news-details
ഇടിയും മിന്നലും
അസമയത്തു വിളിച്ചതിനു ക്ഷമ ചോദിച്ചിട്ടാണ് അയാളു സ്തുതിചൊല്ലിയത്. അത്ര അത്യാവശ്യമില്ലാതെ അതിരാവിലെ അഞ്ചുമണിക്കൊന്നും സാധാരണ ആരും വിളിക്കാറില്ല. നോക്കിയപ്പോള്‍ എന്‍റെ കോണ്ടാക്റ്റു ലിസ്റ്റിലുള്ള ആരുടെയും നമ്പരല്ലതാനും. ഒരൊഴുക്കന്‍മട്ടില്‍ 'ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ' പറഞ്ഞു കാതോര്‍ത്തു. ജോസച്ചനല്ലേന്ന ചോദ്യത്തിന് അതേന്നു മറുപടിയുംകൊടുത്തു.
 
"അച്ചാ എന്‍റെ പേര് .... ഞാനിന്നലെ അച്ചനെ കാണാന്‍ വന്നിരുന്നു. അച്ചന്‍ എവിടെയോ മരിച്ചടക്കിനുപോയതാണ്, രാത്രി വൈകിയേ തിരിച്ചുവരൂ എന്നറിഞ്ഞതുകൊണ്ട് അച്ചന്‍റെ ഫോണ്‍നമ്പരുവാങ്ങി ഞാന്‍പോന്നു. ടൗണിലൊരു ലോഡ്ജില്‍നിന്നാണിപ്പോള്‍ വിളിക്കുന്നത്. അച്ചനെ ഒന്നുകാണാന്‍ ഇന്നെപ്പോള്‍വന്നാല്‍ പറ്റുമെന്നറിയാനായിരുന്നു ഇപ്പോള്‍ വിളിച്ചത്."
 
"ഇന്നുവല്ലാത്ത തിരക്കുള്ള ദിവസമാണല്ലോ. ഏതായാലും ഒരുകാര്യംചെയ്യ്, കൃത്യം എട്ടുമണിക്കു വാ, അഡ്ജസ്റ്റ് ചെയ്യാം. കൃത്യം എട്ടുമണിക്കുതന്നെ വരണം."
സത്യത്തില്‍ എനിക്ക് യതൊരു തിരക്കുമില്ലാതെ വെറുതെയിരുന്ന ദിവസമായിരുന്നു. അയാളോടു വെറുതെ വാലുകാണിച്ചതുമല്ല, വന്നുകണ്ടുകഴിയുമ്പോള്‍ വല്ല ഉടക്കുകേസുകെട്ടുമാണെങ്കില്‍ തിരക്കാണെന്നുപറഞ്ഞു തടിയൂരാന്‍ മുന്‍കൂര്‍ ജാമ്യമെടുത്തതായിരുന്നു.
 
കൃത്യസമയത്തുതന്നെ ആളെത്തി. തനിയെ ഡ്രൈവുചെയ്തുവന്ന മേല്‍ത്തരം കാറ് പാര്‍ക്കുചെയ്തിട്ട് ഇറങ്ങിവന്നപ്പോള്‍ ഞാനയാളെ ശ്രദ്ധിച്ചു. നല്ല ഒതുങ്ങിയ ശരീരപ്രകൃതിയുള്ള ഒരു ആറടിക്കാരന്‍. വേഷംകൊണ്ട് ഒരോഫീസറെന്നു തോന്നുമെങ്കിലും അലക്ഷ്യമായ വസ്ത്രധാരണം. പ്രായം അറുപതടുത്തു കാണണം. പരസ്പരം പരിചയപ്പെട്ടതിനുശേഷം കാഴ്ചമുറിയിലേയ്ക്കുകയറി. പെട്ടെന്ന് എന്തോഎടുക്കാന്‍ മറന്നു എന്നുപറഞ്ഞു പോയിട്ടുടനെ തിരിച്ചുവന്നപ്പോള്‍ അയാളുടെ കൈയ്യില്‍ ഒക്ടോബര്‍മാസത്തിലെ അസ്സീസിമാസികയുണ്ടായിരുന്നു. അതുകണ്ടപ്പോഴേ അപകടം മണത്തതുകൊണ്ട് എന്‍റെ സ്ഥിരമുപയോഗിക്കുന്ന ആയുധം 'മൗനം', ഞാന്‍ മൂര്‍ച്ചകൂട്ടിവച്ചു. ഞാനെന്തെങ്കിലും ചോദിക്കുമെന്നു കരുതിയാകും അയാളും അല്പനേരം എന്നെ ശ്രദ്ധിച്ചു മിണ്ടാതിരുന്നു. പിന്നെ അയാള്‍ സംസാരിച്ചുതുടങ്ങി. 
 
സ്വന്തംസ്ഥലം പറഞ്ഞു, ഒരു വലിയ പള്ളിയുടെ കുരിശുപള്ളി മുറിച്ചുമാറ്റിയ ചെറിയ ഇടവക. സ്ഥിരം വികാരിയില്ല. ഞായറാഴ്ചമാത്രമേ കുര്‍ബ്ബാനയുള്ളു. തലപ്പള്ളിയിലെ കൊച്ചച്ചനാണ് ഈ പള്ളിയിലെ കാര്യങ്ങള്‍ നോക്കുക. ആ കൊച്ചച്ചന്‍ പറഞ്ഞിട്ടാണ് ഇപ്പോള്‍ എന്നെക്കാണാന്‍ വന്നിരിക്കുന്നത്. ആ അച്ചനും എന്നെ പരിചയമൊന്നുമില്ല. 
 
"ഈ മാസികയിലെ അച്ചന്‍റെ ലേഖനമാണ് അച്ചനെന്നെ ഇങ്ങോട്ടു പറഞ്ഞുവിടാന്‍ കാരണം."
ഒക്ടോബറിലെ അസ്സീസിമാസിക തുറന്ന് അതിലെ 'ഇടിയുംമിന്നലും' എന്‍റെമുമ്പിലേക്കു നീട്ടിക്കൊണ്ടാണ് അയാളതുപറഞ്ഞത്. എന്താണു പറയാന്‍പോകുന്ന വിഷയമെന്ന് അപ്പോഴും വ്യക്തമല്ലാതിരുന്നതുകൊണ്ട് അതുവാങ്ങാനോ നോക്കാന്‍പോലും ഞാന്‍ കൂട്ടാക്കിയില്ല. യാതൊരു പ്രതികരണവുമില്ലാത്ത എന്‍റെയാ ഇരിപ്പ് അയാളെയാകെ കുഴക്കിക്കാണും.
 
"എന്‍റെ പിടിപ്പുകേടാണ് എന്നെനിക്കറിയാം. വൈകിപ്പോയെന്നുമറിയാം. എന്നാലും ഇനിയും എന്തുചെയ്യാനാകുമെന്നറിയാനാണച്ചാ ഞാന്‍വന്നത്. വേറാരുടെയുമടുത്തു പോകാനുംപറ്റാത്ത അവസ്ഥയാണ്."  അതിനും ഞാനൊരു മറുപടിയും പറഞ്ഞില്ല.
 
"കൊച്ചച്ചനോട് ഒരു കത്തുതരാന്‍ ചോദിച്ചപ്പോള്‍ പരിചയമില്ലാത്ത അച്ചനെങ്ങനെയാ കത്തുതരുന്നതെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാലും അച്ചനെന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ കാണാന്‍ സാധിക്കാഞ്ഞിട്ടും ഞാന്‍ പോകാതിരുന്നത്."
"ആളെക്കണ്ടാലുടനെ രോഗം ഗണിച്ചറിയാന്‍ വരമുള്ള ആളല്ല ഞാന്‍. ഇദ്ദേഹം മാസിക എന്‍റെ മുമ്പിലേക്കു തുറന്നുവച്ചതല്ലാതെ, കാര്യമെന്താണെന്ന് ഒരു സൂചനപോലുംതരാതെ സഹായിക്കാന്‍ കഴിവുള്ള സിദ്ധനുമല്ല ഞാന്‍."
 
"സമയമെടുത്തു പറയണമെന്നുണ്ടായിരുന്നു. അച്ചന്‍ കേള്‍ക്കാനുള്ള ഒരു മൂഡിലല്ലെന്നു കണ്ടപ്പോള്‍ തോന്നി. അതുകൊണ്ടാണ് ഞാനൊന്നു മടിച്ചത്."
 
"എന്‍റെ മൂഡൊന്നും ഇദ്ദേഹം നോക്കണ്ടാ, അതു ഞാന്‍ രാവിലെ ഓഫുചെയ്തിട്ടിരിക്കുവാ. കേള്‍ക്കുന്നതനുസരിച്ചേ എന്‍റെ മൂഡ് ഓണാകത്തൊള്ളു. സമയം കളയണ്ട, തിരക്കുണ്ടെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ."
 
അയാള്‍ സംസാരിച്ചുതുടങ്ങി. സമ്പന്നകുടുംബം. പത്താംക്ലാസ്സുകഴിഞ്ഞ് ഒരു സന്യാസസഭയില്‍ ചേര്‍ന്നു. ഫിലോസഫിപഠനം കഴിഞ്ഞപ്പോള്‍ തുടരാന്‍ താത്പര്യം തോന്നിയില്ല. തിരിച്ചുപോന്നു. അതുകഴിഞ്ഞ് ഇംഗ്ലീഷ് എംഎയും ഗണിതശാസ്ത്രത്തില്‍ എംഎസ്സിയും പാസ്സായി. പഠിപ്പിക്കാനിഷ്ടമായിരുന്നിട്ടും സ്കൂളിലോ കോളെജിലോ കയറിപ്പറ്റാന്‍ അവസരമുണ്ടായിരുന്നെങ്കിലും എന്നും ജോലിക്കുപോകേണ്ടിവരുന്നത് ഇഷ്ടമില്ലാതിരുന്നുതുകൊണ്ട് ജോലിക്കൊന്നും ശ്രമിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് സെമിനാരിയിലെ ഒരുസഹപാഠി അച്ചനായിക്കഴിഞ്ഞ് ആഫ്രിക്കന്‍മിഷനിലെത്തി അവരുടെ സ്കൂളില്‍ പഠിപ്പിക്കാന്‍ അങ്ങോട്ടു ക്ഷണിച്ചത്. ഒരു ഹരംതോന്നി അങ്ങോട്ടുപോയി. അവിടം ഇഷ്ടപ്പെട്ടു. മുപ്പതു വയസ്സു കഴിഞ്ഞിരുന്നതുകൊണ്ടും കൂട്ടുകാരനച്ചന്‍റെ പ്രേരണയുംകാരണം ഒരുകൊല്ലംകഴിഞ്ഞപ്പോള്‍ ആ സ്കൂളില്‍തന്നെ ജോലിചെയ്തിരുന്ന ഒരു മലയാളി ടീച്ചറിനെ വിവാഹംചെയ്തു. രണ്ടുവയസ്സ് വ്യത്യാസത്തില്‍ രണ്ടു പെണ്‍മക്കളുണ്ടായി. പതിനഞ്ചുകൊല്ലം അവിടെ ജോലിചെയ്തു. മക്കള്‍ ഹൈസ്കൂളിലായപ്പോള്‍ നാട്ടിലേയ്ക്കു തിരിച്ചുപോന്നു. സാമ്പത്തികമായി നല്ലനിലയിലായിരുന്നതുകൊണ്ട് പിന്നെ ജോലിക്കൊന്നും ശ്രമിച്ചില്ല. ഭാര്യ വേദപാഠഅദ്ധ്യാപികയുമായി. അച്ചന്മാരുമായുള്ള പരിചയംവഴി ഇയാള്‍ രണ്ടു സെമിനാരികളില്‍ ക്ലാസ്സെടുക്കാനും പോയിത്തുടങ്ങി. പഠിക്കാന്‍ സമര്‍ത്ഥരായിരുന്നതുകൊണ്ട് മക്കളെ രണ്ടുപേരെയും കേരളത്തിനു വെളിയിലാണു പഠിക്കാനയച്ചത്. വളരെ സ്വാതന്ത്ര്യം നല്കിയാണ് അവരെ വളര്‍ത്തിയത്. 
 
രണ്ടുവര്‍ഷമങ്ങനെ കഴിഞ്ഞു. വീട്ടില്‍ വെറുതെയിരുന്നു മുഷിഞ്ഞെന്നു പലപ്പോഴും പരാതിപറഞ്ഞഭാര്യയുടെ താത്പര്യപ്രകാരം, ടൗണിലുണ്ടായിരുന്ന ഒരു മഹിളാസംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇയാള്‍ സന്തോഷപൂര്‍വ്വം അവളെ അനുവദിച്ചു. അതിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പലപ്പോഴും കേരളത്തിനു വെളിയിലും പോകാന്‍ ഇയാള്‍ തടസ്സം നിന്നില്ല. അതോടെ അവള്‍ വളരെ ഹാപ്പിയായി. അങ്ങനെ ശാന്തമായി മൂന്നാലുവര്‍ഷം കഴിഞ്ഞ് ഒരുദിവസം വികാരിയച്ചന്‍ കാണാന്‍ ആവശ്യപ്പെട്ടു വിളിച്ചു. ചെന്നപ്പോള്‍ കേട്ടകാര്യങ്ങള്‍ അയാളെ വല്ലാതെ അസ്വസ്ഥനാക്കി. പഠിപ്പിക്കാന്‍ സമര്‍ത്ഥയായിരുന്നതുകൊണ്ട് വേദപാഠത്തിന്‍റെ സീനിയര്‍ ക്ലാസ്സായിരുന്നു അവരെ ഏല്പിച്ചിരുന്നത്. കുറെനാളുകളായി റ്റീച്ചര്‍ ക്ലാസ്സില്‍ സിലബസിലുള്ളതിനേക്കാളുപരി സ്ത്രീസമത്വവും, സ്ത്രീവിമോചനവുമൊക്കെയായിരുന്നു പറയുകയും ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നത്. വിവാഹം കഴിക്കുന്നതിനുമുമ്പുതന്നെ വരനോടു എല്ലാക്കാര്യത്തിലും തുല്യത ഡിമാന്‍റുചെയ്യണം. അതിനു മനസ്സില്ലാത്തവരെ കെട്ടരുത്. വീട്ടുജോലികള്‍, പ്രത്യേകിച്ച് അടുക്കളപ്പണി, വസ്ത്രം കഴുക്ക് തുടങ്ങിയ കാര്യങ്ങള്‍ ഭര്‍ത്താവിന്‍റെയുംകൂടി ഉത്തരവാദിത്വമാണ്. സാമ്പത്തിക കാര്യങ്ങളിലും ഭാര്യമാര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകണം. എത്രമക്കള്‍ വേണമെന്നു തീരുമാനിക്കേണ്ടത് ഭര്‍ത്താക്കന്മാരല്ല, പ്രസവിക്കുന്ന ഭാര്യമാരാണ്. ഇതൊക്കെ റ്റീച്ചറിന്‍റെ ക്ലാസിലെ ചര്‍ച്ചാവിഷയങ്ങളായിരുന്നു.
 
ഇതറിഞ്ഞ വികാരിയച്ചന്‍ ഒന്നുരണ്ടുപ്രാവശ്യം റ്റീച്ചറിനെവിളിച്ചു സംസാരിച്ചെങ്കിലും ഒന്നുരണ്ടുമാസത്തേയ്ക്ക് അടങ്ങിയെങ്കിലും വീണ്ടും പഴയപടിയായി. ആരുമറിയാതെ ആ വര്‍ഷം അവസാനിക്കുമ്പോള്‍ റ്റീച്ചറിനെ മാറ്റാനായിരുന്നു അച്ചന്‍ പ്ലാനിട്ടിരുന്നത്. പക്ഷെ അത്രയും നീട്ടിക്കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയാണു റ്റീച്ചര്‍ ഇപ്പോള്‍ സൃഷ്ടിച്ചിരുക്കുന്നത്. സഭാപരമായ കാര്യങ്ങളിലും സ്ത്രീസമത്വത്തിനുവേണ്ടി നിലപാടെടുക്കണമെന്നും പൗരോഹിത്യം പുരുഷനുമാത്രം അവകാശപ്പെട്ടതല്ലെന്നും, മറ്റു ക്രൈസ്തവസഭകളൊക്കെ സ്ത്രീകള്‍ക്കു പൗരോഹിത്യം കൊടുത്തുതുടങ്ങിയെന്നുംമറ്റും ടീച്ചര്‍ വേദപാഠക്ലാസ്സില്‍ പറഞ്ഞു എന്നു കേട്ടപ്പോള്‍ അതു സത്യമാണോ എന്ന് അച്ചന്‍ അന്വേഷിച്ചറിഞ്ഞ് ഉറപ്പാക്കിയിട്ടായിരുന്നു ഇയാളെ വിളിച്ചത്. ഇടവകക്കാരില്‍ പലരില്‍നിന്നും പരാതിയും അച്ചനു കിട്ടുന്നുണ്ടായിരുന്നു. അച്ചനിടപെട്ട് റ്റീച്ചറിനെ പുറത്താക്കിയാല്‍ അതു നാട്ടുകാരറിയും, ടീച്ചറിനും ഇയാള്‍ക്കും അതു ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് അച്ചനിത്രയും മാത്രമെ ആവശ്യപ്പെട്ടുള്ളു: ഇയാള്‍തന്നെ ഭാര്യയോടു കാര്യംപറഞ്ഞ് അവരു സ്വന്തം നിലയില്‍ വേദപാഠം പഠിപ്പീരു നിര്‍ത്തണം. 
 
കുറെക്കാലമായിട്ട് ഭാര്യയുടെ പെരുമാറ്റത്തിലൊക്കെ പല മാറ്റങ്ങളും കണ്ടുതുടങ്ങിയിരുന്നെങ്കിലും ഇയാളതത്ര കണക്കിലെടുത്തിരുന്നില്ല. നേരത്തെയൊക്കെ മക്കളുരണ്ടുപേരും മിക്കവാറും അപ്പനെ വിളിക്കാറുണ്ടായിരുന്നെങ്കിലും കുറച്ചുനാളായിട്ട് അമ്മയുമായി ദീര്‍ഘമായ സംസാരവും അപ്പനെ അന്വേഷണം അറിയിക്കലും മാത്രമായപ്പോഴും ഇയാള്‍ക്കു പരിഭവമൊന്നും തോന്നാറുമില്ലായിരുന്നു. അച്ചനീ പറഞ്ഞതുകേട്ടപ്പോള്‍ ഇയാള്‍ക്കാകെ വിഷമമായി. എന്തായാലും പിന്നത്തെ ഞായറാഴ്ചമുതല്‍ അവരു പഠിപ്പിക്കാനെത്തില്ല എന്ന് അച്ചന് ഉറപ്പുകൊടുത്തിട്ടാണ് ഇയാള്‍ യാത്ര പറഞ്ഞത്.
 
പ്രശ്നപരിഹാരത്തിനുള്ള വഴി ഇയാള്‍ ആലോചിച്ചു. കാര്യമവതരിപ്പിക്കാനുള്ള സമയംനീട്ടാന്‍വേണ്ടി ഇയാളൊരു മാര്‍ഗ്ഗംകണ്ടുപിടിച്ചു. മക്കളെ കാണാന്‍പോവുക. അവര്‍ക്ക് ശനിയും ഞായറും അവധിയാണല്ലോ. അറിയിക്കാതെയങ്ങുചെല്ലാം. ഭാര്യ അതിനെ വേദപാഠത്തിന്‍റെ കാരണംപറഞ്ഞ് എതിര്‍ത്തെങ്കിലും ഇയാള്‍ പോകണമെന്നു നിര്‍ബ്ബന്ധംപിടിച്ചു. അങ്ങനെ ശനിയാഴ്ച രാവിലെ അവരവിടെയെത്തി. ഇളയമകളെ കണ്ട ഇയാള്‍ അന്തംവിട്ടുപോയി. നല്ല നീണ്ട മുടിയുണ്ടായിരുന്ന ആ കുട്ടി ശരിക്കും ആണ്‍കുട്ടികളുടേതുപോലെ മുടിവെട്ടിയിരിക്കുന്നു. ജീന്‍സും ഷര്‍ട്ടും വേഷവും. മൂത്തവളും മുടി വെട്ടിചെറുതാക്കിയെങ്കിലും തീരെപറ്റെ വെട്ടിയിട്ടില്ല. വല്ലാതെ പ്രതികരിക്കാന്‍ തോന്നിയെങ്കിലും ഇയാള്‍ വിവേകപൂര്‍വ്വം സമനിലപാലിച്ചു. യാതൊരഭിപ്രായവ്യത്യാസവും പറഞ്ഞുമില്ല.
 
വൈകുന്നേരം തിരിച്ചുപോരാന്‍ യാത്രപറയുമ്പോള്‍ ഇയാളുടെ നിയന്ത്രണംപോയി. പ്രകടമായ നീരസത്തോടെ ഇയാള്‍ പറഞ്ഞുപോയി:
 
"ഇവിടെ ഈ വേഷംകെട്ടിനു കുഴപ്പമില്ലായിരിക്കും, പക്ഷേ രണ്ടുമാസംകഴിഞ്ഞ് അവധിക്കുനാട്ടില്‍ വരുമ്പോള്‍ ഈ കോപ്രായോം കൊണ്ടങ്ങോട്ടുവന്നേക്കരുത്."
 
"അമ്മയോടു പറഞ്ഞിട്ടാണു ഞങ്ങളു ചെയ്തത്." ഇളയവളുടെ ഒരു കൂസലുമില്ലാത്ത മറുപടി.
 
"ആരു പറഞ്ഞിട്ടായാലും, ഇതുവേണ്ട. നാട്ടിലെനിക്കൊരു വിലയൊണ്ട്."
 
"പപ്പയ്ക്കു മാത്രമല്ലല്ലോ, ഞങ്ങള്‍ക്കുമില്ലേ വില?" മൂത്തവളു മുഖത്തടിച്ചതുപോലെ അതു പറഞ്ഞപ്പോള്‍ പിന്നെ പറയാന്‍ അയാള്‍ക്കൊന്നുമില്ലായിരുന്നുപോലും.
 
"യാത്രപറയാന്‍ നേരത്ത് വെറുതെ മക്കളെ പിണക്കാതെ." ഭാര്യയുടെ ഉപദേശം!
 
"പപ്പയ്ക്കിഷ്ടമില്ലെങ്കില്‍ ഞങ്ങളു നാട്ടിലേക്കവധിക്കു വരുന്നില്ല."
 
വേണ്ട, വരേണ്ട എന്നുപറയാനായിരുന്നു തോന്നിയതെങ്കിലും, നേരെനിന്നു മറുതലിക്കാന്‍ മക്കള്‍ വളര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവില്‍, ഒന്നുംമിണ്ടാതെ വിളിച്ചുനിര്‍ത്തിയിരുന്ന ടാക്സിയില്‍ കയറി. ട്രെയിനിലെ യാത്രയിലും ഞായറാഴ്ചരാവിലെ തിരിച്ചുവീട്ടിലെത്തുന്നതുവരെയും ഇയാള്‍ സംയമനം പാലിച്ചു. വീട്ടിലെത്തിക്കഴിഞ്ഞ്, യാത്രാക്ഷീണംകാരണം അന്നു വേദപാഠക്ലാസ്സിനെത്തുകയില്ല എന്ന് അച്ചനോടു വിളിച്ചു പറയാന്‍ പോവുകയാണെന്നു ഭാര്യപറഞ്ഞപ്പോള്‍ ഇയാള്‍ പൊട്ടിത്തെറിച്ചു.
 
"നിന്‍റെ പഠിപ്പീരിന്‍റെ ഗുണംകൊണ്ടായിരിക്കും നീയിനി വേദപാഠം പഠിപ്പിക്കാന്‍ അങ്ങോട്ടു ചല്ലേണ്ട എന്നു നിന്നെ അറിയിച്ചേക്കാന്‍ അച്ചന്‍ എന്നോടു പറഞ്ഞിരുന്നു."
 
അന്നവള്‍ അതിഭയങ്കരമായി പ്രതികരിച്ചു. പറയാന്‍ പാടില്ലാത്തതൊക്കെ പറഞ്ഞു. മാനസികപീഡനത്തിനു കേസുകൊടുക്കുമെന്നുവരെ ഭീഷണിപ്പെടുത്തിപോലും. അന്നുതുടങ്ങിയ സമരമാണ്. അതില്‍പിന്നെ അവള്‍ ആ പള്ളിയില്‍ പോയിട്ടില്ല. മക്കള്‍ അവധിക്കു വന്നില്ല. വല്ലപ്പോഴും വിളിച്ചാല്‍തന്നെ വെറും ഉപചാരംമാത്രം. ഭാര്യയുടെ പേരിലും നല്ലതുക ബാങ്കിലുണ്ടായിരുന്നതുകൊണ്ട് പണമയച്ചുകൊടുക്കാതിരുന്നാല്‍ തോല്ക്കുന്നതു തന്നെത്താനെ ആയിരിക്കുമെന്നറിയാമായിരുന്നതുകൊണ്ടു പണമയച്ചുകൊണ്ടിരുന്നു. സംഘടനാപ്രവര്‍ത്തനത്തിനു ഭാര്യ പോകുന്നതു തടഞ്ഞപ്പോള്‍ അനുവാദം ആവശ്യമില്ലെന്നുപറഞ്ഞ് അവരതു തുടര്‍ന്നു. മക്കള്‍ ഒരുവര്‍ഷംകഴിഞ്ഞ് അവധിക്കുവന്നപ്പോഴും അപ്പനോട് ഒന്നിനും അനുവാദം ചോദിക്കാറില്ലായിരുന്നു. പിന്നത്തെ രണ്ടുവര്‍ഷംകൊണ്ട് മക്കളുടെ പഠനംതീര്‍ന്നു. രണ്ടുപേര്‍ക്കും ജോലിയുമായി. രണ്ടുപേരുടെയും വിവാഹം ഇതുവരെയും നടന്നിട്ടില്ല. അവരുടെ ഡിമാന്‍റുപ്രകാരമുള്ള പുരുഷന്മാരെ ഇതുവരെയും കണ്ടെത്താനായില്ലത്രെ! അമ്മയാണല്ലോ അവര്‍ക്കു റ്റ്യൂഷന്‍ കൊടുത്തിരിക്കുന്നത്!
 
അങ്ങനെയിരിക്കുമ്പോഴാണ് അടുത്തുണ്ടായിരുന്ന കുരിശുപള്ളി ഇടവകയാക്കിയത്. അതില്‍പിന്നെ ഭാര്യയും മക്കളും അവര്‍ക്കു സൗകര്യപ്പെട്ടെങ്കില്‍ അവിടെ വല്ലപ്പോഴും പോകാറുണ്ട്. മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നെങ്കിലും ഇയാള്‍ പള്ളിയില്‍പോക്കും സെമിനാരിയില്‍ പഠിപ്പീരുമൊക്കെ മുടങ്ങാതെ തുടര്‍ന്നിരുന്നതുകൊണ്ട് അതില്‍ ആശ്വാസം കണ്ടെത്തിയിരുന്നു. അടുത്തനാളില്‍ ആ വഴിയും അടഞ്ഞു. അതാണ് ഇപ്പോഴത്തെ പ്രശ്നം. ഭാര്യ അംഗമായിരിക്കുന്ന മഹിളാസംഘടന അടുത്തനാളില്‍ എറണാകുളത്തുനടന്ന കന്യാസ്ത്രിസമരത്തില്‍ സജീവ പിന്തുണനല്കിയിരുന്നു. ഭാര്യ സമരത്തിനുപോയില്ലെങ്കിലും മക്കളുരണ്ടും അവധിയെടുത്ത് ഇടയ്ക്കിടെ സമരത്തില്‍ പങ്കെടുത്തു. അതു നാട്ടില്‍ വാര്‍ത്തയായി. പിന്നീട് ഇന്നുവരെ ഇയാള്‍ സെമിനാരികളില്‍ ക്ലാസ്സിനു പോയിട്ടില്ല. ചെല്ലേണ്ട എന്ന് അവരു പറഞ്ഞതുകൊണ്ടല്ല; ധാര്‍മ്മികമായി അതിനുള്ള യോഗ്യത തനിക്കില്ല എന്നു തോന്നിയതുകൊണ്ടാണ്. ആ വിഷയത്തിന്‍റെ പേരില്‍ ഇയാള്‍ ഭാര്യയുമായി ഭയങ്കര തര്‍ക്കമുണ്ടായി. അതറിഞ്ഞ മക്കള്‍ അടുത്തദിവസം ഒരുമാസികയുമായി വീട്ടില്‍ചെന്ന്, പപ്പയെപ്പോലെ സെമിനാരീല്‍ പഠിപ്പിക്കുന്ന അച്ചന്മാരുതന്നെ എഴുതിയിരിക്കുന്ന ലേഖനമൊക്കെ ആ മാസികയിലുണ്ട്, ഒന്നു വായിച്ചു നോക്കാന്‍ പറഞ്ഞു.  
 
"ആ മാസികയാണിത്. ഞാന്‍ അസ്സീസിമാസിക കണ്ടിട്ടില്ലായിരുന്നു. അതെല്ലാം വായിച്ചതോടെ തെറ്റുപറ്റിയത് എനിക്കാണോ എന്നുപോലും എനിക്കു ശങ്കതോന്നി. വീട്ടില്‍ നിന്നിറങ്ങപ്പോയാലോ എന്നാലോചിച്ചു. സ്വത്തെല്ലാം പ്രളയം ബാധിച്ചവര്‍ക്കു കൊടുത്തിട്ട് വല്ല വൃദ്ധമന്ദിരത്തിലും പോയാലോ എന്നോര്‍ത്തു, അതിനുംമാത്രം വയസ്സനായില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അതു വേണ്ടെന്നുവച്ചു. ഭാര്യയും മക്കളും ഇങ്ങനെയായതുകൊണ്ടു വികാരിയച്ചന് നീരസമുണ്ടെന്നറിയാമായിരുന്നതുകൊണ്ട് എന്തെങ്കിലുമൊരു ആശ്വാസത്തിനുവേണ്ടി ഞാന്‍ കൊച്ചച്ചനെ പോയിക്കണ്ടു. മാസികയും കൈയ്യിലെടുത്തിരുന്നു. അച്ചനും ഈ മാസിക ആദ്യംകാണുകയാണെന്നു പറഞ്ഞു. ഏതായാലും ഞാന്‍ പറഞ്ഞതെല്ലാം കേട്ടുകഴിഞ്ഞ് അച്ചനെന്‍റെ മുമ്പില്‍തന്നെയിരുന്ന് അതുവായിക്കാന്‍തുടങ്ങിയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. അല്പംകഴിഞ്ഞ് അച്ചന്‍ എന്നെവിളിച്ച് ഞാന്‍ കാണാത്ത ഒരു ലേഖനംകൂടി അതിലുണ്ട് എന്നുപറഞ്ഞു. എന്നിട്ട് അച്ചന്‍തന്നെ അത് ഉറക്കെവായിച്ചുകേള്‍പ്പിച്ചു. അത് അച്ചന്‍റെ ഇടിയും മിന്നലുമായിരുന്നു. 
എനിക്കാകെ മനസ്സുമടുത്തു എന്നു പറഞ്ഞപ്പോള്‍ കൊച്ചച്ചന്‍ തമാശായിട്ടന്നേരം പറഞ്ഞതാണ് പോയി ഈ ഇടിയുംമിന്നലുമെഴുതിയ അച്ചനെയൊന്നു കാണാന്‍. ഞാനും അപ്പോളതത്ര കാര്യമായിട്ടെടുത്തില്ല. പക്ഷെ ഓരോ ദിവസം കഴിയുംതോറും മനസ്സിനു വല്ലാത്ത പിരിമുറുക്കം. അപ്പോള്‍ തോന്നിയതാണ് കൊച്ചച്ചന്‍ പറഞ്ഞതുപോലെ അച്ചനെവന്നുകണ്ടാലോ എന്ന്. ഒരു കപ്പൂച്ചിനാശ്രമത്തില്‍ അന്വേഷിച്ച് അച്ചനിവിടെയാണെന്ന് അറിഞ്ഞു. ദൂരംകുറെയുണ്ട്, ഒത്തിരിനാളായി ദൂരെയെങ്ങുംപോയിട്ട്, എന്നാലും ഒരു യാത്രയുമാകും, അച്ചനെകാണുകയും ചെയ്യാമെന്നു തീരുമാനിച്ചിങ്ങു പോന്നു." അയാള്‍ നിര്‍ത്തിയിട്ട് മൗനമായിട്ടിരുന്നു.
 
"ഇദ്ദേഹം പറഞ്ഞു തീര്‍ന്നതാണെങ്കില്‍ നമ്മളാദ്യമെ പറഞ്ഞ എന്‍റെ മൂഡുണ്ടല്ലോ, അതിപ്പോഴും ഓഫാ. കാരണം, ഇത്രകഷ്ടപ്പെട്ട് എന്നെക്കാണാന്‍ വന്നതെന്തിനാണെന്ന് ഇപ്പോഴും എനിക്കുമനസ്സിലായിട്ടില്ല. സത്യം പറഞ്ഞാല്‍ മാസികയുമായി വന്നപ്പോള്‍ അതില്‍ ഞാനെഴുതിയ എന്തിന്‍റെയോ പേരില്‍ ഏറ്റുമുട്ടാനാണു വന്നതെന്നായിരുന്നു ഞാനോര്‍ത്തത്."
 
"അച്ചാ, എനിക്കു പണമുണ്ട്, വിദ്യാഭ്യാസോമുണ്ട്. ഇതുവരെ നല്ല ആരോഗ്യവുമുണ്ട്. എന്നാല്‍ മനസ്സമാധാനോമില്ല, ജീവിതസുഖോമില്ല. കുടുംബം ഇങ്ങനെ ആയിപ്പോയതുകൊണ്ട് ഇതുവല്ലോം ഇനീം കിട്ടുമോ? എന്‍റെ കുറ്റംകൊണ്ടുതന്നെയാണെന്നാണ് എല്ലാരും പറയുന്നത്. അച്ചനാദ്യം പറഞ്ഞതുപോലെ അച്ചനെന്തെങ്കിലും വരമുണ്ടെന്നുകരുതിയല്ലച്ചാ, മനസ്സമാധാനംകിട്ടാന്‍ അച്ചന്‍റെയൊരുസഹായമാണു ഞാന്‍ചോദിക്കുന്നത്."
 
"ഇപ്പോളെന്‍റെ മൂഡ് ഓണായിത്തുടങ്ങി കേട്ടോ. മനസ്സമാധാനം കിട്ടാനുള്ള വഴിയല്ലെ ഇദ്ദേഹം ചോദിച്ചത്, അതു പുറത്തുനിന്നാര്‍ക്കും പമ്പുചെയ്തു നിറയ്ക്കാന്‍ പറ്റുന്ന സാധനമല്ലെന്നറിയാമല്ലോ. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചാല്‍ മാത്രമാണു സമാധാനംകിട്ടുക എന്നും ചിന്തിക്കണ്ട. അങ്ങനെയും കിട്ടാം. പക്ഷേ ഇദ്ദേഹത്തിന്‍റെ ഈ കേസുപോലെ, ഭാര്യയും മക്കളുമൊക്കെയായി വളരെ സന്തുഷ്ടമായ ഒരുകുടുംബം, ഉടനെ തിരിച്ചുപിടിക്കാന്‍ പറ്റാത്തതാണെങ്കിലോ?  അതിനുവേണ്ടി ശ്രമിക്കുമ്പോഴും അതുകിട്ടുന്നതുവരെ മനസമാധാനമില്ലാതെ കഴിഞ്ഞുകൂടണമോ?
 
ഇദ്ദേഹം നിങ്ങളുടെ ജീവിതമൊന്നു റീവൈന്‍ഡ് ചെയ്തുനോക്കുക. കുരങ്ങന്‍റെ കൈയ്യില്‍ പൂമാലകിട്ടിയതുപോലെ, എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമല്ലാതായിപ്പോയ ഒരു കുടുംബത്തിന്‍റെ ചിത്രം അപ്പോള്‍ കാണാം. നേരത്തെ നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങള്‍ക്കു സമ്പത്ത്, വിദ്യാഭ്യാസം, ജോലി, ആരോഗ്യം ഇതെല്ലാം ആവോളം ഉണ്ടായിരുന്നു. എന്നിട്ടെന്തു സംഭവിച്ചു എന്നു തിരിഞ്ഞുനോക്കുക. സംതൃപ്തകുടുംബം സ്വയംഭൂവല്ല, സൃഷ്ടിച്ചെടുക്കേണ്ടതാണ്. നിങ്ങളതു ചെയ്തില്ല. വിവാഹിതരായി ഭാര്യാഭര്‍ത്താക്കന്മാരായി; മക്കളുണ്ടായി മാതാപിതാക്കളായി; അത്രേയല്ലേയുള്ളു? അതിനപ്പുറത്തു നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയിലും, മാതാപിതാക്കളും മക്കളുമെന്ന നിലയിലും കുടുംബജീവിതം ആസ്വദിച്ചിട്ടില്ല എന്നുറപ്പാണ്. ആസ്വദിക്കുന്ന ഒന്നിനോടുമാത്രമേ ആഗ്രഹമുണ്ടാകൂ, അഭിവാഞ്ഛയുണ്ടാകൂ. 
 
ഒരു ഭാര്യയ്ക്ക് കുടുംബത്തോടുള്ള, എന്നു പറയുമ്പോള്‍ ഭര്‍ത്താവിനോടൊപ്പവും വീടിനുള്ളിലായിരിക്കുമ്പോളുമുള്ള ആസ്വാദനം നഷ്ടപ്പെടുമ്പോള്‍ മുഷിച്ചിലു തോന്നിത്തുടങ്ങും. അതുകൊണ്ടല്ലേ നിങ്ങളുതന്നെ പറഞ്ഞതുപോലെ മുഷിച്ചിലുമാറ്റാന്‍ നിങ്ങളുടെ ഭാര്യയ്ക്ക് പുറമെ ഏതോ സംഘടനയെ ആശ്രയിക്കേണ്ടിവന്നത്? അവരെപ്പോലെ പലകുടുംബങ്ങളില്‍നിന്നും വന്നുകൂടിയ തുല്യദു:ഖിതരായ വനിതകളായിരിക്കുമല്ലോ അങ്ങനെയുള്ള സംഘടനകളിലുള്ളവരിലേറെപ്പേരും. അവര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ പൊതുവായിട്ടുള്ള വിഷയം അല്ലെങ്കില്‍ വിഷമം എന്തായിരിക്കും? ഭര്‍ത്താക്കന്മാരോടുള്ള അമര്‍ഷം; ഫലത്തില്‍ അതെന്തായിട്ടു പരിണമിക്കും എന്നുചോദിച്ചാല്‍ ഒരേയൊരുത്തരം 'പുരുഷവിരോധം.' അതു പറയാന്‍ കൊള്ളില്ലാത്ത പേരായതുകൊണ്ട് അതിനു കേട്ടാല്‍ മെനയുള്ള വേറൊരു പേരിടുന്നു; 'സ്ത്രീ സമത്വം.' അതു നേടിയെടുക്കാനുള്ള സമരത്തിന്‍റെ പേര്; 'സ്ത്രീവിമോചനം.' 
 
പ്രപഞ്ചകര്‍ത്താവു മനുഷ്യപ്രകൃതിയില്‍തന്നെ നിക്ഷേപിച്ചിരിക്കുന്നത് സ്ത്രീയ്ക്കും പുരുഷനും അവകാശങ്ങളില്‍ സമത്വമാണ്, പക്ഷേ അസ്തിത്വത്തില്‍ സമത്വമല്ല. അസ്തിത്വത്തില്‍ പുരുഷനും സ്ത്രീയും രണ്ടാണ്. അവര്‍ക്ക് ഒരിക്കലും എത്ര ശ്രമിച്ചാലും തുല്യതയുണ്ടാകില്ല,  എത്രസമരംചെയ്താലും സമത്വവുമുണ്ടാവുകയില്ല. ഒരു സ്ത്രീക്ക് പുരുഷനെ വെല്ലുവിളിച്ച്, വാഹനമോടിക്കുന്നതുമുതല്‍ ചന്ദ്രനില്‍ പോകുന്നതുവരെ, പുരുഷന്‍ ചെയ്യുന്നതെന്തും ചെയ്യാന്‍ സാധിച്ചേക്കാം,  പക്ഷേ, ഒരിക്കലും ഒരു പുരുഷനു തുല്യനാകാന്‍ സ്ത്രീക്കു സാധിക്കില്ല. സ്ത്രൈണതയും, പൗരുഷവും അതു പ്രകൃതിനിയമമാണ്, ദൈവദത്തമാണ്. പുരുഷനോ സ്ത്രീയ്ക്കോ സ്വയമായി ഈ അന്തരങ്ങളെ അതിജീവിക്കാനോ, വ്യത്യാസങ്ങളെ മറികടക്കാനോ ആവുകയില്ല. അതായത് സ്ത്രീയ്ക്ക് വസ്ത്രധാരണത്തിലോ, ജോലിയിലോ എന്തിലും പുരുഷനെ അനുകരിക്കാം, പക്ഷേ സമത്വം അത് അസാധ്യമാണ്. അങ്ങനെ സാധിക്കും എന്ന മിഥ്യാധാരണയാണ് സ്ത്രീസമത്വത്തിന്‍റെയും, സ്ത്രീവിമോചനത്തിന്‍റെയുമൊക്കെ പ്രത്യയശാസ്ത്രത്തിന്‍റെ മൂലംതന്നെ. 
 
പ്രകൃതിയിലെ സര്‍വ്വതിനും തമ്പുരാന്‍ ഒരു ക്രമം നിര്‍ണ്ണയിച്ചിട്ടുണ്ട്. ആ ക്രമങ്ങളിലൂടെ തമ്പുരാന്‍ ചേര്‍ത്തുവച്ചിട്ടുള്ള സനാതനമൂല്യങ്ങളുണ്ട്. ഈ സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ ഈ ക്രമങ്ങളെ നിരസിക്കും മൂല്യങ്ങളെ അവഗണിക്കും. ഫലമോ, ആര്‍ക്കും എന്തുമാകാവുന്ന, ഒന്നിലും ഒരു തെറ്റും കാണാനാകാത്ത അവസ്ഥ. പക്ഷിമൃഗാദികളും സസ്യലതാദികളുംപോലും ഒന്നും ഒരിക്കലും ചെയ്യാത്ത പ്രകൃതിവിരുദ്ധമായ സ്വവര്‍ഗ്ഗരതിയോ, ആണും ആണുംതമ്മിലും, പെണ്ണും പെണ്ണുംതമ്മിലും വിവാഹമോ ഒന്നിലും തെറ്റില്ലെന്ന് അക്കൂട്ടര്‍ വിധിക്കും. ബുദ്ധിവിവേചനമില്ലാത്ത പക്ഷിമൃഗാദികള്‍ ചെയ്യുന്നതുപോലെ പരസംഗമോ, കൂടിജീവിതമോ ഒക്കെ ശരിയെന്നവര്‍ സ്ഥാപിച്ചെടുക്കും.
ഏറ്റവും മൂലസമൂഹമാണല്ലോ കുടുംബം. ഏതു സമൂഹത്തിലും രണ്ടു ഭരണകേന്ദ്രങ്ങള്‍ അതിന്‍റെ നാശത്തിനു കാരണമാകും. ഒരു രാഷ്ട്രത്തിലും രണ്ടു ഭരണത്തലവന്മാരില്ല, ഒരു രാജ്യത്തിലും രണ്ടുരാജാക്കന്മാരില്ല, ഒരു പട്ടാളത്തിനും രണ്ടു പടത്തലവന്മാരില്ല, ഒരു പഞ്ചായത്തിലും രണ്ടു പ്രസിഡണ്ടുമാരുപോലുമില്ല. ഏതു സമൂഹത്തിന്‍റെയും സുസ്ഥിതിക്ക് ഒരു നേതാവും ബാക്കി വിധേയരും ഉണ്ടാകണം. കുടുംബം ഏറ്റവും ചെറിയ സമൂഹമാണ്. കുടുംബത്തിന്‍റെ സുസ്ഥിതിക്കും ഒരു നേതാവും ബാക്കി വിധേയരുമാണ് ഉണ്ടാകേണ്ടത്. ഇവിടെ മേധാവിയും അധീനരുമില്ല, മറിച്ച് നേതാവും വിധേയരുമാണ്. 
 
ഭര്‍ത്താവും ഭാര്യയും മേധാവിയും അധീനയുമല്ല; തുല്യപങ്കാളികളാണ്. പക്ഷേ നേതൃത്വം ഭര്‍ത്താവിനാണ്, ഭാര്യ വിധേയയും. അതേസമയം പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ ശിരസും ഉടലുംപോലെ ഇരുവരും തുല്യരുമാണ്, പക്ഷേ ഭര്‍ത്താവ് നേതാവും ഭാര്യവിധേയയും. അതിന് എല്ലാത്തരത്തിലും ഇണങ്ങുന്ന രീതിയിലാണ് ദൈവം പുരുഷനും സ്ത്രീയുമായി മനുഷ്യന് അസ്തിത്വം നല്കിയിരിക്കുന്നത്. ഒരുപോലെയല്ല, വ്യത്യസ്തരായി. തുല്യതയോടെയല്ല, അന്തരങ്ങളോടെ. പുരുഷനോ സ്ത്രീയ്ക്കോ സ്വയമായി ഈ അന്തരങ്ങളെ അതിജീവിക്കാനോ, വ്യത്യാസങ്ങളെ മറികടക്കാനോ ആവുകയില്ല. അങ്ങനെ സാധിക്കും എന്ന മിഥ്യാധാരണയാണ് സ്ത്രീസമത്വത്തിന്‍റെയും, സ്ത്രീവിമോചനത്തിന്‍റെയുമൊക്കെ പ്രത്യയശാസ്ത്രത്തിന്‍റെ മൂലംതന്നെ എന്നു വീണ്ടും പറയട്ടെ. 
 
പുരുഷനും സ്ത്രീക്കും സമത്വത്തിലെത്താന്‍ സാധിക്കും. അതിന് ഒറ്റ വഴിയെയുള്ളു, അതു പ്രകൃതിയില്‍ തമ്പുരാന്‍ വച്ചിരിക്കുന്ന വഴിതന്നെയാണ്; പരസ്പരദാനം. പുരുഷനിലും സ്ത്രീയിലും ഒരുപോലെയുള്ളവയും, അതേസമയംതന്നെ പുരുഷനിലില്ലാത്ത എന്നാല്‍ സ്ത്രീയിലുള്ളവയും, സ്ത്രീയിലില്ലാത്ത എന്നാല്‍ പുരുഷനില്‍ ഉള്ളവയും പരസ്പരം പരിധിവയ്ക്കാതെ പങ്കുവയ്ക്കുമ്പോള്‍ പുരുഷനും സ്ത്രീയും തുല്യരാകും. ഇരുവര്‍ക്കും തുല്യതയിലെത്തണമെങ്കില്‍ ഇതിനു പകരം വയ്ക്കാന്‍ വേറൊരു മാര്‍ഗ്ഗവുമില്ല. 
 
ഈ സ്വയംദാനം ഭര്‍ത്താവിനെയും ഭാര്യയെയും പിതാവും മാതാവും ആക്കിത്തീര്‍ക്കുന്നു. സ്ത്രീത്വത്തിന്‍റെ തികവ് മാതൃത്വത്തിലും അതിന്‍റെ അളവില്ലാത്ത ഊഷ്മളതയിലും, പൗരുഷത്തിന്‍റെ തികവ് പിതൃത്വത്തിലും അതിന്‍റെ അതിരില്ലാത്ത സംരക്ഷണശക്തിയിലുമാണ്. ഈ കൂട്ടായ്മയുടെ അനുഭവമാണ് കുടുംബത്തിലെ സംതൃപ്തി എന്നുപറയുന്നത്. അതില്‍ അതിരില്ലാത്ത ആസ്വാദ്യതയുണ്ട്. അന്തരങ്ങളെല്ലാം അതില്‍ ലയിച്ചില്ലാതെയാകും. ഇതില്ലെങ്കില്‍ കുടുംബജീവിതത്തില്‍ മുഷിച്ചിലുണ്ടാകും; മുഷിച്ചിലുമാറാന്‍ പുറമേ എവിടെയെങ്കിലും തിരയേണ്ടിവരും, നിങ്ങളുടെ ഭാര്യചെയ്തതുപോലെ. കാര്യമറിയാതെ നിങ്ങളതിനു വളവുമിട്ടു.
 
ഇദ്ദേഹത്തെ കണ്ടപ്പോള്‍ മുതല്‍ ഇദ്ദേഹത്തിന്‍റെയും മൂഡ് ഓഫാണെന്നു തോന്നി. അതൊന്ന് ഓണാക്കി, ഞാനീ പറഞ്ഞതു മനസ്സിലായെങ്കില്‍, നിങ്ങളുടെ കുറ്റംകൊണ്ടാണ് എല്ലാമെന്നു പറഞ്ഞു മനസമാധാനത്തിനുവേണ്ടി ഓടിനടക്കാതെ, സെമിനാരിയിലല്ല, ഇടവകയിലെ കൂട്ടായ്മകളിലും, നിങ്ങളോട് അടുപ്പമുള്ള ദമ്പതികളോടുമൊക്കെ സ്വന്തം അനുഭവത്തില്‍നിന്നും പഠിച്ച ഈപാഠമൊക്കെ പറഞ്ഞുകൊടുക്കുക. വലിയ സ്വീകരണമൊന്നും ഉടനെ പ്രതീക്ഷിക്കണ്ട. പക്ഷേ ബോധ്യപൂര്‍വ്വം പകര്‍ന്നുകൊടുത്താല്‍ ബന്ധനമാണെന്നു പറഞ്ഞു പേടിപ്പിക്കുന്ന ധ്യാനപ്രസംഗങ്ങളേക്കാള്‍ തകരാറായ പലകുടുംബങ്ങളേയും സ്വാധീനിക്കാനാകും. നിങ്ങള്‍ക്ക് അത്രയും മനസമാധാനവുംകിട്ടും." 

You can share this post!

ഡെലിവറി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts