news-details
കടുകു മണിയും പുളിമാവും

ഡോ.ലത അനന്ത: 1969-2017

 
 
 
പുഴകള്‍ക്കും പരിസ്ഥിതിക്കുംവേണ്ടി ജീവിതം മാറ്റിവച്ച, അനേകര്‍ക്ക് പ്രചോദനമായ ലതചേച്ചിക്ക് അസ്സീസി മാസികയുടെ ആദരാഞ്ജലികള്‍
 
കാലത്തിന്‍റെ ചര്‍ച്ചകള്‍ ഇന്ന് 'ഹൃദയത്തിന്‍റെ വടക്ക് കിഴക്കേ അറ്റം' വരെ എത്തിച്ചേര്‍ന്നിരിക്കുന്നു. ഒന്ന് ആലോചിച്ചുനോക്കുമ്പോള്‍ ശരിയാണ്.  കല്ലും മുള്ളും താണ്ടി ഹൃദയത്തിന്‍റെ കോണില്‍ എത്തിച്ചേരുന്ന ചുരുക്കം ചിലരുണ്ട് നമ്മുടെ ജീവിതത്തില്‍. ഒരുപക്ഷേ അതു വര്‍ഷങ്ങളായിട്ടുള്ള ബന്ധങ്ങളായിരിക്കാം; ചിലത് മാസങ്ങളുടേത്. അല്ലെങ്കില്‍ ദിവസങ്ങളുടേത്. മറ്റു ചിലത് കേവലം മണിക്കൂറുകളുടേത് മാത്രമായിരിക്കും.
 
പത്താം ക്ലാസില്‍ ബോര്‍ഡ് എക്സാം എഴുതി വീട്ടില്‍ വെറുതെയിരിക്കുമ്പോഴാണ് എനിക്ക് ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്‍ററിന്‍റെ ഭാഗമായി നടത്തുന്ന മൂന്നുദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അവസരം കൈവന്നത്. അവിടെവച്ചാണ് ജീവിക്കുന്ന ഒരു പുഴയെ കണ്ടുമുട്ടിയത് - ഡോ. ലത അനന്ത. ഞങ്ങളുടെ സ്വന്തം ലതചേച്ചി. ഞങ്ങള്‍ തമ്മില്‍ വെറും മൂന്നുദിവസത്തെ പരിചയം മാത്രം. ചെറിയ ക്ലാസുകളില്‍ ഇന്ത്യയുടെ ഉരുക്കു വനിത - ഇന്ദിരാഗാന്ധി എന്നു കാണാതെ പഠിച്ചതല്ലാതെ, എന്താണ് ആ വാക്കിന്‍റെ അര്‍ത്ഥം എന്ന് ഞാന്‍ പൂര്‍ണമായി പരിചയപ്പെട്ടത് ലതചേച്ചിയെ പരിചയപ്പെട്ടപ്പോഴാണ്. 
 
പരിക്ഷാപേപ്പറുകളോട് മാത്രം കിന്നാരം പറഞ്ഞുകൊണ്ടിരുന്ന എന്‍റെ തൂലികയ്ക്ക്, ഈ കടലാസുകഷണങ്ങളോട് പ്രണയം തോന്നിത്തുടങ്ങിയതിന്‍റെ പ്രധാനകാരണം ലതചേച്ചിയാണ്. അന്ന് ക്യാമ്പിനു വന്ന ഓരോ കുട്ടിയുടെയും അനുഭവം ഇതായിരുന്നു. പലരുടെയും തൂലികയ്ക്കും ചിന്താശേഷിക്കും പെയിന്‍റ് ബ്രഷുകള്‍ക്കും ജീവന്‍ തിരികെ വന്നത് അവിടെവച്ചാണ്. ലതചേച്ചിക്ക് ഞങ്ങളോടുണ്ടായിരുന്ന സമീപനത്തില്‍ നിന്ന് മനസ്സിലായി ചേച്ചി കുട്ടികളില്‍ എത്രമാത്രം പ്രതീക്ഷ അര്‍പ്പിച്ചിരുന്നു എന്ന്. കുട്ടികള്‍ക്ക് അതിരുകളില്ലാതെ ചിന്തിക്കാന്‍ കഴിയുമെന്നും അത്തരം ചിന്തകളും ബോധ്യങ്ങളും ഭാവിയില്‍ ഒരു പുതുലോകം കെട്ടിപ്പടുക്കാന്‍ സഹായകമാകുമെന്നും ലതചേച്ചി വിശ്വസിച്ചിരുന്നു. 
 
ലതചേച്ചിയുടെ വ്യക്തിത്വം എന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു. ക്യാമ്പിന്‍റെ മൂന്നുദിവസങ്ങളിലായി ലതചേച്ചി പുഴയറിവുകള്‍ ഞങ്ങള്‍ക്ക് വേണ്ടുവോളം നല്കി. ഒരു നാടിന്‍റെ ജീവനാഡിയായ പുഴയുടെ സ്പന്ദനം വരും തലമുറകള്‍ക്ക് വാരിക്കോരി നല്‍കാന്‍ ചേച്ചി മറന്നില്ല. കൂട്ടിന് സ്നേഹനിധിയായി ഒപ്പം ഒഴുകാന്‍ ഉണ്ണിച്ചേട്ടനും. ലതചേച്ചി പുഴകള്‍ക്ക് വേണ്ടി ജീവിച്ച പരിസ്ഥിതി പ്രവര്‍ത്തക എന്ന തട്ടില്‍ മാത്രം ഒതുങ്ങുന്നില്ല. നല്ലൊരു കലാകാരി കൂടിയാണ്. കലയെ ഒരുപാടു സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു ലതചേച്ചി.  
 
ക്യാമ്പിനുശേഷം തിരികെപ്പോരുമ്പോള്‍ ഓരോ കുട്ടിയുടെയും നെഞ്ചില്‍ പുഴകളുടെ ഒഴുക്കിന്‍റെ താളം ഉണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണണങ്ങളിലൂടെ ലതചേച്ചിയെ കൂടുതല്‍ അറിയാന്‍ സാധിച്ചു. ഒരു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലതചേച്ചിയോട് സംസാരിച്ചത് ഓര്‍ക്കുന്നു. അന്ന് ഞാന്‍ ഒരു പേരത്തൈ നട്ടിരുന്നു. അന്ന് ലതചേച്ചിയെ വിളിച്ചപ്പോള്‍ ഇക്കാര്യത്തെപ്പറ്റി സൂചിപ്പിച്ചു. അപ്പോള്‍ ലതചേച്ചി പറഞ്ഞ വാക്കുകള്‍ ഒരു മന്ത്രം പോലെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ' Ann, you have done a great thing പക്ഷേ കുഞ്ഞേ... പ്രകൃതിയെ കേവലം ഒരു ദിവസത്തേക്ക് മാത്രം ആചാരം എന്നതുപോലെ ഓര്‍ക്കരുത്. നീ അതിനെ സ്നേഹിക്കുക, പരിപാലിക്കുക. പക്ഷേ അതു ഹൃദയത്തില്‍നിന്നു തന്നെയാകണം." 
 
ലത എന്നു പേരുകേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസ്സിലേക്ക് കടന്നുവരുന്നത് പുഴയാണ്. ലതചേച്ചിയെപ്പറ്റി എഴുതുന്ന ഏതു ലേഖനമായാലും അതിന്‍റെ ശീര്‍ഷകം പുഴയുമായി ബന്ധപ്പെട്ടതായിരിക്കും. 'ലത എന്ന പുഴ', 'പുഴകള്‍ക്കുവേണ്ടി പിറന്നവള്‍', 'ലത ഒരു പുഴയായിരുന്നു', 'ലത എന്ന പുഴയറിവ്' എന്നിങ്ങനെ പോകുന്നു. തീര്‍ച്ചയായും ലതചേച്ചിയുടെ ഒപ്പം നില്‍ക്കുമ്പോള്‍ ഒഴുക്കിന്‍റെ സുഗന്ധം അറിഞ്ഞ ഒരു വലിയ പുഴതന്നെയാണ് ചേച്ചിയെന്ന് ആദ്യദിവസം തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇത്ര അഗാധമായി പുഴയെ സ്നേഹിക്കുകയും കരുതുകയും ചെയ്ത ഒരു വ്യക്തിയെ കണ്ടെത്തുക അത്ര എളുപ്പമല്ല.
 
അര്‍ബുദം ശരീരത്തിന് എന്തെന്നില്ലാത്ത ഭാരങ്ങളും വേദനകളും നല്‍കിയിട്ടും യാതൊരു മടിയും കൂടാതെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കെതിരെ ലതചേച്ചി തന്‍റെ ശബ്ദമുയര്‍ത്തി. പലപ്പോഴും വികസനവാദികള്‍ക്ക് ഭയമായിരുന്നു ലത എന്ന പുഴയെ. പുഴ എന്നത് ലതചേച്ചിയുടെ രൂപകാലങ്കാരമാണ്, ഒരിക്കലും ഉപമാലങ്കാരമല്ല. താന്‍ സ്നേഹിച്ചിരുന്നവരുടെ സാമീപ്യം എപ്പോഴും ആഗ്രഹിച്ചിരുന്നു ലതചേച്ചി. അവര്‍ ഒരു മകളെപോലെ തന്‍റെ പുഴയെ സ്നേഹിച്ചിരുന്നു.  "പ്രകൃതിവിഭവങ്ങള്‍ക്ക് ഒരന്ത്യവുമില്ല, എന്ന തരത്തിലാണ് ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്" എന്ന് ലതചേച്ചി എപ്പോഴും പറയുമായിരുന്നു. 
 
2017 നവംബര്‍ 16-ാം തീയതി ലതയെന്ന പുഴ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി കടലിനോടു ചേര്‍ന്നു. പല കൈവഴികള്‍ ചേര്‍ന്ന് ഒരു പുഴയാകുന്നു. അവസാനം ആ പുഴ തന്‍റെ നീണ്ട പ്രയാണത്തിലൂടെ കടലില്‍ ലയിക്കുന്നു.
 
ആ പുഴയോടൊപ്പം സഞ്ചരിക്കാന്‍ ഇന്ന് പല കൈവഴികള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. അതില്‍ ഒരു ചെറുതോടാണ് ഞാനും. ലതചേച്ചിയെപ്പോലെ ഒരു പുഴയാകാന്‍ എനിക്കും സാധിക്കട്ടെ. പ്രണാമം. 
 
അട്ടപ്പാടിയിലെ ഇരുള ഗോത്രവിഭാഗത്തില്‍പ്പെട്ട സിവാളേച്ചി ലതചേച്ചിയെപ്പറ്റി പറഞ്ഞ വരികളാണിവ - 
പുഴകള്‍ ഒഴുകിയോ ചേച്ചി, 
പുഴകളുടെ താളം കേട്ടോ ചേച്ചി, 
പുഴയുടെ ഒഴുക്കില്‍ പെട്ടോ ചേച്ചി.
മരണത്തിന്‍റെ ചില്ലകളില്‍നിന്ന് കാറ്റ് 
വീശിയോ ചേച്ചി, കാടിന്‍റെ മണം 
വീശിയോ ചേച്ചി, മണ്ണിന്‍റെ മണം 
അറിഞ്ഞോ ചേച്ചി
കിളിയുടെ പാട്ട് കേട്ടോ ചേച്ചി
കിളിയുടെ പാട്ട് നിന്നുപോയോ ചേച്ചി
പുഴകള്‍ ഒഴുകുന്നതുപോലെ 
ഞങ്ങളുടെ മനസ്സില്‍ ലതചേച്ചി
ഓര്‍മ്മയായി നില്‍ക്കട്ടെ, 
പുഴകള്‍ വറ്റാതെ ഒഴുകട്ടെ. 

You can share this post!

രണ്ട് ജീവിതങ്ങള്‍

അങ്കിത ജോഷി
അടുത്ത രചന

യാത്ര

അങ്കിത ജോഷി
Related Posts