news-details
മറ്റുലേഖനങ്ങൾ

മൃതശരീരങ്ങള്‍ മെച്ചപ്പെട്ട ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചത് എച്ച്. ജി. വെല്‍സാണ്. മൃതശരീരങ്ങള്‍ മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിനുപകരം മെഡിക്കല്‍സ്കൂളുകളില്‍ പഠനത്തിനായി നല്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.

ഈ നിര്‍ദ്ദേശത്തെ തീവ്രവലതുപക്ഷ മതമൗലികവാദികള്‍ നഖശിഖാന്തം എതിര്‍ക്കുമെന്നതു തീര്‍ച്ചയാണ്. ഇസ്ലാമികപഠനമനുസരിച്ച് മൃതശരീരങ്ങള്‍ മരണം നടന്ന് 24 മണിക്കൂറിനകം മറവുചെയ്യപ്പെട്ടിരിക്കണം. മറ്റ് മതവിശ്വാസങ്ങളും വെല്‍സിനെപ്പോലുള്ളവരുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുകതന്നെ ചെയ്യും. കുടുംബക്കാരും പ്രിയപ്പെട്ടവരും അത്തരമൊരു തീരുമാനത്തെ ഭീതിപൂര്‍വ്വകമായ സങ്കടപ്പെരുമഴയില്‍ തള്ളിക്കളയും. എങ്ങനെയാണ് നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ (മകന്‍റെ, അപ്പന്‍റെ, അമ്മയുടെ) ശരീരം മെഡിക്കല്‍സ്കൂളിന്‍റെ പഠനമേശപ്പുറത്ത് കീറിമുറിക്കപ്പെടുന്നതിനെക്കുറിച്ചും അവയവങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നതിനെക്കുറിച്ചും ചിന്തിക്കാനാവുക? തികച്ചും ഞെട്ടിപ്പിക്കുന്നതും അചിന്തനീയവുംതന്നെ!

വൈദ്യശാസ്ത്രത്തിന് ഉപയുക്തമായ അവയവങ്ങള്‍ മരണശേഷം ദാനംചെയ്യുന്നതിനെക്കുറിച്ചു ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്. ഒരിക്കല്‍ എന്‍റെയൊരു സുഹൃത്ത് അദ്ദേഹത്തിന്‍റെ വൃക്കകളിലൊന്ന് ഇപ്പോള്‍തന്നെ ദാനംചെയ്യാന്‍ തയ്യാറാണെന്നു പറഞ്ഞതു ഞാനോര്‍ക്കുന്നു.  ഒരു വൃക്കകൊണ്ട് ഒരാള്‍ക്കു യാതൊരു പ്രശ്നവുമില്ലാതെ ജീവിക്കാനാവുമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഞാനും ഒപ്പം ഞങ്ങളുടെ സൗഹൃദവലയത്തിലുണ്ടായിരുന്ന പലരും ഈയൊരു നിര്‍ദ്ദേശത്തെ അനാവശ്യമായ ഒന്ന് എന്ന നിലയിലാണ് വിലയിരുത്തിയത്. മഹത്വപൂര്‍ണ്ണമായ ഒരു മാനവസേവനം എന്ന നിലയിലാണിതെങ്കില്‍ ഇങ്ങനെ മറ്റു പലതിനെക്കുറിച്ചും ചിന്തിക്കാനാവും. അതേ മാനദണ്ഡമുപയോഗിച്ചുതന്നെ എന്തുകൊണ്ട് രണ്ടു കണ്ണുകളിലൊന്ന് ദാനംചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചുകൂടാ എന്ന എന്‍റെ വാദം അദ്ദേഹത്തിനു ബോധ്യപ്പെട്ടതായി തോന്നി. ഏതായാലും പിന്നീട് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതു ഞാന്‍ കേട്ടിട്ടില്ല.

മരണശേഷം ശരീരം മെഡിക്കല്‍സ്കൂളുകള്‍ക്കു ഗവേഷണപഠനങ്ങള്‍ക്കുവേണ്ടി ഇഷ്ടദാനം നടത്തുന്നതു വരുംതലമുറയ്ക്കും ആരോഗ്യശാസ്ത്രത്തിനും അതിവിലുപമായ സാധ്യതകളെയാണു തുറന്നുവയ്ക്കുന്നത്. മരണകാരണം കണ്ടുപിടിച്ച് രേഖപ്പെടുത്തുന്നതിനു മാത്രമല്ല, അഗ്രാഹ്യവും പെട്ടെന്നുള്ളതുമായ പല മരണങ്ങളുടെയും രഹസ്യകാരണങ്ങള്‍ തേടുന്നതിനും മനശ്ശാസ്ത്രത്തിന്‍റെ നിഗൂഢമേഖലകളെ കണ്ടെത്തുന്നതിനും ഇതു സഹായകരമാകുന്നു. ഉദാഹരണത്തിന്, എന്തുകൊണ്ടാണ് പരിപൂര്‍ണ്ണ ആരോഗ്യവാനായയൊരാള്‍, അദ്ദേഹത്തിന്‍റെ പതിവ് ആരോഗ്യപരിശോധനയില്‍ 100% ആരോഗ്യയുക്തനായിരിക്കുമ്പോഴും, പെട്ടെന്നൊരുനാള്‍ ഹൃദയാഘാതംമൂലം അപ്രതീക്ഷിത മരണത്തിന് ഇരയായിതീരുന്നത്? മതപരമായ ഒരു കര്‍മ്മംപോലെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടര്‍ച്ചയായി സിഗരറ്റ് വലിച്ചിരുന്നു; ഒപ്പം അദ്ദേഹം നല്ലൊരളവ്  High Land Scotch ഉം കുടിച്ചിരുന്നു. ഇത് രണ്ടും മനുഷ്യശരീരത്തെ ദ്രുതഗതിയില്‍ കൊല്ലാന്‍ പറ്റിയ ഒരു വിഷക്കൂട്ടാണ്. എന്നിട്ടും അദ്ദേഹം ക്യാന്‍സറോ ഹൃദയാഘാതമോ കൂടാതെ 80 വയസ്സ് മിച്ചം ജീവിച്ചു. അദ്ദേഹത്തിന് ഒരു ആംഗ്ലിക്കന്‍ ശൈത്യകാലം ന്യൂമോണിയ രോഗിയായിരിക്കുമ്പോള്‍ അതിജീവിക്കാന്‍ കഴിഞ്ഞു! ഞാനോ നിങ്ങളോ അത്തരമൊരു ജീവിതശൈലിയെ സ്വീകരിക്കുന്ന പക്ഷം എത്രകാലം ജീവിച്ചിരിക്കുമെന്നു പറയാനാവില്ല. എന്തുകൊണ്ടാണു ചില മനുഷ്യശരീരങ്ങളുടെ രാസഘടന രോഗബാധയ്ക്ക് എളുപ്പത്തില്‍ വിധേയപ്പെടാത്തത്? എന്തുകൊണ്ടാണ് അടുക്കുംചിട്ടയുമുള്ള ജീവിതക്രമം പാലിക്കുന്നയൊരാള്‍ ഒരു പുരുഷായുസ്സ് തികയ്ക്കാതെ ക്യാന്‍സറിനും ഹൃദയാഘാതത്തിനും മുന്നില്‍ ജീവിതം അടിയറവ് പറയുന്നത്?

"എല്ലാ രോഗങ്ങളുടെയും ചക്രവര്‍ത്തി" എന്ന 'ക്യാന്‍സര്‍ ജീവചരിത്ര'ത്തിന്‍റെ ആദ്യാവസാന വായന എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക്, ശാസ്ത്രത്തിനു പലപ്പോഴും ഉത്തരം മുട്ടിപ്പോകുന്ന, പ്രതീക്ഷയില്‍നിന്ന് നൈരാശ്യത്തിലേയ്ക്കും അനിര്‍വാച്യമായ രോഗമുക്തിയില്‍നിന്ന് മരണത്തിന്‍റെ ജ്വരക്കിടക്കയിലേയ്ക്കും നിരന്തരം ആന്തോളനം ചെയ്യുന്ന ജീവിതങ്ങളെക്കുറിച്ച് അറിവിന്‍റെ വിശാലമായ വാതായനമാണ് തുറന്നുതരുന്നത്. ക്യാന്‍സര്‍ രോഗവുമായി മനുഷ്യകുലവും ആരോഗ്യശാസ്ത്രവും നൂറ്റാണ്ടുകള്‍നീണ്ട യുദ്ധത്തിനുശേഷവും ഇന്നും പലപ്പോഴും ഇരുട്ടില്‍ തപ്പിതടയുകയാണ്. മനുഷ്യന്‍റെ ശരീരഘടനയ്ക്കുള്ളില്‍ ഇനിയും വെളിപ്പെട്ടുകിട്ടാന്‍ വര്‍ഷങ്ങളോളം ശാസ്ത്രം ശ്രമിക്കുകയും കാത്തിരിക്കുകയും ചെയ്യേണ്ടിവരുന്ന ഒത്തിരിയേറെ നിഗൂഢതകളുണ്ട്. എല്ലാവിധത്തിലും സൗരയൂഥത്തിന്‍റെ പുറം ലോകമെന്ന മുഴുവന്‍ അജ്ഞാനത്തില്‍ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന ഇത്തിരി വിജ്ഞാനം മാത്രമല്ല നമ്മുടെ ലോകം?
മെഡിക്കല്‍സ്കൂളുകളില്‍ പഠനത്തിനും പരിശീലനത്തിനും മൃതശരീരത്തിന്‍റെ ദൗര്‍ലഭ്യം ഭീമമായ തോതിലുണ്ട്. ചിലപ്പോള്‍ കൃത്രിമമായ സദൃശ്യരൂപങ്ങളുണ്ടാക്കിയാണ് പഠനം നടത്തപ്പെടുന്നത്. പോസ്റ്റ്മോര്‍ട്ടം പഠനങ്ങള്‍ മനുഷ്യശരീരത്തില്‍ നടത്തിയാല്‍ ആരോഗ്യശാസ്ത്രത്തിന് ആര്‍ജിക്കാന്‍ കഴിയുന്ന അറിവുകളും നേട്ടങ്ങളും അനവധിയാണ്. ഇത് ആരോഗ്യശാസ്ത്രംതന്നെ തിരുത്തിയെഴുതപ്പെടുന്നതിനു കാരണമായേക്കാം.

എന്തുകൊണ്ട് മരിക്കാത്ത നിങ്ങളുടെ ശരീരാവയവങ്ങളെ മരണത്തിനുശേഷം ദാനം ചെയ്തുകൂടാ? എന്തിന് നാം അവയെ നമ്മോടൊപ്പം തീച്ചൂളയിലേക്കോ ശവക്കുഴിയുടെ ജീര്‍ണ്ണതയിലേക്കോ എടുത്തുകൊണ്ടുപോയി നശിപ്പിച്ചുകളയണം? എന്തുകൊണ്ട് അവശ്യക്കാര്‍ക്ക് അവയെ ഇഷ്ടദാനം ചെയ്തുകൊണ്ട് ജീവിക്കുന്ന കാലത്ത് അവയവങ്ങള്‍കൊണ്ട് ചെയ്തുകൂട്ടിയ പാതകങ്ങള്‍ക്കു പരിഹാരമെന്നോണം നമ്മുടെ ഹൃദയവും, കരളും, വൃക്കയും നമ്മള്‍ ഈ ലോകത്തുനിന്ന് കടന്നുപോയതിനുശേഷവും മറ്റൊരാളില്‍ ജീവന്‍ തുടിക്കുന്നതോര്‍ത്തു സന്തോഷിച്ചുകൂടാ? ജീവിതത്തില്‍ പലതിനോടും ബോധപൂര്‍വ്വകമായ അന്ധത നടിച്ച നമ്മുടെ കണ്ണുകള്‍ മരണശേഷം മറ്റൊരാള്‍ക്കു പ്രത്യാശയുടെ വിളക്കുകളാകുമെന്ന് ഉറപ്പുവരുത്തുക.

എന്‍റെ ഭാര്യ ക്രിസാണ് ഇങ്ങനെ തീരുമാനിച്ചത്. (ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും അതറിയാം): "ഞങ്ങളില്‍ ആദ്യം മരിക്കുന്നയാള്‍ ആരായിരുന്നാലും മറ്റേയാള്‍ ശവശരീരം മെഡിക്കല്‍ സ്കൂളിന്‍റെ അനാറ്റമി ഡിപ്പാര്‍ട്ടുമെന്‍റിനു കൈമാറാന്‍ തയ്യാറാവണം. ശരീരഭാഗങ്ങള്‍ ആവശ്യക്കാര്‍ക്കു ദാനം ചെയ്തിരിക്കണം." തീര്‍ച്ചയായും ശോകമൂകമായ നിമിഷങ്ങളില്‍ ശരിയായ തിരഞ്ഞെടുപ്പുകള്‍ക്കുതകുന്ന ഉത്ക്കടമായ ചിന്തകളുടെ മരവിപ്പ് അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് നിയമപരമായ കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടി ഉത്തരവാദിത്വപ്പെട്ടവരാരെങ്കിലും ഉണ്ടായിരിക്കണം. മരിച്ചവര്‍ക്കുവേണ്ടിയുള്ള അനിയന്ത്രിതമായ കണ്ണീരിന്‍റെ സങ്കടപ്പെരുമഴയേക്കാള്‍ മെച്ചപ്പെട്ട അനുശോചനമായിരിക്കും അത്.

"നിശബ്ദതയുടെ ഗോപുരം" (The Tower of  Silence) എന്ന സങ്കല്പത്തില്‍ കുലീനമായ ഒരാദര്‍ശം ഒളിഞ്ഞിരിക്കുന്നുണ്ട്. ശവശരീരങ്ങള്‍ ഉയര്‍ന്ന ഒരു കുന്നിന്‍ മുകളില്‍ കൊണ്ടുപോയി വച്ച് കഴുകന്മാരെപ്പോലുള്ള ശവംതീനിപ്പക്ഷികള്‍ക്കു ഭക്ഷണമായി കൊടുക്കുന്ന സൊരാഷ്ട്രീയന്‍ മതത്തിന്‍റെ ശേഷക്രിയാരീതിയാണ് ഇത്. ശവശരീരം ഒരു പെട്ടിക്കുള്ളിലിട്ട് കത്തിച്ച് ചാരമാക്കി അസ്തിത്വത്തില്‍നിന്ന് എന്‍റെ തരിപോലും ഇല്ലായ്മ ചെയ്യുന്നതിനേക്കാളും, മണ്ണിനടിയില്‍ കുഴിച്ചിട്ട് പുഴുക്കള്‍ക്കും കീടങ്ങള്‍ക്കും അസ്ഥിവരെ കാര്‍ന്നുതിന്ന് ആഘോഷിക്കാന്‍ വിട്ടുകൊടുക്കുന്നതിനേക്കാളും എന്‍റെ ശവശരീരം ആരോഗ്യമേഖലയിലെ നന്മപ്രവര്‍ത്തനങ്ങള്‍ക്കും പഠനങ്ങള്‍ക്കുംവേണ്ടി വിട്ടുകൊടുക്കാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.

എന്‍റെ ഭൗതികാവശിഷ്ടങ്ങളെ കേടുകൂടാതെ സൂക്ഷിച്ചുകൊണ്ട് പറുദീസായുടെ കവാടത്തിലെത്താത്ത പക്ഷം എനിക്കതു നഷ്ടമാകുന്നെങ്കില്‍ അങ്ങനെയായിക്കൊള്ളട്ടെ. എന്തായിരുന്നാലും നമുക്കറിയില്ലല്ലോ പറുദീസായില്‍ പ്രവേശിക്കാന്‍ ധരിക്കേണ്ട വസ്ത്രമെന്താണെന്ന്!

You can share this post!

ബുദ്ധനും സോര്‍ബയും

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts