news-details
ഇടിയും മിന്നലും

"50 വര്‍ഷംമുമ്പേ എനിക്കുവേണ്ടി റിസേര്‍വ്ഡ് റൂമാണിതു ഫാദര്‍. ദൈവംതമ്പുരാനും നമ്മുടെ കലണ്ടര്‍ നോക്കിത്തന്നെയാണു കാര്യങ്ങള്‍ നീക്കുന്നതെന്നെനിക്കുറപ്പാണ്. കാരണം ഞാനൊരു ഫിക്സഡ് ഡിപ്പോസിറ്റ് നടത്തിയതിന്‍റെ കൃത്യം 49 വര്‍ഷം പൂര്‍ത്തിയായ അന്നാണ്, ഞാനാവശ്യപ്പെടാതെ എനിക്കീ 50-ാംനമ്പര്‍ മുറിയുടെ രൂപത്തില്‍ അതിന്‍റെ പലിശ ഒന്നിച്ചു കിട്ടിയത്. മുതലും കൂട്ടുപലിശയും പിന്നാലെ വരുന്നതെയുള്ളു എന്നുതന്നെ പ്രതീക്ഷിച്ചിരിക്കയാണു ഞാന്‍."

അന്നു സമാപിച്ച 5 ദിവസത്തെ 'സീനിയര്‍ സിറ്റിസണാനുഭവധ്യാന'ത്തില്‍, ഇടയ്ക്കിടെ ഞാനാവര്‍ത്തിച്ചിരുന്ന വാക്കുകള്‍തന്നെ ഭംഗിയായി ഉള്‍ക്കൊള്ളിച്ച്, എന്‍റെ മുമ്പിലിരുന്ന് ആ സ്ത്രീ  ഇതു പറയുമ്പോള്‍ അവരെന്നെ പരിഹസിക്കുകയാണോ എന്നു സംശയിച്ചു. പക്ഷേ അവരുടെ മനസ്സിലെ വികാരം എന്താണെന്നനുമാനിക്കാന്‍ പോലും പറ്റാത്ത നിര്‍വ്വികാരിതയായിരുന്നു അപ്പോളവരുടെ മുഖത്ത്.

വാര്‍ദ്ധക്യം അസംതൃപ്തമാകുന്നതിന്‍റെ മുന്‍നിരകാരണങ്ങളിലൊന്ന് 'കുറ്റബോധ'മാ ണെന്നുള്ളത് വൃദ്ധരുമായി സംസാരിക്കുമ്പോള്‍ തോന്നിയിട്ടുണ്ട്. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ 'ഒറ്റപ്പെടല്‍' അനുഭവപ്പെടുക സ്വാഭാവികംമാത്രം. ആ സമയങ്ങളില്‍ തള്ളിക്കയറിവന്ന്, മനസ്സിനെ ചുറ്റിപ്പിടിച്ചു സ്വൈര്യംകെടുത്തുന്ന നീരാളിയാണ് കുറ്റബോധമെന്ന്, തെളിവുകളോടെ അവതരിപ്പിച്ച്, പ്രതിവിധികളും നിരത്തിക്കൊണ്ടായിരുന്നു ഞാന്‍ ധ്യാനമവസാനിച്ചിച്ചത്. ആ ദിവസങ്ങളില്‍ കാണാനാവശ്യപ്പെട്ട എല്ലാവരെയും കണ്ടുസംസാരിച്ചതുമായിരുന്നു. എന്നിട്ടും പോരാനിറങ്ങിയപ്പോള്‍ സിസ്റ്റേഴ്സ് വന്ന്, മിണ്ടുകയോ ചിരിക്കുകയോ ചെയ്യാറില്ലാത്ത ഒരുവിധവയ്ക്ക് അത്യാവശ്യമായി കാണണമെന്നു പറഞ്ഞതുകൊണ്ടാണ് ഞാനാ 50-ാംനമ്പര്‍ മുറിയിലെത്തിയത്. അപ്പോഴാണ് ആ 'മിണ്ടാപ്രാണി' അത്രയും കട്ടിയായിട്ടു മിണ്ടിയത്. അവരു തുടര്‍ന്നു:

"ഒട്ടും സംസാരിക്കാറില്ലാത്ത ആളാണു ഞാന്‍ ഫാദര്‍."

"ചിരിക്കാറുമില്ലെന്നാണല്ലോ എന്‍റെ അറിവ്."

അതിനു മറുപടിപറയാതെ മുമ്പില്‍വച്ചിരുന്ന ചെറിയ ഒരു റെക്കോര്‍ഡര്‍ അവര് ഓണ്‍ചെയ്തു.  

'സ്നേഹിതരെ, വിഷാദവും, മ്ലാനതയും, ദൈന്യതയും, നിരാശയും, നിസ്സംഗതയുമൊക്കെ മാറിമാറി നിഴലിക്കുന്ന മുഖങ്ങളാണ് എന്‍റെ മുമ്പിലേറെയും. അതൊന്നും തൂത്തുമാറ്റാനുള്ള തന്ത്രങ്ങളൊന്നും എന്‍റെ കയ്യിലില്ലതാനും. പക്ഷെ, നിങ്ങള്‍ക്കു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു സത്യം ഞാന്‍പറയാം, കാരണമില്ലാതെ കാര്യമില്ല. കാരണമില്ലാത്ത ഒറ്റക്കാര്യമെയുള്ളു, അതു ദൈവംമാത്രം. ബാക്കിയെന്തിനും കാരണമുണ്ട്, പുകയുണ്ടെങ്കില്‍ തീയുണ്ടെന്നുറപ്പല്ലേ? ആകാമായി രുന്ന കാലത്ത് ജീവിതംകൊണ്ടു നിക്ഷേപിച്ചതൊക്ക, പലിശസഹിതം തിരിച്ചുകിട്ടുന്നത്, ആക്കമില്ലാതാകുന്ന വാര്‍ദ്ധക്യകാലത്താണ്. അപ്പോള്‍ എല്ലാവരും സാധാരണ നന്ദിയില്ലാത്ത മക്കളെയും നോക്കാത്ത മരുമക്കളെയുമൊക്കെ പഴിക്കുമ്പോള്‍ ഞാനതിനോടു യോജിക്കുന്നില്ല, തെളിവുകളെത്ര...'
റെക്കോര്‍ഡര്‍ ഓഫാക്കാന്‍ നേരത്തെ കൈകാണിച്ചെങ്കിലും അപ്പോഴാണവരതു ചെയ്തത്. ധ്യാനത്തിന്‍റെ ആമുഖത്തില്‍ ഞാന്‍ പറഞ്ഞുതുടങ്ങിയതാണ് ഈ കേട്ടത്. അവരതുമുഴുവന്‍ റിക്കാര്‍ഡു ചെയ്തിട്ടുണ്ടെന്നു കാണിക്കാനായിരിക്കും അത് ഓണാക്കിയത് എന്നു ഞാനോര്‍ത്തു.

"78 വയസ്സുണ്ടു ഫാദര്‍ എനിക്ക്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഒരുധ്യാനവും കൂടിയിട്ടില്ല. മനപ്പൂര്‍വ്വം കൂടാതിരുന്നതാണ്. ഇപ്പോള്‍ ഇതിനുള്ളില്‍ പെട്ടുപോയതുകൊണ്ടുമാത്രം കേട്ടിരുന്നതാണ്. കേട്ടതു നന്നായി എന്നിപ്പോള്‍ തോന്നുന്നു. വളരെ പ്രാക്ടിക്കലായ കാര്യങ്ങള്‍ മാത്രമെ ഫാദര്‍ പറഞ്ഞുള്ളു. ആമുഖം കേട്ടപ്പോള്‍ത്തന്നെ അങ്ങനെ തോന്നി. അതുകൊണ്ടാണ് റെക്കോര്‍ഡ് ചെയ്തത്. നേരിട്ടുകാണാന്‍ താത്പര്യമില്ലായിരുന്നു. എങ്കിലും സമാപനസന്ദേശം കേട്ടപ്പോള്‍ കാണണമെന്നു തോന്നി. ഫാദര്‍ വരാന്‍ മനസ്സുകാണിച്ചതിനു നന്ദി. തിടുക്കമുണ്ടെങ്കില്‍ ഞാന്‍ നിര്‍ബ്ബന്ധിക്കുന്നില്ല."
"നിങ്ങള്‍ക്കെത്ര സമയംവേണ്ടിവരും?"

"ഫാദറിനു തരാവുന്നത്ര സമയം, എപ്പോള്‍ വേണമെങ്കിലും ഞാന്‍ നിര്‍ത്താം. എന്തെങ്കിലുമൊക്കെ സംസാരിക്കാന്‍ എപ്പോഴും എന്നെ നിര്‍ബ്ബന്ധിക്കാറുള്ള സിസ്റ്ററിനെക്കൂടി ഞാനിപ്പോള്‍ പറയാന്‍ പോകുന്നതു കേള്‍ക്കാന്‍ കൂട്ടുന്നതില്‍ ഫാദറിനു തടസ്സമുണ്ടോ?"

ഇല്ലെന്നു പറഞ്ഞപ്പോള്‍ അവരുതന്നെ ഇന്‍റര്‍കോമില്‍ വിളിച്ചു:

"മദര്‍, റൂം 50-ല്‍ ഒന്നുവരാമോ?" സിസ്റ്റര്‍ ഉടന്‍തന്നെ എത്തുകയുംചെയ്തു.

"ഞാന്‍ കോണ്‍വന്‍റില്‍നിന്നു പോന്ന ഒരു സിസ്റ്ററാണു ഫാദര്‍. നമ്മുടെ നാടന്‍ ഭാഷയില്‍ 'മഠംചാടി'."

അതുകേട്ട് മദര്‍ അമ്പരന്നിരുന്നുപോയെങ്കിലും, അവരുടെ സംസാരവും രീതികളും വസ്ത്രധാരണവും കഴുത്തിലെ സ്റ്റീല്‍മാലയും എല്ലാംകണ്ടപ്പോള്‍ എനിക്കങ്ങനെയൊരു സംശയം തോന്നിയിരുന്നു.

"എത്രവലിയ പ്രതിസന്ധിയിലും മരിക്കാന്‍ തോന്നിയിട്ടില്ല ഫാദര്‍, പക്ഷെ ഈയിടെയായി ജീവിക്കാനുള്ള ആഗ്രഹം തീരെയില്ലാതായി. എന്നാലും ആത്മഹത്യചെയ്യില്ല. മരിക്കാനുള്ള അവസരം കാത്തിരിക്കയാണ്. ഷുഗര്‍ പെട്ടെന്നുതാണ് തളര്‍ന്നുവീഴുന്ന അസുഖം കുറെനാളായിട്ടുണ്ട്. ലക്ഷണങ്ങള്‍ കാണുമ്പോഴേ മരുന്നു കഴിച്ചില്ലെങ്കില്‍ പ്രശ്നമാണ്. മരുന്നെല്ലാം ടോയ്ലറ്റില്‍ കളഞ്ഞ് ഒരുമാസമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷേ തളര്‍ച്ച വന്നില്ല ഇതുവരെ. അപ്പോഴാണ് ഈ ധ്യാനംവന്നത്. ഫാദറിന്‍റെ ടോക്കുകള്‍ കേട്ടപ്പോള്‍ എന്‍റെ 50 കൊല്ലത്തെ ആരുമറിയാത്ത ചരിത്രം, ഫാദറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ എന്‍റെ ഫിക്സഡ് ഡിപ്പോസിറ്റ്, ഒന്നു റിവീലു ചെയ്യണമെന്നുതോന്നി. എനിക്ക് ഒരുമകന്‍ മാത്രമേയുള്ളു, അവനുപോലും അറിയില്ല കാര്യമായിട്ടൊന്നുംതന്നെ."

ഒരുവികാരവുമില്ലാതെ അവരുപറഞ്ഞുകൊണ്ടിരുന്നത് ഞങ്ങളിരുന്നു കേട്ടു. പഠിക്കാന്‍ സമര്‍ത്ഥയായിരുന്നതുകൊണ്ട് പഠിപ്പിച്ച സിസ്റ്റേഴ്സിന് ഇവളെ വലിയ ഇഷ്ടമായിരുന്നു. പള്ളിയിലെ ഗായകസംഘത്തിലും, ഭക്തസംഘടനകളിലു മൊക്കെ സജീവം. പത്താംക്ലാസ്സ് നല്ലമാര്‍ക്കോടെ പാസ്സായി. അപ്പന്‍ തെങ്ങുകയറ്റത്തൊഴി ലാളിയായിരുന്നു, എന്നാലും തുടര്‍ന്നു പഠിപ്പിക്കാന്‍ അപ്പന്‍ തീരുമാനിച്ചു. പക്ഷെ അവളുടെ താല്‍പര്യം കോണ്‍വന്‍റില്‍ ചേരാനും. കൂടെപ്പഠിച്ചിരുന്ന പലരെയും പലമഠങ്ങളില്‍ എടുത്തെങ്കിലും അവളെ എടുത്തില്ല. പുതുക്രിസ്ത്യാനിയായതുകൊണ്ടാണ്  അഡ്മിഷന്‍ കിട്ടാതെ പോയതെന്നറിഞ്ഞ അവളുടെ സങ്കടംകണ്ട് കോണ്‍വന്‍റിലെ സുപ്പീര്യര്‍, ഭരണങ്ങാനത്തെ മിഷന്‍ലീഗു കുഞ്ഞേട്ടന്‍വഴി, വടക്കെ ഇന്ത്യയിലുണ്ടായിരുന്ന ഒരു ഫോറിന്‍ കോണ്‍ഗ്രി ഗേഷനില്‍ ചേരാന്‍ വഴിയുണ്ടാക്കി. തമിഴ്നാട്ടിലുള്ള അവരുടെ സ്ഥാപനത്തില്‍ ആരംഭപരിശീലനവും ഡിഗ്രിപഠനവും കഴിഞ്ഞ് സ്പെയിനിലായിരുന്നു ബാക്കി മൂന്നുകൊല്ലത്തെ പരിശീലനം. അവിടെവച്ചു തന്നെ ഉടുപ്പിടീലും കഴിഞ്ഞ് വടക്കെ ഇന്ത്യയിലെ അവരുടെ ഒരു സെന്‍ററിലേക്കയച്ചു. ആറംഗങ്ങളുള്ള ഒരുസമൂഹമായിരുന്നു അത്. സ്പെയിന്‍കാരിയാ യിരുന്നു മദര്‍ സുപ്പീര്യര്‍. ബാക്കി അഞ്ചുപേരും മലയാളികളും. അതിലൊരാള്‍ സീനിയറും, മറ്റു മൂന്നു ചെറുപ്പക്കാരും. സുപ്പീര്യറൊഴികെ എല്ലാവരും സ്കൂളില്‍ ടീച്ചിങ്ങായിരുന്നു. ചെറുപ്പക്കാരു മൂന്നുംകൂടെ ഒരു കമ്പനിയാണെന്നു ചെന്നപ്പോളെ ഇവള്‍ക്കു മനസ്സിലായി. ഇവളോട് അവര്‍ക്കത്ര ഇഷ്ടവുമില്ലായിരുന്നു. അവരിലൊരാളായിരുന്നു പ്രൊക്യുറേറ്റര്‍. ഒരുവര്‍ഷമങ്ങനെ കഴിഞ്ഞപ്പോഴേയ്ക്കും പ്രൊക്യുറേറ്ററുടെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെടാതെ, എല്ലാക്കാര്യത്തിലും സാമര്‍ത്ഥ്യമുണ്ടായിരുന്ന ഇവളെ മദര്‍ പ്രൊക്യൂറേറ്റര്‍പണി ഏല്‍പിച്ചു. അതോടെ മറ്റവരു കൂടുതല്‍ അകന്നു. എല്ലാം കൃത്യമായിചെയ്തിരുന്ന ഇവള്‍, അവരു മൂന്നും ചേര്‍ന്ന് മദര്‍ അറിയാതെ നടത്തിയിരുന്ന ചില സാമ്പത്തിക തിരിമറികള്‍ കണ്ടുപിടിച്ചു. അതവരെ കൂടുതല്‍ ചൊടിപ്പിച്ചു. തുറന്ന യുദ്ധം തന്നെയായി. പരസ്യമായിപോലും ഇവളെ പു.ക്രി. (പുതു ക്രിസ്ത്യാനി) എന്നാണവരു വിളിച്ചിരുന്നത്. മദാമ്മ മദറിന് ഇതൊന്നും മനസ്സിലാക്കാനും പറ്റിയില്ല. സീനിയര്‍സിസ്റ്റര്‍ ഒന്നിലും ഇടപെട്ടുമില്ല. മടുത്തിട്ട് പ്രൊക്യുറേറ്റര്‍ പണിയില്‍നിന്നും മാറ്റാന്‍ ഇവള്‍ ആവശ്യപ്പെട്ടിട്ട് മദര്‍ സമ്മതിച്ചില്ല. സ്ഥലംമാറ്റം ചോദിച്ചിട്ടും കൊടുത്തില്ല.

ആരോടും ഒന്നുപറയാന്‍പോലുമില്ലാതെ വിഷമിച്ചിരിക്കുമ്പോളായിരുന്നു ആ വര്‍ഷത്തെ പബ്ളിക് എക്സാമിനേഷന്‍. എക്സാമിനറായിട്ടു വന്നത് പത്തമ്പതു കിലോമീറ്റര്‍ അകലെയുണ്ടായിരുന്ന ഒരു സര്‍ക്കാര്‍സ്കൂളിലെ മലയാളി അദ്ധ്യാപകനായിരുന്നു. അയാള്‍ക്കു താമസം സ്കൂളിലും, ഭക്ഷണം മഠത്തില്‍നിന്നുമായിരുന്നു ക്രമീകരിച്ചിരുന്നത്. ഭക്ഷണം സ്കൂളിലെത്തിക്കാന്‍ വേലക്കാരിക്കു കൂട്ടിന് മറ്റാരും തയ്യാറാകാഞ്ഞതു കൊണ്ട് ഇവളാണ് പോയിരുന്നത്. അഞ്ചെട്ടു ദിവസങ്ങള്‍കൊണ്ട് അയാളെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍, സെമിനാരിയില്‍നിന്നും പോന്നയാളാ ണെന്നും, വിദേശത്തുപോകാന്‍ ശ്രമിക്കുന്നുണ്ടെന്നും അതുകിട്ടിയാല്‍ ഈ ജോലിയുപേക്ഷിച്ചു പോകുമെന്നുമൊക്കെപ്പറഞ്ഞു. പോകുന്നതിനുമുമ്പ് ചോദിക്കാതെതന്നെ അയാളുടെ അഡ്രസ്സും കൊടുത്തു.

അകത്തെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരുന്നു. മദറിനതു നിയന്ത്രിക്കാന്‍ കഴിവില്ലാതെയും പോയി. മനസ്സുമടുത്ത് അവസാനം ഇറങ്ങിപ്പോകാന്‍ ആലോചിച്ചു. മദറിനോട് അക്കാര്യം പറഞ്ഞിട്ടും അവരതത്ര ഗൗരവമായിട്ടെടുത്തില്ല. വീട്ടിലേയ്ക്കെഴുതിയപ്പോള്‍, തിരിച്ചു ചെന്നാല്‍ അപ്പനും ആങ്ങളമാരും വീട്ടില്‍ കയറ്റത്തില്ലെന്നും അമ്മ ആത്മഹത്യ ചെയ്യുമെന്നും മറുപടികിട്ടി. അഡ്രസ്സ് കൈയ്യിലുണ്ടായിരുന്ന തുകൊണ്ട് അവസാനം ആ അദ്ധ്യാപകനു കത്തെഴുതി. ജോലികിട്ടാന്‍ അവിടെ സാദ്ധ്യതയില്ലെന്നും, റ്റ്യൂഷന്‍കൊണ്ട് ചെലവിനുള്ള തുണ്ടാക്കാമെന്നും, താമസസൗകര്യം കിട്ടാന്‍ വളരെ  ബുദ്ധിമുട്ടാകുമെന്നും മറുപടിവന്നു. എന്തായാലും കോണ്‍വന്‍റില്‍നിന്നും പോവുകയാണെന്നും വീട്ടുകാരെ ബുദ്ധിമുട്ടിപ്പിക്കില്ലെന്നും വീട്ടിലറിയിച്ചു. അതുവരെയുണ്ടായിരുന്ന കണക്കുകളെല്ലാം പൂര്‍ത്തിയാക്കി, മദറിന് ഒരെഴുത്തും എഴുതിവച്ച്, വഴിച്ചെലവിനും വണ്ടിക്കൂലിക്കുംമാത്രം കാശുമെടുത്ത്, പിന്നത്തെ ഞായറാഴ്ച എല്ലാവരും പള്ളിയില്‍പോയനേരത്ത് അവിടെനിന്നും ഇറങ്ങിപ്പോന്നു. സന്ധ്യയ്ക്കുമുമ്പ് തപ്പിപ്പിടിച്ച് അയാളുടെ സ്ഥലത്തെത്തി. അറിയിക്കാതെ ചെന്നതുകൊണ്ട് അയാളു വല്ലാത്ത അവസ്ഥയിലായി. രണ്ടുമുറിയും അടുക്കളയും മാത്രമുള്ള ആ വീടിന്‍റെ, അയാള്‍ റ്റ്യൂഷനെടുത്തിരുന്ന മുറി അവള്‍ക്കു കൊടുത്തു. ഒരാള്‍കൂടി താമസിക്കുന്നു ണ്ടെന്നു വീട്ടുടമയെ അറിയിച്ചപ്പോള്‍ ആരാണെന്നുള്ള ചോദ്യത്തിന് സത്യംപറയാനാ കാതെ, നാട്ടില്‍നിന്നു ഭാര്യവന്നിട്ടുണ്ടെന്ന് കള്ളംപറഞ്ഞു. വീട്ടുജോലികളെല്ലാം അവളേറ്റെടുത്തു. വരാന്തയിലും മുറ്റത്തുമായി രണ്ടുപേരും റ്റ്യൂഷനും തുടങ്ങി. വിദേശജോലിക്കുള്ള എഴുത്തു കുത്തുകള്‍ അപ്പോഴും അയാള്‍ നടത്തുന്നുണ്ടായിരുന്നു.

രണ്ടാഴ്ചയങ്ങനെ കഴിഞ്ഞ്, ഒരുരാത്രി അത്താഴംകഴിഞ്ഞപ്പോള്‍, കുട്ടികളുടെകുറെ ബുക്കുകള്‍ കറക്റ്റുചെയ്യാന്‍ സഹായത്തിന് അയാള്‍ അവളെ മുറിയിലേയ്ക്കു വിളിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ കതകിനുകുറ്റിയിട്ടു. പിന്നീടവരു രണ്ടുമുറിയില്‍ ഉറങ്ങിയിട്ടില്ല. കുട്ടികളുണ്ടാകരുതെന്ന് അയാള്‍ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. പക്ഷെ, ആറുമാസം കഴിഞ്ഞപ്പോള്‍ അതും സംഭവിച്ചു. നശിപ്പിച്ചു കളയാന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധിച്ചില്ല. എന്തായാലും പിന്നീടയാള്‍ക്കാകെ മ്ലാനതയായിരുന്നു. കുട്ടിജനിച്ച് 3 മാസമായപ്പോള്‍ മറുനാട്ടിലെ ജോലി ശരിയായി. ഭാവിയെപ്പറ്റി ഒരുവാക്കുപോലും പറയാതെ, കത്തെഴുതാം എന്നുമാത്രം മുഖത്തു നോക്കാതെ പറഞ്ഞിട്ട്, ആളു യാത്രയായി. 15-ാംദിവസം, സുഖമായെത്തിയെന്നും, ജോലിയില്‍ കയറിയെന്നും അറിയിച്ച് കത്തുവന്നു. മറ്റുചിലകാര്യങ്ങളും അതില്‍ എഴുതിയിരുന്നു. കഴിഞ്ഞതെല്ലാമോര്‍ത്തു വല്ലാത്ത കുറ്റബോധമുണ്ടെന്നും, വന്നുപോയ തെറ്റിനു ആത്മാര്‍ത്ഥമായി മാപ്പുചോദിക്കുന്നെന്നും, വിവാഹത്തിന് താത്പര്യമില്ലെന്നും, അറിയിക്കാതെ വന്നപ്പോള്‍ ഒന്നിച്ചു താമസിക്കേണ്ടി വന്നതു കൊണ്ടാണല്ലോ അങ്ങനെയെല്ലാം സംഭവിച്ചതെന്നും, ഗതിയില്ലാതെ വന്നപ്പോള്‍ സഹായിച്ചതെങ്കിലുമോര്‍ത്തു ക്ഷമിച്ച്, ഭാവിയില്‍ ആളെ കൂടുതല്‍ ഉപദ്രവിക്കരുതെന്നും, നിയമപ്രകാരം വിവാഹം നടത്തിയിട്ടില്ലാത്ത സ്ഥിതിക്ക് പരസ്പരം സമ്മതിച്ചു പറഞ്ഞു പിരിഞ്ഞാല്‍ മതിയല്ലോ എന്നും. കുട്ടിയുടെകാര്യം സൂചിപ്പിച്ചിട്ടുപോലുമില്ല!!

വന്നുപോയതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു, ഇവളും കുട്ടിയും ഉണ്ടെന്നുപോലും ഓര്‍ക്കേണ്ട, മകനെ ഒരിക്കലും അപ്പനാരാണെന്ന് അറിയിക്കില്ല, ഒരിക്കലും ശല്യപ്പെടുത്തുകയുമില്ല, യാതൊരു പരാതിയുമില്ല, എന്നെഴുതി ഉടന്‍തന്നെ മറുപടിക്കത്ത് രജിസ്റ്റര്‍ ചെയ്തയച്ചു.  

"തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാമൊരു സ്വപ്നം പോലെയാണു ഫാദര്‍. ഒരു യന്ത്രംപോലെയെന്നു പറയുന്നതാവും കൂടുതല്‍ശരി. കോണ്‍വന്‍റില്‍ പോകണമെന്നുതോന്നി, പോയി. എന്തിനായിരുന്നു എന്ന് എനിക്കിപ്പോഴുമറിയില്ല ഫാദര്‍. പഠിച്ചു, സിസ്റ്ററായി, പഠിപ്പിച്ചു, കണക്കെഴുതി, എല്ലാമൊരു യന്ത്രംപോലെ. പള്ളിയില്‍പോയിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു, അതും യന്ത്രം പോലെ. അന്ന് ആ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലായിരുന്നെങ്കില്‍, അവരെപ്പോലെ വഞ്ചിച്ചുജീവിക്കാന്‍ എനിക്കും മനസ്സായിരുന്നെങ്കില്‍, ഞാനിന്നും വടക്കെവിടെയോ കോണ്‍വന്‍റില്‍ കണ്ടേനേ. മടുത്തപ്പോള്‍ പോരണമെന്നുതോന്നി, പോന്നു. അന്നുമുമ്പിലുണ്ടായിരുന്ന ഒറ്റവഴി അയാളുടെ അടുത്തേയ്ക്കായിരുന്നു. അയാളുടെകൂടെയും ഒരുയന്ത്രം പോലെ കുറെനാള്‍ ജീവിച്ചു. അവസാനം ഒരു ദുസ്വപ്നം പോലെ അയാളുംപോയി. പക്ഷെ ഞാന്‍ വാക്കു പാലിച്ചു ഫാദര്‍. അമ്പതുവര്‍ഷമായി, ആ വാക്കു തെറ്റിച്ചിട്ടില്ല. അയാളുണ്ടോ എന്നോ, എവിടെയുണ്ടെന്നോ ഇന്നുവരെ അന്വേഷിച്ചിട്ടില്ല. മകനോടി തൊന്നും ഇന്നുവരെ പറഞ്ഞിട്ടുമില്ല, അപ്പന്‍ നോര്‍ത്തിന്ത്യയില്‍ ജോലിസ്ഥലത്തുവച്ച് ഒരു ആക്സിഡന്‍റില്‍ മരിച്ചുപോയി എന്നുമാത്രമേ പറഞ്ഞിട്ടുള്ളു. ബാക്കിയുംകൂടി കേള്‍ക്കാന്‍ ഫാദറിനു സമയമുണ്ടോ?"

മദര്‍ രണ്ടുമൂന്നുതവണ കണ്ണുതുടയ്ക്കുന്നതു കണ്ടു. അവരോടു തുടര്‍ന്നുകൊള്ളാന്‍ ഞാന്‍ പറഞ്ഞു. അയാള്‍ പോയിക്കഴിഞ്ഞ് അവിടെത്തുടരാന്‍ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് കോണ്‍വന്‍റിലെ പഴയ സീനിയര്‍ സിസ്റ്ററിനെ അവള്‍ രഹസ്യമായി ചെന്നുകണ്ട് കാര്യങ്ങളെല്ലാം പറഞ്ഞു. ആ സിസ്റ്ററാണ്  കേരളത്തിലുള്ള ഒരു ലത്തീന്‍മഠത്തില്‍ സുപ്പീര്യറായിരുന്ന അവരുടെ മൂത്തസഹോദരിയോടു സംസാരിച്ച്, സിറ്റിയിലെ അവരുടെ ഒരു വലിയസ്കൂളില്‍ ഇവള്‍ക്ക് റ്റ്യൂഷനു സൗകര്യം ചെയ്തുകൊടുത്തത്. അങ്ങനെ കുട്ടിയെയും കൊണ്ടു നാട്ടിലെത്തി, ഒരുകൊച്ചുവീടു വാടകയ്ക്കെടുത്ത് താമസവും റ്റ്യൂഷനും തുടങ്ങി. നല്ലവരുമാനമുണ്ടായി. കുട്ടിവളര്‍ന്നു. ആരോടും, അമ്മയോടുപോലും മിണ്ടാത്ത പ്രകൃതം. പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു. പഠിപ്പിച്ചു. 24 വര്‍ഷങ്ങളങ്ങനെ. അതിനിടയില്‍ സിറ്റിയില്‍ ഒരു നല്ല ഫ്ളാറ്റുവാങ്ങി. മകന് കോര്‍പറേഷനില്‍ ജോലിയായി. അവന്‍റെ ഓഫീസില്‍ത്തന്നെയുണ്ടായിരുന്ന ഒരു ഹിന്ദു പെണ്‍കുട്ടിയെ കല്യാണവുംകഴിച്ചു. നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും എല്ലാംതീരുമാനിച്ചു കഴിഞ്ഞാണമ്മയറിഞ്ഞത്. കല്യാണത്തിന് അവരും അമ്പലത്തില്‍ പോയിരുന്നു. അതുവരെ അവന്‍ പള്ളിയില്‍ പോകുമായിരുന്നു. പിന്നെ പോയിട്ടില്ല. ഇന്നവന് നാല്പത്തെട്ടുവയസ്സുണ്ട്, മൂന്ന് ആണ്‍മക്കള്‍.  ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നു. അവരുവളര്‍ന്നത് അവരുടെ അമ്മവീട്ടിലാണ്. മകനും മിക്കവാറും അവിടെത്തന്നെ ആയിരുന്നു. ആ വീട്ടുകാരെപ്പറ്റി ഒന്നും അന്വേഷിച്ചിട്ടില്ല, അന്വേഷിക്കാന്‍ എന്തവകാശം, തിരിച്ചവരെന്തെങ്കിലും ചോദിച്ചാല്‍ എന്തുണ്ടു പറയാന്‍? 5 വര്‍ഷമായി പെട്ടെന്നു ഷുഗര്‍താണ് തളര്‍ന്നു വീഴുന്ന അസുഖം തുടങ്ങയിട്ട്. ഒരുമാസം മുമ്പുവരെ മുടങ്ങാതെ മരുന്നു കഴിക്കുന്നുണ്ടായിരുന്നു.

ഒരുവര്‍ഷമായി അവളുടെ അമ്മ ഒരുവശം തളര്‍ന്നു കിടപ്പാണെന്നറിയാം. ഒരു സഹോദരനു ള്ളത് പത്തുമുപ്പതുവര്‍ഷമായി സകുടുംബം വിദേശത്താണ്. അവരു നാട്ടിലേയ്ക്കു തീര്‍ത്തു പോരാറായി. വരുമ്പോള്‍ ആ വീട് അവര്‍ക്കു വേണം. അതുകൊണ്ട് ഫ്ളാറ്റ് അവന്‍റെപേരില്‍ എഴുതിക്കൊടുക്കാമോ എന്നു മകന്‍ ചോദിച്ചു. ഒരുമടിയും പറയാതെ എഴുതിക്കൊടുത്തു. എന്നിട്ടും ക്രിസ്ത്യാനിയായ അമ്മയുടെ കൂട്ടത്തില്‍ സ്ഥിരതാമസത്തിന് മരുമകള്‍ക്കു ബുദ്ധിമുട്ട്. അതിനും അവര് പോംവഴി കണ്ടെത്തി. അവര്‍ക്കു രണ്ടുപേര്‍ക്കും ഒന്നിച്ച് ഒരുമാസത്തെ ട്രെയിനിങ്ങുണ്ട്, അതുകൊണ്ട്, തളര്‍ന്നുവീഴുന്ന അസുഖമുള്ള അമ്മ തനിച്ചാകാതിരിക്കാന്‍, ഒരുമാസ ത്തേയ്ക്ക് സുരക്ഷിതമായ താമസമൊരുക്കിയിട്ടുണ്ട് എന്നുപറഞ്ഞു നിര്‍ബ്ബന്ധിച്ചു മകന്‍ കൊണ്ടു വന്നാക്കിയതാണിവിടെ. ഡേറ്റ് കൃത്യമായിരുന്നു, കോണ്‍വന്‍റില്‍നിന്നു പോന്നിട്ട് 49 വര്‍ഷം പൂര്‍ത്തിയായ അന്ന്!! പിന്നീട് മദര്‍ പറഞ്ഞാണറിഞ്ഞത് ഒരു മാസത്തേയ്ക്കല്ല, ആറുമാസത്തേയ്ക്കുള്ള ഫീസായ അറുപതിനായിരം രൂപയും, തുടര്‍ന്ന് സ്ഥിരതാമസത്തിനുള്ള ഡിപ്പോസിറ്റായ പന്ത്രണ്ടുലക്ഷം രൂപയുടെ പോസ്റ്റ് ഡേറ്റഡ് ചെക്കും മകന്‍ ഏല്പിച്ചിട്ടുണ്ടെന്ന്. ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. ഞാന്‍വാച്ചില്‍ നോക്കുന്നതുകണ്ട് അവരുപറഞ്ഞു:

"ഇത്രയും നേരം ഫാദര്‍ ഇരുന്നതന്നില്ലെ, ഈ അവസാനഭാഗംകൂടി കേള്‍ക്കാന്‍ മനസ്സുകാണിക്കണം. ട്രെയിനിങ്ങുണ്ടെന്നവരു കള്ളംപറഞ്ഞതാ യിരുന്നു. കാരണം എന്നെ ഇവിടെ കൊണ്ടുവന്നാക്കി രണ്ടാഴ്ച കഴിഞ്ഞ് ഓഫീസില്‍നിന്നു സ്കൂട്ടറിനു വരുന്നവഴി അവളെ കാറുതട്ടി രണ്ടുകാലും ഒരു കൈയ്യും ഒടിഞ്ഞ് ആശുപത്രിയിലായി. ഒരുമാസം അവിടെ കിടക്കേണ്ടിവന്നു. എന്നെ അറിയിച്ചില്ല. ഒരാഴ്ചമുമ്പ് ഫ്ളാറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. അവളുടെ അമ്മ കിടപ്പായതുകൊണ്ട് സഹായത്തിനു വരാന്‍ അവര്‍ക്കു പറ്റില്ല, മക്കളു ഹോസ്റ്റലിലാണ്, അവരുവന്നിട്ടും കാര്യമില്ല. വേലക്കാര ത്തിയെ നിര്‍ത്തിയെങ്കിലും ഒരുകാര്യവും ശരിയാകുന്നില്ല. അതുകൊണ്ട് മകന്‍ അവധിയെടുത്ത് വീട്ടിലിരുന്ന് ഭാര്യയെ സംരക്ഷിക്കുന്നു. രണ്ടു പ്രാവശ്യം മദറിനെ വിളിച്ച് എന്നെ കുറെനാളത്തേയ്ക്ക് വീട്ടില്‍ കൊണ്ടുപോകുന്ന കാര്യം ചോദിച്ചു. മദര്‍ എന്നോടു ചോദിച്ചു. അമ്മക്ക് അസുഖമിപ്പോള്‍ പഴയതിലും കൂടുതലാണ്, കൊണ്ടുപോയാല്‍ ഭാര്യയെയും അമ്മയെയുംകൂടി നോക്കേണ്ടിവരും അതുകൊണ്ട് കൊണ്ടുപോകാതിരിക്കുന്നതാണു നല്ലതെന്നു പറഞ്ഞേക്കാന്‍ ഞാന്‍ മദറിനോടു പറഞ്ഞു. ജീവിതത്തിലെ ചെയ്തികളാണു ഡിപ്പോസിറ്റെന്നും, അതിന്‍റെ പലിശയും കൂട്ടുപലിശയുമൊക്കെ മക്കളിലൂടെയും കൂടെപ്പിറപ്പുകളിലൂടെയും തിരിച്ചുവരുമെന്നും, അതിന് അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ലെന്നും ധ്യാനത്തിന് ഫാദര്‍ പറഞ്ഞതാണ് ഇപ്പോളിതെല്ലാം തുറന്നു പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. എല്ലാമൊന്നു പറഞ്ഞുകഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരാശ്വാസം. എന്നാലും ഇനിയും പറഞ്ഞിട്ടു കാര്യമില്ലല്ലോ ഫാദര്‍, എല്ലാം തീര്‍ന്നു പോയില്ലേ, ഇനീം ജീവിക്കാന്‍ സമയമില്ലല്ലോ." ഒരു നെടുവീര്‍പ്പോടെ അവരു പറഞ്ഞുനിര്‍ത്തി.

"ഉണ്ടല്ലോ. വൈകിയെന്നല്ലേയുള്ളു, സമയം തീര്‍ന്നിട്ടില്ലല്ലോ. ഇനിയും പുതിയ ഡിപ്പോസിറ്റിന് അവസരം ബാക്കിയുണ്ടല്ലോ, ഞാന്‍ പറയുന്നതു പോലെ ചെയ്യാമെങ്കില്‍." ഞാനതു പറഞ്ഞത് മനസ്സില്‍ ചിലതെല്ലാം കണക്കു കൂട്ടി ക്കൊണ്ടായിരുന്നു. അങ്ങനെയൊരു മറുപടി അവരു പ്രതീക്ഷിച്ചില്ലെന്നുറപ്പ്. എല്ലാംകേട്ട് ആശ്വസിപ്പിച്ച് പൊടീംതട്ടി ഞാനങ്ങു പോകുമെന്നായിരുന്നിരിക്കണം അവരോര്‍ത്തത്.

സമയം കുറെയേറെ എടുത്തെങ്കിലും, മദറിന്‍റെ സഹായത്തോടെ അവരെ അനുനയിപ്പിച്ച്, ആ രാത്രിതന്നെ അവരുടെ ഫ്ളാറ്റിലെത്തിച്ചു. മദറും മറ്റൊരു സിസ്റ്ററും കൂട്ടിനുണ്ടായിരുന്നു. ഒമ്പതുമണി രാത്രിയില്‍ അപ്രതീക്ഷിതമായി അവിടെത്തുമ്പോള്‍ മകനും മരുമകളും ഉറങ്ങിയിരുന്നില്ല. കൂടുതലൊന്നും സംസാരിക്കാതെ അമ്മയും സിസ്റ്റര്‍മാരും അകത്തു ചെന്ന്, സര്‍വ്വത്ര അലങ്കോലപ്പെട്ടു കിടന്നിരുന്ന മുറിയും അടുക്കളയും ചിട്ടയിലാക്കുമ്പോള്‍ ഞാന്‍ വണ്ടിയിലിരുന്നു വിശ്രമിച്ചു. പാതിവെന്തിരുന്ന ചോറും പാകപ്പെടുത്തി, അവിടെയുണ്ടായിരുന്ന പച്ചക്കറിക ളൊക്കെയെടുത്ത് ഒന്നുരണ്ടു കറികളുണ്ടാക്കുമ്പോളും, അക്ഷരം പോലും മിണ്ടാതെ മകന്‍ എല്ലാത്തിനും സഹകരിക്കുന്നുണ്ടായിരുന്നു. മരുമകള്‍ ടര്‍ക്കികൊണ്ടു മുഖംമറച്ചു മിണ്ടാതെ കിടന്നു. ഭക്ഷണവും കൊടുത്ത് പാത്രങ്ങളും കഴുകിവച്ച്, അമ്മയെ അവിടെത്തന്നെയാക്കി തിരിച്ചു ഞങ്ങള്‍ പീസ്ഫുളായി 'പീസ് ഹോമി'ലെത്തു മ്പോള്‍ രാത്രി പന്ത്രണ്ടുമണി. അപ്പോള്‍തന്നെ ബാഗുമെടുത്തു വിട്ടുപോന്നു.

പിന്നീട് സിസ്റ്റേഴ്സ് മിക്കപ്പോഴും അവിടെ അന്വേഷിച്ചു ചെന്നുകൊണ്ടിരുന്നു. മൂന്നു മാസം കൊണ്ടു മരുമകള്‍ക്ക് സ്വന്തമായി കാര്യങ്ങളൊക്കെ ചെയ്യാറായതോടെ, അമ്മ സന്തോഷത്തോടെ സ്വമനസാലെ പീസ് ഹോമിലേയ്ക്കു തിരിച്ചു പോന്നു. ഇപ്പോള്‍ ആഴ്ചയിലൊന്നെങ്കിലും മകനും മരുമകളും അമ്മയെ കാണാന്‍ ചെല്ലാറുണ്ട്. എന്തെങ്കിലുമൊക്കെ കൊണ്ടുചെന്നു കൊടുക്കുകയും ചെയ്യും. പഴയ ഡിപ്പോസിറ്റെല്ലാം തമ്പുരാന്‍ ക്യാന്‍സല്‍ ചെയ്തെന്നും, പുതിയ അക്കൗണ്ടു തുടങ്ങിയെന്നും, അമ്പതു കൊല്ലമായി മുടങ്ങിക്കിടന്ന ചിരിയും സംസാരവുമൊക്കെ തിരച്ചുവന്നെന്നും അവരുതന്നെയാണ് എന്നോടു വിളിച്ചുപറഞ്ഞത്!

You can share this post!

പൂ.ദ.വി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts