ഓരോ വര്‍ഷവും ജീവിതത്തിന്‍റെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അങ്ങനെ 2022 എന്ന മനോഹരമായ അതിലുപരി പുതിയ കാഴ്ചപ്പാടുകള്‍ തന്ന പുതിയ വീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കിയ വര്‍ഷത്തോട് വിടചൊല്ലാന്‍ സമയം ആകുന്നു. പല അനുഭവങ്ങളും പാളിച്ചകളും വന്നുപോയിയെങ്കിലും അതില്‍നിന്നെല്ലാം പുതിയ വര്‍ഷത്തിലേക്കുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ കഴിഞ്ഞു എന്നു വിശ്വസിക്കുന്നു. പഠിച്ച പാഠങ്ങള്‍ക്കും വന്നുപോയ വീഴ്ചകള്‍ക്കും കണ്ട കാഴ്ചകള്‍ക്കും അപ്പുറം തങ്ങളുടേതായ സ്വപ്നം പടുത്തുയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടും ചിലരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക് അടുത്തു. എന്നാല്‍ തങ്ങളുടെ സ്വപ്നത്തെ മനസ്സിലാക്കാന്‍ കഴിയാത്തവരും ഞങ്ങളിലുമുണ്ട്, ഞങ്ങള്‍ക്കു ചുറ്റിലുമുണ്ട് എന്നത് വാസ്തവം തന്നെയാണ്.
ആഗ്രഹിക്കുന്നത് എന്തും നേടുക എന്നത് സ്വപ്നമായി കണക്കാക്കാന്‍ സാധിക്കില്ല. ആഗ്രഹങ്ങള്‍ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വിരിക്കട്ടെ. പോയ വര്‍ഷം തന്ന നല്ലതും മോശപ്പെട്ടതുമായ കാര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമായി മുന്നോട്ട് കുതിക്കാന്‍ ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ചില കാഴ്ചപ്പാടുകള്‍ ഞങ്ങളെ പിന്നോട്ട് വലിക്കുന്നു. ആണ്‍-പെണ്‍ വ്യത്യാസത്തിന്‍റെ മതില്‍ക്കെട്ടുകളെ വേരോടെ പിഴുതുകളയാന്‍ ഞങ്ങള്‍ ലിംഗവ്യത്യാസമില്ലാതെ മുന്നോട്ട് ഇറങ്ങുമ്പോഴും ചെയ്യുന്നത് എന്തോ വലിയ മഹാപരാധം എന്ന് പേരുചൊല്ലി വിളിക്കുന്നവര്‍ ചുറ്റിലുമുണ്ട്. സൗഹൃദത്തിന് ലിംഗവിഭജനത്തിന്‍റെ മറവ് സൃഷ്ടിക്കുന്നവര്‍. എന്നാല്‍ ഇതിനെയൊന്നും അപ്പാടെ മാറ്റാനോ ഒന്നും സാധിക്കുകയില്ലെങ്കില്‍ കൂടി നമ്മുടെ ശരികളെ ശരികളാണെന്ന് കാണിച്ചുകൊടുക്കാന്‍ ഓരോ വര്‍ഷവും വഴിയൊരുക്കുന്നു എന്ന് വിശ്വസിക്കുന്നു. ആ അവസരങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതി.
ഒട്ടു മിക്ക യുവജനങ്ങളും അനുഭവിക്കുന്ന ഒരു വലിയ മാനസിക സംഘര്‍ഷമാണ് പഠനത്തിനുശേഷമുള്ള ജോലി തിരച്ചില്‍. തങ്ങള്‍ക്ക് ഏതു രംഗത്തേക്ക് ആണ് പോവേണ്ടതെന്ന് അറിയാതെ വരുന്നവരും ആഗ്രഹിച്ചിടത്ത് എത്താന്‍ കഴിയാതെ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്നവരും ഒക്കെ നമുക്ക് ചുറ്റിലുമുണ്ട്. വെറുതെ പുസ്തകം പഠിച്ചു മാര്‍ക്കുവാങ്ങി എന്നതിനപ്പുറം വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ സാധിക്കട്ടെ. പഠിക്കുന്നത് എന്തുമാവട്ടെ അതിന്‍റെ പൂര്‍ണതയില്‍ ഗ്രഹിക്കാനും അവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്കാനും അധ്യാപകര്‍ക്കു കഴിയട്ടെ. വിദ്യാര്‍ത്ഥി-അധ്യാപകബന്ധം ശക്തിപ്പെടുത്താനും ഓരോ വിദ്യാര്‍ത്ഥിയെയും അവരുടെ കുറവുകളോടെ സ്നേഹിക്കാനും ആ കുറവുകളെ നിറവുകളാക്കാനും അധ്യാപകര്‍ക്കു സാധിക്കട്ടെ. അങ്ങനെ 2023 വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഓര്‍മ്മകളില്‍ തിളങ്ങിനില്ക്കുന്ന ഒരു വര്‍ഷമായി തീരട്ടെ.
സ്ത്രീ-പുരുഷ ഭേദമന്യെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ ഇന്നത്തെ തലമുറയ്ക്ക് സാധിക്കും, അവര്‍ അതിനായി പരിശ്രമിക്കുന്നുമുണ്ട്. ഇന്നത്തെ പുതിയ തലമുറ വളരെയധികം പ്രതീക്ഷ നല്കുന്നതാണ്. വിദ്യാഭ്യാസം, കായികം, കലാപരം എന്നീ മേഖലകളിലും, സാങ്കേതികവിദ്യകളുടെ രംഗങ്ങളില്‍പോലും മികവു പുലര്‍ത്തുന്ന ഇന്നത്തെ തലമുറ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പരിശ്രമിക്കുന്നവര്‍. തോല്‍വിയില്‍ പതറിപ്പോകുമ്പോഴും പിടിച്ച് ഏണില്‍പ്പിക്കാന്‍ അവര്‍ക്ക് ഒപ്പം നമ്മള്‍ ഉണ്ടായാല്‍ മതി.
നമ്മുടെ ശരിയായ അഭിരുചികളെ കണ്ടെത്തി അതിന്‍റെ പിന്നാലെ പോകാനുള്ള അവസരം നല്‍കിയാല്‍ മാത്രമേ ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം കണ്ടെത്താന്‍ സാധിക്കൂ. മനസ്സിന് സന്തോഷം നല്‍കുന്ന നെഞ്ചോടു ചേര്‍ത്തു നില്‍ക്കുന്ന ഒരു കാര്യവും എത്ര ചെയ്താലും നമ്മള്‍ മടുക്കില്ല. അങ്ങനെയുള്ള അഭിരുചികളെ കണ്ടെത്തുക, അതില്‍ മുന്നേറുക.
നമ്മുടെ മുന്നിലേക്ക് വരുന്ന ഓരോ അവസരങ്ങളും പുതിയ വേദികളാകട്ടെ. പുതിയ തീരുമാനങ്ങളും ലക്ഷ്യങ്ങളുമൊക്കെയായി ഞങ്ങള്‍ പുതിയ വര്‍ഷത്തിലേക്ക് കയറുമ്പോള്‍ ഒപ്പം തങ്ങളുടെ സ്വപ്നങ്ങളെ ആഗ്രഹങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന, ബഹുമാനിക്കുന്നവര്‍ കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. തെററു ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നവര്‍, നല്ലതു ചെയ്യുമ്പോള്‍ അഭിനന്ദിക്കുന്നവര്‍, ഉപദേശം തേടുമ്പോള്‍ കുറ്റപ്പെടുത്താതെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നവര്‍, അങ്ങനെ ജീവിതത്തില്‍ ഒറ്റക്കല്ല എന്ന ബോധ്യത്തിലൂടെ മുന്നോട്ടു പോകാന്‍ സഹായിക്കുന്ന അനേകം വ്യക്തികള്‍ നമുക്കു ചുറ്റിലുമുണ്ട്. നമ്മുടെ ഓരോരുത്തരുടെയും സ്വപ്നങ്ങളെ നമ്മുടെ സ്വപ്നങ്ങളാക്കുന്നിടത്ത് ലോകം മാറിത്തുടങ്ങും.
ജാതിയുടെയും മതത്തിന്‍റെയും പേരില്‍, തമ്മില്‍ തല്ലാതെ മനുഷ്യന്‍ എന്ന പേരില്‍ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താന്‍ കഴിയട്ടെ. മറ്റുള്ള മതങ്ങളെ കുറച്ചുകാണാതെ അവരെ അംഗീകരിച്ചും ആദരിച്ചും മുന്നോട്ടു പോകുമ്പോള്‍ ആണ് യഥാര്‍ത്ഥ സാഹോദര്യം നമ്മളില്‍ പ്രകടമാകുന്നത്. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ക്കപ്പുറം സ്നേഹത്തിന്‍റെ പണിയാന്‍ കഴിയട്ടെ നമുക്ക്.
സ്നേഹബന്ധങ്ങളെ പോലും പണത്തിന്‍റെയും ജാതിയുടെയും ഒക്കെ പേരില്‍ തട്ടിത്തെറിപ്പിക്കുന്ന വാര്‍ത്തകളും നാം അനുദിനം വായിക്കുന്നു. പ്രണയത്തിന്‍റെ പേരില്‍ ജീവനുതുല്യം സ്നേഹിച്ച വ്യക്തിയെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിയവരുമുണ്ട്. ബന്ധങ്ങളുടെ വില അറ്റുപോവുന്നുണ്ടോ എന്നു നാം സംശയിക്കേണ്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ കടന്നുപോകും വ്യക്തികള്‍ മാറും എന്നാല്‍ സ്നേഹത്തിനും ബന്ധങ്ങള്‍ക്കും കോട്ടം സംഭവിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.
തീരുമാനങ്ങള്‍ എന്തുമാവട്ടെ. അതു നടപ്പിലാക്കുക എന്നതാണ് സുപ്രധാനം. അതിനാല്‍ പുതിയ വര്‍ഷത്തെ തികഞ്ഞ ആത്മവീര്യത്തോടും അതിലുപരി പ്രതീക്ഷയോടും കൂടെ നമുക്ക് വരവേല്‍ക്കാം. നല്ല മാറ്റങ്ങള്‍ എന്തുമാകട്ടെ അതിനെ പ്രോത്സാഹിപ്പിക്കാനും കഴിയട്ടെ. മാറ്റങ്ങളുടെ, വികസനത്തിന്‍റെ, സന്തോഷത്തിന്‍റെ ഒരു വര്‍ഷമാകട്ടെ 2023.