ഒരു മഴക്കാലം കൂട്ടിക്കൊണ്ടുപോയ മഴയുടെ പ്രിയമിത്രത്തേയും അവരുടെ 'മഴമിത്രം' മാസികയേയും ഓര്‍മ്മിച്ചെടുക്കാന്‍ ഒരു മഴയില്ലാക്കാലം തികച്ചും അനുയോജ്യമാണ്. 1974 സെപ്റ്റംബര്‍ മാസം 4-ാം തീയതി ആലപ്പുഴ ജില്ലയിലെ എടത്വാ ഗ്രാമത്തില്‍ അമ്പിയായം വീട്ടില്‍ ഭൂജാതനായി, 2013 ജൂണ്‍ 3-ാം തീയതി മരണം അപഹരിച്ചുകൊണ്ടുപോയ ആന്‍റപ്പന്‍ എന്ന ആന്‍റപ്പന്‍ അമ്പിയായം കേരളത്തിന്‍റെ പാരസ്ഥിതിക മേഖലകളില്‍ സമാനതകളില്ലാത്ത ഒരു പ്രതിഭാസമായിരുന്നു. 2010 മുതല്‍ 2013 വരെയുള്ള ചുരുങ്ങിയ കാലഘട്ടത്തില്‍ അദ്ദേഹം താണ്ടിയ ദൂരവും കണ്ടെത്തിയ ആഴങ്ങളും ഇനി ആര്‍ക്കും സ്വന്തമാക്കാനാകുമെന്ന് തോന്നുന്നില്ല. ചിതറിക്കിടന്ന കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനങ്ങളെയും പ്രവര്‍ത്തകരേയും ഒരു കുടക്കീഴില്‍ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ അണിനിരത്തുക എന്നതായിരുന്നു ആന്‍റപ്പന്‍റെ സ്വപ്നം. 'ആത്മമോക്ഷാര്‍ത്ഥം ജഗത് ഹിതായശ്ച' എന്ന അടിസ്ഥാനദര്‍ശനത്തിലുറച്ച് പ്രകൃതിവിഭവങ്ങളുടെ പരിമിതി തിരിച്ചറിഞ്ഞ് പരിസ്ഥിതിയെ പവിത്രമായി പരിപാലിക്കാനുള്ള സന്ദേശം പകര്‍ന്ന് ഒരു സുസ്ഥിര വികസനം സുരക്ഷിതഭാവിക്കായി രൂപപ്പെടുത്തുക. ഇതായിരുന്നു ആന്‍റപ്പന്‍ സ്ഥാപിച്ച ഗ്രീന്‍കമ്യുണിറ്റിയുടെ സന്ദേശവും ലക്ഷ്യവും. 2011 ഏപ്രില്‍ മാസം 15-ാം തീയതി പിറവിയെടുത്ത ഈ കൂട്ടായ്മയുടെ അടിസ്ഥാനശില ആന്‍റപ്പന്‍ അമ്പിയായവും അവന്‍റെ സ്വപ്നങ്ങളുമായിരുന്നു. തുടര്‍ന്നുള്ള രണ്ടുമൂന്നുവര്‍ഷക്കാലം സമാനതകള്‍ക്കിടംനല്‍കാത്തവിധം പരിസ്ഥിതി ഉച്ചകോടി മുതല്‍ ഓരോ ജില്ലകളിലും ഒരു മാസം നീണ്ട ഹരിത പരിപാടികളോടെ കേരളം മുഴുവന്‍ യാത്രചെയ്ത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന ഹൃദയത്തിന്‍റെ ഭാഷയില്‍ ഇടപെട്ട് ആന്‍റപ്പന്‍ വ്യത്യസ്തനായി.
പരിസ്ഥിതിമേഖലയില്‍ ആഴമേറിയ ചിന്താധാര കേരളസമൂഹത്തില്‍ രൂപപ്പെട്ടത് 1980 കാലഘട്ടത്തിലാണ്. അന്നു പരിസ്ഥിതി മേഖലയിലെ അതികായകന്മാര്‍ പറഞ്ഞതൊക്കെ നിവൃത്തിയായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന്.
ഓരോ വര്‍ഷം കഴിയുമ്പോഴും വര്‍ദ്ധിച്ചുവരുന്ന ജലദൗര്‍ലഭ്യവും നശിക്കുന്ന പ്രകൃതിവിഭവങ്ങളും ഇല്ലാതാക്കാന്‍ പോകുന്നത് ജീവന്‍റെ സുവിശേഷമാണ് എന്ന് ഒരിക്കല്‍പ്പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് നാം. കേരളം ഇന്ന് വരള്‍ച്ചാബാധിത പ്രദേശമാണ്. ഇത്ര ചെറിയ ഈ ഭൂപ്രദേശത്തെ ജൈവവൈവിധ്യങ്ങളുടെ കലവറയായും ദൈവത്തിന്‍റെ സ്വന്തം നാടായും വാഴ്ത്തുമ്പോള്‍ സ്വന്തം കാല്‍ക്കീഴില്‍ ജീവന്‍ എന്ന വിസ്മയം നമ്മുടെ അപക്വമായ സ്വാര്‍ത്ഥനിറഞ്ഞ ഇടപെടല്‍കൊണ്ട് അസ്തമിക്കുന്നുണ്ടെന്ന് ഇനിയും നാം തിരിച്ചറിഞ്ഞിട്ടില്ല.
2015 സെപ്റ്റംബര്‍ മാസത്തെ അസ്സീസിയുടെ മുഖക്കുറിപ്പില്‍ അന്നത്തെ പത്രാധിപര്‍ ഇങ്ങനെ കുറിച്ചു,
I.S. ഭീകരതയും ലൈംഗികവൈകൃതവും പൈശാചികആരാധനയുടെ മൂര്‍ത്തരൂപമായ കറുത്ത കുര്‍ബാനയും ലോകത്തെ വരിഞ്ഞ് മുറുക്കുന്നു എന്ന് മാലോകര്‍ നിലവിളിക്കുമ്പോള്‍ എന്തുകൊണ്ടാണ് റോമിലെ ആ വലിയ മുക്കുവന്‍ തന്‍റെ തൂലിക എടുത്ത് പ്രകൃതിയെപ്പറ്റി എഴുതാന്‍ ആരംഭിച്ചത്, അത് എല്ലാ ജീര്‍ണതകള്‍ക്കും കാരണം പ്രകൃതിയുടെ സ്വാഭാവികതയില്‍നിന്നുള്ള അകല്ച്ചയാണ് എന്ന ദര്‍ശനം ആ വലിയ മുക്കുവന് ഉണ്ടായതുകൊണ്ടാണ്. അതുകൊണ്ടുതന്നെ പ്രകൃതിയുടെ താളത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്കായി Laudato Si കാണപ്പെടേണ്ടിയിരിക്കുന്നു.
അതെ, ഇതൊരു തുടര്‍ച്ചയാണ്. സംഭവിക്കുന്ന അപചയങ്ങളെപ്പറ്റി 'തൊലിപ്പുറത്തെ പരിസ്ഥിതിവാദവുമായി' (Cosmetic environmentlism) നേരിടാന്‍ നാം ഒരുങ്ങുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും എന്തായിരുന്നു നഷ്ടപ്പെട്ടതെന്നും തിരിച്ചറിയേണ്ടത് അവസാനശ്വാസം പോലെ അനിവാര്യമായ ഒന്നാണ്.
ആത്മീയത എന്നും അലച്ചിടുകളില്‍ അടിസ്ഥാനപ്പെട്ട ഒന്നാണ്. മനുഷ്യന്‍ തന്‍റെ ആദ്യരൂപത്തില്‍ തികച്ചും 'നൊമാഡ്' ആയ ഒരുവനാണ്. ആകാശത്തിലെ പറവയേയും വയലിലെ ലില്ലിച്ചെടിയേയും പാഠങ്ങളാക്കിയവന് അലയാതിരിക്കാനാവില്ല. ആന്‍റപ്പനും അതിനപവാദമായിരുന്നില്ല. ആധുനിക കാലഘട്ടത്തിന്‍റെ സ്ഥായിയായ പൊള്ളത്തരങ്ങളെയും ഊതിവീര്‍പ്പിച്ച ആത്മാവില്ലാത്ത അനുഷ്ഠാന ആത്മീയതകളേയും മാറ്റി വയ്ക്കാന്‍ ഇങ്ങനെ ചിലര്‍ പ്രചോദനമാവാറുണ്ട്. ലോകത്ത് മറ്റേതൊരു സംഘടിത സംവിധാനങ്ങളെക്കാള്‍ കെട്ടുറപ്പും അംഗബലവുമുള്ള കത്തോലിക്കാ തിരുസഭയ്ക്കുപോലും പലപ്പോഴും തന്‍റെ അംഗങ്ങളില്‍ ക്രിയാത്മകമായും പ്രായോഗികമായും പരസ്പര സംരക്ഷണത്തിന്‍റെ ഉറപ്പ് ഭൂമിക്കും പ്രകൃതിക്കും നല്‍കാനാവുന്നില്ലായെന്നത് കാലഘട്ടത്തിന്‍റെ അപചയമാണോ?
കേവലം ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട 'Laudato Si' എന്ന അപ്പസ്തോലിക ചാക്രിക ലേഖനം ഒരു ആധികാരിക രേഖ എന്നതില്‍ പ്രശംസിക്കപ്പെടുമ്പോഴും തികച്ചും ഉപരിപ്ലവമായ ചില പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയടയുന്ന നമ്മെ കാലം പ്രതിക്കൂട്ടില്‍ നിര്‍ത്തും. ഇന്ന് ഞാനും നിങ്ങളും രുചിയോടെ അനുഭവിക്കുന്ന നാട്ടു മാമ്പഴവും തേന്‍വരിക്കയും നമ്മുടെ മുതു മുത്തച്ഛന്മാര്‍ നട്ടതാണെങ്കില്‍, നാം ഇന്നനുഭവിക്കുന്ന പ്രകൃതിവിഭവങ്ങളുടെ സൗഭാഗ്യം അത്രയെങ്കിലും വരും തലമുറയ്ക്ക് കൈമാറേണ്ട ഉത്തരവാദിത്തം എനിക്കും നിങ്ങള്‍ക്കും ഉണ്ട്. ഇത് വെറും 'തൊലിപ്പുറത്തെ' പരിസ്ഥിതി വാദത്തിന്‍റെ ഉടമസ്ഥരാവാനുള്ള ക്ഷണമല്ല. ഇതിനായി ആഴങ്ങളെ തിരിച്ചറിയുന്ന ഒരു പാരിസ്ഥിതിക അവബോധവും, ഞാനനുഭവിക്കുന്ന സൗകര്യങ്ങള്‍ പലതിനെയും തള്ളിക്കളയാനുള്ള ഉള്‍ക്കരുത്തും അനിവാര്യമാണ്. അലച്ചിലുകളുടെ ആത്മീയത സ്വന്തമാക്കിയവര്‍ക്ക് അത് സ്വതവേ കൈവരുന്ന ഒന്നാണ്. ഇവിടെയാണ് ആന്‍റപ്പനും അവന്‍റെ മഴമിത്രം മാസികയുമൊക്കെ പാഠമാകുന്നത്. കേവലം ഓര്‍മ്മകള്‍ക്കും പ്രതിമകള്‍ക്കുമപ്പുറം നമ്മുടെ നിലപാടുകളെയും ജീവിതത്തെയും ഇവര്‍ നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്.
ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് അനേകരെ 'പച്ച' സ്വപ്നങ്ങള്‍ നെയ്യാന്‍ പഠിപ്പിച്ചവനായിരുന്നു അവന്‍. ഒരു മാസികയിലെ ഓരോ താള്‍ മറിക്കുമ്പോഴും ഒരു ഉദ്യാനത്തില്‍ തേന്‍ കുടിച്ചുല്ലസിക്കുന്ന ഓരോയിനം ചിത്രശലഭങ്ങളെയും കാണുക എന്നാണ് 'മഴമിത്രം' മാസികയുടെ ആദ്യതാളില്‍ കുറിച്ചിട്ടത്. മാസികയുടെ ഓരോ പേജുകള്‍ക്കും അവസാനം കേരളത്തിലെ ഒരു ചിത്ര ശലഭത്തിന്‍റെ വിശദാംശങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. അകാലത്തില്‍ പൊലിഞ്ഞെങ്കിലും അനേകരില്‍ നിറഞ്ഞു നില്‍ക്കുന്ന ആന്‍റപ്പനും മഴമിത്രം മാസികയ്ക്കും പ്രണാമം, കാലത്തിന്‍റെ ചുവരെഴുത്തുകളെ നമുക്കായി ഈ ഭൂമിക്കായി സത്യസന്ധതയോടെ അവതരിപ്പിച്ചതിന്.