news-details
ഇടിയും മിന്നലും

നാലുമണിസമയം. ആശ്രമമുറ്റത്തു നിന്നാല്‍ വളരെദൂരെനിന്നുതന്നെ ഇങ്ങോട്ടുവരുന്നവരെ കാണാം. രണ്ടു പേരുണ്ടായിരുന്നു. വളരെ അലസമായ അവരുടെ നടത്തത്തില്‍നിന്നും അടുത്ത് ഏതെങ്കിലും റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ നടക്കാനിറങ്ങിയതായിരിക്കും എന്നൂഹിച്ചു. പടിക്കലെത്തുമ്പോള്‍തന്നെ ഇതു പൊതുവഴിയല്ല എന്നു പറഞ്ഞു തിരച്ചുവിടാം എന്നുകരുതി പടിക്കലേക്കു കയറിച്ചെന്നു. ഷര്‍ട്ടൊക്കെ ഇന്‍ചെയ്ത് നല്ല ഡീസന്‍റുവേഷം. പത്തെഴുപതു വയസ്സെങ്കിലും കാണും രണ്ടുപേരെയും കണ്ടാല്‍. അടുത്തെത്തിയ ഉടനെ ഈശോമിശിഹായ്ക്കു സ്തുതി പറഞ്ഞു.

"ഞങ്ങള്‍ രണ്ടുറിട്ടയേഡ് കോളേജദ്ധ്യാപകരാണച്ചാ. ഇദ്ദേഹത്തിന് ഇവിടെ ടൗണിനടുത്ത് ഒരു റിസോര്‍ട് ഉണ്ട്. ഞങ്ങളു രണ്ടുപേരുടെയും മക്കളെല്ലാം ജോലിയുമായി പുറത്താണ്. ഇപ്പോള്‍ കാര്യമായ മറ്റു പണികളൊന്നുമില്ലാത്തതുകൊണ്ട് വല്ലപ്പോഴുമൊക്കെ എങ്ങോട്ടെങ്കിലും യാത്രപോകും. ഇത്തവണ ഇദ്ദേഹം ക്ഷണിച്ചതുകൊണ്ട് ഇങ്ങോട്ടു പോരാമെന്നുവച്ചു. രണ്ടുദിവസമായി വന്നിട്ട്. വൈകുന്നേരമായപ്പോള്‍ ഒന്നു നടക്കാനിറങ്ങിയതാണ്."

ചായയൊന്നും വേണ്ട എന്നു നിര്‍ബ്ബന്ധമായി പറഞ്ഞതുകൊണ്ട് അകത്തേക്കുകയറാതെ, മുറ്റത്തുതന്നെ ഇരിക്കാന്‍ സൗകര്യമുള്ളതുകൊണ്ട് അവരെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. പോകുന്നവഴി പേരും നാടും വിവരങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു. അവര്‍ക്കുപോകാന്‍ തിരക്കില്ലായിരുന്നു. അതുകൊണ്ട് അവിടെയിരുന്നു കാലാവസ്ഥയുടെ മാറ്റവും ഇപ്പോഴത്തെ രാഷ്ട്രീയവുമൊക്കെ സംസാരവിഷയമായി. പൊതുവിഷയങ്ങളൊക്കെ സംസാരിക്കുന്നതിനിടയില്‍ വീട്ടുകാര്യങ്ങളും കടന്നുവന്നു.

"അച്ചാ ഞാന്‍മുമ്പേ പറഞ്ഞതുപോലെ ഞങ്ങടെ മക്കളെല്ലാം പുറത്താണ്. ലോകമേ തറവാട് എന്നു പറഞ്ഞതുപോലെയാ എന്‍റെകാര്യം. എനിക്ക് അഞ്ചു ഭൂഖണ്ഡങ്ങളിലും മക്കളുണ്ട്. നാലാണും ഒരുപെണ്ണും. മൂത്തയാള് ആസ്ത്രേലിയായില്‍. രണ്ടാമന്‍ യുകെയില്‍. മൂന്നാമത്തേതു മകളാണ്, അമേരിക്കയില്‍. നാലാമത്തവന്‍ സയന്‍റിസ്റ്റാണ് സൗത്ത് ആഫ്രിക്കയിലാണ് കുടുംബസഹിതം. ഇളയവന്‍ എയര്‍ലൈന്‍സിലാണ്, സിംഗപ്പൂരില്‍. ഇവരാരും ഇനി നാട്ടിലേക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഭാര്യ ഇപ്പോള്‍ ഇളയവന്‍റെ കൂടെയാണ്. ഇയാളുടെ മക്കള്‍ രണ്ടുപേരും ഗള്‍ഫിലാണ്. ഭാര്യയും ഇപ്പോള്‍ അവരുടെ കൂട്ടത്തിലാണ്."

പിന്നീട്, നാടുവിട്ടുപോകുന്ന മക്കളെപ്പറ്റിയും ആളൊഴിഞ്ഞ വീടുകളെപ്പറ്റിയുമൊക്കെയായി സംസാരം. എല്ലാറ്റിനെപ്പറ്റിയും എനിക്കും അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും രാഷ്ട്രീയക്കാരു പറയുന്നതുപോലെ ചുമ്മാകേറി 'മാന്തണ്ട' എന്നുകരുതി ചിരിച്ചും ചുമച്ചുമൊക്കെ സഹകരിച്ചതല്ലാതെ ഒന്നിനോടും പ്രതികരിക്കാന്‍പോയില്ല.

"അച്ചനു ഞങ്ങളെ പരിചയമില്ലെങ്കിലും കോളേജിലായിരുന്നകാലത്ത് കോളേജില്‍ അസ്സീസിമാസിക വരുത്തിയിരുന്നതുകൊണ്ട് അച്ചന്‍റെ 'ഇടിയുംമിന്നലും' ഞങ്ങള്‍ സ്ഥിരം വായിക്കാറുണ്ടായിരുന്നു. റിട്ടയര്‍ ചെയ്തതില്‍പിന്നെ മാസിക കാണാറില്ല. അച്ചന്‍റെ 'ഇടിയുംമിന്നലും' സ്റ്റൈല്‍ അറിയാവുന്നതുകൊണ്ട് അച്ചനോടു മിണ്ടുന്നതു സൂക്ഷിച്ചുവേണമെന്ന് ഇങ്ങോട്ടുവന്നവഴി ഇയാളെനിക്കു മുന്നറിയിപ്പു തന്നായിരുന്നു. അതുകൊണ്ടാണ് ഇയാളധികം മിണ്ടാത്തത്. ഇപ്പോഴും എഴുതുന്നുണ്ടോ അച്ചാ?"

അതിനും മറുപടി ഞാനൊരു ചിരിയിലൊതുക്കി.

"വിവാദവിഷയങ്ങളിലൊക്കെ നിലപാടു തുറന്നെഴുതുന്ന ആളായതുകൊണ്ട് അച്ചനോട് ഒരഭിപ്രായം ചോദിക്കണമെന്നുണ്ടായിരുന്നു."

കൊത്തിക്കൊത്തി മുറത്തില്‍ കയറിക്കൊത്തിയെന്നു പറഞ്ഞതുപോലെയായി. ഒന്നും മിണ്ടരുത് എന്നോര്‍ത്തിരുന്നതാണ്. അങ്ങരുടെ ആ വര്‍ത്തമാനം കേട്ടപ്പോള്‍ എന്‍റെ ബ്രേക്കുപോയി.

"പ്രൊഫസറെ, ഏതാണ്ട് ഒരുമണിക്കൂറായി നമ്മള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. നിങ്ങളു സംസാരിച്ചതെല്ലാം തന്നെ വിവാദവിഷയങ്ങളായിരുന്നെങ്കിലും, ഒന്നിനെപ്പറ്റിയും ഞാനൊന്നും പറഞ്ഞില്ലല്ലോ. ഉദിച്ചുവരുന്ന 'ചന്ദ്രനെനോക്കി ഓരിയിടുന്ന പട്ടി' എന്നൊരു പ്രയോഗം മലയാളത്തിലുണ്ടല്ലോ. ചന്ദ്രനെക്കണ്ടു പേടിച്ചിട്ടോ, തിന്നാന്‍ കൊള്ളാവുന്നതാണെന്നു മോഹിച്ചിട്ടോ എന്തിനാണാവോ പട്ടി ഓരിയിടുന്നത്, ആ.. എനിക്കറിയില്ല. ഏതാണ്ടതുപോലെ ചിലകാര്യങ്ങളെപ്പറ്റി ചിലരുകിടന്നു വല്ലാതെ ഓരിയിടുന്നതു കാണുമ്പോള്‍ അവരെ കളിയാക്കാനും കാര്യമുള്ളതു പറയാനും ഒരു രസത്തിനുവേണ്ടി ഞാനും കുരയ്ക്കാറുണ്ട്, അത്രതന്നെ. അല്ലാതെ വിവാദങ്ങള്‍ തേടിപ്പിടിച്ചു ഞാന്‍ പ്രതികരിക്കാറില്ല."

"അങ്ങനെ രസത്തിനുവേണ്ടിയൊന്നു കുരച്ചാലും മതി. എനിക്ക് എന്‍റേതായ വ്യക്തമായ അഭിപ്രായമുള്ള കാര്യമാണ്. എന്നാലും മക്കളു വാദിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വല്ലതും കിട്ടാന്‍വേണ്ടിയാണ്. എന്‍റെ മക്കളായതുകൊണ്ടു പറയുകയല്ല, അഞ്ചുപേരും നല്ല വിശ്വാസത്തിലും പ്രാര്‍ത്ഥനയിലുമൊക്കെ ജീവിക്കുന്നവരാണ്. അടുത്തകാലത്തായി ചെറിയ ഒരു പ്രശ്നം. സൗത്താഫ്രിക്കക്കാരനും, സിംഗപ്പൂരുകാരനും താമസിക്കുന്നതിനടുത്തെങ്ങും സീറോമലബാര്‍ പള്ളിയില്ലാത്തതുകൊണ്ട് അവര്‍ക്കു സമാധാനക്കേടില്ല. മറ്റവരു മൂന്നുപേരുമുള്ളിടത്ത് സീറോമലബാര്‍ ഇടവകയുണ്ട്. അവിടെയൊക്കെ നേരത്തെതന്നെ ചെറിയ ചേരിതിരിവുകളുണ്ടായിരുന്നെങ്കിലും സാരമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെനാളായി കുര്‍ബ്ബാനചൊല്ലുന്നതിനെപ്പറ്റിയുംമറ്റും ചേരിതിരിഞ്ഞ് വഴക്കും വക്കാണവുമാണ്. അതുകൊണ്ട് അവരിപ്പോള്‍ പള്ളീപ്പോക്കുതന്നെ കുറച്ചു. അവരു നേരത്തെ പൊയ്ക്കൊണ്ടിരുന്ന ലത്തീന്‍ പള്ളികളിലാണ് അവരിപ്പോള്‍ സാധാരണ പോകുന്നതും. കഴിഞ്ഞമാസം രണ്ടുമക്കള്‍ അവധിക്കു വന്നിട്ടുണ്ടായിരുന്നു. അവരു ഞങ്ങളുടെ വികാരിയച്ചനെ കാണാന്‍ചെന്നപ്പോള്‍ സംസാരത്തിനിടയില്‍ വിദേശത്തായിട്ടും അവിടെപോലും കുര്‍ബ്ബാനചെല്ലുന്നതിനെപ്പറ്റി അച്ചന്മാരുടെ ഇടയില്‍തന്നെയുള്ള തര്‍ക്കവും ആള്‍ക്കാരുടെയിടയിലെ വഴക്കും കാരണം അവരു കുറെനാളായി ലത്തീന്‍പള്ളീലാണു പോകുന്നതെന്നു പറഞ്ഞു. അച്ചനതു തീരെഇഷ്ടപ്പെട്ടില്ല. സ്വന്തം വീട്ടിലെ കറിക്ക് ഉപ്പുകൂടുതലാണെന്നുംപറഞ്ഞ് അയലത്തെവീട്ടില്‍ ഉണ്ണാന്‍ പോകുന്നതു കുടുംബത്തില്‍ പിറന്നവരു ചെയ്യാറില്ലെന്നും, സംസ്കാരമില്ലാഞ്ഞിട്ടാണങ്ങനെ പോകുന്നതെന്നുംപറഞ്ഞ് അച്ചനവരെ കളിയാക്കിവിട്ടു. അവരതു വിഷമത്തോടെ വീട്ടില്‍വന്നു പറഞ്ഞപ്പോള്‍ എനിക്കും അതു വല്ലാതെ കൊണ്ടു. തൊട്ടടുത്തു ലത്തീന്‍പള്ളിയുണ്ടെങ്കിലും സ്വന്തംപള്ളിയോടു വലിയൊരു അറ്റാച്ചുമെന്‍റായിരുന്നു ചെറുപ്പംമുതല്‍. ഇപ്പോളതെല്ലാമങ്ങുപോയി. ഞാനുമിപ്പോള്‍ എളുപ്പമായതുകൊണ്ട് അടുത്തുള്ള ലത്തീന്‍പള്ളീലാ പോകുന്നത്. പണ്ടൊക്കെ പള്ളിയില്‍ ചെന്നില്ലെങ്കില്‍ കല്യാണത്തിനു കുറി തരികേല, മക്കള്‍ക്കു സ്കൂളില്‍ അഡ്മിഷനും സ്ഥാപനങ്ങളില്‍ ജോലീം തരത്തില്ല എന്നൊക്കെപ്പറഞ്ഞു പേടിപ്പിക്കാമായിരുന്നു. ഇന്നിതൊക്കെ ആര്‍ക്കുവേണം! അച്ചന്‍റെ കൈയ്യേല്‍ വാച്ചില്ലാത്തതുകൊണ്ടായിരിക്കും ഇടയ്ക്കിടയ്ക്ക് അച്ചന്‍ മൊബൈലില്‍ സമയംനോക്കുന്നതുകണ്ടപ്പോള്‍ അച്ചനു ബോറടിച്ചു എന്നു മനസ്സിലായി."

"പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഒരുഗുണോമില്ലാത്ത വിഷയങ്ങളാകുമ്പോള്‍ തോന്നുന്ന ഒരു മടുപ്പ് അത്രേയുള്ളു. എന്‍റെ അഭിപ്രായത്തില്‍ പ്രൊഫസര്‍ ഈ പറഞ്ഞതൊക്കെ വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങളില്‍ പെടും. ഓരോന്നും കാണുമ്പോള്‍, പണ്ടുകാലത്ത് എല്ലാം നല്ലതായിരുന്നു, ഇപ്പോഴെല്ലാം വഷളായി എന്നൊക്കെ തോന്നും."

"ഞാനീ പറഞ്ഞതൊക്കെ വെറും തോന്നലാണോ അച്ചാ? അടുത്തനാളില്‍ സഭയെ ഇത്രയും നാറ്റിച്ച ഈ കുര്‍ബ്ബാനപ്രശ്നംതന്നെ നോക്കിക്കേ. ഏതാണ്ടു സമാധാനത്തില്‍ എല്ലാം പോയിരുന്നതല്ലേ, ഒരാവശ്യവുമില്ലാതെ അടിച്ചേല്‍പിച്ച പരിഷ്ക്കാരങ്ങളല്ലേ അക്രൈസ്തവരുടെ മുമ്പില്‍ സഭയുടെയും മെത്രാന്മാരുടെയും അച്ചന്മാരുടെയുമെല്ലാം വിലയും നിലയും കളഞ്ഞത്?"

"ഞാന്‍ നേരത്തെ സാറിനെപ്പറ്റി പറഞ്ഞ പ്രശ്നംതന്നെയാണ് ഇവിടെയും. സഭയെയും സഭാനേതൃത്വത്തെയും വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു. വാര്‍ദ്ധക്യത്തിലെ ഏറ്റവുംമുന്തിയ പ്രശ്നങ്ങള്‍ കടുംപിടുത്തവും പിടിവാശിയുമാണ്. അതിന്‍റെ ഫലമോ അടിച്ചേല്‍പിക്കലും. അതിനു പിന്നിലുള്ളത് പലരും ആരോപിക്കുന്നതുപോലെ ദുരുദ്ദേശമൊന്നുമല്ല. മുമ്പേ ഞാന്‍ പറഞ്ഞതാണ് പോയിന്‍റ്; പഴയതായിരുന്നു നല്ലത്, പുതിയതെല്ലാം വഷള്, ഇങ്ങനെ പോയാല്‍ എല്ലാം നശിക്കും എന്നൊക്കെയുള്ള ആശങ്കയാണ് വാര്‍ദ്ധക്യത്തിന്‍റെ തകരാറ്. അതോടെ അടിച്ചേല്‍പിക്കലു തുടങ്ങും. 'ഉത്തരം താങ്ങുന്ന പല്ലി' എന്ന ചൊല്ലുകേട്ടിട്ടില്ലേ? ഉത്തരത്തിനു കീഴെ പറ്റിപ്പിടിച്ചിരിക്കുന്ന പല്ലി ചിന്തിക്കുന്നത്, ഞാനാണീ കെട്ടിടം മുഴുവന്‍ താങ്ങിനിര്‍ത്തിയിരിക്കുന്നതെന്നാണ്. എന്നുപറഞ്ഞതുപോലെയാണ് വാര്‍ദ്ധക്യത്തിലെത്തിയ സഭയും! തമ്പുരാനെയും സഭയെയും രക്ഷിക്കാന്‍ ഞാനെന്തെങ്കിലും ചെയ്തേ തീരൂ. 'ഞാനില്ലെങ്കില്‍ പ്രളയം' എന്ന ഭീതി. ഇതാണു വാര്‍ദ്ധക്യത്തിന്‍റെ തകരാറ്. വെളിച്ചമായി, അതായത് വഴിയും സത്യവും കാണിച്ചുതരാന്‍ ഭൂമിയിലേക്ക് കര്‍ത്താവുവന്നു; അവിടുത്തേക്ക് ഒരു കടുംപിടുത്തവുമില്ലായിരുന്നല്ലോ; പഠിപ്പിച്ചുകഴിഞ്ഞ് അവിടുന്ന് ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നത് 'കാണാന്‍ കണ്ണുള്ളവന്‍ കാണട്ടെ, കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ' എന്നുമാത്രം. ഒന്നും അടിച്ചേല്‍പിച്ചില്ല. നല്ലതിനും നന്മയ്ക്കും പരസ്യംവേണ്ട, അതൊട്ട് അടിച്ചേല്‍പിക്കുകയുംവേണ്ട. സന്മനസ്സുള്ളവര്‍ അതു തേടിച്ചെന്നുകൊള്ളും. വിളയുടെ കൂടെ കളയും വളര്‍ന്നുകൊള്ളട്ടെ, കളപിഴുതാല്‍ വിളയ്ക്കും പരിക്കേല്‍ക്കും എന്ന് ഒരു പരിഭവവുമില്ലാതെ നിലപാടെടുത്ത യേശുവിനെ തമസ്ക്കരിക്കുന്ന, കളയെ ഉടന്‍ പിഴുതെറിയണം എന്നു ശാഠ്യംപിടിക്കുന്ന വാര്‍ദ്ധക്യം സഭയെ ബാധിച്ചിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു."

"മുമ്പും കേട്ടിട്ടുള്ളതാണെങ്കിലും അച്ചന്‍റെ ആ 'ഉത്തരംതാങ്ങുന്ന പല്ലി' പ്രയോഗം എന്‍റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ്."

"പല്ലി ഉത്തരത്തെ താങ്ങുകയല്ല, ഉത്തരം പല്ലിയെയാണു ചേര്‍ത്തുപിടിച്ചിരിക്കുന്നത് എന്നു തിരിച്ചറിയുമ്പോള്‍ വാര്‍ദ്ധക്യം യൗവ്വനത്തിനു വഴിമാറും. പുതിയ ആകാശവും പുതിയഭൂമിയും പുലരും, അതെന്നാണാവോ!!"

"ആ... എന്നാണാവോ.." പ്രൊഫസറും അതുതന്നെ ആവര്‍ത്തിച്ചു.

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts