മനുഷ്യന്‍റെ മാനസികാരോഗ്യത്തിന് സാരമായി ക്ഷതം സംഭവിച്ചിട്ടുള്ള കാലമാണ്. ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിനെ തലയോട്ടി അടിച്ചുപൊട്ടിച്ചു കൊന്നുകളഞ്ഞിട്ട് ആ മൃതദേഹത്തിന്‍റെ ഫോട്ടോ എടുക്കുന്നവരുടെ ഫോട്ടോ, ആ കുഞ്ഞിന്‍റെയും പോക്സോ നിയമപ്രകാരം ഒരു കുറ്റകൃത്യത്തില്‍ ഇരയായ അനുജന്‍റെയും ഫോട്ടോ, ആ കുഞ്ഞ് വരച്ചതും എഴുതിയതുമായ നോട്ടുബുക്കുകളുടെ പേജുകളുടെ ഫോട്ടോ, അവന്‍റെ അച്ഛനുമൊത്തുള്ള ഫോട്ടോ എന്നിങ്ങനെ ആഘോഷിക്കാന്‍ പറ്റുന്നതൊക്കെ കണ്ടുപിടിച്ച് കുഞ്ഞേ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങൂ എന്ന് എഴുതിയിട്ട് രമിക്കുന്ന ഒരു കൂട്ടം. അവന്‍റെ അമ്മ ചെയ്യേണ്ടിയിരുന്ന ഓരോ കാര്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് അവരെ ആള്‍ക്കൂട്ടവിചാരണ ചെയ്യുന്ന മറ്റൊരു കൂട്ടം. അവനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തക്ക് കീഴിലും വായിക്കാന്‍ കൊള്ളാത്തതും വയലന്‍സിന്‍റെ അങ്ങേ അറ്റത്തുള്ളതുമായ തെറികള്‍ വിളിച്ച് ആശ്വാസം കണ്ടെത്തുന്ന വേറെ ഒരു കൂട്ടം. എന്നിട്ട് ?
എന്നിട്ട് എന്താണ് ഈ ലോകത്തിന് / കുറഞ്ഞ പക്ഷം നിങ്ങളുടെ ലോകത്തിനു വരുന്ന മാറ്റം? തൊട്ടടുത്ത വീട്ടിലെ സ്ത്രീയെ / കുഞ്ഞിനെ / മാനസികവളര്‍ച്ചയില്ലാത്ത ഒരാളെ / ദുര്‍ബലനായ, അംഗപരിമിതിയുള്ള ഒരാളെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അതേ വീട്ടില്‍ പീഢിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ ഇടപെടുമോ ? നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ഒരാള്‍ / ഒരുവള്‍ അവരുടെ പങ്കാളിയോട് നിരന്തരം മോശമായാണ് ഇടപെടുന്നത് എന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അവരെ ഒഴിവാക്കുമോ? അതോ ജീവിതത്തില്‍ നിങ്ങളുടെ നിലപാട് അല്ലെങ്കില്‍ രാഷ്ട്രീയം എന്താണ് എന്ന് അവരോട് ചോദിക്കുമോ? ജീവിതത്തില്‍ എന്താണ് എന്ന് നിങ്ങള്‍ക്ക് നേരിട്ട് അറിയാവുന്ന ഒരു വ്യക്തി സ്വന്തം ജീവിതത്തിന്‍റെ ഇമോഷണല്‍ സ്റ്റോറി ഇത്തരം സാഹചര്യങ്ങളില്‍ വലിയ കഥകളായി എഴുതിയിടുകയും താന്‍ കടന്നുവന്ന ദുരിതകാലത്തെ ആ കുഞ്ഞിന്‍റെ ജീവിതവും മരണവുമായി ബന്ധപ്പെടുത്തി സ്വയം ആത്മരതി അടയുകയും ചെയ്യുന്നു, നിങ്ങള്‍ അവരോട് ചോദിക്കുമോ സ്വന്തം ജീവിതത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച്? നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ഒരു കുട്ടി നിങ്ങളോട് പറയുകയാണ് സംഘടിതമായി നടത്തുന്ന ക്രൂരമായ ഒരു കളിയുടെ ഇരയാക്കപ്പെട്ടിരിക്കുകയാണ് താനെന്ന് . നിങ്ങളോട് അവരെക്കുറിച്ച് പറഞ്ഞാല്‍ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും പിരിഞ്ഞുപോവുകയുമല്ലാതെ ആ ആളുടെ മാനസികസംഘര്‍ഷം കുറക്കാന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും ? നിങ്ങളുടെ വീട്ടിനകത്ത് എല്ലാം കൃത്യമാണോ? നിങ്ങളുടെ മക്കള്‍ കടന്നുപോരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് എന്തു ധാരണയാണ് രൂപപ്പെടുത്തിയിട്ടുള്ളത് ? അവര്‍ക്ക് സ്വയം കുടഞ്ഞിടാന്‍ പറ്റുന്ന ഇടമാണ് നിങ്ങളെന്ന് കരുതുന്നുണ്ടോ? പേടി വന്നാല്‍ എത്താനുള്ള ഇടം നിങ്ങളാണെന്ന് അവര്‍ക്ക് വിശ്വാസമുണ്ടാകുമോ? എന്താണ് നിങ്ങളുടെ ബന്ധങ്ങളുടെ രാഷ്ട്രീയം? നിങ്ങളുടെ പങ്കാളി അഭിമാനമായാണ് നിങ്ങളെ ഓര്‍ക്കുന്നത് എന്ന് പൂര്‍ണമായും വിശ്വാസമുണ്ടോ? നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളുടെ ക്വളിറ്റിയില്‍ ആണ് സൗഹൃദത്തിന് അടിത്തറ ഇട്ടിട്ടുള്ളത് എന്നുറപ്പുണ്ടോ?
നിങ്ങളും ഞാനും ചേര്‍ന്ന, ഇമോഷന്‍ എന്ന സംഭവത്തിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുള്ള, ജെനുവിനിറ്റി എന്ന വാക്കിന്‍റെ അര്‍ത്ഥം മറന്നുപോയിട്ടുള്ള, റിലേഷന്‍ഷിപ്പുകളില്‍ ബേസിക് മര്യാദകള്‍ പാലിക്കാത്ത , സെല്‍ഫ് സെന്‍ട്രിക് ആയ ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിപ്പിക്കുന്ന ഈ ഫേക്ക് സമൂഹമാണ് ആ കുഞ്ഞിനെ കൊലപ്പെടുത്തിയത്. അതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടാന്‍ പറ്റില്ല . അതിന്‍റെ തെളിവ് കൂടെയാണ് നിങ്ങളിങ്ങനെ വാരിവിതറുന്ന ആ കുഞ്ഞിന്‍റെ ചിത്രങ്ങള്‍.