മരിച്ചവര്‍പോലും മടങ്ങിവരുന്നുണ്ട്, ജീവിച്ചിരിക്കുന്നവര്‍ വച്ചുനീട്ടുന്ന അന്നത്തിലേക്ക്. ധനുഷ്കോടിയില്‍ നില്ക്കുമ്പോളാണതു തോന്നിയത്. പലതരം ധാന്യങ്ങള്‍ ചേര്‍ത്തുകുഴച്ച് ഓരോരോ അളവിലുള്ള ഉരുളകളുമായി തീരത്ത് കാര്‍മ്മികര്‍. തീരെ ചെറിയ ആ ഉരുള ആര്‍ക്കായിരിക്കും? ഭൂമിയുടെ വിരുന്നുകളില്‍നിന്ന് അമ്മയുടെ മാമം മാത്രം നുണഞ്ഞ് മറഞ്ഞൊരു കുഞ്ഞിനുവേണ്ടിയാണോ? പല താളത്തിലിപ്പോള്‍ കൈകൊട്ടു കേള്‍ക്കാം, തിരികെ വിളിക്കുകയാണ് മരിച്ചവരെ. അന്നമെന്ന അപൂര്‍വ്വ സുകൃതത്തിന്‍റെ പ്രലോഭനം കാട്ടി... ഒന്നോര്‍ത്താല്‍ ഒരു നനവ് ഭൂമിയിലുള്ള എല്ലാവരുടേയും മിഴികളിലുണ്ട്. ഉണ്ണുന്നവരുടെയും ഊട്ടുന്നവരുടെയും ഉള്ളിലൂടെ എന്തൊക്കെയാണ് ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്.
തീന്മേശയിലേക്ക് മടങ്ങിവരാന്‍ എല്ലാവരും കൊതിക്കുന്നുണ്ട്. ഒരു ധൂര്‍ത്തപുത്രന്‍പോലും അതാണ് കാംക്ഷിക്കുന്നത്. ഇപ്പോള്‍ അയാള്‍ ദയാശൂന്യമായ ഒരു വറുതിയിലാണ്. അവിടെ സ്നേഹത്തിന്‍റെ അകകാമ്പില്ലാത്ത തവിടുകൊണ്ടുപോലും മനുഷ്യന്‍ പശിയടക്കിയെന്നിരിക്കും. അതുപോലും ഇല്ലാതെ പോകുമ്പോള്‍ അയാള്‍ പിന്നിലുപേക്ഷിച്ച വീട്ടുമേശയുടെ സുഗന്ധങ്ങളെ ഓര്‍ക്കുന്നു. ഓരോ രസമുകുളങ്ങളും നിലവിളിക്കുന്നു- മടങ്ങിപ്പോകൂ. തിരികെ വന്നവന്‍ മരിച്ചവനെപ്പോലിരിക്കുന്നുവെന്നാണ് വീടു പരാതിപറഞ്ഞത്. ഒരാള്‍ മടങ്ങിവരുമ്പോള്‍ അയാള്‍ക്ക് ഏറ്റവും നല്ലതു വിളമ്പണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊല്ലുക. കൊഴുത്ത കാളക്കുട്ടി വേദത്തിന്‍റെ ഭാഷാന്തരങ്ങളില്‍ സംഭവിച്ച കൈയബദ്ധമാണ്. കൂട്ടത്തില്‍ ഏറ്റവും മേദസ്സുള്ള ഒന്നിനെ തിരയുകയെന്നല്ല മറിച്ച് ഒരാള്‍ വരുമെന്നോര്‍ത്ത് നേരെത്തെതന്നെ ഒന്നിനെ വേര്‍തിരിച്ച് പ്രത്യേക പരിചരണം നല്‍കി അതിനെ മേദസ്സുറ്റതാക്കിയതാണ്.
മാനസാന്തരത്തിന് വീട്ടുമേശയിലേക്കുള്ള മടക്കയാത്ര എന്നും അര്‍ത്ഥമുണ്ടെന്നു തോന്നുന്നു. പുതിയ കാലത്തിന്‍റെ അമിതവേഗങ്ങളില്‍ വളരെയെളുപ്പത്തില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാവുന്നത് അതിന്‍റെ സുകൃതങ്ങളാണെന്നു തോന്നുന്നു. ഒരുമിച്ചുള്ള ഭക്ഷണംപോലെ ഹൃദ്യമായിട്ടെന്തുണ്ട്. തെല്ലൊന്നു മനസ്സുവച്ചാല്‍ മേശയ്ക്കുചുറ്റുമുള്ള ആ പഴയ അത്താഴശീലത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. ഒറ്റയ്ക്ക് ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ച് മനസ്സുകൊണ്ടെങ്കിലും ചാരത്തിരിക്കുന്നയാള്‍ക്ക് ഒരു പിടി വാരിക്കൊടുത്ത്... അങ്ങനെയാണ് തീന്മേശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം നിലനില്‍ക്കുന്നു എന്നുപറയുന്നതുപോലെ ഒരുമിച്ച് ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്നു തോന്നുന്നു.
ദൈവത്തെപ്പോലും രുചിച്ചറിയണമെന്ന സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നവരുടെ ഭൂമികയിലായിരുന്നു നസ്രത്തിലെ യേശുവിന്‍റെ വാഴ്വ്. എത്ര മധുരമാണതെന്നു മിഴിയടച്ച് കിന്നരത്തിന്‍റെ തന്ത്രികളെ തൊട്ടവര്‍ പാടുമ്പോള്‍ ഹൃദയം നിലച്ചുപോകുന്നതുപോലെ. വേദത്തിന്‍റെ ചുരുളുകള്‍പോലും വായിക്കുന്നുവെന്നല്ല ഭക്ഷിക്കുന്നുവെന്നു പറയാനാണ് അവര്‍ താല്പര്യപ്പെട്ടത്. എന്നിട്ടത് തേന്‍പോലെ ഉള്ളില്‍ കിനിയുന്നുവെന്നു സാക്ഷ്യപ്പെടുത്തുകയും. ഭക്ഷണം അങ്ങനെ അഴകും ആഴവുമുള്ള ഏതൊരനുഭവത്തെയും അടയാളപ്പെടുത്താനുള്ള സൂചനയായി മാറി. നിന്‍റെ കുഞ്ഞുങ്ങള്‍ മേശക്കുചുറ്റും ഒലിവുനാമ്പുകള്‍ പോലെയും നിന്‍റെ സഖി മുന്തിരിവള്ളിപോലെയും വ്യാപരിക്കട്ടെയെന്ന പ്രസാദസങ്കീര്‍ത്തനം തന്നോടുതന്നെ ആശംസിക്കാത്ത ഏതൊരാളുണ്ടാവും. അന്നംകൊണ്ട് ജീവിതത്തെ വിമലീകരിക്കാമെന്ന സുവിശേഷമാണ് ക്രിസ്തു അതിനോടു ചേര്‍ത്തു പാകപ്പെടുത്തിയത്.
അതങ്ങനെ തന്നെയാണ്. ചുങ്കക്കാരോടും പാപികളോടും ഒപ്പം ഭക്ഷണത്തിനിരുന്നവന്‍ എന്നാണ് അവന്‍റെ കാലം അവനെ പരിഹസിച്ചത്. എന്നാല്‍ അതിനുശേഷം അവര്‍ക്കൊക്കെ എന്തു സംഭവിച്ചുവെന്ന് ആരും ആരാഞ്ഞില്ല. അത്തരം പന്തിഭോജനങ്ങള്‍ക്കുശേഷം അവര്‍ കുളിച്ചുകയറിയവരെപ്പോലെ നിര്‍മ്മലരായി. ചുങ്കക്കാരന്‍ മത്തായിയുടെ മാനസാന്തരം ഒറ്റപ്പെട്ട കഥയല്ല, വിരുന്നുകളുടെ ശ്രേഷ്ഠതയ്ക്ക് ഇണങ്ങിയ മട്ടില്‍ തങ്ങളെതന്നെ ഔന്നത്യങ്ങളിലേക്ക് ഉയര്‍ത്തിയാണ് ഓരോരുത്തരും മേശവിട്ടുപോയത്. ഒരു വിരുന്നിനുശേഷം ഒരാളും ഒരിക്കലും പഴയ മനുഷ്യനല്ല. ഒര്‍ക്കുന്നുണ്ട്. ആ പഴയ കഥ. ആവൃതിയിലെത്തിയ ഒരു മോഷ്ടാവ്. കൈത്തരിപ്പൊക്കെ അവന്‍റെമേല്‍ തീര്‍ത്ത സന്ന്യാസികള്‍. പിന്നെ അത്താഴത്തിനെത്തിയ ഫ്രാന്‍സീസിനോട് അവരതിനെക്കുറിച്ച് മേനി പറഞ്ഞു. അയാളുടെ മിഴികള്‍ നിറഞ്ഞൊഴുകി. കാരണം ആരാഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞു: "സഹോദരന്‍ കള്ളന്‍ വിശന്നിട്ട് നമ്മുടെ വീട്ടില്‍ അതിഥിയെപ്പോലെ എത്തിയിട്ട് അവനെ ഊട്ടുന്നതിനുപകരം പ്രഹരിച്ചതെന്തിന്?" പിന്നെ നടന്നത് അതീവ ലാവണ്യമുള്ള ഒരു കാര്യമായിരുന്നു. തങ്ങളുടെ ഭാഗം ഭക്ഷണം വിളമ്പിയെടുത്തിട്ട് ഓരോരുത്തരും മഞ്ഞുവീഴുന്ന മലഞ്ചെരിവുകളിലൂടെ ആ രാവില്‍ ഇങ്ങനെ നിലവിളിക്കുകയാണ്: "സഹോദരന്‍ കള്ളാ, വന്ന് അത്താഴം കഴിക്കുക." ആ വിളി കേട്ടിട്ട് പൈന്‍വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചിരിക്കുന്ന അയാള്‍ പുറത്തേക്കു വരും. പിന്നെ ഭക്ഷണത്തില്‍ വീഴുന്ന കണ്ണീരുപ്പ് ശ്രദ്ധിക്കാതെ സ്വപ്നത്തിലെന്നതുപോലെ അയാള്‍ അത് ആഹരിച്ചിട്ടുണ്ടാവും. ഇനി അയാളും പഴയതല്ല...
ഒരുമിച്ച് വിരുന്നുണ്ടയൊരാള്‍ക്ക് ഇടറാനുള്ള സാദ്ധ്യത തുലോം കുറവാണ്. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെക്കാള്‍ കഠിനമായ ദുരോഗ്യം വേറെയില്ല. അതുകൊണ്ടാണ് ക്രിസ്തു ഇങ്ങനെ വ്യസനിച്ചത്: എന്നോടൊപ്പം ഭക്ഷണത്തിനിരിക്കുന്ന ഒരാളുടെ ഹൃദയം എനിക്കെതിരേ കഠിനമാകുന്നത് ഞാന്‍ അറിയുന്നുണ്ട്. ദാവീദിന്‍റെ സങ്കീര്‍ത്തനം നാമോര്‍ക്കുന്നു. ശത്രുവാണ് അതു ചെയ്തിരുന്നതെങ്കില്‍ എനിക്കു പരാതിയില്ല, എന്നാല്‍ ഒരുമിച്ച് അപ്പം പങ്കിട്ട എന്‍റെ മിത്രമേ ചങ്കു തുറന്നുകാട്ടിയ ഒരത്താഴത്തിനുശേഷവും എന്തുകൊണ്ടാണ് ജൂഡസ്സിന്‍റെ ഹൃദയം കഠിനമായത്. അത്താഴത്തിനിടയില്‍ ഇറങ്ങിപ്പോയ ഒരാള്‍ എന്നാണ് സുവിശേഷം അയാളെ രേഖപ്പെടുത്തുന്നത്. പുറത്ത് ഇരുട്ടായിരുന്നുവെന്നൊരു വരി കൂടെയുണ്ട്. മേശയുടെ പ്രകാശത്തില്‍നിന്ന് ഇറങ്ങിപ്പോയവരെ കാത്തിരിക്കുന്ന ശിരോലിഖിതം അതായിരിക്കണം- ഇരുട്ട്, കൊടിയ ഇരുട്ട്. ഇറങ്ങിപ്പോയ ഒരിടം ഇനിയുള്ള എല്ലാ അത്താഴത്തിലും ശൂന്യമായിതന്നെ കിടക്കും.
വിരുന്നിനെ ഉപവാസത്തിനു തുല്യമായി പ്രതിഷ്ഠിക്കുക വഴി ഭക്ഷണമേശയെ ക്രിസ്തു ദിവ്യമായ പ്രതലങ്ങളിലേക്ക് വാഴ്ത്തിവയ്ക്കുകയായിരുന്നു. പൊതുവേയുള്ള ഗുരുക്കന്മാരുടെ നടപ്പുരീതിയായിരുന്നു അത്. നാല്പതോളം വിരുന്നുമേശകളിലായി അവിടുത്തെ കാണാമെന്നു ചില സുവിശേഷ നിരീക്ഷണങ്ങളൊക്കെയുണ്ട്. ഊട്ടുമേശയായിരുന്നു ക്രിസ്തുവിന് ഏറ്റവും പ്രിയപ്പെട്ട പാഠശാല. കാരണം അവിടെ നിറഞ്ഞുതുളുമ്പുന്ന സ്വഭാവിക ജീവിതമുണ്ട്. സരളവും സുമധുരവുമായ ശരീരഭാഷയുണ്ട്. അതിഥിയും ആതിഥേയനും അപ്പവുമൊക്കെയായി ആന്ദോളനമാടിയ അവിടുത്തെ വാഴ്വ്. അവിടുത്തെ മൊഴികളില്‍ പുതുയുഗക്രമത്തിലെ ഭക്ഷണസംസ്കാരത്തിന്‍റെ പ്രകാശമുള്ള മുദ്രകളുണ്ട്.
സ്നേഹപൂര്‍വ്വവും നന്ദിയോടും ആഹരിക്കുവാന്‍ അവിടുന്ന് വിരുന്നുകാരെ ഓര്‍മ്മിപ്പിക്കുന്നു. ഒരു കഥപോലും അവിടുന്ന് അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. യാതൊരുവിധ യോഗ്യതകളും ഇല്ലാത്തവര്‍ക്ക് അന്‍പാര്‍ന്ന ഒരു യജമാനന്‍ വച്ചുവിളമ്പുന്ന വിരുന്ന്. വിരുന്നിന്‍റെ നേരം വന്നപ്പോഴാണ് അയാള്‍ അതു ശ്രദ്ധിച്ചത്, മേശയുടെ ശ്രേഷ്ഠതയ്ക്ക് ഇണങ്ങാത്ത വസ്ത്രം ധരിച്ച ഒരാള്‍. ആദ്യകാല കൈയെഴുത്തു പ്രതികളില്‍, നിന്‍റെ വെള്ളയങ്കിക്കെന്തുപറ്റിയെന്നാണ് യജമാനന്‍റെ ചോദ്യം. അടിമുടി ഒരാളെ പൊതിഞ്ഞുനില്‍ക്കുന്ന സ്നേഹമാണ് ഈ വെള്ളയങ്കി. അതില്‍ ചെളിപുരണ്ടാല്‍ വിരുന്ന് ശരീരത്തെ മാത്രമേ തൃപ്തിപ്പെടുത്തുകയുള്ളൂ. മേശയില്‍ ഇരിക്കുമ്പോഴും അയാളുടെ മനസ്സ് ഖേദത്തിലും ക്ഷോഭത്തിലുംപെട്ട് ഉഴലുകയാണ്.
ആദരപൂര്‍വ്വം ഓരോ വിഭവത്തെയും തൊടണമെന്നും അവിടുന്ന് ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ മേശയില്‍ വിളമ്പിയതിനെ വിളമ്പുകയെന്ന ലൂക്കാ 10.8 ലെ വചനം ഋജുവായി വിചാരിക്കുമ്പോള്‍ അതുതന്നെയാണ്. സാധാരണമെന്നു വിശേഷിപ്പിക്കുന്ന ഒരു വിഭവത്തിനു പിന്നില്‍പ്പോലും നിന്‍റെ പെണ്ണ് കൊണ്ട ചൂടും പുലര്‍ത്തിയ ക്ഷമയുമൊക്കെ ധ്യാനിച്ച് നമ്രതയോടെ മാത്രമേ അന്നമുണ്ണാനാകൂ. ഒരപ്പത്തുണ്ട് എടുക്കുമ്പോള്‍പോലും കൃതജ്ഞതാഭരിതമായി അവിടുത്തെ ഹൃദയം എന്ന് പുതിയ നിയമം രേഖപ്പെടുത്തുന്നുണ്ട്. ദീര്‍ഘമായ ഒരു യാത്രയില്‍ ഒരിക്കല്‍പ്പോലും അവിടുത്തെ ക്രിസ്തുവായി തിരിച്ചറിയാത്ത രണ്ട് ശിഷ്യന്മാര്‍ അന്തിയില്‍ അവിടുന്ന് അപ്പമെടുത്ത സവിശേഷരീതി കണ്ടിട്ടാണ്, അത് ക്രിസ്തുവാണെന്ന് ഹര്‍ഷത്തോടെ വിളിച്ചുപറഞ്ഞത്. സ്വന്തം നെറ്റിയുടെ വിയര്‍പ്പില്‍ നിന്ന് അപ്പം ഭക്ഷിക്കുകയെന്ന പഴയ നിയമത്തിന്‍റെ ഹുങ്ക് ക്രിസ്തുവില്‍ അവസാനിക്കുകയാണ്. കുറെയധികംപേരുടെ വിയര്‍പ്പില്‍നിന്ന് ഒരോഹരി വിനയപൂര്‍വ്വം എടുക്കുകയാണെന്ന് പുതിയ പാഠം ആരംഭിച്ചു.
നല്ലൊരു ആതിഥേയന്‍ കൂടിയാണ് ക്രിസ്തു. സുവിശേഷം അവസാനിക്കുമ്പോള്‍ തീകൂട്ടി അതില്‍ അപ്പവും മീനും ചുട്ട് ശിഷ്യര്‍ക്കു വിളമ്പുന്ന ക്രിസ്തു തീരത്തു നില്‍പ്പുണ്ട്. അഗാധമായ കരുതലില്‍ നിന്നുവേണം എന്തും വിളമ്പാനെന്ന് അവിടുന്ന് മറ്റുള്ളവര്‍ക്കുവേണ്ടി മേശയൊരുക്കുന്ന ഏതൊരാളോടും മന്ത്രിക്കും. അത് അങ്ങനെയല്ല എന്നു തോന്നുമ്പോള്‍ അത് തെളിച്ചുപറയാനുള്ള ആര്‍ജ്ജവം ക്രിസ്തുവിനുണ്ട്. ശിമയോന്‍റെ വിരുന്നുമേശയില്‍ ക്രിസ്തു സ്വാസ്ഥ്യത്തിലായിരുന്നില്ല. ചുംബനവും ആലിംഗനവുമില്ലാതെ ആരംഭിച്ച വിരുന്നാണത്. അതിനിടയില്‍ എപ്പോഴോ, ഉടലിന്‍റെ ഭ്രമങ്ങളില്‍ ഇടറിനിടന്നിരുന്ന ഒരു സ്ത്രീ ഒരു പൂച്ചക്കുഞ്ഞുരുമ്മതുപോലെ അവന്‍റെ ചരണങ്ങളില്‍ ഇരുന്നു. തെരുതെരെ കാല്പാദങ്ങള്‍ ചുംബിച്ചു. ഭൂതകാലത്തില്‍ പൊള്ളി വല്യവായില്‍ നിലവിളിച്ചു. അവന്‍റെ ആതിഥേയന്‍ വിചാരിച്ചു ഏതു തരം സ്ത്രീയാണ് അവളെന്ന് അവന് അറിയുമോ. ഹൃദയങ്ങള്‍ വായിക്കുകയാണ് ക്രിസ്തുവിന് ഏറ്റവും എളുപ്പം. ക്രിസ്തു പറഞ്ഞു: "ശിമയോനെ നോക്കണം അവളെത്ര മാത്രം സ്നേഹിക്കുന്നുവെന്ന്." അതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ ഭക്ഷണമാമാങ്കത്തിനു പിന്നില്‍ ഉപ്പിനുപോലും സ്നേഹമില്ലെന്ന്. അത് വിളമ്പുന്നവരെ എല്ലാക്കാലങ്ങളിലും മൊട്ടുസൂചിയില്‍ നിറുത്തുന്ന വചനമാണ്. ഹാ വിഷം പടരുന്ന വിരുന്നുകള്‍. വിഭവങ്ങളുടെ ബാഹുല്യമല്ല വിളമ്പുന്നവരുടെ കരുതലും കരുണയുമാണ് വിരുന്നുകളുടെ രുചി തീര്‍ക്കുന്നതെന്ന്. ഒരു കുട്ടകം നിറയെ ചോറുണ്ടിട്ടും പാക്കനാര്‍ക്കു വയറു വിശക്കുന്നു. ഒരരവറ്റ് അതില്‍നിന്ന് കണ്ടെത്തി അയാളുടെ നാവിന്‍തുമ്പില്‍വച്ച് ജ്യേഷ്ഠന്‍ പറയുന്നു: 'അനുജാ, നീ ഉണ്ണ്' നിറമിഴികളോടെ അയാള്‍ പറഞ്ഞു: 'ഇപ്പം വയറു നിറഞ്ഞു. ഇപ്പം മാത്രം.'
ഒടുവില്‍, അങ്ങനെയും ഒരു ക്ഷണമുണ്ട്. സ്വയം അന്നമാകാന്‍. ഈ അപ്പം ഭക്ഷിക്കുമ്പോഴൊക്കെ നിങ്ങള്‍ എന്നെത്തന്നെയാണ് ഭക്ഷിക്കുന്നത്. ഈ ചഷകത്തില്‍ നിന്ന് കുടിക്കുമ്പോള്‍ എന്‍റെ തന്നെ രുധിരം. ഭക്ഷണത്തോടൊപ്പം നിലനില്‍ക്കുന്ന ഭക്ഷണത്തെക്കാള്‍ രുചിയുള്ള സ്മൃതിയായി നിങ്ങളുടെ ഉറ്റവര്‍ നിങ്ങളെ കൊണ്ടാടട്ടെ - കുര്‍ബ്ബാനപോലെ. ഏതൊരമ്മക്കും അതു മനസ്സിലാകും. ഒരായുസ്സു മുഴുവന്‍ വിറകൂതിയും സ്വയം പുകഞ്ഞും അവള്‍ വിളമ്പിയ അത്താഴത്തെക്കാള്‍ അവളും നമ്മളും ഓര്‍മ്മിക്കാന്‍ പോകുന്നത് അവളെത്തന്നെ ഭക്ഷിക്കുവാന്‍ തന്ന ആ ചെറിയ കാലമായിരിക്കില്ലേ. തിന്നിട്ടും തിന്നിട്ടും തീരാത്ത ഉരുളയെന്ന് കുട്ടിക്കാലത്ത് നമ്മള്‍ പറഞ്ഞിരുന്ന ആ കടംങ്കഥയുടെ ഉത്തരം. അവിടെയാണ് ജീവിതത്തിന്‍റെ സാഫല്യം. സ്വയം അന്നമായി നിന്‍റെ പ്രാണനില്‍ അലിയുമ്പോള്‍...