത്. അപ്പോഴാണ് നീണ്ട പതിറ്റാണ്ടുകള്‍ക്കു ശേഷം അവര്‍ തമ്മില്‍ കാണുന്നത്. അനുജത്തി ആഗ്നസ് പിന്നീട്, അസ്സീസിയിലെ വിശുദ്ധ ആഗ്നസായി മാറി. ബൊഹീമിയയിലെ ഓട്ടകര്‍ രാജാവിന്‍റെയും ഹങ്കറിയില്‍ നിന്നുള്ള കോണ്‍സ്റ്റന്‍സ് രാജ്ഞിയു ടെയും മകളായിരുന്നു ഇനി പറയുന്ന ആഗ്നസ് - രാജകുമാരി. അവള്‍ ജീവിച്ചതാകട്ടെ ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗില്‍. ക്ലാരയെക്കാള്‍ 9 വയസ്സ് ഇളപ്പം. അവളാകട്ടെ, തനിക്ക് വിവാഹം വേണ്ട എന്നു പറഞ്ഞ് ജീവിക്കുകയും. അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതാകട്ടെ, റോമന്‍ ചക്രവര്‍ത്തിയായ ഫ്രെഡറിക് രണ്ടാമനും! അതായത്, വിവാഹം കഴി ഞ്ഞാല്‍ അവള്‍ ചക്രവര്‍ത്തിനിയാണ്. തന്‍റെ നാട്ടില്‍ പ്രസംഗിച്ച് എത്തിയ ഫ്രാന്‍സിസ്കന്‍ സഹോദ രന്മാരെ 1232ലാണ് ആഗ്നസ് പരിചയപ്പെട്ടത്. അവരില്‍ നിന്നാണ് ഇറ്റലി രാജ്യത്തെ അസ്സീസിയില്‍ ക്ലാര എന്ന വിശുദ്ധയായ ആബസ്സിനെയും അവളുടെ സഹോദരിഗണത്തെയും കുറിച്ച് ആഗ്നസ് കേള്‍ക്കുന്നത്. കേട്ടറിഞ്ഞതില്‍ നിന്നുതന്നെ തനിക്ക് ക്ലാരയുടെ സന്ന്യാസ നിയമമനുസരിച്ച് ക്ലാരയെ പ്പോലെ ജീവിക്കണം എന്ന് അവള്‍ ആഗ്രഹിക്കുന്നു. അതനുസരിച്ച് ആഗ്നസ് ക്ലാരക്ക് കത്തെഴുതുന്നു. ആയിരത്തി ഇരുന്നൂറിലധികം കിലോമീറ്റര്‍ അകലേക്ക് അക്കാലത്ത് ഒരു കത്ത് നടന്നെത്തണമെങ്കില്‍ മാസ ങ്ങള്‍ എടുക്കുമായിരുന്നു. ആഗ്നസിന്‍റെ കത്തുകള്‍ ക്കുള്ള മറുപടിയായി ക്ലാരയുടെ പലപ്പോഴുള്ള നാലു കത്തുകളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ക്ലാര എഴുതിയ നിയമാവലി ഉണ്ടെങ്കില്‍ പോലും അവളുടെ മിസ്റ്റിസിസത്തെയും ആധ്യാത്മികമായ ആഴങ്ങളെയും കുറിച്ച് ഇന്ന് നമുക്കറിയാന്‍ പറ്റുന്നത് അവളുടെ ഈ നാല് കത്തുകളില്‍ നിന്നാണ്.

ഈ അടുത്ത കാലത്തായി 'ക്രിസ്തുവിന്‍റെ മണവാട്ടിമാര്‍' എന്ന ഭക്തിയുടെ രൂപകം നമ്മുടെ നാട്ടില്‍ ഏറെ അപഹസിക്കപ്പെടുന്നുണ്ട്. സത്യത്തില്‍ വേദഗ്രന്ഥത്തിലെ ഏറ്റവും മിസ്റ്റിക് തലങ്ങളുള്ള ഒരു പുസ്തകം ഉത്തമഗീതമാണ്. ആ അര്‍ത്ഥത്തില്‍ അതിനെ വായിക്കാന്‍ കഴിയാത്തവര്‍ക്ക് അതൊരു മഞ്ഞപുസ്തകം പോലെ തോന്നിയേക്കാം. ദൈവത്തെ കാമിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന മനുഷ്യാത്മാവിന്‍റെ രൂപകമാണ് അതിന്‍റെ അടിസ്ഥാന ഭാഷ. ക്ലാരയുടെ ആത്മീയതയും ക്രിസ്തുവിനോടുള്ള അഗാധമായ പ്രണയമായിരുന്നെന്ന് നാം ഈ കത്തുകളില്‍ നിന്ന് തിരിച്ചറിയുന്നുണ്ട്. ക്ലാര ആഗ്നസിനെഴുതുന്നു: 'നിന്നെ ഏറ്റം പ്രിയ സഹോദരീ എന്നാണോ, മഹത്തായ ആദരവര്‍ഹിക്കുന്ന വനിത യെന്നാണോ ഞാന്‍ വിളിക്കേണ്ടത്? എന്തെന്നാല്‍, നീ എന്‍റെ കര്‍ത്താവായ ഈശോമിശിഹായുടെ പ്രിയ തമയും അമ്മയും സഹോദരിയും ആണല്ലോ'(L.1:12). വീണ്ടും തന്‍റെ മിസ്റ്റിക് അനുഭവം ക്ലാര ഇങ്ങനെ എഴുതുന്നു: 'നീ അവനെ സ്നേഹിക്കുമ്പോള്‍ നീ ബ്രഹ്മചാരിണിയാകും, നീ അവനെ തൊടുമ്പോള്‍ നീ പരിശുദ്ധയാകും, നീ അവനെ സ്വീകരിക്കുമ്പോള്‍, നീയൊരു കന്യകയാവും' (L. 1:8). (കൃഷ്ണ ഭക്തിയില്‍ മീരാഭായിയെയും സുഗതകുമാരിയെയും രമേശന്‍ നായരെയും വരെ മനസ്സിലാകുന്ന നമുക്ക് ക്ലാരയെ കൂടുതല്‍ മനസ്സിലാവേണ്ടതാണ്). ഓരോ മനുഷ്യാ ത്മാവും ക്രിസ്തുവിന്‍റെ മണവാട്ടി തന്നെ. ഫ്രാന്‍ സിസും ഈ രൂപകം തന്നെക്കുറിച്ച് ഉപയോഗിക്കുന്നത് കാണാം. ദൈവത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല.

ക്ലാര വീണ്ടും എഴുതുന്നു: 'നിനക്കു വേണ്ടി നിന്ദിതനായവനെ നോക്കുക. അവനുവേണ്ടി ലോകത്തിനു മുമ്പാകെ നീ നിന്ദിതയാവുക'(L. 2:19). ഒരു യുവതി തനിക്കു ചേര്‍ന്ന പുരുഷനെ കണ്ടെത്തുന്നതിന്‍റെ രൂപഹാവാദികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ വാക്യം. അവളുടെ രണ്ടാം കത്തിലുള്ളതിലെ നാല് ക്രിയകള്‍ ഇങ്ങനെയാണ്. 'നീ അവനെ കടാക്ഷിക്കുക; അവനെ പരിഗണിക്കുക; അവനെ ധ്യാനിക്കുക; അവനെ അനുഗമിക്കുക' (L. 2: 20).  ഈ നാല് കാര്യങ്ങളാണ് ക്ലാരയുടെ ആധ്യാത്മികതയിലെ പ്രാര്‍ത്ഥനയുടെ നാല് തലങ്ങളായി ശ്രദ്ധിക്കപ്പെടുന്നത്. ക്ലാരയെ സംബന്ധിച്ചിടത്തോളം ഈ നാലു തലങ്ങളിലൂടെ കടന്നുപോകുന്നതാണ് പ്രാര്‍ത്ഥന. ക്ലാരയുടെ ആത്മീയ ദര്‍ശനമനുസരിച്ച് അവനെ അനുഗമിക്കാത്ത പ്രാര്‍ത്ഥനയൊന്നും പ്രാര്‍ത്ഥനയല്ല എന്നുള്ളതാണ്. അവന്‍റെ സ്നേഹത്തെ, എളിമയെ, ദാരിദ്ര്യത്തെ, ആര്‍ദ്രതയെ, സഹാനുഭൂതിയെ, ദൈവാശ്രയബോ ധത്തെ ഒക്കെ നമുക്ക് ഇങ്ങനെ ധ്യാനിച്ചു പ്രാര്‍ത്ഥി ക്കാനാവും.

