news-details
ഓര്‍മ്മ

മരണം യാഥാര്‍ത്ഥ്യമാണെന്ന് അറിയുമെങ്കിലും അതുള്‍ക്കൊള്ളാന്‍ ഞാന്‍ ഇനിയും പാകമായിട്ടില്ല. മരിച്ചവരെക്കുറിച്ച് എഴുതാനിരിക്കുന്ന ഈ സമയം എനിക്ക് കഠിനമായി നെഞ്ചുവേദനിക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ തോന്നുന്നു. പലപ്പോഴും എഴുതാന്‍ തുടങ്ങുകയും അവിടെത്തന്നെ നിന്നു പോകുകയും ചെയ്യുന്നു. ഇതും പൂര്‍ത്തിയാകുമോ എന്നറിയില്ല.

അരനൂറ്റാണ്ടിലധികം അപ്പനോടും അമ്മയോടും ഒപ്പം ഭൂമിയില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയ ജന്മമാണ് എന്‍റേത്. ശരിക്കു പറഞ്ഞാല്‍ 57-ാം പിറന്നാളും അപ്പനോടും അമ്മയോടും ഒപ്പം ആഘോഷിച്ചു. അവരുടെ സ്നേഹപരിലാളനകള്‍ അനുഭവിച്ചു. തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സില്‍ ഈ തിരുവോണത്തിന് പുലര്‍ച്ചെ അഞ്ചരക്കാണ് അപ്പന്‍ ഭൂമിയാത്ര അവസാനിപ്പിച്ചത്. അപ്പന്‍ മരിച്ചു എന്ന് സ്വയം എന്നോടുതന്നെ പറഞ്ഞത് കാറ്റ് കൊണ്ടുവന്ന പള്ളിമണിയുടെ നാദമായിരുന്നു. സെപ്തംബര്‍ എട്ട് മാതാവിന്‍റെ അമലോത്ഭവ തിരുനാള്‍ ദിവസം.

നാല് വയസ്സുള്ളപ്പോള്‍ അമ്മയും 16 വയസ്സു ള്ളപ്പോള്‍ അപ്പനും മരിച്ചു പോയിരുന്ന  ഒരു പെണ്‍ കുട്ടിയെയും രണ്ട് ആണ്‍കുട്ടികളെയും ആരൊക്കെയോ ചേര്‍ന്ന് വളര്‍ത്തി. തനിക്ക് താനും ദൈവവും മാത്രമേ തുണയുള്ളു എന്ന് അപ്പന്‍ പഠിച്ചത് അങ്ങനെയാകണം. അമിതമായി ഒന്നും ആഗ്രഹിക്കാത്ത മനുഷ്യന്‍. കിട്ടുന്ന എന്തിലും സന്തോഷം കണ്ടിരുന്നവന്‍. തനിക്കു കഴിയുന്ന സഹായം മറ്റുള്ളവര്‍ക്കു ചെയ്യാന്‍ മടിക്കാത്തവന്‍. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇതാണ് അപ്പന്‍. ശാന്തമായ് ഒരു ഇളം കാറ്റ് കടന്നു പോകുംപോലെ ആ ജീവന്‍ കടന്നുപോയി. ആരെയും ആശ്രയിക്കാതെ... ഒരാളെയും ബുദ്ധിമുട്ടിക്കാതെ... ഒരവധി പോലും ആര്‍ക്കും എടുക്കേണ്ടി വന്നില്ല.

ജീവിതംപോലെ തന്നെ ആ കടന്നുപോകലും.

വ്യക്തിപരമായ നഷ്ടമാണല്ലേ നമുക്ക് നഷ്ടമായി തോന്നുക. അപ്പന്‍റെ മരണം ഈ പ്രായത്തിലും എന്നെ അനാഥമാക്കുന്നു. വീടില്ലാത്ത ഒരു നാലു വയസ്സുകാരിയായി ഞാന്‍ മാറിയിരിക്കുന്നു. എന്‍റെ വീട് എന്നു പറഞ്ഞ് കയറി ചെല്ലാന്‍ എനിക്കൊരു വീടില്ലാതായിരിക്കുന്നു. അത് ഇനി വീട്ടിലെ ആണ്‍ കുട്ടിക്ക് അവകാശപ്പെട്ടതാണ്. ആണ്‍കോയ്മ അതിന്‍റെ സൂക്ഷ്മരാഷ്ട്രീയത്തില്‍ സ്ത്രീയെ അനാഥമാക്കുന്നത് അങ്ങനെയാണ്. വീട്ടുകാര്‍ പെട്ടെന്ന് ഒരു ദിവസം കൊണ്ട് വിരുന്നുകാരായി മാറുന്ന അത്ഭുതവിദ്യയാണത്.

മരണത്തെക്കുറിച്ചും മരണം പ്രിയപ്പെട്ടവര്‍ക്കുണ്ടാക്കുന്ന നഷ്ടവും പല തരത്തില്‍ മനുഷ്യര്‍ വിലയിരുത്തിയിട്ടുണ്ട്.

ബുദ്ധനോട് തന്‍റെ കുഞ്ഞ് മരിച്ച സങ്കടം പറഞ്ഞ സ്ത്രീയോട് ബുദ്ധന്‍ പറഞ്ഞത് ആരും മരിക്കാത്ത വീട്ടീല്‍ നിന്ന് ഒരു പിടി കടുക് വാങ്ങി വരൂ എന്നാണ്.

അതു വളരെ എളുപ്പം എന്നു കരുതിയ ആ അമ്മക്ക് തിരിച്ചു വരുമ്പോഴേക്കും മരണമെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ യേശു തന്‍റെ പ്രിയപ്പെട്ടവരുടെ മരണത്തെ അത്ര താത്വികമായല്ല കണ്ടത്. അവന്‍റെ കണ്ണില്‍ നിന്ന് കണ്ണീര്‍തുള്ളികള്‍ വീണു എന്നാണ്. അവന്‍ മരണത്തില്‍ കരയുന്നവരോടൊപ്പം കരഞ്ഞു. നിന്‍റെ മകള്‍ ഉറങ്ങുകയാണെന്നു പറഞ്ഞ് അവളെ ഉണര്‍ത്തി.

ഉയിര്‍പ്പ് ക്രിസ്ത്യാനിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ്. ആ വിശ്വാസം മരണത്തെ കടന്നു പോകാന്‍ ഒരാളെ തീര്‍ച്ചയായും ധൈര്യപ്പെടുത്തുന്നുണ്ടാകാം.

എങ്കിലും ജീവിച്ചിരിക്കുന്നവരുടെ നഷ്ടത്തെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

അപ്പന്‍ മരിച്ചിട്ട് 41 ദിവസമേ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ സങ്കടങ്ങള്‍ ഒഴിഞ്ഞു പോകുമ്പോള്‍ മരിച്ച അപ്പന്‍ ജീവിച്ചിരുന്ന അപ്പനേക്കാള്‍ ശക്തനായിരിക്കുന്നു. ഇപ്പോള്‍ അപ്പനെ കാണാന്‍ വീടു വരെ പോകേണ്ടതില്ല. ആഗ്രഹിക്കുമ്പോഴെക്കും അപ്പനെത്തുന്നു. എത്ര നേരം വേണമെങ്കിലും മിണ്ടിക്കൊണ്ടിരിക്കാം. മാത്രമല്ല എന്തിനോടുമുള്ള അകാരണ മായ ഭയം മാഞ്ഞുപോയിരിക്കുന്നു -  മരിച്ചുപോയവര്‍ അവരുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞുനില്‍ക്കുന്നു. ഉറക്കത്തില്‍ മാത്രമല്ല ഉണര്‍വ്വിലും അവര്‍ നമ്മോടൊപ്പം വരുന്നുണ്ട്. അവരുടെ ചെയ്തികള്‍, വാക്കുകള്‍, നോട്ടങ്ങള്‍, ഇഷ്ടങ്ങള്‍, ഇഷ്ടക്കേടുകള്‍ എല്ലാം കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നത് മരണശേഷമാണ്. ഒരു കാര്യം സത്യമാണ്. ജീവിച്ചിരിക്കുമ്പോള്‍ സ്നേഹവും ഇഷ്ടവും ഉള്ളവരോടു മാത്രമേ മരണശേഷവും അതു നിലനില്‍ക്കുന്നുള്ളൂ. സത്യം പറഞ്ഞാല്‍ പ്രിയപ്പെട്ടവര്‍ മരിക്കു മ്പോള്‍ അനാഥരാകുന്നത് നമ്മളാണ്. അതു കൊണ്ടാണ് നമ്മള്‍ അവരുടെ ഓര്‍മ്മകളെ ചേര്‍ത്തു നിര്‍ത്തുന്നത്. കാരണം നമ്മള്‍ മനുഷ്യര്‍ തനിച്ചു നില്‍ക്കാന്‍ കഴിയാത്തവരാണ്. അത്രമാത്രം നിസ്സഹായരാണ്.

അവസാന നാളുകളില്‍ അപ്പന്‍ ഏറെ ക്ഷീണിതനായിരുന്നു. അമ്മക്ക് തനിയെ പരിചരിക്കാന്‍ പാടായിരുന്നു. അപ്പനെ കുളിപ്പിക്കാനും, മുടിയും താടിയും വെട്ടി സുന്ദര കുട്ടപ്പനാക്കാനും. ഇഢ്ഡലി ചട്ട്നിയില്‍ മുക്കി വായില്‍ വെച്ചു കൊടുക്കുമ്പോ ഴേക്കും, മരുന്ന് കഴിപ്പിച്ച് പുതപ്പിച്ചു കിടത്തുമ്പോഴു മെല്ലാം ഒരു നാലു വയസ്സുകാരന്‍റെ പ്രകൃതമായിരുന്നു അപ്പന്. ഉത്രാടത്തിന്‍റെ അന്നു മാത്രമാണ് സ്ട്രോക്ക് വന്ന് മിണ്ടാന്‍ കഴിയാതെ കിടന്നത്. നല്ല ഓര്‍മ്മയുണ്ടായിരുന്നു. പള്ളിയില്‍നിന്ന് അച്ചന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നപ്പോള്‍ കണ്ണ് നിറയെ തുറന്നു നോക്കി. കടക്കണ്ണില്‍ ഒരു തുള്ളി വെള്ളം നിറഞ്ഞു.

അപ്പാ, അച്ചന്‍ പ്രാര്‍ത്ഥിച്ചാല്‍ വേഗം മാറും എന്നു പറഞ്ഞപ്പോള്‍ കണ്ണുകൊണ്ടതു കേട്ടു. ഒരു മുഴുവന്‍ ദിവസം അപ്പന്‍റെ അരികിലായിരിക്കുവാന്‍ സമയം കിട്ടി. അപ്പന്‍റെ മുറി, അപ്പന്‍റെ കട്ടില്‍.

അപ്പന്‍ പണിത വീടാണ്. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത്. അന്നു മുതല്‍ അപ്പന്‍ ആ മുറിയില്‍ നിന്നു മാറി കിടന്നിട്ടില്ല. ആസ്പത്രിയിലോ, ജേതവനത്തിലോ, (എന്‍റെ വീട്) മാത്രമാണ് അല്പകാലം മാറി നിന്നിട്ടുള്ളത്. അപ്പന്‍റെ മുറി വൃത്തിയാക്കാനുള്ള പ്രിവിലേജ് എനിക്കാണ് നല്‍കപ്പെട്ടിരുന്നത്. അതിന്‍റെ കാര്യം മരണശേഷം മുറി ഒതുക്കിയപ്പോഴാണ് അറിഞ്ഞത്. അപ്പന് ലഭിച്ചിരുന്ന വാര്‍ദ്ധക്യ പെന്‍ഷന്‍ ചെറിയ ചെറിയ പൊതികളാക്കി അതില്‍ പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്നു. തന്‍റെ മരണത്തിനുള്ള സമ്പാദ്യം. മരണാനന്തര ചടങ്ങുകള്‍ക്കുള്ള പണം അത്രയും അപ്പന്‍ തന്നെ ആരോടും പറയാതെ സൂക്ഷിച്ചിരുന്നു. അങ്ങനെ ജീവിതത്തിലും മരണത്തിലും ആരെയും ഭാരപ്പെടുത്താതെ ഒരാള്‍ കടന്നുപോയി. അവസാന സമയത്തേക്കായി പറയന്‍ ഒന്നും ബാക്കിവെച്ചില്ല എല്ലാം നല്ല സമയങ്ങളില്‍ തന്നെ പറഞ്ഞു. അപ്പന്‍റെ ജീവിതത്തില്‍ നിന്ന് ഞാന്‍ കണ്ടെടുത്ത മൊഴി മുത്തുകള്‍.

1. ഭക്ഷണം കഴിക്കുന്ന സമയത്ത് ആരു വന്നാലും ഉള്ളത് കൊടുക്കുക എന്തെന്നാല്‍ ആരു തിന്നാലും തൊണ്ടയില്‍ നിന്ന് ഇറങ്ങിയാല്‍ തീട്ടമാണ്.

