news-details
എഡിറ്റോറിയൽ

രാത്രിയില്ലായിരുന്നെങ്കില്‍

രാത്രിയില്ലായിരുന്നെങ്കില്‍

നക്ഷത്രങ്ങളും

നിലാവുമെനിക്കന്യമായേനെ

ദുരന്തമുഖങ്ങളിലാണ് അതിജീവനത്തിന്‍റെ പുതിയ വാതായനങ്ങള്‍ മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളത്.  ഈ കാലഘട്ടത്തിലും അതിജീവനത്തിനായി നാം പുതിയവഴികള്‍ തേടുന്നു. സാഹചര്യങ്ങള്‍ക്കൊപ്പം നമ്മുടെ കാഴ്ചപ്പാടുകളെയും ഈ കൊറോണക്കാലം മാറ്റത്തിന് വിധേയമാക്കുന്നുണ്ട്. ചലനമാണ് ജീവന്‍റെ അടയാളമെന്ന് ചെറിയക്ലാസ്സുമുതല്‍തന്നെ നാം പഠിക്കുന്നുണ്ട്. ഒരുപരിധിവരെ ചലനങ്ങളെല്ലാം നിലച്ച് സ്വന്തം ഇടങ്ങളിലേക്ക് മാത്രമായി ഓരോരുത്തരും ചുരുങ്ങേണ്ടിവരുന്ന ഒരു സാഹചര്യമാണിത്. ഫോണും ഇന്‍റര്‍നെറ്റും ബാങ്ക് ബാലന്‍സുമുണ്ടെങ്കില്‍ ജീവിക്കാം എന്നു ചിന്തിച്ചിരുന്നവരൊക്കെ നിസ്സഹായതയുടെ കരങ്ങള്‍ നീട്ടുന്നു. ഇന്‍റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഒരുപരിധിവരെ അകലങ്ങളെ കുറയ്ക്കുമ്പോഴും, നെഗറ്റീവായ ഒരുപാടു വാര്‍ത്തകളും പോസ്റ്റുകളുമൊക്കെയായി മനുഷ്യന്‍റെ മനസ്സിനെ വിഷാദത്തിലേക്കും സങ്കടങ്ങളിലേക്കും നിരാശയിലേക്കും തള്ളിവിടുന്ന തരത്തില്‍ മാധ്യമങ്ങളുടെ ദുസ്വാധീനവും പ്രകടമാണ്. നന്മയുടെ ഒത്തിരി തളിരുകള്‍ എല്ലായിടത്തും നാമ്പിടുന്നുണ്ട് എന്നത് പ്രത്യാശ തരുന്നു.

ലോകത്തിന്‍റെ ക്രമത്തെ മുഴുവന്‍ ഒറ്റയടിക്ക് നിര്‍ത്തിവച്ച സംഭവം ചരിത്രത്തില്‍തന്നെ ആദ്യമായിരിക്കാം. കൊറോണയ്ക്കു മുമ്പും ശേഷവുമെന്ന് വരുന്ന കാലം ഇതിനെ അടയാളപ്പെടുത്തിയേക്കാം. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ആത്മീയ മേഖലകളെയും ഈ കാലം ഉലയ്ക്കുന്നുണ്ട്. ഇവയോടെല്ലാം പുതിയൊരു സമീപനവും കാഴ്ചപ്പാടും കൊണ്ടുമാത്രമേ അതിജീവനം സുഗമമാകുകയുള്ളൂ.

ആരാധനാലയങ്ങളുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന തരത്തില്‍ ചുരുങ്ങിപ്പോയ ആത്മീയ വീക്ഷണം ഉടച്ചുവാര്‍ക്കപ്പെടേണ്ടതുണ്ട്. എപ്പോഴും കൂടെയുണ്ടാകും എന്നു പറഞ്ഞ ക്രിസ്തുവിനെ ഓരോരുത്തരും സ്വന്തം ഉള്ളില്‍ തേടാനും തിരിച്ചറിയാനും ആ സ്നേഹത്തിന്‍റെ വെളിച്ചത്തില്‍ ജീവിക്കാനും കഴിയുന്ന തരത്തില്‍ ആത്മീയതയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് രൂപപ്പെടണം. ഇനി പുരോഹിതരോ സന്യസ്തരോ സമൂഹമോ നിര്‍ബന്ധിക്കുന്നതുകൊണ്ടല്ല മറിച്ച് ക്രിസ്തുവിനോടുള്ള നമ്മുടെ ആഭിമുഖ്യം നിമിത്തമാകണം പ്രാര്‍ത്ഥനകളും ഭക്താഭ്യാസങ്ങളും. വ്യക്തിപരമായി ക്രിസ്തുവിനെ ഗൗരവമായെടുക്കാനും അനുഭവിക്കാനുമുള്ള ആന്തരിക പ്രചോദനം പലയളവില്‍ എല്ലാവരിലുമുണ്ട്, തിരിച്ചറിയണമെന്നുമാത്രം.

നല്ല ഭക്ഷണത്തിലൂടെ ശരീരവും നല്ല ബന്ധങ്ങളിലൂടെ മനസ്സും ആരോഗ്യം വീണ്ടെടുക്കുന്ന കാലംകൂടിയാണിത്. ശരീരത്തിന് ആവശ്യമില്ലാത്ത എത്രയധികം മരുന്നുകളാണ് നമ്മള്‍ കഴിച്ചിരുന്നതെന്നും തൊടിയിലെ പച്ചിലകള്‍ക്ക് ഇത്രയും ഔഷധഗുണമുണ്ടെന്നും പറമ്പില്‍ പണിയുന്നത് നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുമെന്നും ഒരുപാടുപേര്‍ക്ക് തിരിച്ചറിവുകള്‍ നല്‍കിയ കാലം.

തൊഴില്‍ നഷ്ടപ്പെട്ടും ഉപേക്ഷിച്ചും മടങ്ങിയെത്തുന്ന പ്രവാസികളും തൊഴില്‍ അന്വേഷകരായി വളര്‍ന്നുവരുന്ന യുവജനങ്ങളും, ഒരു നിയന്ത്രണവുമില്ലാത്ത വില വര്‍ദ്ധനയും സാമൂഹിക സാമ്പത്തികമേഖലയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു തീര്‍ച്ച. എല്ലാ തൊഴിലിനെക്കുറിച്ചുള്ള വ്യക്തികളുടെയും സമൂഹത്തിന്‍റെയും കാഴ്ചപ്പാടില്‍ രൂഢമൂലമായ മാറ്റംകൊണ്ടും ഒരുപരിധിവരെ നമുക്കതിജീവനം സാധ്യമാകും.

എല്ലാ തൊഴിലിനും മാന്യതയുണ്ട്. വിദേശത്ത് മാത്രമല്ല സ്വദേശത്തും സ്വന്തക്കാരുടെ മുമ്പിലും തൊഴിലില്‍ ഏര്‍പ്പെടുന്നതിന് മടിക്കേണ്ടതില്ല. അനാവശ്യമായ വ്യര്‍ത്ഥാഭിമാനത്തിന്‍റെ (അന്യനാട്ടില്‍ എന്തുജോലിചെയ്യാനും സ്വദേശത്തും സ്വന്തക്കാരുടെ മുമ്പിലും അത്തരം ജോലികള്‍ ചെയ്യാന്‍ മടിക്കുകയും ചെയ്യുന്ന) മുഖംമൂടി അഴിച്ചുവച്ച് അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് സ്വന്തം ജീവിതം ജീവിക്കാന്‍ കഴിയുന്ന പുതിയ കാഴ്ചപ്പാടാണ് നമുക്കാവശ്യം. സമൂഹത്തിനും ചിലതു ചെയ്യാനുണ്ട്. ചെയ്യുന്ന ജോലി, നിറം, സമ്പാദ്യം എന്നിവയ്ക്കുപരിയായി വ്യക്തിയെ ആദരിക്കാനും സ്വീകരിക്കാനും തയ്യാറാകേണ്ടതുണ്ട്. 'വിവാഹകമ്പോള'ത്തിലേക്ക് ജീവിതപങ്കാളിയെ തിരഞ്ഞിറങ്ങാന്‍ മക്കളെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളാണ്. പലപ്പോഴും സംഭവിക്കുന്നത് തൊഴിലിനെ, സമ്പാദ്യങ്ങളെ, പേരിനെ, പ്രശസ്തിയെ ഒക്കെയാണ് പലരും വിവാഹത്തില്‍ തേടുന്നത്. അതുകൊണ്ട് തന്നെ ചില തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ വില കുറഞ്ഞവരായി കരുതപ്പെടുന്നു. പരസ്പരാദരവിന്‍റെ ഒരു പുതു തൊഴില്‍സംസ്കാരമാണ് ഉണ്ടാകേണ്ടത്.

ആവശ്യത്തിലധികം ആഡംബരഭ്രമമുള്ള നാടാണ് നമ്മുടേത്. നമ്മുടെ ആവശ്യമോ സംതൃപ്തിയോ നിറവേറ്റപ്പെടുക എന്നതിനേക്കാള്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടിയുള്ളതാണ് പലതും എന്നതാണ് ഏറ്റവും വലിയ തമാശ. ആവശ്യങ്ങള്‍ അനുസരിച്ച് ചിലവിട്ട് ലളിതമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നത് സാമ്പത്തിക ഭദ്രത മാത്രമല്ല മനസ്സിനും ശരീരത്തിനുമൊക്കെ അത് ഉണ്ടാക്കുന്ന മാറ്റം അനുഭവിച്ചുതന്നെയറിയണം.

കാഴ്ചപ്പാടുമാറിയാല്‍ കഷ്ടപ്പാടുമാറുമെന്ന് ഒരു മുതിര്‍ന്ന വൈദികന്‍ ഓര്‍മ്മപ്പെടുത്തുമായിരുന്നു. പുതിയ കാഴ്ചപ്പാടുകളോടെ ഈ രാത്രിക്കപ്പുറം കാത്തുനില്‍ക്കുന്ന നല്ല പ്രഭാതത്തിനായി പ്രത്യാശയോടെ കാത്തിരിക്കാം.

You can share this post!

കൊറോണ കാലത്ത്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts