ശിശുസംരംക്ഷണം സ്റ്റെയിറ്റിന്‍റെ കടമയായിരിക്കുമെന്നു പറഞ്ഞല്ലോ. ശിശുക്കളെ അരോഗദൃഢഗാത്രരായ പൗരന്മാരായി വളര്‍ത്തികൊണ്ടുവരേണ്ടത് സ്റ്റെയിറ്റാണ്. ഇരുപതു വയസ്സുവരെ വിദ്യാഭ്യാസം നല്കണം. കായികപരിശീലനം, സംഗീതം തുടങ്ങിയവയായിരിക്കണം വിദ്യാഭ്യാസത്തില്‍ മുന്‍ഗണന. ശരീരത്തിന്‍റെ വികസനത്തിന് കായികപരിശീലനം എന്നപോലെ സംഗീതം മനസ്സിന്‍റെ വികസനത്തിന് പ്രയോജനപ്പെടും. ഇത് വിവരിക്കുമ്പോള്‍ പ്ലേറ്റോ ഇത്രയും കൂടി പറയുന്നു. ആത്മാവില്‍ സംഗീതമില്ലാത്തവനെ വിശ്വസിക്കാന്‍ കൊള്ളില്ല. (The man that no music in his soul is not to be trusted) അത്തരക്കാരുടെ മനസ്സ് മുടന്ത് പിടിച്ചതായിരിക്കും. അവര്‍ക്ക് ശരി തെറ്റുകള്‍ വ്യവഛേദിക്കാനുള്ള കഴിവ് നഷ്ടമായിരിക്കും. ഈ ലോകം ശിഥിലമായി പോകാതെ നിലനില്‍ക്കുന്നത് സംഗീതത്തിന്‍റെ അന്തര്‍ധാര ഒന്നുകൊണ്ടുമാത്രമാണ. ഈ പ്രപഞ്ചത്തിന്‍റെ ആത്മാവുതന്നെ ശുദ്ധസംഗീതമാണെന്നാണ് പ്ലേറ്റോ പറയുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഒരേ വിദ്യാലയത്തില്‍ തന്നെ ഒരേ പാഠ്യപദ്ധതി പ്രകാരം പഠിപ്പിക്കണമെന്നാണ് പ്ലേറ്റോ നിര്‍ദ്ദേശിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് കളിച്ചുവളരണമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. കായികപരിശീലനത്തിനും മറ്റും ആണ്‍കുട്ടികളെന്നപ്പോലെ പെണ്‍കുട്ടികളും അവരുടെ മേല്‍വസ്ത്രങ്ങള്‍ ഊരിക്കളയുന്നതില്‍ പ്ലേറ്റോ ഒരു തെറ്റും കാണുന്നില്ല. വസ്ത്രധാരണം കൊണ്ട് മറക്കേണ്ട ലജ്ജയൊന്നും റിപ്പബ്ലിക്കിലെ ആദര്‍ശപൗരസഞ്ചയത്തിനില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. മനുഷ്യശരീരത്തിന്‍റെ ഭിന്നാവയവങ്ങള്‍ അതു സ്ത്രീയുടേതായാലും പുരുഷന്‍റേതായാലും പരസ്പരം മറച്ചുപിടിക്കുന്നത് വിഡ്ഢിത്തമത്രെ. റിപ്പബ്ലിക്കിലെ പൗരന്മാരുടെ വസ്ത്രം അവരുടെ സ്വഭാവ മഹിമകളായിരിക്കണം. മറ്റു കൃത്രിമ വസ്ത്രങ്ങള്‍ ആവശ്യാനുസരണം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പഠനം ഒരു രസകരമായ കര്‍മ്മപദ്ധതിയാകണം. അതൊരിക്കലും പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഒരു പീഡനമാകരുത്. ഇരുപതു വയസ്സുവരെയുള്ള നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുശേഷം ഒരു തരംതിരിവു നടത്തണം. മുകളിലേക്കുള്ള വിദ്യാഭ്യാസത്തിനു യോഗ്യരല്ലെന്നു കാണുന്നവരെ കൃഷി, വ്യാപാരം, കൈത്തൊഴിലുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിയെടുക്കാന്‍ സജ്ജരാക്കി അതിനാവശ്യമായ പരിശീലനം നല്കി നിയോഗിക്കണം. ഒരു ഭരണകൂടത്തിന്‍റെ അടിസ്ഥാനശില ഈ വിഭാഗം ആളുകളായിരിക്കും.
ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യരായി പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടര്‍ന്നുള്ള പത്തുവര്‍ഷക്കാലം ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ പരിശീലനം നല്‍കണം. മുപ്പതുവയസ്സു വരെയുള്ള ഈ പഠനത്തെ തുടര്‍ന്ന് ഒരു പരീക്ഷ ഏര്‍പ്പെടുത്തണം. ഈ പരീക്ഷയില്‍ ഒരു വേര്‍തിരിവ് നടത്തണം. ഈ പരീക്ഷയില്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരും തമ്മില്‍ ഒരു വേര്‍തിരിവ് നടത്തണം. തോല്‍ക്കുന്നവരെ സൈനിക ജോലിക്കായി നിയോഗിക്കണം. ഇവരായിരിക്കും സ്റ്റെയിറ്റ് അഥവാ ഭരണകൂടത്തിന്‍റെ രക്ഷാപുരുഷന്മാര്‍. പ്ലേറ്റോ യുദ്ധങ്ങളെ അനുകൂലിച്ചില്ലെങ്കിലും സൈനികരുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. ബാഹ്യമായ അക്രമങ്ങളെ അമര്‍ച്ച ചെയ്യാനുള്ള സമര്‍ത്ഥമായ തന്ത്രം അക്രമിയെ ഭയപ്പെടുത്തി അകറ്റി നിര്‍ത്തുക എന്നതാണ്. തങ്ങളെക്കാള്‍ സുസജ്ജമായ സൈനികശക്തിയുള്ള ഒരു രാജ്യത്തെ അക്രമിച്ച് പരാജയം ഏറ്റുവാങ്ങാന്‍ സാധാരണ ഗതിയില്‍ ഒരു ഭരണാധികാരിയും തയ്യാറാവുകയില്ല എന്ന സാമാന്യ നിയമത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തന്നെ പ്രതിരോധം ലക്ഷ്യമാക്കിയുള്ള സൈന്യവത്ക്കരണത്തിന്‍റെ പ്രാധാന്യം പ്ലേറ്റോയുടെ റിപ്പബ്ലിക് ഊന്നിപ്പറയുന്നു. പരീക്ഷയില്‍ ജയം നേടിയ ന്യൂനപക്ഷത്തെ സമൂഹത്തിലെ ഉയര്‍ന്ന വിഭാഗമായി കണക്കാക്കണം. ഇവരെ തത്ത്വചിന്ത പഠിപ്പിക്കണം. ആദ്യം പറഞ്ഞ രണ്ടു വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മാനസിക വികാസം നേടിയ ഈ വിഭാഗമായിരിക്കണം ഭരണാധികാരം കയ്യാളേണ്ടത്. ഈ വിഭാഗത്തിന് പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങളില്‍ ഉപരി പരിശീലനം അമ്പതുവയസ്സു വരെ തുടരണം. അമ്പതുവയസ്സു കഴിഞ്ഞാല്‍ ദാര്‍ശനികനായ രാജാവ് (Philosopher King) എന്ന സ്ഥാനത്തിനിവരെ കണക്കാക്കാം. ഭരണാധികാരിയാകാന്‍ യോഗ്യത ദാര്‍ശനികനുമാത്രമാണ്. ഈ ആശയം വിശദീകരിച്ചുകൊണ്ട് പ്ലേറ്റോ ഇങ്ങനെ പറയുന്നു. തത്ത്വചിന്തകര്‍ ഭരണാധികാരികളാവുകയോ ഭരണാധികാരികള്‍ തത്ത്വചിന്തകരാവുകയോ ചെയ്യുന്നതുവരെ ലോകത്തിലെ ദുരിതങ്ങള്‍ക്കറുതി വരുകയില്ല. (Unless Philosophers become rulers or rulers studying philosophy there will be no end to the troubles of men) ഇതു വായിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ ചുറ്റുപാടും ഒന്നു കണ്ണേടിക്കുന്നത് നന്നായിരിക്കും. അല്പജ്ഞരും കുബുദ്ധികളുമായ ഭരണാധികാരികള്‍ തങ്ങളുടെ സ്വാര്‍ത്ഥപൂരണത്തിനായി നടത്തുന്ന ചെയ്തികളല്ലെ ഇന്നത്തെ മനുഷ്യദുരിതങ്ങളില്‍ ഏറിയ പങ്കും.
തത്ത്വചിന്തകന്‍ തന്നെ ഭരണാധികാരിയാകണമെന്നു പറയുന്ന പ്ലേറ്റോ തത്ത്വചിന്തകര്‍ മറ്റു സാധാരണ മനുഷ്യരില്‍നിന്ന് ഏതെല്ലാം തലങ്ങളില്‍ ഉയര്‍ന്നുനില്ക്കുന്നു എന്നത് വിശദീകരിക്കുന്നുണ്ട്. ഈ ലോകം എന്നത് ദൈവത്തിന്‍റെ പൂര്‍ണ്ണമായ ഒരാശയത്തിന്‍റെ അപൂര്‍ണ്ണമായ പകര്‍പ്പാണെന്ന സത്യം തത്ത്വചിന്തകര്‍ക്കേ മനസ്സിലാകൂ. പൂര്‍ണ്ണത എന്നത് ദൈവികമായ ആശയമാണ്. ഇതൊരു ജ്യോതിസ്സാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജീവിതത്തിന്‍റെ ദിവ്യരഹസ്യമാണിത്. സാധാരണ ജനങ്ങളുടെ മനസ്സാകുന്ന കണ്ണാടിയില്‍ ഈ ദിവ്യരഹസ്യം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ പ്രതിഫലിക്കുകയില്ല. സാധാരണക്കാരന്‍റെ മനസ്സാകുന്ന കണ്ണാടി പലതരത്തിലുള്ള ഭൗതിക പ്രതിഭാസങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട പൊടിയും ചെളിയും പിടിച്ചിരിക്കുന്നു. ജീവിതത്തിന്‍റെ ആത്യന്തിക യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുവാനുള്ള കഴിവ് ചെളിപിടിച്ച ആ കണ്ണാടിക്കില്ല. തത്ത്വചിന്തകനാവട്ടെ തന്‍റെ മനസ്സിന്‍റെ പ്രതലം സകല മാലിന്യങ്ങളില്‍ നിന്നും വെടിപ്പാക്കി സൂക്ഷിക്കുന്നു. അത്തരമൊരു പ്രതലത്തില്‍ ദൈവിക രഹസ്യങ്ങള്‍ അവയുടെ തനതുരൂപത്തില്‍ പ്രതിഫലിക്കുന്നു. അതുകൊണ്ടുതന്നെ ജനങ്ങളെ ഭരിക്കുക എന്ന കൃത്യം തത്ത്വചിന്തകന് അനായാസം സാധിക്കും. ഭരണാധികാരികള്‍, സൈനികര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ മൂന്നു തട്ടുകളായി വിഭജിക്കപ്പെട്ട പ്ലേറ്റോയുടെ ആദര്‍ശസമൂഹത്തില്‍ സ്വകാര്യസ്വത്തവകാശത്തിനു അനുവാദമില്ല. ഭരണാധികാരികളും ഉദ്യോഗസ്ഥരും പോലും പൊതുഭോജനശാലകളില്‍ നിന്നുവേണം ഭക്ഷണം കഴിക്കാന്‍. വ്യക്തിപരമായ ഉല്‍ക്കര്‍ഷേച്ഛകളോ സ്വാര്‍ത്ഥതാല്പര്യങ്ങളോ വ്യക്തികളെ തീണ്ടാനേ പാടില്ല. കൂട്ടായ അദ്ധ്വാനം, കൂട്ടായ ഉപഭോഗം. ഭരണാധികാരികള്‍ക്ക് ഒറ്റ ലക്ഷ്യമേ പാടുള്ളൂ. നീതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നുറപ്പു വരുത്തുക. പ്ലേറ്റോയുടെ ആദര്‍ശനഗരത്തിന്‍റെ കവാടത്തില്‍ ഇങ്ങനെ എഴുതി വെക്കാമെന്നു തോന്നുന്നു. ڇഇതാകുന്നു നീതിയുടെ നഗരം. ! ഇതൊക്കെയായാലും പ്ലേറ്റോയുടെ ഈ ആദര്‍ശനഗരത്തില്‍ കവികള്‍ക്കും കലാകാരന്മാര്‍ക്കും പ്രവേശനമില്ലെന്നതാണ് രസകരമായ വസ്തുത. ബഹുദൈവാരാധനയുടെയും കല്പിത കഥകളുടെയും ആശാനായ സാക്ഷാല്‍ ഹോമറിനെപ്പോലും റിപ്പബ്ലിക്കില്‍ നിന്നും ബഹിഷ്ക്കരിക്കണമെന്നാണ് ഈ സിദ്ധാന്തകേസരിയുടെ ശാഠ്യം. എലിയഡും ഒഡീസിയുമൊന്നും ജനങ്ങള്‍ക്ക് യാതൊരു ഗുണവും ചെയ്യാത്ത അവരുടെ അഭിരുചികളെ വഴിപിഴപ്പിക്കുന്ന പാഴ്വേലകളാണെന്നു പ്ലേറ്റോ നിരീക്ഷിക്കുന്നു.
മതവിശ്വാസത്തെ എല്ലാവിധ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാലിന്യങ്ങളില്‍നിന്നും ശുദ്ധീകരിക്കണമെന്നാണ് റിപ്പബ്ലിക്ക് നിര്‍ദ്ദേശിക്കുന്നത്. മനുഷ്യന്‍റെ യുക്തിക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത മതവിശ്വാസങ്ങളെ ബഹിഷ്ക്കരിച്ചേ മതിയാകൂ. മനുഷ്യര്‍ തമ്മില്‍ തമ്മിലുള്ള ഇടപാടുകള്‍ കഴിവതും നീതിപൂര്‍വ്വമാകണം. വ്യാപാരത്തിലും മറ്റും പൂര്‍ണ്ണമായ നീതിപാലിക്കാന്‍ കഴിയുമെന്നു പ്ലേറ്റോ കരുതുന്നില്ല. അതുകൊണ്ടുതന്നെ വ്യാപാരത്തെ രണ്ടാംകിട ജീവിതമാര്‍ഗ്ഗമായി അദ്ദേഹം കാണുന്നു. കുറ്റവാളികളോട് ദാക്ഷിണ്യപൂര്‍വ്വമാണ് പ്ലേറ്റോയുടെ സമീപനം. ശിക്ഷകളുടെ കാഠിന്യം കൂടുന്നതുകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്ലേറ്റോ കരുതുന്നില്ല. ഒരുവന്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് അവന്‍റെ അറിവു കുറവിന്‍റെ ഫലമാണ്. കുറ്റവാളിക്ക് ജയിലിലെ പീഡനമല്ല വിദ്യാലയത്തിലെ ശിക്ഷണമാണ് റിപ്പബ്ലിക്ക് നിര്‍ദ്ദേശിക്കുന്ന പരിഹാര മാര്‍ഗ്ഗം. തന്‍റെയും തന്‍റെ സഹജീവികളുടെയും താല്പര്യങ്ങള്‍ക്ക് കുറ്റകൃത്യങ്ങള്‍ പ്രതികൂലമാണെന്നും മനസ്സിലാക്കാന്‍ കഴിയാത്തതാണ് ഒരുവനെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഇത്തരക്കാരോട് അനുകമ്പ പ്രകടിപ്പിക്കാനാണ് പ്ലേറ്റോയുടെ ഉപദേശം.
ശാരീരികമോ മാനസികമോ ആയ തീരാരോഗങ്ങള്‍ ബാധിച്ചവരെ ചികിത്സിപ്പിച്ചു സുഖപ്പെടുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ ദയാവധത്തിനു വിധേയരാക്കുന്നതിന് റിപ്പബ്ലിക്കുകാരന് യോജിപ്പാണ്. ദീര്‍ഘിച്ചു നില്ക്കുന്ന രോഗാവസ്ഥയെക്കാള്‍ നല്ലത് മരണമാണെന്ന് പ്ലേറ്റോ കരുതുന്നു.
കവികള്‍ക്കുമാത്രമല്ല വക്കീലന്മാര്‍ക്കും പ്ലേറ്റോയുടെ ആദര്‍ശവ്യവസ്ഥയില്‍ യാതൊരു സ്ഥാനവുമില്ല. പൂര്‍ണ്ണമായ നിയമസാക്ഷരതയുള്ള ഒരു വ്യവസ്ഥയില്‍ വക്കീലിന്‍റെ ആവശ്യമെന്താണ്? വളരെ കുറച്ചു നിയമങ്ങള്‍ അവ തന്നെ സാധാരണ ജനങ്ങളുടെ വ്യാഖ്യാനത്തിനു വഴങ്ങുന്നവ. പിന്നെന്തിന് നിയമം വ്യാഖ്യാനിച്ചു കൊടുക്കാന്‍ മറ്റു വിദഗ്ദ്ധന്മാര്‍? നിയമത്തെകുറിച്ച് പ്ലേറ്റോ വളരെ ക്രാന്തദര്‍ശിയാണ്. അദ്ദേഹം ഭരണാധികാരികളെ താക്കീതു ചെയ്യുന്നത് ശ്രദ്ധിക്കുക. നിയമങ്ങളുടെ എണ്ണം എത്ര കണ്ട് കുറഞ്ഞിരിക്കുന്നോ അത്രകണ്ട് നിയമലംഘകരുടെ എണ്ണവും കുറയും.ഓരോ പുതിയ നിയമങ്ങളും പുതിയ ഒരു വിഭാഗം നിയമലംഘകരെ സൃഷ്ടിക്കുകയാണ്. പ്ലേറ്റോയുടെ ഈ നിരീക്ഷണം നമ്മുടെ സമകാലിക സമൂഹത്തിന്‍റെ കാര്യത്തിലും എത്രമാത്രം ശരിയാണെന്ന് നമുക്കു അനുഭവവേദ്യമാണല്ലോ.
ഗവണ്‍മെന്‍റിന്‍റെ മുഖ്യചുമതല ഭരണീയരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നതായിരിക്കണം. ക്ഷേമം എന്നതുകൊണ്ട് പ്ലേറ്റോ അര്‍ത്ഥമാക്കുന്നത് സൗന്ദര്യം, നീതി, സ്നേഹം ഇവയൊക്കെയാണ്. ഈ മൂന്നു വാക്കുകളാണ് പ്ലേറ്റോയുടെ തത്ത്വചിന്തയില്‍ കൂടെക്കൂടെ സമാനാര്‍ത്ഥത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പദങ്ങള്‍. നല്ല മനുഷ്യന്‍ സന്തോഷമുള്ള മനുഷ്യനായിരിക്കും. സന്തോഷമുള്ളവന് അനീതിയെ സഹിക്കാനാവുകയില്ല. അവന്‍ തന്നെയും തന്‍റെ സമൂഹത്തെയും സ്നേഹിക്കും. ഇതാണ് പ്ലേറ്റോയുടെ റിപ്പബ്ലിക്കിലെ ആദര്‍ശപൗരന്‍. ഈ ആദര്‍ശപൗരന്‍ സൗന്ദര്യത്തിന്‍റെ ആസ്വാദകന്‍ മാത്രമായിരിക്കില്ല, അതിന്‍റെ സൃഷ്ടാവുമായിരിക്കും. സൗന്ദര്യം സൃഷ്ടിക്കുന്നതിലൂടെ മനുഷ്യന്‍ മരണത്തിനു മറുപടി നല്കുകയാണ് എന്ന അഭിപ്രായമാണ് പ്ലേറ്റോയ്ക്കുണ്ടായിരുന്നത്. പ്ലേറ്റോയുടെ മതം സൗന്ദര്യത്തിന്‍റെ മതമായിരുന്നു. ആ മതത്തിന്‍റെ മഹാപുരോഹിതനായിരുന്നു തത്ത്വചിന്തയിലെ ഈ അതികായന്‍. ഈ മനുഷ്യന്‍ തന്‍റെ ദര്‍ശനങ്ങളാകുന്ന ഇഷ്ടികകള്‍ കൊണ്ട് ഒരു സങ്കല്പ നഗരം പടുത്തുയര്‍ത്തി. തന്‍റെ സങ്കല്പങ്ങള്‍ രൂപം കൊടുത്ത അതിമാനുഷന്മാരായിരുന്നു ആ നഗരത്തിലെ പ്രജകള്‍. മനുഷ്യഭാവനയില്‍ രുഢമൂലമായിരുന്ന സ്വര്‍ഗമെന്ന ആശയത്തെ ഭൂമിയിലേക്ക് ഇറക്കി കൊണ്ടുവരുവാന്‍ പരിശ്രമിച്ച തത്ത്വചിന്തകന്മാരുടെ പരമ്പരയിലെ ആദ്യകണ്ണിയായിരുന്നു പ്ലേറ്റോ.
ഒരു സ്വപ്നത്തിന്‍റെ നിര്‍മ്മിതി കൊണ്ടുമാത്രം തൃപ്തിപ്പെടുന്നതായിരുന്നില്ല പ്ലേറ്റോയുടെ ദാര്‍ശനിക പ്രതിഭ. തന്‍റെ സിദ്ധാന്തങ്ങള്‍ പ്രയോഗത്തിലാക്കാന്‍ വഴിതേടുന്ന പേറ്റോ സിറാക്കൂസിലെ ഡയനേഷ്യസ് രാജാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. എങ്ങനെയാണ് ബുദ്ധിമാനായ ഒരു ഭരണാധികാരി ഭരിക്കേണ്ടതെന്ന് രാജാവിനെ പഠിപ്പിച്ചു കൊടുക്കുവാന്‍ പ്ലേറ്റോ ശ്രമിക്കാതിരുന്നില്ല. പക്ഷെ ഇയാള്‍ വെറുമൊരു രാജാവു മാത്രമായിരുന്നു. തത്ത്വചിന്തകനായിരുന്നില്ല. തത്ത്വചിന്തകനായ ഭരണാധികാരി എന്ന പ്ലേറ്റോയുടെ സ്വപ്നം ഇനിയും പൂവണിഞ്ഞിട്ടില്ലെന്ന് നമുക്കറിയാം. പ്ലേറ്റോയുടെ ചില ആശയങ്ങള്‍ കേട്ട മാത്രയില്‍ തന്നെ രാജാവ് ഞെട്ടിപ്പോയി. തലയില്‍ ഇത്തരം ആശയങ്ങള്‍ ചുമന്നു നടക്കുന്ന ഒരു മനുഷ്യനെ കൊല്ലാതെ വിടുന്നത് അപകടമാണെന്ന് രാജാവിനു തോന്നി. പക്ഷെ ആരുടെയോ ഭാഗ്യം ! രാജാവ് പ്ലേറ്റോയെ വധിച്ചില്ല. തടവറയിലാക്കി. രാജാവിനെ ദാര്‍ശനിക ഭരണാധികാരിയാക്കാന്‍ പോയ പ്ലേറ്റോയ്ക്ക് തന്‍റെ ദര്‍ശനങ്ങളുടെ അടിമയായി ജയിലഴികളെണ്ണി കാലം കഴിക്കേണ്ടി വന്നു. തന്‍റെ മക്കളെ പഠിപ്പിക്കാനാണ് രാജാവ് പ്ലേറ്റോയെ കൊട്ടാരത്തില്‍ വരുത്തിയത്. തടവറയാണ് പ്ലേറ്റോയ്ക്ക് പറ്റിയ സ്ഥലം എന്ന രാജാവിന്‍റെ തോന്നലിന് ക്രമേണ അയവു വന്നു. രാജാവ് അദ്ദേഹത്തെ ജയില്‍ വിമുക്തനാക്കി തന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ കടത്തിവിട്ടു.
പ്ലേറ്റോ തന്‍റെ ജന്മനാടായ ഏതന്‍സില്‍ തിരിച്ചെത്തി. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ഡയനീഷ്യസ് രാജാവിന് താന്‍ പ്ലേറ്റോയോട് ചെയ്തത് അതിക്രമമാണെന്ന് തോന്നുകയുണ്ടായി. രാജാവ് ഒരു മാപ്പപേക്ഷ കൊടുത്തയച്ചു. അതിന് കൊടുത്തയച്ച മറുപടിയില്‍ പ്ലേറ്റോ ഇങ്ങനെ എഴുതി. ഞാന്‍ എന്‍റെ ചിന്തകളുമായി സല്ലപിക്കുന്ന തിരക്കിലായിരുന്നു. അതിനിടയില്‍ രാജാവിന്‍റെ അതിക്രമങ്ങളെ കുറിച്ച് ചിന്തിച്ചു പാഴാക്കാന്‍ എന്‍റെ പക്കല്‍ തീരെ സമയമില്ലായിരുന്നു. അതായിരുന്നു പ്ലേറ്റോ. പ്ലേറ്റോയുടെ പ്രമുഖ കൃതികള്‍ - റിപ്പബ്ലിക്ക്, സിംപോസിയം. The Story of Western Philosopy എന്ന ഗ്രന്ഥത്തില്‍ വില്‍ഡുറാന്‍റ് പ്ലേറ്റോയുടെ ദാര്‍ശനിക ഔന്നിത്യം ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു. നീഷെയുടെ സൂപ്പര്‍മാനും, മാര്‍ക്സിന്‍റെ കമ്മ്യൂണിസവും റൂസ്സോയടെ പ്രകൃതി സ്നേഹവും ഫ്രോയ്ഡിന്‍റെ സൈക്കോ അനാലിസിസും പ്ലേറ്റോയുടെ റിപ്പബ്ലിക്കില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പാശ്ചാത്യതത്ത്വശാസ്ത്രമാകെ പ്ലേറ്റോയുടെ പുസ്തകങ്ങളുടെ അടിക്കുറിപ്പുകളാണെന്നാണ് വൈറ്റ് ഹെഡ് നിരീക്ഷിച്ചിരിക്കുന്നത്.