news-details
മറ്റുലേഖനങ്ങൾ

എൻ്റെ ഏറ്റവും പ്രിയപ്പെട്ട അപ്പച്ചാ

മോശയുടെയും പ്രവാചകന്മാരുടെയും സങ്കീര്‍ത്തകന്‍റെയും അതിലുപരിയായി യേശുവിന്‍റെയും മാതാവിന്‍റെയും ദൈവരാജ്യവുമായുള്ള ബന്ധം എത്ര വ്യക്തിപരവും ഗാഢവും ആര്‍ദ്രവുമായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ നമുക്ക് ദൈവം സജീവമായ ഒരു യാഥാര്‍ത്ഥ്യമാണോയെന്ന് ഞെട്ടലോടെ ചോദിച്ചുപോകും. ഒരു പക്ഷേ, ദൈവം താടിയും കഷണ്ടിയുമുള്ള ഒരു വന്ദ്യവയോധികനാണ് എന്ന ബാല്യകാലസങ്കല്പത്തിനപ്പുറം നാം വളര്‍ന്നിട്ടുണ്ടാവില്ല.

'ഞാന്‍ ആകുന്നവന്‍ ആകുന്നു' എന്ന് ദൈവം മോശയോടു പറഞ്ഞപ്പോഴും 'ആരും ദൈവത്തെ കണ്ടിട്ടില്ല' എന്ന് യേശുനാഥന്‍ പ്രസ്താവിച്ചപ്പോഴും 'ദൈവം പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു മഹാരഹസ്യമാണ്' എന്നാണ് (സെന്‍റ് തോമസ്) നാം മനസ്സിലാക്കേണ്ടത്. അതുകൊണ്ട് ദൈവത്തെപ്പറ്റിയുള്ള 'ഇന്നലത്തെ അറിവ്' ഇന്നത്തേയ്ക്ക് മതിയാവില്ല (കാള്‍ റാനര്‍). വി. അഗസ്തീനോസ് ദൈവത്തെ കണ്ടത് 'നിത്യനൂതനവും ഒപ്പം അതിപുരാതനവുമായ സൗന്ദര്യ'മായിട്ടാണ്. ഇങ്ങനെയൊക്കെയുള്ളതും ഏറ്റവും അനന്യനും എല്ലാ നിയന്ത്രണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും അതീതനുമായ സത്തയെയാണ് അബ്ബാ (എന്‍റെ ഏറ്റവും പ്രിയപ്പെട്ട അപ്പച്ചാ) എന്ന് യേശു വിളിച്ചത്. ഈ ഉണ്മ യേശുവിന് ഒരേ സമയം ദൈവവും അപ്പച്ചനുമാണ്. സ്വന്തം ദൈവവും അപ്പച്ചനും ഏവരുടേയും ദൈവവും അപ്പച്ചനുമാണെന്ന് (യോഹ. 20;17) യേശു വ്യക്തമാക്കുന്നുണ്ട്.

വിശുദ്ധിയില്‍ വളരാന്‍ നാം നമ്മുടെ ബോധ്യങ്ങളും അനുഷ്ഠാനങ്ങളും വീണ്ടും വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കണമെന്ന് പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ സ്കോട്ട് പീക്ക് പറയുന്നു. ഉറവിടങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് കൂടുതല്‍ കൂടുതല്‍ അറിയുവാനും പുത്തനറിവിന്‍റെ വെള്ളിവെളിച്ചത്തില്‍ മാറ്റേണ്ടതൊക്കെ മാറ്റാനുമുള്ള ഉത്സാഹവും ആവശ്യമാണ്.

ദൈവത്തെയും മതാചാരങ്ങളെയുംപറ്റിയുള്ള പല മുന്‍ധാരണകളും യേശു തിരുത്തുന്നുണ്ട്. യേശുവില്‍നിന്നാണ് ദൈവം എങ്ങനെയുള്ളവനാണെന്ന് നാം മനസ്സിലാക്കേണ്ടത്. പ്രധാനമായും ഉപമകളിലൂടെയാണ് യേശു ദൈവത്തിന്‍റെ ഹൃദയം വെളിപ്പെടുത്തുന്നത്. യേശു പഠിപ്പിക്കുന്നു: മുടിയനായ മകന്‍റെ തിരിച്ചുവരവ് ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുന്ന പിതാവിനെപ്പോലെയാണ് ദൈവമെന്ന്; ആ മകന്‍റെ തിരിച്ചുവരവ് വലിയൊരാഘോഷമാക്കുകയും അതില്‍ പങ്കുചേരാന്‍ സ്നേഹശൂന്യനായ മറ്റൊരു മകനോട് കേണപേക്ഷിക്കുകയും ചെയ്യുന്ന പിതാവിനെപ്പോലെയാണ് ദൈവമെന്ന്. "എനിക്കുള്ളതെല്ലാം നിങ്ങള്‍ക്ക്" എന്നു പറയുന്ന സ്നേഹസമ്പന്നനായ പിതാവിനെപ്പോലെയാണ് ദൈവമെന്ന്; നഷ്ടപ്പെട്ട ആടിനെ തേടിപ്പോയി കണ്ടുപിടിച്ചതില്‍ സന്തോഷിക്കുന്ന ഇടയനെപ്പോലെയും; കാണാതെപോയ നാണയം കണ്ടെത്തിയതില്‍ ആഹ്ലാദിക്കുന്ന സ്ത്രീയെപ്പോലെയാണ് ദൈവമെന്ന്; ഒരു വിധത്തിലും തിരിച്ചടയ്ക്കാന്‍ പറ്റാത്ത ഭീമമായ കടം പൂര്‍ണമായും എഴുതിത്തള്ളുന്നവനെപ്പോലെയാണ് ദൈവവമെന്ന്; ഒരു മണിക്കൂര്‍ മാത്രം പണിയെടുക്കുന്നവന് ഒരു മുഴുവന്‍ ദിവസത്തെ കൂലി കൊടുക്കുന്നവനെപ്പോലെയാണ് ദൈവമെന്ന്; ദാഹിക്കുന്നവന് കുടിക്കുവാന്‍ സ്വല്പം വെള്ളം കൊടുക്കുന്നതുപോലെയുള്ള ചെറിയ പ്രവൃത്തിക്കും ഏറ്റവും വലിയ പ്രതിഫലം കൊടുക്കുന്നവനാണ് ദൈവമെന്ന്. മക്കളെ സ്വീകരിക്കാന്‍ മുറിയൊരുക്കി വിരുന്നൊരുക്കി കാത്തിരിക്കുന്നവനെപ്പോലെയാണ് ദൈവമമെന്ന്.

യേശുവിന്‍റെ ഓരോ പ്രവൃത്തിയും പ്രത്യേകിച്ചും അത്ഭുതങ്ങള്‍, ദൈവത്തിന്‍റെ ഹൃദയത്തെ വെളിപ്പെടുത്തുന്നു. സൗഖ്യപ്പെടുത്തലുകളും അപ്പം വര്‍ദ്ധിപ്പിക്കുന്നതും മരിച്ചവരെ ഉയര്‍പ്പിക്കുന്നതുമൊക്കെ വിളിച്ചുപറയുന്നത് ദൈവം എല്ലാവര്‍ക്കും ക്ഷേമവും നിത്യജീവനും  നല്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. ദേവാലയശുദ്ധീകരണത്തിനര്‍ത്ഥം ദൈവം കപടതയും അനാചാരങ്ങളും  ചൂഷണവും അനീതിയും ഇല്ലാത്ത ലോകം അതിയായി ആഗ്രഹിക്കുന്നു എന്നാണ്. പാപികളെ തേടിപ്പോകുകയും അവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ യേശു വെളിപ്പെടുത്തുന്നത് തോന്ന്യാസികളായ മക്കളോടുള്ള ദൈവത്തിന്‍റെ അനന്തവാത്സല്യമാണ്. സ്ത്രീകളെ ഒരിക്കലും അശുദ്ധരായിക്കാണാതെ, അവരെ ആദരിച്ച് ശിഷ്യഗണത്തില്‍ സ്വീകരിക്കുന്നതിലൂടെയും തൊട്ടുകൂടാത്തവരെ സ്പര്‍ശിക്കുന്നതിലൂടെയും അനാവശ്യമായ മനുഷ്യനിര്‍മ്മിതമായ നിയമങ്ങളും പാരമ്പര്യങ്ങളും ലംഘിക്കുന്നതിലൂടെയും യേശു വെളിപ്പെടുത്തുന്നത് ദൈവത്തിനു സ്വീകാര്യമായ സാമൂഹ്യക്രമമാണ്. ചുരുക്കത്തില്‍, ദൈവത്തിന് എല്ലാവരും സ്വന്തമാണെന്നും ഏറെ പ്രിയപ്പെട്ടവരും വിലപ്പെട്ടവരും ബഹുമാന്യരും വേണ്ടപ്പെട്ടവരുമാണെന്നാണ്.

കര്‍ഷകനെപ്പോലെ അദ്ധ്വാനിക്കുന്നവനും കൂടുതല്‍ ഫലപ്രാപ്തിക്കായി വെട്ടിയൊരുക്കുകയും ഫലം കാത്തിരിക്കുകയും ചെയ്യുന്നവനെപ്പോലെയാണ് ദൈവമെന്ന് യേശു പഠിപ്പിക്കുന്നു. വിത്ത് മുളപ്പിക്കുന്നതും വളര്‍ത്തുന്നതും ഫലദായകമാക്കുന്നതും ദൈവമാണ്. പുഷ്പങ്ങള്‍ക്ക് സൗന്ദര്യവും സുഗന്ധവും നല്കുന്നതും ദൈവം. ഒട്ടും വിലമതിക്കാത്ത ചെറിയ പക്ഷികളുടെ ഭക്ഷണത്തിലും നിലനില്പിലും മക്കളുടെ ഓരോ മുടിയിഴയിലും ദൈവത്തിന് ശ്രദ്ധയുണ്ട്.

എല്ലാ നന്മയുടെയും ഉടയവനും ദാതാവും(1 പത്രോ. 5:10) എപ്പോഴും തന്നോടൊപ്പമുണ്ടായിരുന്നവനുമായ ദൈവവുമായി യേശു നിരന്തരം ബന്ധത്തിലായിരുന്നു. നാമോരോരുത്തര്‍ക്കും ഇത്തരം ബന്ധമുണ്ടായിരിക്കണമെന്ന് (ലൂക്കാ 11, 2), ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുക (ലൂക്കാ 4: 18-20)എന്ന യേശുവിന്‍റെ ദൗത്യം നമ്മള്‍ ഏറ്റെടുക്കണമെന്നുമാണ് യേശു തീവ്രമായി ആഗ്രഹിക്കുന്നത്.

ദൈവവുമായി നേരിട്ടും വ്യക്തിപരവുമായ ബന്ധമാണല്ലോ ആദ്ധ്യാത്മിക ജീവിതത്തിന്‍റെ കാതല്‍. കാള്‍ റാനറുടെ സാക്ഷ്യം ശ്രദ്ധിക്കാം. "ദൈവവുമായി ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ദൈവത്തെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ദൈവത്തെ നേരിട്ടനുഭവിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് പൂര്‍ണമായി ഗ്രഹിക്കാനാവാത്ത ദൈവമെന്ന മഹാരഹസ്യം തൊട്ടടുത്തുണ്ട്. ദൈവവുമായി സംഭാഷണത്തിലേര്‍പ്പെടുവാന്‍ നമുക്കു സാധിക്കും. ഇതുതന്നെയായിരുന്നല്ലോ വി. കൊച്ചുത്രേസ്യായുടെയും അനുഭവം. ദൈവം തന്നോടു സംസാരിച്ചു എന്ന് വി. ജോവാന്‍ ഓഫ് ആര്‍ക്ക് വ്യക്തമായി സാക്ഷ്യപ്പെടുത്തി. ഒരു സ്കൂള്‍മാസ്റ്റര്‍ വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്നതുപോലെ ദൈവം തന്നെ പഠിപ്പിച്ചെന്ന് വി. ഇഗ്നേഷ്യസ് ലയോള കരുതി.

പ്രവാചകന്മാര്‍ വിലപിച്ചതുപോലെ, ദൈവത്തെപ്പറ്റിയുള്ള ദുഃഖകരമായ അജ്ഞതയും ദൈവനിഷേധവും നിലവിലുണ്ട്. തത്ഫലമായി സുലഭമായ ജീവജലം ഉപേക്ഷിച്ച് ദാഹാര്‍ത്തരായി ദൈവജനം അലഞ്ഞുതിരിഞ്ഞ് ഭിക്ഷാടനം നടത്തുന്നു.

"ദൈവത്തിന് മോശയുമായി നേരിട്ടു ബന്ധമുണ്ടായിരുന്നതുപോലെ, നാമോരോരുത്തരുമായി ബന്ധത്തിലായിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ആദവുമായി ദൈവം സംസാരിച്ചു എന്നതിനര്‍ത്ഥം ദൈവം മനുഷ്യകുടുംബവുമായി സംവദിച്ചു എന്നാണ്. ദൈവത്തിന്‍റെ സാദൃശ്യത്തിലും ഛായയിലും നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിനര്‍ത്ഥം ദൈവവുമായി നമുക്ക് സംഭാഷണത്തിലേര്‍പ്പെടാന്‍ സാധിക്കുമെന്നാണ്." (ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍).

വി. കാര്‍ഡിനല്‍ ന്യൂമാന്‍റെ വീക്ഷണത്തില്‍ മനുഷ്യനും ദൈവത്തിനുമിടയില്‍ വരാന്‍ യാതൊരുവിധ പ്രതിമയ്ക്കും ഭക്തകാര്യത്തിനും... എന്തിന്, വിശുദ്ധയായ പരി. കന്യാമറിയത്തിനുപോലും കത്തോലിക്കാസഭ അനുവാദം നല്കുന്നില്ല." "ദൈവം തന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നതിനാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് പ്രാര്‍ത്ഥിക്കുമെന്ന്  പറയുന്നില്ല" (യോഹ. 16: 26-27) എന്ന് ക്രിസ്തുനാഥന്‍. ദൈവം ഓരോരുത്തരെയും നിരുപാധികമായി സ്നേഹിക്കുന്നെന്നും ഏവര്‍ക്കുംവേണ്ടി കാത്തിരിക്കുകയാണെന്നുമറിഞ്ഞാല്‍ പ്രാര്‍ത്ഥിക്കുന്നയാളിന്‍റെ ഹൃദയം പുളകിതമാകാതിരിക്കുമോ? ചുണ്ടില്‍ പുഞ്ചിരി വിരിയാതിരിക്കുമോ?

കാള്‍ റാനര്‍ കരുതുന്നത് ക്രിസ്ത്യാനി ഒരു മിസ്റ്റിക്ക് ആയിരിക്കണമെന്നാണ്. ദൈവവുമായി അടുത്ത ബന്ധമുള്ളവനാണല്ലോ മിസ്റ്റിക്ക്. കാലഘട്ടത്തിന്‍റെ നീറുന്ന പ്രശ്നങ്ങളോട് സര്‍ഗാത്മകമായി പ്രതികരിക്കുന്നതിന്, നല്ല ശിക്ഷണവും പരിശീലനവും ലഭിച്ച ധാര്‍മ്മികവ്യക്തികളാകേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുമ്പോള്‍ ഹെന്‍റി ന്യൂമാന്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യമിതാണ്: "നമ്മള്‍ ദൈവത്തിന്‍റെ സ്വന്തമാണോ? ദൈവത്തിന്‍റെ സന്നിധിയില്‍ വ്യാപരിക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്നവരാണോ? മനുഷ്യനായി ജീവിച്ച യേശുവിനെ അടുത്തറിയുന്നവരും ദൈവത്തിന്‍റെ നന്മ രുചിച്ചറിഞ്ഞവരുമാണോ?"

എവിടെയാണ് ദൈവം? ചില പ്രത്യേക ഇടങ്ങളിലാണ് ദൈവം എന്നു കരുതുന്നത് ശരിയല്ല. അരൂപിയായ ദൈവം സര്‍വ്വവ്യാപിയാണ്. എവിടെയും പൂര്‍ണമായുണ്ട്. പ്രത്യേകിച്ചും, ടാഗോര്‍ പറയുന്നതുപോലെ. കൃഷിഭൂമി ഉഴുതു മറിക്കുന്നവരോടൊപ്പം, പാറപൊട്ടിച്ച് വഴി വെട്ടുന്നവരോടൊപ്പം, ആരോരുമില്ലാതെ വഴിയോരങ്ങളില്‍ നിസ്സഹായരായി കഴിയുന്ന പാവപ്പെട്ടവരോടൊപ്പം, പീഡിതരും നിസ്സാരവത്കരിക്കപ്പെട്ടവരുമായവരോടൊപ്പം.

അകലെയല്ല ദൈവം, നാം ദൈവത്തിലാണ്(നടപടി 17;28). മത്സ്യം ജലത്താലെന്നപോലെ നാം ദൈവത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. നാം ദൈവത്തിന്‍റെ സ്നേഹവലയത്തിലാണ്. ആലിംഗനത്തിലാണ്. "ദൈവം എന്നെ പൊതിയുന്ന വസ്ത്രമാണെന്നാണ്" നോര്‍വിച്ചിലെ ജൂലിയന്‍ പറയുന്നത്. "ഞാന്‍ എന്നോടെന്നതിനേക്കാള്‍ ദൈവം എനിക്ക് സമീപസ്ഥനാണ്ണ്" Eckhart "ദൈവം അന്തരീക്ഷം പോലെ വ്യാപകവും അനുഭവവേദ്യവുമാണെന്ന്" Telhand de Charlin. ദൈവത്തെ ആരാധിക്കേണ്ടത് ആത്മാവിലും സത്യത്തിലുമാണ്. ദൈവം ആവശ്യപ്പെടുന്നത് കരുണയാണ്, ബലിയല്ല.

നിശ്ശബ്ദതയില്‍ ശാന്തമായിരുന്ന് ദൈവത്തിന്‍റെ മാതൃതുല്യമായ നിരുപാധിക പിതൃസ്നേഹവും കരുണയും കരുതലുമൊക്കെ അനുഭവിച്ച് (സങ്കീ. 46:10; യോഹ. 17:3) ദൈവത്തെപ്പോലെ കരുണയുള്ളവരായിരിക്കാനാണല്ലോ (ലൂക്കാ 6.36) യേശു നമ്മോട് ആവശ്യപ്പെടുന്നത്. എല്ലാ ദുഃഖങ്ങളിലും നമ്മെ സമാശ്വസിപ്പിക്കുന്നവനാണ് ദൈവം( 2 കോറി. 1:3).

ഏറ്റവും ആവശ്യമായ പിതാവ്, പുത്രന്‍/പുത്രി എന്ന ദൈവാനുഭവം ഇല്ലാതെ പോകുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്. വിശ്വാസക്കുറവ്, ആദ്ധ്യാത്മികകാര്യങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലായ്മ, സ്വാര്‍ത്ഥത, സുഖസൗകര്യങ്ങള്‍ക്ക് അടിമയാകുന്നത്, പ്രാര്‍ത്ഥന വെറും യാന്ത്രികവും വാചികവും, ധ്യാനം വെറും വിചിന്തനവുമാകുന്നത്. താത്കാലിക തൃപ്തിയും സുരക്ഷിതത്വവും നല്കുന്ന ഭക്തകൃത്യങ്ങള്‍ക്കപ്പുറം പോകാനുള്ള വിമുഖത.

മാറ്റേണ്ടതു മാറ്റാനും കൂടുതല്‍ നല്ലത് സ്വീകരിക്കാനും ഉള്ള സ്വാതന്ത്ര്യവും ഉത്സാഹവും ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കത്യാവശ്യമാണ്. ഇങ്ങനെയുള്ള മാറ്റങ്ങളിലൂടെ ദൈവത്തെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട അപ്പച്ചാ എന്നു വിളിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ. കാരുണ്യവര്‍ഷം ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും വ്യക്തിപരമായി അനുഭവിച്ചറിയാന്‍ ആരംഭം കുറിക്കട്ടെ. കരുണയുള്ള ദൈവത്തിന്‍റെ കരുണയുള്ള മക്കളാകുവാനും.  

You can share this post!

'അറിവി'നെ പൊളിച്ചെഴുതുക

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts