ഒന്നിലേറെ മക്കളുള്ള വീടുകളില്‍ അവരിലൊരാള്‍ മറ്റുള്ളവരെ വെളിയിലാക്കുന്ന തരത്തില്‍ മാതാപിതാക്കളുമായി പ്രത്യേകബന്ധം സ്ഥാപിക്കാന്‍ സാധ്യതകളേറെയുണ്ട്. ഇത്തരം പ്രത്യേകബന്ധങ്ങള്‍ ഹ്രസ്വമോ ദീര്‍ഘമോ ആയിരിക്കാം.
ഇരുപതുകളിലെത്തി നില്‍ക്കുന്ന ഗ്ലോറിയെന്നൊരു സ്ത്രീയുമായി ഒരിക്കല്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കുടുംബം സംഭാഷണവിഷയമായി. അപ്പോള്‍ അവള്‍ പറഞ്ഞ ഒരു സംഭവം ഓര്‍ക്കുന്നു: "കാലിഫോര്‍ണിയായിലുള്ള എന്‍റെ സഹോദരിയുമായി ഒരാഴ്ച കഴിഞ്ഞതിനെക്കുറിച്ച് ഞാന്‍ അമ്മയോടു പറഞ്ഞു. ആ ഒരാഴ്ചക്കുള്ളില്‍ അവളുമായി നടന്ന വലിയൊരു ബഹളത്തെക്കുറിച്ചും ഞാന്‍ പറഞ്ഞു." ഗ്ലോറിയും അമ്മയും തമ്മില്‍ സ്ഥാപിതമായ ആ പ്രത്യേക സൗഹൃദം എനിക്കു വ്യക്തമായി അപ്പോള്‍ കാണാന്‍ കഴിഞ്ഞു.
ബഹളത്തിന്‍റെ കാരണം ഗ്ലോറി തുടര്‍ന്നു: "വൃത്തിയുടെ കാര്യത്തില്‍ ഭ്രാന്താണെന്‍റെ സഹോദരിക്ക്. അവള്‍ അനുശാസിക്കുന്ന ഏതെങ്കിലും നിയമം ലംഘിക്കാതെ ആ വീട്ടില്‍ ഒരു ചുവട് വയ്ക്കാന്‍ സാധിക്കില്ല. ഇത്തവണ പ്രശ്നമുണ്ടാകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയതാണ്. ഇത്തവണ അടുക്കളയില്‍ ഞാന്‍ കയറിയതേയില്ല.... ചായക്കോപ്പയുമായി ഊട്ടുമുറിയില്‍ നിന്ന് വെളിയിലേക്ക് പോയതുമില്ല. ഷൂസ് വീട്ടിനു വെളിയില്‍ ഊരിയിട്ടിട്ടു മാത്രമേ ഞാന്‍ വീടിനുള്ളിലേക്ക് പ്രവേശിച്ചിരുന്നുള്ളൂ." അവള്‍ തുടര്‍ന്നു, "അവിശ്വസനീയമായി തോന്നുന്നു ഇന്നും ആ വഴക്ക്. ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ എന്‍റെ സഹോദരിയെ അടുക്കളയില്‍ കണ്ടില്ല. അവള്‍ ഉണര്‍ന്നു കാണില്ല എന്നും തോന്നി. വീടിനകത്തുപയോഗിക്കുന്ന വള്ളിച്ചെരിപ്പുമായി, പോര്‍ച്ചില്‍ കിടക്കുന്ന ദിനപ്പത്രമെടുക്കാന്‍ ഞാന്‍ വെളിയിലേക്കിറങ്ങി. അപ്പോഴാണ് അവള്‍ ഇറങ്ങിവന്നത്. ഷൂസു ധരിച്ചേ വീടിനു വെളിയിലിറങ്ങാനാവൂ എന്നവള്‍ കല്പിച്ചു. ഒന്നാലോചിച്ചു നോക്കൂ, പോര്‍ച്ച് ഏതു മുറിയെയും പോലെ വൃത്തിയുള്ളതാണ്. ഒന്നോ രണ്ടോ ചുവടേ ഞാന്‍ വച്ചു കാണൂ. എന്നിട്ടും അവള്‍ ഒച്ചയെടുത്തപ്പോള്‍ എന്‍റെ നിയന്ത്രണം വിട്ടുപോയി."
തന്നെത്തന്നെ സാധൂകരിക്കാനുള്ള ശ്രമമെന്ന വണ്ണം ഗ്ലോറി ഇതുകൂടി കൂട്ടിച്ചേര്‍ത്തു. "ഇക്കാര്യം ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ ഇതിലും വലിയൊരു കാര്യമാണ് പങ്കുവച്ചത്. കട്ടിലിലിരുന്ന് കൈയിലുള്ള ഫോട്ടോകള്‍ എന്‍റെ സഹോദരിയെ കാണിക്കാന്‍ വേണ്ടി അമ്മ അവളെ ക്ഷണിച്ചു. തന്‍റെ ജീന്‍സ് അത്ര വൃത്തിയുള്ളതല്ലെന്ന് പറഞ്ഞ് അവള്‍ കട്ടിലിലിരിക്കാന്‍ വിസമ്മതിച്ചു. അവസാനം വീണ്ടും നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ വലിയൊരു പ്ലാസ്റ്റിക് ഷീറ്റു കൊണ്ടുവന്ന് ഇരിക്കുകയാണുണ്ടായത്. ഒന്നാലോചിച്ചു നോക്കൂ അക്കാര്യം."
ഇത്രകണ്ടു വൃത്തിക്കാരിയായ ഒരുവളെ സഹിക്കേണ്ടി വരുന്ന ഗ്ലോറിയെക്കുറിച്ചും അവളുടെ അമ്മയെക്കുറിച്ചും എനിക്ക് വലിയ സഹതാപമാണ് തോന്നിയത്. എന്നാല്‍ അതിലും കൂടുതല്‍ വ്യക്തമായ ഒരു കാര്യം ഗ്ലോറിയും അമ്മയും ഒരു ചേരിയിലും ഗ്ലോറിയുടെ സഹോദരി മറുചേരിയിലുമാണ് എന്നതാണ്. മൂന്നാമത്തവള്‍ക്കെതിരായ സംഭാഷണം വഴി അവര്‍ ഇരുവരും തമ്മില്‍ അവരറിയാതെ ഒരു ബന്ധം രൂപപ്പെടുന്നു.
വീട്ടിലുള്ള മറ്റംഗങ്ങളെ തങ്ങളുടെ വൃത്തത്തില്‍നിന്നു പുറത്താക്കത്തക്ക വിധത്തില്‍ ഒരമ്മയ്ക്കും കുഞ്ഞിനും ഇടയില്‍ ബന്ധം രൂപപ്പെടാന്‍ സാധ്യതയുണ്ട്. നിരത്തിലൂടെ നടന്നുപോകുന്ന രണ്ട് സ്ത്രീകള്‍ ഒരിക്കല്‍ ദൃഷ്ടിയില്‍ പെട്ടു. അവര്‍ കെട്ടിപ്പിടിക്കുകയും കൊച്ചുവര്‍ത്തമാനം പറയുകയും ഒക്കെയായിരുന്നു. പ്രണയത്തിലായ രണ്ടു പെണ്ണുങ്ങള്‍ എന്നായിരുന്നു അവരുടെ പിറകില്‍ നിന്നു നോക്കിയപ്പോള്‍ തോന്നിയത്. അവരെ കടന്നു മുന്നോട്ടു പോകുന്നതിനിടയ്ക്ക് നോക്കിയപ്പോഴാണ് മനസ്സിലായത് അവര്‍ അമ്മയും മകളുമാണെന്ന്.
കോളേജില്‍ പഠിക്കുന്ന മകളും ആഴ്ചാവസാനത്തില്‍ അവളെ കാണാന്‍ വന്ന അമ്മയുമായിരുന്നു അവര്‍. അവര്‍ എന്നിലുണര്‍ത്തിയത് സമ്മിശ്രവികാരങ്ങളാണ്. എന്‍റെയമ്മയുമായി ഒരിക്കലും ഇത്തരമൊരു ബന്ധം സാധ്യമായിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ചെറിയൊരു അസൂയയാണ് ആദ്യം അവരോട് തോന്നിയത്. പിന്നെ തോന്നിയത് നൈമിഷികമായ, അതേസമയം അയുക്തികമായ എതിര്‍പ്പാണ്. ആ കോളേജുകാരിയുടെ സഹോദരിയായി ഞാന്‍ എന്നെത്തന്നെ കണ്ടുനോക്കി. അവളുടെയും അമ്മയുടെയും ബന്ധം നിമിത്തം പുറത്താക്കപ്പെട്ടു നില്‍ക്കുന്ന ഞാന്‍...
*****
വീട്ടുരഹസ്യങ്ങള്‍ വീട്ടംഗങ്ങളില്‍ ആര്‍ക്കറിയാം, ആര്‍ക്കറിയില്ല, അവ ആര് ആരോടു പറയുന്നു എന്നിവയെല്ലാം വീട്ടംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ സാരമായി ബാധിക്കുന്നതാണ്. വീട്ടിലെ മറ്റംഗങ്ങള്‍ക്ക് അറിയാമായിരുന്ന ഒരു രഹസ്യം തനിക്കറിയില്ലായിരുന്നു എന്നറിയുമ്പോള്‍ ഒരു വ്യക്തി തന്നെത്തന്നെ ആ വീടിനു വെളിയില്‍ പ്രതിഷ്ഠിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
തന്നില്‍നിന്നും മറച്ചുപിടിക്കപ്പെട്ട രഹസ്യത്തിന്‍റെ ഗൗരവസ്വഭാവമല്ല പ്രധാന വിഷയം; ആ രഹസ്യം തന്നില്‍നിന്നും മറച്ചുപിടിക്കപ്പെട്ടു എന്ന വസ്തുതയാണ് വിഷയം. ഉദാഹരണത്തിന് സാന്ദ്ര മനസ്സിലാക്കിയിരുന്നത് തന്‍റെയമ്മ തന്‍റെ അപ്പനേക്കാള്‍ പത്തു വയസ്സ് ഇളപ്പമാണെന്നായിരുന്നു. തന്‍റെ അമ്മ അവളുടെ കൗമാരപ്രായത്തില്‍ അവളേക്കാള്‍ ഒരുപാട് പ്രായമുള്ള തന്‍റെയപ്പനുമായി അനുരാഗബദ്ധയാകുന്നതും മറ്റും സാന്ദ്ര വെറുതെ ഭാവനയില്‍ കണ്ടിട്ടുണ്ട്. സാന്ദ്രയുടെ കല്യാണത്തിന്‍റെ തലേന്നാളാണ് അവള്‍ ആ സത്യം അറിഞ്ഞത്: അമ്മ അപ്പനേക്കാള്‍ ഒരു വയസ്സു മൂത്തവളാണ്. അമ്മക്ക് അപ്പനേക്കാള്‍ പ്രായക്കൂടുതലുണ്ട് എന്നത് വലിയൊരു വിഷയമേയല്ല. ഇക്കാര്യം പണ്ടേ അറിഞ്ഞിരുന്നെങ്കില്‍ അവള്‍ അതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ലായിരുന്നു. ഇത്രയും ചെറിയൊരു കാര്യം എന്തിനാണ് തന്നില്‍നിന്നും മറച്ചുപിടിച്ചതെന്ന് എത്രയാലോചിച്ചിട്ടും അവള്‍ക്ക് മനസ്സിലായില്ല. കല്യാണത്തോടുകൂടി പുതിയ ബന്ധം ആരംഭിച്ചതുകൊണ്ട് തന്‍റെ മാതാപിതാക്കളില്‍നിന്നുമുള്ള അകല്‍ച്ചക്ക് ഈ യാഥാര്‍ത്ഥ്യം ആക്കം കൂട്ടി.
മക്കളില്‍ നിന്നും മാതാപിതാക്കള്‍ സൂക്ഷിച്ചുവയ്ക്കുന്ന ചില രഹസ്യങ്ങള്‍ പിന്നീട് ബന്ധങ്ങളെ സാരമായി ബാധിക്കാറുണ്ട്. തങ്ങളുടെ അമ്മ തങ്ങള്‍ വിചാരിച്ച കണക്ക് യഹൂദയല്ലെന്നറിഞ്ഞപ്പോള്‍ എഴുത്തുകാരന്‍ ജെ. ഡി. സലിംഗര്‍ക്കും സഹോദരി ഡോറിസിനും അതാണു തോന്നിയത്. തങ്ങളുടെ അമ്മയുടെ ശരിക്കുള്ള പേര് മേരിയെന്നായിരുന്നെന്നും പതിനേഴാം വയസ്സില്‍ തങ്ങളുടെ അപ്പനെ വിവാഹം കഴിച്ചപ്പോഴാണ് മിറിയം എന്ന യഹൂദപ്പേരു സ്വീകരിച്ചതെന്നും വളരെ താമസിച്ചാണ് അവര്‍ അറിഞ്ഞത്. ഈ വിവരം തന്നെ വല്ലാതെ മുറിപ്പെടുത്തിയെന്ന് ഡോറിസ് പറഞ്ഞതായി സലിംഗറിന്‍റെ മകള്‍ തന്‍റെ ഓര്‍മ്മക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മ ക്രിസ്ത്യാനിയായിരുന്നു എന്നതായിരിക്കില്ല ഡോറിസിനെ മുറിപ്പെടുത്തിയത്. പിന്നെയോ അത് തന്നില്‍നിന്നും മറച്ചുപിടിക്കപ്പെട്ടു എന്നതാണ്. (തങ്ങളുടെ യഹൂദത്തനിമയും അതോടെ അവര്‍ക്കു നഷ്ടപ്പെട്ടു. കാരണം, യഹൂദനിയമം അനുസരിച്ച് യഹൂദ അമ്മമാര്‍ക്കു പിറന്നവരേ യഹൂദരാകൂ.)
ഒരു വീട്ടിലെ ഒരു മകന്‍, ആ വീട്ടിലെ അപ്പന്‍റെ മകനായിരുന്നില്ല. അമ്മയുടെ മുന്‍വിവാഹത്തില്‍നിന്നുള്ള മകനായിരുന്നു അവന്‍. അവനും ആ ദമ്പതികള്‍ക്കുണ്ടായ ആദ്യമകനും ഇക്കാര്യം അറിവുണ്ടായിരുന്നു. അവര്‍ക്ക് പത്തും എട്ടും വയസ്സു വീതമുള്ളപ്പോഴാണ് അവര്‍ക്കൊരു സഹോദരി പിറന്നത്. കാലമത്രയും താമസിച്ചതുകൊണ്ട് എന്തുകൊണ്ടോ അവര്‍ക്കെല്ലാം അറിയാമായിരുന്ന ആ കാര്യം ആ കുട്ടി അറിയാതെ പോയി. ഏറെക്കൊല്ലം കഴിഞ്ഞ് അവളത് അറിഞ്ഞപ്പോള്‍ തന്‍റെ മാതാപിതാക്കളും സഹോദരന്മാരും ഉള്‍പ്പെട്ട ടീമില്‍നിന്ന് താന്‍ പുറത്തായിരിക്കുന്നു എന്ന തോന്നലാണ് അവള്‍ക്കുണ്ടായത്.
ഒരു വീട്ടംഗം ഒരു രഹസ്യം അറിയാതിരിക്കുന്നത് അക്കാര്യം അയാളെ വിഷമിപ്പിക്കുമെന്ന് മറ്റുള്ളവര്‍ ധരിക്കുന്നതുകൊണ്ടാകാം. ഉദാഹരണത്തിന്, തന്‍റെ മകന്‍ മദ്യപിച്ച് വണ്ടിയോടിച്ചതിനു ശിക്ഷിക്കപ്പെട്ട കാര്യം ഒരുവള്‍ തന്‍റെയൊരു സഹോദരിയോടു പറഞ്ഞു; ഒപ്പം മറ്റേ സഹോദരിയോട് ഇക്കാര്യം പറയരുതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഈ രണ്ടാമത്തെ സഹോദരി തന്‍റെ മകനെ പണ്ടേ ഒരുപാട് വിമര്‍ശിക്കുന്നവള്‍ ആയതുകൊണ്ടാണ് അവള്‍ അങ്ങനെ ചെയ്തത്. പീന്നിടെന്നോ ഈ രഹസ്യം ചോര്‍ന്നപ്പോള്‍, ആ മൂന്നു സഹോദരിമാരില്‍ രണ്ടുപേര്‍ ഒരു ഭാഗത്തും മറ്റേയാള്‍ മറുഭാഗത്തുമായി വേര്‍തിരിക്കപ്പെട്ടു.
ഒരു രഹസ്യം പങ്കുവയ്ക്കുന്നതോ, പങ്കുവയ്ക്കാത്തതോ വഴിയായി ബന്ധങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നുണ്ട്. ജീവിതത്തില്‍ എല്ലായ്പ്പോഴും എല്ലാ രഹസ്യങ്ങളും ആരുമായും പങ്കുവയ്ക്കാനാരില്ലല്ലോ. എന്തു പറയണമെന്നും എന്തു കേള്‍ക്കണമെന്നും തീരുമാനിക്കുന്നതിനു മുമ്പ് രഹസ്യങ്ങളുടെ പങ്കുവയ്പ്പ് ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതിനെപ്പറ്റി ഒരേകദേശ ധാരണയുണ്ടാകുകയെന്നത് അത്യന്താപേക്ഷിതമാണ്. ഒരു രഹസ്യം ഒരാളോടു വെളിപ്പെടുത്തുമ്പോള്‍ തന്നെ അത് ആരോടൊക്കെ പറയരുതെന്ന് കൃത്യമായി നാം നിഷ്കര്‍ഷിച്ചിരിക്കണം. മറ്റൊന്ന് ചെയ്യാവുന്നത്, നമുക്ക് അറിയാന്‍ അര്‍ഹതയില്ലാത്ത ചില കാര്യങ്ങള്‍ നമ്മോടു പറയുന്നതിനെ നിരുത്സാഹപ്പെടുത്തുക എന്നതാണ്. (മോഷണവസ്തുക്കള്‍ വാങ്ങാന്‍ നാം തയ്യാറാകാഞ്ഞതുപോലെതന്നെ.) നമ്മുടെ സുഹൃത്തിനെക്കുറിച്ച് അവളോടു പറയാന്‍ പാടില്ലാത്ത ഒരു രഹസ്യം ആരെങ്കിലും പറയാന്‍ തുടങ്ങുകയാണെങ്കില്‍ നമുക്ക് ഇങ്ങനെ പറയാവുന്നതാണ്; അവളോടു പറയാനാകാത്ത രഹസ്യം അവളെക്കുറിച്ചു കൊണ്ടുനടക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.
******
മക്കളുടെ മുന്‍പില്‍ മാതാപിതാക്കള്‍ ഒരുമിച്ചു നില്‍ക്കണമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നു പ്രകടിപ്പിക്കരുതെന്നും നാമെപ്പോഴും പറയുന്നതാണല്ലോ. അതിനര്‍ത്ഥം, മാതാപിതാക്കളില്‍ ഒരാള്‍ക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ടെങ്കില്‍ അതു മക്കളുടെ മുന്‍പില്‍ മറച്ചുപിടിക്കണമെന്നു കൂടിയാണല്ലോ. തന്‍നിമിത്തം മാതാപിതാക്കളുടെ ഗാഢമായ ബന്ധം വഴിയായി മക്കള്‍ ആ വൃത്തത്തിനു വെളിയില്‍ ആക്കപ്പെടാനുള്ള സാധ്യതയേറെയുണ്ട്.
ബിരുദമെടുത്തതിനുശേഷം തായ്ലണ്ടില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ഞാന്‍ കൊടുത്ത അപേക്ഷ സ്വീകരിക്കപ്പെട്ടു. പരിശീലനം എന്നാണ് തുടങ്ങുന്നതെന്ന അറിയിപ്പ് ഹവായിക്കുള്ള വിമാനടിക്കറ്റിനോടൊപ്പം എനിക്കു ലഭിച്ചു. സുഹൃത്തുക്കളോടുള്ള വിടചോദിക്കലും പാസ്പോര്‍ട്ടു തയ്യാറാക്കലും പല അവശ്യവസ്തുക്കളുടെ വാങ്ങലും എല്ലാം നടത്തുകയും ചെയ്തിരുന്നു. പോകാനുള്ള ദിവസം അടുക്കുന്തോറും എന്‍റെ അമ്മയുടെ ഭീതിയും ആകാംക്ഷയും കൂടി വന്നു. വീട്ടിലെത്തുമ്പോഴൊക്കെ അമ്മയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളാണ് എന്നെ എതിരേറ്റത്. അനുനയം, അപേക്ഷ, ഭീഷണി തുടങ്ങിയ പല മാര്‍ഗങ്ങളുപയോഗിച്ച് ഞാന്‍ പോകുന്നതിനെ അമ്മ എതിര്‍ത്തുനോക്കി. തായ്ലണ്ട് വിയറ്റ്നാമിനടുത്ത് ആയതുകൊണ്ട് അവിടെ നിന്നുള്ള ഏതെങ്കിലും വെടിയുണ്ട എന്‍റെ ജീവനെടുക്കമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. തായ്ലണ്ടിലെ ജോലികഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും എനിക്ക് 23 വയസ്സ് കഴിയുമെന്നും പിന്നീട് കല്യാണം നടക്കാതെ വരുമെന്നും അവര്‍ വിശ്വസിച്ചു.
അമ്മയുടെ എല്ലാ ഭയങ്ങള്‍ക്കും എന്‍റെ പക്കല്‍ ഉത്തരമുണ്ടായിരുന്നു. പക്ഷേ അതൊന്നും കേള്‍ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അവളുടെ ഭയങ്ങള്‍ അവളെ അനുദിനം കാര്‍ന്നുതിന്നുകയായിരുന്നു. ഞാന്‍ തായ്ലണ്ടിനു പോകേണ്ടതിന്‍റെ തലേരാത്രിയില്‍ സുഹൃത്തുക്കളിലൊരാളോടും പുലര്‍കാലേ മറ്റൊരാളോടും ദീര്‍ഘനേരം സംസാരിച്ചു. ഒടുക്കം തായ്ലണ്ടിനു പോക്ക് വേണ്ടെന്നു വച്ചു. എനിക്ക് ജോലി വാഗ്ദാനം ചെയ്തവരോടും എന്‍റെയമ്മയോടും ഈ വിവരം അറിയിച്ചു. പിന്നെ കിടന്നുറങ്ങി. കുറെക്കഴിഞ്ഞ് എഴുന്നേറ്റ നിമിഷം മുതല്‍ ഞാനെടുത്ത തീരുമാനത്തെയോര്‍ത്ത് വിഷമം തോന്നിത്തുടങ്ങി.
അനേകവര്‍ഷങ്ങള്‍ - അതോ ദശകങ്ങളോ - ഇക്കാര്യം എന്‍റെ മനസ്സില്‍ ഒരു വേദനയായി കിടന്നു. ഒരുപാടു നാളുകള്‍ക്കുശേഷം എങ്ങനെയോ ഈ വിഷയം എന്‍റെയും അപ്പന്‍റെയും സംഭാഷണത്തില്‍ വന്നുപെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിന്‍റെയമ്മ നീ തായ്ലണ്ടിനു പോകുന്നത് തടഞ്ഞത് എന്തിനാണെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല. നീ പോകേണ്ടിയിരുന്നു എന്നുതന്നെയാണ് എനിക്കു തോന്നിയിരുന്നത്." സത്യത്തില്‍ എന്‍റെ ഹൃദയം ഒരു നിമിഷം നിന്നുപോയി. ഞാനും അമ്മയും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന്‍റെ നാളുകളില്‍ എവിടെയായിരുന്നു ഈ അപ്പന്‍? അക്കാലം ഓര്‍ക്കുമ്പോള്‍ ഞാനും അമ്മയും ബോക്സിംഗ് റിംഗിലെ രണ്ടു ബോക്സേഴ്സ് പോലെയായിരുന്നു എന്നാണു തോന്നുന്നത്. ആ റിംഗിലെവിടെയും അപ്പനുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല.
"എന്തുകൊണ്ടാണ് അപ്പനിത് അന്നു പറയാതിരുന്നത്? അപ്പന്‍ ചിന്തിച്ചത് ഇങ്ങനെയായിരുന്നുവെന്ന് ചെറിയൊരു സൂചനപോലും തന്നില്ലല്ലോ" അപ്പന്‍ എന്നെപ്പോലെ ചിന്തിക്കുന്നുവെന്ന് ഒരൂഹമെങ്കിലും ഉണ്ടായിരുന്നെങ്കില്‍, തായ്ലണ്ടിലേക്കുള്ള പോക്ക് മരണത്തിലേക്കുള്ളതല്ലെന്ന് എനിക്കുവേണ്ടി ഒന്നു വാദിച്ചിരുന്നെങ്കില്‍, അമ്മയെ എതിര്‍ക്കാന്‍ എനിക്കു കുറച്ചുകൂടി കരുത്ത് കിട്ടിയേനെ.
"എനിക്ക് അതാകുമായിരുന്നില്ല," അപ്പന്‍ പറഞ്ഞു. "നിന്നെ ഞാന്‍ പിന്തുണച്ചിരുന്നെങ്കില്‍ നിന്‍റമ്മ എന്നോട് ഒരിക്കലും പൊറുക്കില്ലായിരുന്നു. പിന്നീട് നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ എനിക്ക് എന്നോടും പൊറുക്കാനാകുമായിരുന്നില്ലല്ലോ."
അന്നേദിവസം അപ്പന്‍ എന്നെ വഞ്ചിച്ചു എന്നാണ് തോന്നിയത്. ഇന്നിപ്പോള്‍ തിരിച്ചറിയുന്നുണ്ട്, ഭാര്യയോടൊപ്പം നില്ക്കലാണ് തന്‍റെ പ്രഥമ ഉത്തരവാദിത്വം എന്നാണ് അദ്ദേഹം കരുതിയിരുന്നത്.
ജോണ്‍ ഒസ്ബോണിന്‍റെ "ലൂക് ബാക് ഇന്‍ ആന്‍ഗര്‍" എന്ന നാടകത്തിലെ അപ്പന്‍ ഇത്തരം ഒരു നിലപാട് എടുക്കുന്നുണ്ട്. ഉന്നതവര്‍ഗത്തില്‍പെടുന്ന അലിസണ്‍ എന്ന പെണ്‍കുട്ടി മാതാപിതാക്കളെ ധിക്കരിച്ച് ഒരു തൊഴിലാളിയെ വിവാഹം കഴിക്കുന്നു. പിന്നീട് ഈ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവളെ കൊണ്ടുപോകാന്‍ വരുന്നത് അപ്പനാണ്. അപ്പന്‍ അവളോടു സാധനങ്ങള്‍ പായ്ക്കു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പറയുന്നു, "നിന്‍റെ കല്യാണം ഞാന്‍ അംഗീകരിച്ചില്ലെങ്കിലും അതു തടയാനായി നിന്‍റെ അമ്മ നടത്തിയ ഒരു ശ്രമവും എനിക്ക് അംഗീകരിക്കാനായിട്ടില്ല. അതൊന്നും സംഭവിച്ചിരുന്നില്ലെങ്കില്‍ നമുക്കെല്ലാം എത്ര നന്നായേനെ." ഇങ്ങനെയൊക്കെ ചിന്തയുണ്ടായിരുന്നിട്ടും അയാള്‍ക്ക് ഭാര്യയെത്തന്നെ പിന്തുണക്കേണ്ടിവരികയാണ്. അതു മകളെ വീട്ടില്‍ നിന്നു കൂടുതല്‍ ഒറ്റപ്പെടുന്നതിനു കാരണമാക്കുകയും ചെയ്യുന്നു.