news-details
അക്ഷരം

ചരിത്രത്തിന്‍റെ മുറിവുകള്‍

രേഖപ്പെടുത്തിയ ചരിത്രത്തില്‍ ഉള്‍പ്പെടാത്ത അനേകം നിലവിളികളും നെടുവീര്‍പ്പുകളുമുണ്ട്. ചരിത്രം പലപ്പോഴും പറയുന്നത് 'അവന്‍റെ'  കഥയാണ്, 'അവളുടേതല്ല.' നിശ്ശബ്ദമാക്കപ്പെട്ടവരുടെ ചരിത്രം അടിയൊഴുക്കായി കാലത്തിലൂടെ പ്രവഹിക്കുന്നുണ്ട്. ചിലര്‍ അതു കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. സ്വെറ്റ്ലാന അലക്സ്മില്ലിന്‍റെ രചനകള്‍ അത്തരത്തിലൊരു സമാന്തര ചരിത്രരചനയാണ് സാദ്ധ്യമാക്കുന്നത്. സുധാമേനോന്‍ എഴുതിയ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍' എന്ന ഗ്രന്ഥം ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും നേപ്പാളിലും ഇന്ത്യയിലും ജീവിച്ച ചില സ്ത്രീകളിലൂടെ ചരിത്രത്തെ  നോക്കിക്കാണാന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരി. യുദ്ധവും കലാപങ്ങളും സൃഷ്ടിക്കുന്ന മുറിവുകള്‍ എത്ര ആഴത്തിലുള്ളതാണെന്ന് നാം മനസ്സിലാക്കുന്നു. ഇരകള്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അവരുടെ നിലവിളികള്‍ സമ്പ്രദായികചരിത്രത്തിന്‍റെ ഭാഗമല്ല. അദൃശ്യമായ ഈ മുറിവുകളിലേക്കാണ് സുധാമേനോന്‍ സഞ്ചരിക്കുന്നത്.

"നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെയും നമ്മള്‍ ഇടപെടുന്ന രാഷ്ട്രീയത്തിന്‍റെയും നമ്മള്‍ പിന്‍പറ്റുന്ന മഹത്തായ സംസ്കാരത്തിന്‍റെയും ജീര്‍ണസത്തകളിലേക്കുള്ള ശ്രദ്ധക്ഷണിക്കല്‍ കൂടിയാണിത്" എന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നു. ഈ ആറു സ്ത്രീകളുടെ അനുഭവസാക്ഷ്യത്തിലൂടെ സംസ്കൃതികളുടെയും ചരിത്രങ്ങളുടെയും വേദനിപ്പിക്കുന്ന കണ്ണാടിക്കാഴ്ചയാണ് എന്നുകൂടി  സുധാമേനോന്‍ പറയുന്നുണ്ട്.

ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഇരകളുടെ ഓര്‍മ്മപ്പുസ്തകമാണിത്. ദുരന്തങ്ങള്‍ നീന്തിക്കയറുന്ന ഒരു പറ്റം നിസ്സഹായജന്മങ്ങളുടെ തീക്ഷ്ണാനുഭവങ്ങള്‍. എല്ലാ തരത്തിലുള്ള വിഭജനങ്ങളും ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കുന്നു. അത് ചരിത്രത്തില്‍ കടന്നുവരുന്നില്ല.

ശ്രീലങ്കയിലെ ജീവലതയുടെ അനുഭവങ്ങളില്‍ നിന്നാണ് സുധാമേനോന്‍ യാത്ര ആരംഭിക്കുന്നത്. ചരിത്രത്തില്‍ ഒരിക്കലും രേഖപ്പെടുത്താത്ത ഒട്ടനവധി മുറിവുകളാണ് വംശഹത്യകളും യുദ്ധങ്ങളും ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കാന്‍ 'ജീവലത'യെ അറിഞ്ഞാല്‍ മതിയെന്നാണ് ചരിത്രകാരി രേഖപ്പെടുത്തുന്നത്. എല്‍ റ്റി റ്റി ഇ യും ശ്രീലങ്കന്‍ ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു മധ്യേ ജീവലത നീന്തിക്കയറിയത് ദുരിതക്കടലാണ്. സാധാരണ മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്ത ദുരിതപെയ്ത്താണ് അവള്‍ അതിജീവിച്ചത്. "മനുഷ്യന്‍റെ മനസ്സും ആത്മാവും ശരീരവും കുടുംബവും ദേശവും രാഷ്ട്രീയബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്നു. അത്രമേല്‍ സ്ഫോടനാത്മകമാണ് വംശീയകലാപം" എന്ന് നാമറിയുന്നു. ശ്രീലങ്കയുടെ യുദ്ധചരിത്രത്തിന്‍റെ ഗതിവിഗതികള്‍ ജീവയുടെ സഹനജീവിതത്തിന്‍റെ നാള്‍വഴികള്‍ കൂടിയാണ്. "യുദ്ധം നേരില്‍ കണ്ട മനുഷ്യരുടെ നിശ്ശബ്ദതയ്ക്ക് ഒരായിരം അര്‍ത്ഥമുണ്ട്. അവരുടെ നീണ്ട മൗനംപോലും നമ്മോടു സംവദിക്കും" എന്നതാണ് വാസ്തവം. ജീവയുടെ കണ്ണില്‍നിന്ന് കണ്ണീരിനു പകരം ചോരയൊഴുകുന്നു. "ഏറ്റവും സങ്കടം ഭൂതകാലം ഒറ്റയടിക്ക് ആരില്‍നിന്നും മാഞ്ഞുപോകുന്നില്ല എന്നുള്ളതാണ്. ഉണങ്ങിയ കളിമണ്ണുപോലെയാണ് യുദ്ധം ഉണ്ടാക്കുന്ന വേദനകള്‍. അത് നമ്മുടെ ഹൃദയത്തിനുള്ളില്‍ എന്നെന്നേയ്ക്കുമായി ഉറച്ചുപോകും" എന്ന് നാമറിയുന്നു. എഴുതപ്പെട്ട യുദ്ധചരിത്രങ്ങളിലൊന്നും ജീവലത കടന്നുവരുന്നില്ല. അവള്‍ വേദനയുടെ പ്രതീകമാണ്, അതിജീവനത്തിന്‍റെ ശക്തിയുമാണ്.

പാക്കിസ്ഥാനിലെ സൈറയിലൂടെ അവിടുത്തെ സ്ത്രീയുടെ ദുരിതജീവിതത്തിലേക്ക് ഗ്രന്ഥകാരി കടക്കുന്നു. രാഷ്ട്രീയവും മതവും പൗരോഹിത്യവും നടത്തുന്ന തേര്‍വാഴ്ചയില്‍ നിലംപതിക്കുന്ന സ്ത്രീജന്മങ്ങളുടെ ചരിത്രമാണത്. ഗോത്രനിയമങ്ങളുടെ വികൃതമായ ചട്ടക്കൂട്ടില്‍ തളച്ചിട്ട് നരകിപ്പിച്ച് കൊല്ലുന്ന ചരിത്രം. ഹിംസാത്മകമായ അധികാരവ്യവസ്ഥിതിയില്‍ നീതിവ്യവസ്ഥ സുരക്ഷിതമല്ല. സ്വന്തം മകള്‍ക്ക് വിദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കിയിട്ട് സ്വന്തം നാട്ടിലെ സാധാരണ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തില്‍നിന്ന് വിലക്കുന്ന ഇരട്ടത്താപ്പാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സ്ത്രീകളുടെ അനാദിയായ ദുഃഖമാണ് സൈറ ആവിഷ്കരിക്കുന്നത്. "ഒരു സ്ത്രീയും ഈ ഘടനയ്ക്ക് പുറത്തുകടക്കാത്ത വിധത്തില്‍ ഗോത്രനിയമംകൊണ്ട് അവരെ കെട്ടിവരിഞ്ഞിരിക്കുന്നു." അങ്ങനെ അവരുടെ ആകാശങ്ങള്‍ അപഹരിക്കപ്പെടുന്നു. നിസ്സഹായമായ പെണ്‍നോട്ടങ്ങള്‍ ചുട്ടുപൊള്ളിക്കുന്നുവെന്ന് ഗ്രന്ഥകാരി കുറിക്കുന്നു.

പാക്കിസ്ഥാന്‍റെ തുടര്‍ച്ചയാണ് അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ഭീകരമായി നാം കാണുന്നത്. "ഹൃദയശൂന്യമായ, ചരിത്രത്തിന്‍റെ നീതിപഥങ്ങളെ എവിടെയും സ്പര്‍ശിക്കാത്ത അനീതിയുടെ പടയോട്ടമായിരുന്നു ഒരു ദശകത്തോളം താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ മണ്ണില്‍ നടത്തിയത്."  

പര്‍വീന്‍ പറയുന്ന കഠിനമായ അനുഭവങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍റെ സ്ത്രീജീവിതം വാര്‍ന്നുവീഴുന്നു. "ലോകത്ത് എല്ലായിടത്തും ഇരയായ സ്ത്രീകള്‍ക്ക് ഒരേ ഭാഷയും ഒരേ സ്വരവുമാണ്" എന്ന് നാം തിരിച്ചറിയുന്നു. ദേശകാലങ്ങളില്ലാത്ത സത്യമാണത്. പര്‍വീന് സ്കൂള്‍ പ്രിയപ്പെട്ട ഇടമായിരുന്നു. ലോകത്തിലേക്കു തുറന്നുവച്ച കണ്ണാടി. ഇവിടെനിന്നാണ് അവള്‍ ആട്ടിയോടിക്കപ്പെട്ടത്. താലിബാന്‍റെ കീഴില്‍ മരിച്ചുജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് അവള്‍ പറയുന്നുണ്ട്.

ബംഗ്ലാദേശിലെ തുണിമില്ലുകളിലെ സ്ത്രീകളുടെ ജീവിതം ദയനീയമാണ്. "ജീവിതത്തെക്കുറിച്ച് പ്രതീക്ഷയോ, ജിജ്ഞാസയോ സ്വപ്നങ്ങളോ ഇല്ലാത്ത ഭാഷരഹിതമായ കണ്ണുകളാണ്" അവരുടേത്. ബംഗ്ലാദേശിലെ വിയര്‍പ്പുശാലകള്‍, ചേരികള്‍  മനുഷ്യജീവിതത്തിന്‍റെ ദുരന്തമുഖമാണ് കാണിച്ചുതരുന്നത്.

നേപ്പാളിലെ പ്രകൃതിദുരന്തത്തിനുശേഷമുള്ള മനുഷ്യജീവിതത്തിന്‍റെ പ്രതിസന്ധികളെക്കുറിച്ച് സുധാമേനോന്‍ എഴുതുന്നുണ്ട്. "യുദ്ധവും വംശഹത്യയും പോലെതന്നെയാണ് പ്രകൃതിദുരന്തങ്ങളും.  കൊടിയ ദുരിതങ്ങളും തീരാദുഃഖവും മാത്രമാണ് ദുരന്തങ്ങള്‍ സ്ത്രീകള്‍ക്ക് ബാക്കിവയ്ക്കുന്നത്." ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും നേര്‍സാക്ഷ്യങ്ങളാണ് ഗ്രന്ഥകാരി അവതരിപ്പിക്കുന്നത്. "ഞാന്‍ കാണുന്ന ഓരോ ജീവിതവും ഒരു യൂണിവേഴ്സിറ്റിയും പകര്‍ന്നുതരാത്ത പാഠങ്ങളാണല്ലോ ദൈവമേ പകര്‍ന്നുതരുന്നത് എന്നോര്‍ത്ത് നെഞ്ച് വിങ്ങി എന്നാണ് ഗ്രന്ഥകാരി എഴുതുന്നത്.

മരണഗന്ധമുള്ള പരുത്തിപ്പാടങ്ങള്‍ ഇന്ത്യയിലാണ്. തെലുങ്കാനയിലെ ഗ്രാമങ്ങളുടെ ദയനീയാവസ്ഥ ഗ്രന്ഥകാരി എടുത്തുകാണിക്കുന്നു. 'തിളങ്ങുന്ന നഗര ഇന്ത്യയും തേങ്ങുന്ന ഗ്രാമീണ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം' വലുതാണ്. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ ഇന്നത്തെ അവസ്ഥയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. "കോളനിവത്കരിക്കപ്പെട്ട പുറമ്പോക്കുകള്‍ എന്ന് ആരോ കര്‍ഷകവിധവകളെ വിശേഷിപ്പിച്ചത് അക്ഷരംപ്രതി ശരിയാണ്" എന്ന് ഗ്രന്ഥകാരി പറയുന്നു. രേവമ്മ അവരില്‍ ഒരാള്‍ മാത്രമാണ്.

'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍' അസാധാരണമായ അനുഭവങ്ങള്‍ കാണിച്ചുതരുന്ന ഗ്രന്ഥമാണ്. ചരിത്രത്തെ സ്ത്രീപക്ഷത്തുനിന്ന് കാണുകയാണ് സുധാമേനോന്‍. അദൃശ്യമാക്കിയ മുറിവുകള്‍ അവര്‍ തുറന്നിടുന്നു. അതുകണ്ട് നാം ഞെട്ടുന്നു, വേദനിക്കുന്നു. ഇതും ചരിത്രമാണ്. മുറിവുകളുടെ, വേദനകളുടെ, നിസ്സഹായതയുടെ ചരിത്രം. ഉള്ളുലയ്ക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങള്‍.


(ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍- സുധാമേനോന്‍, ഡി സി ബുക്സ്, കോട്ടയം)

You can share this post!

ഉറയൂരുമ്പോള്‍

ഡോ. റോയി തോമസ്
അടുത്ത രചന

ഇറങ്ങിപ്പോക്കുകള്‍

ഡോ. റോയി തോമസ്
Related Posts