news-details
ഫ്രാൻസിസ്കൻ വിചാര ധാര

സമരപ്രിയന്‍ ശാന്തിദൂതനിലേക്ക് തീര്‍ത്ഥാടനം നടത്തിയപ്പോള്‍

 താന്‍ വളര്‍ന്നു വന്ന സമ്പന്ന കുടുംബത്തില്‍ ഫ്രാന്‍സീസ് ചെറുപ്പം മുതല്‍ കണ്ടു പരിശീലിച്ചത് ധനത്തോടുള്ള പ്രേമവും കീര്‍ത്തിക്കായുള്ള യജ്ഞവുമായിരുന്നു. സമകാലീനരായ യുവാക്കളുടെ മുന്‍പന്തിയിലെത്തുവാന്‍ മാതാപിതാക്കള്‍ ഫ്രാന്‍സിസിനെ കഴിവതും പ്രോത്സാഹിപ്പിച്ചു. അയല്‍പട്ടണങ്ങളായ അസ്സീസിയും പെറൂജിയായും തമ്മില്‍ നടന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കയും ചെയ്തു. യുദ്ധപ്രിയനായ ഈ ചെറുപ്പക്കാരന്‍ യുദ്ധത്തില്‍ സജീവമായി പങ്കെടുത്ത് അതിസാഹസികമായി പോരാടി. തന്‍റെ സഹപടയാളികളും ശത്രുസൈന്യത്തിലെ അംഗങ്ങളും മുറിവേറ്റു കിടക്കുന്നതും രക്തംവാര്‍ന്ന് മരിക്കുന്നതും കണ്ട് ഫ്രാന്‍സീസിന് പരിചയമായി.

പ്രതീക്ഷിച്ചതിനു വിരുദ്ധമായി പെറൂജിയന്‍ സൈന്യം ഫ്രാന്‍സീസിനെ പിടിച്ചു ബന്ധിച്ച് കല്‍ത്തുറുങ്കിലടച്ചു. 11 മാസത്തെ പീഢനവും വിശപ്പും തണുപ്പുംകൊണ്ട് തകര്‍ന്ന ഫ്രാന്‍സിസ് രോഗിയുമായി. ഏകദേശം ഒരുവര്‍ഷത്തിനുശേഷം പിതാവ് ബര്‍ണര്‍ദോന്‍ സമാഹരിച്ച ധനം നഷ്ടപരിഹാരമായി നല്‍കി ഫ്രാന്‍സീസിനെ വിമുക്തനാക്കി. പരാജയത്തിന്‍റെ ലജ്ജകൊണ്ടും ശരീരത്തിലേറ്റ പ്രഹരവും രോഗവും കൊണ്ടും മനസ്സിടിഞ്ഞ മകന് അമ്മയായ പീക്കാ സ്നേഹപരിചരണങ്ങളും ഔഷധവും പോഷക ഭക്ഷണവും നല്‍കിപ്പോന്നു. ശക്തിയാര്‍ജ്ജിക്കാന്‍ മൂന്നുവര്‍ഷം വേണ്ടി വന്നു.
1099-ല്‍ ഊര്‍ബന്‍ മാര്‍പാപ്പായുടെ ആഹ്വാനത്തോടെ ആരംഭിച്ച കുരിശുയുദ്ധം ശക്തി പ്രാപിച്ചുവന്ന കാലമായിരുന്നു. യേശുവിന്‍റെ ജീവിതത്തോടും പ്രവര്‍ത്തനങ്ങളോടും മരണത്തോടും ഉത്ഥാനത്തോടും ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം മുസ്ലീങ്ങള്‍ കൈയ്യടക്കി വച്ചിരിക്കയായിരുന്നു. ജറുസലം എന്ന പുണ്യസ്ഥലം തിരിച്ചുപിടിക്കുക ഈജിപ്തിന്‍റെ സമ്പന്നഭാഗം ക്രിസ്തീയ സഭയുടെതാക്കുക, സഭയുടെ പ്രതാപം തെളിയിക്കുക, യൂറോപ്പില്‍ നിന്ന് ക്രൈസ്തവര്‍ക്ക് ജെറുസലേമിലേക്ക് പോക്കുവരവും തീര്‍ത്ഥാടനവും സുഗമമാക്കുക, വ്യവസായം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിറുത്തി, റോമായിലെ പാപ്പായും പ്രഭുക്കന്മാരും ധനാഢ്യന്മാരും ചേര്‍ന്ന് രൂപകല്‍പന ചെയ്ത മഹാപ്രസ്ഥാനമായിരുന്നു കുരിശുയുദ്ധം. ക്രൈസ്തവവിശ്വാസത്തെ ഉണര്‍ത്തുന്നതിനും അനേകായിരങ്ങളെ അണിചേര്‍ക്കുന്നതിനും വേണ്ടി ആത്മീയതയുടെ പരിവേഷം ചാര്‍ത്തി, യേശുമരിച്ച വി. കുരിശിന്‍റെ തിരുശേഷിപ്പും വഹിച്ച്, പ്രാര്‍ത്ഥനാഗാനങ്ങളോടും യുദ്ധോപകരണങ്ങളോടും കൂടെയായിരുന്നു പടയാത്ര. മദ്ധ്യവയസ്കര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ കുരിശുയുദ്ധങ്ങള്‍ നടത്തിയിരുന്നു.

  ഈജിപ്തിലെ ഒരു രാജപുത്രിയെ വിവാഹം ചെയ്ത ധനികനും ശക്തനുമായ ഒരു പ്രഭു, ഫ്രഞ്ചുപൗരനായ ജോണ്‍ ഓഫ് ബ്രിയാന്‍ പാപ്പായുടെ സൈന്യത്തില്‍ ആള്‍ ചേര്‍ക്കുന്നതിനായി അസ്സീസിയിലും പരിസരദേശത്തും പ്രചരണം നടത്തി. ആരോഗ്യം വീണ്ടെടുത്ത ഫ്രാന്‍സിസ് തനിക്കുണ്ടായ ഒരസാധാരണ സ്വപ്നത്തിന്‍റെ പിന്‍ബലത്തില്‍ കുരിശുയുദ്ധത്തിനു തയ്യാറെടുത്തു. വീണ്ടും ഉണ്ടായ ഒരു സ്വപ്നത്തിന്‍റെ സ്വാധീനത്തില്‍ യൗവ്വനം മുതല്‍ ഊട്ടിവളര്‍ത്തിയ പ്രശസ്തിക്കും ഉന്നത സ്ഥാനലബ്ധിക്കുമുള്ള മോഹങ്ങള്‍ പരിത്യജിച്ചു, 1208 ഫെബ്രുവരി 24-ന് വി. കുര്‍ബാനയില്‍ ശ്രവിച്ച സുവിശേഷം, അപ്പസ്തോലന്മാരെ അനുകരിച്ച് സുവിശേഷം പ്രസംഗിച്ച് ജീവിക്കാന്‍ പ്രേരണയായി. ക്രിസ്തുവിനും സുവിശേഷത്തിനും വേണ്ടി ജീവന്‍ ഹോമിച്ച് രക്തസാക്ഷിയാവാന്‍ ശക്തിയായ പ്രചോദനവും ഉണ്ടായി.
1211-ലും 1214 ലും ഫ്രാന്‍സിസ് കുരിശുയുദ്ധക്കാര്‍ക്കൊപ്പം പുറപ്പെട്ടെങ്കിലും ഒരു തവണ പ്രതികൂല കാലാവസ്ഥമൂലവും ഒരു തവണ രോഗഗ്രസ്തനായതുകൊണ്ടും യജ്ഞം ഉപേക്ഷിച്ചു മടങ്ങി. നാലാം സാര്‍വത്രിക സൂനഹദോസ് വിളിച്ചു ചേര്‍ത്ത ഇന്നസെന്‍റ് മൂന്നാമന്‍ കഴിയുന്നവരെല്ലാം കുരിശുദ്ധത്തിന് പോകണമെന്ന് കല്‍പ്പിച്ചു. പോകാത്തവര്‍ റോമിലെ പാപ്പായോടും വിധി ദിനത്തില്‍ ദൈവത്തോടും കണക്കു കൊടുക്കേണ്ടി വരുമെന്നും പ്രസ്താവിച്ചു.

 അഞ്ചാം കുരിശുയുദ്ധത്തിനായി സൈനികര്‍ ഇറ്റലിയിലെ ആദ്രെ തുറമുഖത്തുനിന്ന് കപ്പല്‍ മാര്‍ഗ്ഗം പുറപ്പെടാന്‍ ഒരുക്കം തുടങ്ങി. അനേകായിരങ്ങള്‍ക്ക്, ഏതാനും മാസത്തേക്ക് ആവശ്യമായ ഭക്ഷണം, പുതപ്പ്, ഔഷധങ്ങള്‍ തുടങ്ങിയവക്കായി വളരെ വലിയ തുക സമാഹരിച്ചു. യൂറോപ്പിലെ എല്ലാ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സന്യാസശ്രേഷ്ഠരും പ്രഭുക്കന്മാരും നികുതിയടച്ചു. ഫ്രാന്‍സീസിനും ആറു സഹോദരന്മാര്‍ക്കും ടിക്കറ്റിനും ഭക്ഷണത്തിനും ആവശ്യമായ തുക നല്‍കാന്‍ കഴിവില്ലായെന്ന് കണ്ട് കപ്പലില്‍ പ്രവേശനം വിലക്കി. 1217 സെപ്റ്റംബര്‍ മാസം ഒരു രാത്രി ഇവര്‍ രഹസ്യമായി അകത്തു കടന്ന് താഴത്തെ എന്‍ജിന്‍റെ നിലവറയില്‍ ഒളിച്ചിരുന്നു. 1218 മെയ് മാസത്തില്‍ കപ്പല്‍ നൈല്‍ നദിയുടെ തീരത്തെ ഡാമിയേറ്റ തുറമുഖത്തെത്തി.

 പാപ്പായുടെ പ്രതിനിധിയായി കുരിശിന്‍റെ തിരുശേഷിപ്പും സ്ഥാനവസ്ത്രങ്ങളുമായി മുമ്പില്‍ കര്‍ദ്ദിനാള്‍ പെല്‍ജിയോസ്. അദ്ദേഹത്തിന്‍റെ പിന്നില്‍കുറെ മെത്രാന്മാര്‍, അവരുടെ പിന്നില്‍ സുവിശേഷം പ്രസംഗിക്കാന്‍ നൂറുകണക്കിന് പുരോഹിതര്‍, സന്യസ്തരും അല്ലാത്തവരും അവരുടെ പിന്നില്‍ യോദ്ധാക്കളും സാധാരണ ജനങ്ങളും. ഈ ക്രമത്തില്‍ ക്രൈസ്തവരുടെ ക്യാമ്പിലുള്ളവരും സുല്‍ത്താന്‍റെ ക്യാമ്പിലുള്ളവരും ഇടയ്ക്കിടെ യുദ്ധം ചെയ്തു. അനേകായിരങ്ങള്‍ മാരകമായി മുറിവേറ്റ് മരിച്ചു. എണ്ണമറ്റ ആളുകള്‍ മുറിവേറ്റ് വേദനയില്‍ പിടഞ്ഞു. രക്തത്തില്‍ മുങ്ങി ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരുന്നവര്‍; മുറിവേറ്റിട്ട് സഹായിക്കുവാന്‍ ആരുമില്ലാതെ രക്തത്തിലൂടെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നവര്‍, ഏറെ നാളായി യുദ്ധമുഖത്ത് തളംകെട്ടിക്കിടന്ന രക്തവും മറവുചെയ്യാത്ത മൃതദേഹവും പുറപ്പെടുവിച്ച അസഹ്യമായ ദുര്‍ഗന്ധം, മനുഷ്യോചിതമായ ശുചിമുറികളുടെ അഭാവം... എല്ലാം സൃഷ്ടിച്ച ബീഭല്‍സമായ അന്തരീക്ഷത്തില്‍ വീര്‍പ്പുമുട്ടിയ ഫ്രാന്‍സീസ് സ്വയം പറഞ്ഞു, ഇത് ദൈവതിരുമനസല്ല. കര്‍ദ്ദിനാളിനെ കണ്ട് സുവിശേഷവത്കരണവും സമാധാനം സ്ഥാപിക്കലുമാണ് വേണ്ടത് എന്നു പറയണം.

അന്നത്തെ സുല്‍ത്താന്‍, അല്‍ മാലിക് അല്‍ കമീല്‍ ധര്‍മ്മിഷ്ഠനും ദൈവഭക്തനും ആയിരുന്നു. തന്‍റെ രാജ്യം ആക്രമിക്കാനും പ്രജകളെ വധിക്കാനും വന്ന ക്രൈസ്തവ സംഘം നൈല്‍ നദിയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്നപ്പോള്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിക്കാന്‍ ജലവും രോഗസൗഖ്യത്തിന് ഔഷധവും സ്വന്തം പട്ടാളക്കാര്‍ വഴി എത്തിച്ചു കൊടുത്ത സ്നേഹത്തിന്‍റെയും കരുണയുടെയും മനുഷ്യന്‍. സുല്‍ത്താനുമായി രമ്യപ്പെടാന്‍ ഫ്രാന്‍സിസ് കര്‍ദ്ദിനാളിനോട് അഭ്യര്‍ത്ഥിച്ചു. നിരസിച്ചുകൊണ്ട് "മുസ്ലീങ്ങള്‍ക്ക് നിന്‍റെ ശിരസ്സ് നീട്ടിക്കൊടുക്കൂ, അവര്‍ വെട്ടിയെടുത്തുകൊള്ളും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

സുല്‍ത്താനാകട്ടെ തന്‍റെ രാജകൊട്ടാരത്തിലെ നിരവധിയായ സൂഫി പുരോഹിതരും കോപ്റ്റിക് ക്രൈസ്തവരുമായി ആത്മീയ സംഭാഷണം നടത്തുക പതിവായിരുന്നു. ഇല്യുമിനാത്തോ (Illuminato)എന്ന് സഹോദരനോട് ഫ്രാന്‍സിസ് പറഞ്ഞു: "ധൈര്യമായിരിക്കൂ ദൈവത്തില്‍ ആശ്രയിച്ച് നമുക്ക് സുല്‍ത്താനെ സന്ദര്‍ശിക്കാം. യഹൂദരെയും ക്രൈസ്തവരെയുംപോലെ ഈ സുല്‍ത്താനും പ്രജകളും ഏകദൈവത്തില്‍ വിശ്വസിക്കുന്നു; ഏകദൈവത്തെ ആരാധിക്കുന്നു. അവര്‍ ക്രൈസ്തവരെ സ്നേഹിക്കുന്നു. ദൈവത്തിന്‍റെ കണ്ണിലൂടെ വീക്ഷിക്കുമ്പോള്‍ അവരും നമ്മളും സഹോദരങ്ങളാണ്. അദ്ദേഹത്തിന് യേശുക്രിസ്തുവിനെ കാണിച്ചുകൊടുക്കാം. സുവിശേഷത്തിലെ സത്യം പഠിപ്പിച്ചുകൊടുത്ത് നിത്യരക്ഷയിലേക്ക് അവരെ ആനയിക്കാം".

അവര്‍ ഇരുവരും പ്രാര്‍ത്ഥിച്ചുകൊണ്ട് ശത്രുപാളയത്തിനു നേരെ ചെന്നു. കാഴ്ചയില്‍ രാജകൊട്ടാരത്തിലെ സൂഫി പുരോഹിതരെപ്പോലെ തോന്നിയതുകൊണ്ടാവാം. പട്ടാളക്കാര്‍ അവരെ സുല്‍ത്താന്‍റെ അടുത്ത് എത്തിച്ചു. "നിങ്ങള്‍ ആരാണ്? എന്തിനു വന്നു?" എന്ന ചോദ്യങ്ങള്‍ക്ക് "ഞങ്ങള്‍ രാജാധിരാജന്‍റെ സന്ദേശവാഹകരാണ്; യേശുക്രിസ്തുവിനെപ്പറ്റിയും സുവിശേഷത്തെയും നിര്യരക്ഷയെയും പറ്റിയും അങ്ങയോടു സംസാരിക്കാന്‍ അയയ്ക്കപ്പെട്ടവരാണ്" എന്നു പ്രത്യുത്തരിച്ചു. ഫ്രാന്‍സീസിന്‍റ മുഖത്ത് വെട്ടിത്തിളങ്ങിയ ദൈവികശോഭയും നിഷ്കളങ്കതയും ആനന്ദവും സൗമ്യതയും പെരുമാറ്റത്തിലെ വിനയവും കണ്ട് അനുഭവിച്ച സുല്‍ത്താന്‍ ആദരവോടെ അവരെ സ്വീകരിച്ചു. രണ്ടു മാസത്തോളം രാജകൊട്ടാരത്തില്‍ പാര്‍പ്പിച്ചു.

മുസ്ലീങ്ങളുടെ വിശ്വാസപ്രകടനവും ആറു നേരത്തെ കണിശമായ പ്രാര്‍ത്ഥനയും പള്ളിയിലെ അഗാധമായ ആദരവും സാഷ്ടാംഗം പ്രണമിക്കലും  പെരുമാറ്റ രീതിയും ശംഖ് ഊതി ആളുകളെ പ്രാര്‍ത്ഥനയ്ക്കായി വിളിച്ചു കൂട്ടുന്ന സമ്പ്രദായവും മുസ്ലീങ്ങളുടെ പരസ്പര സ്നേഹവും ബഹുമാനവും ഫ്രാന്‍സീസിനെ ആഴത്തില്‍ സ്വാധീനിച്ചു. സ്വര്‍ണ്ണക്കട്ടിയും വെള്ളിപാത്രങ്ങളും ഒരു ശംഖും പാരിതോഷികമായി സുല്‍ത്താന്‍ ഫ്രാന്‍സീസിനു സമ്മാനിച്ചു. സുല്‍ത്താന്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ടും സുവിശേഷം ശ്രവിച്ചതുകൊണ്ടും രക്ഷയുടെ മാര്‍ഗ്ഗം കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളതുകൊണ്ട് നീ വീണ്ടും വരണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടും ഫ്രാന്‍സീസ് ഏറെ ആനന്ദിച്ചു. ശംഖു മാത്രം എടുത്തിട്ട് മറ്റുള്ളവ  സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ തടസ്സമാകുന്നതുകൊണ്ട് അവിടെ വിട്ടുപോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. സമാധാനം ആശംസിച്ച്, പരസ്പരം ആലിംഗനം ചെയ്ത്, സുല്‍ത്താന്‍ ഫ്രാന്‍സീസിനെ യാത്രയാക്കി. തന്‍റെ ആത്മരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെട്ട സുല്‍ത്താനും പ്രജകള്‍ക്കുംവേണ്ടി ഫ്രാന്‍സീസ് പ്രാര്‍ത്ഥിച്ചു.

ശത്രുതയും രക്തച്ചൊരിച്ചിലും മരണവും കണ്ട് അവശനായ ഫ്രാന്‍സിസിനെ ദൈവം കൃപനല്‍കി അനുഗ്രഹിച്ചു. കുരിശുയുദ്ധക്കാരെയും അധികാരികളെയും ഈജിപ്തില്‍ പിന്‍തള്ളിയിട്ട് ഫ്രാന്‍സിസ് ഇല്യുമിനാത്തോ (Illuminato) സഹോദരനുമൊത്ത് അസ്സീസിയിലെക്ക് മടങ്ങി. സുല്‍ത്താന്‍ നല്‍കിയ സാക്ഷ്യപത്രം കൈവശമുണ്ടായിരുന്നതുകൊണ്ട് ആരും പ്രതിബന്ധം സൃഷ്ടിച്ചില്ല.

ഇസ്ലാമിലെ സുല്‍ത്താന്‍റെ സുഹൃത്തായി മാറിയ ഫ്രാന്‍സിസ് മുസ്ലീങ്ങളുടെ ആധിഥ്യം നന്ദിയോടെ ഓര്‍ത്തിരുന്നു. 1220-ല്‍ സാര്‍വത്രിക സമ്മേളനം വിളിച്ചുകൂട്ടി നേതൃസ്ഥാനമൊഴിഞ്ഞ ഫ്രാന്‍സിസ്, സമ്മേളനം ആവശ്യപ്പെട്ടതനുസരിച്ച് സഭയുടെ നിയമാവലി എഴുതി. ആവുന്നത്ര സഹോദരന്മാര്‍ മുസ്ലീങ്ങളുടെ രക്ഷയ്ക്കായി സേവനം ചെയ്യാന്‍ അവന്‍ അഭ്യര്‍ത്ഥിച്ചു. നിയമാവലിയില്‍ ഒരധ്യായം എഴുതിച്ചേര്‍ത്തു: "മുസ്ലീങ്ങളുടെ ഇടയില്‍ ചെന്ന് ക്രിസ്തു ശിഷ്യരായി ജീവിച്ച് സാക്ഷ്യം വഹിക്കണം. ദൈവം വഴിയൊരുക്കുമ്പോള്‍ നിങ്ങള്‍ ദൈവവചനം പ്രസംഗിക്കണം. അങ്ങനെ അവര്‍ ത്രിയേക ദൈവത്തിലും രക്ഷകനായ ക്രിസ്തുവിലും വിശ്വസിക്കാനും ജ്ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവരാകാനും ഇടയാകും". ശാന്തിദൂതന്മാരായി ജീവിച്ച് ഫ്രാന്‍സിസും സഹോദരരും സുവിശേഷവത്കരണം തിരുസഭയില്‍  ഉത്ഘാടനം ചെയ്തു.  ഈശോയെപ്പോലെ പ്രാര്‍ത്ഥിക്കുക, ഏവരെയും സ്നേഹിക്കുക ആദരവോടും വിനയത്തോടും കൂടെ ഇതരര്‍ക്കു ശുശ്രൂഷ ചെയ്യുക എന്നതാണ് സാക്ഷ്യത്തിന്‍റെ ശൈലി. കണ്ടുമുട്ടുന്ന ഏവര്‍ക്കും ക്രിസ്തുവിന്‍റെ സമാധാനം ആശംസിക്കുകയും വേണം.

You can share this post!

ഹൃദയപരിവര്‍ത്തനത്തിന് ഇടയാക്കിയ ദൈവാനുഭവം

ഫാ. ചെറിയാന്‍ പാലൂക്കുന്നേല്‍ കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts