സഹോദരാ എന്‍റെ ജീവിതം തകര്‍ന്നിട്ടില്ല. ജീവിതം എല്ലായിടത്തും ജീവിതം തന്നെ. നമ്മിലുള്ള ജീവിതം നമ്മുടെ പുറത്തുള്ള എന്തിലെങ്കിലുമല്ല. ആളുകള്‍ എല്ലായ്പ്പോഴും എന്‍റെയടുത്തുണ്ടാകും. ആളുകള്‍ക്കിടയില്‍ ഒരു മനുഷ്യനായിരിക്കുകയും, എന്തൊക്കെ പീഡനങ്ങളേല്‍ക്കേണ്ടി വന്നാല്‍ത്തന്നെയും ഒരു മനുഷ്യനായി എന്നേക്കും തുടരുകയും ചെയ്യുക - ഇതാണ് ജീവിതം, ഇതാണ് ജീവിതത്തിന്‍റെ കര്‍ത്തവ്യം.
ദെസ്തയോവ്സ്കി (കഠിനതടവിനായി
സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടപ്പോള്‍ സഹോദരന്‍ മിഖായേലിന് അയച്ച കത്തില്‍ നിന്ന്)
ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും വേണ്ടിയാണ് (യോഹ. 10:10) ഈശോ ഈ ഭൂമിക്ക് സമ്മാനിച്ചതും ഇപ്പോഴും സമ്മാനിക്കുന്നതും ഈ ജീവന്‍റെ സമൃദ്ധി തന്നെ. വൈദേശികാധിപത്യത്തില്‍ നിന്ന് തങ്ങളെ മോചിപ്പിക്കുന്ന മിശിഹായെ ആയിരുന്നു യഹൂദര്‍ പ്രതീക്ഷിച്ചിരുന്നത്. ഈശോയാകട്ടെ മനുഷ്യരുടെ മാത്രമല്ല, ജീവിതത്തിന്‍റെ സൗന്ദര്യം തല്ലിക്കൊഴിക്കുന്ന സകലത്തിന്‍റെയും ആധിപത്യത്തില്‍ നിന്ന്, അടിമത്വത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുന്നു. സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ജീവന്‍റെ സമൃദ്ധിയെ അടയാളപ്പെടുത്തുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടിയ, അവന്‍ കണ്ടുമുട്ടിയ എല്ലാവര്‍ക്കും അവന്‍ പകര്‍ന്നുകൊടുത്തത് ജീവന്‍റെ സമൃദ്ധിയായിരുന്നു. അവന്‍ സൗഖ്യപ്പെടുത്തിയവരെയെല്ലാം, വിലകെട്ടതെന്ന് സ്വയം കരുതിയിരുന്ന തങ്ങളുടെ പഴയ ജീവിതത്തില്‍ നിന്ന്, യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാക്കുകയായിരുന്നു. രോഗസൗഖ്യം ലഭിച്ചവര്‍ മാത്രമല്ല, അവനില്‍ വിശ്വസിച്ച അവനെ സ്നേഹിച്ച, അവനോട് തുറവി കാണിച്ച എല്ലാവരും തന്നെ ഈ സ്വാതന്ത്ര്യത്തിലേക്ക്, ജീവന്‍റെ സമൃദ്ധിയിലേക്ക് പ്രവേശിക്കുന്നുണ്ട്. തങ്ങളെ കുറിച്ച് വിചാരമുള്ള, തങ്ങളെ സ്നേഹിക്കുന്ന, കരുതുന്ന അപ്പനെപ്പോലെ ഒപ്പമുള്ള ദൈവത്തെ ക്രിസ്തു അവര്‍ക്ക് തന്‍റെ ജീവിതത്തിലൂടെ വെളിപ്പെടുത്തിക്കൊടുത്തു. (പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ, എന്നെ കാണുന്നവര്‍ പിതാവിനെ കാണുന്നു. യോഹ. 14:9). ആ അനുഭവത്തിലേക്ക് പ്രവേശിച്ചവര്‍ മരണത്തിന്‍റെ ക്രൂരതകള്‍ക്കു മുമ്പിലും എത്ര നിര്‍ഭയരായി നില്ക്കുന്നത് നമ്മള്‍ കാണുന്നു. ക്രിസ്തു നല്‍കിയ സ്വാതന്ത്ര്യം അനുഭവിച്ചവര്‍, അവന്‍ സ്വതന്ത്രരാക്കിയവര്‍ നിര്‍ഭയരായിരുന്നു. അവരെ അടിമകളാക്കി വച്ചിരുന്ന അധികാരികള്‍ പോലും അവരുടെ നിര്‍ഭയത്വത്തെ, ഉള്‍സ്വാതന്ത്ര്യത്തെ ഭയപ്പെടുകയും, പീഡനങ്ങളിലൂടെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും അവരുടെ ആ സ്വാതന്ത്ര്യം എടുത്തു കളയാന്‍ ആര്‍ക്കും സാധിച്ചില്ല. ആദിമ ക്രൈസ്തവരുടെ ഏക മൂലധനമായിരുന്ന ആ സ്വാതന്ത്ര്യം തന്നെയാണ് യഥാര്‍ത്ഥ ക്രിസ്തീയതയുടെ മുഖമുദ്ര. അവര്‍ക്കു നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല, നേടാനാകട്ടെ ക്രിസ്തുവെന്ന ചക്രവാളവും. എന്തെങ്കിലും ഉള്ളവരാകട്ടെ ഉള്ളതുകൂടി നഷ്ടപ്പെടുത്തി ഉള്ളുനിറയെ ക്രിസ്തുവിനെ സ്വന്തമാക്കി. പൗലോസിന്‍റെ വാക്കുകള്‍ അതിന്‍റെ നേര്‍കാഴ്ചയാണ്, 'ക്രിസ്തുവിനെ പ്രതി ബാക്കിയെല്ലാം ഉച്ചിഷ്ടംപോലെ കരുതുന്നു' എന്നത്.
****
ഭാരതം 71-ാം റിപ്പിബ്ലിക് ദിനത്തിനായി ഒരുങ്ങുന്നു. ഭരണഘടനയെക്കുറിച്ച്, അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന അധികാരികളെ അന്ന് നമ്മള്‍ കാണും. ജനാധിപത്യത്തിന്‍റെ നാലു തൂണുകളിലും പുഴുക്കുത്തുകള്‍ അധികരിച്ചു തുടങ്ങിയിരിക്കുന്നു. നിയമനിര്‍മ്മാണ-ഭരണനിര്‍വ്വഹണ-നീതിന്യായവകുപ്പുകളും-മാധ്യമങ്ങളും ചേര്‍ന്ന് താങ്ങിനിര്‍ത്തിയിരിക്കുന്നു എന്ന് നമ്മള്‍ വിശ്വസിക്കുന്ന ജനാധിപത്യം ഇന്ന് നയിക്കപ്പെടുന്നത് പണകിലുക്കത്തിലാണെന്ന് ഏതൊരു സാധാരണക്കാരനുപോലുമറിയാം. ധനാധിപത്യം എന്നതായിരിക്കും ഉചിതമായ പേര്. ആളും അര്‍ത്ഥവും ഉണ്ടെങ്കില്‍ സ്വാധീനവും, അതുമൂലം എന്തും വരുതിയിലാകാനുമുള്ള (ദു)സ്വാതന്ത്ര്യമല്ലേ ഇവിടെ വാഴുന്നത്. അടിച്ചമര്‍ത്തലിന്‍റെയും ഏകാധിപത്യത്തിന്‍റെയും ശരീരഭാഷയുള്ള ഭരണാധികാരികള്‍, തങ്ങളുടെയും, അധികാരത്തിലേറാന്‍ സഹായിച്ച പാര്‍ട്ടിയുടെയും, ധനമൊഴുക്കിയ കോര്‍പ്പറേറ്റുകളുടെയും ക്ഷേമവും അജണ്ടകളും മാത്രം ലക്ഷ്യമാക്കി ഭരണം നിര്‍വഹിക്കുമ്പോള്‍, ശബ്ദമില്ലാതെ പോകുന്നത് ദരിദ്രരും കര്‍ഷകരും അടങ്ങിയ സാധാരണ ജനമാണ്. നീതിയുടെ പക്ഷത്തു സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ എത്ര അനായാസമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നു. ഭരണകൂട ക്രൂരതകള്‍ക്കെതിരെ, കോര്‍പ്പറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരൊക്കെ അവരുടെ കണ്ണിലെ കരടാവുന്നു. വളരെ സമര്‍ത്ഥമായി ആ കരടു കൈകാര്യം ചെയ്യപ്പെടുന്നു. സമത്വ-സുന്ദര-സ്വതന്ത്ര ഭാരതത്തെക്കുറിച്ച് പ്രസംഗിക്കാന്‍ ഒരുങ്ങുമ്പോള്‍, അഴികള്‍ക്കു പിന്നില്‍ സ്വഭാവിക നീതിപോലും നിഷേധിക്കപ്പെട്ട സ്റ്റാന്‍ സ്വാമിയെപ്പോലെയുള്ളവരും, തെരുവില്‍ കര്‍ഷകരുടെ നീതിക്കുവേണ്ടിയുള്ള നിലവിളിയും ഉണ്ടെന്നത് ബോധപൂര്‍വ്വം മറക്കാതിരിക്കാം.
ജീവിതം പുറത്ത് തണുപ്പില്‍ സമരത്തിലാണ്. ആകെ ആശ്വാസം, വികസനത്തിന്‍റെ മുഖമുദ്രയായ ടാറിട്ട ഹൈവേകളും, കര്‍ഷകരുടെ ജീവനോപാധിയായ ട്രാക്ടറുകള്‍ മറച്ചുകെട്ടിയ കുടിലുകളും ആണ്. പിന്നെ അടങ്ങാത്ത ആത്മധൈര്യവും നിശ്ചയദാര്‍ഡ്യവും. ചിതറിക്കാനും, തോല്‍പ്പിക്കാനും പലതരും അടവുകള്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. എല്ലാത്തരം കുതന്ത്രങ്ങളും, സംവിധാനങ്ങളും സമരത്തെ പരാജയപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ട്. 130 കോടി വരുന്ന ജനങ്ങളില്‍ സമരം നടത്തുന്നത് വെറും അഞ്ചോ ആറോ ലക്ഷം മാത്രം. സമരത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട 25 ഓളം പേര്‍ തീരെ ചെറിയ ഒരു 'സംഖ്യ' മാത്രം. അപകടകാരിയായ ഒരു തെരുവുനായയെയോ വന്യമൃഗത്തെയോ കൊന്നാല്‍ ഹാലിളകുന്ന മനുഷ്യര്‍ക്ക് ഈ 25 ജീവനും, തണുപ്പില്‍ നീതിക്കുവേണ്ടി സമരം ചെയ്യേണ്ടിവരുന്ന കര്‍ഷകരും ഒക്കെ എത്ര നിസ്സാരമാണ് എന്നത് ഒരേസമയം വേദനയും ഭയവും ഉളവാക്കുന്നു.
ആര്‍ഷമായ ഒരു പൈതൃകത്തില്‍ അഭിമാനിക്കുന്ന ഭാരതത്തിന് വേണമെങ്കില്‍ എത്ര ലളിതമായി കര്‍ഷകര്‍ക്കു ഗുണകരമായ രീതിയില്‍ നിയമങ്ങളുണ്ടാക്കുകയും നടപ്പിലാക്കുകയും ചെയ്യാന്‍ സാധിക്കും. വേണ്ടത് അടിസ്ഥാനപരമായ സത്യസന്ധതയും നീതിബോധവുമാണ്. ഭാരതം ഉണരുകതന്നെ ചെയ്യും. സത്യവും നീതിയും സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ചയും ഹൃദയങ്ങളില്‍ ഉണരുക തന്നെ ചെയ്യും. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം, എത്രമാത്രം അടിച്ചമര്‍ത്തിയാലും ചങ്ങലക്കിട്ടാലും അവയെ ഒക്കെ ഭേദിച്ച് പുറത്തുവരികതന്നെ ചെയ്യും. നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യത്തെ, സത്യത്തെ, നീതിബോധത്തെ അടിമപ്പെടുത്താന്‍, തച്ചുതകര്‍ക്കാന്‍ പുറത്തുള്ള ഒരു ശക്തിക്കും കഴിയുകയില്ല; നമ്മള്‍ അതിന് അനുവദിക്കാത്തിടത്തോളം കാലം. കാരണം ഉള്ളിലുള്ള ഈ സ്വാതന്ത്ര്യം ദൈവീകമാണ്, നിലനില്‍ക്കുന്നതാണ്, തല്‍ക്കാലത്തേക്ക് മറയ്ക്കപ്പെട്ടാലും സൂര്യനെപ്പോലെ ഉദിച്ചുയരുകതന്നെ ചെയ്യും.
ഭരണഘടനാ ധാര്‍മ്മികതയെപ്പറ്റി സെഡ്രിക് പ്രകാശും യേശുവിന്‍റെ സാമൂഹികദര്‍ശനവും ഇന്ത്യന്‍ ഭരണഘടനയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ജേക്കബ് പീനിക്കാപറമ്പിലും, വിവാദമായ കാര്‍ഷിക കരിനിയമങ്ങളെക്കുറിച്ച് പി.ജെ. ജെയിംസും, ആര്‍ദ്രതയുടെ ആഘോഷമാക്കേണ്ടുന്ന പുതുവര്‍ഷത്തെക്കുറിച്ച് മാര്‍ട്ടിന്‍ ആന്‍റണിയും ഈ ലക്കത്തില്‍ സംസാരിക്കുന്നു.
പുതുവത്സരാശംസകളോടെ...
റോണി കിഴക്കേടത്ത്