വളവുകളും തിരിവുകളും വളവില്‍ തിരിവുകളുമായി, അനിശ്ചിതത്വങ്ങളുടെയും ആകസ്മികതകളുടെയും ലോലനൂല്‍പ്പാതകളിലുടെ ജീവിതമെന്ന പദയാത്ര തുടരുമ്പോള്‍ ഇടക്കിടെ ആരും ഭയന്ന് പകച്ച് നിന്നുപോകും. അതിബൃഹത്തായ ബാഹ്യപ്രപഞ്ചത്തിന്‍റെയും അതിസൂക്ഷ്മമായ ഉള്‍പ്രപഞ്ചത്തിന്‍റെയും അതി ബൃഹത് ഭാരങ്ങള്‍ അയാളുടെ ചുമലില്‍ കുമിഞ്ഞുകൂടും. ജീവിതത്തിന്‍റെ അര്‍ത്ഥശാസ്ത്രവും രസതന്ത്രവും സൗന്ദര്യശാസ്ത്രവും അയാളെ വിശ്രമത്തിന്‍റെ നാള്‍ വഴികളില്‍ എത്തിക്കും. തുടര്‍ച്ചയായ പ്രതിബന്ധങ്ങളും, അസംതൃപ്തിയും, അപമാനവും, തിരസ്ക്കരണവും പരാജയവും ജീവിതത്തെ പകയോടെയും പാരുഷ്യത്തോടെയും എതിരിടാന്‍ അയാളെ പ്രേരിപ്പിക്കും.
ജീവിതം എന്നത് ഒരു ഗോദായല്ല, യുദ്ധമല്ല, മത്സരപ്പാച്ചിലും അല്ല. ഇവിടെ ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ല, ആരെയും ഒന്നിനെയും കീഴ്പ്പെടുത്താനും ഇല്ല. എത്ര പരാജയങ്ങള്‍ ഏറ്റുവാങ്ങിയാലും എത്ര ദുരന്തങ്ങള്‍ക്ക് ഇരയായി തീര്‍ന്നാലും ജീവിതത്തില്‍ ആരും പരാജയപ്പെടുന്നില്ല, ജീവിതത്തില്‍ എല്ലാവരും വിജയിക്കുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നുകൊണ്ടിരിക്കുകയും പോയിക്കൊണ്ടിരിക്കുകയും ചെയ്യും, അവയോടൊപ്പം നമ്മളും പോകാതിരുന്നാല്‍ മതി. ജീവിതത്തിന്‍റെ കഥയില്ലായ്മയെക്കുറിച്ചോര്‍ത്ത് തീവ്രമായ ആത്മീയ പ്രതിസന്ധിയില്‍ ഇടറിവീണ ആളാണ് മഹാകവി ടെന്നിസണ്‍. വ്യവസായവല്‍ക്കരണത്തോടനുബന്ധിച്ചുണ്ടായ സാര്‍വ്വത്രിക യുക്തിചിന്തയുടെ ചിന്തിക്കുന്ന ഇരയായിരുന്നു അദ്ദേഹം. ആത്മാവിന്‍റെ തീര്‍ത്ഥയാത്രകളിലൂടെ സ്വയം ആര്‍ജ്ജിക്കുന്ന ഒരു ആത്മാനുരഞ്ജനത്തിലൂടെയാണ് കവി നവോത്ഥാനം പ്രാപിക്കുന്നത്. അദ്ദേഹം എഴുതി: ജീവിതം പാപപങ്കിലമായിപ്പോയി എന്നോര്‍ത്ത് വ്യസനിച്ച് സമയം കളയാതിരിക്കുക. കാലം ഒരു നാള്‍ നീയാകുന്ന മുത്തുച്ചിപ്പി പിളര്‍ത്തുമ്പോള്‍, ജീവിതത്തിലൂടെ നിന്നില്‍ ഉറഞ്ഞുകൂടിയ മുത്ത് പുറത്തുവരും.
ജീവിതത്തില്‍ സ്വയം നഷ്ടപ്പെടേണ്ട കാര്യമില്ല. വഴിയോരക്കാഴ്ചകള്‍ കണ്ട് രസിച്ച്, വൈവിധ്യമാര്‍ന്ന അനുഭവ പരമ്പരകളിലൂടെ കുളിച്ച് കയറി, ഇതൊന്നുമല്ല കേവലമായ സത്യം എന്ന നിശബ്ദമായ തിരിച്ചറിവോടെ മുന്നോട്ടു പോവുക. ഇത് ഒരുതരം തീവണ്ടിയാത്രയാണ്, കാലം എന്ന തീവണ്ടി, ഏതോ ഒരു സ്റ്റേഷനില്‍ വച്ച് നമ്മള്‍ ഇതില്‍ കയറി, ഇനിയും വരാനിരുക്കുന്ന ഏതോ ഒരു സ്റ്റേഷനില്‍ ഇറങ്ങിപ്പോവുകയും ചെയ്യും. ചിലര്‍ ഫസ്റ്റ് ക്ലാസ് എസിയില്‍ യാത്ര ചെയ്യുന്നു, ചിലര്‍ എസി സ്ലീപ്പറില്‍, ഭൂരിപക്ഷം പേരും രണ്ടാം ക്ലാസ് സ്ലീപ്പറില്‍, ഒരു ന്യൂനപക്ഷമാകട്ടെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഏറ്റവും പിന്നിലായി, ഇടിച്ച് കുത്തി വിയര്‍ത്തൊലിച്ച്, കാലുകുത്താനിടമില്ലാതെ പരസ്പരം ശപിച്ചും തിക്കിയും തീവ്രമായ പീഡാനുഭവങ്ങളിലൂടെ യാത്ര ചെയ്യുന്നു. എല്ലാവരും ഒരേ വഴിയോരക്കാഴ്ചകള്‍ തന്നെ കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്നു. അവസാനം എല്ലാവരും ഒരേ സ്റ്റേഷനില്‍തന്നെ ഇറങ്ങുന്നു. ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവരും തുല്യരും ആയിതീരുന്നു. കാലം എന്ന തീവണ്ടിയുടെ പുറത്തു ചാടിക്കഴിയുമ്പോള്‍ എല്ലാവരും തുല്യരാണ്. കാലം എന്ന പ്രതിഭാസം; പക്ഷേ സത്യമല്ല കേവലമായ മിഥ്യയാണ്. അതുകൊണ്ടുതന്നെ കാലവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അനുഭവങ്ങളെല്ലാം അയഥാര്‍ത്ഥമാണ്. അവ ഒരു വഴിയോരക്കാഴ്ചക്കാരനെപ്പോലെ ആസ്വദിച്ചാല്‍ മാത്രം മതി. ബി.സി. നാലാം ശതകത്തില്‍ ജീവിച്ചിരുന്ന ഷ്വാംഗ്ഷു ഭാര്യ മരിച്ചതറിഞ്ഞ് കരഞ്ഞില്ല, നിലവിളിച്ചില്ല, ബഹളം വച്ചില്ല. അദ്ദേഹം നിസംഗതയോടെ തന്നെ ചിട്ടയായ ജീവിതം തുടര്‍ന്നു. ഇതുകണ്ടു പരിഹസിച്ചവര്‍ക്കുള്ള മറുപടിയെന്നോണം അദ്ദേഹം എഴുതി: ശിശിര വര്‍ഷ വസന്ത ഗ്രീഷ്മ വര്‍ഷ ശരത് ഹേമന്തങ്ങളുടെ വഴിയിലവള്‍ മറഞ്ഞുപോയി. ഇതുകണ്ട് ഞാന്‍ നിലവിളിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം സത്യം മനസ്സിലാക്കാന്‍ എനിക്ക് കഴിവില്ല എന്നാണ്.
ജീവിതം ധന്യമായിത്തീരാന്‍ വലിയ ബിരുദങ്ങളുടെ ആവശ്യമില്ല, സമ്പത്തിന്‍റെ ആവശ്യമില്ല, അധികാരത്തിന്‍റെ ആവശ്യമില്ല, വിജയങ്ങളുടേയും ആവശ്യമില്ല. ആദ്യമേ പറഞ്ഞമാതിരി ജീവിതത്തില്‍ ആരും പരാജയപ്പെടുന്നില്ല. യഥാര്‍ത്ഥ ആള്‍ പ്രൊമോഷന്‍ ഇവിടെയാണ്. പരാജയപ്പെടാന്‍ ജീവിതം ഒരു മത്സരപരീക്ഷയൊന്നും അല്ല എന്നത് മറ്റൊരു കാര്യം. ജീവിതം ധന്യമായിത്തീരാന്‍ വേണ്ടത് ഉപാധികളില്ലാതെ സ്നേഹിക്കാനും ഉപാധികളില്ലാതെ ക്ഷമിക്കാനും ഉള്ള കഴിവ് മാത്രമാണ്. അതിന് സാധിക്കുന്നയാളുടെ കാര്യത്തില്‍ ജീവിതം അയത്ന ലളിതമായ ഒരു സംഗീതമായിത്തീരുന്നു. കാലം എന്ന തീവണ്ടി സ്വയമേവ ഓടിക്കൊള്ളും, യാത്രക്കാര്‍ തള്ളിക്കൊടുക്കേണ്ട, വഴികാണിക്കേണ്ട, സഹജീവികളോട് കരുണ കാണിച്ച് സ്വസ്ഥമായി ഇരുന്നാല്‍ മാത്രം മതി.
മരണാനന്തര നിഗൂഢതകളിലേക്ക് നടന്നു കടന്ന് മറയുന്നവര്‍ തിരിച്ചുവരാറില്ല. പക്ഷേ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ചുരുക്കം ചില ആളുകള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. അവരെല്ലാം തന്നെ സാക്ഷ്യപ്പെടുത്തുന്നത് ഈ കാര്യം തന്നെയാണ്. ഉപാധികളില്ലാതെ സ്നേഹിക്കുക, ഉപാധികളില്ലാതെ ക്ഷമിക്കുക, ജീവിതം ധന്യമായിത്തീരും. ജീവിതം അവസരങ്ങളേക്കാള്‍ അവസരനിഷേധങ്ങളുടെ കഥയാണ് പറയുന്നത്. ആ നിഷേധങ്ങള്‍ പക്ഷേ ജീവിതത്തിന്‍റെ ആഴവും അര്‍ഥവും വര്‍ദ്ധപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ശിശിര സ്മൃതികള്‍ മനസ്സില്‍ തിരുകി പഞ്ച ഋതുക്കള്‍ തപസ്സിരിക്കുന്നു. ഒടുവില്‍ ശിശിരം വിരുന്നെത്തുമ്പോള്‍ പഞ്ച ഋതുക്കളും പോയിമറഞ്ഞിരിക്കും. അവസര നിഷേധങ്ങളുടേയും പരാജയങ്ങളുടേയും ഭീകരവാഴ്ചയുടെ ചുറ്റുപാടുകളില്‍ നിന്ന് പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ ജീവിതം ഒരു വേര്‍പാടും ഒരു നിസഹായതയും ആയി തോന്നാം. പക്ഷേ അത് സത്യവുമാണ്. അതോടൊപ്പം ജീവിതം ഒരു വിസ്മൃതികൂടിയാണ്. ജീവിതം ഒരു വിസ്മൃതിയും ഉപാധികളില്ലാത്ത സ്നേഹം വിസ്മൃതിയുടെ വിസ്മൃതിയും ആണ്.
ജീവിതത്തിന്‍റെ പൂര്‍ണ്ണത പൂര്‍ണ്ണമായി അവനവന്‍തന്നെ ആയിത്തീരുക എന്നതാണ്. പൊക്കമില്ലായ്മയാണ് എന്‍റെ പൊക്കം എന്ന് അഭിമാനിച്ച കുഞ്ഞുണ്ണിമാഷ് നീണ്ടയൊരു ആത്മകലഹത്തിന്‍റെ സ്വച്ഛമായ പൂര്‍ണ്ണവിരാമം ആയിത്തീരുന്നു. നമുക്കു പകരമാകാന്‍ നമ്മള്‍ മാത്രമേയുള്ളൂ, നമ്മള്‍ ആരുടേയും മുന്നിലുമല്ല പിന്നിലുമല്ല. നമുക്കു ലഭ്യമായ ആകാശങ്ങളില്‍ നമ്മുടേതായ കുഞ്ഞുപൂവ് വിരിയിച്ചാല്‍ ജീവിതത്തിന്‍റെ പൂര്‍ണ്ണത ആയി. നിറമില്ലെങ്കിലും മണമില്ലെങ്കിലും, അതിന് പകരമാവാന്‍ ലോകത്തില്‍ ഒരു പൂവിനും സാധ്യമല്ല. അവിടെ നിശബ്ദമായ ഒരായിരം നൊമ്പരങ്ങളുടെ സംഘഗീതമായി, ജീവിതം സംഗീതമായി മാറുന്നു.
പതിനാറാം ശതകത്തില്‍ മെക്സിക്കോയിലെ ത്രിസഖ്യസാമ്രാജ്യത്തില്‍ ജീവിച്ചിരുന്ന അയോക്വാന്‍ കൂട്സ്പാല്‍സിന്‍ ഒരു പക്ഷിയെക്കുറിച്ച് എഴുതി :
ഗാനം പൊഴിച്ചവന്‍ പറന്നകന്നീടുന്നു
പാട്ടു കേട്ടാലോലം പൂക്കള്‍ വിടരുന്നു
രത്നമായ് പവിഴമായ് ഗാനം പൊഴിയുന്നു
പക്ഷിതന്‍ വാക്കുകള്‍ മാധവവര്‍ഷമായ്
ഈശ്വരന്‍ കാംഷിച്ചതിത്രമാത്രം സ്ഥിരം
ഇത്രമാത്രം ചിരം സത്യമീയൂഴിയില്‍.
നമ്മോടു തന്നെയുള്ള കലഹത്തിന്‍റെ ബാക്കി പത്രമായാണ് നാം ചുറ്റുമുള്ള ലോകത്തോട് കലഹിക്കുന്നത്. തന്നോടുതന്നെ അനുരഞ്ജനത്തില്‍ എന്നുള്ളയാള്‍ക്ക് ബാഹ്യലോകത്തോടും രമ്യതയില്‍ ആയിത്തീരാന്‍ കഴിയും. ജീവന്‍ എന്നത് ഒരുപിടി ജൈവ രാസ പ്രക്രിയകളുടെ കൂട്ടായ്മ മാത്രമാണെന്നും, ജീവിതത്തിനപ്പുറം ഒന്നുമില്ലെന്നും ഭ്രമിക്കുന്നവര്‍ക്ക് ജീവിതത്തിന് ജീവിതത്തേക്കാള്‍ അര്‍ത്ഥമുണ്ടെന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
ചീത്തയായ അനുഭവങ്ങളും നല്ലതായ അനുഭവങ്ങളും ഇല്ല. അനുഭവങ്ങള്‍ മാത്രമേയുള്ളു. ഓരോ അനുഭവങ്ങളും ഓരോ മുതല്‍കൂട്ടും ആണ്. പാപബോധത്തിന്‍റെ തടവറയില്‍ എരിഞ്ഞുതീരുന്ന ജീവിതങ്ങള്‍ എത്രയോ ഉണ്ട്. അനുഭവങ്ങളില്‍ ഇടറിവീഴുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഡോസ്റ്റോവ്സ്ക്കിയുടെ ഒരു കഥാപാത്രമായ ലിയോണ്‍ നിക്കോളാസ് മിഷ്കിന്‍ മേരി എന്ന ഇടയ പെണ്‍കുട്ടിയോട് പറയുന്നു, മേരീ, ഈ ഭൂമിയില്‍ ആരും പാപികളല്ല. ചിലര്‍ ദൗര്‍ഭാഗ്യവാന്‍മാരാണ് എന്നു മാത്രം.
മഴനീര്‍കണിക പോലെയാണ് ഓരോ മനുഷ്യനും. അത് പഴയൊരു ഓര്‍മ്മപോലെ വയല്‍ വരമ്പില്‍ ഏങ്ങിക്കരയുന്നു. ശുദ്ധമായ സ്വര്‍ഗ്ഗീയ മഴമേഘങ്ങളില്‍ നിന്ന് അത് താഴെ കല്ലിലും മുള്ളിലും പൂവിലും പുഴയിലും മരുഭൂമിയിലും പതിക്കുന്നു. അത് പുഴയോരത്ത് ഒരായിരം വെള്ളിനൂലിഴ ചേര്‍ത്ത് പട്ടുതിരശ്ശീല നെയ്യുന്നു. അത് പാഴ്കുടിലുകളുടെ ഇറയത്ത് നിന്ന് കണ്ണുനീര്‍വാര്‍ക്കുന്നു. അത് അനന്ത ധ്യാനത്തിലാണ്ടുപോയ നീലമലകളുടെ ആത്മാവിനോട് മന്ത്രിക്കുന്നു; ഭൂമിയുടെ വരണ്ടുപോയ കണ്ണീര്‍ചാലുകളില്‍ ആര്‍ദ്രത പടര്‍ത്തുന്നു, മണ്ണിന്‍റെ ഗര്‍ഭപാത്രത്തില്‍ സുഖസുഷുപ്തിയിലാണ്ടുപോയ വിത്തുകള്‍ക്ക് ഉണര്‍ത്തുപാട്ടാകുന്നു. വെള്ളി മണിമുത്തുകള്‍ വിതറി കല്ലൊതുക്കുളില്‍ പൊട്ടിച്ചിരിക്കുന്നു, ഒരിക്കലും അലിയാത്ത തടശിലകളെ വെറുതെ തഴുകുന്നു, മലഞ്ചെരുവുകളില്‍ സുഖകരമായ ഒരു ദുഃഖമായി പൊഴിയുന്നു, വിരഹവും സ്നേഹവും നൊമ്പരവുമായി അനന്ത വിജനതകളില്‍ തുടികൊട്ടിപ്പാടുന്നു, വിരിയാന്‍ വിതുമ്പുന്ന കുഞ്ഞുപൂവിന്‍റെ മിഴികളില്‍ സ്വപ്നം വിതറുന്നു. ഒടുവില്‍ ഗ്രീഷ്മാഗ്നിയില്‍ സ്ഫുടം ചെയ്ത് അത് സംശുദ്ധി കൈവരിച്ച് എവിടെനിന്ന് വന്നുവോ അങ്ങോട്ടുതന്നെ തിരിച്ചു പോവുകയും ചെയ്യുന്നു വരവിനും പോക്കിനും ഇടയില്‍ സംഭവിച്ചവയൊക്കെ അസ്തിത്വങ്ങള്‍ക്ക് അപ്പുറമൂള്ള തിരുമുറിവുകള്‍ പോലും ആകുന്നില്ല.
ജീവിതത്തില്‍ ഒന്നുമായില്ല, ആരുമായില്ല എന്ന് മായാമരീചികകളുടെ കനല്‍വഴികളില്‍ ഇടറി വീണ് വ്യസനിക്കുന്നവര്‍ അധികമാണ്. ജീവിതം എന്നത് 10 ശതമാനം നമ്മുടെ സൃഷ്ടിയും 90% ശതമാനം നമ്മുടെ നിലപാടും ആണ് എന്ന് പറയാറുണ്ട്. എവിടെയെത്തി എന്നതിന് പ്രസക്തിയില്ല, നിലപാടാണ് പ്രധാനം. സാമ്രാജ്യങ്ങള്‍ സ്ഥാപിക്കാത്ത, നിരപരാധികളുടെ രക്തം ചിന്താത്ത, നഗരങ്ങളെ തച്ചുതകര്‍ക്കാത്ത, വനകുസുമം പോലെ നിശബ്ദമായി മാഞ്ഞു മറഞ്ഞുപോവുന്ന സാധാരണ ഗ്രാമീണരെക്കുറിച്ച് തോമസ് ഗ്രേ എഴുതുന്നു, അവരുടെ ജീവിതമാണ് യഥാര്‍ത്ഥത്തില്‍ ഏറെ ധന്യം. സംതൃപതിയോടെ സ്വന്തം കടമകള്‍ നിര്‍വ്വഹിക്കുകയും അതില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്നയാള്‍ ഭാഗ്യവാനാണ്; അയാളുടെ പേര് ജലരേഖപോലെ മാഞ്ഞ് മറഞ്ഞുപോയാലും വ്യസനിക്കാനൊന്നും ഇല്ല. നിശബ്ദമായ മലഞ്ചെരിവില്‍ സ്വയം മറന്നു പാടുന്ന ഏകാകിനിയായ കൊയ്ത്തുകാരിയെക്കുറിച്ച് മഹാനായ വേഡ്സ്വര്‍ത്ത് വശ്യമായ ഗൃഹാതുരത്വത്തോടെ എഴുതുന്നു. ആ ഗ്രാമീണ പെണ്‍കുട്ടി സംതൃപ്തയാണ്, മനസ്സിന്‍റെ സംതൃപ്തി വശ്യമായ ഗാനമായി ചുറ്റും പ്രസരിക്കുകയും ചെയ്യുന്നു.
ജനപദങ്ങളെ വിറപ്പിക്കുകയും കോട്ടകൊത്തളങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തവരോ? മഹാനായ സൈറസിന്‍റെ ശവകുടീരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; ഹേ യാത്രക്കാരാ നിങ്ങള്‍ എങ്ങുനിന്നു വന്നവനോ എവിടേക്ക് പോകുന്നവനോ ആവട്ടെ, ബ്യഹത്തായ പേര്‍ഷ്യാ സാമ്രാജ്യം സ്ഥാപിച്ച സൈറസ് ചക്രവര്‍ത്തിയാണ് ഞാന്‍. ഇന്നെനിക്ക് സ്വന്തമായുള്ള ഒരു പിടി മണ്ണിന്‍റെ പേരില്‍ എന്നോട് അസൂയപ്പെടരുതേ.
ഓസിമാന്‍ഡ്യാസ് ചക്രവര്‍ത്തിയുടെ തകര്‍ന്നടിഞ്ഞുപോയ പ്രതിമയുടെ ചുവട്ടിലെ അടിക്കുറിപ്പ്: രാജാക്കന്‍മാരുടെ രാജാവായ ഓസിമാന്‍ഡിയാസാണ് ഞാന്‍. ചുറ്റും കാണുന്ന എന്‍റെ നേട്ടങ്ങള്‍ കണ്ട് നിങ്ങള്‍ അസൂയപ്പെടുവിന്‍, ഇന്ന് ചുറ്റും കാണാനുള്ളതോ പ്രേതഭൂമിപോലെ വിജനമായ സഹാറാ മരുഭൂമിയും, നേട്ടങ്ങളിലൊന്നും കാര്യമില്ല, ശരിയായ നിലപാടാണ് പ്രധാനം.
ലോകം ഒരു പാലമാണ്, അതില്‍ നിങ്ങള്‍ കൂടാരം പണിയരുത് എന്ന് ക്രിസ്തു പറഞ്ഞിട്ടുള്ളതായി ഫത്തേപ്പൂര്‍സിക്രിയുടെ പടിവാതില്‍ക്കല്‍ അക്ബര്‍ ചക്രവര്‍ത്തി കുറിച്ചുവച്ചിട്ടുള്ളതായി ഹോള്‍ഗര്‍ കേഴ്സ്റ്റണ്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബൈബിളില്‍ പറയാത്ത ഈ വാചകം അക്ബറിന് എവിടെ നിന്ന് കിട്ടി എന്നത് ഒരു ചരിത്ര കൗതുകമാണ്. പക്ഷേ വഴി ലക്ഷ്യമാണെന്ന് ഭ്രമിച്ച് അവിടെ ചേക്കേറാന്‍ ശ്രമിക്കുന്ന അധികാരമോഹികള്‍ക്കുള്ള കാലാതിശായിയായ മറുപടി കൂടിയാണ് ആ വാചകം. മാര്‍ഗ്ഗം ലക്ഷ്യമായിത്തീരുന്നവര്‍ക്ക് ഈ ഭൂമി വിട്ട് പോകാന്‍ കഴിയില്ല. എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചനം നേടി നിസ്വനായി, നിസംഗനായി ഇവിടെ നിന്ന് വിടചൊല്ലി പോകാന്‍ കഴിയണം. അതുകൊണ്ടുതന്നെ ഇന്ന് പ്രചാരത്തിലായി വരുന്ന ജീവനകല പോലെ തന്നെ പ്രധാനമാണ് ജീവന്‍ മുക്തി കലയും.
ഈ പട്ടിക്കാട്ടില്‍ പെട്ടുപോയതുകൊണ്ട് എന്‍റെ ജീവിതം ഇങ്ങനെയൊക്കെയായി എന്നും ഈ നശിച്ച കോഴ്സിന് ചേര്‍ന്നതുകൊണ്ട് എന്‍റെ ജീവിതം നശിച്ചു എന്നും വിലപിക്കുന്നവര്‍ ഓര്‍ക്കാനുള്ളത് ഇത്രമാത്രം. നാടിന് ഒരു കുഴപ്പവും ഇല്ല. ഈ ഭൂമിയിലുള്ള എല്ലാ നാടുകള്‍ക്കും അതിന്‍റേതായ ചാരുതയുണ്ട്, വശ്യതയുണ്ട്, അഴകളവുകള്‍ എല്ലാമുണ്ട്. സൗന്ദര്യം നോക്കുന്നയാളുടെ മിഴികളിലാണ്. ഒരേ സൂര്യനും ഒരേ ചന്ദ്രനും എല്ലായിടത്തും എത്തുന്നു. ഒരേ മഴയും ഒരേകാറ്റും ഒരേ ഋതുവും ഭൂമിയെ പരിരംഭണം ചെയ്യുന്നു. മനുഷ്യരെല്ലാം ഏതു നാട്ടിലും ഏറെക്കുറെ ഒരുപോലെയുമാണ്. പ്രശ്നം നാടിനല്ല, നമുക്കുതന്നെയാണ്. സ്നേഹം എന്ന വികാരത്തോടെ ചുറ്റുപാടും നോക്കിയാല്‍ പ്രഭാതങ്ങളില്‍ ലോലമായ ഹിമപരാഗം പേറി ഇളം വെയിലില്‍ വൈഡൂര്യവും പുഷ്യരാഗവും പ്രതിഫലിപ്പിക്കുന്ന കൊച്ചു പുല്‍ക്കൊടിയില്‍പ്പോലും അഭൗമമായ സൗന്ദര്യം കണ്ടെത്താന്‍ കഴിയും. സ്വന്തം തീരുമാനപ്രകാരം എടുക്കുന്ന കോഴ്സുകളെ വെറുത്ത് പഠനം ഉഴപ്പുന്നതും ഇപ്രകാരം തന്നെയാണ്. ഇവിടെയൊക്കെ വെറുപ്പ് നാടിനോടോ കോഴ്സിനോടോ അല്ല, മറിച്ച് തന്നോടുതന്നെയാണ്. സ്വന്തം സിദ്ധികളേയും പരിമിതികളേയും അംഗീകരിക്കുകയും തന്നോടുതന്നെ സമരസപ്പെടുകയും ചെയ്താല്‍ സ്വന്തം ചുറ്റുപാടുകളോടും രസത്തിലാവാന്‍ സാധിക്കും.
ബഹുഭൂരിപക്ഷം നഗരവാസികളേയും മഥിക്കുന്ന ഒരു വികാരമാണ് ആധി. കുട്ടികള്‍ നന്നായി വളരുമോ, നല്ലജോലി കിട്ടുമോ, തനിക്ക് ജോലി നഷ്ടപ്പെടുമോ, ജോലിക്കയറ്റം കിട്ടുമോ, ആരോഗ്യം ക്ഷയിക്കുമോ, സൗന്ദര്യം കുറയുമോ, നാട്ടുകാരും സഹപ്രവര്‍ത്തകരും പരിഹസിക്കുമോ - എന്തെല്ലാം ആധികള്‍. ഇങ്ങനെ ആധിയുള്ള ഒരു എഞ്ചിനീയറിംഗ് ബിരുദധാരി കഴിഞ്ഞ ദിവസം ഇത് എഴുതുന്നയാളെ വിളിച്ചു. ജോലിയൊന്നും ശരിയാകുന്നില്ല, ഇന്‍റര്‍വ്യൂവില്‍ ശോഭിക്കാന്‍ കഴിയുന്നില്ല, എന്തു ചെയ്യണം എന്നതാണ് പ്രശ്നം. ഭയമില്ലാതെ, ആധിയില്ലാതെ അനായാസമായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഞാന്‍ പറഞ്ഞു. പരമാവധി സംഭവിക്കാവുന്നത് അവര്‍ ജോലി തരില്ല എന്നതുമാത്രമാണ്, അവര്‍ തൂക്കിലേറ്റുകയില്ല, തുറുങ്കിലടക്കില്ല, ഒന്നും ചെയ്യില്ല. ഇന്‍റര്‍വ്യൂ ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും വെറും മനുഷ്യര്‍ മാത്രമാണ്, വലിയവരുമല്ല ചെറിയവരുമല്ല. ഈ ആധിയില്ലായ്മ എന്ന തന്ത്രം ഫലിച്ചു, അയാള്‍ക്ക് പ്രമുഖമായ ഒരു ഐടി കമ്പനിയില്‍ അടുത്ത ദിവസം തന്നെ ഒരു ജോലി ലഭിച്ചു. പരമാവധി ജീവിതത്തില്‍ സംഭവിക്കാനുള്ളത് ജീവനില്ലാതായിതീരുക എന്നതുമാത്രമാണ്. ജീവിതത്തിന്‍റെ ഏക അനിവാര്യതയും അത് മാത്രമാണ്; അതെന്നെങ്കിലും സംഭവിച്ചേതീരൂ, ആധികൊണ്ട് സംഭവിക്കാന്‍പോകുന്ന യാതൊന്നിനേയും വ്യത്യാസപ്പെടുത്താനും കഴിയില്ല. എല്ലാ ഇന്നുകളും ഇന്നലെ നമ്മള്‍ ഭയപ്പെട്ടിരുന്ന നാളെകളാണ്, ഹതോവ പ്രാപത്യസി സ്വര്‍ഗ്ഗം ജീത്വാവാ പോഷ്യസേ മഹിം എന്നതാവാം നയം. സ്വര്‍ഗ്ഗം എന്നത് ഒരു മാനസികാവസ്ഥയാണ്, നരകം എന്നതും അതുതന്നെ.
എല്ലാവരും എന്നെ ദ്രോഹിച്ചു, ദൈവം പോലും എന്നെ ഉപേക്ഷിച്ചു എന്ന നിലപാടുമായി ഇരിക്കുന്നവര്‍ ഇടുങ്ങിയ ഗൂഹാവീക്ഷണവുമായി യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ വിസമ്മതിച്ച് ഇരിക്കുന്നവരാണ്. ലോകത്തിന് ആരെയും അനവരതം ദ്രോഹിച്ചുകൊണ്ടിരിക്കണമെന്ന പിടിവാശിയൊന്നും ഇല്ല; ലോകം അതിന്‍റെ കാര്യം നോക്കുന്നു ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ വഞ്ചിച്ചു, വെറുതെ ഒന്നു വിളിച്ചപ്പോള്‍ കൂടെ ഇറങ്ങിപ്പോന്നു, എന്ന രസകരമായ പരിദേവനം പോലെയേ ഉള്ളൂ കാര്യങ്ങള്‍. 1897 ല്‍ ജോണ്‍സണ്‍ ഓട്ട്മാന്‍ എഴുതിയ പ്രാര്‍ത്ഥനാഗീതം ഈ നിലപാടിനുള്ള മറുപടികൂടിയാണ്. നിങ്ങളുടെ ജീവിത നൗക കൊടുംകാറ്റില്‍ ആടിയുലയുമ്പോള്‍, എല്ലാം നഷ്ടപ്പെട്ടന്നുകരുതി ഭഗ്നാശരായിത്തീരുമ്പോള്‍, നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ എണ്ണിനോക്കൂ, അവ ഒന്നൊന്നായ് എഴുതിനോക്കൂ, ദൈവം നിങ്ങള്‍ക്കു വേണ്ടി കരുതിയതോര്‍ത്ത് നിങ്ങള്‍ ആശ്ചര്യചിത്തരായിത്തീരും. യഥാര്‍ത്ഥത്തില്‍ നമുക്കു കഴിയേണ്ടത് നന്ദി, സ്നേഹം എന്നീ രണ്ടു വികാരങ്ങളോടെ ഓരോദിനവും പര്യവസാനിപ്പിക്കാനും, ഇന്ന് ഞാന്‍ ആരോടും അസൂയപ്പെടില്ല, ഇന്നു ഞാന്‍ ആരോടും കോപിക്കില്ല എന്ന നിശ്ചയത്തോടെ ഓരോ ദിവസവും സമാരംഭിക്കാനുമാണ്. നമ്മള്‍ എന്ത് വിശ്വസിക്കുന്നോ അതായിത്തീരുന്നു നമ്മള്‍, ജീവിതത്തെ എങ്ങനെ സമീപിക്കണോ അതായിത്തീരുന്നു ജീവിതം.
ഞാന്‍ ചെയ്യുന്നു എന്ന നിലപാട് മാറ്റി എന്നിലൂടെ ചെയ്യപ്പെടുന്നു എന്ന മൗലികമായ തിരിച്ചറിവുണ്ടായാല്‍ എല്ലാം എളുപ്പമായി, പിന്നെ കര്‍മ്മഫലത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല.
ലോകത്തിന് ഒരു പിടി ആര്‍ദ്രസ്മരണകള്‍ സമ്മാനിച്ച്, താരുണ്യത്തിന്‍റെ ഉച്ചസ്ഥായിയില്‍ തന്നെ ആത്മഹത്യയിലൂടെ വഴിപിരിഞ്ഞുപോയ പോളിഷ് വംശജനായ റഷ്യന്‍ നര്‍ത്തകന്‍ നിജിന്‍സ്കിയാണ് മാനവരാശി കണ്ട ഏറ്റവും മഹാനായ നര്‍ത്തകനായി അറിയപ്പെടുന്നത്. ഞാന്‍ നൃത്തമാടുന്നു എന്ന വികാരമായിരുന്നില്ല നിജിന്‍സ്കിക്ക് മറിച്ച് അദ്ദേഹം നൃത്തമായി മാറുകയായിരുന്നു, നര്‍ത്തകന്‍ ഇല്ലാതായിത്തീരുകയായിരുന്നു. തല്‍ഫലമായി ശരീരഭാരത്തിന്‍റെ പരിമിതികളില്ലാതെ അപ്പൂപ്പന്‍താടി പോലെ വായുവില്‍ ഒഴുകിനടക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. സ്റ്റീവന്‍ എന്ന അമേരിക്കന്‍ ബാലന്‍റെ കഥയും ശ്രദ്ധേയമാണ്, ബുദ്ധിയില്ലാത്ത, വൃത്തിയില്ലാത്ത, ചിട്ടയില്ലാത്ത മന്ദനായ കുട്ടിയായിരുന്നു അയാള്‍. സ്റ്റീവന്‍റെ സംഗീതാദ്ധ്യാപിക അയാളെ ഒരു ഒഴിയാബാധയായി ഉപേക്ഷിച്ചിട്ടിരിക്കുകയായിരുന്നു. വാര്‍ഷിക സംഗീതപരിപാടിയുടെ ഭാഗമായി അദ്ധ്യാപികയും ശിഷ്യരും തിരക്കിട്ട് പരിശീലനം നടത്തുന്ന സമയത്ത് സ്റ്റീവന്‍ പെട്ടെന്നൊരുനാള്‍ പ്രത്യക്ഷപ്പെട്ടു; അയാള്‍ക്കും വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കണം എന്നായിരുന്നു നിര്‍ബന്ധം. പരിപാടിയുടെ ഒടുവിലായി സ്റ്റീവന് ഒരു അവസരം കൊടുക്കാമെന്ന് ഗുരുവിന് സമ്മതിക്കേണ്ടിവന്നു. വാര്‍ഷിക ദിവസം വളരെ വൈകി അയാള്‍ കുളിക്കാതെ, മുടിചീകാതെ അശ്രദ്ധവേഷം ധരിച്ച് വെറും പരിഹാസ്യനായി അവിടെയെത്തി. ഏറ്റവും ഒടുവിലായി അയാളുടെ ഊഴം വന്നു. സ്റ്റീവന്‍ ഗുരുവിന് നാണക്കേട് വരുത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. അയാള്‍ പിയാനോയില്‍ അവതരിപ്പിച്ചത് മൊസാര്‍ട്ടിന്‍റെ ദുഷ്ക്കരമായ ഒരു സിംഫണിയായിരുന്നു. വലിയ സംഗീതജ്ഞര്‍പോലും ഇടറിപ്പോവാറുള്ള ഒരു സിംഫണി. പരിപാടി കഴിഞ്ഞപ്പോഴേക്കും സദസ്സാകെ സ്തംഭിച്ച് ശ്വാസമടക്കി നില്‍ക്കുകയായിരുന്നു എല്ലാം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ചോദിച്ചു; നീ എങ്ങനെ ഇത് സാധിച്ചു, സ്റ്റീവന്‍? അയാള്‍ പറഞ്ഞു, ഇന്നലെ എന്‍റെ അമ്മ മരിച്ചു. അവര്‍ പൂര്‍ണ്ണ ബധിരയായിരുന്നു പക്ഷേ ഇപ്പോള്‍ എന്‍റെ അമ്മക്ക് എല്ലാം കേള്‍ക്കാം. ഞാനല്ല, എന്‍റെ അമ്മക്ക്വേണ്ടി എന്‍റെ വിരലുകളാണ് ആ സംഗീതം പൊഴിച്ചത്.
څഞാന്‍ ഇല്ലാതായിത്തീരുന്നിടത്ത് സംഗീതം ആരംഭിക്കുന്നു. ബീഥോവന്‍റെ പ്രസിദ്ധമായ നിലാവിന്‍റെ സംഗീതം അദ്ദേഹത്തിന്‍റെ ചന്ദ്രികയിലലിഞ്ഞ, ആത്മാവും കരുണാര്‍ദ്രമായ മനസ്സും വിരലുകളും ചേര്‍ന്ന് ഉരുത്തിരിഞ്ഞതാണ്.
ജീവിതത്തെ ഭ്രാന്തമായ ആര്‍ത്തിയോടെ സമീപിക്കുന്ന ധാരാളം പേരുണ്ട്. പ്രപഞ്ചം മുഴുവനോടെ വിഴുങ്ങാനുള്ള തൃഷ്ണ അവര്‍ക്കുണ്ട്. അത്തരം ആളുകള്‍ സഞ്ചരിക്കുന്ന തമോരന്ധ്രങ്ങള്‍ ആണ്. ആത്മാവിന്‍റെ ദാരിദ്യമാണ് ആര്‍ത്തിയായി പരിണമിക്കുന്നത്. അകം നിറഞ്ഞയാള്‍ക്ക് എടുക്കാന്‍ കഴിയില്ല, കൊടുക്കാനേ കഴിയൂ. ഉണ്ടു മടുത്തവനോട് ഉരുള ചോദിക്കണം, കണ്ടുമടുത്തവനോട് കടവും ചോദിക്കണം എന്നാണ് നാട്ടറിവ്. ഹാറ്റി മേ എന്ന കൊച്ചു പെണ്‍കുട്ടിയുടെ ജീവതം കൊടും പട്ടിണിയിലും ദാരിദ്ര്യത്തിലും ആയിരുന്നു. ഹാറ്റി ഒരിക്കല്‍ അടുത്തുള്ള ബാവറ്റിസ്റ്റ് പള്ളിയില്‍ ചെന്നു. തിക്കും തിരക്കും കാരണം ആ കൊച്ചു കുട്ടിക്ക് അകത്തേക്ക് കയറാനേ കഴിഞ്ഞില്ല. ഇതു കണ്ടുനിന്ന പാസ്റ്റര്‍ റസ്സല്‍ കോണ്‍വെല്‍ പുറത്തേക്ക് വന്ന് കുട്ടിയെ കോരിയെടുത്ത് കൊണ്ടുപോയി. അന്ന് മുതല്‍ പാസ്റ്ററും കുഞ്ഞും തമ്മിലുള്ള ഒരു ഹ്യദ്യമായ ആത്മബന്ധം തുടങ്ങി. അധിക ദിവസം കഴിയുന്നതിനു മുമ്പ് ഹാറ്റി തന്‍റെ ചേരിയിലെ വീട്ടില്‍ പട്ടിണിക്കും രോഗത്തിനും കീഴടങ്ങി മരിച്ചു. ഇതറിഞ്ഞു ചെന്ന പാസ്റ്റര്‍ കുഞ്ഞിന്‍റെ പഴകി ദ്രവിച്ച തലയിണക്കടിയില്‍ ഒരു കുഞ്ഞ് പൊതിക്കെട്ടുകണ്ടു, മുഷിഞ്ഞ കൈലേസിനുള്ളില്‍ 57 പൈസയും ഒരു കുറിപ്പും. എല്ലാ കുഞ്ഞുങ്ങള്‍ക്കും കയറി നില്‍ക്കാനുതകുന്ന ഒരു പള്ളി പണിയണം. 57 സെന്‍റ് കൊണ്ടു ഒരു മണ്‍കട്ട പോലും കിട്ടില്ല. പക്ഷേ ഈ സംഭവം കുറച്ചു ദിവസങ്ങള്‍ക്കകം പുറംലോകം അറിഞ്ഞു. അങ്ങനെ ഫിലാഡല്‍ഫിയ നഗരത്തിന്‍റെ തിലകക്കുറിയായ ടെംമ്പിള്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് രൂപം കൊണ്ടു. ഒരു കുടുസു മുറിയില്‍ നിന്ന് 3000 പേര്‍ക്ക് ഇരിക്കാവുന്ന വമ്പന്‍ സൗധം. അതിനോടനുബന്ധിച്ച് ടെമ്പിള്‍ യൂണിവേഴ്സിറ്റിയും, മെഡിക്കല്‍കോളേജും അനാഥബാല്യങ്ങള്‍ക്കുള്ള അഭയകേന്ദ്രവും രൂപംകൊണ്ടു; കവാടത്തില്‍ തന്നെ ഹാറ്റി മേയുടെ മാലാഖയുടെ രൂപത്തിലുള്ള ചിത്രവും. നിറഞ്ഞ മനസ്സുമായി ജീവിക്കുന്നവര്‍ക്ക് എന്നും സമൃദ്ധിയായിരിക്കും, അവര്‍ക്ക് കൊടുക്കാനേ കഴിയൂ. അത് സംഭവിക്കാന്‍ ഒരു തിരിച്ചറിവ് മാത്രം മതി- ഓരോ ജലകണവും സമുദ്രം തന്നെയാണെന്ന മൗലികമായ തിരിച്ചറിവ്.
ഒരു പക്ഷേ വിശ്വമാനവചരിത്രത്തിലെ ഏറ്റവും നാടകീയമായ സ്വയാനുരഞ്ജനം സംഭവിച്ചത് 1892 ല്‍ ജോണ്‍ എന്നയാളിന്‍റെ 53-ാം വയസ്സിലാണ്. ജോണ്‍ ജനിച്ചത് അല്പം തട്ടിപ്പും വ്യാജവൈദ്യവും സ്ത്രീസേവയും ഒക്കെയായി നാടുചുറ്റി നടന്ന ഒരാളുടെ മകനായിട്ടാണ്. പട്ടിണി നിറഞ്ഞ വര്‍ഷങ്ങളില്‍ ജോണിന്‍റെ ജീവിതാഭിലാഷം എങ്ങനെയും ഒരു ലക്ഷം ഡോളര്‍ സമ്പാദിക്കുക, നൂറുവര്‍ഷം ജീവിക്കുക എന്നതായി മാറി. കൂടുതല്‍ കൂടുതല്‍ ലാഭത്തിനുവേണ്ടി അയാള്‍ ബന്ധങ്ങളും മൂല്യങ്ങളും മറന്നു, സ്വന്തം ജീവിതം തന്നെ മറന്നു. ഒരു രാജ്യമാകെ അയാളെ കഠിനമായി വെറുത്തു, അയാളുടെ ധനാര്‍ത്തിക്കിരയായവര്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ ജോണിന്‍റെ കോലം അടുത്തുകണ്ട മരങ്ങളില്‍ തൂക്കിലേറ്റി. 43-ാംവയസ്സില്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ കോടീശ്വരനായി അയാള്‍ മാറി. എന്നിട്ടും ഓരോ ചില്ലിക്കാശിനും വേണ്ടി അയാള്‍ മല്ലടിച്ചുകൊണ്ടിരുന്നു. ഉറക്കം ഇല്ലാതായി, വിശപ്പില്ലാതായി, രക്തസമ്മര്‍ദ്ദം ഗുരുതരനിലയിലായി, സഹജീവികളോടെല്ലാം ശണ്ഠകൂടി, മരണഭയം മൂലം അംഗരക്ഷകരുടെ ഒരു പട തന്നെ ചുറ്റും വേണമെന്നായി. മാനസിക സംഘര്‍ഷം കാരണം ശരീരത്തിലെ രോമം മുഴുവന്‍ കൊഴിഞ്ഞുപോയി. ആരോഗ്യം തകര്‍ന്നു, ദഹനവ്യവസ്ഥ നിശ്ചലമായി, അല്പം മുലപ്പാല്‍ ഒഴികെ ഒന്നും കഴിക്കാന്‍ വയ്യാത്ത സ്ഥിതിയായി. എല്ലാം ഉണ്ടായിട്ടും ഭക്ഷണവും സുഖവും ജോണിന് അന്യമായി. 53-ാം വയസ്സില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി, ഇനി ഏതാനും ദിവസങ്ങള്‍ മാത്രം, മരണം ഉറപ്പ്; അല്ലെങ്കില്‍ ഈ അദമ്യമായ ധന മോഹം നിയന്ത്രിക്കണം.
പിന്നീടുള്ള ദിവസങ്ങളില്‍ ജോണ്‍ ലോകത്തെ ഞെട്ടിച്ചു. അയാള്‍ പള്ളികള്‍ക്കു കൊടുത്ത സംഭാവനകള്‍ കറപുരണ്ട പണം എന്ന് പറഞ്ഞ് അമേരിക്കന്‍ ജനത തള്ളി. പക്ഷേ ജോണ്‍ മാറിക്കഴിഞ്ഞിരുന്നു. കറുത്തവരുടെ വിദ്യാഭ്യാസത്തിനായി ഒരു സര്‍വ്വകലാശാല അയാള്‍ ഏറ്റൈടുത്തു; പിന്നാലേ, ഷിക്കാഗോ സര്‍വ്വകലാശാല, ന്യൂയോര്‍ക്കിലെ റോക്ക് ഫെല്ലര്‍ യൂണിവേഴ്സിറ്റി, ജോണ്‍ ഹോവ്കിന്‍സ് ആരോഗ്യ സര്‍വ്വകലാശാല, ചൈനയിലെ പീക്കിംഗ് സര്‍വ്വകലാശാല, ഫിലിപ്പെന്‍സിലെ ഫിലിപ്പൈന്‍സ് യൂണിവേഴ്സിറ്റി എന്നിവ വന്നു റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്‍ ആഗോള തലത്തില്‍ സമഗ്രവികസനത്തിനും ആരോഗ്യരക്ഷക്കുമായി കനത്തസംഭാവനകള്‍ നല്‍കി; ആ പാരമ്പര്യം ഇന്നും തുടരുകയും ചെയ്യുന്നു. ജോണ്‍ റോക്ക്ഫെല്ലര്‍ പുതിയൊരു മനുഷ്യനായി; മനസ്സിലെ ദാരിദ്ര്യം മാറി, എല്ലാ നഷ്ടങ്ങളും നിസംഗതയോടെ സാത്വികതോടെ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു. യു എസ് സുപ്രീംകോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം തോറ്റപ്പോഴും ഒരു യോഗിയെപ്പോലെ അത് ഉള്‍ക്കൊള്ളാന്‍ ജോണിനു കഴിഞ്ഞു. 53-ാം വയസ്സില്‍ അകാല ചരമം ഉറപ്പായ അയാള്‍ പുതുജന്മം പ്രാപിച്ച് 98-ാം വയസ്സിലാണ് യഥാര്‍ത്ഥത്തില്‍ മരിച്ചത്.
ജീവിത സായാന്തനത്തില്‍ തന്‍റെ ജീവിതം വിലയിരുത്തിക്കൊണ്ട് ജോണ്‍ ഇങ്ങനെ കുറിച്ചുവച്ചു; അദ്ധ്വാനിക്കാനും ആസ്വദിക്കാനും ഞാന്‍ പഠിച്ചു. എന്‍റെ ജീവിതം സുദീര്‍ഘവും സന്തോഷകരവുമായ ഒരു അവധിക്കാലം ആയിരുന്നു, അത് കര്‍മ്മമുഖരിതവും ആസ്വാദ്യകരവും ആയിരുന്നു. എന്‍റെ ആകുലതകളും ആധികളും ഞാന്‍ വഴിയില്‍ ഉപേക്ഷിച്ചു, ഓരോ ദിവസവും ദൈവകരങ്ങളില്‍ ഞാന്‍ സുരക്ഷിതനും ആയിരുന്നു. ഈ തിരിച്ചറിവിലേക്കുയരാന്‍ ചിലരൊക്കെ വളരെ വൈകിപ്പോകുന്നു. ഒരിക്കലും പിടി തരാത്ത സാങ്കല്പ്പിക ശത്രുക്കളുമായി യുദ്ധം ചെയ്ത് ജീവിതം കലാപഭൂമിയാക്കുകയാണ് പലരും. ഈ ഭൂമിയില്‍ നമൂക്ക് ശത്രുക്കളേയില്ല, പരാജയങ്ങളും ഇല്ല.
ആധുനിക സംസ്ക്കാരം എന്ന സാര്‍വ്വത്രികമായ പകര്‍ച്ചവ്യാധി മനുഷ്യരാശിയെ കവര്‍ന്നെടുത്തതിന് ശേഷം നമ്മുടെ ശരികളും മുന്‍ഗണനാക്രമങ്ങളും ഏറെ മാറിയിട്ടുണ്ട്. ഞാന്‍ ജീവിച്ചിരുന്നു എന്നതിന് തെളിവ് ബാക്കിവെച്ചുപോകാന്‍ മിക്കവര്‍ക്കും വ്യഗ്രതയുണ്ട്. നമ്മള്‍ ജീവിച്ചു എന്നതിന് തെളിവ് ആരും ആവശ്യപ്പെടുന്നില്ല, അനന്തമായ ഭാവി മന്വന്തരങ്ങള്‍ പോലും. അതുകൊണ്ട് ജീവിതം എന്നത് ആനായസകരമായ ഒരു കളി ആയിത്തീരാന്‍ കഴിയും; അനന്തമായ വര്‍ത്തമാനകാലം നിത്യമായ ലക്ഷ്യസ്ഥാനവും. ഹാംലെറ്റ് എന്ന ഗംഭീരമായ ദുരന്തനാടകത്തില്‍ ഒരു കഥാപാത്രം പറയുന്നു: മഹാനായ സാമ്രാട്ട് സീസര്‍ ഒരു പിടി മണ്ണായി മാറിയിരിക്കുന്നു, ശിശിരക്കാറ്റ് അടിച്ചുകയറാതെ ഭിത്തിയിലെ ഓട്ട അടക്കാന്‍ ഇന്ന് സീസര്‍ ഉപകരിക്കും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒമര്‍ഖയ്യാം ഒരു കുശവന്‍റെ പണിശാലയുടെ മുന്നിലൂടെ കടന്നുപോയപ്പോള്‍ ചവിട്ടിക്കുഴക്കപ്പെടുന്ന കളിമണ്ണില്‍ നിന്ന് പതുങ്ങിയ ഒരു നിലവിളികേട്ടു: പതുക്കെ സഹോദരാ, പതുക്കെ, പതുക്കെ.
സ്മരണകളുടെ താജ്മഹല്‍ എന്നും ഉണ്ടാവില്ല, ഈ മായാവിനോദം അന്തസോടെ പൂര്‍ത്തിയാക്കി പൊടിതട്ടി, കൈകൊട്ടിക്കുടഞ്ഞ്, ഒന്ന് പിന്‍തിരിഞ്ഞുപോലും നോക്കാതെ, വിഭ്രമങ്ങള്‍ക്കപ്പുറത്ത്, പൂര്‍ണ്ണതയിലേക്ക് ഒഴുകി മറയുകയേ വേണ്ടൂ.