news-details
സഞ്ചാരിയുടെ നാൾ വഴി

ആലാത്തിന് വേണ്ടിയാണ് കുട്ടികള്‍ അന്ന് കാത്തിരുന്നത്. കര്‍ക്കിടപെയ്ത്ത് കഴിഞ്ഞ് മാനം തെളിഞ്ഞു വരുന്നതേയുള്ളു.

അത്തംവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നുമില്ല. ഒരു പത്തുവീടുകള്‍ക്കിടയില്‍ സാമാന്യം വലുപ്പമുള്ള തുറസ്സിടങ്ങള്‍ ഉണ്ടായിരുന്നു. വെളിയെന്നാണ് വിളിച്ചിരുന്നത്. ഒരു ചെറിയ കളിക്കളം. പട്ടം പറത്താനും കുട്ടിയും കോലും കളിക്കാനുമൊക്കെയുള്ള ഇടമാണത്. എല്ലായിടത്തും ഇപ്പോള്‍ വീടായി. കൂട്ടത്തില്‍ ഏറ്റവും വലിപ്പമുള്ളത് കൊട്ടക വെളിയാണ്. റിക്കോര്‍ഡ് ഡാന്‍സുമൊക്കെയായി നാടോടി സംഘങ്ങള്‍ വന്നു പാര്‍ത്തിരുന്നതവിടെയാണ്. അവിടെ മുട്ടനൊരു ഫാക്ടറി വന്നു.

ഊഞ്ഞാലിന്‍റെ മാതുലനായി വരും ഈ ആലാത്ത്. വലുപ്പമുള്ള രണ്ട് വടങ്ങളാണ് കെട്ടി യിറക്കുന്നത്. പടിയായി വെയ്ക്കുന്നത് ഉലക്കയാണ്. ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാ മെന്ന പഴഞ്ചൊല്ലില്‍ ഹൈപ്പൊന്നുമില്ലെന്ന തോന്നല്‍ ഉണ്ടായത് ആലാത്തിന്‍റെ ഓര്‍മ്മ ഇളം ബോധത്തിന്‍റെ ബാക്ക് ഡ്രോപ്പില്‍ ചുമ്മാ കിടക്കുന്നത് കൊണ്ടാണ്. വശങ്ങളില്‍ രണ്ടുപേര്‍ നടുക്ക് ഒരാള്‍ എന്നതാണ് നടപ്പുരീതി. തീരെ കുട്ടികളാണെങ്കില്‍ അഞ്ച് വരെയാകാം. ആട്ടാന്‍ ഒരു സംഘമാള്‍ക്കാര്‍.

സന്ധ്യയ്ക്ക് ശേഷം എല്ലാവരും അതിനു ചുറ്റും കൂടി ഇരിക്കുന്നു. ആബാലവൃദ്ധം ഒരു ശൈലിയൊന്നുമല്ല, ശരിക്കും കണ്ടറിഞ്ഞിട്ടുള്ളതാണ്.

പലതരം കളികള്‍ ഉണ്ടായിരുന്നു. ഭാര്‍ഗ്ഗവി അമ്മൂമ്മ നീട്ടി പാടുമ്പോള്‍ വട്ടം ചുറ്റി കൈകൊട്ടിക്കളി തുടങ്ങും. ആലപ്പുഴക്കാരന്‍ കേശവനാങ്ങളെ/എനിക്കൊരു കുത്ത് തോട തായോ.

അപൂര്‍വ്വമെന്ന് കരുതാവുന്ന ഒരു കാര്യം കൂടി ഉണ്ടായിരുന്നു, പുരുഷന്മാരുടെ കൈകൊട്ടിക്കളി!

ബലിഷ്ഠകായന്മാരായ യുവാക്കളായിരുന്നു അവര്‍. കടലിലോ കയര്‍ഫാക്ടറിയിലോ പണി ചെയ്തിരുന്നവരായിരുന്നു കൂടുതല്‍ പേരും. കള്ളി മുണ്ടും കൈയില്ലാത്ത വെളുത്ത ബനിയനും തലക്കെട്ടുമായിരുന്നു വേഷം.

ചടുലമായ ചുവടുകളും അടവുകളും അതിവിദഗ്ധമായി പ്രയോഗിച്ച് കാഴ്ചക്കാരെ അവര്‍ വിസ്മയിപ്പിച്ചിരുന്നു.

സവിശേഷമെന്ന് പറയേണ്ട കാര്യം അജ്ഞാത കര്‍ത്താക്കളുടെ നാടന്‍ ശീലുകളായിരുന്നില്ല അവരുടെ വായ്ത്താരി. മലയാളി നെഞ്ചോട് ചേര്‍ത്ത കാവ്യഗീതികളായിരുന്നു ഇവരുടെ ചുവടികള്‍. കുമാരനാശാനും, ചങ്ങമ്പുഴയും ഓണ നിലാവില്‍ ഒരുമിച്ചു വിരുന്നു വന്നു.

കവികള്‍ സാധാരണക്കാര്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ചില ശ്രാദ്ധഗീതങ്ങളുമുണ്ടായിരുന്നു. കുമാരനാശാന്‍റെ അപകട മരണം പ്രമേയമാക്കിയുള്ള ഒരു കളി ഇനിയും മറന്നിട്ടില്ല.

ഏങ്കണനാഥന്‍ കുമാരനാശാന്‍ കൊല്ലത്ത് (?) പോകാന്‍ യാത്രയായി എന്നു തുടങ്ങുന്ന ഗാനം ദുശ്ശകുനങ്ങളിലൂടെ ദുരന്തത്തിലേക്ക് തുഴയുക യാണ്.

മാവിന്‍റെ കൊമ്പൊന്നു ഒടിഞ്ഞു വീണു / ഓലമടല്‍ ഒന്നിടഞ്ഞു വന്നു / അപ്പോഴെ പൂച്ച മറികടന്നു എന്നിട്ടും കവി യാത്ര മുടക്കുന്നില്ല.

ഇനി കടുത്ത ശോകത്തിലേക്ക് ചടുലതാളങ്ങള്‍ കുഴഞ്ഞു പോവുകയാണ്: പല്ലന വളവില്‍ പത്തുവെളുപ്പിന് ബോട്ട് മുങ്ങി/ആശാനും വീണു മരിച്ചു പോയി.

ദുഃഖസാന്ദ്രമായ വരികളില്‍ തട്ടി ആ ചെറുപ്പക്കാര്‍ ഇടറി നില്‍ക്കുന്നു. കണ്ണുകള്‍ കവിഞ്ഞ് ഒഴുകുകയാണ്.

അത്തം തൊട്ട് പൂക്കളമുണ്ട്.

തീരെ ലളിതമായിരുന്നു. പത്തുമിനിറ്റിന്‍റെ കേസുകെട്ടായിരുന്നു അത്. ഓണപരീക്ഷയുമായി ക്ലാഷ് ചെയ്യാത്ത സിമ്പിളായ ഒന്ന്. അവനവന്‍റെ പരിസരത്ത് നിന്ന് നുള്ളിയെടുക്കാവുന്ന പൂക്കള്‍ മാത്രം മതി. തുമ്പപ്പൂവ് കാര്യമായിട്ട് ഉണ്ടായിരുന്നു. വാമനന്‍റെ കുഞ്ഞിപ്പാദങ്ങളാണ് തുമ്പപ്പൂക്കളെന്ന് ആരോ പറഞ്ഞു തന്നിട്ടുണ്ട്.

നോക്കി നില്‍ക്കുമ്പോള്‍ അതിന്‍റെ സ്വഭാവം മാറുകയായിരുന്നു.

കുട്ടികളുടെ കൈയില്‍ ഒതുങ്ങാത്ത മട്ടില്‍ കാര്യങ്ങള്‍ വലുതായി. കവലകളിലും ക്ലബ്ബുകളിലും ഭീമാകാരമായ പൂക്കളമുണ്ടായി. കയറില്‍ ചിത്രമെഴുത്ത് നടത്തിയിരുന്നവരുടെ സര്‍ഗ്ഗാത്മകതയുടെ തുടര്‍ച്ച മാത്രമായിരുന്നു അത്. കണ്ടമാനം പണമാവശ്യമുള്ള ആ പരിപാടിക്ക് സ്പോണ്‍സറു മാരുണ്ടായി. അങ്ങനെ ഭൂമിയില്‍ ആദ്യമായി പൂക്കള മത്സരമുണ്ടായി. വീട്ടു മേശയിലെ തിരുവത്താഴം ഭദ്രാസനപ്പള്ളിയിലേക്ക് പുറപ്പെട്ടു പോയി എന്നര്‍ത്ഥം വരുന്ന ഒരു ഇംഗ്ലീഷ് കവിത വായിച്ചു കൊണ്ടിരുന്നപ്പോള്‍ ചുമ്മായിതും ഓര്‍ത്തു.

2

നെടുവീര്‍പ്പൊക്കെ കോമഡിയാണ്... ഒരു കഥയുമില്ല.

വായനയില്‍ നിന്ന് അല്ല-നേരത്തേ പറഞ്ഞ വട്ടക്കളിയില്‍ നിന്നാണ് രമണന്‍ ഉള്ളില്‍ പതിഞ്ഞത്. എവിടെത്തിരിഞ്ഞാലും പൂത്തമരങ്ങള്‍ എന്നൊരു വരിയുണ്ടതില്‍. പ്രണയ പനിയില്‍ പൊള്ളുന്ന ഏതൊരാളുടെയും delusion ആണത്.

പൂക്കള്‍ പനിനീര്‍ പൂക്കള്‍ നീയും കാണുന്നില്ലേ എന്ന് ഹരി നാരായണന്‍ സിനിമയ്ക്ക് എഴുതുമ്പോള്‍ ഏതെങ്കിലും ഒരു കാര്യത്തിന് പരുങ്ങലുണ്ടോ? ഒക്കെ തോന്നലാണ്.

പത്തുരൂപയും സഞ്ചിയുമായി കമ്പോളത്തില്‍ പോയി തിരിച്ചെത്തുമ്പോള്‍ സഞ്ചി നിറയെ സാധനങ്ങളുമായി തിരിച്ചെത്തിയ ഒരു കാലത്തെയോര്‍ത്ത് ശ്വാസമാര്‍ത്തു വലിക്കുമ്പോള്‍ എല്ലായിടത്തും ക്യാമറയുള്ളതുകൊണ്ട് ഇപ്പോള്‍ അത് അസാധ്യമാണ് എന്ന നിഷ്കളങ്കമായ മറുപടി നല്‍കുന്ന പേരക്കുട്ടിയിലാണ് എല്ലാ ഭൂതങ്ങളുടെയും ഭാവി.
നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ വിധിക്കുമെന്ന ഒരു യേശു മൊഴിയുണ്ട്.

നമ്മള്‍ കൈമാറാന്‍ ആഗ്രഹിക്കുന്ന  ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ആല്‍ബത്തിന്‍റെ കുറവ് ഒഴിച്ച് എന്തെങ്കിലും ഒരു കുഴപ്പമുണ്ടോ അവര്‍ക്ക് എല്ലാഅര്‍ത്ഥത്തിലും നമുക്ക് മീതെയാണവര്‍.

ഉദാഹരണത്തിന് അവരുടെ വൈകാരിക ബുദ്ധി.

മറ്റുള്ളവരെ discomfortable ആക്കുന്നതില്‍ ഒരു മനസാക്ഷിക്കുത്തുമില്ലാത്ത ഒരു തലമുറ നമ്മളോടൊപ്പം കളം കാലിയാക്കും.

പുംനരകത്തില്‍ നിന്ന് രക്ഷിക്കാനാണ് മക്കള്‍ എന്നൊരു ഭാരതീയ സങ്കല്പം ശരിയാണെന്നാണ് അവര്‍ തെളിയിക്കുന്നത്. നാം പതിച്ചു പോയ കയ്പ്പിന്‍റെയും വെറുപ്പിന്‍റെയും മത്സരത്തിന്‍റെയും തീപ്പൊയ്കയിലേക്കാണവരുടെ തണുത്ത വിരലുകള്‍ നീളുന്നത്. കസന്‍റ് സാക്കീസിന്‍റെ Savloures of God എന്ന ശീര്‍ഷകംപോലെ കഠിനമായ ഒരു ഐറണിപോലെയാണിത്. നമ്മുടെ രക്ഷകര്‍.

3

ചൂണ്ടയ്ക്ക് ഇര കോര്‍ക്കാന്‍ ഞാഞ്ഞൂലിനെ പിന്നിയിടുമ്പോള്‍ ഓരോ നുറുങ്ങിന്‍റേയും ഒരു പിടച്ചിലുണ്ട്. എല്ലാ വേര്‍പിരിയലിലും ഏറ്റക്കുറച്ചിലുകളോടെ അത് ആവര്‍ത്തിക്കപ്പെടുന്നു. ദേശങ്ങളില്‍ നിന്ന് അടര്‍ന്നുപോയവരും സമാനമായ ഒരു ആന്തല്‍ അനുഭവിക്കുന്നുണ്ടാവും. പല കാരണങ്ങള്‍കൊണ്ട് തങ്ങള്‍ എത്തിച്ചേര്‍ന്ന നാടിന്‍റെ ആരവങ്ങളില്‍ അലിയാതെ, അവിടുത്തെ ചുണ്ടെലിയോട്ടങ്ങളില്‍ പങ്കുചേരാതെ, കൗതുകങ്ങളില്‍ ഭ്രമിക്കാതെ, ഭൂതകാലത്തെ ജപമണിപോലെ ഉരുക്കഴിച്ച് അവരിപ്പോഴും തങ്ങള്‍ വിട്ടുപോന്ന ദേശത്തുതന്നെ ഉറഞ്ഞുനില്‍ക്കുന്നുണ്ട്.

അതുകൊണ്ടാണ് ഒരു ഗള്‍ഫ് മലയാളിക്ക് കുറഞ്ഞ പക്ഷം ഡിസംബര്‍വരെയെങ്കിലുമുളള എല്ലാ വെള്ളിയാഴ്ചകളും ഓണാഘോഷത്തിനുള്ള ഉത്രാടപ്പാച്ചിലാവുന്നത്. ദേശത്തു പാര്‍ക്കുന്നവര്‍ കാണാതെ പോകുന്ന സുകൃതം അവിടുത്തെ കുഞ്ഞുങ്ങള്‍ പോലും കൂടെക്കൊണ്ടുപോകുന്നുണ്ട്. ദേശം ഒരു കളക്റ്റീവ് കോണ്‍ഷ്യസിന്‍റെ ഭാഗമാണ്. എത്ര കൂടണഞ്ഞാലും പോകാത്ത പൊന്തന്‍പുല്ലു പോലെ ചിലത് എത്ര ഒഴിവാക്കിയിട്ടും കൂടെ വരുന്നു. പകലിനേക്കാള്‍ പ്രകാശമുള്ള, നൈറ്റ് ലൈഫുള്ള നഗരങ്ങളില്‍ കുഞ്ഞുങ്ങള്‍ വരാന്‍ വൈകുന്നതിനെക്കുറിച്ച് അവര്‍ ആകുലപ്പെടുമ്പോള്‍ ഓര്‍മിക്കണം, നാട്ടിലെ അത്തിമരത്തില്‍ ഹൃദയം വച്ചിട്ടാണ് അവരുടെ ഈ ലോകസഞ്ചാര ങ്ങളെല്ലാമെന്ന്.

കുറച്ച് യാത്രകളുണ്ടായിരുന്ന കാലത്ത് ഡാന്യുബില്‍ നിന്ന് അകലെയല്ലാത്ത ഒരു വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഞങ്ങള്‍ ഒരുമിച്ചിരിക്കുകയായിരുന്നു. ആ കുടുംബത്തിന്‍റെ ആതിഥ്യത്തെക്കുറിച്ച് പറയന്‍ 'ഡാന്യൂബ് സാക്ഷി' എന്ന പുസ്തകത്തില്‍ രണ്ടു താളുകളാണ് എം.പി. വീരേന്ദ്രകുമാര്‍ മാറ്റിവച്ചിട്ടുള്ളത്. മക്കള്‍ അവിടെത്തന്നെ പിറന്നവരാണ്. അതില്‍ ജോണ്‍ നാട്ടിലേ ക്കാളേറെ നാടനായി ജീവിക്കാന്‍ ബദ്ധപ്പെടുന്നു. പ്രാര്‍ത്ഥനയുടെ ഇടയില്‍ ബോണി എമ്മിന്‍റെ പാട്ടു കേട്ടു. By the rivers of Babylone. ആ പാട്ട് ജൂതന്‍റേയും അവന്‍റെ പലായനത്തിന്‍റേയും കഥയ ല്ലെന്ന് ഒരു ബോധം ഉള്ളിലേക്കുവന്നു. സങ്കീര്‍ ത്തനം 137-ല്‍ നിന്നാണ് ആ വരികള്‍ ചെറിയ ഭേദഗ തിയോടെ ആ ബാന്‍ഡ് പാടിയിരുന്നത്.

ചെല്ലുന്ന ദേശങ്ങളില്‍ അവിടുത്തെ രാഗങ്ങള്‍ക്ക് ഇണങ്ങിയ മട്ടില്‍ പാടാന്‍ ആവശ്യപ്പെടു മ്പോള്‍ അതിനു വഴങ്ങാതെ ഭൂതകാലസ്മൃതികളെ വലം ചുറ്റിയും ഓമനിച്ചും വസിക്കുന്ന ഏതൊരാളുടേയും ഗീതമായിരിക്കണം അത്. ഞാന്‍ വെറുതെ അപ്പൂപ്പനെ ഓര്‍ത്തു. നല്ലൊരു സഹൃദയനായിരുന്നു എന്നാണ് കേള്‍വി. ചവിട്ടുനാടകങ്ങളുടെയൊക്കെ ഉത്സാഹക്കമ്മറ്റിയില്‍ പെട്ടിരുന്നു. മറ്റൊരു ദേശത്തേക്ക് സ്വയം പറിച്ചുനടുമ്പോള്‍ അത്തരം യാതൊരു ആഭിമുഖ്യങ്ങളും ഇല്ലാത്ത മട്ടില്‍ പരുക്കനായി ജീവിച്ചു. അതങ്ങനെയല്ലെന്നതിനുള്ള ഏക തെളിവ് തന്‍റെ മകനിലൂടെ പ്രകാശിച്ച ചില കാവ്യ ക്കമ്പങ്ങള്‍ മാത്രമാണ്. ദേശം അന്യമാണെന്നു തോന്നിയാല്‍ പിന്നെ പാട്ടുകള്‍ക്ക് അര്‍ത്ഥമില്ല. കിന്നരങ്ങള്‍ അരളിവൃക്ഷങ്ങളുടെ ചില്ലകളില്‍ ഉപേക്ഷിച്ച് ഏതൊരു കാഠിന്യത്തേയും നേരിടാനുള്ള മനക്കരുത്ത് അവര്‍ രാകിയെടുക്കുന്നു. കയര്‍ ഫാക്ടറിയിലെ വിശ്രമനേരങ്ങള്‍ക്കിടയില്‍ അയാള്‍ ചെല്ലാനത്തെ വയല്‍വരമ്പുകളേയും വൈകുന്നേര ങ്ങളേയും ഓര്‍മ്മിച്ചിട്ടുണ്ടാവാം.

അതായത്, ഓണം കേരളത്തിന്‍റെ ഉത്സവമല്ല, കേരളത്തില്‍ നിന്ന് അകന്നവരുടെ ശ്രാദ്ധമാണ്.

You can share this post!

ഖേദം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വിലാപത്തിന്‍റെ പുസ്തകം

ബോബി ജോസ് കട്ടികാട്
Related Posts