യേശുവിന്‍റേതായി പറയപ്പെടുന്ന ആദ്യത്തെ വചനപ്രഘോഷണം മാര്‍ക്കോസിന്‍റെ സുവിശേഷം ഒന്നാം അധ്യായം പതിനഞ്ചാം വാക്യമാണ്. 'അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍' സമയത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ സമീപസ്ഥമായ ദൈവരാജ്യത്തെക്കുറിച്ച് വിളിച്ചുപറഞ്ഞ് അനുതപിച്ച് വിശ്വസിക്കാനായി ആളുകളെ ക്ഷണിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ പ്രഭാഷണം.
വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് നസ്രായന്‍ സംസാരിച്ചുതുടങ്ങുകയാണ്. 'സ്വര്‍ഗ്ഗരാജ്യം...' തന്‍റെ പിതാവിന്‍റെ സ്നേഹസാമ്രാജ്യത്തെ എന്തിനോടുപമിക്കണം എന്നവന്‍ ആലോചിച്ചപ്പോള്‍ കുറച്ചകലെ മലഞ്ചെരിവില്‍ ഉഴുതുമറിച്ച മണ്ണില്‍ വിത്തെറിയുന്ന കര്‍ഷകനെ കാണുന്നു. അവന്‍ പറഞ്ഞുതുടങ്ങുന്നു. ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. മറ്റൊരിക്കല്‍ അവിടുന്ന് ഇങ്ങനെ പറഞ്ഞു, സ്വര്‍ഗ്ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്ക്കു തുല്യം. സ്വര്‍ഗ്ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശ്യം.
പിതാവിന്‍റെ സ്നേഹംകൊണ്ട് ഹൃദയം നിറഞ്ഞപ്പോള്‍ ആ സ്വര്‍ഗ്ഗീയാനുഭവത്തെ വാക്കുകളിലൂടെ കേള്‍വിക്കാരായ ആളുകളുടെ മനസ്സുകളിലേക്ക് വിളമ്പുകയായിരുന്നു ക്രിസ്തുവിന്‍റെ പ്രഭാഷണശൈലി. കേള്‍വിക്കാരുടെ മനസ്സിനെ തൊടാന്‍, അവരുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍, തനിക്ക് പറയാനുള്ളത് അവര്‍ക്ക് മനസിലാകുന്നവിധത്തില്‍ അവിടുന്ന് അവതരിപ്പിച്ചു. നിത്യജീവിതാനുഭവത്തില്‍നിന്ന് ധാരാളം ഉദാഹരണങ്ങള്‍ എടുത്തുചേര്‍ത്ത് തന്‍റെ സ്വര്‍ഗ്ഗരാജ്യാനുഭവത്തെ കേള്‍വിക്കാര്‍ക്കായി പകുത്തുനല്‍കി.
വി. ചാവറകുര്യാക്കോസ് ഏലിയാസച്ചന്‍ (1864) എഴുതിയ നാളാഗമങ്ങളില്‍ 'പടാര്‍ത്ഥ പറയുക' എന്നാണ് പഴയ മലയാളത്തില്‍ പള്ളിപ്രസംഗങ്ങളെ സൂചിപ്പിച്ചിട്ടുള്ളത്. കേരളസഭയില്‍ വി. ബലിമധ്യേ വചനപ്രഘോഷണത്തെ നിര്‍ബന്ധമാക്കുന്നതിനും ചാവറപ്പിതാവിന്‍റെ പങ്ക് വലുതായിരുന്നു. 'പ്രസംഗപീഠത്തിലെ സിംഹ'മെന്നാണ് അദ്ദേഹത്തെ അക്കാലത്തെ ആളുകള്‍ വിശേഷിപ്പിച്ചിരുന്നത്.
ഏശയ്യാ 52:7 ല്‍ 'സദ്വാര്‍ത്ത (സുവിശേഷം) അറിയിക്കുകയും സമാധാനം വിളമ്പരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും ചെയ്യുന്നവന്‍റെ പാദം (മലമുകളില്‍) എത്ര മനോഹരമാണ്' എന്ന് നാം വായിക്കുന്നു. സുവിശേഷം അറിയിക്കുന്നവരുടെ പാദങ്ങള്‍ മാത്രമല്ല, പദങ്ങളും മനോഹരമാകേണ്ടതുണ്ട്. ആര്‍ജവവും ആത്മാര്‍ത്ഥതയും നിറഞ്ഞ, ബലിയര്‍പ്പിക്കാനെത്തുന്ന വിശ്വാസികളോരോരുത്തരോടും നേരിട്ടു സംവദിക്കുന്ന ഒരു 'ഹൃദയഭാഷയാണ്' അത്. വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്തി നിത്യസനാതനസത്യങ്ങളെ വ്യാഖ്യാനിക്കാനും യുക്തിയെയും വിശ്വാസത്തെയും ഒരുപോലെ ബന്ധിപ്പിക്കാനും ആ ഭാഷാശൈലിക്ക് സാധിക്കേണ്ടതുണ്ട്.
ഓരോ വയനയിലും പുതുമ നല്‍കുന്ന സുവിശേഷത്തിന്‍റെ പുതിയ അര്‍ത്ഥങ്ങളെയും അനുഭവത്തെയും പരിചയപ്പെടുത്താനും വചനത്തിന്‍റെ പുറംതോട് പൊട്ടിയ തിരുവചനത്തിന്‍റെ മാധുര്യം ആസ്വദിക്കാനും അത് കേള്‍വിക്കാരെ സഹായിക്കണം. സുവിശേഷങ്ങള്‍ ഒട്ടും പരിചയമില്ലാതിരുന്ന ഒരു പഴയതലമുറയോട് അവയിലെ കഥകള്‍ വീണ്ടും വിടര്‍ത്തി പരത്തി പറയുന്ന ശീലങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായിട്ടുണ്ട്. ബൈബിള്‍ ഓരോ വീട്ടിലും ഇന്ന് സംലഭ്യമാണ്. അതുകൊണ്ട് കഥകള്‍ ആവര്‍ത്തിച്ചു പറയുന്നതിനേക്കാള്‍ വചനത്തിന്‍റെ പുതിയ അര്‍ത്ഥതലങ്ങളെയും സാധ്യതകളെയും ആധുനികനായ മനുഷ്യന്‍റെ ജീവിതാവസ്ഥകളില്‍ ഊര്‍ജ്ജം പകരുംവിധം പകുത്ത് വിളമ്പുന്നതാകണം നമ്മുടെ വചനപ്രഘോഷണം. വചനസന്ദേശത്തിന്‍റെ ഭാഷയിലും കാതലായ മാറ്റം ആവശ്യമാണ്. വചനത്തിന്‍റെ പുതിയ കാഴ്ചകളിലേക്ക് അത് കൈപിടിച്ചുകൊണ്ടുപോകണം. വിശ്വാസം നിത്യജീവിതത്തില്‍ 24 x 7 ജീവിക്കാനുതകുന്ന വെളിച്ചങ്ങളും ബോധ്യങ്ങളില്‍ ഭാഷയിലൂടെ നല്‍കാന്‍ കഴിയണം.
അനുഷ്ഠാനപരതയുടെ പഴയ ശൈലീവത്കരണത്തിനപ്പുറത്ത് ദൈവം തോളില്‍ത്തട്ടി സാന്ത്വനിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന, കണ്ണീരൊപ്പുന്ന കരുണാനുഭവമാകണം വചനവ്യാഖ്യാനത്തിന്‍റെ ഭാവവും ഭാഷയും വിശ്വാസികള്‍ക്ക് നല്‍കേണ്ടത്. ജീവിതത്തിന്‍റെ വ്യഗ്രതകളില്‍ താളംതെറ്റി മനസ്സുതളര്‍ന്നും കണ്ണുനിറഞ്ഞും ഭാരമുള്ള മനസ്സുമായി ദേവാലയത്തിലെത്തുന്ന വിശ്വാസികള്‍ക്ക് സാന്ത്വനത്തിന്‍റെ വചസ്സുകളായി വചനവ്യാഖ്യാനങ്ങള്‍ മാറണം. ഭയപ്പെടുത്തുന്ന, അട്ടഹസിക്കുന്ന, പരിഹസിക്കുന്ന, പരാതിപ്പെടുന്ന, കോപിക്കുന്ന, കുറ്റപ്പെടുത്തുന്ന, പിരിവ് കണക്കും കാര്യങ്ങളും മാത്രം വിളിച്ചുപറയുന്ന ഒരു ശൈലി ഒരിക്കലും ക്രിസ്തുവിന്‍റെ ശൈലിയല്ല. പാപം, നീതി, ന്യായവിധി തുടങ്ങിയ കാര്യങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കി ക്രിസ്തുവിന്‍റെ ക്ഷമയുടെയും കാരുണ്യത്തിന്‍റെയും വാതില്‍ കൊട്ടി അടയ്ക്കരുത്.
പ്രഭാഷണശൈലി കവലപ്രസംഗത്തിന്‍റെയോ മറ്റ് രാഷ്ട്രീയ പ്രഭാഷകരെയോ അനുകരിക്കുന്നതാകരുത്. ആവശ്യത്തിന് ശക്തിയും ഊര്‍ജ്ജവും വ്യക്തതയും 'ഊന്നലും' സംസാരത്തിന്‍റെ ഉയര്‍ച്ചതാഴ്ചകളും ക്രമീകരണങ്ങളും ഉണ്ടാകുമ്പോഴും അത് അലര്‍ച്ചയായി മാറരുത്. എത്ര ഉച്ചത്തില്‍ പറയുന്നു എന്നതല്ല ഒരു നല്ല പ്രഭാഷണത്തിന്‍റെ മാനദണ്ഡം. പ്രസംഗത്തിന്‍റെ പറച്ചില്‍ രീതികളേക്കാള്‍ എന്തു പറഞ്ഞു എന്നതാണ് പ്രധാനം. അതാകട്ടെ വിശ്വാസികളുടെ ഹൃദയത്തെ തൊടാനാകുംവിധം അവതരിപ്പിക്കുമ്പോഴാണ് വചനം പങ്കുവയ്ക്കുന്നത് അനുഭവമായി മാറുന്നത്. നിത്യജീവിതത്തിലെ നേര്‍ക്കാഴ്ചകളിലേക്ക് വിരല്‍ചൂണ്ടി നസ്രത്തുകാരനായ യേശു പറഞ്ഞതുടങ്ങിയതാണ് വചനപ്രഘോഷണത്തിലെ ഏറ്റവും ഉദാത്തമായ മാതൃക. തിരുത്തലുകള്‍ ആവശ്യമുള്ളപ്പോഴും മറ്റുള്ളവരെ ബോധ്യങ്ങളിലേക്ക് നയിക്കുന്നതിലാകണം ശ്രദ്ധിക്കേണ്ടത്. ഒരാളുടെ ഭാഷ അയാളുടെ വ്യക്തിത്വത്തിന്‍റെ പ്രകാശനമാകയാല്‍ അള്‍ത്താരയില്‍നിന്ന് അതിനിണങ്ങുന്ന ഭാഷയും ശൈലിയും ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. അല്പനേരത്തെ കൈയ്യടി കിട്ടാനായി തരംതാണ ഫലിതങ്ങളും ശൈലികളും ഉപയോഗിക്കുന്ന ശീലങ്ങളും മാറ്റേണ്ടതുണ്ട്. ക്രിസ്തുവിന്‍റെ ഭാഷ ഹൃദയഭാഷയാണ്. അത് സന്ദേശവും സന്ദേശവാഹകരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴമനുസരിച്ചാണ് കൂടുതല്‍ ഹൃദ്യമാകുന്നത്. പറയാനുള്ള കാര്യങ്ങളെക്കുറിച്ച് വചനസന്ദേശത്തെക്കുറിച്ച് നേരത്തെ ഒരുങ്ങി വായിച്ച്, ധ്യാനിച്ച്, പ്രാര്‍ത്ഥിച്ച് സന്ദേശത്തിനണയുമ്പോള്‍ പ്രഭാഷണത്തില്‍ മാറ്റം സംഭവിക്കും. ഭാഷ നന്നാകും. ജനങ്ങളുടെ ഹൃദയത്തെ തൊടാന്‍ ആത്മാവിന്‍റെ ശക്തിയും ചൈതന്യവും ലഭിക്കും എന്നും തീര്‍ച്ചയാണ്. പറയുന്നവന്‍റെ കഴിവിനപ്പുറം പങ്കുവയ്ക്കുന്ന 'സന്ദേശം' വളരുമ്പോഴാണ് ദൈവകൃപയുടെ അനുഭവമായി അത് കേഴ്വിക്കാരന്‍റെ മനസ്സിനെ നനയ്ക്കുന്നത്. ഹൃദയംകൊണ്ട്, ഹൃദയത്തെതൊട്ടു കഴിഞ്ഞാല്‍പ്പിന്നെ എല്ലാം എളുപ്പമായി. നമ്മുടെ വലിയ ഒച്ചയിലുള്ള പ്രഭാഷണവേദികളില്‍നിന്ന് അല്പമൊന്നു കുതറിമാറി ശരിക്കൊന്ന് കാതോര്‍ത്താല്‍ കേള്‍ക്കാം അങ്ങകലെ ഒരു നസ്രായനായ യേശു പഠിപ്പിച്ചു തുടങ്ങുന്നതിന്‍റെ നേര്‍ത്ത ഹൃദ്യമായ സ്വരം... അവന്‍ പഠിപ്പിച്ചുതുടങ്ങി, കാക്കകളെ നോക്കുവിന്‍ അവ കൊയ്യുന്നില്ല, വിളവെടുക്കുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നില്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ മാത്രമല്ല പദങ്ങളും സുന്ദരമായിരിക്കട്ടെ.