news-details
മറ്റുലേഖനങ്ങൾ

മെച്ചപ്പെട്ട ബന്ധങ്ങള്‍ക്ക് ചില ഹ്രസ്വകാല നടപടികള്‍

വിഷാദരോഗത്തിനും (depression) അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന(Bipolar disorder)-ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാല് ദിവസത്തെ മരുന്നില്ലാ ചികിത്സയായ മനോനിലചിത്രണം(Mood Mapping)-തുടരുന്നു. എട്ടാം ദിവസം ബന്ധങ്ങള്‍ മനോനില(Mood)യില്‍ ചെലുത്തുന്ന സ്വാധീനവും പ്രസാദാത്മക മനോനില കൈവരിക്കുന്നതിനു ബന്ധങ്ങളെ തദനുസരണം രൂപപ്പെടുത്തേണ്ടതെങ്ങിനെ എന്നും ചര്‍ച്ച ചെയ്യുന്നു.

ഉലച്ചിലും ഉരസലും കൂടാതെ ബന്ധങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ചുറ്റുമുള്ളവരുമായി നന്നായി ഇടപഴകാന്‍ കഴിയുമ്പോള്‍ നിങ്ങളുടെ മനോനില പ്രസാദാത്മകമാകും. ബന്ധങ്ങള്‍ പ്രസാദാത്മകമാക്കാന്‍ ഹ്രസ്വകാലനടപടി എന്ന നിലയില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക.

1. പുഞ്ചിരി സമ്മാനിക്കുക
കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സകല മനുഷ്യരും ഒരു പുഞ്ചിരിയോട് ക്രിയാത്മകമായി, അനുകൂലമായി പ്രതികരിക്കും. ചിരിയോട് ചിരിയാലല്ലാതെ ഒരാള്‍ക്ക് പ്രതികരിക്കാനാവില്ല. അതു മനുഷ്യപ്രകൃതമാണ്. ആരെങ്കിലും ഒരു പുഞ്ചിരി സമ്മാനിച്ചാല്‍ നമ്മെയതു സന്തോഷിപ്പിക്കും. ലഭിച്ച പുഞ്ചിരിയുടെ സമ്മാനത്തെ മറുചിരിയാല്‍ പോഷിപ്പിക്കും. ആദ്യം പുഞ്ചിരിച്ച് നിങ്ങള്‍ക്കിടയിലെ മഞ്ഞുകട്ട അങ്ങുടയ്ക്കുക.

2. ഇടയ്ക്കിടെ ചില സഹായങ്ങള്‍
ഇതല്പം അസംബന്ധമായി തോന്നാമെങ്കിലും ചില ചില്ലറ സഹായങ്ങള്‍ ഇടയ്ക്കിടെ ചെയ്യുന്നത്, അത് ആര്‍ക്കായാലും എത്ര നിസ്സാരമായാലും ബന്ധങ്ങളെ ഹൃദ്യമാക്കും. ചെറിയ സഹായങ്ങള്‍ ചിലപ്പോള്‍ വലിയ സഹായമായി തിരിച്ചുവരികയും ചെയ്തേക്കാം.

3. ചെറിയൊരു ട്രീറ്റ്
നിങ്ങളൊരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍, ഒരു ദിവസം കുറച്ചു പൂക്കള്‍ കൊണ്ടുവന്ന് എല്ലാവരുടെയും മേശപ്പുറം ചെറുതായൊന്ന് അലങ്കരിച്ചാലോ. അല്ലെങ്കില്‍ ഓരോ കഷണം കേക്കില്‍ സഹപ്രവര്‍ത്തകരുടെ ദിവസം മധുരമുള്ളതാക്കിയാലോ? ചെറിയ ചെറിയ പങ്കുവയ്ക്കലുകള്‍, ഉദാരതയുടെ ഒരു ബഹിര്‍സ്ഫുരണം മനുഷ്യരുടെയുള്ളില്‍ ഊഷ്മളമായൊരു ചൈതന്യം ഉദിപ്പിക്കും. അതുവഴി നാം ജീവിക്കുന്ന അന്തരീക്ഷം തന്നെ പ്രസാദാത്മകമാകും. വീട്ടിലും ഇതു പരീക്ഷിക്കുക. പങ്കാളിയുടെ കിടക്കക്കരികിലെ മേശയില്‍ സൗഹൃദത്തിന്‍റെ ഒരു 'ട്രീറ്റ്.' കുട്ടികളുടെ കിടക്കയില്‍ വാത്സല്യത്തിന്‍റെ ഒരു പൂക്കൂട അല്ലെങ്കില്‍ പാവക്കുട്ടി. അവരുടെ പ്രതികരണം നിങ്ങളെ ആഹ്ലാദിപ്പിക്കുമെന്നു മാത്രമല്ല, നിങ്ങള്‍ എത്രമാത്രം അവരെ കരുതുന്നു എന്നതില്‍ അവര്‍ക്ക് അഭിമാനവും ആനന്ദവും കൃതജ്ഞതയും അനുഭവപ്പെടും.

4. ഖേദം പ്രകടിപ്പിക്കുക
ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ അസ്വസ്ഥരാക്കിയെങ്കില്‍, അലോസരപ്പെടുത്തിയെങ്കില്‍, മുറിപ്പെടുത്തിയെങ്കില്‍ തീര്‍ച്ചയായും ആത്മാര്‍ത്ഥമായി മാപ്പപേക്ഷിക്കുക. ക്ഷമാപണം സാഹചര്യത്തെ സാധാരണനിലയിലാക്കും. ക്ഷമ പറയാന്‍ 'അഭിമാനം' തീരെ സമ്മതിക്കുന്നില്ലെങ്കില്‍ കുറഞ്ഞപക്ഷം, "നിങ്ങള്‍ക്ക് അങ്ങനെയൊരു വിഷമം തോന്നനിടയായതില്‍ ഖേദിക്കുന്നു' എന്നെങ്കിലും പറയുക. നിങ്ങള്‍ ക്ഷമ പറഞ്ഞതായി അവര്‍ക്കു തോന്നും. നിങ്ങളുടെ അഭിമാനത്തിന് ക്ഷതമൊന്നും വരില്ല. അവര്‍ക്ക് അങ്ങനെ തോന്നിയതാണല്ലോ തെറ്റായിപ്പോയത്! സന്ദര്‍ഭം രക്ഷപ്പെടുത്താന്‍, അതുവഴി ബന്ധം നിലനിര്‍ത്താന്‍ അതു മതിയാകും.

5. ശ്രദ്ധ
എല്ലാവരും കേള്‍വിക്കാരെ ആഗ്രഹിക്കുന്നു. തങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കുമ്പോള്‍, അതിനോട് അതേ അര്‍ത്ഥത്തില്‍ പ്രതികരിക്കുമ്പോള്‍ ഒരാള്‍ വിലമതിക്കപ്പെടുന്നു. അതുവഴി സംഭാഷകനും ശ്രോതാവും ചിലതൊക്കെ പഠിക്കുകയും ചെയ്യുന്നു.

6. സഹായം അഭ്യര്‍ത്ഥിക്കുക
സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സഹായം അഭ്യര്‍ത്ഥിക്കുന്നതിന് ഒട്ടും മടിക്കേണ്ടതില്ല. നിങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കുകയാണെങ്കില്‍ ആളുകള്‍ നിങ്ങളെ നിങ്ങളുടെ പാട്ടിനുവിടും. അത്രവലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലെങ്കില്‍ സഹായിക്കാന്‍ പൊതുവേ ആളുകള്‍ക്ക് ഇഷ്ടമാണ്. ഒരല്പം ദുര്‍ബലന്‍/ദുര്‍ബല ആണെന്ന് അറിയപ്പെടുന്നത് അത്ര മോശം കാര്യമൊന്നുമല്ല. സൂപ്പര്‍മാനോടും സൂപ്പര്‍വുമനോടും ആരും അടുക്കില്ല എന്നോര്‍ക്കുക.

7. വിട്ടുവീഴ്ചാമനോഭാവം
മറ്റുള്ളവര്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നല്‍കാന്‍ മടിക്കരുത്. അവരവരെക്കൊണ്ട് പറ്റുന്നതാണ് ഓരോരുത്തരും ചെയ്യുന്നത്. അവനവന്‍ ശരിയെന്നു വിചാരിക്കുന്നതു ചെയ്യുന്നു. ശരിയായി കാര്യങ്ങള്‍ ചെയ്യുന്നതിന് ആളുകളെ വിശ്വസിക്കുക, സ്വയം പക്ഷേ വിഡ്ഢിയാകുകയുമരുത്. ഒരല്‍പ്പം പൊറുതി, വിട്ടുവീഴ്ച, നന്ദി ഒക്കെ മനുഷ്യബന്ധങ്ങളെ സുതാര്യമാക്കും. കുഞ്ഞുകുഞ്ഞു നിമിഷങ്ങള്‍ ഒന്നു ചേര്‍ന്നാണ് ജീവിതം ഉണ്ടാകുന്നത്. ഈ നിമിഷം നിങ്ങള്‍ക്കും നിങ്ങള്‍ക്കു ചുറ്റുമുള്ളവര്‍ക്കും മനോഹരമാക്കാന്‍ ചിലതു ചെയ്യാന്‍ കഴിഞ്ഞാല്‍ ജീവിതവും മനോഹരമാകും. പോകെപോകെ നിമിഷങ്ങള്‍ നാഴികകളും ദിനരാത്രങ്ങളുമാകാം. നല്ല മനോനിലയില്‍ മനുഷ്യര്‍ ആഹ്ലാദചിത്തരും അത്യന്തം അധ്വാനശീലരും ആയിരിക്കും. അതു തീര്‍ച്ചയായും ബന്ധങ്ങളിലും പ്രതിഫലിക്കും.


(തുടരും)

You can share this post!

എന്നെ അനുഗമിക്കുക

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts