ഗലീലിയിലെ തെരുവുകളിലൂടെ യേശു നടന്നു നീങ്ങിയപ്പോള്‍ അവനിലെ ദൈവികത തിരിച്ചറിയാതെ പോയവര്‍ നിയമജ്ഞരും ഫരിസേയരും പുരോഹിതരും ആയിരുന്നല്ലോ. അക്കൂട്ടര്‍ യേശുവിനെ എതിര്‍ത്തതും അവനില്‍ കുറ്റം ആരോപിച്ചതും അവസാനം അവനെ കൊന്നു കളഞ്ഞതും യാഹ്വെയുടെയും യാഹ്വെയുടെ വേദഗ്രന്ഥത്തിന്‍റെയും പേരില്‍ ആണ്. അവര്‍ ചെയ്തുകൂട്ടിയതെല്ലാം യാഹ്വെയുടെ അനുവാദത്തോടെ ആണെന്ന് അവര്‍ വിചാരിച്ചിരുന്നിരിക്കണം. ഇക്കൂട്ടര്‍ക്കു നേര്‍ വിപരീതമാണ് യേശുവിന്‍റെകൂടെ നടന്നവരും അവനിലെ ദൈവികതയുടെ തിരിയിളങ്ങള്‍ തിരിച്ചറിഞ്ഞവരും. പുരോഹിത പ്രമുഖന്മാരുടെയും ഫരിസേയരുടെയും ചോദ്യം യോഹന്നാന്‍ 7: 48-49 ല്‍ കൊടുത്തിരിക്കുന്നതു വായിച്ചാല്‍ കാര്യത്തിന്‍റെ നിജസ്ഥിതി വ്യക്തമാകും: "അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ? നിയമം അറിഞ്ഞു കൂടാത്ത [അവനില്‍ വിശ്വസിക്കുന്ന] ഈ ജനം ശപിക്കപ്പെട്ടതാണ്."
എന്തുകൊണ്ടിങ്ങനെ? വളരെ ലളിതമാണ് ഉത്തരം. നാം ഒരു സമ്മേളനത്തില്‍ അധ്യക്ഷനായി വരാന്‍ പോകുന്ന ഒരു ബിഷപ്പിനെ പ്രതീക്ഷിച്ചിരിക്കുകയാണെന്നു സങ്കല്പിക്കുക. അപ്പോള്‍ അതാ മുഷിഞ്ഞ വേഷം ധരിച്ച, പാറിപ്പറക്കുന്ന തലമുടിയും വിയര്‍ക്കുന്ന മുഖവും ഉള്ള ഒരാള്‍ വേദിയിലേക്കു കയറി, "ഞാനാണു നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ബിഷപ്പ്" എന്നു സ്വയം പരിചയയപ്പെടുത്തിയാല്‍ നമുക്ക് അതിനോടു പെട്ടെന്നു പൊരുത്തപ്പെടാനാകില്ലല്ലോ. ഇത്തരമൊരു പൊരുത്തക്കേടാണ് യേശു തന്‍റെ സമകാലീനരില്‍ സൃഷ്ടിച്ചത്. ദൈവത്തെയും ആത്മീയതയെയും സംബന്ധിച്ച എത്രയെത്ര യഹൂദ സങ്കല്‍പ്പങ്ങളാണ് അവന്‍ തച്ചുടച്ചത്? മര്‍ക്കോസ് 14: 3 ഒരു ഉദാഹരണം മാത്രമാണ്. യേശു ബഥാനിയായിലെ കുഷ്ഠരോഗിയായ ശെമയോന്‍റെ വീട്ടില്‍ വിരുന്നിനിരിക്കുന്നു. നൂറ്റാണ്ടുകളായി പടുത്തുയര്‍ത്തിയ ശുദ്ധിയെക്കുറിച്ചും അശുദ്ധിയെക്കുറിച്ചും ഉള്ള യഹൂദ പരികല്‍പ്പനകള്‍ ആണ് ചീട്ടു കൊട്ടാരം കണക്കു അവിടെ തകര്‍ന്നു വീഴുന്നത്. അവനിലൂടെ ഉദ്ഘാടിതമായ ദൈവരാജ്യത്തില്‍ ഒരൊറ്റ "ഉത്തമ" യഹൂദനും അംഗമാകാന്‍ ആകില്ലെന്ന് ഉറപ്പാണ്. വിജാതീയ നാട്ടിലെ ഗണികകളുമായി കിടക്ക പങ്കിട്ട് സമറിയാക്കാരന്‍ കണക്കായി തീര്‍ന്ന ധൂര്‍ത്ത പുത്രനൊപ്പം എല്ലാ നിയമങ്ങളും പാലിച്ചു ജീവിച്ച മൂത്ത പുത്രന് തീന്‍മേശ പങ്കിടാനാകില്ലല്ലോ. യേശു പറഞ്ഞ ഉപമകളും എടുത്ത നിലപാടുകളും എല്ലാം നാളതുവരെ കൊണ്ടു നടന്ന സകല ധാരണകളെയും കീഴ്മേല്‍ മറിക്കുന്നതായിരുന്നു. പല മണിക്കൂറുകളില്‍ വന്ന പണിക്കാര്‍ക്ക് ഒരേ കൂലി കൊടുക്കുന്ന പരിപാടി, കള്ളനു പറുദീസ കൊടുക്കുന്നത്, വഴി തെറ്റിയ ആടിന്‍റെയും കാണാതെ പോയ നാണയത്തിന്‍റെയും കഥകള്‍... പട്ടിക എത്ര വേണമെങ്കിലും നീട്ടാവുന്നതേയുള്ളു. മനുഷ്യ ചരിത്രത്തില്‍ ആദ്യ ചുവടുവച്ചയുടനെ യേശു സമകാലീനരില്‍ ഉണര്‍ത്തിയ പ്രതികരണങ്ങള്‍ അവന്‍റെ നിലപാടുകളുടെ വന്യതയും വശ്യതയും ഒരേ സമയം വ്യക്തമാക്കുന്നുണ്ട്: (a) "അവന്‍റെ ജനനത്തില്‍ ജറുസലെം [യഹൂദ മതത്തിന്‍റെ സിരാകേന്ദ്രം] മുഴുവന്‍ അസ്വസ്ഥമായി" (മത്തായി 2:3); (b) പ്രാന്തസ്ഥലികളില്‍ ജീവിച്ച ഇടയന്മാരാകട്ടെ, പുല്‍ക്കൂട്ടിലെ രക്ഷകനെ കണ്ടതിനു ശേഷം "ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട്" മടങ്ങിപ്പോയി (ലൂക്ക 2: 20).
നൂറ്റാണ്ടുകളായി മിശിഹാക്കുവേണ്ടി കാത്തിരുന്നവര്‍ക്ക് യേശുവിനെ തിരിച്ചറിയാനാകാതെ പോയതും കൃത്യമായ ഒരു മതജീവിതം പോലുമില്ലാത്തവര്‍ക്ക് അവനെ തിരിച്ചറിയാനായതും ഒരു പ്രവചനം കണക്ക് ശിമയോന്‍ എന്ന വൃദ്ധന്‍ കുഞ്ഞായ യേശുവിനെ കണ്ട നിമിഷം പറഞ്ഞതാണ്: "ഇവന്‍ അനേകര്‍ക്ക് വിവാദത്തിന്‍റെ അടയാളമായിരിക്കും" (ലൂക്ക 2: 34). യഹോവയെ "അബ്ബാ" യെന്നു വിളിച്ചു നടന്നവന്‍ അതേ യഹോവയുടെ എത്ര കല്‍പനകള്‍ ആണ് - അതും സാബത്ത്, ഉപവാസം, വിവാഹമോചനം തുടങ്ങിയ കാതലായ കല്‍പ്പനകള്‍ - കാറ്റില്‍ പറത്തുന്നത്! യഹൂദ മതഗ്രന്ഥം വായിച്ചു മനഃപാഠമാക്കിയ ഒരാള്‍ക്കു പോലും ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ പോലും യേശുവിനെ മനസ്സിലാക്കാന്‍ ആകുമായിരുന്നില്ല.
ഈ ചരിത്ര വസ്തുതയുടെ പശ്ചാത്തലത്തില്‍ വേണം നാം യേശുവിനെയും അവന്‍റെ നിലപാടുകളെയും സമീപിക്കാന്‍. ഒന്നാലോചിച്ചു നോക്കൂ: നാം വേദഗ്രന്ഥം വായിക്കുന്നു, പിന്നെ പ്രാര്‍ത്ഥിക്കുന്നു, ശാന്തമാകുന്നു. വേദം നമ്മെ ഇത്ര പെട്ടെന്ന് മൗനത്തിലേക്കും ധ്യാനത്തിലേക്കും നയിക്കുന്നു എന്നതു തന്നെയാണ് യേശുവിനെ നാം തിരിച്ചറിയുന്നില്ല എന്നതിന്‍റെ കൃത്യമായ തെളിവ്. താന്‍ ജീവിച്ച കാലത്തും ലോകത്തും ഇത്രയേറെ വിവാദങ്ങള്‍ സൃഷ്ടിച്ചവന് എങ്ങനെയാണ് നമ്മില്‍ ശാന്തതയും ഏകാഗ്രതയും നിറയ്ക്കാനാകുന്നത്? അതിനു കാരണം നാം അവനെ നമ്മുടെ ചില മുന്‍ ധാരണകളിലും ക്യാറ്റഗറികളിലും ഒതുക്കുന്നു എന്നതു തന്നെ. "God as an Absolute other stands as a radical criticism of the world"എന്നു വായിച്ചിട്ടുണ്ട്. ഏക ബദല്‍ എന്ന നിലയില്‍ ദൈവം ലോകത്തിന്‍റെ സമൂല വിമര്‍ശമാണ്. ലോകം ദൈവത്തെക്കുറിച്ച് എന്തൊക്കെ കരുതി വച്ചിട്ടുണ്ടോ, എന്തൊക്കെ ചിന്തിച്ചു കൂട്ടിയിട്ടുണ്ടോ അതെല്ലാം യേശു നിരാകരിക്കുന്നു.
അതുകൊണ്ട് യേശുവിലൂടെ ആവിഷ്കൃതമായ ദൈവികതയെ സ്പര്‍ശിക്കാന്‍ അവശ്യം വേണ്ടത് ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ വാക്കുകളില്‍ "അറിഞ്ഞതില്‍ നിന്നുള്ള മോചന"മാണ്. "എന്‍റെ ദൈവം കത്തോലിക്കനല്ലെ" ന്നു പറഞ്ഞ പോപ്പ് ഫ്രാന്‍സിസ് ഒരു അഭിമുഖത്തില്‍ നിരീക്ഷിച്ചത് ഇതാണ്: "ദൈവത്തെ അറിയാനുള്ള ഏറ്റവും വലിയ തടസ്സം ദൈവത്തെക്കുറിച്ചു നാം വച്ചു പുലര്‍ത്തുന്ന കണിശധാരണകള്‍തന്നെയാണ്." നമ്മുടെ തലയില്‍ നാം കൊണ്ടുനടക്കുന്ന അനേകം ക്യാറ്റഗറികളും പാപ-പുണ്യ സങ്കല്‍പ്പങ്ങളും യേശുവിനെയും അവന്‍റെ ആത്മീയതയെയും സ്വന്തമാക്കാന്‍ മതിയാകുമെന്നു തോന്നുന്നില്ല. നമുക്കു മുന്‍വിധികള്‍ ഇല്ലാതെ അവന്‍റെ പാഠങ്ങളെ, നിലപാടുകളെ സമീപിക്കേണ്ടതുണ്ട്. ദൊസ്തൊയെവ്സ്കിയുടെ "കുറ്റവും ശിക്ഷയും" എന്ന നോവലില്‍ വേശ്യയായ സോണിയ കൊലപാതകിയായ റസ്കോള്‍നിക്കോവിന് ലാസറിനെ ഉയിര്‍പ്പിച്ച ഭാഗം വായിച്ചു കൊടുക്കുന്ന ഒരു രംഗം ഉണ്ട്. അവരെപ്പോലുള്ളവര്‍ക്ക് ഉള്ളില്‍ കൊണ്ടു നടക്കാന്‍ പറ്റിയ യേശുവാണ് സുവിശേഷങ്ങളില്‍ ഉള്ളത്. ആ ചോരയും നീരും ഉള്ള യേശുവിനെ, മണ്ണിന്‍റെ നിറവും വിയര്‍പ്പിന്‍റെ ഗന്ധവും ഉള്ള യേശുവിനെ പിന്‍ചെല്ലാനുള്ള ശ്രമമാണ് വേദധ്യാനം എന്ന പരമ്പര. എത്രകണ്ട് നമുക്ക് നമ്മിലെ വേരാഴ്ന്നു പോയ ധാരണകളെ പിഴുതെറിയാനാകുമോ, അത്ര കണ്ട് അവന്‍ നമ്മുടെ ഹൃദയതാളത്തിന്‍റെ ഭാഗമാകുമെന്നാണ് കരുതുന്നത്.