ക്രിസ്തുവിനെ കണ്ണാടിയായി അഭിവീക്ഷിക്കുന്ന മിസ്റ്റിക്കല്‍ രൂപകം ക്ലാര ധാരാളമായി ഉപയോഗി ക്കുന്നുണ്ട്. അവനാണ് മരത്തില്‍ തൂക്കിയ നിന്‍റെ കണ്ണാടി. അതാണവള്‍ക്കും ക്രിസ്തു. അവനിലേക്ക് നോക്കുമ്പോള്‍ ക്ലാര തന്നെത്തന്നെയാവണം കാണുന്നത്. അങ്ങനെ നോക്കാനാണ് നാലാമത്തെ കത്തില്‍ അവള്‍ ആഗ്നസിന് എഴുതുന്നത്.

ക്ലാരയെക്കൂടാതെ ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം ഒരിക്കലും പൂര്‍ണ്ണമാകില്ല. തന്‍റെ നാഥനുവേണ്ടി സ്നേഹത്താല്‍ തുടിക്കുന്ന ഹൃദയമാണ് ക്ലാര. തന്‍റെ പ്രാണപ്രിയന്‍ നടന്ന നിണവഴികളിലൂടെയെല്ലാം അവനോടുള്ള രാഗത്താല്‍ മറ്റെല്ലാറ്റിനോടും വിരാഗത്തോടെ, അവനോടുചേര്‍ന്ന് നടക്കുന്നവളാണ് ക്ലാര. തന്നോടുതന്നെ എത്ര കാര്‍ക്കശ്യം കാട്ടു മ്പോഴും മാനുഷികത്വം വെടിയാത്തവളാണ് ക്ലാര. പൊതുസമൂഹത്തിലെ ഉച്ചനീചത്വത്തിന്‍റെ സാംസ്കാ രിക വിഴുപ്പുകള്‍ സമൂഹത്തില്‍ പ്രവേശിക്കാതെ സൂക്ഷിക്കുന്നവളാണ് ക്ലാര. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയിലും വിശ്വാസത്തിലും അള്‍ത്താരയില്‍നിന്ന് അരുളിക്കയുമെടുത്ത് ധീരമായി പുറത്തുവന്ന് ഫ്രെഡറിക് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ (മാര്‍പാപ്പക്ക് എതിരേയുള്ള) സൈനികാക്രമണത്തില്‍ നിന്ന് രണ്ടു തവണ അസ്സീസി പട്ടണത്തെ രക്ഷിച്ച വളാണ് ക്ലാര. തന്‍റെ നാഥനെ സമ്പൂര്‍ണ്ണമായി സ്നേഹിക്കാനും അനുഗമിക്കാനുമായി സഭയുടെ അധികാര കേന്ദ്രങ്ങളോട് ഒരു മാത്ര പിന്നോട്ടില്ലാതെ പോരാടിയവളാണ് ക്ലാര. സഭാചരിത്രത്തില്‍ ആദ്യ മായി ഒരു സന്ന്യാസ ജീവിത നിയമാവലി എഴുതി യുണ്ടാക്കി, അതില്‍ മാര്‍പാപ്പയുടെ അംഗീകാരമുദ്ര വാങ്ങിച്ചെടുത്ത ഏക സ്ത്രീയാണ് ക്ലാര. കരുത്തുള്ള, തന്‍റെ ആത്മാവിന്‍റെ മണവാളനു വേണ്ടി മാത്രം തരളിതയാകുന്ന, മഹോന്നതന്‍റെ ഈ മണവാട്ടിയെ നമ്മുടെ തലമുറ ഇനിയും ഇനിയും ഏറെ മനസ്സിലാക്കേണ്ടതായിട്ടുണ്ട്!

You can share this post!

ഏപ്രില്‍ 2: ഓട്ടിസം ഡേ-ഓട്ടിസം

ഡോ. മെറിന്‍ പുന്നന്‍ PhD
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts