news-details
ഇടിയും മിന്നലും
അവശനിലയില്‍ കിടന്നിരുന്ന ഒരു രോഗിയെക്കാണാന്‍ കേരളത്തിലെ പ്രശസ്തമായ ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പോയി. എന്‍റെയൊരു സുഹൃത്തിനൊപ്പം അയാള്‍ക്കും അവിടെ ഏതോ രോഗിയെ കാണാനുണ്ടായിരുന്നതുകൊണ്ട്, ആളുടെ കാറിലായിരുന്നു പോയത്. ആശുപത്രിയിലെത്തി, ഐസിയുവില്‍ ആയിരുന്ന രോഗിയെ അനുവദിച്ചസമയത്തു കയറികണ്ടതിനുശേഷം നാലാംനിലയിലെ അവരുടെ മുറിയില്‍ ബന്ധുക്കളുമൊത്ത് ഞാന്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ കയറിവന്ന്, പുറത്തുകാത്തുനില്‍ക്കാം, പോകാനിറങ്ങുമ്പോള്‍ കാണാന്‍പറ്റുമോ എന്നുചോദിച്ചു. കാത്തുനില്‍ക്കണ്ട, അപ്പോള്‍തന്നെ കാണാം എന്നുപറഞ്ഞ് ഞാനയാളുടെകൂടെ ഇറങ്ങിച്ചെന്നു. 
 
തൊണ്ണൂറിനുമേല്‍ പ്രായമുള്ള അയാളുടെ അപ്പന്‍ ബോധമില്ലാതെ ഐസിയുവില്‍ കിടക്കുകയായിരുന്നു. യാതൊരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ട് റൂമിലേക്കു മാറ്റി. കാണാനുള്ളവരെല്ലാം വന്നുകണ്ടു. ഒരു മാറ്റവുമില്ലാതെ വലിച്ചുവലിച്ചങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടാഴ്ചയായി. അങ്ങനെ കിടക്കുന്നതിനു കാരണമുണ്ടെന്ന് അവിടുത്തെ ഒരു നേഴ്സ് ഇവരോടു പറഞ്ഞതാണ് ഇപ്പോള്‍ വിഷയം. അപ്പന്‍ നേര്‍ന്ന ഏതോ നേര്‍ച്ചക്കടം വീട്ടാതെ കിടപ്പുണ്ടെന്നും, ഇതിനു മുമ്പും ഇതുപോലെ മരിക്കാതെകിടന്ന പല കേസുകളും അവരു പറഞ്ഞുകൊടുത്തതനുസരിച്ചു ചെയ്ത് കാര്യങ്ങള്‍ക്കു തീരുമാനമാക്കിയിട്ടുണ്ടെന്നും നേഴ്സമ്മ ഇവരെ പറഞ്ഞുബോധ്യപ്പെടുത്തി. ബോധമില്ലാതെ കിടക്കുന്ന അപ്പന്‍ എന്തുനേര്‍ച്ചയാണു നേര്‍ന്നതെന്നെങ്ങനെ ചോദിച്ചറിയും? അതിനുമുണ്ടായിരുന്നു അവര്‍ക്കു പ്രതിവിധി. അതൊക്കെ പറഞ്ഞുതരുന്ന അച്ചന്മാരുണ്ടുപോലും! അങ്ങനെയൊരച്ചനെ കാണാന്‍ പോകാനിറങ്ങുമ്പോഴാണ് യാദൃച്ഛികമായി എന്നെക്കണ്ടത്. അപ്പനുവേണ്ടിയൊന്നു പ്രാര്‍ത്ഥിക്കുകയുംവേണം, കൂടാതെ എനിക്കതിനെപ്പറ്റി വല്ലതുമറിയാമെങ്കില്‍ പിന്നെ വേറെ അച്ചന്മാരെയൊന്നും കാണാന്‍ പോവുകയുംവേണ്ടല്ലോ. ഞങ്ങള്‍ നടന്ന് മൂന്നാംനിലയിലെ അവരുടെ മുറിക്കടുത്തെത്തിയിരുന്നു. 
 
"അപ്പനുവേണ്ടി ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കാം, പക്ഷെ നേര്‍ച്ചക്കാര്യത്തെപ്പറ്റി നേഴ്സമ്മപറഞ്ഞ അച്ചനെത്തന്നെ പോയിക്കണ്ട് വേണ്ടതു ചെയ്തേപറ്റൂ." എന്നു ഞാനും പറഞ്ഞു. 
 
ഞാന്‍ ചെല്ലുമ്പോള്‍ മക്കളും ബന്ധുക്കളുമൊക്കെയായിരിക്കും, കുറേപ്പേരു പുറത്തും രണ്ടുമൂന്നു സിസ്റ്റേഴ്സടക്കം കുറച്ചുപേര് മുറിക്കകത്തും ഉണ്ടായിരുന്നു. ആരെയും പരിചയമില്ലാതിരുന്നതുകൊണ്ട് ചെന്നയുടനെ പ്രാര്‍ത്ഥിച്ചിട്ടു ഞാന്‍ മുറിക്കു പുറത്തേക്കിറങ്ങുമ്പോള്‍ സിസ്റ്റേഴ്സ് പിന്നാലെവന്നു.
 
"കണ്ടുനില്ക്കാന്‍ വിഷമമാണച്ചാ, ഇനിയും അധികം കിടക്കാതെ.... " ആ സിസ്റ്ററിനു കരച്ചില്‍വന്നു. മകളായിരിക്കുമെന്നു ഞാനൂഹിച്ചു.
 
"നേര്‍ച്ചക്കടമുണ്ടെങ്കില്‍ ഇങ്ങനെ കിടക്കുമോ അച്ചാ?" അടുത്ത സിസ്റ്റര്‍. ഒന്നുംമിണ്ടാതെ പോരണമെന്നോര്‍ത്തു പുറത്തിറങ്ങിയതായിരുന്നെങ്കിലും ആ ചോദ്യം കേട്ടപ്പോള്‍ ബ്രേക്കുപോയി.
 
"ഭേദമാകാന്‍ എത്രനാളെടുക്കുമെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം?"
 
"ഇല്ലച്ചാ, ഒരു പ്രതീക്ഷയുമില്ല, എങ്ങും കൊണ്ടുപോയിട്ടും കാര്യമില്ല, വീട്ടില്‍ കൊണ്ടുപോയി നോക്കിയാലും മതിയെന്നാണു ഡോക്ടറു പറഞ്ഞത്. ഈ അവസ്ഥയില്‍ വീട്ടില്‍ കൊണ്ടുപോയിട്ടെന്തു ചെയ്യാനാണച്ചാ."
 
"അതുശരി, ഒരുപ്രതീക്ഷയുമില്ലെന്ന് അത്ര ഉറപ്പാണെങ്കില്‍ പിന്നെയെന്തിനാണാവോ ആ പാവത്തിന്‍റെ ശരീരത്തിലെ എല്ലാദ്വാരങ്ങളിലൂടെയും പൈപ്പും കുഴലുമെല്ലാം ഫിറ്റുചെയ്തിരിക്കുന്നത്? ബോധമുണ്ടായിരുന്നെങ്കില്‍ അങ്ങേരുതന്നെ എഴുന്നേറ്റ് അതെല്ലാം വലിച്ചൂരികളഞ്ഞിട്ടു നീണ്ടുനിവര്‍ന്നുകിടന്ന് രണ്ടു വലീംവലിച്ച് പണ്ടേ മരിച്ചേനേം." അത്ര പരുഷമായ എന്‍റെ മറുപടി കേട്ടപ്പോള്‍ സിസ്റ്റേഴ്സിന്‍റെ മുഖത്തെ പ്രതിഷേധം കണ്ടതുകൊണ്ട് ഞാനുടനെ വിശദീകരണം കൊടുത്തു.
 
"സോറി സിസ്റ്റര്‍. പെട്ടെന്നു പറഞ്ഞുപോയതാണ്. പ്രവര്‍ത്തനം നിലച്ച അവയവങ്ങളെപോലും കൃത്രിമമായി കുറെക്കാലത്തേക്കു പ്രവര്‍ത്തിപ്പാക്കാനുള്ള യന്ത്രസംവിധാനങ്ങളൊക്കെ ഇതുപോലെയുള്ള വലിയ ആശുപത്രികളിലുണ്ട്. മരണം ഉറപ്പായവരെപ്പോലും അങ്ങനെ കുറെനാളത്തേക്കു ജീവിപ്പിച്ചുനിര്‍ത്താനുംപറ്റും. ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവരതു പരമാവധിചെയ്യും, ചെയ്തേപറ്റൂ, അത് അവരുടെ ഡ്യൂട്ടിയാണ്. ഇതിപ്പോള്‍ അങ്ങനൊരു കേസല്ലേ? വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുപോകാമെന്നു പറയുകയല്ലാതെ ആശുപത്രിക്കാര് ബലമായി ഇറക്കിവിടത്തില്ലല്ലോ. തന്നെയല്ല, ആശുപത്രിയുടെ വരുമാനവും അവരു നോക്കാതിരിക്കത്തില്ലല്ലോ. പക്ഷേ, ഇതിനെല്ലാം പഴി ഏല്ക്കേണ്ടിവരുന്നതാരാണെന്നു സിസ്റ്ററു ചിന്തിച്ചുനോക്ക്. ആരാ? പാവം ദൈവംതമ്പുരാന്‍! ഈ അപ്പാപ്പന്‍ നേര്‍ച്ച എന്നൊന്നു ജീവിതത്തില്‍ ചിന്തിച്ചിട്ടുപോലുമുണ്ടായിരിക്കുകയില്ല. സത്യമതാണെങ്കിലും, നേരാത്ത നേര്‍ച്ചക്കു പിഴയിടുന്ന തമ്പുരാന്‍ കര്‍ത്താവിന്‍റെ പേരില്‍ ഏതെങ്കിലും അച്ചനോ, സിദ്ധനോ വിധിക്കുന്ന പ്രതിക്രിയകള്‍ ചെയ്താല്‍ മാത്രമേ ബാക്കിയുള്ളവരുടെയൊക്കെ ഭയവും സംശയവും മാറിക്കിട്ടൂ. അതുകൊണ്ടാണ് എന്‍റടുത്തുവന്ന ആളോട് ഇക്കാര്യമൊന്നുംപറയാതെ നേഴ്സമ്മ പറഞ്ഞ അച്ചനെത്തന്നെ പോയിക്കാണാന്‍ ഞാന്‍ പറഞ്ഞത്. സിസ്റ്ററു തടയണ്ടാ, അങ്ങേരുപോയി കണ്ടിട്ടുവരട്ടെ." കൂടുതല്‍ സംസാരിക്കാന്‍ നില്ക്കാതെ ഞാന്‍ നാലാംനിലയിലെ മുറിയിലേക്കു തിരിച്ചുപോയി.
 
എന്നെ കൂട്ടത്തില്‍ കൊണ്ടുവന്ന ആളിനു തിരിച്ചുപോകാന്‍ കുറെക്കൂടെ താമസമുണ്ടാകുമെന്നു അറിയിച്ചതുകൊണ്ട് രോഗീസന്ദര്‍ശനത്തിനു വന്നവരുമായി സംസാരിച്ചിരുന്നു ഞാന്‍ സമയംനീക്കി. അതിനിടയിലാണ് ആളുവന്നത്, ഒരുമണിക്കൂര്‍മുമ്പ് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുപോന്ന ആ അപ്പാപ്പന്‍ മരിച്ചെന്നറിയിച്ച്. അങ്ങോട്ടൊന്നു പോയാലോ എന്നുശങ്കിച്ചു ഞാന്‍ നില്ക്കുമ്പോളായിരുന്നു ആ സിസ്റ്റര്‍ ഓടിവന്നത്.
 
"അച്ചന്‍ പോയോന്നറിയാന്‍ ഓടിവന്നതാണ്, ഒരൊപ്പീസു ചൊല്ലാന്‍ വരാമോ അച്ചാ?" ഉടനെതന്നെ സിസ്റ്ററിനൊപ്പം ഞാനുംനടന്നു.
 
"ആ നേഴ്സ് പറഞ്ഞതു കൃത്യമായിരുന്നച്ചാ. അവന്‍ ആ അച്ചനെ കാണാന്‍ പോയിട്ടുവന്നു മുറിയില്‍ കയറിയ ഉടനെയായിരുന്നു മരണം."
 
ആ നേഴ്സിനു സാക്ഷ്യംപറയാന്‍ ഒരുസംഭവംകൂടെയായി. ആ സിസ്റ്ററിന്‍റെ തലയിലും നേര്‍ച്ചയെപ്പറ്റി അതേ തെറ്റിധാരണതന്നെ ഉറച്ചല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമംതോന്നി. എങ്കിലും, ഞാന്‍ പ്രാര്‍ത്ഥിച്ചയുടനെ ആളുപോയി എന്നാരും പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു. ഒപ്പീസുംചൊല്ലി, ഞാന്‍ തിരിച്ചുപോന്നു.
 
സഹൃത്തിന് ഊടുവഴികളെല്ലാം അറിയാമായിരുന്നതുകൊണ്ട് ഞങ്ങളു തിരിച്ചുപോരുമ്പോള്‍ സിറ്റിയിലെ ബ്ലോക്ക് ഒഴിവാക്കാന്‍വേണ്ടി ഏതോ ഇടവഴിയിലൂടെ വിട്ടുപോരുമ്പോള്‍ അവിടെ അതിലുംവലിയ ബ്ലോക്ക്. ഒറ്റവണ്ടിക്കുപോകാനുള്ള വിസ്താരം മാത്രമുള്ള ആ വഴിയില്‍, കുറെ മുമ്പിലായി ഒരു ചെറിയ കയറ്റത്തില്‍, ഒരുലോറിയില്‍ കയറ്റാവുന്നത്ര സാധനങ്ങളുംകയറ്റി ഒരു പെട്ടിഓട്ടോ. ഡ്രൈവര്‍ എത്ര നോക്കിയിട്ടും വണ്ടിവലിക്കുന്നില്ല. രണ്ടുവശത്തും വന്ന വണ്ടികള്‍ ഹോണടി ബഹളം.
 
"ചുമ്മാതെ കിടന്ന് ഹോണടിച്ചിട്ടെന്താകാര്യം. അഞ്ചാറുപേരുകൂടി ഒന്നു തള്ളിക്കൊടുത്തിരുന്നെങ്കില്‍ ആ വണ്ടി കയറിപ്പോയേനേം. തനിക്കുവണ്ടിയിട്ടേച്ചു പോരാന്‍ പറ്റത്തില്ലല്ലോ, ഞാനൊന്നിറങ്ങിച്ചെന്നു നോക്കട്ടെ." ഞാന്‍ ഡോറുതുറന്നു.
 
"എന്‍റെ പൊന്നച്ചോ ചതിക്കല്ലേ. അച്ചനവിടെ ഇരി. വേറെ ആരെങ്കിലും തള്ളിക്കൊള്ളും. വലിച്ചുകിടന്ന ആ കാറുന്നോരെ പ്രാര്‍ത്ഥിച്ചു പൂക്കെന്നു പറഞ്ഞുവിട്ടില്ലേ. അച്ചനെങ്ങാനും ഇപ്പോച്ചെന്ന് തള്ളാനുംപറഞ്ഞ് ആ ഓട്ടോയേലെങ്ങാനും തൊട്ടാല്‍, ഇപ്പളതിനു വലിമുട്ടിയതെയുള്ളു, അതോടെ അത് അന്ത്യശ്വാസംവലിക്കും." അതുംപറഞ്ഞ് അയാളാര്‍ത്തു ചിരിച്ചപ്പോള്‍ കൂടെ ചിരിച്ചെങ്കിലും വല്ലാതെ ചമ്മിപ്പോയി. ഏതായാലും താമസിയാതെ ആരൊക്കെയോകൂടി തള്ളി അതിനെക്കയറ്റിവിട്ടു, ഞങ്ങളു യാത്രയും തുടര്‍ന്നു.
 
"ഇതിനിടെ ആ അപ്പാപ്പന്‍ മരിച്ചകാര്യം തന്നോടാരാ പറഞ്ഞത്, താനവിടെയെങ്ങുമില്ലായിരുന്നല്ലോ?"
 
"ആ അപ്പാപ്പനെക്കാണാനാണു ഞാന്‍വന്നത്. ഭാര്യേടെ അടുത്ത ബന്ധുവാ. നേര്‍ച്ചേടെ കാര്യമൊക്കെ എന്നോടു പറഞ്ഞപ്പോള്‍, അച്ചന്‍ മുകളിലുണ്ട് അച്ചനോടൊന്നു ചോദിച്ചുനോക്കാന്‍പറഞ്ഞു ഞാനാണവനെ അച്ചന്‍റെയടുത്തേക്കു വിട്ടത്. അതുകഴിഞ്ഞു ഞാന്‍ ടൗണിലൊന്നു പോയി. തരിച്ചുവന്നപ്പോഴേക്കും അച്ചന്‍ വന്നു പ്രാര്‍ത്ഥിച്ചായിരുന്നെന്നും ആളു മരിച്ചെന്നുമറിഞ്ഞു. അച്ചനെയിപ്പോള്‍ തിരിച്ച് ആശ്രമത്തില്‍ വിട്ടിട്ട് ഞാനിനി അവരുടെ വീട്ടിലേക്കു പോകുവാ. എന്നാലും അച്ചാ, എനിക്കൊരിത്. അവരൊക്കെ നേര്‍ച്ചേടെ കാര്യമൊക്കെപ്പറഞ്ഞാലും, അതൊന്നുമല്ല, അച്ചനേതാണ്ടു 'ഞൊടുക്കുപണി' കാണിച്ചിട്ടുണ്ടെന്നാണ് എന്‍റെയൊരിത്. അച്ചനിങ്ങനെയൊരു ഞൊടുക്കുപണിയുണ്ടെന്നു ഞാന്‍ നേരത്തേം കേട്ടിട്ടുണ്ട്. അച്ചന്‍ പ്രസംഗിച്ചാല്‍ ഉറക്കഗുളികേടേം, പ്രാര്‍ത്ഥിച്ചാല്‍ കാലന്‍റേം ഗുണംചെയ്യുമെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചെല അച്ചന്മാരൊക്കെ വെലക്കും എന്നൊക്കെക്കേട്ടിട്ടൊണ്ട്. അതുപോലാണല്ലിതും. ഇതിന്‍റെ ഗുട്ടന്‍സ് എന്താ അച്ചാ?"
 
വണ്ടീടെ ഗിയറിന്‍റെ ലിവറു വലിച്ചൂരി അവന്‍റെ തലക്കിട്ടൊന്നു വെലക്കിയാലോന്നു തോന്നിപ്പോയി. നിവൃത്തിയില്ലാത്തതുകൊണ്ട് രണ്ടുമൂന്നുശ്വാസം നല്ലതുപോലെ വലിച്ചുവിട്ട് റേഡിയേറ്ററൊന്നു തണുപ്പിച്ചു.
 
"വെലക്കിന്‍റെ കാര്യത്തെപ്പറ്റിയൊന്നും പറയാന്‍ ഞാനാളല്ല. പക്ഷേ താന്‍പറഞ്ഞ ആ 'ഞൊടുക്കുപണി'യൊണ്ടല്ലോ, അതു താന്‍ മുമ്പേപറഞ്ഞതുപോലെ, തന്‍റെ വെറും 'ഒരിതാ'. ഞാനാ കാറുന്നോര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ മരണം എന്നൊരുചിന്ത എന്‍റെവാക്കിലോ മനസ്സിലോപോലും ഉണ്ടായില്ല. ഓരോന്നും സംഭവിച്ചുകഴിയുമ്പോള്‍ മനുഷ്യന്‍ ചുമ്മാതെയങ്ങു കണക്കുകൂട്ടാന്‍ തുടങ്ങും. അത് അവരുടെ തലേലിരിക്കുന്നതുപോലെ ആയിരിക്കുമെന്നുമാത്രം. ഈ അപ്പാപ്പന്‍റെ മരണംതന്നെ, തന്‍റെ കണക്കില്‍ എന്‍റെ 'ഞൊടുക്കുപണി', അവരുടെ കണക്കില്‍ നേര്‍ച്ചപ്രശ്നം. ഈ രണ്ടുകണക്കുകളും തെറ്റി. തമ്പുരാന്‍വച്ച സമയംതീര്‍ന്നു, ആളുവടിയായി, അതാണതിന്‍റെ ശരി."
 
"എന്നാലും അത്ര കൃത്യം ഒത്തുവരണമെങ്കില്‍ എന്തെങ്കിലും 'ഞൊടുക്കുപണി' കാണുമെന്നുതന്നെയാണ്  എന്‍റെയൊരിത്."
 
വല്ല ലൈന്‍ബസിനും കയറി അവനവന്‍റെ കാര്യത്തിനുപോകാതെ, ഓശാരത്തിന് ആരുടെയെങ്കിലും വണ്ടിയില്‍കേറി ഓസില്‍ യാത്രചെയ്താല്‍ ഇങ്ങനെയിരിക്കുമെന്നു എന്നെത്തന്നെ പഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പഴയ ഒരു പുരാണം ഓര്‍മ്മയില്‍വന്നു.
"തന്‍റെയൊരു 'ഇതി'നുവേണ്ടി ഞാനൊരു പഴയചരിത്രം പറയാം."
 
അയാളുമായി ഒരുപാടുകാലത്തെ പരിചയമുള്ളതുകൊണ്ട്, ഞാന്‍ പറയുന്ന സ്ഥലവും കാര്യങ്ങളുമെല്ലാം അയാള്‍ക്കു മനസ്സിലാകും എന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍, ഞങ്ങളുടെ ഒരു സ്ഥാപനത്തിന്‍റെ മാനേജരായിരുന്ന കാലം. തിരക്കു പണിയുണ്ടായിരുന്ന ഒരുദിവസം സ്ഥാപനത്തിലെ ഒരു പ്രധാനപ്പെട്ട മിഷ്യന്‍ കേടായി. മെക്കാനിക്കുകളെത്തി, അവരുടെകൂടെ ഞാനും പണിയാന്‍ കൂടിയതുകൊണ്ടു രണ്ടുകൈയ്യും മുട്ടോളം എണ്ണയും ഗ്രീസുമെല്ലാം പറ്റിയിരിക്കുമ്പോളായിരുന്നു ഒരാളു കാണാന്‍വന്നിരിക്കുന്നു എന്നു സ്റ്റാഫ് വന്നറിയിച്ചത്. തിരക്കുപണിയിലാണ്, കുറേയേറെസമയം കാത്തിരിക്കേണ്ടിവരും എന്നു പറയാന്‍ പറഞ്ഞുവിട്ടു. അല്പംകഴിഞ്ഞ്, അത്ര അത്യാവശ്യമാണ് ഒരുമിനിറ്റൊന്നു കണ്ടാല്‍മതിയെന്ന് വീണ്ടും ആളുവന്നറിയിച്ചു. അത്ര കണ്ടാല്‍മാത്രം മതിയെങ്കില്‍ മേശപ്പുറത്തിരിക്കുന്ന സഞ്ചിയില്‍ എന്‍റെ ഡ്രൈവിങ് ലൈസന്‍സുണ്ട്, അതിലെ ഫോട്ടോ കണ്ടിട്ടു പൊയ്ക്കൊള്ളാന്‍ പറയാന്‍ പറഞ്ഞു കളിയാക്കിവിട്ടു. പെട്ടെന്നൊരു മനസ്താപംതോന്നി, അതേവേഷത്തില്‍ത്തന്നെ ഞാന്‍ ഓഫീസിലോടിയെത്തി. ഒരു ചെറുപ്പക്കാരന്‍ വല്ലാതെ വിഷമിച്ചു നില്ക്കുന്നു. അടുത്തുള്ള ഹോസ്പിറ്റലില്‍നിന്നു വരികയാണ്, ഭാര്യയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ്, വണ്ടിയുണ്ട് വരാമോ എന്നുചോദിച്ചു. എന്തോ ഗരുതരമായ അവസ്ഥയിലായിരിക്കും, പോയേക്കാം എന്നു മനസ്സിലോര്‍ത്തു, മൂലയിലിരുന്ന കോട്ടണ്‍വേസ്റ്റില്‍ കൈ തുടയ്ക്കുന്നതിനിടയില്‍ ഭാര്യയ്ക്കെന്താണസുഖമെന്നയാളോടു ചോദിച്ചു. വേറെ അസുഖമൊന്നുമല്ല, പ്രസവക്കേസാണ് എന്നുകേട്ടപ്പോളേ ഞാന്‍ കൈതുടയ്ക്കലുനിര്‍ത്തി. ആദ്യത്തെ പ്രസവമാണ്, നോര്‍മല്‍ പ്രസവം നടക്കേണ്ട സമയംകഴിഞ്ഞു. ഏതാണ്ടു പ്രശ്നമുണ്ട്, ഇന്നുകൂടി കാത്തിരുന്നിട്ടു നടന്നില്ലെങ്കില്‍, രാത്രിയിലോ നാളെയോ സിസ്സേറിയന്‍ ചെയ്യേണ്ടിവന്നേക്കാമെന്നു ഡോക്ടറു പറഞ്ഞു. സിസ്സേറിയന്‍ എന്നുകേട്ടപ്പോള്‍മുതല്‍ അവളു പേടിച്ചു ഭയങ്കരകരച്ചിലാണ്. തൊട്ടടുത്തുള്ള ഒന്നുരണ്ടിടത്തു ചെന്നപ്പോള്‍ ആ അച്ചന്മാര്‍ക്കു സമയമില്ലാഞ്ഞതുകൊണ്ട് ആശുപത്രീല്‍നിന്നുതന്നെ എന്‍റെടുത്തേക്കു പറഞ്ഞുവിട്ടതാണ്, അതുകൊണ്ട് ഞാന്‍ ചെന്നൊന്നു പ്രാര്‍ത്ഥിക്കാമോന്നാണ് അപേക്ഷ. അന്നു മൊബൈല്‍ഫോണൊന്നും ഇല്ലാതിരുന്നതുകൊണ്ട്, ആളിനോടു പുറത്തുനില്ക്കാന്‍ പറഞ്ഞിട്ട്, ഇങ്ങോട്ടു പറഞ്ഞുവിട്ടതാരായിരിക്കും എന്ന് എനിക്കൂഹമുണ്ടായിരുന്നുതുകൊണ്ട്, ഞാന്‍ ആശുപത്രിയിലേക്കു ഫോണ്‍ചെയ്തു. ഉദ്ദേശിച്ച ആളിനെ ലൈനില്‍കിട്ടി. ഞാന്‍ വഴക്കിട്ടപ്പോള്‍ ആളിന്‍റെ മറുപടി: "മിഷ്യന്‍ നന്നാക്കാന്‍ മെക്കാനിക്കുപോരെ, പാവം മനുഷ്യരെ സമാധാനിപ്പിക്കാനുള്ള മിഷനല്ലേ അച്ചന്മാരുടേത്."
 
അതുകേട്ടപാടെ ആയുധംവച്ചു ഞാന്‍ കീഴടങ്ങി. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വല്യ പ്രശ്നമൊന്നുമുള്ള കേസല്ല, അവരുടെ പേടികാരണം ഉള്ള വിഷയമേയുള്ളു. ചിലപ്പോള്‍ സിസ്സേറിയന്‍ വേണ്ടിവന്നേക്കും, ഒരപകടവുമില്ല, ഒന്നു സമാധാനിപ്പിച്ചു വിട്ടാല്‍മതി, എന്നുപറഞ്ഞു. അയാളെ അകത്തുവിളിച്ച്, ഞാന്‍ ആശുപത്രിയില്‍ വിളിച്ചു സംസാരിച്ചെന്നും, പേടിക്കേണ്ടെന്നും ഉച്ചകഴിഞ്ഞു ഞാന്‍ ചെല്ലാമെന്നും പ്രാര്‍ത്ഥിക്കാമെന്നുമൊക്കെപ്പറഞ്ഞ് സമാധാനിപ്പിച്ചു. എന്നിട്ടും അയാള്‍ പോകാന്‍ മടിച്ചുനിന്നു. അതെന്താണെന്നു ചോദിച്ചപ്പോള്‍, ഉച്ചകഴിഞ്ഞ് ഞാന്‍ ചെല്ലുന്നതുവരെ ഒരാശ്വാസത്തിന് വെള്ളമോ എന്തെങ്കിലും ഒന്നു വെഞ്ചരിച്ചു കൊടുക്കാമോന്നായി അയാള്‍. കുപ്പിവെള്ളമൊന്നും സൂക്ഷിക്കുന്ന പതിവന്നുമില്ലായിരുന്നു. പെട്ടെന്നു കണ്ണില്‍പെട്ടതു തലേദിവസത്തെ പോസ്റ്റില്‍വന്ന പുസ്തകം കെട്ടിയിരുന്ന ചരടാണ്. അത് ഒരുമുഴം നീളത്തില്‍ മുറിച്ചെടുത്ത്, ഒന്നാശീര്‍വ്വദിച്ചുകൊടുത്തു. അതെന്തുചെയ്യണമെന്നുപോലും പറഞ്ഞില്ല. അയാളതുമായി വെടിച്ചില്ലുപോലെ പോകുന്നതുകണ്ടു. ഞാനെന്‍റെ പണിക്കുംപോയി.
 
മെഷീനെല്ലാം ശരിയാക്കി, ട്രയലുമോടിച്ചു മെക്കാനിക്കുകള്‍ പോയപ്പോഴേക്കും മണിക്കൂറു രണ്ടുമൂന്നുകഴിഞ്ഞു. ഉണ്ണാനിരുന്നപ്പോഴേക്കും ആശുപത്രിയില്‍നിന്ന് ഒരുവിളി, ഞാനവിടെയുണ്ടോ, അവരുടനെ കാണാനങ്ങോട്ടു വരുന്നുണ്ടെന്നും പറഞ്ഞ്. ആരാണെന്നു ചോദിച്ചപ്പോള്‍ രാവിലെ ചരടു കൊണ്ടുപോയവരാണെന്ന്! എന്തിനാണു വരുന്നതെന്നു ചോദിച്ചപ്പോള്‍, ആ ചരടു കൊണ്ടുചെന്ന് അയാള്‍ ഭാര്യയുടെ കൈയ്യില്‍കെട്ടി. രണ്ടു മണിക്കൂറിനകം നോര്‍മ്മല്‍ സുഖപ്രസവം നടന്നു, ആണ്‍കുട്ടി. അവര്‍ക്കെല്ലാം ഭയങ്കര സന്തോഷം. ഫോണ്‍ കട്ടുചെയ്തിട്ടും ചോറുംമുമ്പില്‍വച്ചു ഞാനന്തംവിട്ടു ചിരിച്ചുപോയി. ഊണുതീരുംമുമ്പ് അവരെത്തി. ചോക്ലേറ്റും, ആപ്പിളും, എന്‍റെ കസേരേലെ കീറിയ ടര്‍ക്കിക്കുപകരം ഒരു പുതിയ ടര്‍ക്കിയും. ഗമയിലങ്ങിരുന്നുകൊടുത്തു, അല്ലാതെന്തു ചെയ്യാനാണ്!
 
"അന്ന് ആ ചരടു വെറുതെ മുറിച്ചുകളഞ്ഞല്ലോന്നോര്‍ത്തോണ്ടാണ് ഞാനതാശീര്‍വദിച്ചത്. ആ സ്ത്രീയെപ്പറ്റിയോ, അവരുടെപ്രസവത്തിന്‍റെ കാര്യമോ എന്‍റെ മനസ്സില്‍പോലും വന്നില്ല. ഈ പാവം മനുഷ്യന്‍റെ മനസ്സിലെ അങ്കലാപ്പു മാറ്റണേ തമ്പുരാനേ, എന്നുമാത്രമാണു ഞാനന്നു പ്രാര്‍ത്ഥിച്ചത്. ആ ചരടു കൊണ്ടുപോയി കൈയ്യില്‍കെട്ടാനും ഞാന്‍പറഞ്ഞതല്ല. ഇതിലെവിടെയാടോ താന്‍പറഞ്ഞ എന്‍റെ 'ഞൊടുക്കുപണി?"
 
ചരിത്രമവിടെയും അവസാനിക്കുന്നില്ല. സമയമുണ്ടായിരുന്നതുകൊണ്ട് ബാക്കികൂടി ഞാന്‍ പറഞ്ഞു. ആ സംഭവത്തിനുശേഷം ഒന്നുരണ്ടു മാസംകഴിഞ്ഞ് അതാവരുന്നു, അതുപോലെ വേറൊന്നൂടെ. പ്രസവകേസുതന്നെയാണ്. മറ്റേയാളു പറഞ്ഞറിഞ്ഞതാണെന്നും പറഞ്ഞാണു വന്നത്. ഞാന്‍ ചെല്ലുകയും ഒന്നുംവേണ്ടാ, ഒരു ചരടു വെഞ്ചരിച്ചു കൊടുത്താല്‍മാത്രം മതിപോലും! വന്നവഴിയേ ഇറങ്ങി ഓടാന്‍ പറയാനാണു തോന്നിയതെങ്കിലും 'മിഷ്യന്‍ നന്നാക്കാന്‍ മെക്കാനിക്കുപോരെ, പാവം മനുഷ്യരെ സമാധാനിപ്പിക്കാനുള്ള മിഷനല്ലേ അച്ചന്മാരുടേത്' പണ്ടുകിട്ടിയ ആ അടി മനസ്സിലേക്കുവന്നു. ഒട്ടും അമാന്തിച്ചില്ല, മേശവലിപ്പുതുറന്നു. കിട്ടുന്ന തുണ്ടുചരടുകളും, റബര്‍ബാന്‍ഡുമെല്ലാം, എപ്പോളെങ്കിലും ആവശ്യംവന്നാലോ എന്നുകരുതി മേശവലിപ്പിന്‍റെ ഒരുകള്ളിയില്‍ സൂക്ഷിക്കാറുണ്ടായിരുന്നു. മുകളില്‍ കിടന്ന ഒരെണ്ണമെടുത്തു. അതൊരു ചുവപ്പുനിറത്തിലുള്ള ചരടായിരുന്നു. അതു വെഞ്ചരിച്ചു കൊടുത്തു. അതു കൊണ്ടുപോയിക്കെട്ടി മണിക്കൂറുകള്‍ക്കകം ഫലംകണ്ടുപോലും, ജനിച്ചതു പെണ്‍കുട്ടി. പിന്നീട് ആശുപത്രിയില്‍ ചെന്നപ്പോള്‍ ഈ വിഷയംപറഞ്ഞു കളിയാക്കി, തമാശായിട്ടാണെങ്കിലും അവരെനിക്കൊരു പേരു കണ്ടുപിടിച്ചു: ഫാ. 'സുപ്രമന്‍'. കേട്ടാല്‍ നല്ലപേര്, പക്ഷേ അതൊരു ചുരുക്കെഴുത്തായിരുന്നു: സുഖ പ്രസവത്തിന്‍റെ മദ്ധ്യസ്ഥന്‍ എന്നുള്ളതിന്‍റെ!! 
 
സംഗതി പിന്നെയും തുടര്‍ന്നു, ഇടയ്ക്കിടെ ഓരോരുത്തരു ഇക്കാര്യംപറഞ്ഞു വരാറുണ്ടായിരുന്നു. അഞ്ചുപൈസ മുടക്കില്ലാത്ത ചരടല്ലേ, പ്രാര്‍ത്ഥിച്ചു കൊടുക്കാറുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ വന്ന ഒരാള്‍ക്കു ചുവന്നചരടുതന്നെ വേണമെന്നു നിര്‍ബ്ബന്ധം പറഞ്ഞപ്പോള്‍ രസംതോന്നി. മേശവലിപ്പില്‍ ഉണ്ടായിരുന്നതകൊണ്ട് എന്തിനാണെന്നൊന്നും ചോദിച്ചില്ല, ചുവന്നതുതന്നെ കൊടുത്തു. പിന്നെപ്പിന്നെ വരുന്നവര്‍ ചുവപ്പോ വെളുപ്പോ ചരടുംകൊണ്ടു വരാന്‍തുടങ്ങിയപ്പോളാണ് ഒന്നു ചോദിക്കാമെന്നുവച്ചത്. അപ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം ഞാനറിഞ്ഞത്; ചുവന്ന ചരടുകെട്ടിയാല്‍ പെണ്‍കുട്ടിയും വെളുത്തതുകെട്ടിയാല്‍ ആണ്‍കുട്ടിയുമുണ്ടാകും പോലും!!!
"താന്‍ ചുമ്മാ ഇരുന്നീ ചിരിക്കാതെ ഇനിയും പറ, ഞാനെന്തെങ്കിലും 'ഞൊടുക്കുപണി' കാണിച്ചിട്ടാണോ ഇതൊക്കെ? സമയമുള്ളതുകൊണ്ട് പുരാണത്തിന്‍റെ പരിണാമംകൂടി കേട്ടോ. വന്നുവന്ന് അയിലോക്കത്തൂന്ന് ഒരിക്കല്‍ ഒരു നായരുചേട്ടന്‍, പ്രസവിക്കാന്‍ കഷ്ടപ്പെടുന്ന അങ്ങേരുടെ പശുവിന്‍റെ കഴുത്തില്‍കെട്ടാന്‍ ഒരു ചരടും ചോദിച്ചുവന്നപ്പോള്‍ എനിക്കു സര്‍വ്വാംഗമങ്ങു ചൊറിയാന്‍തുടങ്ങി. അങ്ങേരെ കുറ്റപ്പെടുത്താന്‍ പറ്റുമോ! വന്നയാളെ വെറുംകൈയ്യോടെ വിടാന്‍ പറ്റുമോ? 'എന്‍റെ പൊന്നുചേട്ടാ, ഇന്നു ചൊവ്വാഴ്ചയായിപ്പോയല്ലോ, ഇന്നെനിക്കു പറ്റുന്നദിവസമല്ലല്ലോ'ന്നു പറഞ്ഞപ്പോള്‍, അങ്ങേരുതിരുത്തി, 'അച്ചാ, ഇന്നു ബുധനാഴ്ചയാ'ണെന്ന്! 'ചൊവ്വയുടെ കാലു ബുധനുംകൂടെയുണ്ട്, ക്ഷമിക്കണ'മെന്നു പറഞ്ഞ് തടിയൂരി. 
 
അന്നുതന്നെ പോയി ഒന്നു കുമ്പസാരിച്ചിട്ട് എടുത്ത തീരുമാനമാണ്, അച്ചനാണെങ്കിലും ഇനി ഈ 'മിഷന്‍' ഇല്ലെന്ന്. അതുകഴിഞ്ഞു താമസിയാതെ അച്ചന്മാരുടെ ഒരു സദസില്‍ ഞാനിതു പൊട്ടിച്ചപ്പോള്‍ ഒരച്ചന്‍ പറഞ്ഞു, ഒഴിവാക്കണ്ടാ, ഇനി വരുന്നവരെ അങ്ങേരുടെ അടുത്തേക്കു വിട്ടേക്കാന്‍, അങ്ങേരു കൈകാര്യം ചെയ്തോളാമെന്ന്. ഒറ്റക്കു കണ്ടപ്പോള്‍ സീരിയസായിട്ടാണോ പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ അതേന്നു സമ്മതിച്ചതുകൊണ്ട് പിന്നെവന്നവരെയൊക്കെ അങ്ങേരുടെ അടുത്തേക്കു പറഞ്ഞുവിട്ട് ഞാന്‍ രക്ഷപെട്ടു. ഇപ്പോള്‍ തനിക്കു മനസ്സിലായോ ഈ 'ഞൊടുക്കുപണീ'ടെ ഗുട്ടന്‍സ്? എന്നിട്ടും തന്‍റെയാ 'ഒരിത്' മാറിയില്ലെങ്കില്‍ ഇനിയുമുണ്ട് ഇതുപോലത്തേതു വേറേം, വേണോ?"
 
"വേണം വേണം, ഇതിനിടക്കുവന്ന കോളെല്ലാം ഞാന്‍ കട്ടു ചെയ്യുന്നതച്ചന്‍ കണ്ടില്ലേ? ഞാനതൊക്കെയൊന്നു തിരിച്ചുവിളിച്ചോട്ടെ, അതുകഴിഞ്ഞുമതി അടുത്തത്."
 
ആ വിളികളങ്ങു നീണ്ടുപോയതുകൊണ്ട് സസ്പെന്‍സിലങ്ങു നിര്‍ത്തി.

You can share this post!

'ഒറ്റമരത്തില്‍ കുരങ്ങന്‍'

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts