news-details
ഇടിയും മിന്നലും

തൊണ്ടിമുതലും ദൃക്സാക്ഷിയും'

കാണാനാഗ്രഹിച്ചു ചെന്നയാള് ആറുമാസംമുമ്പ് മരിച്ചുപോയി എന്നറിഞ്ഞപ്പോള്‍ ശരിക്കും വിഷമം തോന്നി. ബന്ധമോ അടുപ്പമോ ഒന്നുമുള്ള ആളല്ലായിരുന്നെങ്കിലും വല്ലാത്തൊരു കുറ്റബോധം. കാണാനാഗ്രഹമുണ്ട്, ഒന്നു ചെല്ലാമോ എന്നുചോദിച്ച് സിസ്റ്ററിനെക്കൊണ്ടു പലപ്രാവശ്യം അയാള്‍ എന്നെ വിളിപ്പിച്ചതായിരുന്നു. മനപ്പൂര്‍വ്വം നീട്ടിവച്ചു. 
 
"പലപ്രാവശ്യം വിളിക്കുകയും അവിടെവന്നു പറയുകയും ചെയ്തിട്ടും അച്ചന്‍ ഒട്ടുംതാത്പര്യം കാണിക്കാതിരുന്നതുകൊണ്ടാണ് മരിച്ചപ്പോള്‍ അറിയിക്കാതിരുന്നത്." സിസ്റ്ററിന്‍റെ കുറ്റപ്പെടുത്തല്‍.
 
തീര്‍ത്തും നിര്‍ദ്ധനരായ വൃദ്ധര്‍ക്കുവേണ്ടിമാത്രം സിസ്റ്റേഴ്സ് നടത്തുന്ന ആ സ്ഥാപനത്തില്‍ രണ്ടുവര്‍ഷം മുമ്പ് ഒന്നു പോകേണ്ടിവന്നു. ആ സ്ഥാപനത്തിനുവേണ്ടി ഗള്‍ഫില്‍നിന്നും ഏല്‍പിച്ചിരുന്ന കുറെസാധനങ്ങള്‍ കൊടുക്കാന്‍വേണ്ടി പോയതായിരുന്നു. ചെല്ലുന്ന വിവരം നേരത്തെ അറിയിച്ചിരുന്നതുകൊണ്ട് അന്തേവാസികള്‍ക്കുവേണ്ടി കുര്‍ബ്ബാന ചൊല്ലാനുള്ള സൗകര്യവും സിസ്റ്റേഴ്സ് ഒരുക്കിയിരുന്നു. തിരിച്ചുപോന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സിസ്റ്ററു വിളിച്ചു, അവിടെയുള്ള ഒരാള്‍ക്ക് അത്യാവശ്യമായി എന്നോടു സംസാരിക്കണമെന്നു പറഞ്ഞ് ഫോണ്‍ അയാളുടെ കൈയ്യില്‍ കൊടുത്തു. എന്നോടു കുറെ കാര്യങ്ങള്‍ സംസാരിക്കാനുണ്ട്, അവിടെവരെ ചെല്ലാമോ എന്നയാള്‍ ചോദിച്ചു. ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍പോരേ  എന്നുചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍പറ്റുന്ന കാര്യമല്ല, യാത്രചെയ്യാന്‍ തീരെവയ്യാത്തതുകൊണ്ടാണ്, അല്ലെങ്കില്‍ എന്‍റടുത്തുവരുമായിരുന്നു എന്നുപറഞ്ഞു. ഉടനെ ചെല്ലാന്‍ സാധിക്കില്ല കുറച്ചുനാളുകഴിഞ്ഞിട്ടു ശ്രമിക്കാം. പക്ഷേ, എന്നെ എവിടുന്നാണ് പരിചയം എന്നുചോദിച്ചു.
 
"കഴിഞ്ഞദിവസം ഇവിടെവന്നപ്പോള്‍ കുര്‍ബ്ബാനയ്ക്കിടയ്ക്ക് പ്രസംഗത്തില്‍ അച്ചന്‍ പണ്ടുണ്ടായിരുന്ന ആശ്രമത്തെപ്പറ്റി പറഞ്ഞപ്പോഴാണ്, പണ്ടു ഞാന്‍ കണ്ടത് അച്ചനെതന്നെയായിരുന്നു എന്നെനിക്കുറപ്പായത്. മുപ്പത്തിരണ്ടു കൊല്ലംമുമ്പ് ആ ഒറ്റപ്രാവശ്യമെ അച്ചനെ ഞാന്‍ കണ്ടിട്ടുള്ളു, അതും ഒരു പാതിരാ രാത്രിയില്‍. അച്ചനന്നെനിക്കുതന്ന ചുവന്ന തുവര്‍ത്ത് ഒരു നിധിപോലെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്. പിന്നെയും രണ്ടുതവണ ഞാന്‍ ജയിലില്‍ കിടന്നച്ചാ. അവസാനത്തെ ശിക്ഷയുംകഴിഞ്ഞിറങ്ങി കുറെഅലഞ്ഞുനടന്നു, അവസാനം ഇവിടെയെത്തി.... " 
 
പിന്നെയും അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും അവിടെവന്നു കാണാന്‍ശ്രമിക്കാം എന്നുപറഞ്ഞു വേഗം ഞാന്‍ ഫോണ്‍ കട്ടാക്കി. ശരിയാണ്, അന്നത്തെ പ്രസംഗത്തില്‍ ദൈവപരിപാലനയെപ്പറ്റി പറഞ്ഞകൂട്ടത്തില്‍ പത്തുമുപ്പതുകൊല്ലംമുമ്പ് ഞാനായിരുന്ന ആശ്രമത്തെപ്പറ്റിയും അവിടെവച്ചുണ്ടായ ഒരു അപകടത്തെപ്പറ്റിയും, തമ്പുരാന്‍ അന്നെന്നെ കാത്തതിനെയുംപറ്റിയുമൊക്കെ ഞാന്‍ പരാമര്‍ശിച്ചിരുന്നു. അതിങ്ങനെയാകും എന്നു പ്രതീക്ഷിച്ചില്ല. ഒരുപക്ഷേ ഞാനും എന്നെങ്കിലും പിടിക്കപ്പെടും എന്ന ഭയത്തോടെ മറക്കാന്‍ മാത്രം ശ്രമിച്ചിരുന്ന ആ പാതിരാസംഗമത്തിലെ തൊണ്ടിമുതലാണ് അയാള്‍, ഞാന്‍ ദൃക്സാക്ഷിയും! കുറെനാളായി മറന്നു മരവിച്ചുകിടന്ന ആ ഓര്‍മ്മകള്‍ വീണ്ടും ഉള്ളില്‍ ആന്തലുണ്ടാക്കി.
 
അഞ്ചുപേരുള്ള ആശ്രമമായിരുന്നെങ്കിലും മറ്റുനാലുപേരും ഓരോ പരിപാടികളുമായി പുറത്തായിരുന്നതിനാല്‍ ഞാന്‍ തനിച്ചായിരുന്നു അന്ന് ആശ്രമത്തില്‍. ഒരു ജോലിക്കാരനുണ്ടായിരുന്നതു താമസിച്ചിരുന്നത് ഔട്ടുഹൗസിലായിരുന്നു. വൈകിമാത്രം ഉറങ്ങുന്ന ശീലമായിരുന്നതുകൊണ്ട്, കതകെല്ലാം ഭദ്രമായടച്ച് മുന്‍വശത്തുണ്ടായിരുന്ന റീഡിംങ്റൂമില്‍, തുറന്നിട്ടിരുന്ന ജനലിനോടുചേര്‍ത്ത് കസേരയുമിട്ട് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരോ, പുറത്ത് ജനലിനടുത്തൂടെ മാറിയതുപോലെ തോന്നി. പള്ളിയുടെമുകളിലെ ലൈറ്റ് കത്തിക്കിടപ്പുണ്ടായിരുന്നെങ്കിലും ഒരുറപ്പിനുവേണ്ടി മുറ്റത്തെ ലൈറ്റുംകൂടി ഓണാക്കി. അല്പം കാത്തിട്ടും ആരെയും കാണാഞ്ഞതുകൊണ്ട് വീണ്ടും വായന തുടര്‍ന്നു. അരമണിക്കൂറെങ്കിലും കഴിഞ്ഞുകാണും ജനലിന്‍റെ കതകില്‍ പതിയെ മുട്ടുന്ന സ്വരംകേട്ടു. നോക്കിയിട്ട് കാണാവുന്നിടത്തെങ്ങുമാരെയും കണ്ടില്ല. ആരാണു മുട്ടിയതെന്ന് വിളിച്ചുചോദിച്ചു. 'ലൈറ്റ് ഓഫുചെയ്യാമെങ്കില്‍ ജനലിനടുത്തുവരാം, വിശന്നിട്ടാണ്, അല്പം ഭക്ഷണം തന്നാല്‍ പൊയ്ക്കോളാം, ജനലില്‍കൂടി തന്നാല്‍മതി' പുറത്തുനിന്നുള്ള മറുപടി. ഈ അസമയത്ത് ഭക്ഷണം തരാന്‍ ബുദ്ധിമുട്ടാണ്. മറ്റച്ചന്മാരൊക്കെ ഉറക്കമായെന്നാണു തോന്നുന്നത്, നോക്കട്ടെ, എന്നും പറഞ്ഞ് ഞാന്‍ ഒരച്ചന്‍റെ പേര് ഉറക്കെവിളിച്ചു. പേടിച്ചിട്ടാണ് സ്ഥലത്തില്ലാത്ത അച്ചനെ ഞാന്‍ ഉറക്കെ വിളിച്ചതെങ്കിലും ആ അടവു ഗുണംചെയ്തു, ഒരു തല ജനലിനടുത്തു വന്നു. 
 
"അച്ചാ, മറ്റാരെയും വിളിക്കരുത്. ഞാനൊരു മഹാപാപിയാണച്ചാ. ഞാനിന്നലെയും രാത്രീലിവിടെ വന്നിരുന്നു. അടുക്കളയുടെ പുറത്തു മുറ്റത്തുവച്ചിരുന്ന കാടിവെള്ളത്തില്‍ തപ്പി അല്പംചോറും പിന്നെ എന്തൊക്കെയോ ഉണ്ടായിരുന്നതും തിന്നു. മുറ്റത്തെപൈപ്പില്‍നിന്നു വെള്ളവും കുടിച്ചിട്ടുപോയി. അതില്‍പിന്നെ ഇതുവരെയും ഒന്നും കഴിച്ചിട്ടില്ലച്ചാ. ഇന്നും വന്നത് അതിനായിരുന്നു, പക്ഷെ കാടിക്കലം ഇന്ന് പുറത്തു കണ്ടില്ല."
 
"താന്‍ ആ വെളിച്ചത്തിലോട്ടു മാറിനില്ല്, ഞാന്‍ ആളെയൊന്നു കാണട്ടെ."
 
"അതുകഴിഞ്ഞ് ലൈറ്റു കെടുത്തണെ അച്ചാ, ഞാന്‍ ഇവിടെനിന്നുകൊണ്ട് അച്ചനോടു സത്യമെല്ലാം പറയാം. അച്ചന്‍ കതകു തുറക്കണ്ട."
 
അയാള്‍ പരുങ്ങലോടെ വെളിച്ചത്തേയ്ക്കു മാറിനിന്നു. തീരെ ക്ഷീണിച്ച ഒരു ചെറിയമനുഷ്യന്‍. മുഷിഞ്ഞുനാറിയ മുണ്ടും ഷര്‍ട്ടും. ഉള്ളില്‍ ശങ്കതോന്നിയെങ്കിലും ഞാന്‍ മുറ്റത്തെ ലൈറ്റണച്ചു.
 
"ഞാനൊരു വലിയ മോഷണം കഴിഞ്ഞുവരികയാണച്ചാ. എന്നെ അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ചതായിരുന്നു. ഞാന്‍ മുമ്പും നാലഞ്ചുവര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. അന്നു കൂടെക്കിടന്നവര്‍ പറഞ്ഞുതന്ന ഒരുതന്ത്രം പ്രയോഗിച്ച് ഞാന്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്നും ചാടി. ഇന്നു മൂന്നാമത്തെ ദിവസമാണ്. എനിക്കീ പ്രദേശത്തെ വനങ്ങളൊക്കെ അറിയാവുന്നതുകൊണ്ട്, പകലും രാത്രിയും വനത്തില്‍തന്നെയാണ്. വല്ലാതെ വിശന്നപ്പോള്‍ ആദ്യത്തെ രാത്രി ഒരു പറമ്പില്‍നിന്നും പച്ചക്കപ്പ മാന്തിത്തിന്നു. അരുവിയില്‍നിന്നും കുറെ വെള്ളോം കുടിച്ചു. പക്ഷേ പിറ്റേദിവസം മുഴുവന്‍ ഒഴിച്ചിലായിരുന്നു. ഒരുതരത്തില്‍ പാതിരാത്രിവരെ പിടിച്ചുനിന്നു. അതുകഴിഞ്ഞാണ് ഇന്നലെ ഇവിടെവന്ന് കാടിവെള്ളത്തില്‍ കൈയിട്ടത്. ഇന്നും എന്തെങ്കിലും കിട്ടുമെന്നുകരുതി വന്നതായിരുന്നു. കിട്ടിയില്ല. അന്നേരമാണ് ഈ വെളിച്ചംകണ്ട് ഇങ്ങോട്ടുവന്നത്. എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ നാളെ ഞാന്‍ കാട്ടില്‍കിടന്നുചത്തുപോകുമച്ചാ. അതുകൊണ്ടാ." അയാളു പറയുന്നതു സത്യമാണെന്നുതോന്നി.
 
"ഇയാളവിടെ നില്ല്. എന്തെങ്കിലുമുണ്ടോന്നു ഞാനൊന്നു നോക്കിയിട്ടുവരാം."
 
പോലീസ് സ്റ്റേഷനിലൊന്നും വിളിച്ചു പരിചയമില്ലാത്തതുകൊണ്ട്, ആദ്യം വികാരിയച്ചനെ വിളിച്ചു കാര്യം പറയാം എന്നു മനസ്സില്‍ കരുതി തിരിയുമ്പോഴേയ്ക്കും അയാളുടെ യാചന:

"രോഗിയായ എന്‍റെ മകനെ രക്ഷിക്കാന്‍ വേണ്ടിയാണച്ചാ, ഞാനീ കടുംകൈ ചെയ്തത്. പോലീസിനെയെങ്ങും വിളിച്ച് എന്നെ ചതിക്കല്ലെ അച്ചാ."
 
കിച്ചണില്‍ചെന്ന് വെള്ളത്തിലിട്ടിരുന്ന ചോറ് ഊറ്റിയെടുത്തു. കറിയൊന്നുമില്ലായിരുന്നു. കുറച്ച് അച്ചാറും സോസറിലെടുത്തു. അതുമായിചെന്നപ്പോള്‍ ആളെ കണ്ടില്ല. ഞാനല്പനേരം കാത്തു. ചോറു കൊണ്ടുവന്നിട്ടുണ്ടെന്നു വിളിച്ചുപറഞ്ഞു. എന്തുചെയ്യണമെന്നാലോചിക്കുമ്പോഴേയ്ക്കും അയാള്‍ പതുങ്ങിവന്നു. 
 
"ഒരു വണ്ടിയുടെ സ്വരംകേട്ട് ഞാന്‍ ഒളിച്ചതായിരുന്നച്ചാ, ഞാനോര്‍ത്തു അച്ചന്‍ പോലീസിനെ വിളിച്ചെന്ന്. എന്നാലും മനസ്സുപറഞ്ഞു, അച്ചന്‍ ചതിക്കുകേലെന്ന്."
 
ജനലിന്‍റെ പടിയില്‍ വച്ചുകൊണ്ടുതന്നെ അയാള്‍ അതു കഴിച്ചുതീര്‍ത്തു. 
 
"വയറു നിറഞ്ഞില്ലെന്നറിയാം, അത്രേ ഉണ്ടായിരുന്നുള്ളു. ഇനിവേണമെങ്കില്‍ കുറച്ചു റൊട്ടിയിരിപ്പുണ്ട്, വേണോ?"
 
"കത്തല് അടങ്ങിയച്ചാ, റൊട്ടി തന്നാല്‍ കൊണ്ടുപൊയ്ക്കൊള്ളാം, നാളത്തേയ്ക്ക് ആകുമല്ലോ."
 
"അപ്പോള്‍ താനീ കാട്ടില്‍തന്നെ കഴിയാനാ ഭാവം?"
 
"അച്ചന് മടുപ്പില്ലെങ്കില്‍ ഞാനച്ചനോടെല്ലാം പറയാം." 
 
കാഴ്ചമുറി തുറന്നു കൊടുക്കാമെന്നു പറഞ്ഞിട്ട് അയാള്‍ സമ്മതിച്ചില്ല. അവിടെനിന്നുകൊണ്ടുതന്നെ അയാള്‍ ജീവചരിത്രം തുറന്നു. അവരു മൂന്നു മക്കളായിരുന്നു. പെങ്ങളും അനിയനും ഇയാളും. അപ്പന്‍ കൂലിപ്പണിചെയ്താണ് കുടുംബം പോറ്റിയത്. പഠിക്കാന്‍ തീരെമോശമായിരുന്നു. പത്താംക്ലാസ്സുവരെ പോയി. അതുകഴിഞ്ഞ് കിട്ടിയ പണിയൊക്കെച്ചെയ്തു. കെട്ടിടം പണിക്കാണ് കൂടുതലും പോയിരുന്നത്. അങ്ങനെ അഞ്ചാറുവര്‍ഷം കഴിഞ്ഞ് അവന്‍ പണിയാന്‍കൂടിയ വീടിന്‍റെ ഉടമ ഒരു ഫോറസ്റ്റ് ഓഫീസറായിരുന്നു. പണിതുകൊണ്ടിരുന്ന വീടിന്‍റെ കാവലും അയാള്‍ ഇവനെതന്നെ ഏല്പിച്ചു. അയാളുടെ സ്വാധീനംകൊണ്ട് രണ്ടുവര്‍ഷംകഴിഞ്ഞ് അവന് ഫോറസ്റ്റ് ഗാര്‍ഡായി താത്ക്കാലിക നിയമനവും തുടര്‍ന്ന് രണ്ടു വര്‍ഷംകഴിഞ്ഞ് സ്ഥിരനിയമനവുംകിട്ടി. പിന്നീടായിരുന്നു കല്യാണം. സ്ത്രീധനമായി ഒരേക്കര്‍ ഭൂമിയാണുകിട്ടിയത്. ഒരു മകനുണ്ടായി. അതുകഴിഞ്ഞായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അയാള്‍ ജോലിക്കിടെ വനത്തില്‍നിന്നും ഒരു കഞ്ചാവു കൃഷിക്കാരനെ പിടിച്ചു. രണ്ടുദിവസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ അയാള്‍ ഇയാളെ ഭീഷണിപ്പെടുത്തി. സഹകരിച്ചാല്‍ പങ്കുകൊടുക്കാമെന്ന് ഓഫറും. എല്ലാ ഓഫീസര്‍മാരും അങ്ങനെയാണെന്നും, അല്ലായെങ്കില്‍ ആയിടയ്ക്ക് ബൈക്കപകടത്തില്‍ ഫോറസ്റ്റ് ഗാര്‍ഡ് മരിച്ചതുപോലെ ഇയാളെയും തട്ടിക്കളയുമെന്നുപറഞ്ഞു പേടിപ്പിച്ചു. ആദ്യമാദ്യം ചെറിയ തുകയായിരുന്നു കിട്ടിയത്, പിന്നെപ്പിന്നെ ചെറിയപൊതി കഞ്ചാവ് ഏല്പിച്ചു. പറയുന്നിടത്ത് എത്തിച്ചുകൊടുത്താല്‍ നല്ലതുക പ്രതിഫലം. ഇഷ്ടംപോലെ കാശായി, പറ്റിയ കൂട്ടുകാരും. കഞ്ചാവുവലീം കൂടെ മദ്യപാനവും തുടങ്ങി. ഭാര്യ വഴക്കായി, വീട്ടില്‍ പ്രശ്നമായി. അതോടെ വീട്ടില്‍പോക്കുകുറച്ചു. കഞ്ചാവുമായി പിടിക്കപ്പെട്ട് കേസായി, സസ്പെന്‍ഷനിലായി. കേസ് നടത്താന്‍ സ്ത്രീധനം കിട്ടിയ വസ്തു ഈടുവച്ചു പണമെടുത്തു. തികയാതെ വന്നപ്പോള്‍ വീണ്ടും കഞ്ചാവു വില്പനയ്ക്കുപോയി. പിന്നെയും പിടിക്കപ്പെട്ട്, ജോലി നഷ്ടപ്പെട്ടു, ജയിലിലുമായി. മൂന്നാലുവര്‍ഷം ജയിലിലായിരുന്നപ്പോള്‍ വല്ലപ്പോഴും അമ്മായിയപ്പനല്ലാതെ, ഭാര്യപോലും കാണാന്‍ ചെന്നില്ല. ജയിലില്‍നിന്നു വരുമ്പോളേയ്ക്കും പലിശയടക്കാതെ, വസ്തു പണയക്കാരന്‍റെ കൈയ്യിലായി. ഭാര്യ മകനെയുംകൂട്ടി അവളുടെ വീട്ടിലും പോയി. സ്വന്തംവീട്ടിലും ഭാര്യവീട്ടിലും കയറാനാകാതെ കുറെ അലഞ്ഞുതിരിഞ്ഞു. അപ്പോഴാണറിഞ്ഞത് മകന് ഹൃദയത്തിനു തകരാറാണ്, ഓപ്പറേഷന് വന്‍തുക വേണ്ടിവരുമെന്ന്. അല്ലെങ്കില്‍ അവന്‍റെ ജീവന്‍ അപകടത്തിലാണെന്ന്. കുട്ടിയെ രക്ഷിക്കാന്‍ പറ്റാത്തതിലുള്ള മനപ്രയാസം കൊണ്ട് വല്ലാത്ത നിരാശ, നഷ്ടപ്പെട്ട ജോലിയെയും വസ്തുവിനെയുംപറ്റിയുള്ള കുറ്റബോധം. അവസാനം അയാളൊരു തീരുമാനമെടുത്തു, എങ്ങിനെയെങ്കിലും മകനെ രക്ഷിക്കണം. മറ്റെല്ലാവര്‍ക്കും അവനോടു പിണക്കവും വെറുപ്പുമായിരുന്നെങ്കിലും, അമ്മായിയപ്പനുമാത്രം കുറച്ചൊരു അടുപ്പമുണ്ടായിരുന്നു. അമ്മായിയപ്പന്‍റെയടുത്തുചെന്ന് കുട്ടിയുടെ ഓപ്പറേഷനുള്ള നീക്കം നടത്തിക്കൊള്ളാനും, പത്തിരുപതു ദിവസത്തിനകം ഓപ്പറേഷനുള്ള മുഴുവന്‍ തുകയും കിട്ടാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. 
 
നാട്ടിലെ ഒരു ബ്ലേഡുകാരനായിരുന്നു ഇയാളുടെ വസ്തു ഈടുവാങ്ങി പണം കൊടുത്തതും അവസാനം വസ്തു കൈവശപ്പെടുത്തിയതും. അയാളുടെ ഓഫീസ് ടൗണിലുണ്ടായിരുന്നു. അതിനൊരു സെക്യൂരിറ്റി കാവലുമുണ്ടായിരുന്നു. മാസത്തിന്‍റെ അവസാനമാണ് ഏറ്റവും കൂടുതല്‍ പണം ബ്ലേഡുകാരന്‍റെ കൈയ്യിലെത്തുന്നതെന്നിയാള്‍ക്കറിയാമായിരുന്നു. ദിവസങ്ങളോളം ആ സെക്യൂരിറ്റിയുമായി രാത്രിയില്‍ കമ്പനികൂടി മദ്യപിച്ചു. ഒരുദിവസംരാത്രി സെക്യൂരിറ്റിയെ ഉറക്കഗുളികചേര്‍ത്ത മദ്യംകൊടുത്ത് മൂലക്കിരുത്തി, ബ്ലേഡുകാരന്‍റെ ഓഫീസിന്‍റെ പൂട്ടുപൊളിച്ച് അകത്തുകയറി മേശ പൊളിച്ച് കിട്ടിയ അത്രയും പണം സഞ്ചിയിലാക്കി, ഒരു തോട്ടത്തിലെ ഉപയോഗിക്കാതെകിടന്ന മോട്ടോര്‍പുരയുടെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു. ഒന്നുമറിയാത്തതുപോലെ രാവിലെ അമ്മായിയപ്പന്‍ എന്നും ചായകുടിക്കാന്‍ വരുന്ന ചായക്കടയിലെത്തി. അന്നു പണംകിട്ടും എന്ന് അമ്മായിയപ്പനെ അറിയിക്കാനായിരുന്നു ചെന്നത്. പക്ഷേ ചായകുടിച്ചു പുറത്തിറങ്ങിയപ്പോഴേയ്ക്കും പോലീസുവണ്ടിമുമ്പില്‍. ഓടാനും ഒളിക്കാനു മൊന്നും പറ്റുന്നതിനു മുമ്പേ അവരു പിടികൂടി വണ്ടിയില്‍കയറ്റി. അവിടെയുണ്ടായിരുന്ന ആര്‍ക്കും കാര്യമൊന്നും മനസ്സിലായുമില്ല. പഴയ കഞ്ചാവുകേസുവല്ലതുമായിരുക്കുമെന്നായിരിക്കും അവരെല്ലാം ഓര്‍ത്തത്. പോലീസുകാര് വല്ലാതെ ദേഹോപദ്രവമേല്പിച്ചെങ്കിലും കള്ളംപറഞ്ഞുതന്നെ പിടിച്ചുനിന്നു. രാത്രിയായപ്പോള്‍ കാവല്‍  നിന്ന പോലീസുകാരനുമായി കഥപറഞ്ഞിരുന്ന് അവസാനം അയാളെ വെട്ടിച്ചു മുങ്ങി, ഓടി വനത്തില്‍ എത്തി. നേരത്തെ ഫോറസ്റ്റ് ഗാര്‍ഡായിരുന്നുതുകൊണ്ട്, വനത്തിലയാള്‍ക്കു നല്ലപരിചയമായിരുന്നു. 
 
"അച്ചന്‍ മുമ്പേ ചോദിച്ചില്ലേ വനത്തില്‍ കഴിയാന്‍ പോകുവാണോന്ന്. എങ്ങനെയെങ്കിലും കുറച്ചുദിവസം അങ്ങനെ കഴിഞ്ഞേപറ്റൂ. അതുകഴിഞ്ഞ്, ആ പണമെടുത്ത് അമ്മായിയപ്പനെ ഏല്പിക്കണം. കൊച്ചിന്‍റെ കാര്യമായതുകൊണ്ട് അമ്മായിയപ്പന്‍ സഹകരിക്കും. അതുകഴിഞ്ഞ് ഞാന്‍ പിടികൊടുക്കും. എന്നെ തല്ലിക്കൊന്നാലും ഞാന്‍ സത്യംപറയില്ല. വാസ്തവത്തില്‍ ഞാന്‍ മോഷ്ടിച്ചില്ലല്ലോ. അയാള്‍ എന്നെപ്പറ്റിച്ചെടുത്തത് നിവൃത്തികേടുകൊണ്ട് ഞാനും പറ്റിച്ചു തിരിച്ചു പിടിച്ചെടുത്തതല്ലേയുള്ളു."
 
"തന്നോടെന്തു പറയണമെന്നെനിക്കറിയില്ല. ഇയാളെ പോലീസിലേല്‍പിക്കാന്‍തന്നെയായിരുന്നു എന്‍റെ തീരുമാനം. ഏതായാലും ഇപ്പോള്‍ ഞാനതുമാറ്റി. തെറ്റു മനുഷ്യനു പറ്റാം. തിരുത്താന്‍ മനസ്സുണ്ടാകണം. വന്നതുവന്നു, എങ്ങനെ ഇതവസാനിച്ചാലും ആയുസ്സു കിട്ടിയാല്‍ എല്ലാം വീണ്ടെടുക്കാന്‍ സമയമുണ്ടാകും. എല്ലാം നശിച്ചു എന്നു ചിന്തിക്കുന്നതുകൊണ്ടാ കരകയറാത്തത്. കിട്ടുന്ന ബാക്കിജീവിതമെങ്കിലും പിറകോട്ടുനോക്കാതെ മുന്നോട്ടുനോക്കി നന്നായിട്ടു ജീവിക്കാന്‍നോക്ക്."
 
"തോന്ന്യാസം നടന്നപ്പോഴും, ജയിലില്‍ കിടന്നപ്പോഴുമൊക്കെ നന്നാവണമെന്നുണ്ടായിരുന്നച്ചാ. നേരെയാകണം എന്നാലോചിക്കുമ്പോഴേക്കും, ജീവിതം നശിപ്പിച്ചതിനെയും, കുടുംബം തകര്‍ത്തതിനെയും, സര്‍ക്കാരുജോലി കളഞ്ഞതിനെയും പറ്റിയൊക്കെ പറഞ്ഞ്, ഗുണദോഷിച്ചവരും ഉപദേശിച്ച അച്ചന്മാരുമൊക്കെ വാസ്തവത്തില്‍ അവരറിയാതെ അത്രയുംകൂടെ എന്നെ പെഴപ്പിച്ചു. നഷ്ടപ്പെട്ടതും, നശിപ്പിച്ചതുമോര്‍ത്തുള്ള കുറ്റബോധം കാരണം ചങ്കുപൊട്ടാന്‍ തുടങ്ങിയപ്പോള്‍ പിന്നെയും പോയികുടിച്ചു. അച്ചനിപ്പോള്‍ പറഞ്ഞതുപോലെ, സാരമില്ല, എന്നാരെങ്കിലുമൊക്കെ അന്നുപറഞ്ഞുതന്നിരുന്നെങ്കില്‍ ഞാനിത്രയും തീര്‍ന്നുപോകില്ലായിരുന്നച്ചാ." 
 
"താന്‍തന്നെ വരുത്തിവച്ചതിന് മറ്റുള്ളവരെ പഴിച്ചിട്ടെന്തുകാര്യം. ഇയാള്‍ക്കു മാറാന്‍ എന്‍റെ പാന്‍റ്സും ഷര്‍ട്ടും വേണേല്‍തരാം, അല്ലെങ്കില്‍ കാവിമുണ്ട്."
 
"പോലീസ്മുറ എനിക്കു നന്നായിട്ടറിയാമച്ചാ. അതുകൊണ്ടാണു വാതില്‍പോലും തുറക്കണ്ടാ എന്നു ഞാന്‍ പറഞ്ഞത്. അങ്ങോട്ടിറങ്ങുമ്പോളെങ്ങാനും പോലീസെന്നെ പിടികൂടിയാല്‍, ആ പാന്‍റ്സിന്‍റെ തയ്യലുനോക്കി കണ്ടുപിടിച്ച് അവര് അച്ചനെയും പ്രതിയാക്കും. അച്ചന്‍ പറഞ്ഞ റൊട്ടിതരാമെങ്കില്‍ ഞാന്‍ വന്ന വഴിയെ പൊയ്ക്കൊള്ളാം."
 
പിറ്റെദിവസം രാവിലത്തെ കാപ്പിക്കുവച്ചിരുന്ന രണ്ടുറൊട്ടി, വാഷ്ബേസിനടുത്ത് കൈതുടയ്ക്കാന്‍ ഇട്ടിരുന്ന ഒരു ചുവന്ന തുവര്‍ത്തിനകത്തുപൊതിഞ്ഞെടുത്തു. ജനലഴിക്കിടയിലൂടെ ഞക്കിക്കടത്തിയപ്പോളതു കുറെ പൊടിഞ്ഞുകാണും. അതു കൈപ്പറ്റുമ്പോള്‍ അയാളുടെ കണ്ണുനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
 
"നമ്മളിനി കാണില്ലച്ചാ." ഇരുട്ടിലേയ്ക്കു മറയുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
 
ഞാന്‍ ചെയ്തതു തെറ്റോ ശരിയോ എന്നുള്ള വല്ലാത്ത വടംവലി ഉള്ളില്‍. കിടന്നിട്ടുറക്കം വന്നില്ല. പിറ്റേദിവസം പകലും അതുതന്നെയായിരുന്നു ശങ്ക. ഉച്ചയോടെ ഒരച്ചന്‍ തിരിച്ചെത്തി. ഒരിക്കലും ഇതാരോടും പറയില്ല എന്നു തീരുമാനമെടുത്തിരുന്നെങ്കിലും മനസമാധാനത്തിനുവേണ്ടി എന്നെക്കാള്‍ പ്രായവും പക്വതയുമുണ്ടായിരുന്ന അദ്ദേഹത്തോടു ഞാന്‍ സംഭവം വിശദീകരിച്ചു. 
 
"ഇങ്ങേരു ചെയ്തതു തെറ്റോ ശരിയോ എന്നൊന്നും എനിക്കു പറയാന്‍ പറ്റില്ല. പക്ഷേ പരമമണ്ടത്തരമായി എന്നതാണു സത്യം. അയാളെ പോലീസുപിടിച്ചു നാലു ചവിട്ടുകൊടുത്തുകഴിയുമ്പോള്‍ അയാളു മണിമണിപോലെ എല്ലാം വിളിച്ചുപറയും. പിന്നത്തെകാര്യം ഊഹിച്ചാല്‍മതി. എപ്പഴാ പോലീസുവണ്ടി എത്തുന്നതെന്നു നോക്കിയിരുന്നാല്‍മതി ഇനി. ഏതായാലും എന്നോടു പറഞ്ഞതുപറഞ്ഞു, വേറാരോടും സംഭവമൊന്നും പറയാതിരിക്കുകാ നല്ലത്."
 
ദിവസങ്ങളോളം കാഴ്ചമുറിയിലെ മണി കേള്‍ക്കുമ്പോള്‍ എന്‍റെ മുട്ടും കൂട്ടിയിടിക്കുമായിരുന്നു. ഏതെങ്കിലുംവണ്ടി മുറ്റത്തുവന്നാല്‍ ഉള്ളിലൊരാന്തലായിരുന്നു, പോലീസായിരിക്കുമെന്നോര്‍ത്ത്. ഇത്രയും നാളുകൊണ്ട് അതെല്ലാമൊന്നു മറന്നതായിരുന്നു. ഇപ്പോളിതാ, ചെമന്നതോര്‍ത്തിന്‍റെ കാര്യവുംപറഞ്ഞ് തൊണ്ടിമുതല്‍ വീണ്ടും ജീവനോടെ മുമ്പില്‍. ഏതായാലും ഉടനെയെങ്ങും ആളെ കാണാന്‍പോകുന്ന പ്രശ്നമേയില്ലെന്നു മനസ്സിലുറപ്പിച്ചു. ഒന്നൊന്നര വര്‍ഷത്തേയ്ക്ക് അനക്കമില്ലാതെയങ്ങുപോയി. അതുകഴിഞ്ഞൊരു ദിവസമാണു സിസ്റ്റര്‍ അറിയിക്കാതെ വന്നത്. വന്നയുടനെ ഒരു കടലാസ് എന്‍റെ കൈയ്യില്‍ തന്നു. അത് അയാളുടെ കത്തായിരുന്നു. 
 
'പറഞ്ഞറിയിക്കാന്‍പറ്റാത്ത മനസ്സിന്‍റെ ഭാരവുമായി ഒന്നു മരിച്ചാല്‍മാത്രംമതി എന്നുകൊതിച്ചിരുന്നപ്പോഴായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത അച്ചന്‍റെ അന്നത്തെ വരവ്. അന്നച്ചന്‍ ദൈവപരിപാലനയെപ്പറ്റിപ്പറഞ്ഞത് മനസ്സില്‍ തട്ടി. അച്ചനോട് സംസാരിക്കാനാഗ്രഹിച്ച് കാത്തിരുന്നു. ഇതുവരെയുംസാധിച്ചില്ല. ഇനിയും ആയുസ്സില്ലെന്നു മനസ്സുപറയുന്നു. അതുകൊണ്ട് ഇത്രയും വര്‍ഷങ്ങളായി ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും ആരോടും പറയാതിരുന്ന എന്‍റെ പൂര്‍വ്വചരിത്രം മുഴുവന്‍ സിസ്റ്ററിനോടു ഞാന്‍ പറഞ്ഞു. എന്നിട്ടും, ഞാന്‍ ജനിച്ചുപോയതോര്‍ത്തുള്ള നിരാശയും ചെയ്തുകൂട്ടിയതൊക്കെയോര്‍ത്ത് ഉള്ളിലെ പുകച്ചിലും കൂടിക്കൂടി വരുന്നു. അതുകൊണ്ടാണിത്രയും എഴുതിയത്.'
 
അന്നു പാതിരാത്രിക്ക്, ഇനികാണില്ല എന്നു പറഞ്ഞയാള്‍ കാട്ടിലേയ്ക്കു പോയതിനു ശേഷമുണ്ടായ സംഭവങ്ങളെല്ലാം അയാള്‍ പറഞ്ഞത് സിസ്റ്റര്‍ വിശദീകരിച്ചു. വിറകൊടിക്കാന്‍ വനത്തില്‍ചെന്ന സ്ത്രീകളാണ് അയാളെ തളര്‍ന്നുകിടക്കുന്നതുകണ്ട് ആളുകളെ അറിയിച്ചതും പോലീസെത്തി അറസ്റ്റുചെയതതും. നില്ക്കാന്‍പോലും ആകാത്തനിലയിലായിരുന്ന അയാളെ വീണ്ടും പോലീസ് മര്‍ദ്ദിച്ചു, മോഷ്ടിച്ച തൊണ്ടിമുതലു ചോദിച്ച്. മോഷ്ടിച്ചു പുറത്തിറങ്ങിയപ്പോള്‍ സെക്യൂരിറ്റി കയറിപ്പിടിച്ചെന്നും പേടിച്ചോടിയവഴി അതെവിടെയോ വീണുപോയെന്നും കള്ളം പറഞ്ഞു. നാലുവര്‍ഷം വീണ്ടും ജയിലില്‍. ആരും കാണാന്‍പോലും ചെന്നില്ല. അമ്മായിയപ്പന്‍ മാത്രം ഒരുപ്രാവശ്യം ചെന്നപ്പോളറിഞ്ഞു, മകന് വിദഗ്ദ്ധപരിശോധനയില്‍ ഹൃദയത്തിനല്ല പ്രശ്നമെന്നും വലിയ ചെലവില്ലാത്ത ചികിത്സകൊണ്ടവന്‍ സുഖപ്പെട്ടെന്നും. മോഷ്ടിച്ചപണം വച്ചിരിക്കുന്ന സ്ഥലം അമ്മായിയപ്പനോടു പറഞ്ഞുകൊടുത്തു. പറ്റുമെങ്കില്‍ അതെടുത്ത് ഏതെങ്കിലും പള്ളിക്കോ അനാഥാലയത്തിനോ കൊടുത്തേക്കാന്‍ പറഞ്ഞു. ഇന്നുവരെയും അതിനെപ്പറ്റി പിന്നെ അന്വേഷിച്ചിട്ടില്ല. വര്‍ഷങ്ങള്‍നീണ്ട ജയില്‍വാസത്തില്‍ ആരോഗ്യവും ക്ഷയിച്ചു പുറത്തുവന്നപ്പോള്‍ ഭാര്യവീട്ടില്‍ചെന്നു ക്ഷമ ചോദിച്ചു. പതിനൊന്നുവയസ്സായിരുന്ന മകനാണ്, അന്ന് വീട്ടില്‍കയറിപ്പോകരുത് എന്നുപറഞ്ഞ് ഓടിച്ചത്. കുറച്ചുനാള്‍ അലഞ്ഞുതിരിഞ്ഞു. അതുകഴിഞ്ഞ് ഈസ്ഥാപനത്തിലെത്തി. കാലിനു രണ്ടിനും ബലമില്ല, ആരെങ്കിലും പിടിച്ചാല്‍ മാത്രമേ നടക്കാന്‍ പറ്റൂ. അല്ലെങ്കില്‍ അയാളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു. സിസ്റ്റര്‍ പറഞ്ഞതിന്‍റെ ചുരുക്കമിതായിരുന്നു.
 
'ജന്മം നല്കിയതിനു ജനിപ്പിച്ചവരെയും, ജീവന്‍തന്നതിനു ദൈവത്തെയും പഴിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടല്ലെ ഉള്ളിലെ നീറ്റല്‍? പുറകോട്ടുമാത്രം തിരിഞ്ഞു നോക്കുന്നതുകൊണ്ടല്ലേ നെഞ്ചിലെ പുകച്ചില്‍? ഇനിയും ഒന്നിനും കൊള്ളില്ല എന്നു തീര്‍പ്പാക്കിയതുകൊണ്ടല്ലേ മരണം കാത്തിരിക്കുന്നത്? ദാവീദു രാജാവിന്‍റെ ജീവിതത്തിലെ ഒരു കഥയുണ്ട്. സന്തോഷമുണ്ടായാല്‍ മതിമറക്കുന്ന, ദു:ഖമുണ്ടായാല്‍ ആകെത്തകര്‍ന്നുപോകുന്ന ആളായിരുന്നുപോലും ദാവീദ്. ആവതു ശ്രമിച്ചിട്ടും അതില്‍നിന്നു കരകയറാന്‍ പറ്റാതെ, കൊട്ടാരത്തിലെ അതീവബുദ്ധിമാനായിരുന്ന തട്ടാനോട് ഒരു മോതിരം ഉണ്ടാക്കാനാവശ്യപ്പെട്ടു. ആ മോതിരം വിരലിലിട്ടാല്‍ പിന്നെ സന്തോഷമോ ദു:ഖമോ എന്തുണ്ടായാലും സമനിലതെറ്റാന്‍ പാടില്ല. മുപ്പതുദിവസത്തിനകം അങ്ങനൊരു മോതിരമുണ്ടാക്കണമെന്നായിരുന്നു കല്പന. തട്ടാന്‍ ആകെകുഴങ്ങി. അയാള്‍ക്കങ്ങനെയൊന്നുണ്ടാക്കാനറിയില്ല. കല്പന തെറ്റിച്ചാല്‍ ശിക്ഷ മരണമാണ്. തട്ടാന്‍ ദിവസമെണ്ണി മരണത്തിനു കാത്തിരുന്നു. അതിസമര്‍ത്ഥനായിരുന്ന സോളമന്‍ രാജകുമാരന്‍ തട്ടാന്‍റെ സങ്കടമറിഞ്ഞ് ധൈര്യമായിട്ടു മോതിരമുണ്ടാക്കാന്‍ പറഞ്ഞു. തട്ടാന്‍ അനുസരിച്ചു. എന്നിട്ട് അതില്‍ 'ഇതും കടന്നുപോകും' എന്നു കൊത്തിവയ്ക്കാന്‍ പറഞ്ഞു. തട്ടാന്‍ അതും അനുസരിച്ചു. മുപ്പതാംദിവസം തട്ടാന്‍ ദാവീദുരാജാവിന് ആ മോതിരം കൊടുത്തു. രാജാവത് അണിയാന്‍ തുടങ്ങി. എത്രവമ്പന്‍ വിജയംനേടി ആര്‍ത്ത് ആഘോഷിച്ചപ്പോഴും രാജാവു മോതിരത്തിലേയ്ക്കു നോക്കി, 'ഇതും കടന്നുപോകും', അതോടെ സമനില വീണ്ടെടുത്തു. വന്‍ പരാജയങ്ങളുണ്ടായി. അപ്പോഴും രാജാവു മോതിരത്തിലേയ്ക്കുനോക്കി, 'ഇതും കടന്നുപോകും'. പിന്നീടു ദാവീദുരാജാവിനു സമനില തെറ്റിയിട്ടില്ല. ഇതു കഥയായാലും ചരിത്രമായാലും, ഇയാള്‍ക്കും ഞാന്‍ ഈ മോതിരം തരുന്നു. ഫലമുണ്ടാകുമോ എന്നറിയാമല്ലോ.'
 
അയാള്‍ എനിക്കുതന്ന കത്തിന്‍റെ മറുപുറത്തുതന്നെ ഇതെഴുതി അന്നു കൊടുത്തുവിട്ടു. പിന്നെ വിവരമൊന്നുമറിഞ്ഞില്ല. അഞ്ചാറുമാസം കഴിഞ്ഞിട്ടാണെങ്കിലും വിവരമറിയാന്‍ എത്തിയപ്പോഴാണ്, മരിച്ചിട്ടാറുമാസമായെന്നറിഞ്ഞത്.
 
"ഏതായാലും അച്ചന്‍റെ കത്തുകിട്ടിക്കഴിഞ്ഞ് അയാളുടെ തലയിണയില്‍ അയാള്‍ എഴുതിവച്ചിരുന്നത് ഇപ്പോഴുമിവിടിരിപ്പുണ്ട്, 'ഇതും കടന്നുപോകും.' അതു കഴിഞ്ഞ് മരിക്കുന്നതുവരെ അയാള്‍ വളരെ ശാന്തനായിരുന്നു." സിസ്റ്ററതു പറഞ്ഞപ്പോള്‍ അല്പമൊരാശ്വാസം.

You can share this post!

ഡെലിവറി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts