news-details
അക്ഷരം

ഫ്രാന്‍സിസ് മഹത്തായ പ്രചോദനം

ചില മഹത്തുക്കള്‍ നടന്ന വഴിത്താരകള്‍ അനന്യമാണ്. നമുക്കു നടക്കാനാവില്ലെങ്കിലും ആ പാത നമ്മെ നിരന്തരം ക്ഷണിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. യേശുവും ബുദ്ധനും സെന്‍റ് ഫ്രാന്‍സിസുമെല്ലാം അത്തരത്തിലുള്ള വീഥികളാണ് തുറന്നിട്ടത്. എല്ലാ അലങ്കാരങ്ങളും ഒഴിവാക്കി നഗ്നതയെ പുല്‍കിയ ഫ്രാന്‍സിസ് ഉന്മാദത്തിന്‍റെയും ധ്യാനത്തിന്‍റെയും അന്വേഷണത്തിന്‍റെയും അനന്യവീഥിയിലാണ് സഞ്ചരിച്ചത്. എല്ലാറ്റിനെയും ആലിംഗനം ചെയ്ത വിശുദ്ധന്‍ ഭൗതികതയുടെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു. ഭൗതികതയുടെ ആഘോഷങ്ങളില്‍ ആണ്ടുമുങ്ങിയ ഇന്നിന് ഫ്രാന്‍സിസ് അകന്നുപോകുന്ന ചൈതന്യമാണ്. എങ്കിലും ചില സാദ്ധ്യതകള്‍ നമ്മെ മാടിവിളിക്കുന്നുണ്ടായിരിക്കും. ജീവിതത്തിലെ ചില അസാധാരണ മുഹൂര്‍ത്തങ്ങളില്‍ നമ്മെ വിശുദ്ധര്‍ ക്ഷണിക്കുന്നു. ആസക്തികളുടെ ബന്ധനങ്ങളെ മറികടക്കാനുള്ള വിളികൂടിയാണിത്.

ഫ്രാന്‍സിസ് എന്നും സാഹിത്യത്തിന് അക്ഷയഖനിയായി നിലകൊള്ളുന്നു. ജീവിതാസക്തികളില്‍നിന്ന് ഓടിയൊളിച്ച കലാകാരന്മാരും എഴുത്തുകാരും യോഗികളുമെല്ലാം ഫ്രാന്‍സിസിന്‍റെ വഴിയിലാണ് സഞ്ചരിക്കുന്നത്. കസാന്‍ദ്സാക്കിസ് മുതല്‍ പ്രൊഫ. എസ്. ശിവദാസ് വരെയുള്ള എത്രയോ എഴുത്തുകാരാണ് വിശുദ്ധന്‍റെ അനന്യജീവിതത്തിന്‍റെ സാധ്യതകള്‍ അന്വേഷിച്ചത്. ഇനിയും ആഴത്തില്‍ മുങ്ങിത്തപ്പാനുള്ള സാഗരമായി ഫ്രാന്‍സിസ് യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആ വ്രണിതയാത്രയെ പിന്‍തുടര്‍ന്ന ചില കൃതികളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഹെര്‍മന്‍ ഹെസ്സെയുടെ ഒരു ചെറുകഥയാണ് 'അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബാല്യത്തില്‍നിന്നും' എന്നത്. ഫ്രാന്‍സിസിന്‍റെ ജീവിതയാത്രയിലെ ചില നിര്‍ണായകഘട്ടങ്ങള്‍ സൂക്ഷ്മമായി ആലേഖനം ചെയ്യുകയാണ് എഴുത്തുകാരന്‍. 'തന്‍റെ ആദ്യകാല ആത്മീയാന്വേഷണങ്ങളില്‍ ആ ദുഃഖകരമായ അറിവ് എല്ലാ ഭൗതികാനന്ദങ്ങളും ക്ഷണികമാണെന്ന സത്യം അനുഭവിച്ച കോമളഹൃദയനായ ഒരു ബാലനുമാണവന്‍' എന്നാണ് ഹെസ്സെ എഴുതുന്നത്. ഭൗതികാനന്ദങ്ങളുടെ ക്ഷണികത തിരിച്ചറിയുമ്പോഴാണ് പുതിയ പാത തുറക്കുന്നത്. 'ഒരു പ്രവചനത്തിന്‍റെയെന്നപോലെ മഹത്തായ, ആത്മാവിനെയിളക്കുന്ന ദിവ്യമായ കല്പനകള്‍, ചുറ്റും കണ്ടെത്തുന്ന ഫ്രാന്‍സിസിന്‍റെ തീര്‍ത്ഥാടനം മറ്റൊരു മാനം കൈവരിക്കുന്നു. അശാന്തമായ യാത്ര പുതിയ തിരിച്ചറിവുകളില്‍ ഫ്രാന്‍സിസിനെ എത്തിക്കുന്നു. ഒന്നിനെയും തരംതിരിക്കാതെ എല്ലാറ്റിനോടും സമഭാവന പുലര്‍ത്തുന്ന ചൈതന്യനിര്‍ഭരമായ ആത്മാനുഭൂതിയിലേക്ക് ഉയരുകയാണ് അദ്ദേഹം' എന്ന് ഹെസ്സെ സൂചിപ്പിക്കുന്നു.

ഫ്രാന്‍സിസിന്‍റെ ജീവിതാന്വേഷണവും ദര്‍ശനവും തിരുമുറിവുകളും ആഴത്തില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് കസാന്‍ദ്സാക്കിസ്. അദ്ദേഹത്തിന്‍റെ 'ദൈവത്തിന്‍റെ നിസ്വന്‍' ഫ്രാന്‍സിസിനുള്ള സ്നേഹാഞ്ജലിയാണ്. 'പാവപ്പെട്ടവന്‍റെയും ഉടുതുണിക്ക് മറുതുണിയില്ലാത്തവന്‍റെയും പ്രതീകമായി ഫ്രാന്‍സിസ് അസ്സീസി എന്ന പുണ്യവാളന്‍റെ പരമപവിത്രവും ദുരിതപൂര്‍ണവുമായ ജീവിതകഥ മറ്റൊരു വൈകാരികതയ്ക്കും ഇടം കൊടുക്കാതെ ഈ കൃതിയില്‍ നാടകീയമായി അവതരിപ്പിച്ചിരിക്കുന്നതു കാണാം.' ദൈവത്തിന്‍റെ നിസ്വനായ ഫ്രാന്‍സിസിന്‍റെ സംഘത്തില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളുമെല്ലാമുണ്ട്. നരഭോജിയായ ചെന്നായുണ്ട്. എല്ലാവരും അനുസരണയോടെ ഫ്രാന്‍സിസിന്‍റെ അനുയായികളാകുന്ന അസാധാരണചിത്രമാണ് നാം കാണുന്നത്.

രണ്ടാം ക്രിസ്തുവായ ഫ്രാന്‍സിസ് ഏറ്റുവാങ്ങിയ തിരുമുറിവുകള്‍ രക്തം വാര്‍ന്നുവീഴുന്ന വിധത്തില്‍ കസാന്‍ദ്സാക്കിസ് ആവിഷ്കരിക്കുന്നു. ആത്മാവുകൊണ്ടാണ് എഴുത്തുകാരന്‍ ഫ്രാന്‍സിസിനെ സ്പര്‍ശിക്കുന്നത്. അതിലോലമായ സ്പര്‍ശിനികള്‍കൊണ്ടാണ് ദൈവത്തിന്‍റെ നിസ്വന്‍റെ അനന്യയാത്ര സാക്കിസ് വരച്ചിടുന്നത്. മനസ്സുകൊണ്ടും ആത്മാവുകൊണ്ടും ഈ എഴുത്തുകാരന്‍ ഫ്രാന്‍സിസിനെ പിന്തുടരുന്നു. 'വിശുദ്ധനായ ഫ്രാന്‍സിസ് പിതാവേ, ഞാന്‍ ഇന്ന് അങ്ങയുടെ ജീവിതകാലവും ചരിത്രവും അക്ഷരങ്ങളിലാക്കുവാന്‍ എന്‍റെ തൂലിക എടുക്കുന്നു. എനിക്കതിനുള്ള യോഗ്യത ഇല്ലെന്ന് ഞാന്‍ അറിയുന്നു. എങ്കിലും ഞാന്‍ അതിന് ധൈര്യപ്പെടുന്നു' എന്ന് കുറിക്കുന്ന കസാന്‍ദ്സാക്കിസ് തന്‍റെ ധൈര്യമില്ലായ്മ വെളിപ്പെടുത്തുന്നു. ഫ്രാന്‍സിസിനെയും ലിയോയെയും പിന്തുടരുന്ന സാക്കിസ് ഓരോ സൂക്ഷ്മസന്ദര്‍ഭവും അനന്യമായ രീതിയില്‍ ഒപ്പിയെടുക്കുന്നു.

ഒരിക്കല്‍ ഫ്രാന്‍സിസ് ലിയോയോട് പറയുന്നു: 'ലിയോ സഹോദരാ, നിങ്ങള്‍ എന്നോടൊപ്പം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പറയാനുള്ളതെല്ലാം പാറക്കല്ലുകളോട് പറയുമായിരുന്നു. ഒലിവുമരത്തിന്‍റെ തളിരിലകളോട് പറയുമായിരുന്നു. എറുമ്പുകളോടുപറയുമായിരുന്നു. എന്തെന്നാല്‍ എന്‍റെ ഹൃദയം നിറഞ്ഞു തുള്ളിതുളുമ്പുകയാണ്.' നിറഞ്ഞഹൃദയവുമായി സഞ്ചരിച്ച ഫ്രാന്‍സിസ് എല്ലാറ്റിനോടും സംവദിക്കുകയായിരുന്നു. നിറവില്‍ നിന്നുള്ള ഭാഷണങ്ങളായിരുന്നു അവയെല്ലാം. ആത്മീയതയുടെ സമഗ്രമായ മാനമാണിത്. എല്ലാറ്റിനെയും അണച്ചുപിടിക്കുന്ന ചൈതന്യമായി സ്വയംമാറുന്ന അനുഭവം. അതിന് ഭൗതികതയെ അതിജീവിക്കുകയും മറികടക്കുകയും ചെയ്യണം. ഭൗതികതയില്‍ തളംകെട്ടി നില്‍ക്കുന്നവന്‍റെ യാത്ര പരിമിതമാണ്. എന്നാല്‍ ഭൗതികതയില്‍ വേരുകളാഴ്ത്താത്ത ഫ്രാന്‍സിസ് തൂവല്‍പോലെ പറന്നുനടക്കുന്നു. എല്ലാം ആമോദത്തോടെ ഏറ്റുവാങ്ങുന്നു.

ഫ്രാന്‍സിസിന്‍റെ വാദങ്ങളെക്കുറിച്ച് സാക്കിസ് പറയുന്നു: "ആ പാദങ്ങള്‍  തികച്ചും അസ്വസ്ഥമായിരുന്നു. ഏകാന്തമായിരുന്നു. തളര്‍ന്നതായിരുന്നു. യാത്രാപഥങ്ങളിലെ പാറകളും മണല്‍ത്തരികളും കരണ്ടുതിന്ന് ശേഷിച്ചവയുമായിരുന്നു. നിറയെ തുറന്ന മുറിവുകളായിരുന്നു. അദ്ദേഹത്തിന്‍റെ ഹൃദയംപോലെ മുറിവേറ്റവ." ഈ പാദങ്ങളുമായാണ് ഫ്രാന്‍സിസ് നടന്നുനീങ്ങിയത്. ആ പാദങ്ങളില്‍ നിന്ന് പലതും നാം മനസ്സിലാക്കുന്നു. വ്രണിതയാത്രയുടെ പൊരുള്‍ കാണാനാവുന്നു. മുറിവുകളാണ് ജീവിതം പഠിപ്പിക്കുന്നത്.

"ഈ ശരീരമെന്ന ഭൗതികസത്യം നമ്മെ തടസ്സപ്പെടുത്തിയിരുന്നില്ലെങ്കില്‍ നമുക്ക് ഒറ്റക്കുതിപ്പിന് സ്വര്‍ഗ്ഗത്തെത്താന്‍ കഴിയുമായിരുന്നു." ശരീരം ഒരു ഭാരമാണ് എന്നു പറയുന്ന ഫ്രാന്‍സിസ് ഭൗതികതയുടെ ഭാരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ന് ലോകം ഭൗതികതയുടെ ഭാരം പേറുകയാണ്. ശരീരത്തിനുവേണ്ടി പാഞ്ഞുപോകുന്ന ലോകം അകമില്ലാതെ പൊള്ളയാകുന്നു. ഫ്രാന്‍സിസ് നല്‍കുന്നത് മറ്റൊരു സന്ദേഹമാണെന്നാണ് കസാന്‍ദ്സാക്കിസ് എടുത്തുപറയുന്നത്. 'കാലത്തിന്‍റെ വെല്ലുവിളികള്‍  കുരിശുപോലെ സ്വന്തം തോളില്‍ ഏറ്റെടുത്ത പരിശുദ്ധനായ പുണ്യവാളന്‍'എന്നാണ് നോവലിസ്റ്റ് ഫ്രാന്‍സിസിനെ വിശേഷിപ്പിക്കുന്നത്. ദാരിദ്ര്യം, സമാധാനം, സ്നേഹം എന്നിവയായിരുന്നു ഫ്രാന്‍സിസിന്‍റെ സ്വര്‍ഗസഹോദരിമാര്‍. 'ദാരിദ്ര്യം, സമാധാനം, സ്നേഹം മറ്റൊന്നും പറയാനില്ല. എന്‍റെ സഹോദരങ്ങളേ, ദാരിദ്ര്യവും സമാധാനവും ശാന്തിയും സ്നേഹവും വളരെ മഹത്തരങ്ങള്‍. ഇത്രമാത്രം. ഇതുമാത്രം' എന്നാണ് അവസാന സന്ദേശമായും ഫ്രാന്‍സിസ് പറയുന്നത്. ഫ്രാന്‍സിസിന്‍റെ അനന്വയജീവിതമാണ് കസാന്‍ദ്സാക്കീസ് ദൈവത്തിന്‍റെ നിസ്വനില്‍ ആവിഷ്കരിക്കുന്നത്.

ഫ്രാന്‍സിസിനെക്കുറിച്ചെഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ സവിശേഷസ്ഥാനമുള്ളതാണ് 'എ ന്യൂ കൈന്‍ഡ് ഓഫ് ഫൂള്‍' എന്ന ക്രിസ്റ്റഫര്‍ കൊയ്ലോയുടെ പുസ്തകം. പുതിയതരം വിഡ്ഢിയായാണ് ഫ്രാന്‍സിസിനെ ഗ്രന്ഥകാരന്‍ നോക്കിക്കാണുന്നത്. മനുഷ്യരാരും വിഡ്ഢികളാകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഫ്രാന്‍സിസ് ആഗ്രഹിച്ചത് വിഡ്ഢിയാകാനാണ്. അതു നമുക്കു മനസ്സിലാക്കാനാവില്ല. ബുദ്ധിമാന്മാരുടെ ലോകത്തിന് ഫ്രാന്‍സിസിനെപ്പോലെയുള്ളവരെ തിരിച്ചറിയാനാവില്ല.

ക്രിസ്റ്റഫര്‍ കൊയ്ലോയുടെ പുസ്തകം കുറിപ്പുകളും കവിതകളും ചിത്രങ്ങളുമെല്ലാം നിറഞ്ഞതാണ്. അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തെ തനതായ രീതിയില്‍ അവതരിപ്പിക്കുന്നു. "ഈ ലോകത്തില്‍ ഒരു പുതിയ തരം വിഡ്ഢിയായിരിക്കാന്‍ ദൈവം എന്നെ വിളിച്ചൂ" എന്നാണ് ഫ്രാന്‍സിസ് പറഞ്ഞത്. "സര്‍ഗാത്മകമായി ജീവിക്കാനും പരിശുദ്ധരായിരിക്കാനും അച്ചടക്കവും കലാബോധവും ഒപ്പം അല്പം വിഡ്ഢിത്തവും ആവശ്യമുണ്ട്" എന്ന റബ്ബി അബ്രാഹം ഹെമേലിന്‍റെ വാക്കുകളും ആമുഖമായി വായിക്കാം.
പ്രകൃതിയുടെ മകന്‍ എന്നാണ് ക്രിസ്റ്റഫര്‍ കൊയ്ലോ ഫ്രാന്‍സിസിനെ വിളിക്കുന്നത്. "മറ്റേതു വിശുദ്ധനെക്കാളും ഫ്രാന്‍സിസ,് അവന്‍ ജനിച്ചുജീവിച്ച് മരിച്ച നാട്ടില്‍ തങ്ങിനില്‍പ്പുണ്ട്. കാരണം ഫ്രാന്‍സിസിനെ ഫ്രാന്‍സിസാക്കിയത് അസ്സീസിയാണ്. അതിന്‍റെ മണ്ണുംമലകളും താഴ്വരകളും കാടും അരുവിയും നീലാകാശവും മലയോരങ്ങളും പൂക്കളും മരങ്ങളും പഴങ്ങളും നിര്‍മ്മലവായുവുമാണ്". ഒന്നും ഫ്രാന്‍സിസില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നില്ല. അഗാധമായ ഈ പാരസ്പര്യമാണ് ഫ്രാന്‍സിസില്‍ നിന്ന് നിര്‍ഗളിക്കുന്നത്.

"ദൈവത്തിന്‍റെ ഈ ഭൂമിയില്‍ മനുഷ്യന്‍ ഇത്രമാത്രം പ്രാവീണ്യം കാണിക്കണം? നാം അല്പംകൂടി വേഗതകുറച്ച് സഞ്ചരിച്ചില്ലെങ്കില്‍, ജീവിതമെന്ന മറന്നുപോയ കലയെ തിരിച്ചുപിടിക്കാന്‍ ഇടയ്ക്കൊന്നു നിന്നില്ലെങ്കില്‍, നമ്മുടെ ഭാവി ഭയാനകമാകില്ലേ?" എന്ന്, ഫ്രാന്‍സിസിന്‍റെ പ്രാണവായു ഇപ്പോഴും തങ്ങിനില്‍ക്കുന്ന അസ്സീസിയില്‍ നിന്നുകൊണ്ട് ക്രിസ്റ്റഫര്‍ കൊയ്ലോ ചോദിക്കുന്നുണ്ട്. ഈ മൂല്യമാണ് ഫ്രാന്‍സിസ് പകര്‍ന്നുനല്‍കുന്നത്. ജീവിതമെന്ന കല തിരിച്ചുപിടിക്കാനാണ് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. നാം ഇപ്പോള്‍ ജീവിക്കുന്നത് ജീവിതമല്ലെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട് ഫ്രാന്‍സിസ്. നമ്മെ അടച്ചുപൂട്ടിയിരിക്കുന്ന സംസ്കാരവും സമ്പദ്വ്യവസ്ഥയും ജീവിതത്തില്‍ നിന്നാണ് നമ്മെ അകറ്റിക്കളയുന്നത് എന്ന് നാം മനസ്സിലാക്കുന്നു.

എല്ലാറ്റിനെയും സമഗ്രവും വിശാലവുമായിക്കാണുക എന്ന ഫലിതമാണ് ഫ്രാന്‍സിസിലുള്ളത് എന്ന് ക്രിസ്റ്റഫര്‍ കൊയ്ലോ പറയുന്നു. "ലളിതമായ ഒരു പിതൃസ്വത്തിന്‍റെ സ്ഥാനത്ത് എല്ലാറ്റിനെയും പൊതിഞ്ഞുനില്‍ക്കുന്ന, ഇനിമേല്‍ തകര്‍ക്കാനാവാത്ത സുരക്ഷിതത്വവും സംരക്ഷണവും അംഗീകാരവും തരുന്ന മഹത്തായ ഒരു പിതൃത്വത്തെ അവന്‍ പ്രതിഷ്ഠിക്കുന്നു" എന്നാണ് അദ്ദേഹം എഴുതുന്നത്. ഇത് മറ്റാരിലും കാണാത്ത ചൈതന്യമാണ്. ഈ ദര്‍ശനത്തില്‍ നിന്നാണ് ഫ്രാന്‍സിസിലെ കവി ജനിക്കുന്നത്. ഉത്തേജിപ്പിക്കുന്ന കവിതകളാണ് ഫ്രാന്‍സിസില്‍ നിന്ന് പുറപ്പെട്ടത്. വിശുദ്ധന്‍റെ ജീവിതം തന്നെ പകരംവയ്ക്കാനില്ലാത്ത കവിതയായിരുന്നു. "മനുഷ്യന്‍റെ കേന്ദ്രം എന്നത് തലയല്ല ഹൃദയമാണ് എന്ന് ഫ്രാന്‍സിസ് നമ്മോടു പറയുന്നു. അത് ഭാവനയാണ്, ഓര്‍മ്മകളാണ്, വികാരങ്ങളാണ്". തലച്ചോറുകൊണ്ടു കാണുന്നവര്‍ക്ക് ഇത് മനസ്സിലാവില്ല. ഹൃദയത്തില്‍ നിന്നാണ് ഫ്രാന്‍സിസിന്‍റെ ജീവിതവും കവിതയും ഉറവെടുക്കുന്നത്.

മനുഷ്യനെ കണ്ടെത്തുന്ന പ്രക്രിയയില്‍ ഫ്രാന്‍സിസ് സ്വയം ഒരു മനുഷ്യനായിത്തീരുന്നു. മണ്ണില്‍ ചവിട്ടി നടക്കുന്നു. പ്രകൃതിയുടെ മദ്ധ്യസ്ഥനായി ഫ്രാന്‍സിസ് നിലകൊള്ളുന്നതെങ്ങനെയെന്ന് ക്രിസ്റ്റഫര്‍ കൊയ്ലോ നിരീക്ഷിക്കുന്നു. സംരക്ഷണത്തിന്‍റെ കരുതലിന്‍റെ സംസ്കാരം ഫ്രാന്‍സിസില്‍ നിന്ന് സ്വീകരിക്കണമെന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. 'ഞങ്ങള്‍ പ്രകൃതിയെ കീഴടക്കി വിജയത്തില്‍ ആര്‍ത്തുചിരിക്കുമ്പോഴറിഞ്ഞു ഞങ്ങള്‍ ഞങ്ങളെത്തന്നെ കബളിപ്പിക്കുകയായിരുന്നെന്ന്. ഈ തിരിച്ചറിവില്ലെങ്കില്‍ ഈ ഭൂമിക്ക് അധികകാലം നിലനില്‍ക്കാനാവില്ല.'

"സഹോദരന്‍ ലിയോ, ഹൃദയമാണ് കേള്‍വിയുടെ താക്കോല്‍. സര്‍വ്വചരാചരങ്ങളെയും ആദരപൂര്‍വ്വം നാം ശ്രവിക്കേണ്ടത് ഹൃദയംകൊണ്ടാണ്" എന്നു പറഞ്ഞ് കടന്നുപോയ ഫ്രാന്‍സിസ് ഇന്നും നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്നു. ആ ശബ്ദം പ്രതിസ്പന്ദിക്കുന്നവയാണ് ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഏതു കൃതിയും എന്നും നാം മനസ്സിലാക്കുന്നു. ഹൃദയംകൊണ്ടു കാണാനും കേള്‍ക്കാനും അറിയാനും കഴിയുമ്പോള്‍ ലോകം മറ്റൊന്നാകും... 

You can share this post!

മലമുഴക്കിയും ബെന്യാമിനും

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts