അചേതനപദാര്‍ത്ഥങ്ങള്‍ ചേതനവസ്തുക്കളായി രൂപാന്തരപ്പെട്ടപ്പോള്‍ അബോധം ബോധമായി മാറുന്നു എന്നാണല്ലോ എപ്പിക്യൂറസ് സിദ്ധാന്തം. ഇതെങ്ങനെ സാധ്യമാകും എന്നു വിശദീകരിക്കാന്‍ എപ്പിക്യൂറസിന്‍റെ ശിഷ്യന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ആറ്റത്തിന്‍റെ ചലനം ആണ് പരിണാമം എന്നു പറയുമ്പോള്‍ ചലനം എങ്ങനെ സംഭവിക്കുന്നു. അതിന്‍റെ പിന്നില്‍ ഒരു ബോധമനസ്സു കൂടിയേ കഴിയൂ. ഈ ചോദ്യവും എപ്പിക്യൂറസിനെ അലട്ടിയതായി കണ്ടില്ല. ഏതൊരു ദാര്‍ശനികനെയും പോലെ മരണം എന്ന സമസ്യയുടെ മുമ്പില്‍ പകച്ചുനിന്നുകൊണ്ടാണ് എപ്പിക്യൂറസ് തന്‍റെ സിദ്ധാന്തങ്ങള്‍ക്ക് രൂപം കൊടുത്തത് എന്നു വ്യക്തം.
ഈ ലോകം ഒരു വാടകവീടാണെന്നും ഒരു നിമിഷത്തെ മുന്‍കൂര്‍ നോട്ടീസുപോലും തരാതെ ഈ വീട്ടില്‍ നിന്നിറങ്ങി പോകേണ്ടി വരുമെന്നുള്ള ഭീകരയാഥാര്‍ത്ഥ്യത്തെ ചിരിച്ചുകൊണ്ട് നേരിടാനുള്ള പരിശീലനമാണ് ഒരര്‍ത്ഥത്തില്‍ എപ്പിക്യൂറസ് ചിന്തകള്‍ നമുക്കു പ്രദാനം ചെയ്യുന്നത്. മരണത്തെ കീഴടക്കാന്‍ നമുക്ക് കഴിയില്ലെന്നത് ശരിതന്നെ. പക്ഷെ മരണഭയത്തെ നമുക്ക് കീഴടക്കിക്കൂടെ? അതാണദ്ദേഹം ചിരിച്ചു കൊണ്ട് ചോദിക്കുന്നത്. ലോകം എന്ന ഈ ഭ്രാന്താലയത്തിന്‍റെ വാതിലുകള്‍ തുറന്ന് നമ്മെ സ്വതന്ത്രരാക്കാന്‍ എത്തുന്ന വിശിഷ്ടാതിഥിയായി നമുക്ക് എന്തുകൊണ്ട് മരണത്തെ കണ്ടുകൂടാ. പക്ഷെ ഈ ഭ്രാന്താലയത്തിനു വെളിയില്‍ മറ്റൊരു ലോകം ഇല്ലെന്നും തികഞ്ഞ ശൂന്യതയിലേക്കാണ് നമുക്കിറങ്ങിപ്പോകേണ്ടി വരിക എന്നുമുളള ചിന്ത ആരെയും ഭ്രാന്തുപിടിപ്പിക്കാന്‍ മതിയായതാണ്. ജീവിതമെന്ന ഏറ്റവും ഗുരുതരമായ രോഗത്തെ ചികിത്സിച്ചു സുഖപ്പെടുത്തുവാനുള്ള ഒരു മഹാവൈദ്യനാണ് മരണമെന്നും മറ്റുമുള്ള എപ്പിക്യൂറസിന്‍റെ പ്രഖ്യാപനം അദ്ദേഹത്തെ ഒരു നിഷേധതത്വത്തിന്‍റെ ചിന്തകനാക്കുന്നു. ഈ ചിന്തകന് ആഹ്ളാദത്തിന്‍റെ ഉപാസകനെന്നും മറ്റുമുള്ള വിശേഷണം നല്‍കുന്നത് ഉപരിപ്ലവമായിരിക്കും. മരണത്തോടുള്ള ഭയമാണ് ഒരുവനെ ജീവിത സ്നേഹിയാക്കുന്നത്. നാളെ മരിച്ചു പോയേക്കുമോ എന്ന ചിന്തയില്‍ ഇന്ന് മതിമറന്നാഹ്ലാദിക്കാന്‍ നടത്തുന്ന ശ്രമം അസ്വാഭാവികവും അകൃത്രിമവും ആയിരിക്കില്ലെ. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവന് വധശിക്ഷ നടപ്പിലാക്കുന്നതിന്‍റെ തലേദിവസം നല്കുന്ന വിഭവസമൃദ്ധമായ സദ്യയാണ് എപ്പിക്യൂറസിന്‍റെ വിശേഷണത്തിലെ എല്ലാ രസങ്ങളും.
ഈ രസങ്ങള്‍ മതിവരുവോളം ആസ്വദിച്ചുകൊള്ളുവാന്‍ ഈ യവനചിന്തകള്‍ ആഹ്വാനം ചെയ്യുന്നു. തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന ഹെഡോണിസ്റ്റു ദര്‍ശനം തുടക്കത്തില്‍ എപ്പിക്യൂറസിനെ സ്വാധീനിച്ചരുന്നു. ഒരു നിമിഷത്തെ വഴിപിഴച്ച ആഹ്ലാദം ഒരു ജീവിതത്തിന്‍റെ അവശേഷിച്ചകാലം മുഴുവന്‍ നരക തുല്യമാക്കുമെന്നത് അല്പം വൈകിയാണ് എപ്പിക്യൂറസ് കണ്ടെത്തിയത്. മനസ്സിനെ അവഗണിച്ചുകൊണ്ട് ശരീരത്തിനു വേണ്ടതെല്ലാം നല്കുന്നവര്‍ക്ക് എപ്പിക്യൂറസ് ആദരണീയനായ ഒരു ഗുരുവായി തോന്നാം. പക്ഷെ അദ്ദേഹം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ രൂപീകരിച്ച പില്‍ക്കാല ദര്‍ശനം ഇത്തരക്കാര്‍ക്ക് രസിച്ചെന്നു വരില്ല.
ജീവിതത്തിന്‍റെ രണ്ടാംപകുതിയില്‍ എപ്പിക്യൂറസ് തന്‍റെ ശരീരത്തെക്കാള്‍ പ്രാധാന്യം മനസ്സിനു നല്‍കിയിരുന്നു എന്നു വ്യക്തം. അദ്ദേഹം ഭൗതിക സുഖങ്ങളെ മനപ്പൂര്‍വ്വം ത്യജിക്കുന്ന ഒരു സന്യാസിയായി മാറി. നിങ്ങളുടെ സഹജീവികള്‍ സമുദ്രത്തിലെ കാറ്റും കോളും ഏറ്റ് ആടിയുലയുന്ന കപ്പലിലെ യാത്രക്കാരായിരിക്കുമ്പോള്‍ സമുദ്രതീരത്തു നിന്നുകൊണ്ട് ആ കാഴ്ച കണ്ടു രസിക്കുന്നതിലെ രസം ഉപേക്ഷിക്കുക തന്നെ വേണം എന്നദ്ദേഹം ഉപദേശിച്ചു. ഇങ്ങനെയൊക്കെയായാലും ആധുനികാനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ കാലിക പ്രസക്തിയുള്ള കണ്ടെത്തലുകള്‍ എപ്പിക്യൂറസിന്‍റെ ദര്‍ശനത്തില്‍ വളരെ ചുരുക്കമായിരിക്കും. സൃഹൃദ്ബന്ധങ്ങളിലൂടെ ആസ്വാദ്യമാകുന്ന ആഹ്ലാദത്തെ കുറിച്ച് എപ്പിക്യൂറസ് പറയുന്ന കാര്യങ്ങള്‍ വളരെ പ്രസക്തമാണെന്നു തന്നെപറയാം. അദ്ദേഹം ഒരിക്കലും ഒന്നും തനിച്ച് ഭക്ഷിച്ചിരുന്നില്ല. സ്വന്തം അപ്പം മറ്റൊരാളോടൊപ്പം പങ്കുവെക്കാന്‍ കഴിയാത്തവന്‍റെ ജീവിതം ശുഷ്ക്കവും വിരസവും ആണെന്നദ്ദേഹം പറയുന്നു. നമ്മള്‍ എന്തു തിന്നുന്നു എന്തു കുടിക്കുന്നു എന്നതിനെക്കാളും അത് ആരോടൊപ്പം ചെയ്യുന്നു എന്നതാണ് പ്രധാനം.