ആഴ്ചയുടെ ഒന്നാംദിവസത്തില്‍ യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന് സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സൃഷ്ടികര്‍മ്മത്തില്‍ ഒന്നാം ദിവസം ദൈവം പ്രകാശത്തെ സൃഷ്ടിച്ചു. അതൊരു തുടക്കമായിരുന്നു. യേശുവിന്‍റെ ഉത്ഥാനത്തോടെ പുതിയ സൃഷ്ടി ആരംഭിക്കുന്നു. ദൈവവുമായി ബന്ധപ്പെടുത്തി പറയുമ്പോഴൊക്കെ പ്രകാശത്തെക്കുറിച്ചു പറയുന്നു. നാല്പതു വര്‍ഷക്കാലം ദീപസ്തംഭമായി ഇസ്രായേല്‍ മക്കള്‍ക്കൊപ്പം നടന്ന ദൈവത്തെ ബൈബിള്‍ നമ്മുടെ മുന്‍പില്‍ കാണിച്ചുതരുന്നു. 34-ാം സങ്കീര്‍ത്തനം അഞ്ചാം വാക്യത്തില്‍ അവനെ നോക്കിയവരൊക്കെ പ്രകാശിതരായി എന്നെഴുതിയിരിക്കുന്നു. പ്രകാശമായ ദൈവം പിറന്നപ്പോള്‍ പ്രകാശത്തിന്‍റെ നക്ഷത്രം പിറന്നു. പ്രകാശമായവന്‍ കുരിശില്‍ മരിച്ചപ്പോള്‍ പ്രകാശത്തിന്‍റെ സൂര്യന്‍ അസ്തമിച്ചു. യോഹന്നാന്‍ 8/12ല്‍ ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന് യേശു പറയുന്നു. മത്തായി 5/ 13-14 വാക്യങ്ങളില്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായി ജീവിക്കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. ഉത്ഥിതന്‍റെ പുതിയ പ്രകാശം ഒരു പുതിയ ആകാശവും ഭൂമിയും നമുക്കായി സൃഷ്ടിക്കുന്നു. പ്രകാശമായ ക്രിസ്തു ഒരു പുതിയ പ്രകാശത്തില്‍ ജീവിക്കാന്‍ മനുഷ്യവംശത്തെ ക്ഷണിക്കുന്നു. അവന്‍റെ ഉത്ഥാനത്തോടുകൂടി ഇരുട്ടിന്‍റെ ലോകം അവസാനിക്കുന്നു. ഒരു പുതിയ പുലരിയുടെ പ്രഭ, ഉത്ഥാനം മാനവവംശത്തിനു നല്‍കുന്നു.
ഉത്ഥാനത്തിന്‍റെ ചുറ്റുപാടില്‍ രണ്ടുതരം ഓട്ടങ്ങള്‍ നാം കാണുന്നുണ്ട്. ആദ്യത്തെ ഓട്ടം മഗ്ദലനാമറിയത്തിന്‍റെ ഓട്ടമാണ്. കല്ലറയില്‍ കര്‍ത്താവിന്‍റെ ശരീരം കാണാതിരുന്നപ്പോള്‍ അവള്‍ ഓടി. അവ്യക്തതയുടെയും അവിശ്വാസത്തിന്‍റെയും ഓട്ടമാണത്. ഒന്നും വ്യക്തമല്ല. മനസ്സ് അസ്വസ്ഥമാണ്. ക്രിസ്തീയജീവിതത്തില്‍ വ്യക്തതയില്ലാതെ ഓടുന്നവരുണ്ട്. ഉറപ്പൊന്നുമില്ല. മനസ്സുനിറയെ അങ്കലാപ്പാണ്, അസ്വസ്ഥതയാണ്. ഭയത്തോടെയുള്ള ഈ ഓട്ടത്തിനിടയില്‍ ഉത്ഥിതന്‍ കടന്നുവരും. നമ്മെ പേരുചൊല്ലി വിളിച്ച് ശക്തിപ്പെടുത്തും. ഒന്നും വ്യക്തമല്ലെങ്കിലും ഉള്ളില്‍ കള്ളമില്ലാതെ വിശ്വാസയാത്ര തുടരുക. രണ്ടാമത്തെ ഓട്ടം വിശ്വാസത്തിന്‍റെ ഓട്ടമാണ്. പത്രോസും യോഹന്നാനും ഓടിയ ഓട്ടമാണത്. വിശ്വാസത്തിന്‍റെ ഓട്ടം ഓടുന്നവന് വലിയ അത്ഭുതങ്ങളും അടയാളങ്ങളും ഒന്നും വേണ്ട. എത്ര ചെറിയ കാര്യത്തിലും അവര്‍ ദൈവത്തിന്‍റെ ഇടപെടല്‍ കാണും. ചുരുട്ടി വച്ച കച്ചയിലും മടക്കിവെച്ച അങ്കിയിലും അവര്‍ ഉത്ഥിതനെ കാണും. യഥാര്‍ത്ഥ വിശ്വാസിക്ക് വലിയ ശാസ്ത്രീയ തെളിവുകളൊന്നും വേണ്ട. അവര്‍ ചെറിയ മനുഷ്യരിലും ചെറിയ സംഭവങ്ങളിലും ഉത്ഥിതനെ കാണും. ഒരു ചെറിയ തൂവാലയില്‍ ക്രിസ്തുവിന്‍റെ മുഖം വെറോനിക്കാ കണ്ടു. ചെറിയ മനുഷ്യരില്‍ ഉത്ഥിതന്‍റെ മുഖം മദര്‍ തെരേസ കണ്ടു. ചെറിയവരില്‍ ഉത്ഥിതനെ കാണുവാന്‍ വിശ്വാസത്തിന്‍റെ ഓട്ടം നാം ഓടണം. നമ്മള്‍ ഓടുന്നത് ഭയത്തിന്‍റെ ഓട്ടമാണോ അതോ വിശ്വാസത്തിന്‍റെ ഓട്ടമാണോ?
ഇരുട്ടും ശവകുടീരവുമെല്ലാം അവിശ്വാസത്തിന്‍റെ മണ്ഡലങ്ങളെ സൂചിപ്പിക്കുന്നു. രണ്ടിലും വ്യക്തതയില്ല. ജീവനില്ലാത്ത അവസ്ഥയെയാണ് കല്ലറയും ഇരുട്ടും സൂചിപ്പിക്കുന്നത്. പക്ഷേ അവിടെ സ്നേഹത്തിനു ജീവന്‍വച്ചു. ക്രൈസ്തവജീവിതത്തില്‍ ഒന്നും വ്യക്തമല്ലാത്ത അവസ്ഥ നമുക്കുണ്ടാകാം. ചുറ്റുപാടും ഇരുട്ടു വ്യാപിക്കുന്ന പ്രതീതി. അവിടെ നമ്മള്‍ അസ്വസ്ഥരാകരുത്. ശൂന്യതയില്‍ നിന്നാണ് ദൈവം ലോകത്തെ സൃഷ്ടിച്ചത്. എന്‍റെ ജീവിതത്തിന്‍റെ ശൂന്യതയില്‍ ദൈവത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. പരസ്യജീവിതത്തില്‍ യേശുവിന്‍റെ സാന്നിധ്യം യഹൂദരെ ഭയപ്പെടുത്തി. ശൂന്യമായ കല്ലറ അവന്‍റെ അസാന്നിദ്ധ്യം കാണിച്ചു. ആ അസാന്നിധ്യത്തില്‍ ഇപ്പോള്‍ അവര്‍ ഭയചകിതരായി. അവന്‍ ഇവിടെയുണ്ടോ എന്നു സംശയിക്കുമ്പോള്‍ 'നിങ്ങള്‍ക്കു സമാധാനം' എന്നു പറഞ്ഞുകൊണ്ട് അവന്‍ കടന്നുവരും. 'അവന്‍ ഇവിടെയില്ല' എന്നു പറയുന്നവരുടെ മധ്യത്തില്‍ അവന്‍ കടന്നുവരും. ജീവിതത്തിന്‍റെ ഇരുളടഞ്ഞ ഇടനാഴികളില്‍ തളരാതെ മുന്നേറുക. ചൂടില്‍ തളരുമ്പോള്‍ കുളിര്‍ക്കാറ്റായി ഉത്ഥിതന്‍ കടന്നുവരും. മനസ്സു പിടയുമ്പോള്‍ 'ശാന്തമാവുക' എന്നു പറഞ്ഞ് അവന്‍ കടന്നുവരും. വിങ്ങിപ്പൊട്ടി കരയുമ്പോള്‍ 'കരയരുത്' എന്നു പറഞ്ഞ് ഉത്ഥിതന്‍ കടന്നുവരും. അനാഥനാണെന്നു കരുതുമ്പോള്‍ 'ഞാന്‍ നിന്നെ അനാഥനായി വിടുകയില്ല' എന്ന ശബ്ദം കേള്‍ക്കാം. ഇരുട്ടിലും കല്ലറയിലും സാന്ത്വനത്തിന്‍റെ ശബ്ദമായി ഉത്ഥിതന്‍ കടന്നുവരും.
എന്‍റെ തെറ്റായ വഴികള്‍ തിരുത്തുവാനാണ് ഉത്ഥിതന്‍ കടന്നുവരുന്നത്. ലൂക്കാ 24ല്‍ എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാര്‍ ദിശ മാറി യാത്രചെയ്തവരാണ്. തങ്ങള്‍ എമ്മാവൂസിലേക്കു പോകേണ്ടവരല്ല എന്ന തിരിച്ചറിവ് ഉത്ഥിതന്‍റെ സാന്നിധ്യത്തില്‍ അവര്‍ക്കു ലഭിച്ചു. ഇപ്പോള്‍ പോകുന്ന വഴി ശരിയല്ലെന്നും തങ്ങള്‍ ജറൂസലേമില്‍ താമസിക്കേണ്ടവരാണെന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ അവര്‍ക്കു ലഭിച്ചു. മനുഷ്യന്‍റെ തെറ്റായ വഴികളെ തിരുത്തുവാന്‍ ഉയിര്‍ത്തെഴുന്നേറ്റ യേശു കടന്നുവരുന്നു. ഡമാസ്കസിന്‍റെ വഴിയില്‍ ഈ തിരിച്ചറിവ് സാവൂളിന് ലഭിച്ചു. സ്പൊളേറ്റോയില്‍ ഈ തിരിച്ചറിവ് ഫ്രാന്‍സിസ് അസ്സീസിക്ക് ലഭിച്ചു. മിലിട്ടറി ആശുപത്രിയില്‍ കാലു തകര്‍ന്നു കിടന്ന ഇഗ്നേഷ്യസ് ലെയോളായ്ക്ക് ഈ തിരിച്ചറിവ് ലഭിച്ചു. യേശുവിനെ ജീവിതത്തിന്‍റെ കേന്ദ്രഭാഗത്തു സ്ഥാപിക്കുന്നവര്‍ ഉത്ഥിതനോടൊത്ത് യാത്ര ചെയ്യും. ഏതു വഴിയിലാണ് ഇന്നു നമ്മള്‍ യാത്ര ചെയ്യുന്നത്. ദിശ തെറ്റിയെങ്കില്‍ തിരിച്ചു നടക്കാന്‍ ഉത്ഥിതന്‍ ക്ഷണിക്കുന്നു. ദിശ മാറിയാണ് എറിഞ്ഞതെങ്കില്‍ വലതുവശത്തേക്ക് മാറ്റി എറിയുവാന്‍ അവന്‍ വിളിക്കുന്നു.
യേശുവിനെ ബന്ധിച്ചപ്പോള്‍ ശിഷ്യഗണം ചിതറിപ്പോയി. ഇടയനെ അടിക്കുമ്പോള്‍ ചിതറുവാന്‍ തയ്യാറായി നിന്ന ശിഷ്യഗണത്തെയാണ് നാം കാണുന്നത്. അവന്‍റെ അറസ്റ്റില്‍ ചിതറിപ്പോയവര്‍ അവന്‍റെ ഉത്ഥാനത്തോടുകൂടി ഒന്നിച്ചുചേര്‍ന്നു. ഉത്ഥിതന്‍ വന്നപ്പോഴെല്ലാം ശിഷ്യസമൂഹം ഒന്നിച്ചുകൂടി. ചിതറിയവരെല്ലാം ഉത്ഥിതന്‍റെ സാന്നിധ്യത്തില്‍ ഒന്നിച്ചു കൂടും. ചിതറിപ്പോയ കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടും. ശത്രുതയും വിദ്വേഷവുമെല്ലാം മറഞ്ഞുപോകും. ഏക ഇടയനും ഒരാട്ടിന്‍കൂട്ടവുമെന്ന നിലയിലേക്ക് മനുഷ്യരെല്ലാവരും വളരും. സ്നേഹത്തിലും ഐക്യത്തിലും ജീവിച്ച് ഉത്ഥിതന് സാക്ഷ്യം വഹിക്കാം. ഉത്ഥാനത്തിന്‍റെ സന്തോഷം നമ്മുടെ ജീവിതം വഴി ലോകമെങ്ങും പ്രഘോഷിക്കാം.