news-details
ധ്യാനം

ജീവിതത്തിലാദ്യവും അവസാനവുമായി ദൈവഹിതത്തിന് 'ആമ്മേന്‍' പറയുന്ന മാതാവിനെയാണ് നാം കാണുന്നത്. സാധാരണഗതിയില്‍ ഒരു മനുഷ്യവ്യക്തിക്ക് സ്വീകരിക്കുവാന്‍ കഴിയാത്ത ദൂത് ശ്രവിച്ചപ്പോള്‍ മറിയം പറഞ്ഞു: "ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ ഇഷ്ടം എന്നില്‍ നിറവേറട്ടെ." കാനായിലെ കല്യാണസദ്യയില്‍ പറഞ്ഞു: "അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍." ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞും അപ്രകാരം ആമ്മേന്‍ പറയുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചും മറിയം മാതൃകയായി. നമ്മുടെയൊക്കെ ജീവിതത്തിന് അര്‍ത്ഥം തരുന്നത് ഇപ്രകാരമുള്ള ഒരു സമര്‍പ്പണമാണ്. യുക്തിക്കും ബുദ്ധിക്കും അഗ്രാഹ്യമായ പലതും സംഭവിക്കുമ്പോള്‍ 'ആമ്മേന്‍' പറയാന്‍ കഴിയുന്നുണ്ടോ? സ്വന്തം വ്യക്തിത്വത്തിനു മുറിവേല്‍ക്കുമ്പോഴും സല്‍പ്പേരു തകരുമ്പോഴും അപ്രതീക്ഷിതമായ തകര്‍ച്ചകള്‍ വരുമ്പോഴും 'ആമ്മേന്‍' പറയുവാന്‍ മറിയം നമ്മെ പഠിപ്പിക്കുന്നു. 

ദൈവവചനം ശ്രവിച്ച് അതനുസരിച്ച് ജീവിച്ചവളാണ് മറിയം. യേശു പറഞ്ഞു: എന്‍റെ വചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ് എന്‍റെ ശിഷ്യര്‍. തന്നെ പ്രസവിച്ചു എന്നതിനേക്കാള്‍ ദൈവത്തിന്‍റെ വചനത്തിന് പ്രത്യുത്തരം കൊടുത്തു എന്നതിലാണ് മറിയത്തിന്‍റെ മഹത്വം അടങ്ങിയിരിക്കുന്നത്. വചനമെന്ന ഇരുതലവാള്‍ ഹൃദയത്തില്‍ സ്വീകരിച്ചവള്‍ ഏതൊരു വാളുകൊണ്ടും മുറിവേല്‍ക്കുവാന്‍ സന്നദ്ധയായിരുന്നു. ദൈവത്തിന്‍റെ വചനത്തിന് നിരന്തരം കാതുകൊടുക്കുന്നവര്‍ മനുഷ്യരുടെ മുഖസ്തുതികളില്‍ വീണുപോകില്ല. ദൈവദൂതന്‍ പുകഴ്ത്തി പറഞ്ഞപ്പോഴും 'ഇതെങ്ങനെ സംഭവിക്കു'മെന്ന സംശയത്തിന്‍റെ ചോദ്യമുയര്‍ത്തുന്ന മറിയത്തെയാണ് നാം കണ്ടുമുട്ടുന്നത്. ഭൂമിയിലെ കൊച്ചുമനുഷ്യരുടെ മുഖസ്തുതികള്‍ക്ക് അടിമപ്പെടുന്നവര്‍ ദൈവത്തിന്‍റെ വചനത്തിന് ചെവി കൊടുക്കാത്തവരാണ്.

മഹത്വത്തിന്‍റെ കാനായിലും മരണത്തിന്‍റെ കാല്‍വരിയിലും ഒരേ ഭാവം സൂക്ഷിക്കാന്‍ മറിയത്തിന് കഴിഞ്ഞു. ഇന്നലെയും ഇന്നും എന്നും ഒരുവന്‍ തന്നെയായ ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്ന മനുഷ്യന് ഏതൊരവസ്ഥയേയും ഭാവവ്യത്യാസമില്ലാതെ അഭിമുഖീകരിക്കാന്‍ കഴിയും. മംഗളവാര്‍ത്ത മനസ്സില്‍ നിറഞ്ഞുനിന്നപ്പോഴും ഏലീശ്വായെ ശുശ്രൂഷിക്കുവാന്‍ പോയപ്പോഴുമൊക്കെ മറിയത്തില്‍ നിറഞ്ഞുനിന്ന ഒരു ആനന്ദമുണ്ട്, ദൈവവചനശ്രവണത്തില്‍ നിന്നുയരുന്ന ആനന്ദമാണത്. ഈ ലോകം മുഴുവന്‍ തെറ്റിദ്ധരിച്ചാലും മാതാവിന് പ്രയാസമില്ല. സത്യവചനത്തെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നടത്തിയ അമ്മയ്ക്ക് എന്തിനെയാണ് ഭയപ്പെടുവാനുള്ളത്. ഉദരത്തില്‍ വളരുന്ന ശിശുവിന്‍റെ പിതാവിനെ ഭൂമിയില്‍ ചൂണ്ടിക്കാണിക്കുവാനില്ലാതിരുന്നപ്പോഴും മറിയം തളര്‍ന്നില്ല. സര്‍വ്വശക്തനില്‍ അഭയം വച്ച മറിയം എന്തിനെയും അതിജീവിച്ചു. ആരെക്കുറിച്ചും പരാതി പറയാതെ പുത്രന്‍റെ മുമ്പില്‍ ശൂന്യമായിരുന്ന കല്‍ഭരണികളിലേക്ക് നോക്കി ജീവിതപ്രശ്നങ്ങള്‍ അവള്‍ അവതരിപ്പിച്ചു. കുരുക്ക് ഇടുവാന്‍ മനുഷ്യന് കഴിയുമ്പോള്‍ കുരുക്ക് അഴിക്കുവാന്‍ ക്രൂശിതനെ കഴിയൂ എന്ന് മറിയം പഠിപ്പിച്ചു. മനുഷ്യന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരം കര്‍ത്താവിന്‍റെ മുമ്പിലുണ്ട്. സഖറിയായുടെ പ്രശ്നത്തിന് ഉത്തരം കിട്ടിയത് ദൈവതിരുമുമ്പിലാണ്. സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കരുതുന്നവന്‍ നമ്മുടെ മുമ്പിലുണ്ട് എന്ന് മറിയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

മറിയം വചനത്തെ ഹൃദയത്തില്‍ സംഗ്രഹിച്ചു എന്നാണ് തിരുവചനം പറയുന്നത്. പ്രാര്‍ത്ഥനാപൂര്‍വ്വമായ ഒരു ഭാവമാണിത്. പ്രാര്‍ത്ഥനയില്‍ മുഴങ്ങിക്കേട്ട മംഗളവാര്‍ത്തയും പ്രാര്‍ത്ഥനയില്‍ തന്നെ നിന്നപ്പോള്‍ കുരിശില്‍ നിന്നു കേട്ട 'ഇതാ നിന്‍റെ അമ്മ' സ്വരവും മറിയത്തെ ശക്തിപ്പെടുത്തി. സദ്വാര്‍ത്തയും ദുഃഖകരമായ വാര്‍ത്തയുമൊക്കെ ജീവിതത്തില്‍ മാറിമാറി കടന്നുവരാം. അമ്മയെ എങ്ങനെ സ്വീകരിക്കണമെന്നു മറിയം നമ്മെ പഠിപ്പിക്കുന്നു. അപ്പസ്തോലപ്രവൃത്തികള്‍ 1/15ല്‍ ശിഷ്യഗണത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മറിയം പ്രാര്‍ത്ഥനാനിരതയായി നിലകൊണ്ടു. വചനം ഒരു വലിയ ശക്തിയാണ്. പ്രഘോഷകനെയും ശ്രോതാവിനെയും ഒന്നുപോലെ മുറിക്കുന്ന ശക്തി. ഈ ശക്തിക്ക് നമുക്കും വിധേയരാകാം. പരിശുദ്ധ മറിയത്തിന്‍റെ ജനനത്തിരുനാള്‍ ആഘോഷിക്കുന്ന നമുക്കായി അമ്മ പ്രാര്‍ത്ഥിക്കട്ടെ.

You can share this post!

നിശ്ശബ്ദതയുടെ സംഗീതം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts