ഒരു പുരുഷായുസ്സ് മുഴുവന്‍ കത്തിയമര്‍ന്ന അഗ്നിപര്‍വ്വതം! ഇരുപതാം നൂറ്റാണ്ടിന്‍റെ വലിയ ഭൂമികയില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ച പ്രവാചകന്‍! മാനവവിമോചനത്തിന്‍റെ അടങ്ങാത്ത ദാഹവും സ്വപ്നങ്ങളുമായി ഈ മണ്ണില്‍ ജീവിച്ച ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു, ഫാദര്‍ ജോസഫ് വടക്കന്‍.
അറബിക്കടല്‍ കടന്ന് കേരളത്തിന്‍റെ മണ്ണില്‍ വേരുറച്ച കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനെതിരെ വിരുദ്ധ മുന്നണി അണിനിരത്തിയ ബ്രദര്‍ വടക്കന്‍. ബാലറ്റ് പേപ്പറിലൂടെ ഭരണാധികാര തിടമ്പ് കുലുക്കിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കുലുക്കി മറിച്ചിട്ട വിമോചനസമരത്തിന്‍റെ സൂത്രധാരന്‍. സാധാരണക്കാരന്‍റെ പക്ഷത്തുനിന്നും ലോകവാര്‍ത്തകളെ വായിച്ച തൊഴിലാളി പത്രത്തിന്‍റെ ആരംഭകന്‍. നീതി നഷ്ടപ്പെട്ട പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി പോരാടുകയും, കര്‍ഷകരെ ഏകോപിപ്പിക്കുവാന്‍ കര്‍ഷക തൊഴിലാളി പാര്‍ട്ടി (KTP) ഉണ്ടാക്കുകയും അതില്‍ രണ്ട് എം. എല്‍. എ. മാരും ഒരു മന്ത്രിയും ഉണ്ടായ ചരിത്രവും അനവദ്യം സമരമുഖങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും അങ്ങനെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- മതപരമായ മണ്ഡലങ്ങളില്‍ മിന്നിത്തിളങ്ങിയ ഒരു പുണ്യാത്മാവിന്‍റെ സ്മൃതിസാഗര തീരത്ത് ഒരു ഡിസംബര്‍ കൂടി വന്നണഞ്ഞു. ഡിസംബര്‍ ഇരുപത്തെട്ട് അദ്ദേഹത്തിന്‍റെ ഓര്‍മ്മ ദിവസം ആണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭാനഭസ്സില്‍ ഒരു പുലരിനക്ഷത്രം പോലെ ഉദിച്ചകാലം. ഇരുള്‍ മൂടിക്കിടന്ന സഭയുടെ അകമുറികളിലേയ്ക്ക് ജീവനുദിക്കുന്ന വെളിച്ചവും വായുവും വന്നു നിറഞ്ഞു. അവ പല നൂതന വീക്ഷണങ്ങള്‍ക്കും വാതില്‍ തുറന്നു കൊടുത്തു. ആ കാലത്തിന്‍റെ ഋതുഭേദങ്ങളില്‍ വിമോചന ദൈവ ശാസ്ത്രത്തിന്‍റെ വിത്ത് കേരളത്തിലെ മണ്ണിലും മുളപൊട്ടി വേഗം വളര്‍ന്നു. ജനങ്ങള്‍ പള്ളിയിലേയ്ക്കല്ല, പള്ളി ജനങ്ങളിലേയ്ക്കാണെന്നും, പള്ളി പാവങ്ങളുടെ പക്ഷത്തെന്നുമുള്ള പ്രതിഭാസങ്ങള്‍ക്ക് തുടക്കമായി.
കോരിച്ചൊരിയുന്ന ഒരു പെരുമഴക്കാലത്താണ് ഫാദര്‍ വടക്കന്‍ കമ്മ്യൂണിസ്റ്റുകാരനായി അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റു സഹചാരിയായി മുദ്രകുത്തപ്പെടുന്നത്. അമരാവതിയില്‍ മഴയിലും ചെളിയിലും കുടിയിറക്കപ്പെട്ട മനുഷ്യര്‍ വലഞ്ഞു. വിശ്വാസികള്‍ അനേകമുള്ള കത്തോലിക്കാ കേരളത്തില്‍ നിന്ന് ഒരു മെത്രാനോ വൈദികമേലധ്യക്ഷനോ, ശക്തിവത്തായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘടനകളോ അമരാവതിയിലെ നരകിക്കുന്ന മനുഷ്യരെ എന്തേ തിരിഞ്ഞുനോക്കിയില്ല എന്ന ചോദ്യവും ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദയമായ നിര്‍ബന്ധിത ഇറക്കിവിടലിനെതിരെ ഒരു കൊച്ചു പന്തലില്‍ നിരാഹാരം കിടന്ന സഖാവ് എ.കെ. ഗോപാലന് കൈകളര്‍പ്പിച്ചതും പിന്നെ സമരം ഫാദര്‍ വടക്കന്‍ ഏറ്റുപിടിച്ചതും ഒരു തീബോംബുപോലെയായി. മനുഷ്യത്വത്തിനു വേണ്ടിയുള്ള ആ സിംഹഗര്‍ജനം അമരാവതിക്കാടുകള്‍ പിന്നിട്ട് കേരളത്തിലെ എല്ലാ കത്തോലിക്ക കേന്ദ്രങ്ങളിലും എത്തി. പത്രങ്ങളില്‍ അത് റിപ്പോര്‍ട്ട് ചെയ്തു. ചെന്നിടത്തൊക്കെ ആ വാക്കുകള്‍ തീയും പുകയും സൃഷ്ടിച്ചു. വിമര്‍ശനങ്ങളെ ഭയന്നിരുന്ന സഭാധികാരികളും സ്ഥാപിത താത്പര്യക്കാരും ഫാദര്‍ വടക്കനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
മാര്‍ക്സിസത്തിന്‍റെ തീവെളിച്ചത്തില്‍ ക്രിസ്തുമതത്തെയും ക്രൈസ്തവ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ മാര്‍ക്സിസത്തിന്‍റെ പറുദീസാസാഫല്യങ്ങളേയും വിലയിരുത്താനുള്ള ശ്രമത്തിനിടയില്‍ അദ്ദേഹത്തെ കുരിശേറ്റി. മാനവവിമോചനദാഹിയായ ആ വന്ദ്യപുരോഹിതന്‍ വിശ്വാസനിയമങ്ങളുടെ അധികാര ശരശയ്യയില്‍, അദൃശ്യ കുരിശില്‍ എത്ര പാടുപീഡകള്‍ സഹിച്ചു. നോക്കൂ, മനുഷ്യഭാവിയെ സമഗ്രമായി ആശ്ലേഷിക്കുവാന്‍ ശ്രമിക്കുന്ന ഒരു പ്രവാചകന്‍ ജന്മമെടുക്കുന്നത് എത്ര പ്രയാസപ്പെട്ടാണെന്ന്!
സകല പുരോഹിതരും കണ്ടുപഠിക്കേണ്ട മാതൃക ഫാദര്‍ വടക്കന്‍ കുരിയച്ചിറ ഇടവകയില്‍ നടപ്പിലാക്കി. ജാതിമതഭേദമില്ലാതെ ആലംബഹീനരെ ചേര്‍ത്തുപിടിച്ചു. വീടില്ലാത്തവര്‍ക്ക് വീടും പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്കൂളും അദ്ദേഹം നിര്‍മ്മിച്ചുയര്‍ത്തി. ആ പ്രവാചക പ്രതിഭയില്‍ നിന്ന് പുതിയ ആകാശങ്ങള്‍ കാണേണ്ടതിനു പകരം പൊട്ടക്കിണറ്റിലേക്ക് വലിച്ചുതാഴ്ത്തുന്ന ചില പുരാതനശൈലികളും ഹുങ്കും അധികാരികള്‍ കാണിച്ചു തുടങ്ങി. ഇടവകപ്പള്ളിയിലെ ഫാദര്‍ വടക്കന്‍റെ കുര്‍ബ്ബാന മുടക്കി. അദ്ദേഹം താന്‍ സ്ഥാപിച്ച ചികിത്സാ കേന്ദ്രത്തിന്‍ വിശ്രമത്തിനായി താമസിച്ച് അവിടെ കുര്‍ബ്ബാന ചൊല്ലി. അവിടെയും കുര്‍ബ്ബാന ചൊല്ലരുതെന്ന് വിലക്ക് വന്നു. ദരിദ്രരോട് പക്ഷം ചേര്‍ന്നതിന് ലഭിച്ച ശിക്ഷ ഫാദര്‍ വടക്കന്‍റെ ഹൃദയത്തെ വേദനിപ്പിച്ചു. കരള്‍ നൊന്തു. തനിക്കു ലഭിച്ച പൗരോഹിത്യത്തെ സകല ലോകത്തിനും തുറന്നുകാണിച്ച് നാവിന്‍റെ വിലക്കും നിയമങ്ങളുടെ ചങ്ങലയും അറുത്ത് മുറിച്ച് തേക്കിന്‍കാട് മൈതാനത്ത് ഒരു കുര്‍ബ്ബാന ചൊല്ലി. ഒരു ഗംഭീരം പ്രസംഗവും നടത്തി. ഇതു കഴിഞ്ഞ് രണ്ടാം ദിവസം ബിഷപ്പ് ഫാദര്‍ വടക്കനെ സസ്പെന്‍റ് ചെയ്തു. സസ്പെന്‍ഷന്‍ മാറ്റി പരസ്പര ധാരണയില്‍ സഭയില്‍ പ്രവേശിച്ചെങ്കിലും ആ മൈതാന കുര്‍ബ്ബാനയുടെ രാഷ്ട്രീയം ഒരു ചോദ്യചിഹ്നമായി ഇന്നും നില്‍ക്കുന്നു.
കോരിച്ചൊരിയുന്ന ഒരു പെരുമഴക്കാലത്താണ് ഫാദര്‍ വടക്കന്‍ കമ്മ്യൂണിസ്റ്റുകാരനായി അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റു സഹചാരിയായി മുദ്രകുത്തപ്പെടുന്നത്. അമരാവതിയില്‍ മഴയിലും ചെളിയിലും കുടിയിറക്കപ്പെട്ട മനുഷ്യര്‍ വലഞ്ഞു. വിശ്വാസികള്‍ അനേകമുള്ള കത്തോലിക്കാ കേരളത്തില്‍ നിന്ന് ഒരു മെത്രാനോ വൈദികമേലധ്യക്ഷനോ, ശക്തിവത്തായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘടനകളോ അമരാവതിയിലെ നരകിക്കുന്ന മനുഷ്യരെ എന്തേ തിരിഞ്ഞുനോക്കിയില്ല എന്ന ചോദ്യവും ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദയമായ നിര്‍ബന്ധിത ഇറക്കിവിടലിനെതിരെ ഒരു കൊച്ചു പന്തലില്‍ നിരാഹാരം കിടന്ന സഖാവ് എ.കെ. ഗോപാലന് കൈകളര്‍പ്പിച്ചതും പിന്നെ സമരം ഫാദര്‍ വടക്കന്‍ ഏറ്റുപിടിച്ചതും ഒരു തീബോംബുപോലെയായി.
മന്ദോഷ്ണ വിശ്വാസവും, പെരുന്നാളും, പള്ളിപണിയലും, വെടിക്കെട്ടും വിരുന്നും, വിദേശജോലിയും, ആഡംബരജീവിതവും, രോഗം വരുമ്പോള്‍ ധ്യാനം കൂടിയും നിര്‍വീര്യമായിക്കൊണ്ടിരിക്കുന്ന സഭാ സമൂഹത്തിന് ഫാദര്‍ വടക്കനെപ്പോലെ ഒരു പ്രവാചകന്‍ അത്യന്താപേക്ഷിതമാണ്.
ശുഭ്രമായ ഒരു ഖദര്‍ ളോഹ ജീവിതാവസാനം വരെ അദ്ദേഹം ധരിച്ചു. വിശ്രമജീവിതത്തിന്‍റെ നാളുകളില്‍ ദിനേന അറുപത് ജപമാലകളും ചൊല്ലി. ആധ്യാത്മികതയും അതിനൊത്ത് ചേര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിനും മാതൃകയായി ഫാദര്‍ വടക്കനെ പോലെ ഉയര്‍ത്തിപിടിക്കാവുന്ന പ്രതിഭാസം ഇന്ത്യയുടെ ചരിത്രത്തില്‍പോലും വേറെയില്ല.
മഞ്ഞില്‍ വിരിഞ്ഞ ഒരു പനിനീര്‍ പുഷ്പം ആ ഇതിഹാസ പുരുഷന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.....