കഴിയുമോ ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ
കഴിഞ്ഞിടാന്‍ നല്ല പ്രകൃതിസ്നേഹിയായ്?
മനസ്സിലും സൂര്യന്‍ തിളങ്ങിനില്ക്കണം,
തമസ്സിലോ തിങ്കള്‍ ചിരിച്ചുനില്ക്കണം.

മലരിന്‍ ചുണ്ടിലെ സ്മിതം ഞാന്‍ കാണണം
മുളന്തണ്ടില്‍നിന്നു ശ്രുതി ശ്രവിക്കണം...
കിളിയെപ്പോലെ ഞാന്‍ പറക്കണം വാനില്‍
കുളിര്‍മ തൂമഞ്ഞിന്‍ മുഖത്തുതേടണം!

തലോടണം നേരിലണഞ്ഞുതെന്നല്‍പോല്‍
തളിര്‍ക്കണം ഹൃത്തില്‍ നനുത്തവല്ലിപോല്‍!
പറക്കണം മിന്നാമിനുങ്ങുപോലവേ
തുറക്കണം മിന്നല്‍പ്പിണറിനായ് വാതില്‍.

അരുവിയെപ്പോലെയലകളേകണം,
കുരുവിയെപ്പോലെ സ്വരങ്ങള്‍ നല്കണം.
കലമാനെപ്പോലെ കുതിച്ചുപായണം,
കലികപോല്‍ പൊട്ടിച്ചിരിച്ചു തള്ളണം...

കടലുപോലെ ഞാന്‍ കരകള്‍ പുല്കണം,
കനികളാടുന്ന തരുപോല്‍ മേവണം.
കഥകളിവാഴയിലയായ്ത്തീരണം
കളിമ്പമോലുന്ന ശിശുവായ്ത്തീരണം...

നിശീഥത്തില്‍ താരാഗണങ്ങള്‍ കാണണം,
നുകരണം നിത്യം പ്രപഞ്ചസൗന്ദര്യം
മുകരണം മുല്ലമലരിന്നാനനം,
നിലീനമാകണം പുഴയില്‍ വെള്ളത്തില്‍

കനകരശ്മികള്‍ കണക്കുമിന്നണം,
കിനാവിലാശകള്‍ വിടര്‍ന്നുകാണണം
ഗിരിമുകളേറി നഭസ്സുപുല്കണം
കരിമുകിലാന കുതിച്ചുപായണം...

അടുത്തുകുഞ്ഞാടിന്‍ തലോടലേല്ക്കണം
അരിഞ്ഞെടുത്ത പുല്ക്കൊടികളേകണം
പശുക്കിടാവിനെയണച്ചുപുല്കണം
പിശുക്കുകാട്ടാതെ കുടിനീരേകണം.

കരങ്ങളില്‍ മാടപ്പിറാവിരിക്കണം,
കഥകള്‍ പൂന്തത്തപറഞ്ഞുകൊഞ്ചണം
പുലരിപുഞ്ചിരിപൊഴിച്ചിങ്ങെത്തണം
മലരിസൗരഭം പകര്‍ന്നുനോക്കണം

ലതകള്‍ നൃത്തത്തില്‍ മുഴുകിയാടണം,
പതഞ്ഞുചോലകള്‍ കളിച്ചുപായണം
ഇതല്ലേ ഫ്രാന്‍സീസാമസ്സീസിനല്കിടും
പുതിയദര്‍ശനം, പ്രപഞ്ചദര്‍ശനം?

You can share this post!

ഒരു ചോരപ്പൂവായ് വിടര്‍ന്നിടുമേ...

ലിയോ ഫ്രാന്‍സിസ്
അടുത്ത രചന

ഭക്തരുടെ ഇടയിലൂടെ കുരിശുമായി നീങ്ങുന്ന ക്രിസ്തു

സെബാസ്റ്റ്യന്‍ ഡി. കുന്നേല്‍
Related Posts