news-details
ഓര്‍മ്മ

മണ്ടനെന്നു തോന്നിച്ച ഒരു ജ്ഞാനി

ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രത്തിന്‍റെയോ പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിന്‍റെയോ ആദിമദശകങ്ങളില്‍ അവിടെ രണ്ടിടത്തും ധ്യാനത്തില്‍ സംബന്ധിച്ചിട്ടുള്ളവരൊന്നും ആര്‍മണ്ടച്ചന്‍റെ രൂപവും ഭാവവും പ്രസംഗവും മറക്കാനിടയില്ല. അത്രകണ്ട് വ്യത്യസ്തത അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വരുന്ന ജനുവരി 12 ന് അദ്ദേഹം നമ്മെ കടന്നുപോയിട്ട് ഇരുപത്തിരണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. രൂപതാതലത്തില്‍ അദ്ദേഹത്തിന്‍റെ നാമകരണ നടപടികള്‍ ആരംഭം കുറിച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു.

ജനനബാല്യകൗമാരങ്ങള്‍

പാലാക്കടുത്ത് മരങ്ങാട്ടുപള്ളി പാലയ്ക്കാട്ടു മലയില്‍ മാധവത്ത് കുടുംബത്തില്‍ ഫ്രാന്‍സിസ് - റോസ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1930 നവംബര്‍ 25-നായിരുന്നു പാപ്പച്ചന്‍റെ ജനനം. ഫ്രാന്‍സിസ് എന്നായിരുന്നു മാമ്മോദീസപേര്. മരങ്ങാട്ടുപള്ളി സെന്‍റ് തോമസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. തന്‍റെ ഇടവക മധ്യസ്ഥനും തന്‍റെ പേരിന് കാരണഭൂതനുമായ അസ്സീസിയിലെ വി. ഫ്രാന്‍സിസിനോട് പാപ്പച്ചന് സ്വതവേ ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. കപ്പൂച്ചിന്‍ സന്ന്യാസ സമൂഹത്തില്‍പ്പെട്ട ഫാ. ലിയോ കീപ്രത്ത്, മിഷനറി ജീവിതത്തെക്കുറിച്ച് സംസാരി ക്കുന്നതിനായി ഇടവകയിലെത്തുന്നത് ആയിടെയാണ്. അദ്ദേഹം വിവരിച്ച മിഷനറി ജീവിതത്തില്‍ ആകൃഷ്ടനായി ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സന്ന്യാസ സമൂഹത്തോടൊപ്പം ചേരാന്‍ തീരുമാനിച്ച ആ കൗമാരക്കാരന്‍ അജ്മീര്‍ അപ്പസ്തോലിക് സ്കൂളില്‍ ചേര്‍ന്ന് പഠിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1952 -ല്‍ ഗോവയിലെ കപ്പൂച്ചിന്‍ മൈനര്‍ സെമിനാരിയില്‍. പിന്നീട് നേത്രാവതി നദിയുടെ തീരത്തുള്ള ഫറങ്കിപേട്ട് മോന്‍തേ മരിയാനോ നോവിഷ്യേറ്റ്. നോവിഷ്യേറ്റിന്‍റെ ഒടുവില്‍ 1954 മെയ് 13 -ന് പ്രഥമ വ്രതവാ ഗ്ദാനം. വ്രതവാഗ്ദാനത്തോടെ അന്നത്തെ രീതിക്ക് ഫ്രാന്‍സിസ് എന്ന പേര് ഉപേക്ഷിച്ച് ആര്‍മണ്ട് എന്ന പുതിയ പേര് സ്വീകരിക്കുന്നു. കൊല്ലത്തെത്തി തില്ലേരിയിലെ സെന്‍റ് ആന്‍റണി ഫ്രയറിയില്‍ തത്ത്വശാസ്ത്ര പഠനം. 1957 മെയ് 13-ന് കത്തോലി ക്കാസഭയില്‍ കപ്പൂച്ചിന്‍ സന്ന്യാസിയായി ആര്‍മണ്ട് നിത്യവ്രതവാഗ്ദാനം ചെയ്യുന്നു. അനന്തരം തമിഴ് നാട്ടിലെ കോട്ടഗിരി ഫ്രയറിയില്‍ ദൈവശാസ്ത്ര പഠനം. അക്കാലത്ത് ആര്‍മണ്ടിന്‍റെ രണ്ട് ജ്യേഷ്ഠ സഹോദരന്മാര്‍ ഇഹലോകവാസം വെടിയുന്നു. അവരുടെ വിയോഗം അദ്ദേഹത്തെ ഉലച്ചുവെങ്കിലും തളര്‍ത്തിക്കളഞ്ഞില്ല. ദൈവശാസ്ത്രപഠനത്തിനു ശേഷം ഊട്ടി രൂപതാധ്യക്ഷനായിരുന്ന മാര്‍ ആന്‍റണി പടിയറയില്‍ നിന്ന് 1960 മെയ് 25 -ന് പൗരോഹിത്യ സ്വീകരണം. അപ്പോഴേക്കും ആര്‍മണ്ടച്ചന്‍റെ കുടുംബം മരങ്ങാട്ടുപള്ളിയില്‍ നിന്ന് വയ നാട്ടില്‍ നടവയലിലേക്ക് കുടിയേറിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ പ്രഥമ ദിവ്യബലിയര്‍പ്പണം കുടുംബക്കാരുടെ ഇടവകയായ നടവയല്‍ വിശുദ്ധ കുരിശിന്‍റെ ദേവാലയത്തില്‍ വച്ചായിരുന്നു.

അക്കാലത്ത് ഒരൊറ്റ പ്രോവിന്‍സായിരുന്നു ഇന്‍ഡ്യയിലെ കപ്പൂച്ചിന്‍ സമൂഹം. എറണാകുളം പൊന്നുരുന്നി ആശ്രമം, ആലുവ നസ്രത്ത് ആശ്രമം എന്നിവിടങ്ങളിലെ ഹ്രസ്വമായ സേവനങ്ങള്‍ക്കിടെ അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാരൂപിയും ജീവിതലാളി ത്യവും വൈകാരിക പക്വതയും തിരിച്ചറിഞ്ഞിട്ടാവണം അധികാരികള്‍ അദ്ദേഹത്തെ ഫറങ്കിപേട്ടിലെ മോന്‍തേ മരിയാനോ നോവിഷ്യേറ്റിലേക്ക് നിയോഗിച്ചത്. ധാര്‍വാര്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനം നടത്തുന്ന പോസ്റ്റ്-ഫിലോസഫി വിദ്യാര്‍ത്ഥികളുടെ ഡിറക്റ്ററായും അതേസമയം ബിരുദപഠനം നടത്തുകയും ചെയ്യാനുള്ള നിയോഗമാണ് അദ്ദേഹത്തിന് അടുത്തതായി കിട്ടുന്നത്.  മൂവാറ്റുപുഴലൊരേറ്റോ ആശ്രമത്തിലേക്ക് നിയമനം കിട്ടിയ ആര്‍മണ്ടച്ചന്‍ താമസിയാതെ 1969-ല്‍ അവിടെ നോവിസ് മാസ്റ്ററായി നിയമിതനായി എന്നത് ഒരു ചെറിയ കാര്യം ആയിരുന്നില്ല. നാലുവര്‍ഷത്തിനുശേഷം 1973-ല്‍ അദ്ദേഹം അവിടെ സുപ്പീരിയറായി നിയോഗിക്കപ്പെട്ടു. അടുത്ത മാറ്റം ഭരണങ്ങാനം അസ്സീസി ആശ്രമത്തിലേക്കായിരുന്നു. പാലാ രൂപതയിലെ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭാംഗങ്ങളുടെ ആത്മീയോപദേഷ്ടാവായിട്ട് ആയിരുന്നു നിയമനം. അതിനിടെയാണ് കേരളത്തില്‍ ആദ്യമായി കരിസ്മാറ്റിക് നവീകരണത്തിന്‍റെ ധ്യാനം ഇംഗ്ലീഷില്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ വച്ച് നടക്കുന്നതും ഗ്രേഷ്യനച്ചനോടൊപ്പം ആര്‍മണ്ടച്ചന്‍ അവിടെപോയി അത് കൂടുന്നതും. അവിടെ അനുഭവിച്ച ആത്മീയതയുടെ നവചൈതന്യം അദ്ദേഹത്തില്‍ ആവസിച്ചു. കോട്ടയത്തും ബാംഗ്ലൂരുമായി രണ്ടു ധ്യാനങ്ങളില്‍കൂടി അദ്ദേഹം പങ്കെടുത്തു. നവീകരണ പ്രസ്ഥാനത്തിന്‍റെ ചാലക വഴിയാവാന്‍ അദ്ദേഹം ആത്മാവിന് തന്നെത്തന്നെ വിട്ടുകൊടുത്തു. അങ്ങനെ, 1976 സെപ്റ്റംബര്‍ 24 ന് കേരള ത്തില്‍ മലയാളത്തില്‍ അല്മായര്‍ക്കായി ആദ്യത്തെ താമസിച്ചുള്ള കരിസ്മാറ്റിക് ധ്യാനം ഭരണങ്ങാനം അസ്സീസി റിന്യൂവല്‍ സെന്‍ററില്‍ വച്ച് ആര്‍മണ്ടച്ചന്‍റെ മുന്‍കൈയിലും നേതൃത്വത്തിലും നടന്നു. ഫാ. ഗ്രേഷ്യന്‍ കപ്പൂച്ചിനും ഫാ. ഏ. കെ. ജോണും അദ്ദേഹത്തെ സഹായിച്ചു. ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആര്‍മണ്ടച്ചന്‍റെ നേതൃത്വത്തില്‍ ഭരണങ്ങാനം അസ്സീസി റിന്യൂവല്‍ സെന്‍ററില്‍ വച്ച് നവീകരണ ധ്യാനങ്ങള്‍ നടന്നു.

കപ്പൂച്ചിന്‍ പ്രോവിന്‍സിന് മലബാര്‍ മേഖലയില്‍ പറയത്തക്ക സാന്നിദ്ധ്യമുണ്ടായിരുന്നില്ല. മലബാര്‍ മേഖലയില്‍നിന്ന് ഭരണങ്ങാനം അസ്സീസിയില്‍ ധ്യാനിക്കാന്‍ വരുന്നവരുടെ ബുദ്ധിമുട്ടുകളൂം കഷ്ടപ്പാടുകളും അദ്ദേഹം മനസ്സിലാക്കി. തിരുവിതാം കൂറിലും മദ്ധ്യ കേരളത്തിലുമായി നിരവധി നവീകരണ ധ്യാനകേന്ദ്രങ്ങള്‍ അപ്പോഴേക്കും ഉണ്ടായി ക്കഴിഞ്ഞിരുന്നു. പ്രസ്തുത ആശയത്തിന് കപ്പൂച്ചിന്‍ പ്രോവിന്‍സിന്‍റെ അനുമതിയും അനുഗ്രഹവും കിട്ടാന്‍തന്നെ വര്‍ഷങ്ങളിലെ പരിശ്രമം ആവശ്യമായി വന്നു. 1996 ന്‍റെ ആരംഭത്തിലാണ് കപ്പൂച്ചിന്‍ പ്രോവിന്‍സ് മലബാറില്‍ ധ്യാനകേന്ദ്രം ആരംഭി ക്കാന്‍ തീരുമാനമെടുക്കുന്നതും അതിനായി ആര്‍മണ്ടച്ചനെ ചുമതലപ്പെടുത്തുന്നതും. മലബാറിലെത്തിയ ആര്‍മണ്ടച്ചന്‍ ഇരിട്ടിക്കടുത്ത് പട്ടാരത്ത് അതിനായി സ്ഥലം കണ്ടെത്തുകയും ഇടവകകള്‍ തോറും കാല്‍നടയായി നടന്ന് ജനങ്ങളെ നേരില്‍ക്കണ്ട് സംഭാവനകള്‍ ചോദിച്ചും തടിയും മറ്റും സ്വീകരിച്ചും ചെറിയ രണ്ടു മൂന്നു ഷെഡുകള്‍ നിര്‍മ്മിച്ച്  വിമലഗിരി ധ്യാനകേന്ദ്രം ആരംഭിച്ച് അവിടെ ധ്യാനങ്ങള്‍ പ്രസംഗിക്കാന്‍ തുടങ്ങി. ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം 1998 ഡിസം ബര്‍ 19 ന് ധ്യാന സെന്‍റര്‍ ആശീര്‍വ്വദിച്ചു. മേല്ക്കൂര ചോര്‍ച്ചയും തണുപ്പും മൂലം താത്ക്കാലികമായ ഷെഡുകളില്‍ താമസിച്ചുകൊണ്ട് ധ്യാനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക ദുഷ്കരമായിരുന്നു. അങ്ങനെ ധ്യാനകേന്ദ്രത്തിനു വേണ്ടി ആദ്യത്തെ ഒറ്റനിലകെട്ടിടം പണിയാന്‍ ആരംഭിക്കുമ്പോള്‍ ത്തന്നെ ആര്‍മണ്ടച്ചനില്‍ എന്തെല്ലാമോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. തൃശൂര്‍ അമല ആസ്പത്രിയില്‍ അര്‍ബുദരോഗത്തിന് ചികിത്സയാരംഭിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്‍റെ ശ്വാസകോശങ്ങളെ അര്‍ബുദം കീഴ്പ്പെടുത്തിയിരുന്നു. ആയിരങ്ങളുടെ പ്രാര്‍ത്ഥനകളുടെയും സമാശ്വാസ വചനങ്ങളുടെയും മധ്യേ, 2001 ജനുവരി 12-ന് തന്നെ അറിഞ്ഞവരേവര്‍ക്കും പ്രിയങ്കരനായി രുന്ന ആ പുണ്യാത്മാവിനെ ദൈവഭവനത്തിലെ വിശുദ്ധരുടെ കൂടാരത്തിലേക്ക് മാലാഖമാര്‍ കൂട്ടി ക്കൊണ്ടുപോയി. താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവിന്‍റെ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്‍റെ ഭൗതികശരീരം ദിവ്യസ്തുതികള്‍ നിമന്ത്രണങ്ങളാകുന്ന പട്ടാരത്തിന്‍റെ മണ്ണ് ഏറ്റു വാങ്ങി. അടക്കം ചെയ്യപ്പെട്ട നാള്‍മുതല്‍ ഇന്നോളം, ഇരുപത്തിരണ്ടു വര്‍ഷമാകുന്നു, ഒരൊറ്റ ദിവസം പോലും അദ്ദേഹത്തിന്‍റെ കബറിടത്തില്‍ പുതു പൂക്കള്‍ ഒഴിഞ്ഞിട്ടില്ല!

ഇനി പറയുന്ന കാര്യങ്ങള്‍ക്ക് എനിക്ക് ഒരു രേഖയും പരിശോധിക്കേണ്ടതില്ല. കാരണം, ഇനിയെഴുതുന്ന വാക്കുകള്‍ ഈയുള്ളവന്‍റെ അനുഭവസാക്ഷ്യങ്ങളാണ്. അദ്ദേഹത്തോടൊപ്പം അഞ്ചാറുവര്‍ഷം ഒരേ ആശ്രമത്തില്‍ അംഗമായിരി ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.

ആര്‍മണ്ടച്ചനെ ഓര്‍മ്മിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് അദ്ദേഹത്തിന്‍റെ ശക്തമായ ദൈവാശ്രയബോധവും പ്രാര്‍ത്ഥനാരൂപിയുമാണ്. ദൈവത്തില്‍ ആശ്രയം വയ്ക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ധ്യാനസന്ദേശങ്ങള്‍ മിക്കവയും. വെറും വാക്കുകളായിരുന്നില്ല അദ്ദേഹത്തിന് അതൊന്നും. സ്വജീവിതത്തില്‍ അനുഭവി ച്ചതും അനുവര്‍ത്തിച്ചുപോരുന്നതുമായ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഭരണങ്ങാന ത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന അസ്സീസി മാസികയുടെ ചാര്‍ജ് ഉണ്ടായിരുന്നു അന്നെനിക്ക്. പലപ്പോഴും ലേഖകരെ കാണാനും ഇന്‍റര്‍വ്യൂ ചെയ്യാനും മറ്റുമായി എനിക്ക് യാത്രകള്‍ ചെയ്യണമായിരുന്നു. മാറ്ററെല്ലാം സ്വരുക്കൂട്ടി അവയെല്ലാം കംപോസ് ചെയ്ത് കഴിഞ്ഞാലും ആര്‍ട്ടിസ്റ്റി നോടൊപ്പം ഇരിക്കേണ്ട ലേ-ഔട്ട് ജോലിയും മിക്കവാറും രാത്രികളിലായിരുന്നു. യാത്രചെയ്തോ ജോലി ചെയ്തോ രാത്രിയില്‍ ഒരു മണിക്കും ഒന്നരക്കും ശബ്ദമുണ്ടാക്കാതെ സ്കൂട്ടറില്‍ ആശ്രമത്തില്‍ വന്നു കയറുമ്പോള്‍ പള്ളിയിലെ സക്രാരിക്കു പിന്നിലായി ആശ്രമാംഗങ്ങള്‍ ഇരിക്കുന്ന ഭാഗത്ത് തന്‍റെ ഇരിപ്പിടത്തില്‍ ആര്‍മണ്ടച്ചന്‍ പ്രാര്‍ത്ഥനാമഗ്നനായി ഇരിക്കുന്നുണ്ടാവും. അതിനൊരിക്കലും മാറ്റം വന്നിട്ടില്ല. ദൈവപരിപാലനയില്‍ ആശ്രയം വച്ചുള്ള ജീവിതവും പ്രവര്‍ത്തന വുമായിരുന്നു അദ്ദേഹത്തിന്‍റേത്. തന്‍റെ ഫ്രാന്‍സിസ്കന്‍ പാരമ്പര്യത്തിന്‍റെ സ്വാധീനത്താ ലാവണം, ത്രിത്വൈക ദൈവത്തെക്കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചതും എഴുതിയതും അദ്ദേഹത്തിന്‍റെ ഭക്തിയും. 'എല്ലാവരും പരിശുദ്ധ ത്രിത്വത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ത്രിത്വൈക ദൈവത്തോട് ഭക്തിയും വൈയക്തികമായ ബന്ധവും ഉണ്ടായിരിക്കുക തീരെ വിരളമാണ്. ഒരുപക്ഷേ ആര്‍മണ്ടച്ചനെ പോലെ അങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല' എന്ന് കേരളത്തിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. 'നാം ത്രിത്വത്തില്‍നിന്ന് വരുന്നു. ത്രിത്വത്തിലാണ് നാം ജീവിക്കുന്നത്. ത്രിത്വത്തില്‍ത്തന്നെ നാം വിലയം പ്രാപിക്കും' എന്ന് ആര്‍മണ്ടച്ചന്‍ പറഞ്ഞിരുന്നു.

ആര്‍മണ്ടച്ചനെപ്പോലെ ഈഗോ -അഹം ബോധം- എന്നത് ഇത്രയും കുറവുള്ള ആളുകളെ കാണുക ദുഷ്കരമാണ്. ധ്യാനം തുടങ്ങുന്ന ദിവസം രാത്രിയില്‍ ധ്യാനിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു പറഞ്ഞശേഷം ധ്യാനത്തിന്‍റെ ടീമംഗങ്ങളെ അച്ചന്‍ പരിചയപ്പെടുത്തും. അവസാനം അദ്ദേഹം തന്നെത്തന്നെ പരിചയപ്പെടുത്തിയിരുന്നത് ഇങ്ങനെയാണ്. 'എന്‍റെ പേര് ഫാ. ആര്‍മണ്ട്. ഓര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അരമണ്ടന്‍ എന്നോര്‍ത്താല്‍ മതി.' സെമിനാരി വിദ്യാര്‍ത്ഥികളെക്കൂടാതെ ആശ്രമത്തില്‍ ഇരുപത്തഞ്ചിനുമേല്‍ അംഗങ്ങളുണ്ടായിരുന്നു അക്കാലത്ത്. മൂപ്പക്രമമനുസരിച്ച് അംഗങ്ങളുടെ പേരിനരികെ ഓരോരുത്തരുടെയും ജന്മദിനം അല്ലെങ്കില്‍ തിരുനാള്‍ദിനത്തിന്‍റെ തിയ്യതി ടൈപ്പ് ചെയ്ത് ഒരു പ്രത്യേക നോട്ടീസ് ബോര്‍ഡില്‍ ആ ലിസ്റ്റ് എപ്പോഴും ഇട്ടിരുന്നു. ഓരോ അംഗത്തിന്‍റെയും ആഘോഷ ദിവസത്തിന്‍റെ തലേനാള്‍ അത്താഴശേഷം ജന്മദിനം / ഫീസ്റ്റ് ആഘോഷിക്കുന്ന അംഗത്തെ ബാക്കിയെല്ലാവരും ആശ്ലേഷിച്ച് ആശംസിക്കുന്ന പതിവുണ്ടായിരുന്നു. പിറ്റേന്ന് എല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരിക്കല്‍ എങ്ങനെയോ ആര്‍മണ്ടച്ചന്‍റെ ജന്മദിനം എല്ലാവരും വിട്ടുപോയി. തലേന്ന് ആശംസിച്ചതുമില്ല. മറ്റാരെങ്കിലുമായിരു ന്നെങ്കില്‍ ഉള്ളില്‍ പരിഭവം വിചാരിക്കുകയും അന്നേദിവസം സമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും ആവും ചെയ്യുക. അന്ന് ആര്‍മണ്ട ച്ചന് പുറത്തെവിടെയോ ആയിരുന്നു കുര്‍ബാന ഇട്ടിരുന്നത്. രാവിലെ കുര്‍ബാന കഴിഞ്ഞ് മറ്റംഗങ്ങളെല്ലാം പ്രാതല്‍ കഴിക്കുമ്പോള്‍ ആര്‍മണ്ടച്ചന്‍ തിരക്കിട്ട് അങ്ങോട്ട് വന്നു. 'ഇന്നെന്‍റെ പിറന്നാളാണ്. എല്ലാവര്‍ക്കും എന്നെ വിഷ് ചെയ്യാം' എന്ന് ഇംഗ്ലീഷില്‍ പറഞ്ഞ് അദ്ദേഹം ഞങ്ങളുടെ ആശംസ ചോദിച്ചുവാങ്ങിയിട്ട് ധ്യാനഭവനിലെ തന്‍റെ തിരക്കുകളിലേക്ക് ഓടിപ്പോയി. ധ്യാന ദിനങ്ങളില്‍ ഒരുമണിക്കൂറോളം നീളുന്ന  പല പ്രസംഗങ്ങളും അച്ചനായിരുന്നു പറയേണ്ടിയിരുന്നത്. ഒരാഴ്ച നീളുന്ന ധ്യാനത്തിന്‍റെ അവസാനമാകുമ്പോഴേക്ക് ശബ്ദം ഏതാണ്ട് മുഴുവനായും നഷ്ടപ്പെട്ടിരിക്കും. ശാരീരികമായി നല്ല ക്ഷീണവും ഉണ്ടാകും. പിറ്റേന്നത്തെ (ഞായര്‍) കുര്‍ബാനചൊല്ലി പ്രസംഗിക്കേണ്ട ലിസ്റ്റില്‍ പലപ്പോഴും അച്ചനെയും ഇട്ടിരിക്കും. 'ശബ്ദം പോയിരിക്കുകയല്ലേ, അച്ചനുപകരം ഞാന്‍ കുര്‍ബാന ചൊല്ലണോ?' എന്ന് വൈദിക സഹോദരന്മാരാരെങ്കിലും ചോദിച്ചാല്‍, 'ശബ്ദം ഒക്കെ വരുമെടോ. കര്‍ത്താവല്ലേ ഇതൊക്കെ ചെയ്യുന്നത്' എന്നായിരുന്നു ആര്‍മണ്ടച്ചന്‍റെ പ്രതി കരണം.

ജനങ്ങളോട് അച്ചന് അതിരറ്റ ബഹുമാനവും അവര്‍ക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനെ സംബ ന്ധിച്ച് അതിയായ തീക്ഷ്ണതയും അച്ചനുണ്ടായിരുന്നു. വൈദികനെന്ന നിലയിലുള്ള സുപ്പീരിയോരിറ്റിയോ മറ്റുള്ളവര്‍ തന്നെ ബഹുമാനിക്കണം എന്ന ചിന്തയോ ആര്‍മണ്ടച്ചന് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ഒരുപക്ഷേ, അച്ചനോളം അല്മായ 'പ്രേഷിതരെ' പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പി ക്കുകയും ചെയ്തിട്ടുള്ളവര്‍ വിരളമായിരിക്കാം.

ആത്മീയരായ മനുഷ്യര്‍ എങ്ങനെയോ എടുത്തണിയുന്ന ഒരുതരം അതിഗൗരവം അദ്ദേഹത്തില്‍ തീരെ ഇല്ലായിരുന്നു. സ്വതസിദ്ധമായ ലാളിത്യത്തോടെ അദ്ദേഹം എപ്പോഴും തമാശ പറയുകയും ചിരിക്കുകയും ചെയ്യുമായിരുന്നു. എട്ടു മണിക്കുള്ള അത്താഴത്തിനുശേഷം ഒമ്പതുമണിക്കുള്ള നിശാ പ്രാര്‍ത്ഥനക്ക് മുമ്പായി എതാണ്ട് അര മണിക്കൂ റോളം സമയത്ത് ഉല്ലാസത്തിന്‍റെ ഭാഗമായി അംഗങ്ങളില്‍ കുറേപ്പേര്‍ വട്ടംകൂടിയിരുന്ന് ചീട്ടുകളിക്കുകയും ബാക്കിയുള്ളവര്‍ ചുറ്റുമിരുന്ന് പ്രോത്സാഹിപ്പി ക്കുകയും പതിവായിരുന്നു. ചീട്ടുകളിക്കുന്നവരില്‍ എത്ര തോല്ക്കാനും മടിയില്ലാത്ത ആര്‍മണ്ടച്ചനുമുണ്ടാകും! അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു. സുവിശേഷത്തിന്‍റെ ആനന്ദമായിരുന്നു അദ്ദേഹത്തിന്.

മ മ ലൂയോ അപ്ര
റോകോകോ ഗഏപീകോ
തെതെ തിതിതീ
എന്നിങ്ങനെ കേട്ടാല്‍ എന്താണെന്നാണ് നാം കരുതുക? പുതിയനിയമത്തെക്കുറിച്ചുള്ള ആര്‍മണ്ടച്ചന്‍റെ പ്രസംഗത്തില്‍ അച്ചന്‍ പുതിയ നിയമഗ്രന്ഥങ്ങളുടെ ക്രമത്തെ ശ്രോതാക്കള്‍ക്ക് എളുപ്പത്തില്‍ ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ പറഞ്ഞുകൊടുക്കുകയാണ്. സത്യത്തില്‍ ഏതെങ്കിലും ഒരു പുതിയ നിയമഗ്രന്ഥത്തിന്‍റെ സ്ഥാനം പെട്ടെന്ന് കണ്ടെ ത്താന്‍ ഞാന്‍ തന്നെയും പലപ്പോഴും അച്ചന്‍റെ ഈ സൂക്ഷ്മരൂപ 'പദ്യം' ചൊല്ലിനോക്കിയിട്ടുണ്ട്.

കൃത്യനിഷ്ഠയും സാമ്പത്തികനിഷ്ഠയും അച്ചന്‍റെ പ്രത്യേകതകളായിരുന്നു. നൂറു രൂപ കൈക്കാശായി കൊണ്ടുപോയാല്‍ യാത്രകള്‍ കഴിഞ്ഞ് തിരിച്ചുവന്ന് കൃത്യമായി പോയ സ്ഥലങ്ങള്‍ വച്ച് കണക്കെഴുതി ബാക്കി തുക അച്ചന്‍ കൊടുക്കുമായിരുന്നു. ആഴ്ചയിലെ ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്ക് അച്ചന് കൃത്യനിഷ്ഠയുണ്ടായിരുന്നു. ആഴ്ചയിലെ ഇന്ന ദിവസങ്ങള്‍ ഇന്ന സമയം തുണിയലക്കാന്‍, ഇന്ന ദിവസം ഇന്ന സമയം നഖം വെട്ടാന്‍ എന്നിങ്ങനെ ആഴ്ചയെ സംബന്ധിച്ചും, ഉണരാന്‍ ഇന്ന സമയം, തയ്യാറാവാന്‍ ഇന്ന സമയം, പ്രാര്‍ത്ഥനക്ക് ഇന്ന സമയം ജപമാലക്ക് ഇന്ന സമയം ഉല്ലാസത്തിന് ഇന്ന സമയം ഉറങ്ങാന്‍ ഇന്ന സമയം എന്ന് ദിവസത്തെ സംബന്ധിച്ചും അദ്ദേഹത്തിന് കൃത്യമായ നിഷ്ഠകളുണ്ടായിരുന്നു. ഒരുപക്ഷേ, അത്തരം സമയനിഷ്ഠകളില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് തന്‍റെ ജീവിതം മുഴുവന്‍ ഇങ്ങനെ കൊടുത്തുതീര്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്നു തോന്നുന്നു!

വേദന സഹിക്കാനും അദ്ദേഹത്തിന് കൂടുതല്‍ കഴിവുണ്ടായിരുന്നുവോ? സെമിനാരിയില്‍ അക്കാ ലത്ത് ഡോബര്‍മാന്‍ ഇനത്തില്‍പെട്ട രണ്ട് നായ്ക്കള്‍ ഉണ്ടായിരുന്നു. ധ്യാനകേന്ദ്രത്തില്‍ നിന്ന് സെമിനാരിയുടെ മുറ്റത്തു കൂടിയാണ് അച്ചന്‍ ആശ്രമത്തിലേക്ക് നടന്നുപോവുക. നടക്കുമ്പോള്‍ എപ്പോഴും ജപമാലമണികള്‍ അദ്ദേഹത്തിന്‍റെ വിരലുകള്‍ക്കിടയില്‍ ഉരുണ്ടിരുന്നു. രാത്രിയില്‍  ചോരയൊലിക്കുന്ന കാലുമായി അച്ചന്‍ സെമിനാ രിയിലെ പ്രഥമശുശ്രൂഷാ മുറിയില്‍ ഒരിക്കല്‍ കടന്നു ചെന്നതിനെക്കുറിച്ച്  ഫാ. സ്കറിയ കല്ലൂര്‍ ഒരിക്കല്‍ പറഞ്ഞു. 'ഇതെന്തു പറ്റിയച്ചാ?' എന്നു ചോദിച്ചപ്പോള്‍ 'അത്, ഷൈനി ഇടക്കൊക്കെ ഇങ്ങനെ കടിക്കാറുള്ളതാ' എന്ന് തീരെ നിസ്സാരമായി അദ്ദേഹം പറഞ്ഞത്രേ! പിന്നീട്, ശ്വാസകോശങ്ങളില്‍നിന്ന് ക്യാന്‍സര്‍ ശരീരത്തിന്‍റെ ഇതരഭാഗങ്ങ ളിലേക്കും അസ്ഥിയിലേക്കും പടര്‍ന്നപ്പോള്‍ അമല ആസ്പത്രിയില്‍ നിന്ന് കുറേനാള്‍ അച്ചനെ ഭരണ ങ്ങാനത്തേക്ക് കൊണ്ടുവന്നിരുന്നു. ആശ്രമത്തില്‍ ഗസ്റ്റിനുള്ള മുറിയാണ് അച്ചനു നല്കിയത്. കരിസ്മാറ്റിക് നവീകരണരംഗത്ത് സജീവമായ ഒട്ടനവധി പ്രേഷിതരും പ്രഘോഷകരും ഇടതടവില്ലാതെ അച്ചനെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. എല്ലാവരും അച്ചന്‍റെ ശിരസ്സില്‍ കൈകള്‍ വച്ച് മധ്യസ്ഥ പ്രാര്‍ ത്ഥന നടത്തിക്കൊണ്ടിരുന്നു. അച്ചന്‍ ആരോടും പരിഭവം പറഞ്ഞില്ലെന്നു മാത്രമല്ല, അവരുടെയും കുടുംബത്തിന്‍റെയും സുഖവിവരങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. 'അച്ചാ, വേദനയുണ്ടോ?' എന്നാരെങ്കിലും ചോദിച്ചാല്‍ 'ആ, കുറേശ്ശെ' എന്ന് ഗൂഢമായ ഒരു മന്ദസ്മിതത്തോടെ പറയുമായിരുന്നു. ക്യാന്‍സറിന്‍റെ അത്തരം അവസ്ഥയില്‍ അച്ചന്‍ കടന്നുപോയിക്കൊണ്ടിരുന്ന വേദനയുടെ ആഴം എത്ര വലുതായിരുന്നു! ഭരണ ങ്ങാനത്തായിരുന്നപ്പോഴും പിന്നീട് അന്ത്യദിനങ്ങളില്‍ പട്ടാരത്തും ഗ്രേഷ്യനച്ചനും വിന്‍സെന്‍റ ച്ചനും മറ്റു കപ്പൂച്ചിന്‍ സഹോദരങ്ങളും വൈകുന്നേരങ്ങളില്‍ അച്ചനോടൊപ്പം സമയം ചെലവഴിക്കുന്നത് കാണാമായിരുന്നു. സന്ദര്‍ശകര്‍ മാറിക്കഴിഞ്ഞാല്‍ അച്ചന്‍ ജപമാലയിലേക്കാണ് മടങ്ങിയിരുന്നത്.

അച്ചന്‍റെ ശുശ്രൂഷകളില്‍ വലിയ അത്ഭുത പ്രവൃത്തികളോ രോഗശാന്തികളോ അച്ചന്‍ ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല. താരപരിവേഷങ്ങളൊന്നും അച്ചന് ഒരിക്കലും ഇല്ലായിരുന്നു. പുറമേക്ക് അച്ചന്‍ എന്നും ഒരു സാധാരണ മനുഷ്യനായിരുന്നു. അസാധാരണത്തങ്ങള്‍ ഒന്നുമില്ലാത്ത, പുറമേക്ക് വെറും സാധാരണമെന്നു മാത്രം തോന്നുന്ന വയലിലാണല്ലോ താന്‍തന്നെയാകുന്ന നിധി ദൈവം കുഴിച്ചിടുന്നത്. ആര്‍മണ്ടച്ചന്‍ ആ വയലാണ് വാങ്ങിയിരുന്നത് !

You can share this post!

മരിച്ചാലും മരിക്കാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍

സി. അലീന എഫ്.സി.സി. മുളപ്പുറം
അടുത്ത രചന

മഹാനായ മാര്‍പ്പാപ്പ: ബനഡിക്ട് പതിനാറാമന്‍

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
Related Posts