ഓരോ ദിവസവും 106 വാഹനാപകടങ്ങളില്‍ കേരളത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. 2018ല്‍ കേരളത്തിലെ റോഡുകളില്‍ 40,260 അപകടങ്ങളില്‍ 4,259 മരണങ്ങളും 31,687 ഗുരുതരമായ പരിക്കുകളും 13,456 ലളിതമായ പരിക്കുകളും ഉണ്ടായി. ഈ കൊറോണോ കാലത്തു ഈ അപകടങ്ങള്‍ തീര്‍ത്തും ഇല്ലെന്നായി. പക്ഷെ നമ്മള്‍ റോഡിലേയ്ക്ക് ഇറങ്ങിയാല്‍ തിരിച്ചുവരും എന്നൊരു പ്രതീക്ഷയുമില്ല. കോവിഡ് എന്നത് കൊറോണാ വൈറസ് ഉണ്ടാക്കുന്നെങ്കില്‍ ഈ ദുരന്തം മനുഷ്യന്‍ വരുത്തിവയ്ക്കുന്നതാണ്.

ഇപ്പോള്‍  നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന കാറുകളില്‍ ബ്ലൂടൂത് സംവിധാനം ഉണ്ട്.  അതായത് നിങ്ങളുടെ സെല്‍ഫോണില്‍ വരുന്ന കോളുകള്‍ ബ്ലൂടൂത് വഴി കാറിന്‍റെ സ്പീക്കറിലേയ്ക്ക് ഓട്ടോമാറ്റിക്ക് ആയി കണക്കറ്റ് ചെയ്ത് നിങ്ങള്‍ക്ക് യഥേഷ്ടം സംസാരിക്കാം. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ഉള്ള മുഷിപ്പും ഒഴിവാക്കാം പോലീസ് പിടിക്കുകയുമില്ല.

വാസ്തവത്തില്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഹാന്‍സ് ഫ്രീ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?

ഉണ്ട് എന്നതാണ് വാസ്തവം.

എനിക്ക്  ഒരേ   സമയം പല കാര്യങ്ങളും ചെയ്യു വാന്‍ സാധിക്കും. ഞാന്‍ മള്‍ട്ടിടാസ്ക്ക് ചെയ്യുവാന്‍ സമര്‍ത്ഥന്‍ ആണ് എന്നു കരുതന്നവാരാണ്  പലരും. പക്ഷെ സത്യം അങ്ങനെ അല്ല. നമ്മുടെ മസ്തിഷ്ക്കത്തിന് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ മസ്തിഷ്കം ബാച്ച് പ്രോസസ്സിംഗ് ആണ് ചെയ്യുന്നത്. അതായത് ഒരേസമയം പല കാര്യങ്ങളും നമുക്ക് ചെയ്യുവാന്‍ സാധിക്കുമെങ്കിലും, അവിടെ നമ്മുടെ പൂര്‍ണമായ ശ്രദ്ധ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഇടവിട്ട് കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ബ്രയിന്‍ എന്ന മൈക്രോ പ്രോസസ്സറിന് multitasking (ഒരേ സമയത്ത് പല കാര്യങ്ങള്‍ ചെയ്യുവാനുള്ള കഴിവ്) ഇല്ലേ ഇല്ല.

വാഹനം ഓടിച്ചുകൊണ്ട് ഫോണില്‍ സംസാരിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്കുള്ള ശ്രദ്ധയും വണ്ടിയോടിക്കാനുള്ള ശ്രദ്ധയും ഒരേ സമയം കിട്ടുന്നില്ല എന്നര്‍ത്ഥം. ഈ രണ്ടു കാര്യങ്ങള്‍ക്കും വേണ്ട ശ്രദ്ധ നമ്മുടെ മസ്തിഷ്ക്കം  മാറിമാറി   അലോട്ട്  ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങള്‍  ഫോണില്‍ സംസാരിച്ചു  കൊണ്ട് വാഹനം ഓടിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ സംസാരത്തിലും ഡ്രൈവിങ്ങിലുമായി   മാറി മാറി നില്‍ക്കുകയാണ് ചെയ്യുന്നത്.

പ്രധാനമായ മറ്റൊരു കാര്യം നോക്കാം. നമ്മുടെ കണ്‍മുന്‍പില്‍ ഒരു വസ്തു പതിയുന്നത് കൊണ്ട് മാത്രം നമ്മള്‍ അത് കാണണം എന്നില്ല. അത് മസ്തിഷ്ക്കം പ്രോസസ് ചെയ്താല്‍ മാത്രമേ അത് കാഴ്ച എന്ന അനുഭവം ആകൂ. ഒരുപാട് പ്രോസസ്സുകളുടെ ആകെത്തുകയാണ് നമ്മള്‍ ഒരു വസ്തു കണ്ടു മനസിലാക്കുന്നത്...

നിങ്ങള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വണ്ടി ഓടിക്കുകയാണ്. നിങ്ങളുടെ ഫോണിന്‍റെ അങ്ങേത്തലയ്ക്കലുള്ള ആള്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കുവാനും,അത് ആസ്വദിക്കുവാനും അതിന് മറുപടി പറയുവാനും ഒരുപാട് മസ്തിഷ്ക്ക ഊര്‍ജ്ജം ആവശ്യമാണ്. ഈ സമയത്തു നിങ്ങളുടെ  വണ്ടിക്ക് കുറകെ ഒരുകുട്ടി വിലങ്ങനെ ചാടുന്നു. നിര്‍ഭാഗ്യവശാല്‍ ആ മൈക്ക്രോസെക്കന്‍റില്‍  നിങ്ങളുടെ മസ്തിഷ്ക്കം സംസാരത്തിന്‍റെ ശ്രദ്ധയിലോ, ഫോണില്‍ നിന്ന് റോഡിലേയ്ക്ക് ശ്രദ്ധ മാറ്റുന്ന നിമിഷത്തിലോ  ആണെങ്കില്‍ ആ കുട്ടി നിങ്ങളുടെ കണ്‍മുന്‍പില്‍ പെട്ടാലും  നിങ്ങള്‍ അത് കാണില്ല. അപകടം ഉറപ്പുമാണ്.

ഇതിനാണ് Inattentional Blindness എന്ന് പറയുന്നത്.

 ഒരു ജനക്കൂട്ടത്തിനിടയില്‍ ഒരു പ്രത്യേക സംസാരമോ സ്വരമോ നിങ്ങള്‍ ശ്രദ്ധിക്കുന്നു എന്നിരിക്കട്ടെ. ആ സമയത്ത് മറ്റുള്ള ഭൂരിപക്ഷം കാര്യങ്ങളെയും നിങ്ങള്‍ ശ്രദ്ധിക്കില്ല  എന്നു മാത്രമല്ല അവ നിങ്ങളുടെ ശ്രദ്ധാപരിസരത്തുകൂടി കയറിയിറങ്ങിപ്പോയാലും, പലപ്പോഴും  ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുകയും ഇല്ല.

ശ്രദ്ധയില്‍പെടാത്തതുകൊണ്ടുള്ള അന്ധത (Inattentional blindness) എന്നാണ് ഈ മറുപടി പറയുന്നത് എന്നൊരു പ്രതിഭാസമാണ് ഇത്. നമ്മുടെ കണ്ണിനു മുന്‍പിലൂടെ പോകുന്ന കാര്യങ്ങളില്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ.

മനശ്ശാസ്ത്രജ്ഞരായ   ഡോക്ടര്‍ ഡാനിയല്‍ സൈമണ്‍, ഡോ.ക്രിസ്റ്റഫര്‍ ചാബിസ്  എന്നിവര്‍ ഇതൊരു പരീക്ഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്.

 അദൃശ്യനായ ഗൊറില്ല വെളുത്തവസ്ത്രവും, കറുത്ത വസ്ത്രവും  ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട്  ഒരു ബാസ്ക്കറ്റ് ബോള്‍ പരസ്പരം കൈമാറിക്കൊ ണ്ടിരിക്കുവാന്‍  ആവശ്യപ്പെടുന്നു. കറുത്തവസ്ത്രം ധരിച്ച ആളുകള്‍ എത്ര തവണ പന്ത് കൈമാറി എന്ന് എണ്ണുവാന്‍ കാണികളോട് ആവശ്യ പ്പെടുന്നു.

ഇതിനിടയില്‍ ആള്‍കുരങ്ങിന്‍റെ വസ്ത്രം ധരിച്ച ഒരാള്‍  ഇവരുടെ ഇടയിലൂടെ കടന്നുപോകുന്നു. ഈ വീഡിയോ കാണുന്നവരില്‍ എത്രപേര്‍ ആള്‍ക്കുരങ്ങിനെ  കണ്ടു എന്ന്  ചോദിക്കുമ്പോള്‍ 50% ആളുകളും അങ്ങനെയൊരു ആള്‍ക്കുരങ്ങു വന്നു പോയതായി കണ്ടിട്ടില്ല. ഈ വീഡിയോ യുട്യൂബിലുണ്ട്The Invisible Gorilla )..

നിങ്ങളുടെ കാഴ്ച എന്നുപറയുന്നത് വാസ്തവത്തില്‍ ഒരു താക്കോല്‍ദ്വാര വീക്ഷണം മാത്രമാണ്. പ്രത്യേകിച്ചും നിങ്ങള്‍ ഒരു കാര്യത്തില്‍ തന്നെ ഏകാഗ്രതയിലായിരിക്കുമ്പോള്‍. അതിന്‍റെ അര്‍ഥം തികച്ചും റിലാക്സ് ആയിരിക്കുമ്പോള്‍ നിങ്ങള്‍ എല്ലാം കാണുന്നുവെന്നല്ല.

പല കാര്യങ്ങളും   നമ്മുടെ കാഴ്ചയ്ക്ക് മുന്‍പില്‍ വരികയും നമ്മളുടെ നോട്ടം അതില്‍ പതിയുകയും ചെയ്തിട്ടുണ്ടാവും. പക്ഷെ ഇതില്‍ തന്നെ  പല കാര്യങ്ങളും നമ്മുടെ ഓര്‍മ്മയുടെ തലംവരെ എത്താതെ പോകുന്നു. പക്ഷേ ഇത് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നുമല്ല.  മാത്രമല്ല നമ്മള്‍ കണ്ട പലതും നമ്മള്‍ കണ്ടില്ല എന്ന് വിശ്വസിക്കുക പ്രയാസവുമാണ്.  

വാഹനം ഓടിക്കുമ്പോള്‍ മുന്‍സീറ്റില്‍  ഇരിക്കുന്നവര്‍ പലപ്പോഴും ഒരു സഹായമാണ്. അയാളുടെ രണ്ടുകണ്ണുകളുടെ കൂടെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും. പക്ഷെ പുറകിലുള്ളവരോട് സംസാരിക്കുമ്പോള്‍  ശ്രദ്ധ പതറുവാനുള്ള സാധ്യത കൂടുതലാണ്.

പാട്ടുകേട്ട് വണ്ടി ഓടിക്കുമ്പോഴും പ്രശ്നമുണ്ട്. വളരെ ത്വരിതഗതിയിലുള്ള സംഗീതം നിങ്ങള്‍ക്ക് അമിത ആവേശം തരുകയും, അമിതവേഗം കൈക്കൊള്ളുവാന്‍ പ്രേരകമാവുകയും ചെയ്യും.

ഓരോ വ്യക്തിയും കരുതുക ആര് സൂക്ഷിച്ചില്ലെങ്കിലും ഞാന്‍ സൂക്ഷിക്കും

You can share this post!

അന്ധതയ്ക്ക് എന്തൊരു സുഖം!

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

പരിഹസിക്കപ്പെട്ട ദൈവവും ക്രൈസ്തവ പൗരുഷവും

ഫാ. ജോസ് വള്ളിക്കാട്ട്
Related Posts