news-details
മറ്റുലേഖനങ്ങൾ

പ്ലാച്ചിമട ജനത ഇനിയെന്തു ചെയ്യണം

കേരളത്തില്‍ നടന്നിട്ടുള്ള ജനകീയ സമരങ്ങളുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുള്ള ഒന്നാണ് പ്ലാച്ചിമട സമരം. 2002 ഏപ്രില്‍ 22 ന് ലോകഭൗമ ദിനത്തിലാരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട ജനതയായ ആദിവാസികളുടെ മുന്‍കൈയില്‍ നടന്നുവരുന്ന സമരമാണിത്. ആദ്യഘട്ടത്തില്‍ സമരത്തെ എതിര്‍ത്ത രാഷ്ട്രീയ കക്ഷികള്‍ക്കുപോലും പിന്നീട് അനുകൂലിക്കേണ്ടിവരികയും, സമരത്തിന്‍റെ ഉടയോന്‍മാര്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിക്കാന്‍ നിര്‍ബന്ധിതരാവുകയും  ചെയ്ത സമരമാണ് പ്ലാച്ചിമടയില്‍ ഇപ്പോഴും തുടരുന്നത്. സമരം ലോകശ്രദ്ധയാകര്‍ഷിക്കുകയും ഏതാനും ചില മാധ്യമങ്ങള്‍ സമരപക്ഷത്ത് അടിയുറച്ച് നില്‍ക്കുകയും  ചെയ്തപ്പോഴാണ് രാഷ്ട്രീയകക്ഷികള്‍ പ്രത്യക്ഷത്തിലെങ്കിലും സമരാനുകൂലികളായത്. തുടര്‍ന്ന് അതിശക്തമായ ജനവികാരത്തിന്‍റെ സമ്മര്‍ദ്ദം മൂലം പ്ലാച്ചിമടയിലെ കോളാ ഫാക്ടറി അടച്ചുപൂട്ടേണ്ടിവന്നു.
കോളാഫാക്ടറിയുടെ ഏതാനും വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ പ്ലാച്ചിമട മേഖലയിലെ ജനങ്ങളുടെ ജീവിതത്തിനടിസ്ഥാനമായ ജലസമ്പത്ത് ശോഷിക്കുകയും ജലവും മണ്ണും മലിനീകരിക്കപ്പെടുകയും ചെയ്തു. ഒരു മേഖലയിലെ ജനങ്ങളുടെ ജീവിതത്തില്‍ ഈ  വിധത്തിലുള്ള കെടുതികള്‍ വരുത്തിവച്ച കോളാക്കമ്പനിയില്‍നിന്ന് നഷ്ടപരിഹാരമീടാക്കുക എന്നത് സാമാന്യ നീതി മാത്രമാണ്. ഇന്നാട്ടിലെ രണ്ടു പൗരന്‍മാര്‍ക്കിടയില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങളില്‍ നിയമപരമായി പ്രയോഗത്തിലിരിക്കുന്ന ഈ നഷ്ടപരിഹാരയുക്തി കൊക്കകോളയ്ക്കും പ്ലാച്ചിമട ജനതക്കുമിടയില്‍ പ്രസക്തമല്ലായെന്നു പറയാന്‍ കാരണങ്ങളൊന്നുമില്ല. ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും ഈയൊരു ജനകീയാവകാശം സ്ഥാപിച്ചുകിട്ടുന്നതിനാണ് പ്ലാച്ചിമട സമരം ഇപ്പോഴും തുടരുന്നത്. പ്ലാച്ചിമട സമരത്തിന്‍റെ ഈ ന്യായം അംഗീകരിച്ചുകൊണ്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്ലാച്ചിമട ജനതയ്ക്ക് കോളാഫാക്ടറി മൂലമുണ്ടായ നഷ്ടത്തെക്കുറിച്ച് വിലയിരുത്തി നഷ്ടപരിഹാരം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. പ്ലാച്ചിമടജനതയ്ക്ക്  കോളാക്കമ്പനിയില്‍ നിന്ന് 216.26 കോടി രൂപാ നഷ്ടപരിഹാരമീടാക്കി നല്‍കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ശുപാര്‍ശയാണ് ഉന്നതാധികാരസമിതി നല്‍കിയത്. ഈ ശുപാര്‍ശയംഗീകരിച്ച ഗവണ്‍മെന്‍റ് അതിനായി പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമസഭയിലവതരിപ്പിക്കുകയും നിയമസഭ അത് 24/2/2011-ല്‍ ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 29/03/2011-ല്‍ സമര്‍പ്പിച്ചു.

കേരളനിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ബില്‍ രാഷ്ട്രപതിക്ക് അയച്ചിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷത്തോളമായി. കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ മന്ത്രാലയങ്ങള്‍, ബില്ലിന് അംഗീകാരം നല്‍കുന്നതിനനുകൂലമായ ശുപാര്‍ശകളോടെ ആദ്യന്തര മന്ത്രാലയത്തിനയച്ചെങ്കിലും അവിടെ ആ ബില്‍ ഫയലില്‍ ഉറങ്ങുകയാണ്. കോളാക്കമ്പനിയുടെ സ്വാധീനമാണ് ബില്ലിന്‍റെ ഈ ദീര്‍ഘനിദ്രക്ക് കാരണമെന്ന് വ്യക്തമാണ്. ഇത് ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ട ഒരു ജനാധിപത്യ പ്രശ്നമാണ്. കേരളനിയമസഭയുടെ ഏകകണ്ഠമായ തീരുമാനം കേരളജനതയുടെ ഏകകണ്ഠമായ തീരുമാനമാണ്. കാരണം ജനാധിപത്യത്തില്‍ പരമാധികാരികള്‍ ജനങ്ങളാണ്. പ്രാതിനിധ്യ ജനാധിപത്യം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് നിയമസഭകളിലെയും പാര്‍ലമെന്‍റിലെയും ജനപ്രതിനിധികള്‍ക്ക്  നിയമനിര്‍മ്മാണാധികാരം സിദ്ധിക്കുന്നത് ജനാധിപത്യത്തിലെ പരമാധികാരികളായ ജനങ്ങള്‍ വോട്ടിലൂടെ അവര്‍ക്ക് നല്‍കിയ അധികാരത്തിന്‍റെ നിയമപരമായ ബലത്തില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ കേരളനിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര څട്രിബ്യൂണല്‍ ബില്‍ ഈ വിഷയത്തിലുള്ള കേരളജനതയുടെ രാഷ്ട്രീയ നിലപാടിന്‍റെ പ്രതിഫലനമാണ്. ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുക എന്നത് കേവലം ഭരണപരവും നിയമപരവുമായ നടപടിക്രമം മാത്രമാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കും ഫെഡറല്‍ സങ്കല്‍പ്പങ്ങള്‍ക്കും വിരുദ്ധമാണ്. കൊക്കകോളയെന്ന ഒരു ബഹുരാഷ്ട്രഭീമന്‍റെ ഭരണതലത്തിലുള്ള ഈ ദുഃസ്വാധീനം ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ലജ്ജാകരവും പ്രതിഷേധാര്‍ഹവും  ആത്മനിന്ദാപരവുമാണ്.

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ ഏകകണ്ഠമായി പാസ്സാക്കിയ കേരളനിയമസഭയിലെ ഇപ്പോഴത്തെ സാമാജികരും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികളും ബില്ലിന്  രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കുന്ന കാര്യത്തില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചു എന്നു പറയാനാവില്ല. ഇക്കാര്യത്തില്‍ പേരിനു മാത്രമുള്ള ചില നീക്കങ്ങള്‍ ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തി എന്നത് നിഷേധിക്കുന്നില്ല. കേരളത്തിന്‍റെ നിയമനിര്‍മ്മാണസഭയുടെ അന്തസ്സിന്‍റെയും നിയമസഭാ സാമാജികരുടെ ആത്മാഭിമാനത്തിന്‍റെയും കേരളജനതയുടെ ജനാധിപത്യാവകാശങ്ങളുടെയും പ്രശ്നം അന്തര്‍ഭവിച്ചിട്ടുള്ള ഈ വിഷയത്തില്‍ കേരളനിയമസഭാംഗങ്ങളും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങളും പുലര്‍ത്തുന്ന കുറ്റകരമായ നിസ്സംഗത ജനാധിപത്യബോധമുള്ള ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ വിഷയത്തെക്കാള്‍ രാഷ്ട്രീയ പ്രാധാന്യം തീരെയില്ലാത്ത ചില പൈങ്കിളി വിഷയങ്ങളില്‍ വലിയ തര്‍ക്കങ്ങളും വിവാദങ്ങളും സമരങ്ങളും കൊഴുക്കുന്ന  കേരളീയ രാഷ്ട്രീയ രംഗത്ത്  ഈ കാര്യത്തില്‍ പുലരുന്ന നിശബ്ദത രാഷ്ട്രീയ ചിന്തകരുടെ സവിശേഷ ശ്രദ്ധ പതിയേണ്ട കാര്യമാണ്. ഈ കാര്യത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ ഒത്തുക്കളിക്കുകയാണെന്ന് ആരെങ്കെിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. വിദേശമൂലധനത്തെ ആശ്രയിച്ചുകൊണ്ടുള്ള  വന്‍കിടവികസനവിസ്മയങ്ങളും അതിനിടയിലെ തങ്ങളുടെ സാധ്യതകളും സ്വപ്നം കാണുന്ന ഭരണപ്രതിപക്ഷങ്ങള്‍ക്ക് സാധാരണജനങ്ങളുടെ ജീവിതത്തിലെ നോവുകളേക്കാള്‍ പ്രധാനം, കുത്തകമൂലധനത്തിന്‍റെ പ്രഭാവത്തിന് മങ്ങല്‍ തട്ടുന്ന നടപടികള്‍ ഒഴിവാക്കുന്ന കാര്യമാണോ എന്ന സംശയം അസ്ഥാനത്തല്ല.

യഥാര്‍ത്ഥത്തില്‍ പ്ലാച്ചിമട സമരം ഇനി മുന്നോട്ട് കൊണ്ടുപോകേണ്ടത് കേരളത്തിലെ രാഷ്ട്രീയ കക്ഷികളാണ്. സംസ്ഥാന നിയമസഭയുടെ നിയമനിര്‍മ്മാണാധികാരം ഭരണഘടനാപരമായി ഉപയോഗിക്കപ്പെടുമ്പോള്‍ അതില്‍ സ്ഥാപിതതാല്‍പര്യങ്ങളോടെ ഇടങ്കോലിടുന്നതിനെതിരെ നിലപാടെടുക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ക്കുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്ലാച്ചിമടസമരവേദിയില്‍ നിന്നുയരുന്നത്. ഒരര്‍ത്ഥത്തില്‍ കേരളത്തിലെ എല്ലാ ജനകീയസമരങ്ങളുടെയും പതാകവാഹകസമരമായി വിശേഷിപ്പിക്കപ്പെടാവുന്ന ഒന്നാണ് പ്ലാച്ചിമടസമരം. പ്ലാച്ചിമടസമരത്തില്‍ അണിചേരാത്ത സാമൂഹികസാംസ്കാരിക പാരിസ്ഥിതികപ്രസ്ഥാനങ്ങള്‍ ഈ നാട്ടിലില്ല. കോളാ ഫാക്ടറി അടച്ചുപൂട്ടുക എന്ന ആദ്യവിജയം മാത്രമല്ല നഷ്ടപരിഹാരം കോളാകമ്പനിയില്‍ നിന്ന് ഈടാക്കുക എന്ന അന്തിമവിജയവും കേരളത്തിലെ എല്ലാ ജനകീയ സമരങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്ന ഒന്നാണ്. പ്ലാച്ചിമടസമരം പരാജയപ്പെട്ടാല്‍ അത് ഇപ്പോള്‍ നടക്കുന്നതും ഇനി ഉയര്‍ന്നു വരാനുള്ളതുമായ എല്ലാ ജനകീയസമരങ്ങളെയും ദുര്‍ബ്ബലപ്പെടുത്തും.

ഞങ്ങള്‍ പ്ലാച്ചിമട ജനത എത്രയോ സമരരൂപങ്ങളാണ് കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടയില്‍  സ്വീകരിച്ചിട്ടുള്ളത.് എല്ലാ സമരരൂപങ്ങളും തികച്ചും അഹിംസാത്മകങ്ങളായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. സമരക്കാര്‍ എത്രയോ പ്രാവശ്യം മര്‍ദ്ദനങ്ങളും അറസ്റ്റും കേസുകളും മറ്റും ഏറ്റുവാങ്ങി. എന്നാല്‍ ഒരിക്കല്‍പോലും സമരക്കാരുടെ ഭാഗത്ത് നിന്ന് ഒരു കല്ലോ വടിയോ പോലീസിന്‍റെ നേര്‍ക്കോ കോളാകമ്പനിയുടെ പ്രതിനിധികളുടെയോ കമ്പനിയുടെ വസ്തുവകകളുടെ നേരെയോ ഉയര്‍ന്നിട്ടില്ലായെന്ന് പൊതുസമൂഹമറിയണം. ഞങ്ങളിപ്പോള്‍ അക്രമരഹിതസമരമുറയുടെ നിര്‍മ്മാണാത്മക തലം കൂടി വികസിപ്പിച്ചിരിക്കുകയാണ്. പ്ലാച്ചിമട സോപ്പ് സമരപ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ഉല്പ്പാദിപ്പിച്ച് തുടങ്ങിയിരിക്കുന്നു. പ്ലാച്ചിമട സോപ്പ്, ഒരു കുത്തക കമ്പനിമൂലം കുട്ടിച്ചോറായ ഒരു ജനതയുടെ ജീവിതം തിരികെ പിടിക്കാനുള്ള യത്നങ്ങളുടെ മാത്രമല്ല, മൂലധനശക്തികളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന വിധത്തില്‍ മലിനീകരിക്കപ്പെട്ട രാഷ്ട്രീയ വ്യവസ്ഥയെ കഴുകിവെടിപ്പാക്കാനുള്ള ജനകീയ ഇച്ഛയുടെ കൂടി പ്രതീകമാണ്. അക്രമ രഹിത സമര പാതയിലെ ഈ നിര്‍മ്മാണാത്മകത സ്വാതന്ത്ര സമരത്തിലൂടെ ഗാന്ധിജി ചൂണ്ടിക്കാണിച്ചതാണ്. ഞങ്ങളിനി ഗാന്ധിയന്‍ സഹനസമരത്തിന്‍റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. സഹനസമരത്തിന്‍റെ പൊരുള്‍, എല്ലാമനുഷ്യന്‍റെയും മനസ്സില്‍ നന്മയുടെ അഗ്നിയുണ്ടെന്ന വിശ്വാസമാണ്. പല വിധകാരണങ്ങളാല്‍ ചാരം മൂടിക്കിടക്കുന്ന ആ അഗ്നിയെ അഹിംസാ പോരാളിയുടെ സഹനംകൊണ്ട് ഊതിയൂതി ജ്വലിപ്പിക്കാമെന്ന വിശ്വാസമുള്ള ഒരാള്‍ക്കുമാത്രം എടുത്തുപയോഗിക്കാനുള്ള സമരായുധമാണ് സത്യാഗ്രഹം എന്ന് ഞങ്ങളറിയുന്നു. ഇനി പ്ലാച്ചിമട ജനതക്ക് ഈ സമരത്തിനായി സമര്‍പ്പിക്കാനുള്ളത് അവരുടെ ജീവന്‍ മാത്രമാണ്. നിരാലംബരായ പ്ലാച്ചിമട ജനത അന്തിമ സഹനസമരത്തില്‍ തങ്ങള്‍ക്കുള്ള ഏറ്റവും വലിയ സമ്പത്തായ ജീവന്‍ സമര്‍പ്പിക്കാന്‍ സന്നദ്ധമാവുകയാണ്. ഓരോരുത്തരായി മരണം വരെയുള്ള നിരാഹാരസമരം നടത്തിക്കൊണ്ട് ഭരണകൂടത്തിന്‍റെ കണ്ണുതുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഈ അന്തിമ സമരം പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് ഏതാനും നാണയത്തുട്ടുകള്‍ നഷ്ടപരിഹാരമായി കിട്ടുക എന്ന മോഹം മുന്‍നിര്‍ത്തിയല്ല, മറിച്ച് മുഴുവന്‍ കേരളീയരുടെയും ജനാധിപത്യാവകാശങ്ങള്‍ക്കൂവേണ്ടിയാണെന്ന് കേരളീയ പൊതുസമൂഹം മനസ്സിലാക്കണം. ഈ സമരം വിജയിക്കുമ്പോള്‍ അതിന്‍റെ നേട്ടങ്ങള്‍ പ്ലാച്ചിമടയിലൊതുങ്ങുന്നതാവില്ല. ഒരു ദശകത്തിലധികമായി തുടരുന്ന പ്ലാച്ചിമടസമരത്തോട് നിസ്സംഗത പുലര്‍ത്തുന്ന ജനങ്ങള്‍ക്കും ഉത്തരവാദിത്വം മറക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും വേണ്ടികൂടിയാണ് ഈ സമരമെന്ന് ഞങ്ങള്‍ വ്യക്തമാക്കുകയാണ്. ഈ സമരം അവസാനിക്കണമെങ്കില്‍, ഒന്നുകില്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കണം; അല്ലെങ്കില്‍, ഈ രാജ്യത്തെ ഭരണവ്യവസ്ഥ കുത്തകമൂലധനത്തിന്‍റെ കൈകളിലാണെന്നും അതിനെ നേരിടാന്‍ തങ്ങള്‍ക്ക് കഴിവില്ലെന്നും തുറന്നു സമ്മതിച്ചുകൊണ്ട് കേരളനിയമസഭ പ്രമേയം പാസ്സാക്കി ഞങ്ങളോട് സമരമവസാനിപ്പിക്കാന്‍ ആവശ്യപ്പെടണം. മേല്‍ സൂചിപ്പിച്ച രണ്ട് സാഹചര്യങ്ങളിലല്ലാതെ ഈ ധര്‍മ്മയുദ്ധത്തില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടുകയില്ല. പ്ലാച്ചിമട ജനത ഇനി ഇതല്ലാതെ മറ്റെന്തു ചെയ്യണം?  

You can share this post!

എന്നെ അനുഗമിക്കുക

സഖേര്‍
അടുത്ത രചന

വീടിന് ഒരാത്മാവുണ്ട്

ഡോ. റോയി തോമസ്
Related Posts