ഫ്രാന്‍സിസ് അസ്സീസി ക്രൈസ്തവ വിശുദ്ധരില്‍ ഏറ്റവും സുപ്രസിദ്ധനാണ്. അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി ജീവചരിത്രഗ്രന്ഥങ്ങള്‍ പ്രചുരപ്രചാരം നേടിയിട്ടുണ്ട്. ഗവേഷണപരമായ നിരവധി ഉദ്യമങ്ങള്‍ ഫ്രാന്‍സിസ്കന്‍ സഭയിലും, അതിനു പുറത്തും (എന്തിനേറെ അകത്തോലിക്കരുടെ ഇടയിലും) യഥാര്‍ത്ഥ (true) ഫ്രാന്‍സിസിനെ പുനഃസൃഷ്ടിക്കാനും വീണ്ടെടുക്കാനും എന്ന ഉദ്ദേശ്യത്തോടെ നടന്നിട്ടുണ്ട്. രണ്ട് ഉദ്യമങ്ങളാണ് ഈ തിരച്ചിലിന് പിന്നില്‍. ഒന്നാമതായി. സമകാലിക ലോകത്തില്‍ ഫ്രാന്‍സിസിനുള്ള പ്രാധാന്യം മനസ്സിലാക്കാനും വിലയിരുത്താനും, രണ്ടാമതായി 'യഥാര്‍ത്ഥ'ഫ്രാന്‍സിസിനെ കണ്ടെത്താനും. സമഗ്രവും കാലക്രമവുമനുസരിച്ചുള്ള ഒരു ജീവചരിത്ര രചനയല്ല നമ്മുടെ ഉദ്ദേശ്യം. വിഷയകേന്ദ്രീകൃതമായ ഒരു ലഘുചരിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മതാന്തര സംവാദത്തിന്‍റെ വക്താവും മധ്യസ്ഥനുമായി ഫ്രാന്‍സിസിനെ കാണാനാവുമോ എന്ന് വിലയിരുത്തപ്പെടുന്നു. സമകാലിക ലോകത്തില്‍ ഫ്രാന്‍സിസ് മതാന്തരസംവാദത്തിന് ഉചിതമായ ഒരു മാതൃകയാണോ എന്ന ചോദ്യത്തിന്‍റെ വെളിച്ചത്തില്‍, ദൈവശാസ്ത്രപരമായി ഫ്രാന്‍സിസിന്‍റെ ജീവിതത്തെ പര്യാലോചിക്കുകയാണ് നാം.
'ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ സുവിശേഷത്തിനുള്ള സ്വാധീനം' എന്നതിനെ അടിസ്ഥാനമാക്കിയാണ് ഫ്രാന്‍സിസിന്‍റെ ജീവിതത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ പര്യാലോചനയില്‍ നാം ഏര്‍പ്പെടുന്നത്. അദ്ദേഹത്തിന്‍റെ നിതാന്തവും നിരന്തരവുമായ ആഗ്രഹം എല്ലാ സാഹചര്യങ്ങളിലും സുവിശേഷങ്ങളിലെ ക്രിസ്തുവിനെ അനുകരിക്കുക എന്നതു മാത്രമായിരുന്നു. സുവിശേഷമായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതവും നിയമവും. പരിവര്‍ത്തനത്തിന്‍റെ ആദ്യനാളുകളില്‍ത്തന്നെ 'സുവിശേഷത്തിന്‍റെ സ്വാധീനവും' സമസ്തസൃഷ്ടികളോടുമുള്ള സമാധാനത്തിന്‍റെ അഭിവാദനവും (Greetings of Peace) അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ കാണാന്‍ കഴിയും. ഈ രണ്ടു പ്രധാനപ്പെട്ട സംഗതികളുടെ നിത്യോപാസനയാണ് ഫ്രാന്‍സിസിന്‍റെ ക്രിസ്ത്വാനുകരണ ജീവിതത്തിന്‍റെ കാതല്‍.
Donna Trembinski, ഫ്രാന്‍സിസിനെക്കുറിച്ചുള്ള സാധുചരിത്ര വര്‍ണ്ണനയില്‍ (Hagiograpny) ഫ്രാന്‍സിസ്ക്കന്‍സും ഡൊമിനിക്കന്‍സും വച്ചുപുലര്‍ത്തിയിരുന്ന വ്യത്യസ്ത സമീപനങ്ങള്‍ പഠനവിഷയമാക്കിയിട്ടുണ്ട്. ഫ്രാന്‍സിസ്കന്‍ ഹജിയോഗ്രാഫേഴ്സ് പൊതുവേ ഫ്രാന്‍സിസും ക്രിസ്തുവും തമ്മിലുള്ള സാമ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയത്, പ്രത്യേകിച്ചും "Alter Christus' എന്ന രീതിയിലാണ് ഫ്രാന്‍സിസ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ സമകാലീനരായിരുന്ന ഡൊമിനിക്കന്‍സ് അത്തരമൊരു താരതമ്യത്തിലൂന്നിയായിരുന്നില്ല ഫ്രാന്‍സിസിനെ കണ്ടത്. ഫ്രാന്‍സിസിന്‍റെ അനിതരസാധാരണമായ വിശുദ്ധ ജീവിതത്തെ ഡൊമിനിക്കന്‍സ് അംഗീകരിച്ചുവെങ്കിലും, ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളോട് ചേര്‍ന്ന ഒരു താരതമ്യത്തിന് അവര്‍ മുതിര്‍ന്നില്ല. ഇതുപോലെയുള്ള വ്യത്യസ്ത സമീപനങ്ങളുടെ സങ്കീര്‍ണതകള്‍ നമ്മെക്കൊണ്ടെത്തിക്കുന്ന ധര്‍മ്മസങ്കടം, എങ്ങനെയാണ് 'യഥാര്‍ത്ഥ' ഫ്രാന്‍സിസിനെ കണ്ടെത്തുക എന്നതിലേക്കാണ്. മധ്യകാലഘട്ട ചരിത്രപണ്ഡിതനായ സി. എച്ച്. ലോറന്‍സിന്‍റെ അഭിപ്രായത്തില്‍ ചരിത്രപുരുഷനായ ഫ്രാന്‍സിസിനെ സാഹിത്യപരമായ ഉറവിടങ്ങളില്‍ (Literary Sources) നിന്നും കണ്ടെത്തുക എന്ന വിഷമമേറിയ കടമ്പയില്‍ നമ്മെ സഹായിക്കുന്ന ഏറ്റവും പ്രധാനമായ ദിശാസൂചിക ഫ്രാന്‍സിസിന്‍റെ തന്നെ രചനകളാണ് (Writings).. (ഫ്രാന്‍സിസിന്‍റേതായി 28 രചനകളാണുള്ളത്). ഇതേ വിഷമസന്ധിയില്‍ Ber nard Mc Ginn മുന്നോട്ടുവയ്ക്കുന്ന രണ്ടു വഴികളുടെ 'പോംവഴി' കടംകൊള്ളട്ടെ. "പുതിയ കാലത്തില്‍ ഫ്രാന്‍സിസിനെ ചേര്‍ത്തുവച്ച് അടയാളപ്പെടുത്താനുള്ള ഒന്നാമത്തെ വഴി: ഫ്രാന്‍സിസിന്‍റെ തന്നെ രചനകളുടെ മര്‍മ്മത്തിലൂടെ അദ്ദേഹത്തിന്‍റെ സുവിശേഷാത്മക സന്ദേശം മനസ്സിലാക്കുക. രണ്ട്: ഒരു പക്ഷേ വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും, മധ്യകാലയൂറോപ്പില്‍ പ്രസിദ്ധമായിരുന്ന ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഇമേജുകളുടെ പഠനവും." ഇപ്രകാരമുള്ള ഒരു ഗവേഷണരീതിക്ക് മാത്രമേ 'ആരാണ് ഫ്രാന്‍സിസ്?' എന്നുള്ള ചോദ്യത്തിന് നിഷ്പക്ഷമായ ഉത്തരം നല്കാനാകൂ. ചില ചരിത്രാഖ്യാനങ്ങള്‍ക്കെങ്കിലും സംഭവിക്കുന്ന ദുര്‍ഗതി അത് ചില 'താല്‍പര്യങ്ങളിലേക്ക്' കൂടുതല്‍ ചാഞ്ഞും എന്നാല്‍ ചില യാഥാര്‍ത്ഥ്യങ്ങളെ പാടേ അവഗണിക്കുന്നതുമാണ്. ഇവിടെ നാം അനുവര്‍ത്തിക്കുന്ന രീതി ഇതല്ല. ഫ്രാന്‍സിസിനെ അദ്ദേഹത്തിന്‍റെ സമഗ്രതയില്‍ ദര്‍ശിക്കാന്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെയും രചനകളുടെയും ഒരു സമഗ്രപഠനം ആവശ്യമാണ്. ഇത് തുറന്നിടുന്ന അന്തര്‍ദര്‍ശനങ്ങളാണ് അദ്ദേഹത്തിന്‍റെ തനിമയെ നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ടാണ് ഫ്രാന്‍സിസിന്‍റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കഠിനമായ ക്രിസ്തോപാസനയും, ലാളിത്യമുള്ള എഴുത്തുകളും പ്രസംഗങ്ങളും സൃഷ്ടപ്രപഞ്ചത്തോടുള്ള തീവ്രമായ സ്നേഹവും സുല്‍ത്താനെ സന്ദര്‍ശിച്ചതുമെല്ലാം ഏതൊക്കെയോ ഒറ്റപ്പെട്ട സംഭവങ്ങളാകാത്തത്. മറിച്ച് ഇവയെല്ലാം ഒരു സമഗ്രജീവിതത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളാകുകയാണ്. സമഗ്രതയാണ് ഫ്രാന്‍സിസിന് അവകാശപ്പെടാവുന്ന ജീവിതത്തനിമ, അതിനു കാരണം സുവിശേഷാധിഷ്ഠിത ജീവിതവും. ഫ്രാന്‍സിസിന്‍റെ അംശപത്രത്തില്‍ (Testment) സാഹോദര്യസംഘത്തിന്‍റെ സുവിശേഷാധിഷ്ഠിതജീവിതത്തെക്കുറിച്ച് എടുത്ത് പറയുന്നുണ്ട്. ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ , "ദൈവം എനിക്ക് സഹോദരന്മാരെ നല്കിയപ്പോള്‍, ഞാനെന്തു ചെയ്യണമെന്നു പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നു. എന്നാല്‍ സര്‍വ്വേശ്വരന്‍ തന്നെ എന്നോട് വ്യക്തമാക്കിയത് ഞാന്‍ സുവിശേഷാധിഷ്ഠിത ജീവിതം നയിക്കണമെന്നാണ്. ഞാനത് ലഘുവായും ലളിതമായും എഴുതിവച്ചു. പരിശുദ്ധ പാപ്പാ എനിക്കത് അംഗീകരിച്ചു തരികയും ചെയ്തു."
ഫ്രാന്‍സിസ് ജീവിച്ചതും അദ്ദേഹത്തിന്‍റെ സാഹോദര്യസംഘത്തിനുവേണ്ടി സുവിശേഷങ്ങളില്‍നിന്നും കടഞ്ഞെടുത്തതുമായ നിയമാവലിയുടെ ഉള്ളടക്കവും ഹൃദയസ്പന്ദനവും സുവിശേഷാധിഷ്ഠിത ജീവിതമാണ്. ഈ സാഹോദര്യസംഘത്തിന്‍റെ നിയമാവലി ആരംഭിക്കുന്നത് തന്നെയും സുവിശേഷാധിഷ്ഠിത ജീവിതത്തിലേക്കുള്ള ക്ഷണത്തോടെയാണ്: "ഈ സഹോദരന്മാരുടെ നിയമവും ജീവിതവും ഇതാണ്, അനുസരണയിലും ബ്രഹ്മചര്യത്തിലും യാതൊന്നും സ്വന്തമായി കരുതാതെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പഠനങ്ങളും കാല്‍പ്പാടുകളും പിഞ്ചെല്ലുക. അവന്‍ പറഞ്ഞു, നിങ്ങള്‍ പരിപൂര്‍ണരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോയി(മത്താ. 19: 21) നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ്(ലൂക്കാ 18:22) ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങളുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക(മത്താ. 17:21)" Ilia Delioയുടെ നിരീക്ഷണത്തില്‍ നിയമാവലിയിലെ 'കാല്‍പ്പാടുകള്‍' എന്ന രൂപകം ക്രിസ്താനുകരണത്തെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെ, 'ക്രിസ്തുവിന്‍റെ കാല്പാടുകള്‍ പിഞ്ചെല്ലുക' എന്നത് ഫ്രാന്‍സിസിന്‍റെ ജീവിതത്തിന്‍റെയും നിയമാവലിയുടെയും അടിസ്ഥാന രൂപകമായി മാറുന്നു. സുവിശേഷാധിഷ്ഠിതമായ ക്രിസ്താനുകരണം ഫ്രാന്‍സിസിനെ "മനുഷ്യരെക്കുറിച്ചും, പ്രകൃതിയെക്കുറിച്ചുമുള്ള നവമായ അവബോധത്തിലേക്കും അതോടൊപ്പം നമ്മുടെ ലോകത്തിലെ ദൈവികരഹസ്യത്തിന്‍റെ ഗഹനമായ അന്തര്‍ദര്‍ശനങ്ങളിലേക്കും നയിച്ചു."
'സുവിശേഷാത്മക ക്രിസ്തുദര്‍ശനം' എന്ന പൊതു ദര്‍ശനത്തെ കേവലമായ ഒരു സങ്കല്പം ആയി കാണുകയായിരുന്നില്ല ഫ്രാന്‍സിസ്. Delioയുടെ നിരീക്ഷണത്തില്‍, പതിനൊന്നാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തും, പ്രത്യേകിച്ച് പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും ഉള്ള Religious Crisisലോകത്തില്‍ നിന്നുള്ള (ഒളി)ച്ചോട്ടം(Fuga Mundi) എന്ന മൊണാസ്റ്റിക് ശൈലിയില്‍ നിന്നും 'സുവിശേഷാത്മകമായി ലോകത്തിലേക്കുള്ള (കടന്ന്)വരവ്(Evangelical Entry into the World)എന്നതായിരുന്നു. മൊണാസ്റ്റിക് പാരമ്പര്യങ്ങളുടെ ലോകനിഷേധത്തിന് വിപരീതമായി സുവിശേഷം കാര്യക്ഷമമായി 'സെക്കുലര്‍' ലോകത്തോട് സംവദിച്ച് തുടങ്ങി. Delioയുടെ അഭിപ്രായത്തില്‍ ഫ്രാന്‍സിസിന്‍റെ സുവിശേഷാത്മക ജീവിതത്തിന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങുന്നത് 'ദൈവത്തിന്‍റെ താഴ്മ'യെ (Humility of God)ക്കുറിച്ചുള്ള ദര്‍ശനത്തിലേക്കാണ്, അതു ജീവിക്കേണ്ടത് ക്രിസ്തു കേന്ദ്രീകൃതമായ സൃഷ്ടിയുടെ വൈവിധ്യത്തിലും. മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്‍റെ മറ്റൊരു പേരാണ് ദൈവത്തിന്‍റെ താഴ്മ എന്നത്. മനുഷ്യാവതാര രഹസ്യം മനസ്സിലാക്കാനുള്ള താക്കോലാണ് ദൈവസ്നേഹം തന്നെയായ ഈ ദൈവികതാഴ്മ.
Lawernce Cunninghamന്‍റെ അഭിപ്രായത്തില്‍ സുവിശേഷത്തെ വളരെ അടുത്തും അക്ഷരാര്‍ത്ഥത്തിലും ജീവിച്ച ഫ്രാന്‍സിസ് ഒരു Radical Fundamentalist ആണ്. ജീവിതാഖ്യാനം തന്നെ സുവിശേഷവ്യാഖ്യാനവും. Amstrong ന്‍റെ നിരീക്ഷണം ഇതിനു കുറച്ചുകൂടി വ്യക്തത നല്കുന്നു: "ഫ്രാന്‍സിസിന്‍റെ സുവിശേഷാത്മക ആധ്യാത്മികതയുടെ പ്രകാശനം സുവിശേഷത്തിലെ രണ്ട് പ്രധാന പഠനങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഒന്ന്, നിസ്വനാകാനുള്ള വിളി(Call to be Poor),, രണ്ട്, സാര്‍വ്വത്രികമായ മനുഷ്യബന്ധുത്വം(Universal Human kinship). Cunningham ചൂണ്ടിക്കാണിക്കുന്നതുപോലെ 'ദാരിദ്ര്യമെന്ന ഹെര്‍മന്യൂട്ടിക്കല്‍ ലെന്‍സിലൂടെയാണ് ഫ്രാന്‍സിസ് സുവിശേഷം വായിച്ചതും ജീവിച്ചതും.'അതോടൊപ്പം മനുഷ്യത്വത്തിന്‍റെ തുല്യതയെക്കുറിച്ചുള്ള ഫ്രാന്‍സിസിന്‍റെ അവബോധം കരുപ്പിടിപ്പിക്കുന്ന ദര്‍ശനം 'ഓരോ മനുഷ്യനും ക്രിസ്തുവിന്‍റെ Icon എന്നതിലേക്കാണ്. ഫ്രാന്‍സിസിന്‍റെ സുവിശേഷാത്മകജീവിതം അവനെ നിസ്വനും സര്‍വ്വസൃഷ്ടിജാലങ്ങളുടെയും സഹോദരനുമാക്കിത്തീര്‍ത്തു. 'സാഹോദര്യം' ഫ്രാന്‍സിസ്കന്‍ കാരിസമായി മാറുന്നത് ഇങ്ങനെയാണ്.
ഹ്രസ്വമായി ഫ്രാന്‍സിസിന്‍റെ 'സമാധാനത്തിന്‍റെ അഭിവാദനത്തെക്കുറിച്ച് സൂചിപ്പിച്ചുകൊള്ളട്ടെ. വി. ബൊനവഞ്ചറിന്‍റെ (C. 1217-þ1274) Legenda Majorല്‍ (C. 1263) ഫ്രാന്‍സിസിനു വെളിപ്പെട്ടവിധമുള്ള സുവിശേഷാത്മക ജീവിതശൈലിയുടെ പ്രാരംഭദശയെക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെയാണ്: "ദൈവികപ്രേരണയാല്‍ ദൈവമനുഷ്യന്‍ (ഫ്രാന്‍സിസ്) സുവിശേഷ പൂര്‍ണത കൈവരിക്കാനും മറ്റുള്ളവരെ അനുതാപത്തിലേക്ക് ക്ഷണിക്കാനും തുടങ്ങി. പൊള്ളയോ, കളിവാക്കോ ആയിരുന്നില്ല അദ്ദേഹത്തിന്‍റെ വാക്കുകള്‍, മറിച്ച് പരിശുദ്ധാത്മാവിന്‍റെ ശക്തി നിറഞ്ഞ ഈ വാക്കുകള്‍ ഹൃദയത്തിന്‍റെ അന്തരാഴങ്ങളിലേക്ക് തുളച്ചുകയറുകയും കേള്‍വിക്കാരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ എല്ലാ പ്രസംഗങ്ങളും സമാധാന അഭിവാദനത്തോടെ ആരംഭിക്കും. 'കര്‍ത്താവ് നിനക്ക് സമാധാനം നല്‍കട്ടെ' (മത്താ. 10:12, ലൂക്കാ 10:5). Testamentല്‍ തന്‍റെ സുവിശേഷാത്മകജീവിതത്തിന്‍റെ പ്രാരംഭകാലത്തെ അനുസ്മരിക്കുമ്പോള്‍ ഫ്രാന്‍സിസ് ഈ അഭിവാദനത്തെക്കുറിച്ച് പറയുന്നുണ്ട്. "കര്‍ത്താവ് എനിക്കൊരു അഭിവാദനം വെളിപ്പെടുത്തി തന്നു. ഞങ്ങള്‍ ഇങ്ങനെ പറയുമായിരുന്നു, 'കര്‍ത്താവ് നിനക്ക് സമാധാനം നല്‍കട്ടെ." വിശ്വാസികള്‍ക്കായുള്ള രണ്ടാമത്തെ എഴുത്തിലും സൂര്യകീര്‍ത്തനത്തിലും എല്ലാം സമാധാനത്തിന്‍റെ ഈ 'ആശംസ' കാണാന്‍ കഴിയും. അസ്സീസി പട്ടണത്തിന്‍റെ 'തെമ്മാടിയായ' ചെറുപ്പക്കാരന്‍ തന്നെ പില്‍ക്കാലത്ത് അതിന്‍റെ സമാധാനത്തിന്‍റെ സ്ഥാപകനും വക്താവും മധ്യസ്ഥനുമായി മാറി. ഈ (തിരഞ്ഞെടുത്ത) ഉദാഹരണങ്ങള്‍ കാണിക്കുന്നത് എന്തുമാത്രം പ്രാധാന്യം ഫ്രാന്‍സിസ് സമാധാനത്തിന്‍റെ ആശംസയ്ക്കും പ്രയോഗത്തിനും നല്കി എന്നുള്ളതാണ്. സുവിശേഷത്തില്‍ നിന്നും ഫ്രാന്‍സിസ് കണ്ടെടുത്ത മറ്റൊരു മുത്താണ് സമാധാനാശംസയും അതിന്‍റെ ഉപാസനയും. 'കര്‍ത്താവ് നിനക്ക് സമാധാനം നല്‍കട്ടെ' എന്നതായിരുന്നു ഫ്രാന്‍സിസിന്‍റെ അഭിവാദ്യവും മുദ്രാവാക്യവും. Pace Bene - സമാധാനവും നന്മയും നേരുന്നു എന്നതാണ് ഇന്നും ഫ്രാന്‍സിസ്കന്‍ അഭിവാദനം. 'ഗൂബിയോയിലെ ചെന്നായെ' ഫ്രാന്‍സിസ് മെരുക്കി എന്ന സുപ്രസിദ്ധമായ കഥ ഒരു ചെന്നായുടെ മാത്രം കഥയാകാന്‍ തരമില്ല. ഒരു പക്ഷേ അത് സമാധാനത്തിലൂടെ ഫ്രാന്‍സിസ് മെരുക്കിയെടുത്ത മധ്യകാലസഭയുടെ പ്രതീകമാകാം. അല്ലെങ്കില്‍ കൊള്ളക്കാരനായിരുന്ന ലൂപ്പോയില്‍ നിന്ന് ബ്രദര്‍ ആഗ്നലോയിലേക്കുള്ള പരിവര്‍ത്തനമാകാം. അതുമല്ലെങ്കില്‍ സമാധാനത്തിലേക്കും സുവിശേഷത്തിലേക്കുമുള്ള ക്ഷണമാവാം. (തുടരും)
അവലംബം
1. Donna Trembinski, Non Alter Christus: Early Dominican lives of Saint Francis, Franciscan Studies 63(2005)
2. C. H. Lawrence, The friars: the Impact of Early Mendicant movement on Western Society(Lonaman1994)
3. Bernard Meginn, Reflections on St. Francis at the New Millennium Franciscan Studies 58(2000)
4. Ilia Delio, Evangelical Life Today: Living in the ecological Christ, Franciscan studies 64(2006).
5. Lawrance S Cunningham, Francis of Assisi Reforming the Gospel Life(2004)
6. Regis J Amstrong and Ignatius Brady, Francis and Clare, the complete works)