news-details
കടുകു മണിയും പുളിമാവും
കടുകുമണിയും പുളിമാവും
 
അനേകം മഴത്തുള്ളികളാണല്ലോ അരുവികളുടെയും പുഴകളുടെയും ജീവനാഡി. അല്പം പുളിമാവ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നും കടുകുമണിയില്‍ വൃക്ഷം ഉറങ്ങുന്നുവെന്നും ദൈവരാജ്യത്തെക്കുറിച്ച് സ്വപ്നം കണ്ട ക്രിസ്തു പഠിപ്പിച്ചു. "ഒറ്റയ്ക്കു സ്വപ്നം കാണുമ്പോള്‍ സ്വപ്നം സ്വപ്നമായിത്തന്നെ തുടരും, അത് ആരോടെങ്കിലും പങ്കിടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിതുറക്കും"-ബിഷപ്പ് ഹെല്‍ഡര്‍ കാമറ. നല്ലൊരു നാളെയെകുറിച്ച് സ്വപ്നം കാണുമ്പോള്‍ നന്മയുടെ അംശം പേറുന്ന മനുഷ്യര്‍ എവിടെയെങ്കിലുമൊക്കെ ഉണ്ട് എന്ന തിരിച്ചറിവ് നമ്മെ ബന്ധിപ്പിക്കുന്ന ചരടുകളാകുന്നു. നിങ്ങള്‍ക്ക് പരിചയമുള്ള നന്മയുടെ നുറുങ്ങുവെട്ടങ്ങളെ (വ്യക്തികളോ, സംഘങ്ങളോ) അസ്സീസിയിലെ ഈ പംക്തിയിലൂടെ പരിചയപ്പെടുത്താം. 
  Mob: 9495 628422,  e-mail:  assisi.magz@gmail.com  - എഡിറ്റര്‍ ഇന്‍ ചീഫ്
 
ഒരു 'ഓര്‍ഡിനറി' മനുഷ്യന്‍റെ 'ഓര്‍ഡിനറി' 
 
ചാര്‍ളി സിനിമ ഇറങ്ങിയതു മുതല്‍ കേരളം താടിവെച്ചതും വെയ്ക്കാത്തതും മുടി വളര്‍ത്തിയതും വളര്‍ത്താത്തതുമായ ചാര്‍ലിമാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. അതുവരെ വലിയ കോട്ടങ്ങളൊന്നും തട്ടാതെ നിലനിന്നിരുന്ന മീശപ്പുലിമലയും ഇല്ലിക്കക്കല്ലുമൊക്കെ, "മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കണ്ടിട്ടുണ്ടോ" എന്ന ഒറ്റ ഡയലോഗില്‍ മീശ പോയ മലയായി മാറി. നമ്മുടെ യാത്രകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ വൈറലുകളിലും സിനിമകളിലെ ഡയലോഗുകളിലും new generationന്‍റെ Bike/Bullet tripകളിലുമൊക്കെ കുടുങ്ങിക്കിടക്കുമ്പോള്‍ ഇതുവരെ സഞ്ചരിച്ചിരുന്ന വഴികളില്‍നിന്ന് മാറി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു യാത്രികനെക്കുറിച്ചാണ് ഈ ലക്കം കടുകുമണിയും പുളിമാവും സംസാരിക്കുന്നത്.
 
തോമസ് എബ്രാഹം വയലില്‍ എന്ന തോമ്മാച്ചനും അദ്ദേഹത്തിന്‍റെ യാത്രകളും viral അല്ല. മാസികകളിലോ പത്രത്താളുകളിലോ അദ്ദേഹത്തെക്കുറിച്ച് അച്ചടിച്ചുവന്നിട്ടുമില്ല. യാത്രയുടെ പേരില്‍ റിക്കോര്‍ഡുകളോ അവാര്‍ഡുകളോ ഒന്നും നേടിയിട്ടില്ല. സമ്പത്തിന്‍റെ ബാഹുല്യമോ നേട്ടങ്ങളുടെ പൊന്‍തൂവലുകളോ ഒന്നും അവകാശപ്പെടാനില്ല. പിന്നെ എന്തുകൊണ്ടാണ് സാധാരണക്കാരില്‍ സാധാരണക്കാരനായ ബാഹ്യമായ ഒരു നേട്ടങ്ങളുമില്ലാത്ത തോമ്മാച്ചനെ നമ്മളിവിടെ അവതരിപ്പിക്കുന്നത്. കാരണം സഞ്ചരിച്ച വഴികളും സന്ദര്‍ശിച്ച ഇടങ്ങളും എല്ലാം ഒന്നാണെങ്കിലും നമ്മള്‍ കണ്ട കാഴ്ചകളല്ല, തോമ്മാച്ചന്‍ കണ്ടത്. 
തോമ്മാച്ചന്‍ കണ്ട ചില  കാഴ്ചകളിലൂടെ...
 

1. മുത്തു കാമാക്ഷിയക്ക: ഒരു പിടി അന്നത്തിന്‍റെ കഥ

 
മധുരയിലെ അധികം അറിയപ്പെടാത്ത ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് ഇടയ്ക്കാട്ടൂര്‍ പള്ളി. അത്ര പ്രസിദ്ധമല്ലാത്തതിനാല്‍ ചുറ്റുപാടും കടകള്‍ കുറവാണ്. വിശപ്പിന്‍റെ വിളി ഉച്ചിയിലെത്തിയപ്പോള്‍ തോമ്മാച്ചനും മാലാഖയും (Angel-തോമ്മാച്ചന്‍റെ സുഹൃത്തും സന്തതസഹചാരിയും) പൊരിവെയിലത്ത് പൊരിഞ്ഞ വിശപ്പുമായി സാപ്പാട് തേടിയിറങ്ങി. ബഹുദൂരം പിന്നിട്ടിട്ടും ഹോട്ടലിന്‍റെ "A'' പോലും കണ്ടില്ല. അപ്പോഴാണ് മാലാഖയുടെ കണ്ണില്‍ ഒരു വീടിനു മുന്നിലെ 'ഇടിലിക്കട' എന്ന ബോര്‍ഡ് പെട്ടത്. "അക്കാ, സാപ്പാട് കിടയ്ക്കുമോ" എന്ന തമിഴാളം കേട്ടപ്പോഴേ അക്കയ്ക്ക് കാര്യം മനസ്സിലായി. ഇടലിക്കടയുടെ മുന്നില്‍ വന്ന് ചോറ് ചോദിച്ച വിദ്വാന്മാര്‍ക്കു തനിക്കുവേണ്ടി കൊണ്ടുവന്ന സാപ്പാടും കറിയും പങ്കുവച്ച് കൊടുക്കുമ്പോള്‍ മുത്ത് കാമാക്ഷിയക്കയുടെ മുഖത്ത് തികഞ്ഞ സന്തോഷം മാത്രമായിരുന്നു. ഭര്‍ത്താവിന്‍റെ മരണശേഷം മകനെ പഠിപ്പിക്കാന്‍ ഇടലിക്കട നടത്തുന്ന പറയത്തക്ക വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്ത ഒരു സാധാരണക്കാരി, പത്തുമിനിറ്റു മുന്‍പു മാത്രം കണ്ടു പരിചയമുള്ള രണ്ട് ചെറുപ്പക്കാര്‍ക്ക് തന്‍റെ ഉച്ചഭക്ഷണം മുഴുവന്‍ കൊടുത്തു. അന്നത്തെ പകലില്‍ അക്ക പട്ടിണിയായിരുന്നോ അല്ലയോ എന്നറിയില്ല. പക്ഷേ ഇന്നവര്‍ ഈ ചെറിയ ലോകത്തെ വലിയ മനുഷ്യരില്‍ ഒരാളാണ്. തോമ്മാച്ചന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മാനത്തോളം വലിയ മനസ്സുള്ള മുത്തക്ക. 
 
ഇത്തരത്തിലുള്ള എന്‍റെയും നിന്‍റെയും ലോകം ചേര്‍ത്ത് നമ്മുടെ ലോകമായി മാറുന്ന സാധാരണക്കാരുടെ, അസാധാരണമായ പ്രവൃത്തിയുടെ ഒരുപാട് കഥകള്‍ പറയാനുണ്ട് തോമ്മാച്ചന്‍റെ ഓരോ യാത്രകള്‍ക്കും.

 കൊങ്കണ്‍ വഴി മണാലി

 
സമ്മാനമായി ലഭിച്ച ഇ. ശ്രീധരന്‍റെ ആത്മകഥയില്‍ നിന്നുമാണ് കൊങ്കണ്‍ പാതയിലൂടെ സഞ്ചരിക്കണമെന്ന പൂതി തോമ്മാച്ചനു പിടിപെട്ടത്. പിന്നെ ഒട്ടും താമസിച്ചില്ല, നമ്മുടെ മാലാഖയെയും കൂട്ടി ചിന്നം വിളിച്ചെത്തിയ 'സംമ്പര്‍ക് ക്രാന്തി'യില്‍ ചാടിക്കേറി. അങ്ങനെ കൊങ്കണ്‍ പാത താണ്ടി ഛണ്ഡിഗഡിലെത്തി. ട്രെയിന്‍യാത്രയില്‍ പാമ്പും കോവണിയും കളിക്കാന്‍ അമ്മുക്കുട്ടിയും, നല്ല നൈസ് ചപ്പാത്തിയും ചിക്കന്‍കറിയും വിളമ്പിതന്ന് സ്നേഹത്തോടെ കഴിപ്പിക്കാന്‍ നാല് അമ്മമാരുമുണ്ടായിരുന്നു.(എല്ലാവരും ട്രെയിനില്‍നിന്ന് കിട്ടിയ ഫ്രണ്ട്സ് ആണ്). ഛണ്ഡിഗഡില്‍നിന്നും സര്‍ക്കാര്‍ ബസ് കയറി നേരെ മണാലി. അവിടെ നമ്മുടെ ബാബുക്ക നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഫേസ്ബുക്കിലെ സഞ്ചാരിഗ്രൂപ്പില്‍ നിന്നും ലഭിച്ച സുഹൃത്താണ് ബാബുക്ക. ഇക്കയുടെ സഹായത്തോടെ അവിടെ നിന്നും നേരെ പോയത് വരണ്ട താഴ്വരകള്‍ നിറഞ്ഞ സ്പിറ്റിവാലിയിലേക്ക്. എറണാകുളത്തുനിന്നും നേരെ ഛണ്ഡിഗഡ് വഴി കുളു-മണാലി പോയി അവിടെ നിന്നും സ്പിറ്റിവാലിയിലെത്തി തിരിച്ച് അമൃത്സര്‍ വന്ന് ഗോള്‍ഡന്‍ ടെമ്പിള്‍, ജാലിയന്‍ വാലാബാഗ്, വാഗാ ബോര്‍ഡര്‍ എന്നിവ സന്ദര്‍ശിച്ച് 15 ദിവസത്തെ യാത്രക്കുശേഷം തിരിച്ച് വീട്ടിലെത്തുമ്പോള്‍ തോമ്മാച്ചന് ആകെ ചെലവായത് 8,000 രൂപ. സര്‍ക്കാര്‍ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി നടത്തിയ ഈ യാത്രയില്‍ പ്രദേശവാസികളുമായി നല്ലൊരു സുഹൃദ്ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചത് കുറഞ്ഞചെലവില്‍ താമസസൗകര്യവും ഭക്ഷണവും കണ്ടെത്താന്‍ അവരെ ഒരുപാട് സഹായിച്ചു. മനുഷ്യരെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രകള്‍ക്കാണ് തോമ്മാച്ചന്‍ എന്നും പ്രാധാന്യം കല്പിച്ചിരുന്നത്. അതുകൊണ്ടു തന്നെയാണ് തോമ്മാച്ചന്‍റെ ordinaryയാത്രകള്‍ extra ordinary യാത്രകള്‍ ആകുന്നത്. 
 

3. ഉയരത്തില്‍ നിന്നും സ്നേഹപൂര്‍വ്വം

 
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗ്രാമത്തില്‍ നിന്നും 'സ്നേഹപൂര്‍വ്വം ഒപ്പ്' എന്നെഴുതിയ കളര്‍പെന്‍സില്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചുചേര്‍ത്ത കത്തുകള്‍ കേരളത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചപ്പോള്‍ കത്തുകള്‍ കിട്ടിയവരും കൊടുത്തവരും ഒരേപോലെ ഞെട്ടി. കാരണം സ്പിറ്റി വാലിയുടെ കഥകള്‍ തുന്നിച്ചേര്‍ത്ത ആ കത്തുകള്‍ ലോകത്തിലെ ഏറ്റവും ഉയരം(14, 500അടി) കൂടിയ പോസ്റ്റോഫീസായ ഖാസായില്‍(ഹിക്കിം, പിന്‍ - 172 114) നിന്നാണ് അയച്ചിരിക്കുന്നത്. ഉയരത്തില്‍ നിന്നും ഉയരം കുറഞ്ഞൊരാള്‍ സ്നേഹത്തോടെ എഴുതിയ കത്തുകള്‍.
 
അങ്ങ് തെക്കൂന്ന് വണ്ടി കയറിവന്ന് പോസ്റ്റോഫീസിന്‍റെ ടെറസില്‍ ഇരുന്നു കത്തുകള്‍ എഴുതിക്കൂട്ടുന്ന തോമ്മാച്ചനെ കണ്ടിട്ട് സഹതാപം തോന്നിയിട്ടാണോ എന്നറിയില്ല, സ്റ്റാമ്പ് ഒട്ടിക്കുന്നതിനു മുതല്‍ ചിത്രങ്ങള്‍ കളര്‍ ചെയ്യുന്നതിനു വരെ സഹായിച്ചത് ഖാസായിലെ പോസ്റ്റ്മാനാണ്. മുത്തച്ഛന്‍റെ ചിത്രരചനാ പാടവം നിരീക്ഷിച്ചുകൊണ്ട് കൊച്ചുമകന്‍ അടുത്തുതന്നെ ഉണ്ടായിരുന്നു. മടക്കയാത്രയില്‍ ഒരു തുണ്ട് കടലാസില്‍ തന്‍റെ വിലാസം എഴുതി വര്‍ണപെന്‍സില്‍ കൊണ്ട് ചായം തേച്ച് കൊടുത്തുകൊണ്ട് "നിങ്ങള്‍, നിങ്ങളുടെ നാട്ടില്‍ ചെല്ലുമ്പോള്‍ എനിക്ക് ഒരു കത്ത് അയക്കുമോ" എന്ന് ചോദിച്ച പോസ്റ്റ്മാന്‍റെ ചോദ്യത്തിനും ഇന്നേരം യാത്രയുടെ വിശേഷങ്ങള്‍ നിറച്ച കത്തു ലഭിച്ചിരിക്കും. ഇത്തരത്തില്‍ ഓരോ യാത്രകള്‍ അവസാനിക്കുമ്പോഴും കത്തുകള്‍ അയയ്ക്കാനുള്ളവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.
 
 

4. നേപ്പാളി ബ്രദേഴ്സ്: ഒരു മണല്‍വാരല്‍ കഥ

 
 ലോക്കല്‍ ബസിലുള്ള യാത്രക്കിടയില്‍ സ്പിറ്റി വാലിയില്‍ 200 രൂപ ദിവസം വാടകയില്‍ താമസിക്കാന്‍ പറ്റിയ ഒരിടം യാത്രക്കാരില്‍ ഒരാള്‍ തരമാക്കിതന്നു. ഭക്ഷണത്തിനുശേഷം നടക്കാനിറങ്ങിയ ഞങ്ങള്‍ ചെന്നുപെട്ടത് സ്പിറ്റിവാലി റിവറിനു മുന്നിലാണ്. അവിടെ രണ്ടു നേപ്പാളികള്‍ മണലുവാരുന്നുണ്ടായിരുന്നു. നേപ്പാളിനേക്കാള്‍ ഉയര്‍ന്ന കൂലി ലഭിക്കുമായിരുന്നതിനാല്‍ ജോലി തേടി വന്നവരായിരുന്നു അവര്‍. അറിയാവുന്ന ഹിന്ദിയൊക്കെ വച്ച് ഞങ്ങള്‍ സംസാരം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവരുടെ കൂടെ പണിയെടുക്കാന്‍ ഞങ്ങളും കൂടി. പണി നിര്‍ത്തി മടങ്ങാന്‍ നേരത്ത് ഞങ്ങളെല്ലാവരും ചേര്‍ന്നൊരു സെല്‍ഫി എടുത്തു. അവരുടെ ജീവിതത്തിലെ ആദ്യസെല്‍ഫി. തിരിച്ചുപോന്നപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് ആ ഗ്രാമം മുഴുവന്‍ കാണിച്ചു തന്നു. ഓരോ നാട്ടുവഴികളിലൂടെയും ഞങ്ങളെ കൊണ്ടുപോയി. നല്ല നാടന്‍ ഭക്ഷണം കഴിച്ചു. അവരുടെ ജീവിതരീതി, സംസ്കാരം എല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ പറ്റി. ചില സമയങ്ങളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടത് നമ്മുടെ കുറച്ചു സമയമാണ്. അവരോട് ചിരിച്ചുകൊണ്ട് രണ്ടു വാക്ക് സംസാരിച്ചാല്‍ മതി. ചിലപ്പോള്‍ 'സുഖമാണോ' എന്ന ഒരു ചോദ്യം മതി. അവര്‍ ഹാപ്പിയാകും. പക്ഷേ നമുക്കൊക്കെ അടച്ചിട്ട കൊട്ടാരങ്ങളിലിരുന്ന് കാഴ്ചകള്‍ കാണാനാണിഷ്ടം. എ.സി. കാറിന്‍റെ സുഖത്തില്‍ നിന്ന് സാധാരണജീവിതത്തിന്‍റെ ധൂളിയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ നമ്മള്‍ തയ്യാറല്ല. പക്ഷേ നമ്മള്‍ എപ്പോള്‍ അതിനു തയ്യാറാണോ അപ്പോള്‍ മുതല്‍ യാത്രകള്‍ നമുക്ക് പാഠം ചൊല്ലിത്തരാന്‍ തുടങ്ങും. ആര്‍ക്കും പറഞ്ഞു തരാന്‍ സാധിക്കാത്ത ചില പാഠങ്ങള്‍.
 

5. എന്‍റെ ഒരു ഫോട്ടോ എടുത്തുതരുമോ

 
മധുര യാത്രയ്ക്കിടയിലാണ് ഞാന്‍ ആ ക്ഷേത്രത്തില്‍ എത്തിയത്. വഴിയരികില്‍ ഒരുപാട് പേര്‍ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. കൂടുതലും പ്രായമായവര്‍. എന്‍റെ കൈയില്‍ അന്ന് അവര്‍ക്ക് കൊടുക്കാന്‍ പൈസ ഒന്നും ഇല്ല. ആകെ ഉള്ളത് എന്‍റെ സമയമാണ്. അതുകൊണ്ട് ഞാന്‍ കുറച്ചുനേരം അവരുമായി സംസാരിച്ചിരുന്നു. "മോനെ എല്ലാവരും വിചാരിക്കും ഞങ്ങള്‍ പൈസക്കു വേണ്ടി മാത്രമാ ഇവിടെ ഇരിക്കുന്നതെന്ന്. അതുകൊണ്ടാണെന്നു തോന്നുന്നു ഇവിടെ വരുന്നവര്‍ ഞങ്ങളെ നോക്കി ഒന്ന് ചിരിക്കാന്‍ പോലും തയ്യാറാകാത്തത്. പൈസ തന്നില്ലെങ്കിലും ഇടയ്ക്കൊന്ന് ഞങ്ങളെ നോക്കി ചിരിച്ചൂടെ അവര്‍ക്ക്." ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒരു ചോദ്യമാണ് ആ അപ്പച്ചന്‍ ചോദിച്ചത്. നമ്മളെല്ലാവരും പ്രതീക്ഷിക്കുന്ന ഒരു കാര്യമാണ് നമ്മളെ സ്നേഹിക്കുന്നവര്‍ നമുക്കുവേണ്ടി കുറച്ചു സമയം ചെലവഴിക്കണമെന്ന്. അതിനുശേഷം എവിടെ പോയാലും എന്‍റെ കൈയില്‍ പൈസ ഒന്നുമില്ലെങ്കിലും ഞാന്‍ അവരോടൊപ്പം കുറച്ചുസമയം ചെലവഴിക്കും.
 
എന്തിനാണ് യാത്രകള്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് തോമ്മാച്ചന്‍റെ ഉത്തരം ഇങ്ങനെയായിരുന്നു;  "ഓരോ യാത്രകളും എനിക്ക് സ്വയം കണ്ടെത്തലാണ്. ഒരു ക്ലാസ്റൂമിനും പറഞ്ഞുതരാന്‍ കഴിയാത്ത പാഠങ്ങളാണ് അവര്‍ പഠിപ്പിക്കുന്നത്. പുതിയ പുതിയ സുഹൃദ്ബന്ധങ്ങള്‍ കിട്ടുന്നു. ഇതിനേക്കാള്‍ ഉപരി ഈ ചെറിയ ലോകത്തില്‍ സാധാരണക്കാരായ വലിയ മനുഷ്യര്‍ ഒരുപാടുണ്ടെന്നു മനസ്സിലാക്കിത്തരുന്നു."
 
നമ്മുടെ യാത്രകള്‍ "Tripping' ,ഉപരിപ്ലവമായ യാത്രകളില്‍ നിന്നും 'കണ്ടെത്തലുകളിലേക്ക്' മാറേണ്ടിയിരിക്കുന്നു. അങ്ങനെയാവുമ്പോള്‍ യാത്ര ചെയ്യുന്ന പ്രദേശത്തെയും അതിന്‍റെ സംസ്കാരത്തെയും ബഹുമാനിക്കാന്‍ നമ്മള്‍ പഠിക്കും. നമ്മള്‍ കണ്ടെത്തുന്ന ഓരോ ordinaryമനുഷ്യനിലും ഒരു  Extra ordinary story ഉണ്ടെന്നു മനസ്സിലാകും. കാതുകളില്‍ തിരുകിയ ഹെഡ്സെറ്റുകളില്‍നിന്നല്ല ബന്ധങ്ങള്‍ വളരേണ്ടതെന്ന് തിരിച്ചറിയും. അടച്ചിട്ട കൊട്ടാരത്തിലല്ല, ധൂളി പറക്കുന്ന ഭൂമിയിലാണ് ജീവിതം മുന്നോട്ടു പോകേണ്ടതെന്ന് പഠിക്കും. ഓരോ യാത്രയും ഈ തിരിച്ചറിവുകള്‍ നമുക്ക് നല്കുമ്പോള്‍ മീശപ്പുലിമലയില്‍ വീണ്ടും മഞ്ഞുപെയ്യുന്നുണ്ടാവും.
(തോമസ് എബ്രാഹം വയലില്‍ : കല്പറ്റ സ്വദേശി) 

You can share this post!

ഡോ.ലത അനന്ത: 1969-2017

ആന്‍ മേരി
അടുത്ത രചന

കാന്താരി

ആന്‍ മേരി
Related Posts