2. ആവത് ഉള്ളിടത്തോളം കാലം പണിതു തിന്നുക. പ്ലാവില പെറുക്കാറായല്‍ പ്ലാവില പെറു ക്കണം എന്നാണ്.

3. കാറ് വാങ്ങുന്ന അത്രയും കാശ് ബാങ്കിലിടാന്‍ ഉള്ളപ്പോഴെ കാറു വാങ്ങാവൂ.

4. അന്യന്‍റെ സ്വത്ത് ആഗ്രഹിക്കരുത്. (ആരാന്‍റെ ഈ രേലേ തീട്ടം കണ്ട് പന്നിയെ വളര്‍ത്തരുത്.)

5. പാവട്ട പൂക്കുമ്പോള്‍ അങ്ങടും പുല്ലാനി പൂക്കുമ്പോള്‍ ഇങ്ങോട്ടും ചായരുത്.

6. സല്‍കീര്‍ത്തീ സമ്പത്തിനെക്കാള്‍ വലുതാണ്.

7. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും ആരുടെ മുതലും മോഷ്ടിക്കരുത്. സ്വന്തം തെറ്റുകൊണ്ട് മനുഷ്യരുടെ മുന്നില്‍ തലകുനിക്കേണ്ടി വരരുത്.

8. ചേതമില്ലാത്ത ഉപകാരം ആര്‍ക്കും ചെയ്തു കൊടുക്കാന്‍ മടിക്കരുത്.

9. ദൈവമേ! എന്നൊരു ചിന്ത കൂടെയുണ്ടാകണം.

10. കിടക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് ആരു വന്നാലും ഒരു രാത്രി കിടക്കാന്‍ ഇടം കൊടുക്കണം.

ഇതൊന്നും അപ്പന്‍ വായിച്ചതോ സ്കൂളില്‍ പോയി പഠിച്ചതോ അല്ല - ചെറുപ്രായത്തില്‍ തന്നെ അനാഥമായിപ്പോയ ഒരു കുട്ടിയെ കാലം പഠിപ്പിച്ച താണ്.

ഭൗതികമായ സ്വത്തൊന്നും അപ്പന്‍ എനിക്ക് തന്നില്ല. എന്നാല്‍ ഒരിക്കലും നശിച്ചുപോകാത്ത ആന്തരിക ധനം കൊണ്ടെന്നെ സമ്പന്നയാക്കി. ഒരു കാര്യം ഉറപ്പിച്ചു പറയാം ആ അപ്പന്‍റ മകളായി ജനിച്ചതാണ് എന്‍റെ വലിയ ഭാഗ്യം.

മരിച്ചവരെക്കുറിച്ചുള്ള ഓര്‍മ്മയാണ് എഴുതി തുടങ്ങിയത്.

അതെ നമുക്ക് പ്രിയപ്പെട്ടവരൊന്നും നമ്മെ വിട്ടു പോകുന്നില്ല. അവരെ നമ്മില്‍ നിന്നു വേര്‍പ്പെടു ത്താന്‍ മാത്രം ശക്തമല്ല മരണം.

എന്തെന്നാല്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ ഓര്‍മ്മകളിലാണ് നമ്മള്‍ ജീവിക്കുന്നത്.

അപ്പനെ നല്ലതുപോലെ ഒരുക്കി പറഞ്ഞയക്കാന്‍ കഴിഞ്ഞു. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കിടന്ന കട്ടിലാണ്. കല്യാണത്തിന് അപ്പന്‍ വാങ്ങിയ കട്ടിലാണ് അതെന്നാണ് അമ്മ പറഞ്ഞത്. ആ കട്ടിലിലാണ് അപ്പനെ കെട്ടിപ്പിടിച്ച് കിടന്ന് കഥകള്‍ കേട്ടിരുന്നത്. ആ കട്ടില്‍ ഇപ്പോള്‍ ഒഴിഞ്ഞുകിട ക്കുന്നു. അപ്പന്‍റെ മുറിയും.

നവംബര്‍ മാസം മരിച്ചവരെ ഓര്‍ക്കാനായി സഭ മാറ്റിവെച്ചിരിക്കുന്നു. പുനരുത്ഥാന പൂന്തോട്ടം എന്ന സ്വപ്നാത്മകമായ പേരാണ് ശ്മശാനത്തിന് നമ്മള്‍ നലകിയിരിക്കുന്നത്.
സെന്‍റ് പോള്‍ പറയുന്നതുപോലെ നമ്മളും പറയുന്നു 'യേശു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ഥമായേനെയെന്ന്.'

വൈലോപ്പിള്ളി പാടിയതുപോലെ
'ഹാ! വിജിഗീഷു മൃത്യൂവിന്നാമോ
ജീവിതത്തിന്‍ക്കൊടി പടം താഴ്ത്താന്‍.' മരിച്ചവരെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെ യാണ് ഓര്‍ക്കുന്നത്. എന്തെന്നാല്‍ മരണം ഒരു വാതിലാണ്. നമ്മിലേക്കു കടക്കാനും നമ്മില്‍ നിന്നു പുറത്തു കടക്കാനുമുള്ള വാതില്‍.

മഹാകവി ടാഗോര്‍ ഗീതാഞ്ജലിയില്‍ മരണത്തെക്കുറിച്ച് പാടുന്നത് ഇങ്ങനെയാണ്:
മരണമേ! എന്‍റെ മരണമേ!
ജീവന്‍റെ അന്ത്യ സാഫല്യമേ!
വരിക, അരികത്തിരിക്കുക
എന്നോട് മന്ത്രിക്കുക.
നിനക്കു വേണ്ടിയാണു ഞാന്‍
സുഖദുഃഖങ്ങളുടെ കുരിശു വഹിച്ചത്.
എനിക്കുള്ളതെല്ലാം
ഒഴുകിയെത്തിയത്
നിന്‍റെ ആഴങ്ങളിലേക്കാണ്.
നിന്‍റെ ഒറ്റ നോട്ടം മതി
ഞാന്‍ നിന്‍റേതാകാന്‍
വരണമാല്യം കോര്‍ത്തു കഴിഞ്ഞു വിവാഹ ത്തിനു ശേഷം
 വധു വീടുവിട്ട്
തന്‍റെ നാഥനെ പ്രാപിക്കാന്‍
ഇരുളിന്‍റെ ഏകാന്തതയില്‍
തനിയെ പോകുന്നു.
മരണത്തെ ഏറെ പ്രതീക്ഷയോടെ അവത രിപ്പിക്കുന്നതാണ് നാഗല്‍ എഴുതിയ സമയമാം രഥത്തില്‍ എന്ന പാട്ട്. ക്രൈസ്തവ വിശ്വാസത്തിന്‍റെ ആകെ തുകയാണത്. പിന്നീട് വയലാര്‍ ആ ഗാനം സിനിമയിലേക്ക് കൊണ്ടുവന്നു.

മരിച്ചവരെ വളരെ സന്തോഷത്തോടെ ഓര്‍ക്കുന്നത് നമ്മുടെ മരണഭയം അകറ്റാന്‍ കൂടി യാണ്. അതെ ഈ കുറിപ്പ് എഴുതി തുടങ്ങിയപ്പോഴുണ്ടായ ഭയവും അതുമൂലമുണ്ടായ എന്‍റെ നെഞ്ചിടിപ്പും മാറിക്കഴിഞ്ഞിരിക്കുന്നു.

മരിച്ചവരെ ഓര്‍ക്കുമ്പോള്‍

നമ്മള്‍ നമ്മുടെ മരണത്തെ സ്നേഹിക്കാന്‍ തുടങ്ങുന്നു.

കുട്ടികളായിരുന്നപ്പോള്‍ കൂട്ടൂകാരുടെ അച്ഛന്‍ അമ്മ എന്നിവരെ കണ്ടതുപോലെയായിരിക്കുന്നു ഇപ്പോള്‍ കൂട്ടുകാര്‍. ആ നൈരന്തര്യം തുടര്‍ന്നുകൊ ണ്ടിരിക്കുന്നു.

മരണഗാനമാണ് ഏറ്റവും സുന്ദരവും ആനന്ദകരവുമായത്. അതുകൊണ്ടാണല്ലേ ഹംസഗാനം എന്ന സങ്കല്പം തന്നെ ഉണ്ടായത്.

അപ്പന്‍

ഏറെ ക്ഷീണീതനായിരുന്നിട്ടും തന്നെ കാണാന്‍ വന്ന ബോബിയച്ചനോടൊപ്പം എറെ നേരം സംസാരിച്ചിരുന്നു. മരണഭയം ഒരിക്കലും അപ്പനെ അലട്ടിയിരുന്നില്ല.

ജീവിതംപോലെ ശാന്തമായിരുന്നു അപ്പന്‍റെ മരണവും.

You can share this post!

മണ്ടനെന്നു തോന്നിച്ച ഒരു ജ്ഞാനി

ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts