news-details
കവർ സ്റ്റോറി

(യൂറോപ്പിലെ ജിപ്സികള്‍ക്കിടയില്‍  പ്രചാരമുള്ള ഒരു കഥയാണ് ക്രിസ്തുവിനെ ക്രൂശിക്കാന്‍ ഉപയോഗിച്ച ആണികള്‍ ഒരു ജിപ്സിയാണ് ഉണ്ടാക്കിക്കൊടുത്തത് എന്ന്. ഈ കഥയെ ആസ്പദമാക്കി മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. ആനന്ദ് എഴുതിയ 'നാലാമത്തെ ആണി' എന്ന കഥയെ അവലംബിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.)

ഒന്നാം സ്ഥലം :
യേശുവിനെ ക്രൂശിക്കാനായി ആണികള്‍ ഉണ്ടാക്കാന്‍ റോമന്‍ പടയാളികള്‍ ഡോംബ എന്ന കരുവാന്‍റെ സഹായം തേടുന്നു.

മറിയയുടെ മകനായ മരപ്പണിക്കാരന്‍ യേശുവിനെ ക്രൂശിക്കാന്‍ ആണികള്‍ ഉണ്ടാക്കാന്‍ പടയാളികള്‍ ഒരു കരുവാനെ തേടിനടന്നു. ഡോംബ എന്നയാളെ ആ ദൗത്യം ഏല്‍പ്പിക്കുന്നു. തടവറ നിയമമനുസരിച്ച് ഒരുവനെ ക്രൂശിക്കുവാനായി ആണികള്‍ ഉണ്ടാക്കുന്നതിന് 80 കാശാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, റോമന്‍ പടയാളികള്‍ കരുവാനേ തേടി നടക്കുന്നതിനിടയില്‍ 40 കാശുകൊണ്ട് മദ്യപിച്ചു. ബാക്കി 40കാശു മാത്രമേ അവരുടെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ.  പടയാളികള്‍ അയാള്‍ക്ക് കൊടുത്ത കൂലിക്ക് മൂന്ന് ആണികള്‍ അയാള്‍ ഉണ്ടാക്കി കൊടുത്തു. നാലാമത്തെ ആണി ഉണ്ടാക്കുവാനുള്ള ഇരുമ്പ് ആലയിലെ  ഉലയില്‍ ഇട്ടു മൂത്തു പഴുത്തു വന്നപ്പോള്‍ ബാക്കി പണം ചോദിച്ചു. എന്നാല്‍ തങ്ങളുടെ കയ്യിലെ  പണം തികയാതെ വരും എന്ന് മനസ്സിലാക്കിയ പടയാളികള്‍ കരുവാനുണ്ടാക്കി കൊടുത്ത മൂന്നാണികളുമായി സ്ഥലം വിട്ടു. പടയാളികള്‍ പോയി എന്ന് ഉറപ്പുവരുത്തിയിട്ട് ഡോംബ എന്ന കരുവാന്‍ ഉലയില്‍ തീയൊഴിച്ച് കനല്‍ കെടുത്തി. കൂടാരത്തിനു പുറത്ത് എന്തൊക്കെയോ ആലോചിച്ചുകൊണ്ട് നടന്ന ശേഷം തന്‍റെ ആലയായ കൂടാരത്തിലേക്ക് മടങ്ങിയെത്തിയ ഡോംബ  കണ്ടത് ഉലയില്‍ തീ കത്തുന്നതാണ്. ഇനിയും തീ കത്തിതീര്‍ന്നില്ലേ  എന്ന് ചിന്തിച്ച് വീണ്ടും വെള്ളം തളിക്കാന്‍ ഒരുങ്ങിയപ്പോഴാണ് അയാള്‍ അത് കണ്ടത്, ഉലയില്‍ ജ്വലിച്ചുകൊണ്ടിരുന്നത് നാലാമത്തെ ആണി പണിയാന്‍ ഇട്ട ഇരുമ്പ് കഷണം ആയിരുന്നു. അയാള്‍ അത് എടുത്ത് ആലയ്ക്ക് പുറത്ത് മണലില്‍ ഇട്ടശേഷം ഒരു കുടം വെള്ളം അതിന്മേല്‍  ഒഴിച്ചു.  വെള്ളം നീരാവിയായി പോയതല്ലാതെ ഇരുമ്പിന്‍കഷണത്തിലെ ചുവന്ന പ്രകാശം അണഞ്ഞില്ല. മണലില്‍ കിടന്ന് അത് കൂടുതല്‍ ജ്വലിച്ചു. ആകാശത്തുനിന്ന് വീണ ഉല്‍ക്കപോലെ ആ പ്രദേശത്തെ ആകെ ആ ഇരുമ്പ് കഷണം പ്രകാശമാനമാക്കി.

രണ്ടാം സ്ഥലം:
ഡോംബ തന്‍റെ പലായനം  തുടങ്ങുന്നു.
ഡോംബ ഭയന്നുവിറച്ചു. അയാള്‍ തന്‍റെ കൂടാര മഴിച്ച് കഴുതയുടെ പുറത്തു വച്ചുകെട്ടി അകലെ ഒരിടം നോക്കി നടന്നു. ഒടുവില്‍ ഒരിടത്ത് കൂടാര മടിച്ച് സാധനങ്ങള്‍ അകത്തുവെച്ച് തിരിച്ചു വന്നപ്പോള്‍, അതാ വീണ്ടും തന്‍റെ കൂടാരത്തിനു മുമ്പില്‍ അവന്‍ ഉപേക്ഷിച്ചു പോന്ന ആ ഇരുമ്പിന്‍ കഷണം കിടന്ന് തിളങ്ങുന്നു. മരുഭൂമിയുടെ അങ്ങേയറ്റംവരെ കേള്‍ക്കുമാറ്  അവന്‍ ഉറക്കെ നിലവിളിച്ചു. അവന്‍റെ നിലവിളി മരുഭൂമിയുടെ നാലതിരുകളില്‍ ചെന്ന് പ്രതിധ്വനിച്ചു .

പിറ്റേന്ന് ഒരു അറബി തന്‍റെ ഗ്രാമത്തിനടുത്ത് ഒരു കരുവാന്‍ തമ്പടിച്ചതറിഞ്ഞു, മുറിഞ്ഞുപോയ തന്‍റെ വണ്ടിച്ചക്രം  വിളക്കി ചേര്‍ക്കാന്‍ കൊണ്ടു വന്നു. ഡോംബേ വെളിയില്‍ കിടന്ന് ജ്വലിക്കുന്ന ഇരുമ്പ് കഷണം എടുത്ത് അത് വിളക്കി ചേര്‍ത്തു.  ഇരുമ്പ് കഷ്ണം തീര്‍ന്നല്ലോ എന്ന് ആശ്വസിച്ചു. അറബി കൊടുത്ത കാശും മേടിച്ച് ഡോംബ തന്‍റെ കൂടാരത്തിലേക്ക് കയറിപ്പോയി. വൈകുന്നേരം ഗ്രാമത്തില്‍ പോയി അല്പം വീഞ്ഞ് കുടിച്ച് ഉന്മത്തനായി, കഴുതയ്ക്കുള്ള പുല്ലും വാങ്ങി മടങ്ങിയെത്തിയപ്പോള്‍ കൂടാരത്തിനു വെളിയില്‍ ജ്വലിക്കുന്ന ഇരുമ്പ് കഷണം വീണ്ടും.

അര്‍ദ്ധരാത്രിയില്‍ ഡോംബ തന്‍റെ കൂടാരമഴിച്ചു. അവന്‍  വിവിധ രാജ്യങ്ങളില്‍ പലായനം ചെയ്തു. ചെന്നിടത്തൊക്കെ കൂടാരം കെട്ടി. അവിടെയെല്ലാം കൂടാരത്തിന് വെളിയില്‍ ഒരു കാവല്‍നായയെ പോലെ  ജ്വലിക്കുന്ന ഇരുമ്പിന്‍ കഷണം അയാളെ പിന്തുടര്‍ന്നു. ചെന്നിടത്തൊക്കെ അവന്‍ ഉലയില്‍ ചക്രങ്ങളും, വാളുകളും, കുന്തങ്ങളും, തോക്കുകളും, പീഡനയന്ത്രങ്ങളും നഗരവാസികള്‍ക്ക് ഉണ്ടാക്കിക്കൊടുത്തു. എല്ലായിടത്തും നാലാമത്തെ ആണിയുടെ ഇരുമ്പ് അവനെ പിന്തുടര്‍ന്നു ഒരിടത്തും വാസമുറപ്പിക്കാന്‍ അനുവദിക്കാതെ, ഒരിക്കലും ശാന്തി നല്‍കാതെ...

മൂന്നാം സ്ഥലം:
യേശു ഡോംബയെ തേടി യാത്ര പുറപ്പെടുന്നു.
ഇതേസമയം മറ്റൊരു ഗ്രാമത്തില്‍ കൈകളില്‍ ആണിപ്പഴുതുകളുള്ള യേശു എന്ന യുവാവ്, തന്നെ ആരും തിരിച്ചറിയാത്തതിലുള്ള വിഷമം കാരണം, തന്നെ ക്രൂശിക്കാനായി ആണികള്‍ ഉണ്ടാക്കിയ ഡോംബയെ തേടി പുറപ്പെട്ടു. അരിമത്യക്കാരന്‍ ജോസഫിന്‍റെ വീട്ടില്‍ ഒരുനാള്‍ അന്തിയുറങ്ങി. പുലര്‍ച്ചെ യാത്ര പുറപ്പെട്ടു. എങ്ങോട്ടാണ് യാത്ര എന്ന് ചോദിച്ചപ്പോള്‍, എന്‍റെ ശിഷ്യന്മാര്‍ ഇന്ന് എന്നെ കുരിശിലും  കല്ലറയിലും മാത്രം കാണു വാന്‍ ആഗ്രഹിക്കുന്നവരാണ്, എന്‍റെ അതിദാരുണമായ പീഡാസഹനങ്ങളെ ധ്യാനിക്കാനാണ് അവര്‍ക്ക് ഇന്നും ഇഷ്ടം, താമസിയാതെ അവര്‍ എന്നെ ക്രൂശിപ്പാന്‍ ആണികള്‍ ഉണ്ടാക്കിയ കരുവാനെയും വേട്ടയാടുവാന്‍ തുടങ്ങും, ഞാന്‍ ആ വേട്ടയുടെ കൂടെയല്ല, എനിക്ക് അവനെ കണ്ടുപിടിക്കണം എന്നു പറഞ്ഞ് ഇറങ്ങി നടന്നു.

അതേസമയം  യേശു ഉപേക്ഷിച്ചു പോന്ന പാലസ്തീനായി അവന്‍റെ ശിഷ്യന്മാരും ഉപേക്ഷിച്ചു. അവര്‍ മീനിനെ പിടിക്കുന്നത് നിര്‍ത്തി മനുഷ്യനെ പിടിക്കുവാനും, ചുങ്കം പിരിക്കുന്നത് നിര്‍ത്തി ദശാംശം പിരിക്കുവാനും തുടങ്ങി. പാറപോലെ കട്ടിയുള്ളതും കോട്ടപോലെ കരുത്തുള്ളതുമായ ഒരു സഭ അവര്‍ ഉണ്ടാക്കി. ഒരു വിശുദ്ധ റോമാസാ മ്രാജ്യം അവര്‍ കെട്ടിപ്പൊക്കി. യേശു നിനച്ചതു പോലെ തന്നെ അവര്‍ യേശുവിനെ കൊല്ലാന്‍ ആണികള്‍ ഉണ്ടാക്കിയവനെ തിരഞ്ഞെടുത്തു വകവരുത്തി. വിജാതീയരുടെ ഗ്രാമങ്ങളില്‍ കയറി അവരെ കൂട്ടം തെറ്റിച്ചു വിട്ടു. കൂട്ടംതെറ്റിപ്പായുന്ന വരെ ഒളിച്ചിരുന്ന് വേട്ടയാടി. കുന്തത്തിന്മേല്‍ കോര്‍ത്തു. തൂണിന്മേല്‍ കെട്ടി കത്തിച്ചു.

നാലാം സ്ഥലം:
യേശുവും ഡോംബയും കണ്ടുമുട്ടുന്നു .
നാടോടിയായ ഡോംബെയും മറിയയുടെ മകനും ആശാരിയുമായ യേശുവും തമ്മില്‍ കണ്ടുമുട്ടി. ഡോംബ യേശുവിന്‍റെ നേരെ നോക്കി. അവന്‍ ചോദിച്ചു, 'നീ ആരാണ്?'   അതിന് ഉത്തര മായി, യേശു ഒരു മറുചോദ്യമാണ് ചോദിച്ചത് 'നീ ആരാണ്?'

നീ കാച്ചിയ ഇരുമ്പ് ഇന്നും നിന്നെ ഓടിക്കുകയാണ്.  ഞാന്‍ ഉണ്ടാക്കിയ കുരിശു സ്വയം ചുമക്കുകയും ചെയ്യുന്നു. നിന്‍റെ ഓട്ടവും എന്‍റെ നടത്തവും സമീകരിക്കപ്പെടുന്നു. അവനെ നോക്കിയപ്പോള്‍ ഡോംബെയ്ക്ക് തോന്നി, താന്‍ ഒരു നാഴിക താണ്ടിയപ്പോള്‍ അവന്‍ രണ്ടു നാഴിക താണ്ടിയിരിക്കുന്നു എന്ന്.

ഞാന്‍ മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണ്. അത് അറിയണമെങ്കില്‍, മീന്‍ പിടുത്തക്കാരെക്കാള്‍ വലുതാണ് മീനുകള്‍ എന്ന് തിരിച്ചറിയണം. കടലില്‍ വീശുന്ന വലകളേക്കാള്‍ വലുതാണ് കടല്‍ എന്നും. ഉഴവുകാരന് കളകള്‍ ആകുന്നത് ഭൂമിക്ക് കളയല്ല എന്നും ഓരോ വിതക്കാരനും അറിയണം. അവന്‍റെ വിള മാത്രമല്ല ദൈവത്തിന്‍റെ വിള എന്നും തിരിച്ചറിയണം.

അനന്തരം യേശു തന്‍റെ കുരിശെടുത്ത് ചുട്ടു പഴുത്ത ഇരുമ്പിന്‍ കഷ്ണത്തിലേക്ക് ഇട്ടു. കുരിശു മെല്ലെ കത്തിയമര്‍ന്നു. ചാരത്തിനിടയില്‍ നിന്ന് ചുവന്ന നിറം കൈവെടിഞ്ഞ ഇരുമ്പ് കഷ്ണത്തെ ഒരു കൊടില്‍കൊണ്ട് പുറത്തെടുത്തിട്ടു. മണ്ണില്‍ വീണതും അത് തണുക്കുകയും ഇരുളുകയും ചെയ്തു. അപ്പോള്‍ നാലാമത്തെ ആണിയുടെ രോഷം അടങ്ങി. ഒരു വേള ഭൂമിയില്‍ എങ്ങും അന്ധകാരം പരന്നു. എന്നാല്‍ പെട്ടെന്ന് ഭൂമിയാകെ ക്രിസ്തുവെന്ന അസ്തമിക്കാത്ത സൂര്യന്‍റെ പ്രകാശംകൊണ്ട് നിറഞ്ഞു.

സമാപനം: ഇതുവരെ പലായനം ആയിരുന്നു. ഇനിയത് യാത്രയാണ്. നമ്മള്‍ യാത്രികരും. നടക്കുന്നവന്‍ ഭാഗ്യവാനാണ്. വഴികള്‍ അവനുള്ളതാണ്. നടക്കുന്നവനെ വഴിയുള്ളൂ. പ്രഭാതത്തില്‍ വഴി യാത്രികര്‍ ദൂരെ ഉഴുതു നിരപ്പാക്കിയ  വയലുകളില്‍ വിത്തുകള്‍ മുളപൊട്ടി  മണ്ണിനെ പിളര്‍ക്കുന്നതിന്‍റെ മര്‍മ്മരംകേള്‍ക്കും. ഉഴവുകാര്‍ വിതച്ചതും അവര്‍ വിതക്കാത്തതുമായ വിത്തുകള്‍. ഈസ്റ്റര്‍ ലില്ലി പോലെ. മണ്ണില്‍ ഉറങ്ങിക്കിടന്ന വിത്തുകള്‍ മുള പൊട്ടി മഹാവൃക്ഷമായി. കിളികള്‍ അവയില്‍ ചേക്കേറിയിരുന്നു. വഴിയാത്രികര്‍  അതിനു താഴെ യിരുന്ന് അപ്പം മുറിച്ച് പരസ്പരം പങ്കുവെച്ച് കഴിച്ചു ക്ഷീണം അകറ്റി. സന്തോഷത്തോടെ യാത്ര തുടരുന്നു.

You can share this post!

മകന്‍റെ ദൈവശാസ്ത്രം

ജോസ് സുരേഷ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts