news-details
കവിത

ആകാശം കാണിക്കാതൊരു കവിതയൊളിപ്പിക്കും പോലെ

ആകാശം കാണിക്കാതൊരു കവിതയൊളിപ്പിക്കും പോലെ

ഒട്ടും തുളുമ്പിപ്പോകാതെ ഒരു പുഴയെ ഉള്ളില്‍
കൊണ്ടുനടക്കുന്നത്
അത്രയെളുപ്പമുള്ള കാര്യമൊന്നുമല്ല
ഒഴുകാന്‍ വഴി കൊടുത്തേ മതിയാകൂ,
ഞരമ്പുകളിലൂടെയൊക്കെ
ചുഴികള്‍ കൊണ്ട് പതറിച്ചു കളയും,
ഹൃദയത്തോടടുക്കും തോറും
ആരെങ്കിലും പെറുക്കിയെറിയുന്നൊരു വാക്കു
മതി, കണ്‍പീലിയോളമെത്തും ഓളങ്ങള്‍
ആഴമെത്രയെന്ന് കണക്കുകൂട്ടാനേയൊക്കില്ല,
അടിവയറോളം തണുപ്പറിയാം
ഏറ്റവും ഇറക്കവും മുറതെറ്റാതെയുണ്ട്,
മുഖമന്നേരം തെളിഞ്ഞുതന്നെ കാണുമോയെന്ന് പറയാനൊക്കില്ല
കാറ്റെന്നോ മഴയെന്നോ മറ്റോ കേട്ടാല്‍ മതി,
തൊലിപ്പുറമെ വന്നു തട്ടും
കാഴ്ചക്കാരെക്കൊണ്ടു പറയിക്കാന്‍
കണ്ണുപൊത്തിക്കളിക്കാനാണ് ഏറെയിഷ്ടം
മുടിത്തുമ്പോളമൂര്‍ന്നിറങ്ങും
അമ്പതെണ്ണുമ്പോഴേക്ക്
ഒരു ചുംബനനേരം പോലും
തനിച്ചുവിടില്ല, പെരുവിരല്‍ തുമ്പിലേക്കൊഴുകും
അണപൊട്ടിയതുപോലെ
നട്ടുച്ചക്കോ നിലാവത്തോ
അടങ്ങിക്കിടക്കുന്നതു കണക്കാക്കണ്ട
മുങ്ങാംകുഴിയിടാമെന്ന് മനസ്സില്‍ പോലും
കരുതേണ്ട
എപ്പോഴാണ് ആടിക്കുഴഞ്ഞൊഴുക്കു
കൂട്ടുന്നതെന്ന്,
വലിച്ചുതാഴ്ത്തി കരുത്തുകാട്ടുന്നതെന്ന്
കാത്തുകാത്തിരുന്നിട്ടും ഞാന്‍ പോലും
കണ്ടിട്ടില്ല
ചിലപ്പോഴൊക്കെ പൊട്ടിയമരുന്ന
ചില കുമിളകളല്ലാതെ

*****

 

പുഴമരണങ്ങള്‍
(കൂട്ടബലാത്സംഗക്കൊലകള്‍)
 
വര്‍ഷങ്ങള്‍ക്കപ്പുറം
പൊന്‍വെയില്‍ തിളങ്ങും മണല്‍പ്പരപ്പില്‍
കാഴ്ചക്കായ് യാത്രയ്ക്കായ് ഞാനുമെത്തിയേക്കാം
മറ്റാരും കേള്‍ക്കാതെ, യാര്‍ദ്രമായീ-
വഴിയൊരു പുഴയൊഴുകിയിരുന്നെന്നു
ഞാനെന്‍റെ കുഞ്ഞിന്‍റെ
മുഖത്തുനോക്കാതെ പറഞ്ഞേക്കാം
അന്നേരമക്കണ്ണില് മിന്നാമിനുങ്ങുകള്
കുഞ്ഞു റാന്തലുകള്‍തൂക്കിയേക്കാം
കുഞ്ഞോളങ്ങളെത്തി നോക്കിയേക്കാം
എന്‍റെ കവിളില്‍ കുഞ്ഞുവിരലാല്‍ തൊട്ട്
കാല്‍വിരലാല്‍ മെല്ലെ പൂഴിയിളക്കി
എന്നിട്ടെവിടെയമ്മേ പുഴയെന്നു
കണ്ണിറുക്കിചോദിച്ചേക്കാം
പറയില്ല ഞാനന്നേരം
കൊന്നു ഞങ്ങളപ്പുഴയേ
പിന്നെ പല പുഴകളെയെന്നു
പകരം പഠിച്ച നാട്യങ്ങളിലൊന്നില്‍
ഞാനെന്നെയൊളിപ്പിക്കും
എന്നിട്ട് മണ്ണില് കളിക്കാതെ കൊച്ചേയെന്നു
ചെറിയനുള്ളാലൊന്നു വേദനിപ്പിക്കും
അന്നേരം പൂങ്കണ്ണില്‍ പൊടിയും പൊന്നുപോലൊ-
രു തുള്ളി......
ചത്തുപോയ പുഴയുടെ നെഞ്ചില്‍
വര്‍ഷംപോലൊരു കുഞ്ഞുതുള്ളി.
 
 
 
 
 

You can share this post!

പ്രകൃതിസ്നേഹി

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts