ദൈവത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്‍റെ കണ്ടെത്തല്‍ ഇപ്രകാരമാണ്. ദൈവം ഈ പ്രപഞ്ച സ്രഷ്ടാവല്ല, പിന്നെയോ കാരണമാണ്. ഈ പ്രപഞ്ചത്തിന്‍റെ ചലനത്തിനു പിന്നിലെ ആദികാരണമാണ് ദൈവം (prime mover). ഒരു സ്രഷ്ടാവ് ഒരു സ്വപ്നദര്‍ശിയായിരിക്കും. സ്വപ്നദര്‍ശി എപ്പോഴും അസന്തുഷ്ടനായിരിക്കും. അത്തരമൊരു വ്യക്തിത്വം ദൈവത്തില്‍ ആരോപിക്കുക അസാദ്ധ്യം. സ്വപ്നദര്‍ശിക്ക് ഒരു പൂര്‍ണ്ണസ്വത്വം ആയിരിക്കുക സാധ്യമല്ല. പൂര്‍ണ്ണതയെ ലക്ഷ്യമാക്കുന്ന അപൂര്‍ണ്ണ സ്വത്വം എന്ന വിശേഷണം ദൈവത്തിനു ചേരുകയില്ല. ഇതൊക്കെ ദൈവം ഒഴികെയുള്ള പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങളുടെ സ്വഭാവവിശേഷണമാണ്. ദൈവം പൂര്‍ണ്ണതയാണ്. പൂര്‍ണ്ണമായ യാതൊരു സത്യത്തിനും അസ്തിത്വം സാധ്യമല്ല. അതുകൊണ്ടാണ് ദൈവം സ്രഷ്ടാവല്ല, ആദികാരണമാണെന്ന് പറയുന്നത്.
ആദികാരണം അഥവാ പ്രൈം മൂവര്‍ എന്നാലെന്താണ്? അരിസ്റ്റോട്ടില്‍ ഈ ചോദ്യത്തിന് ഇങ്ങനെ മറുപടി പറയുന്നു. ഈ പ്രപഞ്ചത്തെ ചലിപ്പിക്കുന്ന സത്തയത്രേ ദൈവം. (unmoved mover of the universe). മറ്റൊന്നും അങ്ങനെയല്ല. എങ്ങനെയെന്നാല്‍ കലപ്പകൊണ്ടു നിലം ഉഴുന്നു. ഇവിടെ കലപ്പയെ ചലിപ്പിക്കുന്നത് അതില്‍ പിടിച്ചിരിക്കുന്ന കൈയാണത്രെ. കൈയുടെ ചലനം അതിന്‍റെ ഉടമസ്ഥന്‍റെ മസ്തിഷ്കത്തില്‍ നിന്നു ലഭിക്കുന്ന ഉത്തരവിനെ ആശ്രയിച്ചിരിക്കുന്നു. മസ്തിഷ്ക്കത്തിന്‍റെ ചലനമാകട്ടെ അതിന്‍റെ നിലനില്പിനാവശ്യമായ ഭക്ഷണസമ്പാദനം എന്ന ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. മസ്തിഷ്ക്കത്തിന്‍റെ ഭക്ഷണാഭിനിവേശം ആകട്ടെ അടിസ്ഥാനപരമായി ജീവിതകാമനയെ ആശ്രയിച്ചിരിക്കുന്നു. ഈ ഉദാഹരണത്തില്‍ ജീവിതകാമനയാണ് അടിസ്ഥാനകാരണം അഥവാ പ്രൈം മൂവര്‍. ഇതര ജീവിതവ്യാപാരങ്ങളുമായി ബന്ധപ്പെട്ട ജീവിതചലനങ്ങളത്രയും നിരീക്ഷിച്ചാല്‍ ഇതു ബോധ്യമാകും. നമ്മള്‍ ചുറ്റുപാടും കാണുന്ന ഓരോ ചലനവും അതിനെക്കാള്‍ ശക്തമായ മറ്റൊരു ചലനത്തിന്‍റെ അനന്തരഫലമാണ്. അടിമ-ഉടമ ബന്ധത്തോടു ബന്ധപ്പെടുത്തി അദ്ദേഹം ഈ ആശയത്തെ സമര്‍ത്ഥിക്കുന്നു. എല്ലാ ഉടമയും യഥാര്‍ത്ഥത്തില്‍ തനിക്കതീതനായ മറ്റൊരുടമയുടെ അടിമയാണ്. സര്‍വ്വാധികാരിയെന്നു നാം വിളിക്കുന്ന സ്വേഛാധിപതി പോലും അയാളുടെ അതിമോഹത്തിന്‍റെ അടിമയാണ്. എന്നാല്‍ ദൈവമാകട്ടെ യാതൊന്നിന്‍റെയും അനന്തരഫലമല്ല. ദൈവം സര്‍വ്വ പ്രവൃത്തികളുടെയും സ്രോതസ്സാണ്. അദ്ദേഹം എല്ലാ യജമാനന്മാരുടെയും യജമാനനാണ്. അവന്‍ എല്ലാ ചിന്തകളുടെയും പ്രേരകഘടകമാണ്. ചലനം കൂടാതെ ചലിപ്പിക്കുന്നവനാണ്. ദൈവത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്‍റെ വിചാരങ്ങള്‍ ഇങ്ങനെ തുടരുന്നു. ദൈവം ഈ ലോകകാര്യങ്ങളില്‍ തത്പരനല്ല. എന്നാല്‍ ലോകമാവട്ടെ ദൈവത്തില്‍ താല്പര്യം കാണിക്കുന്നു. ഹൈന്ദവ സങ്കല്പത്തിലെ ഭഗവാന്‍റെ ലീലാവിലാസം എന്ന ആശയത്തോട് അരിസ്റ്റോട്ടിലിന്‍റെ ഈ ആശയത്തിന് സാമ്യം ദര്‍ശിക്കാം. പ്രാര്‍ത്ഥനകളിലൂടെയോ പൂജകളിലൂടെയോ ദൈവത്തിന്‍റെ മനസ്സു മാറ്റാമെന്ന വ്യാമോഹം വ്യര്‍ത്ഥമാണ്. പൂര്‍ണ്ണനായ ദൈവം അപൂര്‍ണ്ണങ്ങളായ പ്രപഞ്ച പ്രതിഭാസങ്ങളില്‍ അപ്പോഴപ്പോള്‍ ഇടപെടുന്നില്ല. ദൈവം വികാരശൂന്യനും സുസ്ഥിരനും സമ്പൂര്‍ണ്ണനുമാണ്. ഉദാഹരണം പറഞ്ഞാല്‍ അതിസുന്ദരിയായ ഒരു യുവതി തെരുവിലൂടെ നടന്നുപോകുന്നു എന്നു കരുതുക. അവള്‍ ചുറ്റുപാടുമുള്ള ആരെയും ശ്രദ്ധിക്കുന്നില്ല, അവരാരും അവളുടെ ചിന്തയുടെ വിഷയമേ അല്ല. അവള്‍ തന്‍റേതായ സ്വകാര്യചിന്തകളില്‍ മനസ്സിനെ വ്യാപരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ചുറ്റുമുള്ളവരാകട്ടെ അവരുടെ ശ്രദ്ധ അവളില്‍ തന്നെ കേന്ദ്രീകരിക്കുന്നു. അവളതു പ്രശ്നമാക്കുന്നില്ല. അവരോരുത്തരും കരുതുന്നത് അവളുടെ കടാക്ഷം അടുത്തനിമിഷം ഞങ്ങളുടെ നേരെ ആയിരിക്കുമെന്നാണ്. ഇതു തന്നെയാണ് ദിവ്യസൗന്ദര്യത്തിന്‍റെ സ്ഥിതിയും. അതു സ്വയം ചലനത്തിനു വിധേയമാകാതെ ചലിക്കുന്നു. മറ്റുള്ളവയെ ചലിപ്പിക്കുന്നു.
നമ്മുടെ വ്യവസ്ഥാപിത ദൈവസങ്കല്പങ്ങളുമായി ഒട്ടുമേ പൊരുത്തപെടുന്നതല്ല അരിസ്റ്റോട്ടിലിന്‍റെ ദൈവസങ്കല്പം. ഈ ദൈവത്തിനു കവി സങ്കല്പത്തിലെ സ്വര്‍ഗീയപിതാവിനോട് ഉള്ളതിനേക്കാളധികം സാദൃശ്യം അടിസ്ഥാന ഊര്‍ജ്ജം എന്ന ശാസ്ത്രസങ്കല്പത്തോടാണ്. വികാരവിമുക്തമായ ഒരു മനുഷ്യമനസ്സിനുമാത്രമേ ഇത്തരം ഒരു ദൈവസങ്കല്പത്തെ ഉള്‍ക്കൊള്ളാനാകൂ. സങ്കടം, സഹതാപം, ആസക്തി, ആശങ്ക തുടങ്ങിയ മാനുഷിക വികാരങ്ങള്‍കൊണ്ട് ഭാരപ്പെടുന്ന ഹൃദയങ്ങള്‍ക്ക് തങ്ങള്‍ക്കു താങ്ങായ ഒരു ദൈവത്തെയാണ് ഉള്‍ക്കൊള്ളാനെളുപ്പം ലോകത്തിന്‍റെ നിഗൂഢതകളെ അനാവരണം ചെയ്യുന്ന അത്യന്തിക യാഥാര്‍ത്ഥ്യത്തിലേക്ക് ഒരുപക്ഷെ ദൂരം കുറവ് മനസ്സിനെ അപേക്ഷിച്ച് ഹൃദയത്തിനു തന്നെ എന്ന ചിന്തയാണ് അരിസ്റ്റോട്ടിലിന്‍റെ ദൈവത്തെ നമുക്ക് പ്രിയങ്കരനല്ലാതാക്കുന്നതിന്‍റെ കാരണം.
സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വരുമ്പോഴാണ് മറ്റേതൊരു ചിന്തകരെയും പോലെ അരിസ്റ്റോട്ടിലും കൂടുതല്‍ യുക്തിഭദ്രനാകുന്നത്. രാഷ്ട്രീയ വ്യവസ്ഥകളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിന്തകള്‍ കൂടുതല്‍ സുഗ്രാഹ്യവും സമൂര്‍ത്തവുമാണ്. സ്വേച്ഛാധിപത്യം മുതല്‍ ജനാധിപത്യം വരെയുള്ള സര്‍വ്വവ്യവസ്ഥിതികളും അരിസ്റ്റോട്ടിലിന്‍റെ വിചാരണയ്ക്കു വിധേയമാകുന്നു. ഓരോ വ്യവസ്ഥിതികളുടെയും അനുകൂല വശങ്ങളെന്നപോലെ പ്രതികൂലവശങ്ങളും അദ്ദേഹം പരിശോധനാ വിഷയമാക്കുന്നുണ്ട്. സ്വേച്ഛാധിപത്യമാണ് ഏറ്റവും വഷളായ വ്യവസ്ഥിതി. അനേകരുടെ ഇഷ്ടാനിഷ്ടങ്ങളെ ഒരു വ്യക്തിയുടെ താല്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു. ഓരോ വ്യക്തിയുടെയും സമുന്നതമായ കഴിവുകളെ മറ്റ് വ്യക്തികളുടെ പ്രയോജനത്തിനായി പ്രയോഗിക്കുവാനും അതില്‍ നിന്നും പരമാവധി സന്തോഷം അനുഭവിക്കുവാനും വ്യക്തികളെ പ്രാപ്തരാക്കുന്ന വ്യവസ്ഥിതിയാണ് ആദര്‍ശാത്മക വ്യവസ്ഥിതി. ഇത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏതൊരു ഗവണ്‍മെന്‍റും ഭരണാനുസൃത ഗവണ്‍മെന്‍റ് ആയിരിക്കും. ഒരു വ്യക്തിയുടെ എന്നപോലെ ഒരു വര്‍ഗ്ഗത്തിന്‍റെ സ്വേച്ഛാധിപത്യത്തെയും അരിസ്റ്റോട്ടില്‍ അനുകൂലിക്കുന്നില്ല. പ്ലേറ്റോയുടെ റിപ്പബ്ലിക് വിഭാവനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അരിസ്റ്റോട്ടില്‍ അനുകൂലിക്കുന്നില്ല. അതനുശാസിക്കുന്ന പൊതു ഉടമസ്ഥത പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും മേലുള്ള കൂട്ടവകാശം തെറ്റിദ്ധാരണകള്‍ക്കും നിരന്തരമായ ശണ്ഠകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നു. വ്യക്തിപരമായ ഉത്തരവാദിത്തങ്ങളെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥ നശിപ്പിക്കുന്നു. എല്ലാവരുടെയും കൂട്ടായ ഉടമസ്ഥതയെന്നാല്‍ ഫലത്തില്‍ അത് കൂട്ടായ അവഗണനയായേ കലാശിക്കൂ. തങ്ങളുടെ കര്‍ത്തവ്യം മറ്റുള്ളവര്‍ അനുഷ്ഠിക്കാന്‍ ഓരോരുത്തരും കാത്തുനില്ക്കുന്ന വ്യവസ്ഥിതിയായിട്ടേ അത് പര്യവസാനിക്കൂ. സമീപകാലത്ത് മുന്‍ സോവിയറ്റ് റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ച മാര്‍ക്സിയന്‍ കമ്മ്യൂണിസത്തിന്‍റെ അകാലത്തിലുണ്ടായ അന്ത്യം ആലോചിച്ചു നോക്കുമ്പോള്‍ അരിസ്റ്റോട്ടിലിന്‍റെ ക്രാന്തദര്‍ശിത്വം നമ്മളെ വിസ്മയിപ്പിക്കുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് സമൂഹനിര്‍മ്മാണത്തിലുളള പങ്കും അവരുടെ സ്വഭാവരൂപീകരണവും അരിസ്റ്റോട്ടിലിയന്‍ പ്രതിഭയുടെ മുഖ്യചിന്താവിഷയം തന്നെയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്വഭാവ മഹിമ പ്രകടമാകേണ്ടത് സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുന്നതിലൂടെയായിരിക്കണം എന്ന് അരിസ്റ്റോട്ടില്‍ ഊന്നിപ്പറയുന്നുണ്ട്. ഭരിക്കാനും ഭരിക്കപ്പെടാനുമുള്ള അവകാശം ഏതെങ്കിലും കുടുംബത്തിനോ വര്‍ഗ്ഗത്തിനോ മാത്രമായി സംവരണം ചെയ്യുന്നതിനെ അരിസ്റ്റോട്ടില്‍ അനുകൂലിക്കുന്നില്ല. അതുപോലെ തന്നെ ആരും സ്ഥിരമായി ഭരണീയരോ ഭരണാധികാരിയായിരിക്കുന്നതിനെയും അദ്ദേഹം അനുകൂലിക്കുന്നില്ല. ഭരണം കൈയ്യാളാനുള്ള അവകാശം സമൂഹത്തിലെ സര്‍വ്വര്‍ക്കും മാറിമാറി കൈവരേണ്ടതുണ്ടെന്നാണ് അരിസ്റ്റോട്ടില്‍ അഭിപ്രായപ്പെടുന്നത്.
ഭരണകൂടത്തിന്‍റെ കര്‍ത്തവ്യമാണ് യുവതലമുറക്ക് വിദ്യാഭ്യാസം നല്കുക എന്നത്. വിദ്യാഭ്യാസം സൈദ്ധാന്തികവും പ്രായോഗികവും ആയിരിക്കണം. ഭരണീയരുടെ തൃപ്തിയായിരിക്കണം ഭരണാധികാരികളുടെ ലക്ഷ്യം. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ വിപ്ലവങ്ങളെ തടയാനാകൂ. അനീതി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളെ സ്ഥാനഭ്രഷ്ടമാക്കാനുള്ള നീക്കങ്ങളില്‍നിന്ന് അഭിമാനമുള്ള ഒരു പൗരനും പിന്തിരിഞ്ഞു നില്ക്കാന്‍ പാടില്ല. നീതിപൂര്‍വ്വമുള്ള ജനാധിപത്യവ്യവസ്ഥതന്നെയാണ് അരിസ്റ്റോട്ടിലിന്‍റെ ഭാവനയിലെ ആദര്‍ശ വ്യവസ്ഥ.