വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തന്‍റെ ദൈവാനുഭവം ആഴപ്പെടുന്നതും ഏറെ തീവ്രമാകുന്നതും ഫ്രാന്‍സീസ് തിരിച്ചറിഞ്ഞു. ദൈവത്തോടുള്ള സവിശേഷമായ വ്യക്തിബന്ധവും മനുഷ്യരോടും ജീവജാലങ്ങളോടും ഉണ്ടായ നൂതന ബന്ധവും ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ആയിരുന്നു. ഈ ബന്ധങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ ഒരു സംഗതി വ്യക്തമാകുന്നു. പ്രകാശങ്ങളില്‍ വസിക്കുന്ന കര്‍ത്താവ് ഫ്രാന്‍സീസിനെ ക്രമേണ മിസ്റ്റിക് വൈകാരികതയിലേക്ക് കൈപിടിച്ചുയര്‍ത്തി. തല്‍ഫലമായി അദ്ദേഹത്തില്‍ ഒരു സവിശേഷ മനോഭാവം സംജാതമായി. എല്ലാ മനുഷ്യരിലും സൃഷ്ടജാലങ്ങളിലും സ്രഷ്ടാവിന്‍റെ മുഖഛായ ദര്‍ശിക്കുക അദ്ദേഹത്തിന്‍റെ ശീലമായി. അവസാനശ്വാസം വരെ ഇത് നിലനിന്നതായി കാണാം.
ക്രിസ്തുസാന്നിധ്യം ഫ്രാന്‍സീസിന്‍റെ സത്തയുടെയും സ്വഭാവത്തിന്‍റെയും അവിഭാജ്യഘടകമായി രൂപാന്തരപ്പെട്ടു. ദൃഷ്ടിയില്‍പെട്ട സകലതും ക്രിസ്തുവിനെ മുഖാഭിമുഖം കണ്ടാലെന്നപോലെ മിസ്റ്റിക് അനുഭൂതി ഉളവാക്കിക്കൊണ്ടിരുന്നതിനാല്‍ അവയോടെല്ലാം നൈസര്‍ഗീകമായി ആദരവും വാത്സല്യവും തോന്നി. ദൈവികവും മാനുഷികവുമായ ഭാവങ്ങളോടെ അവയെല്ലാം പ്രത്യുത്തരിക്കുന്നതായി ഫ്രാന്‍സീസിന് അനുഭവപ്പെട്ടു. പ്രപഞ്ചമാകുന്ന മഹാവിരുന്നിന്‍റെ ആസ്വാദ്യതയില്‍ സ്രഷ്ടാവ് ഫ്രാന്‍സീസിനെ പങ്കാളിയാക്കി. താന്‍ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നുവെന്ന് അനുഭവപ്പെടുന്ന ഏതൊരാളും അത്ഭുതവും നന്ദിയും നിറഞ്ഞ വികാരവായ്പോടെ ദൈവത്തെ തിരിച്ചും സ്നേഹിക്കുമല്ലോ. ഇതിന് അപവാദം സ്വാര്‍ത്ഥമതികളായ സ്ത്രീപുരുഷന്മാരാണ്. അവര്‍ തങ്ങളുടെ ഹൃദയങ്ങളെ മലീമസമാക്കിയതുകൊണ്ട് കര്‍ത്താവിനെ സ്നേഹിക്കാനുള്ള വൈമുഖ്യം കൊണ്ട് ഞെരുങ്ങുന്നു. മനുഷ്യത്വരഹിതമായി പെരുമാറാന്‍ നിര്‍ബന്ധിതരും ആയിത്തീരുന്നു.
മിസ്റ്റിക് വൈകാരികത ഫ്രാന്‍സീസില്‍ വികസ്വരമായത് എങ്ങനെയെന്ന് പരിശോധിക്കുക രസകരമാണ്. തീക്ഷ്ണമായ ധ്യാനാത്മക പ്രാര്‍ത്ഥനയില്‍ അനേകവര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം ദൈവകൃപയാല്‍ നിറയുകയും അത്യപൂര്‍വ്വമായി സംവേദനക്ഷമമാവുകയും ചെയ്തു. ആ ഘട്ടം മുതല്‍ ഫ്രാന്‍സീസിന്‍റെ കണ്ണില്‍പെട്ട സകലതും പ്രാപഞ്ചിക ചക്രവാളത്തില്‍ ദൈവികതയും പദാര്‍ത്ഥവും സമജ്ജസമായി സമ്മേളിച്ചു നില്‍ക്കുന്ന അവബോധം ജനിപ്പിച്ചു. അപ്പോള്‍ മാനുഷികത ദൈവികതയില്‍ വിലയം പ്രാപിക്കുന്നതു പോലെ അനന്തതയില്‍ ലയിക്കുന്നതു പോലെയും ഫ്രാന്‍സീസ് ദൈവിക സത്തയിലും ദൈവിക സൗന്ദര്യത്തിലും പങ്കാളിത്തമുള്ളവന്‍ ആയിത്തീര്‍ന്നു. ജീവജാലങ്ങള്‍ അവയുടെ നൈസര്‍ഗ്ഗീക വാസനയാല്‍ ഈ പങ്കാളിത്തം വെളിപ്പെടുത്തുന്നു എന്നതു അവഗണിക്കാനാവില്ല.
സ്രഷ്ടാവ് മനുഷ്യനില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന സ്നേഹിക്കാനുള്ള ശക്തി അനന്തമാണല്ലോ. മനുഷ്യനെയും ജീവജാലങ്ങളെയും സൃഷ്ടവസ്തുക്കളെയും ദര്‍ശിച്ചപ്പോളെല്ലാം തന്‍റെ ദൈവത്തെ സര്‍വ്വശക്തികളും ഉള്‍പ്പെടുത്തി സ്നേഹിക്കാനുള്ള ത്വര അനുഭവപ്പെട്ടു; അതും മനുഷ്യാവതാരത്തിന്‍റെ താഴ്മയിലൂടെ ഫ്രാന്‍സീസിനെ സ്നേഹിച്ച യേശുക്രിസ്തുവിനെ; ഫ്രാന്‍സീസിനോടുള്ള സ്നേഹത്തെ പ്രതി ഫ്രാന്‍സീസിനു വേണ്ടി ക്രൂശുമരണം വരിച്ച തന്‍റെ നാഥനെ - തിരിച്ചു സ്നേഹിക്കാനും ഈ സ്നേഹത്തെപ്രതി മരിക്കാനുമുള്ള ആവേശം. ഈ മിസ്റ്റിക് വൈകാരികതയില്‍ കടന്നുവന്നപ്പോള്‍, അവാച്യമായ വേദനയും ആനന്ദവും അനുഭവിച്ച് ക്രിസ്തുവും ഫ്രാന്‍സീസും മുഖാഭിമുഖം നിന്നു.
ഈ വിധത്തിലുള്ള ആദ്യത്തെ അനുഭവം ഫ്രാന്‍സീസിനുണ്ടായത് 'സാന്‍ദാമിയാനോ' ദേവാലയത്തില്‍ വച്ച് ക്രൂശിതനായ ക്രിസ്തുവിന്‍റെ ഛായാപടത്തിലൂടെ പുത്രനായ ദൈവം സംസാരിച്ചപ്പോളാണ്. രണ്ടാമത്തേത് അസ്സീസി പട്ടണത്തില്‍ നിന്ന് വളരെ അകലെയുള്ള മൈതാനത്തുവച്ച് കുഷ്ഠരോഗിയെ വികാരാവേശത്തോടെ ആലിംഗനം ചെയ്ത് കവിളത്തു ചുംബിച്ചുകഴിഞ്ഞപ്പോളാണ്. ക്ഷണനേരം കൊണ്ട് ആ മനുഷ്യരൂപം അപ്രത്യക്ഷമാവുകയും ക്രൂശിതനായ ക്രിസ്തുവിനെത്തന്നെയാണ് താന്‍ ആശ്ലേഷിച്ചതും ചുംബിച്ചതും എന്ന അവബോധത്തില്‍ എല്ലാം മറന്ന് തരിച്ചു നിന്നപ്പോള്‍. മൂന്നാമത്തേത്, "എന്‍റെ ദൈവമേ, എന്‍റെ നഷ്ടപ്പെടുത്തിയ ജീവിതത്തെപ്പറ്റി ഹൃദയം പൊട്ടി അനുതപിച്ചുകൊണ്ട്, പാപജീവിതം ഞാനുപേക്ഷിച്ചു; എന്നാല്‍ അങ്ങ് എന്നോട് എല്ലാം ക്ഷമിച്ചു കഴിഞ്ഞോ" എന്ന് ഒരു ഇളം പൈതലിനെപ്പോലെ കരഞ്ഞു ചോദിച്ചുകൊണ്ടിരുന്ന ആ കാലത്തിന്‍റെ അവസാനത്തില്‍, സ്വര്‍ഗ്ഗീയ പ്രകാശം തന്നെ വലയം ചെയ്ത് 'നിന്‍റെ എല്ലാ പാപങ്ങളും, ഏറ്റം ചെറുതുകൂടെയും ക്ഷമിച്ചു കഴിഞ്ഞു എന്ന് കര്‍ത്താവ് തനിക്ക് ഉറപ്പു നല്‍കിയപ്പോളാണ്. നാലാമത്തേത്, സ്വര്‍ഗ്ഗീയമായ നിഷ്കളങ്കതയിലും ആത്മശരീര ശുദ്ധതയിലും ജീവിച്ച്, ക്രിസ്തുമംഗല്യത്തിനായി തയ്യാറെടുപ്പു നടത്തിക്കൊണ്ട്, 'ഫ്രാന്‍സീസേ, നീ യേശുവിനെ സ്നേഹിച്ച വിധത്തില്‍ അവിടുത്തെ സ്നേഹിക്കാന്‍ എന്നെയും പഠിപ്പിക്കില്ലേ?' എന്ന യാചനയുമായി യുവതിയായ ക്ലാര തന്‍റെ മുമ്പില്‍ കൂപ്പുകൈകളോടെ നിന്നപ്പോളാണ് അവളുടെ ദൈവ ദാഹത്തിനു മുമ്പില്‍....
അഞ്ചാമത്തേത്, ഗ്രേച്ചിയോ എന്ന ഗ്രാമത്തില്‍ ഒരു പാതിരാത്രിയില്‍ മനുഷ്യാവതാര രഹസ്യം ആചരിച്ച് ദിവ്യബലി അര്‍പ്പിച്ച സമയത്ത്, ദൈവത്തിന്‍റെ അനന്തമായ മഹിമ പ്രതാപവും സ്വര്‍ഗ്ഗത്തിന്‍റെ പരിശുദ്ധിയും മനുഷ്യശിശുവിന്‍റെ ദൗര്‍ബല്യവും ചേര്‍ത്തുവച്ച് ഒരു ചോരക്കുഞ്ഞിനെ പരിശുദ്ധ കന്യാമറിയം ഫ്രാന്‍സീസിന്‍റെ കൈകളില്‍ വച്ചു തന്നപ്പോളാണ്. സര്‍വ്വോപരി ആറാമത്തേത് ക്രൂശിതനായ ക്രിസ്തു ലവേര്‍ണാ മലമുകളില്‍ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് അവിടുത്തെ അഞ്ചു തിരുമുറിവുകള്‍ തന്‍റെ ശരീരത്തില്‍ തറച്ച് മുദ്ര ചെയ്തപ്പോളാണ്. ഏറ്റം ശ്രദ്ധേയവും അവിസ്മരണീയവുമായി ഫ്രാന്‍സീസിനു തിരിച്ചറിയാന്‍ കഴിഞ്ഞത്, അവാച്യമായ ആനന്ദവും അസഹ്യമായ വേദനയും ഒരുപോലെ അനുഭവിക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു.
പച്ചപരമാര്‍ത്ഥം പറഞ്ഞാല്‍ ഫ്രാന്‍സീസിന്‍റെ അന്തരാത്മാവില്‍ ഈ ദൃശ്യപ്രപഞ്ചം മുഴുവന്‍ അതിന്‍റെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. ഈശ്വര ചൈതന്യവും സൃഷ്ട പദാര്‍ത്ഥവും അവയുടെ പ്രാപഞ്ചിക ചക്രവാളത്തില്‍ അത്ഭുതാവഹമായ രീതിയില്‍ ഐക്യപ്പെട്ടു നിലകൊള്ളുന്നു എന്ന് ഓരോ മനുഷ്യനും സര്‍വ്വജീവജാലങ്ങളും അചേതനവസ്തുക്കളും നിരന്തരം ഫ്രാന്‍സീസിനോടു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴെല്ലാം താന്‍ ഗാഢമായ ദൈവഐക്യത്തിലാണെന്ന് ബോധതലം മന്ത്രിച്ചുകൊണ്ടിരുന്നു. ഒപ്പം തന്‍റെ സഹോദരസംഘത്തിലെ ഓരോ അംഗത്തോടും പുറത്ത് കണ്ടുമുട്ടിയ ഏവരോടും ഒരു സവിശേഷ ബന്ധം അദ്ദേഹം പുലര്‍ത്തി. ദൈവാരൂപി അദ്ദേഹത്തെ നയിച്ചപ്പോള്‍ എല്ലാറ്റിനേയും സ്വന്തം സഹോദരങ്ങളായി പരിഗണിക്കയും ആദരവോടെ ഇടപെടുകയും ചെയ്തു.
ഓരോ സൃഷ്ടവസ്തുവിലും സ്രഷ്ടാവിന്‍റെ അനന്തവിജ്ഞാനവും ശക്തിപ്രഭാവവും നന്മയും ദര്‍ശിച്ച ഫ്രാന്‍സീസ്, സകല ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവിനെ മഹത്ത്വപ്പെടുത്തി. പരിശുദ്ധാത്മാവിന്‍റെ ശക്തി അദ്ദേഹത്തില്‍ എത്രയധികം പ്രവര്‍ത്തിച്ചോ അത്രമാത്രം ദൈവത്തെ വണങ്ങുകയും സ്നേഹിക്കുകയും ചെയ്തു. തന്നെ പരിപാലിച്ചു വളര്‍ത്തുന്ന സ്നേഹപിതാവായ ദൈവത്തിന്‍റെ മടിത്തട്ടില്‍ നിന്ന് ഞാന്‍ പുറപ്പെട്ടു വന്നപോലെയാണല്ലോ മറ്റെല്ലാ സൃഷ്ടികളും എന്നു തിരിച്ചറിഞ്ഞപ്പോള്‍, അവയെയും തന്നെയും സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ് എന്ന് ഫ്രാന്‍സീസിനു അറിവില്ലായിരുന്നു. എങ്കിലും അവ ഈ ഉദ്ദേശം വെളിപ്പെടുത്തിക്കൊണ്ട് സ്രഷ്ടാവില്‍ നിന്നുള്ള സന്ദേശം എപ്പോഴും തനിക്ക് കൈമാറുന്നുണ്ടെന്ന് അദ്ദേഹം വിശ്വസിക്കയും അതിനെ തന്‍റെ അനുസ്യൂതമായ ധ്യാനവിഷയമാക്കുകയും ചെയ്തു. അങ്ങനെ ത്രസിക്കുന്ന സൗഹൃദബന്ധത്തില്‍, ഓരോന്നിനോടും ഓരോ ആളോടും ഫ്രാന്‍സീസ് ഇതാണ് ആവശ്യപ്പെട്ടത്: "എന്നോട് പറയാന്‍ സ്രഷ്ടാവായ ദൈവം നിന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്തെന്ന് പറയൂ."
(തുടരും)