"ഒരു കഷണം കേക്കു കൂടി ആയാലോ?" ഡോണ ജോര്‍ജിനോടു ചോദിച്ചു. "തീര്‍ച്ചയായും" ജോര്‍ജു പറഞ്ഞു. "കഴിക്കുന്നതിനു മുമ്പ് അത്ര ഉറപ്പില്ലായിരുന്നു കേട്ടോ. എന്നാല്‍ ഇപ്പോള്‍ മനസ്സിലായി, ഇതുഗ്രനാണെന്ന്" എന്നാണ് അയാളുടെ സ്വരത്തിന്‍റെ വ്യംഗ്യം.
ഡോണ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. താന്‍ രണ്ടാമതൊരു കഷണം കൂടി കഴിക്കേണ്ടിയിരുന്നില്ലെന്ന് ജോര്‍ജ്ജു പിന്നീടു പറയുമെന്ന് അവള്‍ക്കുറപ്പുണ്ട്.
"ഞാന്‍ കഴിക്കുന്നത് എന്തിനാണ് ഇങ്ങനെ എപ്പോഴും നോക്കിയിരിക്കുന്നത്?" ജോര്‍ജ് ഡോണയോട്.
"ഞാന്‍ നിങ്ങളെയല്ലേ നോക്കുന്നത്? നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നതുകൊണ്ടാണത്," ഡോണയുടെ മറുപടി.
എലിസബത്ത് ഇരുപതുകളുടെ ഉത്തരാര്‍ദ്ധത്തിലാണ്. ബന്ധുക്കളെയെല്ലാം വിളിച്ച് ഒരു പാര്‍ട്ടി കൊടുക്കാന്‍ അവള്‍ തീരുമാനിച്ചു. അവളുടെ അമ്മ അതിഥിയാണെങ്കിലും അടുക്കളയില്‍ സഹായിക്കുകയാണ്.
"കോഴിക്കറിക്ക് ഇത്രയും മസാല ചേര്‍ക്കണമോ?" അമ്മ ചോദിച്ചു. "അമ്മേ ഇതു ഞാനൊന്നുണ്ടാക്കട്ടെ. എന്തിനാണ് എല്ലാ കാര്യത്തിലും എന്നെ ഇങ്ങനെ വിമര്‍ശിക്കുന്നത്?" എലിസബത്തിന്‍റെ മറുചോദ്യം. "ഞാന്‍ ആരേയും വിമര്‍ശിച്ചൊന്നുമില്ല. ഒരു സംശയം ചോദിക്കുക മാത്രമാണു ഞാന്‍ ചെയ്തത്. നിന്‍റെ മനസ്സിലെന്താണ്? എന്‍റെ വാപൊളിക്കാന്‍പോലും അനുവാദമില്ലേ?"
കുടുംബത്തിന്‍റെ ഏറ്റവും മോഹനമായ കാര്യം - അത് ആത്യന്തികമായി സ്നേഹത്തിന്‍റെയും ഏറ്റവും മോഹനമായ വശമാണ് - നീ സ്വയം വിശദീകരിക്കാതെതന്നെ നിന്നെ മനസ്സിലാക്കാനാകുന്ന ഒരാളുണ്ടെന്നതാണല്ലോ. നിന്‍റെ നന്മയിലൊന്നും ഒരു താത്പര്യവുമില്ലാത്ത അപരിചിതരുടെ ലോകത്ത് പതിയിരിക്കുന്ന എല്ലാ അപകടങ്ങളില്‍നിന്നും കുടുംബം നിനക്കു സംരക്ഷണകവചമൊരുക്കുന്നു. എങ്കിലും വിരോധാഭാസമെന്നു പറയട്ടെ, അതേ കുടുംബമാണു മിക്കപ്പോഴും വേദനക്കു കാരണമാകുന്നതും. നാം സ്നേഹിക്കുന്ന നമ്മുടെ ചുറ്റുവട്ടത്തുള്ളവര്‍ നമ്മുടെ തൊട്ടടുത്തുവന്ന് നമ്മുടെ കുറ്റങ്ങള്‍ മാത്രം, ലെന്‍സുപയോഗിച്ചെന്നപോലെ, കണ്ടുപിടിക്കുന്നു. നമ്മുടെ കുറവുകള്‍ കണ്ടുപിടിക്കാന്‍ നമ്മുടെ വീട്ടുകാര്‍ക്ക് എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളുണ്ട്. ആ കുറവുകളെല്ലാം ചൂണ്ടിക്കാട്ടേണ്ട ബാധ്യതയുണ്ടെന്ന് അവര്‍ക്കു തോന്നുകയും ചെയ്യുന്നു. നമ്മെ കുറച്ചുകൂടി മെച്ചപ്പെട്ടവരാക്കാനുള്ള ഒരു സഹായമായിട്ടാകാം പലപ്പോഴും അവരതു ചെയ്യുന്നത്. ഡോണ പറഞ്ഞതുപോലെ, അവയെല്ലാം സംഭവിക്കുന്നത് "നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നതുകൊണ്ടാണ്."
കുടുംബത്തിലുള്ളവര്‍ക്കെല്ലാം പൊതുവായി ഒരു നീണ്ട ചരിത്രമുണ്ടല്ലോ. ഇന്നു നാം പറയുന്ന പല കാര്യങ്ങളുടെയും അര്‍ത്ഥങ്ങള്‍ ഭൂതകാലത്തുനിന്നുള്ള പ്രതിധ്വനികളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. പൊതുവേ കൃത്യനിഷ്ഠ ഇല്ലാത്ത ഒരു വ്യക്തിയാണ് നിങ്ങളെന്ന് ഇരിക്കട്ടെ. ആ നിങ്ങളോട് അപ്പനോ, സഹോദരിയോ, സഖിയോ പറയുന്നു : "നമുക്ക് എട്ടുമണിക്കു പുറപ്പെടണം." കൂട്ടത്തില്‍ ഇതുകൂടി ചേര്‍ക്കും, "ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലേറ്റാകരുത്. അതുകൊണ്ട് നിങ്ങള്‍ കുളിക്കേണ്ടത് ഏഴുമണിക്കാണ്; ഏഴരക്കല്ല." ഈ നിര്‍ദ്ദേശങ്ങള്‍ നമ്മെ ചെറുതാക്കുന്നുണ്ട്, നമ്മില്‍ ചില കൈകടത്തലുകള്‍ നടത്തുന്നുണ്ട്. പക്ഷേ, അതു പഴയകാല അനുഭവത്തിലെ പശ്ചാത്തലത്തിലാണ് പറയപ്പെടുന്നത്. അതുപോലെതന്നെ, നമ്മുടെ ചില കുറവുകളുടെ പേരില്‍ നാം നേരത്തെ വിമര്‍ശനം കേട്ടിട്ടുള്ളവരാകയാല്‍, നാം സ്നേഹിക്കുന്നവരുടെ ഭാഗത്തുനിന്നുവരുന്ന ചെറിയ വിമര്‍ശനങ്ങള്‍പോലും ഇല്ലാതാക്കാന്‍ നാം ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യും. അതുകൊണ്ടാണ് "കോഴിക്കറിയില്‍ ഇത്രയും മസാല ചേര്‍ക്കണമോ" എന്ന ചോദ്യംപോലും എലിസബത്തിനെ വിറളി പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് "എനിക്കു വാതുറക്കാന്‍പോലുമാകില്ലേ?" എന്ന് അമ്മ പരാതിപ്പെടുന്നത്.
നമ്മുടെ കുഞ്ഞുന്നാളില്‍ നമ്മുടെ ലോകം നമ്മുടെ വീടാണ്. നാം മുതിര്‍ന്നാലും വീട്ടുകാര്‍ക്കു നമ്മില്‍ വലിയ സ്വാധീനമുണ്ട്. അവരുടെ വിധിവാക്യങ്ങളോട് നാം ആനുപാതികമല്ലാത്ത രീതിയില്‍ പ്രതികരിക്കുന്നതിനു കാരണം മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ വിലയുടെ നേര്‍ക്കുള്ള കടന്നുകയറ്റമായി അവയെ കാണുന്നതുകൊണ്ടാകാം. നമുക്കു രോഷം വരുന്നത് അവരുടെ വിധിതീര്‍പ്പുകള്‍ക്ക് ഒരു ന്യായീകരണവുമില്ലെന്നു നാം ധരിക്കുന്നതുകൊണ്ടുമാകാം; ചിലപ്പോള്‍ നാം അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്ത സത്യത്തിന്‍റെ അംശം അതിലുള്ളതുകൊണ്ടുമാകാം; അതുമല്ലെങ്കില്‍ നമ്മെ ഇത്രയേറെ അറിയാവുന്നവര്‍ നമ്മെക്കുറിച്ച് ഇത്രയും മോശമായിപ്പറയുമ്പോള്‍ നാം ശരിക്കും അത്രയും മോശമാണെന്നും നാം ആരാലും സ്നേഹിക്കപ്പെടാന്‍ യോഗ്യരല്ലെന്നുമുള്ള ഭയംകൊണ്ടുമാകാം. നാം സ്നേഹിക്കുന്നവരുടെ വിമര്‍ശനങ്ങള്‍ക്ക് ഈ അനേകം വിവക്ഷകളുണ്ട്. കൂടാതെ, നാം സ്നേഹിക്കുന്നവര്‍ എന്തിനാണിത്ര വിമര്‍ശിക്കുന്നതെന്ന പ്രതിഷേധവുമുണ്ട്. ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് അവരുടെ വിമര്‍ശനങ്ങള്‍ക്ക് നമ്മെ മുറിപ്പെടുത്താനുള്ള വലിയ ശേഷി ലഭിക്കുന്നു.
"ഞാനെന്‍റെ അപ്പനുമായി ഇപ്പോഴും തര്‍ക്കത്തിലാണ്," പത്രപ്രവര്‍ത്തനരംഗത്ത് വളരെ ഉയര്‍ന്ന ഒരാള്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു. അദ്ദേഹത്തിന്‍റെ അപ്പന്‍ ഇരുപത്തൊന്നുകൊല്ലങ്ങള്‍ക്കുമുമ്പു മരിച്ചതാണ്. ഞാനൊരു ഉദാഹരണം ചോദിച്ചു: "തലമുടി ശ്രദ്ധിച്ചു ചീകണമെന്നും നന്നായി വസ്ത്രം ധരിക്കണമെന്നും അപ്പന്‍ നിര്‍ബന്ധിക്കുമായിരുന്നു. നമ്മള്‍ കാണപ്പെടുന്ന രീതി വളരെ പ്രധാനപ്പെട്ടതാണെന്ന് ഒരു നാള്‍ ഞാന്‍ പഠിക്കുമെന്ന് അദ്ദേഹം എനിക്കു മുന്നറിയിപ്പു തരുമായിരുന്നു." ഇത് പറയുന്ന അദ്ദേഹത്തിന്‍റെ മുടി കുഴഞ്ഞുകിടക്കുന്നതും ഷര്‍ട്ടിന്‍റെ അരിക് തുന്നല്‍വിട്ട് തൂങ്ങിക്കിടക്കുന്നതും എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം തുടര്‍ന്നു: "ഞാനതു പാടേ അവഗണിച്ചു. ഇന്നും വളരെ പ്രധാനപ്പെട്ട ചില പരിപാടികള്‍ക്കോ മറ്റോ പോകേണ്ടിവരുമ്പോള്‍ ഞാന്‍ കണ്ണാടിയുടെ മുമ്പില്‍ചെന്ന് നിന്നിട്ട് എന്‍റെ അപ്പനോടു മനസ്സില്‍ പറയും 'നോക്കൂ, ഞാനിന്നൊരു വിജയമായാണ്. കാണപ്പെടുന്നത് എങ്ങനെയെന്നതില്‍ ഒരു കാര്യവുമില്ലെന്ന് ഞാന്‍ തെളിയിച്ചിരിക്കുന്നു.'
ഈ മനുഷ്യന്‍ തന്‍റെ അപ്പനുമായി അംഗീകാരത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. നമുക്കെത്ര വയസ്സായാലും ശരി, നമ്മുടെ മാതാപിതാക്കള്‍ ജീവിക്കുന്നവരോ മരിച്ചവരോ ആയാലും ശരി, നാം അവരുമായി അടുപ്പമോ അകലമോ ഉള്ളവരായാലും ശരി, അവരുടെ കണ്ണുകളിലൂടെ നാം നമ്മെത്തന്നെ കാണുന്ന ഏറെ സന്ദര്‍ഭങ്ങളുണ്ട്, അവരുടെ അളവുകോലുവച്ച് നാം നമ്മെത്തന്നെ അളക്കാറുമുണ്ട്. നമ്മുടെ മാതാപിതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു വല്ലാത്ത ഭാരമുണ്ട് - കുട്ടികള്‍ മുതിര്‍ന്നവരായാലും ഇതിനു മാറ്റമില്ല.
നമ്മുടെ വീട്ടിലെ ചിലര്‍ അവരുടെ കാഴ്ചപ്പാടില്‍ തെറ്റായ എന്തെങ്കിലും നാം ചെയ്താല്‍, നമ്മെ തിരുത്തണമെന്ന കടമയും അവകാശവും ഉണ്ടെന്നു കരുതുന്നവരാണ്. ഒരു തായ്ലണ്ടുകാരി സ്ത്രീ തന്‍റെ അമ്മ താന്‍ കൗമാരം പിന്നിട്ട നാളുകളില്‍ തന്നെ ഉപദേശിച്ചത് ഓര്‍ക്കുന്നു. അവര്‍ പറഞ്ഞു : "എല്ലാ ഉപദേശങ്ങള്‍ക്കും ഒടുവില്‍ അമ്മ ഇങ്ങനെ പറയുമായിരുന്നു: 'ഞാന്‍ നിന്നെക്കുറിച്ച് നിന്നോട് എപ്പോഴും പരാതിപ്പെടുന്നത് ഞാന്‍ നിന്‍റെ അമ്മയായതുകൊണ്ടും ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ടുമാണ്. ഈ രീതിയില്‍ ആരും നിന്നോടു പറഞ്ഞുതരില്ല; കാരണം അത്രയ്ക്കു താല്പര്യമേ അവര്‍ക്കു നിന്‍റെ കാര്യത്തിലുള്ളൂ."
നമ്മുടെ വീട്ടുകാര്‍ കൊണ്ടുനടക്കുന്ന ഒരു പ്രമാണമാണ് "എനിക്കു നിന്നില്‍ താല്പര്യമുള്ളതുകൊണ്ട് ഞാന്‍ നിന്നെ വിമര്‍ശിക്കുന്നു" എന്നത്. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യണമെന്ന് വീട്ടില്‍നിന്നു നിര്‍ദ്ദേശിക്കപ്പെടുന്ന ഒരാള്‍ ശരിക്കും കേള്‍ക്കുന്നതു വിമര്‍ശനത്തിന്‍റെ സ്വരമാണ്. ഈ നിര്‍ദ്ദേശം കൊടുക്കുന്നയാള്‍ക്കാകട്ടെ, അത് അയാളിലുള്ള തന്‍റെ താല്പര്യത്തിന്‍റെ തെളിവാണ്. തന്‍റെ മകളുടെ ബോയ്ഫ്രണ്ടിനെക്കുറിച്ച് അമ്മ പരാതിപ്പെടുന്നുവെന്നു കരുതുക. അയാള്‍ക്കു നല്ല ജോലിയില്ല, അയാള്‍ക്കു കല്യാണത്തില്‍ താല്പര്യമില്ല, അവള്‍ അയാളെക്കുറിച്ചു വേണ്ടത്ര ചിന്തിച്ചിട്ടില്ല, അങ്ങനെ പലതും. മകള്‍ക്കാകട്ടെ, തനിക്ക് ഇഷ്ടം തോന്നുന്ന ഒരാളെപോലും അമ്മ അംഗീകരിക്കാത്തതിന്‍റെ പ്രശ്നമാണിത്.
നാം പൊതുവേ ചിന്തിച്ചുപോകുന്നു: എന്തുകൊണ്ടാണ് നമ്മുടെ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ജീവിതസഖികള്‍ തുടങ്ങിയവര്‍ നമ്മെ ഇത്രമാത്രം വിമര്‍ശിക്കുന്നത്? ഒപ്പംതന്നെ, നമ്മുടെ വീട്ടുകാരോടുള്ള താല്പര്യം കൊണ്ടുമാത്രം നാം നടത്തുന്ന ചില നിരീക്ഷണങ്ങള്‍ വിമര്‍ശനങ്ങളായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അതു നമ്മില്‍ വലിയ നിരാശയും സൃഷ്ടിക്കുന്നു.
അങ്ങനെ ഒരേ പ്രവൃത്തി രണ്ടു രീതിയില്‍ വായിക്കപ്പെടുന്നു. ഒന്ന് കരുതലിന്‍റെ സ്നേഹപൂര്‍ണമായ അടയാളം; മറ്റേത് വിമര്‍ശനത്തിന്‍റെ മുറിപ്പെടുത്തുന്ന അടയാളം. ഇതിലേതാണു ശരിയെന്നൊന്നും നമുക്കു പറയാനാകില്ല. നാം കൈമാറുന്ന സന്ദേശങ്ങളില്‍ കരുതലും വിമര്‍ശനവും ഇഴചേര്‍ന്നു നില്‍ക്കുന്നു. നമ്മുടെ ഭാഷ രണ്ടുതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്ന്, സംസാരത്തിലൂടെ കൈമാറുന്ന സന്ദേശത്തിന്‍റെ തലം; രണ്ട് സംസാരത്തിനപ്പുറത്തുള്ള ഉപരി സന്ദേശത്തിന്‍റെ തലം. സന്ദേശവും ഉപരിസന്ദേശവും തമ്മില്‍ വേര്‍തിരിക്കേണ്ടതും അവയെക്കുറിച്ച് അവബോധമുള്ളവരാകേണ്ടതും നമ്മുടെ വീട്ടകങ്ങളിലെ ആശയവിനിമയത്തിന്‍റെ ഗുണപരമായ മാറ്റത്തിന് അത്യന്താപേക്ഷിതമാണ്.
(തുടരും)